1
ഓടിപ്പോകുന്ന ബുദ്ധൻ
വന്നു ചേർന്ന ബുദ്ധപ്രതിമ
ടീ വീ പ്പെട്ടി മേലേ വയ്ക്കുന്ന
വരവേൽപ്പറജ്ഞാനം ഞങ്ങൾക്കുണ്ട്.
വീട്ടിലാരുവന്നാലും ഒട്ടും കുറയാത്ത
പുഞ്ചിരി ബുദ്ധന്റെ മുഖത്ത്.
തെരുവിൽ കിടന്ന വെള്ള പ്രാവിന്റെ തൂവൽ
ഞാൻ തന്നെയെടുത്ത് അവരുടെ മടിയിൽ ചേർത്തു.
അധികം വലിപ്പമുള്ള ആയുധം പോലെയും
മീട്ടാൻ പോകുന്ന വാദ്യം പോലെയും
ഓരോരോ നേരത്തു തോന്നുമെങ്കിലും
ബുദ്ധന് തൂവൽ നന്നേയിണങ്ങി.
ചിരി മുന്നേക്കാൾ വിടർന്നു.
തൂവൽ കാറ്റിൽ പറക്കും, ഞങ്ങൾ തിരിച്ചെടുത്തു വക്കും
കണ്ടിട്ടും കാണാതെ ബുദ്ധരിരിക്കും.
അവധി ദിവസം അയൽപക്കത്തെക്കുട്ടികൾ
വീടിനുള്ളിൽ വന്നു കളിച്ചു തിമിർക്കും.
അതിൽ ഒരു കുട്ടി ബുദ്ധന്റെ തൂവൽ
ആശയോടെടുത്തു കയ്യിൽ പിടിച്ചു.
കയ്യിൽ തൂവൽ ചുഴറ്റിച്ചുഴറ്റി
കതകു കടന്നു കുട്ടി പോകെപ്പോകെ
ഇതുവരെ ഉയരെപ്പറന്ന ബുദ്ധൻ
തൂവൽ തിരികെത്തരാൻ പറഞ്ഞ്
എഴുന്നേറ്റു പിന്നാലെ ഓടിപ്പോയി.
അമർന്നിരിക്കും ബുദ്ധനെക്കാളും
ഓടിപ്പോകും ബുദ്ധൻ അഴകായ് തോന്നി.
2.മണലുള്ള ആറ്
ഏട്ടത്തി മരിച്ചിട്ട്
ഏറെക്കാലമായി.
അവരുടെ മര അലമാരയിൽ
വേറെന്തോ തെരയുന്നതിനിടയിൽ കിട്ടി,
ഏട്ടത്തിയുടെ കാപ്പിക്കളർ സോപ്പുപെട്ടിയും
അതിനുള്ളിൽ ലൈഫ്ബോയ് സോപ്പുതുണ്ടും.
ഏത് ആറ്റിൽ കുളിക്കുമ്പോൾ
വഴുതി വീണതോ,
എല്ലായിടത്തും മുള്ളുമുള്ളായി
ഒട്ടിയ മണൽ, സോപ്പിൽ.
അറിയാതെ പോയല്ലോ
ഇത്രകാലവും
മര അലമാരക്കുള്ളിലൂടെ
മണലുള്ള ഒരു ആറ്
ഒഴുകിക്കൊണ്ടിരുന്നത്.
3
കലൈമാൻകോവിൽ തെരുവ്
മറ്റൊരു തെരുവു പോലിരിക്കുന്നു.
അച്ഛൻ അച്ഛനെപ്പോലെയല്ല
വേറാരോ പോലെ, മെലിഞ്ഞ്.
പേട്ടാ നെയ്ത്തു മില്ല് കടന്നു പോകുമ്പോൾ
ചുത്തമല്ലി ബസ്സ് ഇവ്വിധമായിരുന്നില്ലല്ലോ.
കുഞ്ചുപ്പിള്ളയുടെ വീട്ടിലെ പനീർ മരവും
കുറുക്കുത്തുറ നദിയും
അങ്ങനെത്തന്നെയാണോ ഇരിക്കുന്നത്?
എല്ലാം മറ്റൊന്നായി
മാറിക്കൊണ്ടിരിക്കുമ്പോൾ
ഏരകപ്പുല്ലു മാത്രം
അങ്ങനെത്തന്നെയിരിക്കുമോ?
