Tuesday, May 5, 2020

പെട്ടെന്നു പാറി വന്ന കിളികൾ - പി.രാമൻ

പെട്ടെന്നു പാറി വന്ന കിളികൾ
( ഫാദർ പത്രോസ് പിടിച്ച ക്യാമറച്ചിത്രങ്ങൾ കണ്ടയുടൻ )


1
പകലിന്റെ കപാലവെൺമമേൽ ചെ-
ന്നിടറിത്തട്ടി യുടഞ്ഞു ചിന്നിടുന്നൂ
വിടരും മിഴിതൻ വെളിച്ചമാകും
നദി, ഞാൻ മൂകമിരിപ്പു മൂങ്ങ പോലെ.


2
ഒരിടത്തുമുനിഞ്ഞിരുന്നിടും
മനമേ, യൊറ്റ നിറത്തിൽ മാഴ്ക, നീ.
അതു ചാരനിറം, വിരിച്ചു നോക്കൂ
ചിറ,കപ്പോൾപ്പലവർണ്ണ വിസ്മയം!


3
ഈ പ്രപഞ്ച മുടൽ പൂണ്ട നാളിലാ-
ണെന്റെ വംശവുമുറഞ്ഞുണർന്നതും
അന്നു നീട്ടിയെഴുതീ കുളിർക്കനെ -
ക്കണ്ണിലമ്മ, യതു മങ്ങിടാതിതാ.


4
പച്ചക്കുളിർ പന്തലിനപ്പുറമായ്
ഉച്ചക്കൊടു സൂര്യരിരിക്കുകയാം
അച്ചൂടണയുന്നിലകൾക്കിടയൂ -
ടിച്ചാരു തണൽത്തഴ കത്തിടുമോ?


5
കടലിന്റെയഗാധത വിട്ടുയരാ-
നിരു ചിപ്പികൾ നോറ്റു വ്രതങ്ങൾ സദാ
ഒരുനാളുയരങ്ങളിലൂടൊഴുകും
കിളികൾക്കവ നൽച്ചിറകായ് വിരിയാൻ.


6
ശിരസ്സിൽ ചുകപ്പൻ കിരീടം ധരിച്ചൂ
കഴുത്തിന്നുചു,റ്റാലവട്ടം വിരിച്ചൂ
പുലർച്ചക്കൊടുങ്ങാതെ കാളം വിളിച്ചൂ
കളിപ്പേരു പക്ഷേ വെറും കാട്ടുകോഴി!


7
വാ പൊളിച്ചിനി വിളിച്ചിടേണ്ട, നിൻ
തീറ്റ കൊക്കിൽ തിരുകിത്തരില്ല ഞാൻ
മണ്ണിലുണ്ടു പുഴു, കൊക്കു താഴ്ത്തുക
കൊമ്പിലുണ്ടു കനി, പാറിയെത്തുക


8
ഇവിടെ ഞാനുദയം മുതലിങ്ങനെ
പെരിയ കൊക്കുമുയർത്തി നടക്കയാൽ
വരികയില്ല ഭയന്നൊരുവന്നുമീ-
ത്തൊടിയിൽ പച്ചകൾ കട്ടുമുടിക്കുവാൻ


9
കിളികളിങ്ങനെയെന്റെയിരുട്ടിലൂ-
ടകമഴിഞ്ഞു തുളഞ്ഞു കടന്നു പോയ്
''ഇതിരുള, ല്ലിരുള, ല്ലൊരു മേഘമാ'' -
ണവ ചിലച്ചു ചിരിച്ചു മറഞ്ഞുപോയ്


10
മരച്ചില്ല തൻ തുംഗരംഗം കുലുക്കി-
പ്പടർന്നാളിടുന്നൂ മഹാനർത്തകന്മാർ
ഒരാളാടി നിർത്തീട്ടടുത്താൾ തുടങ്ങാൻ
തരിയ്ക്കുന്നു തൂവൽത്തലപ്പത്തു നൃത്തം


1 1
ചിറകിനുളളിലെച്ചൂടിൽ മുട്ടകൾ -
ക്കുയിരനങ്ങിടുന്നുൾത്തരിപ്പൊടേ
പകുതി കൂമ്പിയോരെൻ മിഴിക്കക-
ത്തവ പറന്നെഴും സ്വപ്നദർശനം!


