1. വിശ്വസ്തത
ഒരു രാജ്യത്തു നിന്നു മറ്റൊരു രാജ്യത്തേക്കു
നിനക്കലയാം
ഒരു മരുഭൂമിയിൽ നിന്നു മറ്റൊരു മരുഭൂമിയിലേക്ക്.
പക്ഷേ, പട്ടത്തെ പറത്തി വിടുന്ന നൂല്
നിൻ്റെ ആദ്യത്തെ പട്ടം പറന്ന അതേ ഇടത്തിലെ
ഈത്തപ്പനയിൽ വലിച്ചുകെട്ടിയ
അതേ നൂലു തന്നെ
എന്നെന്നും.
2. തൈ നടൽ
സമയം പാഴാക്കണ്ട.
നീ കരുതുന്നതേക്കാൾ പ്രയാസമാണിത്.
ശരിതന്നെ, സൂര്യവെളിച്ചം വീഴുന്ന
ഈ മൂലയിൽ
ഒരു കളിമൺപാത്രമുണ്ട്.
ശരിതന്നെ, മണ്ണു ചുവന്നതുമാണ്.
നന എങ്ങനെ വേണമെന്നും നിനക്കറിയാം.
എന്നാലും ഈത്തപ്പന മുളകൾ
നിന്റെ മുറിയിൽ വളരില്ല.
പന ഒരിക്കലും നിന്നെപ്പോലെ ശ്വസിക്കില്ല.
നിന്റെയുച്ഛാസം എത്ര ശാന്തമാണെങ്കിലും
നിന്റെയുച്ഛ്വാസം
മൂകമാണെങ്കിൽ പോലും.......
എന്നാൽ രാവണയുമ്പോൾ
നീ കൺപോളകളടയ്ക്കുമ്പോൾ
സുതാര്യമായ വെള്ളമുള്ളേടത്തേക്ക്
വെള്ളമൊലിക്കുമ്പോൾ
പന
നിന്റെയടുത്തു വരും.
ഉയർന്ന്
ഉലഞ്ഞ്
നീലിച്ച്......
3. മരംകൊത്തി
പുതുവർഷപ്പിറവിയിൽ പതിവുള്ള പോലെ
മരംകൊത്തി വിരുന്നു വന്നില്ല.
പെരുമരം നഗ്നമായി, ഒരുങ്ങി, കാത്തുനിൽക്കുമെന്നു
പ്രതീക്ഷിച്ചു ഞാനെത്തി, പക്ഷേ
മരംകൊത്തി വൈകി.
പുതുവർഷപ്പിറവിയിൽ അതു വന്നില്ല.
ഞാൻ ചിലതു ചോദിക്കുമെന്നു കരുതിയാവാം.
(മരംകൊത്തികൾ ക്രാന്തദർശികളോ?)
എന്നാൽ ഇന്നീ ഗ്രാമത്തിൽ
മരംകൊത്തി വന്നാൽ
ഉളിക്കൊക്കു കൊമ്പത്തു ചേർത്തു
മേട്ടം തുടങ്ങിയാൽ
ഞാനതിനോടു പറയും:
"എൻ്റെ പ്രിയപ്പെട്ട വിരുന്നുകാരൻ മരംകൊത്തീ,
നിൻ്റെ കൊക്കെനിക്കു തരൂ ഇത്തിരി നിമിഷം
ഇത്തിരി നിമിഷം, അതു മതി!
നിൻ്റെ കൊക്കെനിക്കു തരൂ.
ഒറ്റക്കണ്ണൻ രാക്ഷസൻ്റെ കണ്ണു കുത്തിത്തുളച്ച്
തടവുചാടി മറയാൻ.
- ലണ്ടൻ, 4-1-2012
4. പ്രഭാതദൃശ്യം.
പുലരിപ്രഭയിൽ കാട്ടിലെ മൂടൽ
മഞ്ഞൊരു വെൺനീലം.
കിളികൾ ശബ്ദമെഴാത്തവ, വലിയ
*കനാലിൽ കറങ്ങും ബോട്ടുകളും.
ഒരു ചിമ്മിനിയിൽ നിന്നൊരു തന്തി
പുളഞ്ഞേറീടുന്നൂ
വാനിൽ, മരങ്ങളിലില്ലാ മർമ്മര-
നറുനുരകൾ പോലും.
ഒറ്റച്ചിറകടി കൂടിയുമില്ലൊരു
കണ്ണിമ ചിമ്മൽ പോലും.
നിമിഷമുറഞ്ഞീടുന്നതു പോൽ, ഉല-
കുരുവാകും പോലെ.
- ലണ്ടൻ, 30- 5 - 2012
5.മൂടൽമഞ്ഞ്
നദിയിൽ ബോട്ടുകളൊഴുകി നടക്കുന്നില്ല.
ആകാശവിശാലമായൊരു പഞ്ഞിക്കെട്ടിലൊളിച്ചു
അവിടവിടെ നിൽക്കുന്ന മരങ്ങൾ.
മുൾവേലി മാത്രം
വെളുപ്പിൽ കറുപ്പായ് എഴുന്നു നിൽക്കുന്നു.
അതികാലത്തു ചിലച്ചുകൊണ്ടിരുന്ന കിളികൾ
നിശ്ശബ്ദരായി.