4
താനേ മുളച്ച ചെടി
എന്നു പറയുന്നതും
ആരോ വിതച്ച
വിതയിലിരുന്നതു തന്നെ.
5
അക്കാക്കുരുവി ശ്ശബ്ദം
ഇലയുതിരും കാലത്തെ
അവസാനിപ്പിച്ചു വെക്കുന്നു.
അല്ല,
ആരംഭിച്ചു വെക്കുന്നു പുതുവസന്തകാലത്തെ.
ക്ഷമിക്കൂ,
പറവകളുടെ ചിറകറിയുന്നില്ല
തുടങ്ങി വെക്കുന്നതും അവസാനിപ്പിക്കുന്നതും.
എപ്പോഴുമതു പറന്നു കൊണ്ടിരിക്കുന്നത്
അകാലത്തിൻ വാനത്തിൽ.
6
ബുധനാഴ്ചയെ
പൂച്ചകൾ കൊണ്ടാടുന്നു.
അവയുടെ കലണ്ടറിൽ
അച്ചടിക്കപ്പെട്ടിരിക്കുന്നത്
മീൻ ആഴ്ച എന്ന്.
7
ഇത്രയും കൊല്ലം
ചൂണ്ടുവിരൽ എന്നു ഞാൻ
പറഞ്ഞു വന്നത്
'തോക്കു വിരൽ' എന്നാക്കുന്നു
കണ്ണു ചുരുക്കി ലക്ഷ്യം നോക്കുന്ന
ഈ കഴുത്തു ചായ്ച്ച കുട്ടി.
എനിക്കു ഭയമാകുന്നു
കാലത്തിന്റെ വിശ്വരൂപം കണ്ട്.
8
മഴ വരുന്നതു പോലിരുന്നു.
മഴ വരാത്ത പോലിരിക്കുന്നു.
അതേ വാനത്തിൽ
അതേ പറവ
പറന്നു കൊണ്ടിരിക്കുന്നു.
9
നാലാമത്
ഇല്ലാത്ത ഒരു നാലാമത്തെ നായോടൊപ്പം
കളിയാടുന്നതു പോലെ
ഉരുണ്ടു പിരണ്ടു കൊണ്ടിരിക്കുന്നു
തൊടിയിലെ വേപ്പിൻ കയ്പൻ നിഴലിൽ
മൂന്നു നായ്ക്കൾ.
10
ആരും / ആരോ
ഞാനല്ലാതെ
ആരുമില്ല
ഈ വീട്ടിൽ.
ഞാനല്ലാതെ ആരോ ഉണ്ടെന്ന്
തോന്നുന്നതു കൊണ്ടു തന്നെയാണ്
ഇതു പറയേണ്ടി വന്നിരിക്കുന്നതും.
11
ആരും നിലാവു നോക്കുന്നില്ല
ആരും നക്ഷത്രം നോക്കുന്നില്ല
ആരും മേഘത്തെ, വാനത്തെ
മിന്നലിനെ, മഴയെ
വെയിലിനെ, നിഴലിനെ
തീവണ്ടിയെ, ആനയെ നോക്കുന്നില്ല.
ആരും ആരെയും നോക്കാത്ത
നഗരഫ്ലാറ്റു ചുമരൊന്നിൽ
കൈവിരലുകളുടെ നിഴലാട്ടത്തിൽ
നായ്ക്കുര ചേർത്തിണക്കി
നോക്കിക്കൊണ്ടിരിക്കുന്നു
കട്ടിലിൽ കിടന്നുകൊണ്ട്
ഒറ്റക്കൊരു വയസ്സൻ
12
വാനിൻ താഴത്തെല്ലാം
സൂര്യൻ ചൂടിയ പൂവ്.
13
തീയ്ക്കുള്ളിൽ ഞങ്ങളവനെ വെച്ചു.
തൊടാനേ കഴിയുന്നില്ല പിന്നെ.
14
ആറ്റിൽ കുളിക്കുന്ന എല്ലാർക്കും
ഇഷ്ടമായി,
ആടിയുലഞ്ഞൊഴുകി വരുമാപ്പൂവിനെ.
അതു തങ്ങൾക്കെന്നു കരുതി
അവരെല്ലാം നീന്തുന്നു
അതിനു നേരെ.
പൂവോ നീങ്ങുന്നു
നീന്തലറിയാതെ
നദി നോക്കിയിരിക്കുന്ന
പെൺകുട്ടിയുടെ നേരെ.