12
ചെറുകിളിയമരുന്നു പുൽത്തലപ്പ -
ത്തിനിയതു തൂകു മഗാധരാഗധാര
സകല ബഹളവും നിറുത്തി ലോകം
വിടർമിഴി,കാതുകൾ മാത്രമായി നിൽക്കും.


13
ഒരു കിളിയൊരു മാത്ര കൊണ്ടു മാറ്റും
ചെറിയൊരു പുൽമുന രത്നപീഠമായി
അതിനെ യകലെ നോക്കി നാമിരിക്കും
നരകവു മുജ്വല ശാന്തിപീഠമാകും


14
എന്റെ വാലിനിരുകമ്പികൾ വാനിൻ
പിന്നരങ്ങിലിരു തന്തികളാക്കി
വിന്യസി, ച്ചവയിൽ നീൾ വിരൽ മീട്ടി -
ക്കണ്ണടച്ചു മുഴുകുന്നിതു തെന്നൽ


15
ഉടലൊരു പന്തുകണക്കേ-
യുരുട്ടി, യള്ളിപ്പിടിച്ചു കൊക്കാഴ്ത്തി
പടുമരമൊന്നിൻ പൊത്തീ-
ന്നിതുപോൽ ചിതലുണ്ടിരിപ്പതെന്തു രസം!


16
ഓരോ പകൽപ്പൊത്തിലിരുന്നു മൂങ്ങ -
ക്കണ്ണെന്നെ നോക്കുന്നിതുറങ്ങിടാതെ
എനിക്കു രാപ്പൊത്തിലിരുന്നു പക്ഷേ
തിരിച്ചു നോക്കാൻ പഴുതില്ല, കഷ്ടം!


17
അതീതകാലത്തിനുമപ്പുറത്തു -
നിന്നും തുഴഞ്ഞെത്തിയ വ്യോമനൗകേ,
നീ കൊണ്ടു പോരുന്ന മഹാപ്രപഞ്ചം
ഇറക്കി വയ്ക്കാനിടമില്ല മണ്ണിൽ


18
അമ്മേ, വന്നെൻ നീലയാം നല്ലുടുപ്പിൻ
പിന്നിൽ ഞാലും നാട കെട്ടിത്തരേണം
അല്ലെന്നാകിൽ ചില്ലകൾക്കുള്ളിൽ പാറി -
ച്ചെല്ലുന്നേരം കൂർത്ത തുമ്പിൽ കുരുങ്ങും.


19
മടുത്തൂ മലയ്ക്കും മരങ്ങൾക്കുമായ് പാ -
ട്ടുതിർക്കും പണി, കേട്ടതില്ലാരുമൊന്നും
വളക്കാം തിരിക്കാം കഴുത്തിന്നി വാനിൽ
വിളങ്ങുന്ന മേഘത്തിനായൊന്നു കൂവാം


20
ഈ പ്രേമ ചുംബന സുഖത്തിനപാരശക്തി -
യാണിന്ധനം ഗഗനവീഥിയിലൊറ്റയാവാൻ
ചുറ്റും മരങ്ങളതു നോക്കി ഹസിച്ചിടട്ടേ
മുറ്റത്തു മർത്യരിലസൂയ മുഴുത്തിടട്ടെ.


21
വിരിവതിനുടെയെല്ലാം തുമ്പിൽ സൂര്യാനുരാഗം
പുരളുമമലശോഭം പ്രാണനപ്പോൾ തിളങ്ങും.
ഇതളിനരികിലായിട്ടി പ്രപഞ്ചം തുടിക്കും
ഗഗന പഥികനാട്ടേ, മണ്ണിലെപ്പൂക്കളാട്ടേ.


