Thursday, May 14, 2020

മുറ്റത്തെ മരങ്ങൾ - പി.രാമൻ



How to Paint Leaves (Without Getting Caught up in the Details)



1.ഇന്നു സന്ധ്യക്ക്


വെയിലൊന്നു മങ്ങിയപ്പൊഴേക്കും
പുളിമരത്തിൻ്റെ ഇലകൾ
ഓരോന്നോരോന്നായി
അടയാൻ തുടങ്ങി.

ഇരുട്ടും മുന്നേ
എല്ലാം ഭദ്രമാക്കി
മരം.

എത്രയിലകൾ
അടഞ്ഞു കാണും?
അരലക്ഷം?

ഉറങ്ങും മുമ്പ്
ഈ വീടിൻ്റെ നാലു വാതിലടയ്ക്കാൻ
എന്തൊരു പണി!

രണ്ടു കണ്ണടയ്ക്കാൻ
മനസ്സിനെത്ര പാട്!

ഓരോ ദിവസവും
അരലക്ഷമിലകൾ
തുറക്കുകയുമടയ്ക്കുകയും
ചെയ്യുന്ന പുളിമരമേ,
വെറും രണ്ടിലകളുടെ കാര്യമല്ലേയുള്ളൂ!
രണ്ടു കണ്ണിൻ്റെ കാര്യം!
പകർന്നു തരുമോ ആ അറിവ്
ഇന്നു സന്ധ്യക്കെങ്കിലും?



2. ദിനചര്യ


രാത്രി ഏറെ വൈകി
മുറ്റത്തെ മാവ്
കരഞ്ഞു പറഞ്ഞു
ആ ലൈറ്റ്
ഒന്നു കെടുത്തൂ.

ഉമ്മറത്തെ വെളിച്ചം തട്ടി
ഇലഞെരമ്പു നോവുന്നു.
തെരുവിളക്കിൻ കുത്തു കൊണ്ടു
തൊലി വിണ്ടു പൊട്ടുന്നു.
അതെല്ലാമണയാതെ
എങ്ങനെയിരുട്ടിലാഴും?

അപ്പുറത്തെ പുളിമരം
ഭാഗ്യവാൻ
വെയിലുതാണപ്പൊഴേ
ഇലയടഞ്ഞു.
പിന്നൊന്നുമറിയണ്ട.

മുറ്റത്തെ മാവിങ്ങനെ
കെഞ്ചുന്നത്
എല്ലാ രാത്രിയും
ഏതാണ്ടീ നേരത്ത്
ഞാൻ സങ്കല്പിക്കും.
വിളക്കണയ്ക്കും മുമ്പുള്ള
ദിനചര്യ.

No comments:

Post a Comment