15
ഗസൽ
ഞാനിപ്പോൾ ഒരു ഗസൽ പാടിക്കൊണ്ടിരിക്കുന്നു.
ശബ്ദം ഹരിഹരൻ്റേത്.
വരികൾ അബ്ദുറഹിമാൻ്റേത്.
കണ്ണീർ മാത്രം എൻ്റേത്.
16
ചിലത് ഞാൻ വിശ്വസിക്കുന്നു.
ചെങ്കോട്ടത്തീവണ്ടി പോകും വരെയും
അംബാസമുദ്രം നദി
അനങ്ങാതെ
അങ്ങനെ നിന്നു നോക്കിയിട്ട്
പിന്നീട് ഒഴുകുന്നു എന്നതും.
17
വീണ്ടുമൊരു നാടകം
വലിയച്ഛൻ്റെ തല
ഒരു ഭാഗത്തേക്കു ചെരിഞ്ഞിരുന്നു.
നാക്ക് പുറത്തേക്കു കൂടുതൽ നീട്ടിയിരുന്നു.
മാറിക്കിടക്കുന്ന മുണ്ട് ശരിയാക്കിയ കൈയോടെ
കാലുകൾ ഇളകാതെ അകറ്റിവെച്ചിരുന്നു.
അടുത്ത വീട്ടിലെ കൊച്ചു കുഞ്ഞ്
അനങ്ങാതെ കിടക്കുന്ന അവരെത്തന്നെ നോക്കി.
അടഞ്ഞ പോളകൾക്കുള്ളിൽ കണ്ണുകളുരുളുന്ന
വലിയച്ഛൻ്റെ മുഖത്തു പിന്നെ അടിച്ചു.
ചിരി ചുണ്ടുകൾക്കുള്ളിൽ അടക്കിവെച്ച്
വലിയച്ഛൻ അങ്ങനെ മരിച്ചു കിടന്നു.
ഇനി മതി എന്നവരെഴുന്നേറ്റപ്പോൾ
കുഞ്ഞു ചിരിച്ചു.
റിഹേഴ്സൽ ശരിയായ് നടന്ന പോലെ
വലിയച്ഛൻ മൊന്തയിൽ വെള്ളം കുടിച്ചു.
കണ്ണുകൾ സാരിയാൽ തുടച്ചുകൊണ്ട്
അടുപ്പിനടുത്തേക്കു പോകുന്ന
വലിയമ്മയുടെ ഇടുപ്പിൽ കുഞ്ഞിരുന്നു.
വീണ്ടുമൊരു നാടകം കാണാൻ തയ്യാറായി.
18
പൂക്കൾ
കാറ്റ് ഉതിർക്കുന്നില്ല.
കാറ്റിലുതിരുന്നു
പൂക്കൾ.
19
പിടിച്ച മുയലിനും
അതിനെപ്പിടിച്ചവർക്കുമിടയിൽ
ഓടിക്കൊണ്ടിരിക്കുന്നു
പിടിക്കാത്ത മുയൽ.
20
എങ്ങെങ്ങും.
എങ്ങു പെയ്യും മഴയിലും
ഒരു തുള്ളി എനിക്ക്.
എൻ്റെ മനസ്സു നനയ്ക്കുന്നതിന്.
എങ്ങു വിടരുമൊരു ചെറു പൂവിലും
നിറഞ്ഞിരിക്കും എനിക്കായ്
ഒരു തുള്ളിത്തേൻ.
21
ബുദ്ധനെപ്പോലെ
നിന്നു നോക്കി.
കഴിയുന്നില്ല.
ബുദ്ധനെപ്പോലെ
ഇരുന്നു നോക്കി.
പറ്റുന്നില്ല.
എളുപ്പമെന്നു കരുതി
ബുദ്ധനെപ്പോലെ
ചിരിക്കാൻ ശ്രമിച്ചു.
ബുദ്ധൻ ചിരിച്ചുകൊണ്ടിരിക്കുന്നു
എന്നെ നോക്കി.
ഇപ്പോഴും.
22
അപ്പുറം ചെല്ലുന്ന കാറ്റ്.
ഒരു കതകടച്ച്
മറ്റൊരു കതകു തുറന്നുകൊണ്ടിരിക്കുന്നു.
ഏതു കതക് എപ്പോൾ തുറക്കുമെന്ന രഹസ്യം
കാറ്റിനു മാത്രമറിയാം.