22
ഹേ കറുത്ത കിളീ, വനത്തി -
ലലഞ്ഞു പാടുവതിന്നിട-
ക്കീ മരത്തിലിരിക്കുകൊന്നിനി,
നിന്നെ നോക്കുവതിന്നിതാ
*1 കൺകളാക്കവി ചൊന്ന പോൽ
പതിമൂന്നു പാതയിലൂടെയും
സഞ്ചരിച്ചുഴിയുന്നു നിന്റെ
കറുപ്പിലിത്തിരി വെയ്ലൊളി


23
ടെറസ്സിൽ തൂങ്ങുന്നോരയയിലമരും
നൽക്കിളികളേ
വിരിച്ചോട്ടേയാറാൻ തുണികളരികേ,
പേടിയരുതേ
നിലത്തൊക്കെക്കാഷ്ടിച്ചിനി കഴുകുവാൻ
വയ്യ വെറുതേ
മരക്കൊമ്പത്തെന്തുണ്ടിതിലുമധികം,
പോയി വരണേ.


24
വെൺ തൂവൽച്ചിറകാരചിപ്പു ജല- ഹർഷത്തിന്റെ നൃത്തോത്സവം
വെള്ളത്തുള്ളികൾ കൺമിഴിച്ചിതൾ വിടർ-
ത്തീടുന്നു വെൺപൂവുകൾ
കണ്ണാടിത്തെളിമക്കകത്തു നിഴലിൻ
വെൺ സ്പന്ദനം, കൊക്കിലെ-
പ്പൊന്നോറഞ്ചു നിറത്തെയെത്രയഴകിൽ
കാക്കുന്നിതാ വെൺനിറം!


25
ഇതാണെൻ കൂടെൻകൂടിതുവരെ യിവൻ കൊക്കു നിറയെ -
ക്കുറും നാരും കൊത്തിച്ചിലുചിലെ ചില -
ച്ചെത്ര ദിവസം
പണിഞ്ഞെന്നോ, വൈകിക്കരുതിനിയിതിൽ
പാർത്തു പുലരാൻ
ഇതാണെൻ കൂടെൻകൂ,ടിനിയിതിൽ വരും
കിന്നരരുടൻ


26
വാഹനങ്ങളൊഴുകിപ്പരന്നലറിടുന്നൊരീ നെടിയ പാതയിൽ
ടാറിലങ്ങനെ പതിഞ്ഞു കാൺമിതൊരു
നായതന്നുടൽ വിരിച്ചതായ്
വാനവീഥിയിലനക്കമറ്റൊരു കരിന്തവിട്ടു നിറമുള്ള വ-
വ്വാൽ മൊബൈൽ ടവർ തരംഗമൂർച്ചയിൽ ഞെരിഞ്ഞമർന്നു വിരിവാർന്നതോ?


27
പാറക്കെട്ടുകളാകിലും പെരുമര-
ച്ചാർത്തിൻ മുകൾക്കൊമ്പുകൾ
ചൂടും പച്ചകളാകിലും ശരി,യിരി-
ക്കുന്നോരിരിപ്പിൽ സദാ
ചോരച്ചെങ്കതിർ നീട്ടി നീട്ടിയകലേ-
ക്കാരാഞ്ഞു നോക്കുന്നൊരാ
കൂമൻ കണ്ണുകളെന്റെയുള്ളിലെയിരുൾ-
ക്കല്ലെപ്പിളർക്കുന്നിതാ!


28
മരക്കൊമ്പിൻകൂർപ്പും പടപടെയടി -
ക്കുന്ന ചിറകിൻ
ഗതിക്കൂർപ്പും കാണുന്നിരുമിഴികൾ തൻ
സൂക്ഷ്മതയതും
അഭേദം താൻ, എല്ലാം ചലനരഹിതം,
പിന്നിലൊഴുകും
മഹാ വ്യോമക്കുത്തിൽ നിലപതറിടാ
നിശ്ചലത താൻ!


29
ആരേ കൂവിയതങ്ങുനി,ന്നിവിടെയെൻ
സാമ്രാജ്യമാണോർക്കണം
ഞാനല്ലാതൊരു പാട്ടുകാരനിവിടെ
പ്പാടേണ്ട കൂവേണ്ടെടോ.
ങ്ഹാ, യിപ്പോൾ പിറകീന്നു പിന്നെയുമിതാ
കൂവിത്തിമിർക്കുന്നുവെ-
ന്നാകിൽ പോട്ടെ, യവന്റെ പാട്ടു മുഴുവൻ
കേട്ടിട്ടു ബാക്കിക്കഥ!


