അസ്സലും പകർപ്പും
അങ്ങനെ ചോദിക്കുമ്പോൾ
കൊടുക്കാതിരിക്കുന്നതെങ്ങനെ?
മടിച്ചു മടിച്ച് ഞാൻ കൊടുത്തതെല്ലാം
മനശ്ശക്തി കൊണ്ട്,
എൻ്റെ മോഹത്തിൻ്റെ ശക്തി കൊണ്ട്,
വെറും പകർപ്പായി മാറി.
കഴിഞ്ഞ ദിവസം
കോടി കായ്ച്ച ചക്ക പറിക്കുമ്പോൾ
മതിലിനപ്പുറം നോക്കി നിന്ന അയൽവീട്ടുകാരന്
ഒരു തുണ്ടം പകർപ്പു കൊടുത്തു.
അസ്സലുകളെല്ലാം കയ്യിൽ തന്നെയുണ്ട്.
ചീഞ്ഞുപോകുന്നെങ്കിൽ
ഇവിടിരുന്നു ചീയട്ടെ.
നാലാം ക്ലാസിൽ പഠിക്കുമ്പോൾ
ഇടി പേടിച്ച് സുഭാഷിനു കൊടുത്ത
നടരാജാ പെൻസിൽ തൊട്ട്.
കോളേജുകാലത്ത്
സുഹൃത്തിനു വേണ്ടി
പാതിയിലുപേക്ഷിച്ച വൺവേ പ്രേമം
ഞാനിപ്പോഴും തുടരുന്നു,
അസ്സലുമായി.
ചിരിക്കുന്ന ഒരു മുഖവും കാണാതെ
മരിക്കാനായി പോകുമ്പോൾ
തിരിച്ചുവിളിക്കാൻ അവരേ കാണൂ.
No comments:
Post a Comment