1.
മൗനഗമനം
തെലുഗ് ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷകളിൽ പണ്ഡിതനും, പരിഭാഷകനും, സംസ്കാര പഠിതാവുമായ ഇസ്രയേലി എഴുത്തുകാരൻ ഡേവിഡ് ഷൽമാന്റെ 'സ്പ്രിങ്, ഹീറ്റ്, റെയിൻസ്: എ സൗത്ത് ഇന്ത്യൻ ഡയറി ' എന്ന യാത്രാ വിവരണ ഗ്രന്ഥത്തിൽ ഹൈദരാബാദിൽ വെച്ചു താൻ കണ്ടുമുട്ടിയ ഒരു നടത്തക്കാരനെ ക്കുറിച്ച് പറയുന്നുണ്ട്. എം. ആദിനാരായണ എന്ന,ഇന്ത്യ മുഴുവൻ കാൽനടയായി സഞ്ചരിച്ചു തീർത്ത ആ മനുഷ്യൻ കൂടിക്കാഴ്ച്ചയ്ക്കൊടുവിൽ ഷൽമാന് തന്റെ വിസിറ്റിങ് കാർഡ് കൈമാറുന്നു. അതിൽ എഴുതിയിട്ടുള്ള രണ്ടു വരികൾ ഇങ്ങനെയാണ് : '' കാലുകൾ കൊണ്ടൊരു പ്രാർത്ഥനയാണു നടത്തം " കവിയായി അറിയപ്പെടുന്നയാളല്ല ഈ നടത്തക്കാരൻ. എന്നിട്ടും ഈ വരിയിൽ അയാൾ വിസ്മയകരമായി കവിയുന്നു.
വർഷങ്ങളായി ഞാൻ പിന്തുടരുന്ന മലയാള കവി ഫാദർ കെ.എം ജോർജിന്റെ കവിതകളിലൂടെ കടന്നു പോകുമ്പോഴൊക്കെ ആദിനാരായണയുടെ വിസിറ്റിങ് കാർഡിലെ വരികൾ ഞാനോർക്കും.കേരളത്തിൽ ഇന്നു ജീവിച്ചിരിക്കുന്ന എണ്ണം പറഞ്ഞ ദാർശനികരിൽ ഒരാളാണ് ഫാദർ കെ.എം ജോർജ്.നിത്യയാത്രികനും സൗന്ദര്യശാസ്ത്ര വിശാദരനും ചിത്രകാരനുമാണ്. ആ നിലകളിലൊക്കെ അറിയപ്പെടുന്നുണ്ടെങ്കിലും, തന്റെ വരികളിൽ അതിലുമധികം അദ്ദേഹം കവിഞ്ഞിരിക്കുന്നത് അറിഞ്ഞിട്ടുള്ളവർ ഏറെയില്ല. നടത്തക്കാരൻ നടത്തത്തെ കാണുന്നത് കാലുകൾകൊണ്ടുള്ള പ്രാർത്ഥനയായിട്ടാണെങ്കിൽ ഈ കവി കവിതയെ കാണുന്നത് പ്രാർത്ഥനാപൂർണ്ണമായ നടത്തമായിട്ടാണ്.