30
ജലം, ജലമതിൽ നിലാക്കുളിരിലാണ്ടു നിൽക്കുന്നൊരാ
കിനാ,വതിനു കൊക്കിലായ് മധുര ചുംബനം നൽകുവാൻ
ഹരം നുരയുമാറിതാ ഗഗനസീമവിട്ടുജ്വലം
പറന്നണകയായ് വെളുന്നനെ വിരിഞ്ഞ പോൽ യാമിനി


31
ജലോപരി വരച്ചിടാം പവിഴരേഖകൾ വാനിൽ നാം
പറന്നു കയറുന്നതിൻ പുളകമാർന്ന നീൾക്കാലിനാൽ
ഉയർന്നൊഴുകിടുമ്പൊഴോ മിഴികൾ താഴ്ത്തി,യാ മുദ്രകൾ
ദിനാന്ത പവിഴോജ്വലപ്രഭയിൽ മായ് വതും കണ്ടിടാം


32
ഈപ്പച്ചപ്പനയോല മേലെഴുതി വച്ചിട്ടുണ്ടു നാം വാഴുമീ-
ബ്ഭൂവിൻ ജാതകമാകെ, ഞാൻ മധുരമായ് വായിച്ചു കേൾപ്പിച്ചിടാം
ക്രൗഞ്ചപ്പക്ഷിയിലെയ്തൊരമ്പു വെറുതേയെൻ നേർക്കു നീട്ടേണ്ടെടോ
കൊക്കിൽ കാൺമതു നമ്മളൊപ്പ മഴുകും മണ്ണിന്റെ യോലക്കുറി


33
വെളിച്ചം പച്ചച്ചേ കിളികളുടെ
ലോകത്തണയു,നാ-
മിരിക്കുന്നേടത്തോ വെറുമൊരു
വെളുപ്പായതു വരും.
കിളിക്കും പിന്നിൽ പച്ചില വിരിക,-
ളവതൻ പിറകിലായ്
ചിരിച്ചേ പമ്മുന്നൂ ഹരിതമഴകേ -
റ്റുന്ന കിരണൻ.


34
കിളിക്കൂട്ടം കാണ്മൂ നദിയിൽ മണൽ പൊയ് -
പോയ കുഴിയിൽ
കുടുങ്ങിക്കെട്ടാറും ജല, മതു തിള-
ങ്ങുന്നു വെയിലിൽ
*2 കുടിക്കാനായുമ്പോൾ തരിക പണമെ_
ന്നേതൊരുവനോ
കരത്തിൽ തോക്കേന്തിക്കിളികളെ -
യകറ്റുന്നു കരയിൽ


35
ഇക്കാണും പച്ചചെന്നാ- ഗ്ഗഗനതലസുനീലത്തിൽ പോയ് ചേരുമേട -
ത്തെത്തേണം, കൂടുവക്കാനൊരു മരമവിടെ
ക്കണ്ടുവെച്ചിങ്ങു പോന്നു.
ഇച്ചുള്ളിക്കമ്പിനെന്താ കന,മിതതു വരെ
ക്കൊണ്ടു പോയീടുവാൻ ഞാ-
നൊറ്റയ്ക്കാളല്ല,യെന്മേൽക്കനിയുക
നെടുവീർപ്പിന്റെയോളങ്ങൾ വീശി.


36
വാനങ്ങളെ, സ്സകല ലോകങ്ങളെ ഭ്രമണ
മാർഗ്ഗത്തിലൂടെ ചിറകിൻ
നാളങ്ങൾ വീശി യിരുളിൽ നിന്നുണർത്തിടുക
ഹേ പക്ഷി,യെന്നുമിതുപോൽ.
ഞാനെന്റെ നിദ്രയിലെ ദു:സ്വപ്ന പാളികളി-
ലാകെത്തറഞ്ഞു പിടയേ
നീ നിൻ വിരിച്ചിറകുമായെത്തി, യാപ്പൊലിമ
ബോധം കൊളുത്തി,മിഴിയിൽ


37
വീഴുന്നിതാ,യിരുളിലാണ്ട പുരാമനസ്സിൻ
പാറപ്പിളർപ്പിലൊരു കല്ലുളിപോൽ വെളിച്ചം.
ശ്യാമാഭമായ ശലഭച്ചിറകൊന്നിൽ വർണ്ണ-
രേണുക്കൾ വാരി വിതറീടുമതേ വെളിച്ചം!


