"അവരൊക്കെ ഇവിടുന്നു പോയി.
എറണാകുളത്തെവിടെയോ ആണ്."
അന്വേഷിച്ചു ചെന്നപ്പോൾ
നാട്ടുകാർ പറഞ്ഞു.
നാലു മാസം മുമ്പു
നാടുവിട്ടു പോയവരെക്കുറിച്ചെന്നപോലെ.
"അവരൊക്കെ പോയിട്ടു
കാലം കുറെയായി"
പത്തു പതിനഞ്ചു കൊല്ലം മുമ്പു
നാടുവിട്ടുപോയവരെപ്പറ്റിയെന്ന പോലെ.
"തറവാട് ഇവിടെയായിരുന്നു.
ഒക്കെ തുലച്ച് എങ്ങോ പോയി."
രണ്ടു തലമുറ മുമ്പ്
നാട്ടിൽ നിന്നു പോയവരെപ്പറ്റിയെന്നപോലെ.
ഇനി ഇവിടെ നിന്നാൽ
അയ്യായിരം കൊല്ലം മുമ്പ്
വിട്ടുപോയവവരെക്കുറിച്ചും
കേൾക്കേണ്ടി വരും.
പ്രിയപ്പെട്ട ഒരാളെ
അന്വേഷിച്ചു ചെന്നപ്പോൾ.
ഇന്നലെപ്പോയ മനുഷ്യൻ
അയ്യായിരം കൊല്ലം മുമ്പു വറ്റിപ്പോയ നദി.
അതിൽ തഴച്ചുപൊന്തിയ പോലിരുന്നു
ആ നാട്.
No comments:
Post a Comment