ദുർമേദസ്സുകളയാൻ വേണ്ടി കയ്യും കാലും വീശിയുള്ള ഇളകി നടത്തമല്ല,ചുറ്റിലേക്കും മുഖമാഴ്ത്തിയുള്ള അലസ നടത്തം. ആ മൗനഗമനത്തിന്റെ താളമാണ് ജോർജച്ചന്റെ കവിതകളുടെ താളം.1970 കളുടെ തുടക്കം തൊട്ട് ഈ കാൽനടക്കാരനും മലയാള കാവ്യലോകത്തിലൂടെ മെല്ലെ നടന്നു വരുന്നുണ്ട്.തിക്കിത്തിരക്കിനിടയിലൂടെ,ഏതാണ്ടൊരു പത്തുകൊല്ലം മുമ്പാണ് ഞാനാ നടത്തക്കാരനെ യാദൃശ്ചികമായി ആദ്യം കാണുന്നത്. കവിത വായനക്കാരനായ രജീഷ് (ഹാറൂൺ) എന്ന കവി സുഹൃത്താണ് 'പ്രവാസത്തിന്റെ നാളുകൾ ' എന്ന കവിതാ പുസ്തകത്തിന്റെ വ്യത്യാസം എന്റെ ശ്രദ്ധയിൽ പെടുത്തുന്നത് .പിന്നീട് പാലക്കാട്ടെ നാഷണൽ ബുക്ക്‌സ്റ്റാളിന്റെ പൊടിപിടിച്ച പിന്നലമാരയിൽ നിന്ന് ഞാനതു സംഘടിപ്പിച്ചു വായിച്ചു.
2.
'ഗദ്യകവിത'
മലയാള കവിതയിൽ വലിയ ഭാവുകത്വ പരിണാമങ്ങൾ സംഭവിച്ച കാലയളവിലാണ് പ്രവാസത്തിന്റെ നാളുകൾ എന്ന പുസ്തകത്തിലെ കവിതകൾ എഴുതുന്നത്.
(1973 തൊട്ടുള്ള കവിതകൾ ഇതിലുണ്ട് ). ആധുനികത കുറേ കൂടി സമൂഹോന്മുഖമാവുകയും പുതിയൊരു ലോക ബോധത്തിലേക്കുണരുകയും ചെയ്ത കാലം.
മനുഷ്യ കേന്ദ്രിതവുമായിരുന്നു മലയാളത്തിലെ അക്കാല ആധുനികത. കാവ്യഭാഷയിലും പല മാറ്റങ്ങളുമുണ്ടായി. കാലത്തിന്റെ സങ്കീർണ്ണത അനുഭവിപ്പിക്കാൻ പോന്ന കാവ്യഭാഷയ്ക്കായുള്ള അന്വേഷണം ഗദ്യത്തിന്റെ സ്വീകാര്യതക്കു വഴിയൊരുക്കി.
മൂർച്ചയുള്ളതോ, പ്രഭാഷണ പരമോ ആയ ഗദ്യം കവിതയുടെ ഭാഷയായി പ്രചരിച്ചു. എന്നാൽ ഫാദർ ജോർജിന്റെ കവിത ഈ മുഖ്യധാരാ മലയാള ആധുനികതയുടെ ഭാഗമായിരുന്നില്ല. ആത്മീയതയുടെ വഴിയിൽ സഞ്ചരിച്ചുകൊണ്ടിരുന്ന ഈ വൈദിക വിദ്യാർത്ഥി യൂറോപ്യൻ രാജ്യങ്ങളിൽ കഴിഞ്ഞിരുന്ന കാലമായിരുന്നു അത്.ആ സന്ദർഭത്തിൽ, യൂറോപ്യൻ ആധുനികോത്തരതയാണ് , കേരളീയ ആധുനികതയല്ല അച്ചന്റെ കവിതയെ സ്വാധീനിച്ചത്. ക്രൈസ്തവ ആത്മീയതയിൽ വേരൂന്നി ,യൂറോപ്യൻ ഉത്തരാധുനിക പരിസരത്തിലേക്കു പറിച്ചു നടപ്പെട്ട ഒരു മലയാളിയുടെ ഭാഷയും കവിതയുമായിരുന്നു അത്.ജോർജച്ചന്റെ കവിത ഗദ്യരൂപം സ്വീകരിച്ചെങ്കിലും അത് മലയാള ആധുനികതയിലെ അന്നത്തെ നടപ്പു ഗദ്യമായിരുന്നില്ല.