38
മുന്നൂറു കൊല്ലമിവിടിങ്ങനെ പച്ചമണ്ണി-
ലെൻ മേനിയിട്ടുരസി മെല്ലെയിഴഞ്ഞു പോന്നു.
എന്തെന്തു മാറ്റമവനിക്കു വരുന്നതെല്ലാം
നൊന്തേയറി,ഞ്ഞുടലു പച്ചയിലീറനാർന്നു.


39
പാറപ്പുറത്തു പുലർകാല
വെയിൽ പതിക്കെ-
സ്സൂര്യന്റെ നേർക്കു തല നീട്ടി
യുരച്ചിതാമ:
''ദാ, യെൻ ശിരസ്സു ബലിയായി -യെടുത്തുകൊൾക-
യീയാറ്റുനന്മ യിതുപോലെ
മിഴിഞ്ഞുനിൽക്കാൻ''


40
കിളിക്കൊക്കിന്നുള്ളിൽ പകരണമതിൻ
ഗാനഹൃദയം
പ്രവർത്തിക്കാൻ പെട്രോ, ളതിനു പകരം
നമ്മളിനിയും
എഴുത്തച്ഛൻ മട്ടിൽ പഴവുമവിലും
ശർക്കരയുമായ്
വിളിച്ചിട്ടെ, ന്താവില്ലതിനു മധുരോദാര -
മണയാൻ.


41
ചിറകുകളിരുവാളായ് നാലുപാടും ചുഴറ്റി -
ക്കുനുകുനെ യരിയുന്നിപ്പക്ഷിയാകാശപിണ്ഡം
ചിതറിയവ വിഴുന്നൂ കെട്ടിടങ്ങൾക്കു മേലേ,
ഇരുളറകളിൽ നമ്മൾ വാക്കു മുട്ടിക്കിടക്കേ.


42
പിടയുന്നു നിഴൽക്കൊളുത്തു തോറും
ജലദൈവങ്ങൾ മുറിഞ്ഞുചോര ചീറ്റി.
ഇനിയെങ്ങനെ ദാഹനീരിനായി-
ട്ടിവിടെത്തങ്ങിടു,മെങ്ങുപോയിടേണ്ടു?


43
*3 മരിക്കാതിരിക്കുന്നതിന്നായി ഞാനീ-
ക്കടും കക്ക തൻതോടിനുള്ളിൽക്കടന്നു
പറ,ന്നിപ്പൊഴാത്തോടു കൊത്തിത്തുറക്കാൻ
വരുന്നൂ കിളിക്കൊക്കു കൂർപ്പിച്ചു മൃത്യു


44
ഇവറ്റക്കിപ്പോഴേ സകല മരവും കേറി മറിയാൻ
തിരക്കായ്, കൊമ്പത്തെക്കനികൾ മുഴുവൻ
കൊത്തുവതിനും
പെരും ലോകം തിന്നാൻ പശി, ചിറകുകൾ വീശിയുയരെ -
പ്പറക്കാൻ ശാഠ്യം പൂണ്ടിവ കരകയാ,ണെന്തു പറയാൻ!


45
നുറുങ്ങുമെന്റെ നൂറു നൂറു ചില്ലുതുണ്ടിലൊക്കെയും
തിളങ്ങി മിന്നി നിന്നിടുന്നു
വാനനീലയിക്ഷണം
ഇരുട്ടിലേക്കതും തുളുമ്പി
വീഴ്‌വതിന്നു മുന്നെയാ
മയിൽക്കിടാത്തനെന്ന പോൽ
വിരിച്ചു വീശിടട്ടെ ഞാൻ


46
ഒറ്റക്കിളിക്കുമിടമില്ലിവിടെന്നടച്ചു -
കെട്ടിക്കിടന്ന മനമേ, ചിറകൊച്ച കേട്ടു
ഞെട്ടിത്തുറന്നളവിൽ മിന്നലുപോൽ സഹസ്ര-
പക്ഷങ്ങളുള്ളിൽ വരവാ,യൊരു വാനമായ് നീ!


