Saturday, May 2, 2020

നയോമി ലസാർഡ് - കവിത (പരിഭാഷ)

എത്തിച്ചേരൽ സംബന്ധിച്ച ഉത്തരവ്.
നയോമി ലസാർഡ്‌.(യു.എസ്.എ, ജനനം: 1936)
പരിഭാഷ: പി.രാമൻ


Hundreds of Migrants Feared Drowned in Mediterranean Sea as Boat ...



ഇവിടെ എത്തിച്ചേരാൻ കഠിനമായി പരിശ്രമിച്ച
നിങ്ങൾക്കേവർക്കും സ്വാഗതം.
ദുരിതപൂർണ്ണമായ യാത്ര.
മറികടന്നെത്തിയതിൽ
നിങ്ങൾ തീർച്ചയായും സന്തുഷ്ടരായിരിക്കും.
കണക്കുകൾ കാണിക്കുന്നത്
ഏറെപ്പേർ അതിജീവിച്ചിട്ടില്ലെന്നാണ്.
ഒന്നു കുളിക്കാൻ,
ആവി പാറുന്ന ഭക്ഷണം കഴിക്കാൻ,
നന്നായൊന്നുറങ്ങാൻ,
നിങ്ങൾ ആഗ്രഹിക്കുന്നുണ്ടാവും. 
നിങ്ങളിൽ ചിലർക്ക്
വൈദ്യസഹായവും ആവശ്യമുണ്ട്.
അതൊന്നും ഇവിടെ ലഭ്യമല്ല.
സദാ അവ വിതരണം 
ചെയ്തു കൊണ്ടിരിക്കാൻ പ്രയാസമാണ്.
അത്തരം സൗകര്യങ്ങൾ
ഇപ്പോൾ ലഭ്യമാക്കാൻ കഴിയുകയില്ല.

ഇതൊരു താൽക്കാലിക പരിതസ്ഥിതിയല്ല
സ്ഥിരമാണ്.
നിങ്ങൾക്കുണ്ടായ നിരാശയിൽ
ഞങ്ങൾ അനുശോചനം
അറിയിച്ചു കൊള്ളുന്നു.
അതിൽ ഞങ്ങൾ ഉത്തരവാദികളല്ല.
ഈ സ്ഥലത്തെക്കുറിച്ച്
നിങ്ങൾക്കുള്ള കേട്ടറിവുകളെല്ലാം
തെറ്റായിരുന്നു.
നിങ്ങൾ വഞ്ചിക്കപ്പെട്ടത്,
ഇവിടെയെത്തിച്ചേരാൻ വേണ്ടി
ആരോഗ്യം കളഞ്ഞത്,
ഒന്നും ഞങ്ങളുടെ ഭാഗത്തു വന്ന
വീഴ്ച കൊണ്ടല്ല.
ഞങ്ങളുടെ നിയന്ത്രണ പരിധിക്കപ്പുറത്തുള്ള
കാരണങ്ങളാൽ
നിങ്ങൾക്കുള്ള വാഹനം പുറത്തില്ല.

No comments:

Post a Comment