എഴുപതുകളിലെ മലയാള കവിതയിൽ നിന്ന് രൂപ പരമായിത്തന്നെ വേറിട്ടു നിൽക്കുന്നുണ്ട് 'പ്രവാസഗീത'ത്തിലെ കവിതകൾ. മുക്ത ഛന്ദസ്സായല്ലാതെ, ഗദ്യരൂപത്തിലെഴുതുന്ന കവിതകളാണ് ഇതിൽ ഒട്ടുമിക്കവയും.'ഗദ്യകവിത'യ്ക്കു നൽകാവുന്ന ഏറ്റവും ലളിതമായ നിർവചനം തന്നെ, വരിതിരിയ്ക്കാതെ ഗദ്യത്തിലെഴുതുന്ന കവിത എന്നതാണ്. സത്തയിലും ശൈലിയിലുമത് സാമാന്യവൽക്കരണത്തിനെതിരുമാണ്.( ജെറമി നോയൽ - ടോഡ്, ദ പെൻഗ്വിൻ ബുക്ക് ഓഫ് ദ പ്രോസ് പോയംസി'നെഴുതിയ ആമുഖത്തിൽ) ടാഗോറിന്റെ ഇംഗ്ലീഷ് ഗീതാഞ്ജലി ആശയതലത്തിൽ മലയാളത്തെ സ്വാധീനിച്ചുവെങ്കിലും ഗദ്യമായി നീട്ടി എഴുതുന്ന കാവ്യരൂപത്തിന് പിന്തുടർച്ചക്കാർ അധികമുണ്ടായില്ല.( ടി.കെ.നാരായണക്കുറുപ്പിന്റെ കവിതകൾ മറക്കുന്നില്ല) ടാഗോറിന്റെ മിസ്റ്റിസിസത്തിന്റെ മുന്നിൽ ആ രൂപമാതൃക മങ്ങിപ്പോയി, മലയാളത്തിൽ.അയ്യപ്പപ്പണിക്കർ, സച്ചിദാനന്ദൻ, കടമ്മനിട്ട എന്നിവർ ആ രൂപ മാതൃകയിൽ ചില കവിതകൾ എഴുതിയെങ്കിലും അന്ന് പടിഞ്ഞാറൻ രാജ്യങ്ങളിൽ കഴിഞ്ഞിരുന്ന രണ്ടു കവികളാണ് ഗദ്യകവിതാരൂപം ഏറ്റവുമധികം ഉപയോഗിച്ചത്.അതിലൊരാൾ ഫാദർ കെ.എം.ജോർജും മറ്റേയാൾ ചെറിയാൻ കെ.ചെറിയാനുമാണ്. സൂക്ഷ്മ വിവരണങ്ങളിൽ ശ്രദ്ധയൂന്നുന്ന കാവ്യ ഗദ്യമാണ് ഫാദർ ജോർജിന്റേത്. സാഹിത്യരൂപങ്ങളുടെ അതിർത്തികൾക്കിടയിലുള്ള 'ആരുടേതുമല്ലാത്ത ഇട'ത്തിലാണ് 'ഗദ്യകവിത'യുടെ സ്ഥാനം.ഫാദർ ജോർജിന്റെ കവിതകളിലാണ് ഈ ഇടം മലയാളി വായനക്കാരനു മുന്നിൽ ആദ്യം വെളിപ്പെടുന്നത്. കവിതയാണോ കഥയാണോ ശുദ്ധ തത്വചിന്തയാണോ എന്നൊന്നും കൃത്യമാകാത്ത, അവയ്ക്കിടയിലുള്ള ഒരിടം ജോർജച്ചന്റെ കവിതാ ലോകത്ത് നാം കാണുന്നു. ഉദാഹരണത്തിന്, 'കാലൻകോഴി' എന്ന രചന നോക്കൂ:
"ചില്ലിക്കൊമ്പിൽ അള്ളിപ്പിടിച്ചു നിന്ന് കാലൻകോഴി വിളിച്ചു ചോദിച്ചു:
' മുട്ട വിരിഞ്ഞോ പെണ്ണേ?'
