വേതാളം മാത്രമല്ല പാവലും
തലകീഴായ് തൂങ്ങിയിറങ്ങുന്നു
പി.രാമൻ
കവിതയുടെ തനതു വഴി തെളിയിച്ച് മുപ്പതിറ്റാണ്ടുകൾ താണ്ടിയിരിക്കുന്നു ശിവകുമാർ അമ്പലപ്പുഴ. എന്താണീ അമ്പലപ്പുഴ വഴിയുടെ പ്രത്യേകത എന്നതിനെക്കുറിച്ച്, കവിയുടെ മികച്ച രചനകളിലൂടെ കടന്നുപോയപ്പോൾ തോന്നിയ ചില വിചാരങ്ങളാണിവിടെ കുറിക്കുന്നത്.
1. ചൊല്ലുകളുടെ അടരുകൾക്കടിയിൽ നിന്ന് അനുഭവത്തിന്റെ വിത്തിനെ കവിതയിലേക്കു തോറ്റിയുണർത്തുന്ന രീതിയാണ് ഒരു സവിശേഷത. കാർഷികവൃത്തിയുമായുള്ള ഈ താദാത്മ്യം ഏതു കവിയുടെ രചനാ ലോകത്തിനും ബാധകമാകാമെങ്കിലും ശിവകുമാറിൽ അത് പ്രകടമാണ്. അതതിന്റെ പ്രക്രിയകളിലൂടെ ആവശ്യമായ സമയമെടുത്താണ് കാവ്യാഭിമുഖമായ സഞ്ചാരം നീളുന്നത്.ആ നേരമത്രയും തന്റെ തോറ്റങ്ങൾ കൊണ്ടു നിറയ്ക്കുകയാണു കവി.
പനിക്കൂർക്ക എന്ന കവിത നോക്കൂ.പുതുമഴ സമ്മാനിച്ച പ്രിയതരമായ പനിയിലേക്ക് പടർന്നു കയറാൻ മണ്ണിനടിയിലെ ഉഷ്ണത്തിൽ നിന്നൊരു പനിക്കൂർക്ക മുളകുത്തുന്ന അനുഭവമാണതിൽ. മഴമാനത്തു നിന്ന് മണ്ണിനാഴത്തിലേക്കുള്ള ഓരോ അടരും തൊട്ടു തൊട്ടാണ് കവിത ആഴ്ന്നു പോകുന്നത്. തുടം പെയ്തിറങ്ങും മഴയിൽ നിന്നും കുടയുടെ ലഹരിയിലേക്കും കുടയെഴാതെ നിൽക്കെ പിടയുമൊരു തുള്ളിയിലേക്കും ജ്വരമാപിനിയിലുയരുന്ന രസത്തിലേക്കും ഉയരുമുടൽച്ചൂടിലേക്കും തോരാതെ പൊള്ളുന്ന സൗഹൃദത്തിലേക്കും ജനൽച്ചില്ലിലെ മിഴിത്തുള്ളിയിലേക്കും താഴെത്തടങ്ങളിൽ ചേറാർന്ന വഴികളിൽ ചേർന്ന പാഴ്പ്പൂവിലേക്കും ഒടുവിൽ മുളകുത്തുന്ന പനിക്കൂർക്കയിലേക്കും ആണ്ടിറങ്ങുന്നു - കവിതയുടെ പുതിയൊരുയിർപ്പിനു വേണ്ടി.
മാനം വെടിഞ്ഞെന്റെ
മണ്ണിലേക്കാഴുക
തുണക്കെൻ പനി വരും
പനിയിലെൻ ശ്വാസം
ഉടലിന്റെയുഷ്ണം
അതിൽ നിന്നു
മുള കുത്തും
പനിക്കൂർക്ക.