47
ഇക്കാണായ ചരാചരം മുഴുവനും
സ്വപ്നത്തിലെന്നോണമായ്
നിൽക്കെ, ത്തന്നുടെ വെൺമതൻ നെടിയ വാ
ലോളങ്ങൾ തീർത്തീടവേ
സ്വർഗ്ഗത്തിന്നഴകൊക്കെയും തൊടിയിലെ
പ്പച്ചപ്പിൽ നീർച്ചാട്ടമായ്
വർഷിക്കും കിളി, നിന്റെ നൽവരവിനാൽ
പൂക്കാലമായ് ഭൂമിയിൽ


48
വേഗപ്പിശാചൊരു പെരുത്ത വിമാനമേറി
ലോകം മുഴുക്കെയൊരുമാത്രയിൽ തീക്കൊളുത്തെ,
നീളൻ കഴുത്തിള മുഴുക്കെയുമെത്തിടുമ്പോൽ
നീട്ടിപ്പിടിച്ചു വരവായ് കിളികൾ കെടുത്താൻ


49
സൂര്യൻ ചായുന്ന നേരത്തൊടുവിലെ കിരണം തെല്ലുയർത്തി,ത്തമസ്സിൽ
ത്താഴാൻ വെമ്പുന്ന ഭൂമിക്കഴകിനമൃതമാ-
യന്തി വെയ്ൽ തൂകി നിൽക്കേ
പാറിപ്പൊങ്ങുന്ന കൊറ്റിച്ചിറകിലെ ഞൊറികൾക്കുള്ളിലായ് തങ്ങിടുന്നൂ
പോവാനാവാതെയന്തിത്തളിരൊളി,യതുതാ-
നിന്നു രാവിൽ നിലാവാം.


50
വെറുമൊരു വരി മാത്രമുള്ളതെന്നാൽ
ഒഴുകിയപാരത തേടിടുന്ന കാവ്യം
അതിൽ മുഴുകിയൊരേതു ഭാവുകന്നും
മനമൊരു ചെങ്കനൽസൂര്യനായി മാറും


51
വാനിന്റെ നെഞ്ചിലൊരു ലോഹപ്പരുന്തു ചുര
മാന്തുന്നിതേറെ യുഗമായ്
സൂര്യന്റെ നേർ,ക്കതിനെ നോക്കുന്നു ഭൂമിയുടെ പേടിച്ചൊളിച്ച മിഴികൾ
നട്ടുച്ചവെയ്ലിനെയതിൻ ലോഹദൃഷ്ടിയെരി -
യിക്കാനയച്ചിടുകയാ-
ണുച്ചണ്ഡസൂര്യ,നതു കണ്ടെന്റെ കണ്ണുക -
ളെരിഞ്ഞൊറ്റമാത്രയിലിതാ.


52

കൊത്തീടുന്നെന്തിനാണീക്കിളികളെ മുഴുവൻ പാറമേലെന്നപോലെ -

ശ്ലോകക്കെട്ടിൽ, പഴക്കം പെരുകിയ കവിതാരൂപമാം മുക്തകത്തിൽ

വിട്ടേക്കാമെന്നടച്ചേൻ, മകളൊരു ദിവസം പുസ്തകത്താളിൽ പെന്നാൽ

ശ്രദ്ധാപൂർവ്വം വരക്കും ചെറിയ കിളികളെക്കാൺകെ വീണ്ടും തുറന്നേൻ.




            🕳
*1 വാലസ് സ്റ്റീവൻസിന്റെ 'ഒരു കരിങ്കിളിയെ നോക്കാൻ പതിമൂന്നുവഴികൾ ' എന്ന കവിത ഓർത്ത്.

*2 സിറിയൻ കഥാകൃത്ത് സകരിയ്യ തമാറിൻ്റെ 'നദികൾ ഇപ്പോൾ സംസാരിക്കാറില്ല' എന്ന കഥയോടു കടപ്പാട്.

*3 തമിഴ്‌ കവി ദേവതച്ചൻ്റെ 'ആൾക്കൊല്ലികളാൽ' എന്ന കവിതയിലെ ആശയത്തോടു കടപ്പാട്.


No comments:

Post a Comment