പേഴിൻ പൊത്തിൽ വായുവിനു മുകളിൽ അടയിരുന്ന പിടക്കോഴി പറഞ്ഞു:
'മുട്ട ഞാൻ കൊത്തിക്കുടിച്ചു'
'എന്റെ വംശം നശിച്ചു' - ചില്ലിക്കൊമ്പൊടിഞ്ഞു.
'നിന്റെ വംശം എന്റെയുള്ളിലുറങ്ങുന്നു' - പൊത്തിലെ ഇരുട്ടിൽ രണ്ടു കണ്ണുകൾ തിളങ്ങി. "
( കാലൻകോഴി - 1974)
പരമ്പരാഗത മുഖ്യധാരാ കവിതയുടെ ഉറച്ച ചില രൂപപരമായ ബോധ്യങ്ങളെ ആധുനികത തകർക്കുന്നുണ്ടെങ്കിലും ഭാവുകത്വപരമായ ചില മുൻ വിധികൾ, പരീക്ഷണോന്മുഖമായിരിക്കെ തന്നെ, മലയാള ആധുനിക കവിതയുടെ രൂപബോധങ്ങളെ നിർണ്ണയിക്കുന്നുണ്ട്. മുൻ തീരുമാനിച്ച ചില മൂർച്ചകൾ കവിതയുടെ രൂപത്തെ നിശ്ചയിക്കുന്നതിൽ ആധുനികരെ സ്വാധീനിക്കുന്നുണ്ട്. ആ നിലയ്ക്ക് ആധുനികതയുടെ മൂർച്ചയും മൂർച്ഛയുമില്ലാത്ത, ജീവിതാനുഭവങ്ങളുടെ മറ്റുറവകളിൽ നിന്നുയിരെടുത്ത, കഥയായോ കവിതയായോ ഉപന്യാസമായോ തത്വബോധനമായോ പെട്ടെന്നു മാറാവുന്ന സ്വതന്ത്ര ഘടന ഫാദർ ജോർജിന്റെ കവിതകളെ ഒറ്റ വായനക്കു തന്നെ വേറിട്ടതാക്കുന്നു.
3.
പ്രവാസിയുടെ ഗീതങ്ങൾ, സഞ്ചാരിയുടേയും.
എഴുപതുകളുടെ തുടക്കം തൊട്ടേ അച്ചന്റെ കവിതകളിൽ വികസിച്ചു വന്ന ഒരു പ്രമേയം പ്രവാസമായിരുന്നു. രാജ്യം വിട്ടുപോയി താമസിക്കുന്നതിന്റെ അനുഭവം നമ്മുടെ കവിതയിൽ ആദ്യമായി തുടർച്ചയായി ആവിഷ്ക്കരിക്കപ്പെട്ടത് പ്രവാസത്തിന്റെ നാളുകളിലെ കവിതകളിലാണ്. ബോംബെയിലേയും മദ്രാസിലേയും കോഴിക്കോട്ടേയും നഗരാനുഭവങ്ങൾ നമ്മുടെ കവിത 1960 - കളിൽ തന്നെ ആവിഷ്ക്കരിച്ചിട്ടുണ്ടെങ്കിലും, നഗരജീവിതത്തിന്റെ യാന്ത്രികതയോടു പൊരുത്തപ്പെടാനാവാത്ത മാനസികാവസ്ഥയും നഷ്ടപ്പെടുന്ന ഗ്രാമീണതയോർത്തുള്ള നെടുവീർപ്പുമായിരുന്നു അവയിൽ മുഴച്ചു നിന്നിരുന്നത്.ഈ ദ്വന്ദ്വങ്ങളിൽപെടാതെ, പ്രവാസാനുഭവത്തിന്റെ ആഴവും സങ്കീർണ്ണതയും ഭാഷയിൽ ആവാഹിക്കുകയാണ് ഫാദർ ജോർജിന്റെ കവിത ചെയ്തത്. ' കിടപ്പറയിലെ തിരിനാളം '
എന്ന കവിത നോക്കുക, ഒരു കൊടും മഞ്ഞു കാലത്ത് യൂറോപ്യൻ നഗരത്തിൽ താൻ അനുഭവിച്ച ഏകാന്തതയാണ് കവി ആവിഷ്ക്കരിക്കുന്നത്:
"കഠിനമായ ഈ ശീതകാലത്ത് നിങ്ങളുടെ പ്രഭാഷണത്തിന് വിരാമമിടുക. ഒരു ചെറിയ മെഴുകുതിരി മാത്രം കത്തിച്ച് നിങ്ങളുടെ കിടക്കറയെ പ്രകാശിപ്പിക്കുക.