ചില്ലുവിളക്കുകൾക്കു ചുറ്റും വെളിച്ചം മങ്ങി.
പുൽപ്പച്ചകൂടി ഇരുണ്ടു.
പ്രാവുകൾ ഇനി വരില്ല.
ചെടിപ്പടർപ്പ് വാതിലുകളടച്ച്
മൂടൽമഞ്ഞിൽ അപ്രത്യക്ഷമായി.
- ലണ്ടൻ, 7-2-2012
6.ഐക്യത്തിനായി ഒരു ശ്രമം.
ഞാൻ തനിയേ പറഞ്ഞു: എന്തുകൊണ്ടു
താറാക്കുളത്തിനു ചുറ്റും നടന്നു
ദിവസം കഴിച്ചുകൂടാ?
പിന്നെ അത്ഭുതം കൂറി: അവിടെപ്പോകുന്നതിലെന്തർത്ഥം?
താറാവു കൊള്ളാം, പക്ഷേ എനിക്കിണങ്ങില്ല.
അവിടെയൊഴുകും ജലമോ എൻ്റെ ജലമല്ല.
ശരൽക്കാലം ഉരിഞ്ഞു നഗ്നമാക്കിയ മരങ്ങൾ
ഈത്തപ്പനകളാണെന്നു
ഞാൻ ശങ്കിച്ചേക്കുമോ?
പിന്നെയീപ്പക്ഷി?
ബാഗ്ദാദിനു നേർക്കു ചിറകുവിരിച്ചാൽ
ഇതിനെ വേട്ടയാടിത്തിന്നും.
പാർക്കു കാവൽക്കാരായ ഈ സ്ത്രീകൾ
തങ്ങളുടെ നായ്ക്കളോടൊപ്പം
അൽ-റാഷിദിലേക്കു പോയാൽ
ബന്ദികളല്ലാതൊന്നുമാവില്ല.
ദു:ഖമാണു ഞാൻ!
ഇപ്പോൾ
എൻ്റെ മനോനില
എന്നെ കുഴക്കുന്നു.
പക്ഷിയെപ്പോലുള്ളൊരു പട്ടിയുമായി
ഒരു യുവതി കടന്നുപോയി.
'സുപ്രഭാതം!'
ഞാനാശംസിച്ചു.
പിന്നെ അറബിക്കിൽ 'സബാഹുൽ - ഖെയ്ർ '
പക്ഷി പോലുള്ള പട്ടി പ്രത്യഭിവാദ്യം ചെയ്തു:
'സബാഹുൽ - ഖെയ്ർ! '
സുപ്രഭാതം!
പട്ടിയേയുംകൊണ്ടു വരുന്ന
ഉയരം കൂടിയ ആ പ്രൗഢയുവതി
പക്ഷേ, പ്രത്യഭിവാദ്യത്തിനു ഭാവിച്ചില്ല.
തൻ്റേതായ തരത്തിൽ
എന്നെയഭിവാദ്യം ചെയ്തുകൊണ്ടിരുന്ന
പട്ടിയെ അവൾ ഗൗനിച്ചതേയില്ല.
....................
....................
....................
എന്തൊരു പാഴ്ച്ചടങ്ങ്!
- ലണ്ടൻ, 19-11-2011
7. വെൺമ
പുൽമേടു നിറയെ വെളുത്ത പൂക്കൾ
ഏകാന്തമൂകമയൽപ്പക്കങ്ങൾക്കു
കുറുകെപ്പോകും പാത നീളെ വെളുത്ത പൂക്കൾ
സ്കോട്ലൻ്റുകാരായ അയൽക്കാരുടെ
സസ്യപരിപാലനശാലക്കു മേലേ വെളുത്ത പൂക്കൾ.
നമ്മുടെ വീടിൻ പിൻമുറ്റം പൂന്തോട്ടം വെളുത്ത പൂക്കൾ
വീട്ടുപടിക്കെട്ടുകളും വെളുത്ത പൂക്കൾ.
എൻ്റെ ഇളം ചുവപ്പു ഷർട്ടിനു മീതേ വെളുത്ത പൂക്കൾ
വഴിനടക്കുമെൻ ഷൂസിനെപ്പൊതിഞ്ഞു വെളുത്ത പൂക്കൾ.
(മഹാനായ അലക്സാണ്ടറുടെ വിവാഹ ഘോഷയാത്രക്കെന്ന പോലെ)
നമ്മുടെ കാറിൻമേൽ വെളുത്ത പൂക്കൾ
മദ്യശാലവാതിൽ മറച്ച് വെളുത്ത പൂക്കൾ.
വെളുത്ത പുഷ്പകിരീടം, എൻ്റെ ശിരസ്സിൽ.
ഓസ്ട്രിയക്കാരി കൂട്ടുകാരിയുണ്ടാക്കിയ മധുര പലഹാരം
മുട്ടകൊണ്ടും വെളുത്ത പൂക്കൾകൊണ്ടും.
..............
..............
എന്നാലെൻ്റെ തണുത്ത മെത്ത
വെളുത്ത പൂക്കളൊഴിഞ്ഞ ശൂന്യത!
- ലണ്ടൻ, 11-5-2012
No comments:
Post a Comment