എണീറ്റു ചെന്ന്
കൊളുത്തിട്ടു പോരാം.
എന്നാലും കാറ്റ്
അപ്പുറം ചെല്ലും.
അടഞ്ഞ കതകുകൾക്കുമപ്പുറം.
23
അരുവിക്കുമേലേയുണ്ട്
അരുവി.
ചിറ്റരുവി
പുലിയരുവി
ചെമ്പകദേവിയരുവി
തേനരുവി.
തിരിച്ചു വരാൻ വിചാരിക്കുന്നവന്
തേനരുവി കാണാൻ കഴിയുമോ?
24
ഇത്രയും കനമുള്ളതെന്നറിഞ്ഞിരുന്നില്ല.
ഇത്രയും അഴകുള്ളതെന്നറിഞ്ഞിരുന്നില്ല.
ഇത്രയും ലളിതമെന്ന്, ഇത്രയും സങ്കീർണ്ണമെന്ന്,
ഇത്രയും ഇരുട്ടുള്ളതെന്ന്, ഇത്രയും വെളിച്ചമുള്ളതെന്ന്,
ഇത്രയും കാറ്റോട്ടമുള്ളതെന്ന്,
ഇത്രയും പുഴുക്കമുള്ളതെന്ന്
അറിഞ്ഞിരുന്നില്ല ജീവിതം.
25
ഒരു നിമിഷം
ഈ ബസ്സും
എതിരേ വരും ബസ്സും
ഒരു നിമിഷം നിറുത്തുന്നു.
നിറുത്തും പോലെ ചവിട്ടുന്നു.
ഈ ബസ് ഡ്രൈവറും
എതിർ ബസ് ഡ്രൈവറും
ഒരു നിമിഷം സംസാരിക്കുന്നു.
തല പുറത്തു നീട്ടി.
ഒരേയൊരു നിമിഷം മതിയാകും
ജീവനുള്ളൊരു സംഭാഷണത്തിന്.
26
നോക്കേണ്ടത്.
നിങ്ങൾ നോക്കേണ്ടത്
നിലക്കണ്ണാടിയല്ല.
അതിനു മുമ്പിൽ വെച്ചിരിക്കുന്ന
പല്ലുതിർന്ന തേൻ നിറച്ചീർപ്പിനെ.
അതിൽ കുരുങ്ങിപ്പിടിച്ച
മുടിയിഴകളുടെ
ഏഴേഴു ജന്മങ്ങളെ.
27
ആടിക്കൊണ്ടേ.
ഇപ്പോഴാണ് ആരോ
ഇറങ്ങിപ്പോയത്.
ഇപ്പോൾ തന്നെയാണ്
ആരോ കരയേറിയിരുന്നതും.
ആടിക്കൊണ്ടേയിരിക്കുന്നു
ആറും തോണിയും.
28
നിങ്ങളുടെ നാട്ടിൽ ക്ഷേത്രമുണ്ടോ?
രഥവീഥികളുണ്ടോ?
തേരുണ്ടോ? തേരടി ഉണ്ടോ?
തേരടിയിൽ
കുട റിപ്പയർ ചെയ്യുന്ന
ഡ്യൂപ്ലിക്കേറ്റ് ചാവിയുണ്ടാക്കിത്തരുന്ന
കണ്ണടയുടെ കേടു നോക്കുന്ന
സകലകലാവല്ലഭൻ ഇരിക്കുന്നുണ്ടോ?
ഉണ്ടാകും തീർച്ച.
ഇരുട്ടുള്ളതു വരെ
പൂട്ടുള്ളതു വരെ
കണ്ണുകളുള്ളതു വരെ
കാർമേഘമുള്ളതു വരെ.
അവർ നമുക്കു പ്രധാനം.
രഥവീഥി വിടാം
തേരു വിടാം
ക്ഷേത്രവും വിടാം.
29
ഒരു ചെറുകിളി
ഞങ്ങളുടെ വീട്ടിലെ കരുവേപ്പുമരത്തിൽ നിന്ന്
എതിർ വീട്ടിലെ നെല്ലിമരത്തിലേക്കു
മാറി മാറിപ്പറക്കുന്നു.
ഇപ്പോൾ ഞങ്ങളുടെ വീട്ടിൽ നെല്ലിമരവും
എതിർ വീട്ടിൽ കരുവേപ്പും
വളർന്നുകൊണ്ടിരിക്കുന്നു
മാറി മാറി.