പുതിയൊരു ഉയിർപ്പിനു വേണ്ടി, അടരുകൾ താണ്ടിയുള്ള ഈ അധോയാനം അമ്പലപ്പുഴക്കവിതയുടെ ഒരു പൊതു സ്വഭാവമാണ്.''വേരുള്ള കാലം മുൾമരത്തിൽ തല കീഴ് ഞാന്ന് വേതാളമായ് കഥ ചൊല്ലി ഞാനുണ്ടാവും" എന്നു പറയുന്ന പഴനീരാണ്ടി ഈ പ്രകൃതത്തെ ഉറപ്പിക്കുന്നുണ്ട്. കാട്ടപ്പകൾക്കിടയിൽ ഒളിഞ്ഞു നോക്കുന്ന കരിങ്കണ്ണിലേക്ക് പെണ്ണിനെ ചൂണ്ടിക്കൊണ്ടു പോകുന്ന വിരൽ ('വിരൽ'), ''അടർന്നേ പോയ് കീഴ്പ്പാതി അടർ മണ്ണിൽ മുളച്ചേക്കാം കിളിക്കൂട്ടം കാർന്ന ബാക്കി കിളിർ ഞെട്ടിൽ തങ്ങിനിൽപ്പൂ" എന്ന മട്ടിൽ തൂങ്ങി നിൽക്കുന്ന പാവയ്ക്ക, "താഴത്തു മണ്ണിൽ താനായിറങ്ങും നേരുറ്റ പരമനെ തെങ്ങും വണങ്ങും" എന്ന ബോധമുദിച്ച പരമൻ, ഓരോ വേനലിലും തെളിയുന്ന മണൽത്തിട്ടിൽ മുനയൊളിപ്പിച്ചു പതിഞ്ഞു കിടക്കുന്ന അനാഥ പിതൃത്വങ്ങൾ-ഉയിർക്കാനായുള്ള ഈ ആണ്ടു പോകലിനെത്തന്നെ ഇവയൊക്കെയും കുറിക്കുന്നതായി തോന്നുന്നു.
2. കുഴിച്ചു ചെന്നെത്തുന്ന പ്രക്രിയ ഈ കവിതയിലുണ്ട്.ശിവകുമാറിന്റെ ഈ രീതി കാണുമ്പോൾ ഞാൻ ഷീമസ് ഹീനിയുടെ കവിതകൾ ഓർക്കുന്നു. വടക്കൻ അയർലണ്ടിന്റെ ചരിത്രത്തിലേക്കും സംസ്കൃതിയിലേക്കും മാത്രമല്ല ആധുനിക മനുഷ്യന്റെ സങ്കീർണ്ണ അനുഭവങ്ങളിലേക്കും ഒരു പോൽ കുഴിച്ചിറങ്ങിയ കവിയാണ് ഷീമസ് ഹീനി. കിളയ്ക്കൽ ആണ് തന്റെ രചനാ പ്രക്രിയ എന്ന് അദ്ദേഹം പ്രഖ്യാപിച്ചു.പൂർവികർ പിക്കാസുകൊണ്ടു മണ്ണിൽ കുഴിച്ചെങ്കിൽ താൻ പേന കൊണ്ടു കഴിക്കും എന്നെഴുതിയ ഹീനിയുടെ കവിതകൾക്കുള്ള പോലെ കൃഷിയുടെ മാത്രമല്ല പുരാവസ്തു ഖനനത്തിന്റെയും പ്രകൃതം അമ്പലപ്പുഴക്കവിതയ്ക്കുണ്ട്.അനുഭവങ്ങളുടെ പൗരാണികത്വത്തിലേക്കാണ് അമ്പലപ്പുഴക്കവിത നമ്മെ നയിക്കുന്നത്. സൂക്ഷ്മാനുഭവങ്ങളെപ്പോലും പൗരാണികമാക്കി മിത്തുകളുടെ രൂപത്തിൽ ചൊല്ലടരുകളിൽ ഉയിർക്കാൻ പാകത്തിനു കാത്തു വെയ്ക്കുന്ന കാവ്യവൃത്തിയാകുന്നു ഇത്.