30
ഓരോ തവണയും ഞാൻ
നടന്നു തന്നെ മടങ്ങുന്നു.
ഇത്തവണ വീട്
വളരെ അടുത്തായിരുന്നു.
ഇതിനു മുമ്പ് ഞാൻ എന്നെ
ദൂരത്തു വെച്ചിരുന്ന പോലെ.
31
ഞാൻ ചോദിക്കുന്നത്.
ചക്കച്ചുളയുടെ നിറമെന്ത്?
നിങ്ങൾ പറയുന്നത്
നിങ്ങൾ തിന്ന ചുളയുടെ നിറം.
അവർ രുചിച്ച ചക്കയുടെ നിറം
അവർ പറയുന്നു.
ഞാൻ ചോദിക്കുന്നത്
ഇതുവരെ ചക്കച്ചുള തിന്നാത്തവൻ്റെ
ചക്കച്ചുളനിറം.
32
ആദ്യം ആ മരത്തിൻ മുന്നിൽ
അവൾ നില്പതായ്
വരയാൻ തുടങ്ങി ഞാൻ
ഇപ്പോൾ അവളുടെ പിന്നിൽ മരമിരിക്കുന്നതായി
വരഞ്ഞുകൊണ്ടിരിക്കുന്നു.
മരം അതേ ഇടത്തിൽ തന്നെ നിൽക്കുന്നു.
ഒരെതിർപ്പുമില്ലാതെ
തൻ്റെ മുന്നും പിന്നും അതു വിട്ടുകൊടുത്തിരിക്കുന്നു.
33
പുഴുപ്പല്ലൻ പയ്യൻ
അമ്മമ്മ പറഞ്ഞപോലെ
പറിഞ്ഞ പല്ലു ചാണകത്തിൽ പൊതിഞ്ഞ്
ഓട്ടുമ്പുറത്തേക്കു വീശിയെറിഞ്ഞു.
ദൈവത്തിൻ്റെ മേൽ അതു ചെന്നു വീണു.
ദൈവം തൻ്റെ അമ്മമ്മയോടു ചോദിച്ചു,
"അമ്മമ്മ പറഞ്ഞിട്ട് ഞാനെൻ്റെ പല്ല്
താഴേക്കെറിഞ്ഞിരുന്നല്ലോ,
അതു തന്നെയാണോ ഇത്?"
ആദ്യം ആ മരത്തിൻ മുന്നിൽ
അവൾ നില്പതായ്
വരയാൻ തുടങ്ങി ഞാൻ
ഇപ്പോൾ അവളുടെ പിന്നിൽ മരമിരിക്കുന്നതായി
വരഞ്ഞുകൊണ്ടിരിക്കുന്നു.
മരം അതേ ഇടത്തിൽ തന്നെ നിൽക്കുന്നു.
ഒരെതിർപ്പുമില്ലാതെ
തൻ്റെ മുന്നും പിന്നും അതു വിട്ടുകൊടുത്തിരിക്കുന്നു.
33
പുഴുപ്പല്ലൻ പയ്യൻ
അമ്മമ്മ പറഞ്ഞപോലെ
പറിഞ്ഞ പല്ലു ചാണകത്തിൽ പൊതിഞ്ഞ്
ഓട്ടുമ്പുറത്തേക്കു വീശിയെറിഞ്ഞു.
ദൈവത്തിൻ്റെ മേൽ അതു ചെന്നു വീണു.
ദൈവം തൻ്റെ അമ്മമ്മയോടു ചോദിച്ചു,
"അമ്മമ്മ പറഞ്ഞിട്ട് ഞാനെൻ്റെ പല്ല്
താഴേക്കെറിഞ്ഞിരുന്നല്ലോ,
അതു തന്നെയാണോ ഇത്?"
(കല്യാൺജി എന്ന പേരിൽ കവിതകളും വണ്ണദാസൻ എന്ന പേരിൽ കഥകളും എഴുതുന്നത് ഈ തമിഴ് എഴുത്തുകാരനാണ്.1946-ൽ തിരുനൽവേലിക്കടുത്ത് ജനിച്ചു.)
ആലോചനകൾക്കും കവിതകളാകാം - അവ ആലോചനകളെങ്കിൽ
ReplyDeleteഅതെ, ആലോചനകളിൽ നിന്നു പെട്ടെന്നു പൊന്തുന്നവ
Delete