3. സ്വാഭാവികമായും ഈ ജൈവ സ്വഭാവത്തിനിണങ്ങുന്ന പ്രമേയപരിസരം ഒട്ടും ബോധപൂർവമല്ലാതെ അമ്പലപ്പുഴക്കവിതകളിൽ വികസിച്ചു വരുന്നുണ്ട്. കലയും സാംസ്കാരിക ചരിത്രവും നേരിട്ടുള്ള പ്രമേയങ്ങളായിത്തന്നെ കടന്നു വരുന്നു. വേലകളി, പടയണി തുടങ്ങിയ നാടൻ കലകളുടെ ആവേശം ഈ നാട്ടു സംസ്കൃതി യുടെ പിന്നരങ്ങിലുണ്ട്. കലയെ ജനസാമാന്യത്തോടടുപ്പിച്ച തുള്ളലിന്റെ പെരുമയും കഥകളിയുടെ രാവെളുക്കുവോളമുള്ള സൗന്ദര്യവും ഒരമ്പലപ്പുഴക്കാരനെന്ന നിലയിൽ തന്നെ ശിവകുമാറിന്റെ കവിതയിൽ സ്വാംശീകരിക്കപ്പെട്ടിട്ടുണ്ട്. ആൺ കുതിര പെൺകുതിര എന്ന കവിതയിൽ തന്റെ നാടിന്റെ സംസ്കൃതിയുടെ അടരുകകളിലേക്ക് കുതിരയോടിച്ചു പോകുന്ന കവിയെക്കാണാം. നാട്ടു ചരിത്രത്തിലേക്കുള്ള കുഴിച്ചിറങ്ങൽ തന്നെയാണിവിടെയും. ചിത്രകലയുടെ ആഴത്തിലേക്കിറങ്ങുന്ന പല കവിതകളുണ്ട്. മുയൽ രോമമുള്ള ബ്രഷ്, ചിത്രത്തിലില്ലാത്തത് എന്നീ കവിതകൾ ആ പരമ്പരയിൽ പെടുന്നു.
4. മുൻ പറഞ്ഞ കാവ്യസ്വഭാവത്തോടിണങ്ങുന്നതാണ് ഈ കവിയുടെ കാവ്യഭാഷ.ചൊല്ലടരുകൾ കൊണ്ടുള്ള കാവ്യ ശരീരമാണ് അമ്പലപ്പുഴക്കവിതയുടേത്. കേവല ഗദ്യമോ പദ്യമോ അല്ല ചൊൽവടിവാണ് പ്രിയസ്വരൂപം. ഭാഷയെ പഴഞ്ചൊൽ വടിവിലേക്കടുപ്പിച്ച് അനുഭവത്തിന്റെ പുരാവൃത്തപരതയിലേക്ക് കുഴിഞ്ഞിറങ്ങാനാണ് കവി ശ്രമിക്കുന്നത്.
പൊട്ടിത്തുറക്കുന്ന വിണ്ണ്
ഞെട്ടിത്തരിക്കുന്ന മണ്ണ്
വെള്ളിനൂലിഴയരഞ്ഞാണം ( പനിക്കൂർക്ക )
എന്നും
എനിക്കു തൊട്ടിൽ ഞാൻ തന്നെ
എനിക്കു ചിറകും ഞാൻ തന്നെ (പഴനീരാണ്ടി)
എന്നും
കുലയ്ക്കുന്നത് നിനക്ക്
കുടപ്പൻ തേനെനിക്ക്
പഴുത്തിട്ടും പറിക്കാഞ്ഞാൽ
കരുമ്പാണ്ടിയെനിക്ക്
കണ്ണിലല്ല കാഴ്ച്ച (പഴനീരാണ്ടി)
എന്നും
പെണ്ണുങ്ങളാരാനും
കണ്ടു പോയാലന്നു തീണ്ടാരി
എന്നത്രേ മുത്തശ്ശിച്ചൊല്ല് (ഇരട്ടത്തലച്ചി)
എന്നും
പശിക്കെന്തു പരബ്രഹ്മം
കശർപ്പല്ലോ കർമ്മപുണ്യം (പാവലേ എൻ പാവലേ)
എന്നും
വാഴ് വിന്റെ വാസ്തവമിറക്കം കയറ്റം
എന്നുമൊക്കെ ആ ചൊൽ പ്രപഞ്ചം പടർന്നു പടർന്നു വരുന്നു.
ഭാഷയെ ചൊൽക്കെട്ടുകളാക്കുന്ന ഈ രീതിക്ക് മലയാളത്തിലുള്ള മുൻ മാതൃക എം.ഗോവിന്ദനാണ്.ഗോവിന്ദനെപ്പോലെ തന്നെ ഭാഷയുടെയും മനുഷ്യാനുഭവത്തിന്റെയും ആദിയുറവുകളിലേക്കാണ് ഈ മുതിർന്ന കവിയുടെയും ശ്രദ്ധയത്രയും.
5. തലകീഴായി തൂങ്ങിക്കിടക്കുകയും തലകീഴായ് താഴോട്ടിറങ്ങുകയും ചെയ്ത് മനുഷ്യാനുഭവത്തിന്റെ ആദിസ്രോതസ്സിനെ കവിതയിലേക്കുയിർപ്പിക്കുന്ന അമ്പലപ്പുഴക്കവിതക്കെന്റെ നമസ്കാരം.
No comments:
Post a Comment