മഹാനഗരം വിജനമായിരിക്കുന്നു എന്നറിയില്ലേ? മൃതന്മാരുടെ മന്ത്രണങ്ങൾ മാത്രം അവിടവിടെ മുഴങ്ങുന്നു. അത് അവ്യക്തമാണ്, അ - ഭാഷയാണ്.
മഹാനഗരത്തിൽ സൂര്യനുദിച്ചിട്ട് നാളേറെയായി.പ്രകാശത്തിന്റെ ലീല തേടുന്ന ചിത്രകാരന്മാരാരും തെരുവുകളിലേക്കു പോകരുതേ. നഗരം വിജനമായിരിക്കുന്നു.
കിടക്കറയിലെ തിരിനാളത്തിൽ പ്രകാശം പൊടിപൊടിക്കുന്നു. അവിടെ മഞ്ഞയും വെള്ളയും കലർന്ന നാളങ്ങൾ വരയ്ക്കൂ. നിങ്ങളുടെ കൈവശം വർണ്ണങ്ങളധികമില്ലല്ലോ."
(കടപ്പറയിലെ തിരിനാളം - 1977)
അകവും പുറവും മൂടി കെട്ടിയ മഞ്ഞിൻ നരയിൽ കൊളുത്തിയ മെഴുതിരി വെളിച്ചം ഒരു എണ്ണച്ചായ ചിത്രത്തിലെന്ന പോലെ ചിത്രിതമാവുകയാണ് കവിതയിൽ. യൂറോപ്യൻ നഗരത്തിൽ ഒറ്റപ്പെട്ടു പോയ ഒരു പ്രവാസിയുടേതിനോടൊപ്പം ഒരു കലാകാരന്റെ ഏകാന്തതയും ഇക്കവിതയിൽ ലയിച്ചു ചേർന്നിരിക്കുന്നു. പാരീസു പോലുള്ള യൂറോ
പ്യൻ നഗരങ്ങളുടെ ചിത്രകലാ പാരമ്പര്യവുമായുള്ള പ്രവാസി മലയാളിയുടെ ആദ്യത്തെ അഭിമുഖീകരണമായി ഈ ചെറുകവിത മാറുന്നു. ഓയിൽ പെയിന്റിങ്ങിന്റെ ദൃശ്യപരത ആദ്യകാല കവിതകൾ തൊട്ടേ അച്ചന്റെ കവിതയിൽ കാണാൻ സാധിക്കും.
1975-ലെ 'ഒട്ടകങ്ങൾ' എന്ന കവിത പ്രവാസത്തോടൊപ്പം യാത്ര എന്ന പ്രമേയവും ശക്തമായി കടന്നു വരുന്ന രചനയാണ്. മരുഭൂമി മുറിച്ചു കടക്കുന്ന സാർത്ഥവാഹകസംഘത്തിലെ ഒട്ടകങ്ങളുടെയും മനുഷ്യരുടേയും ചിത്രമാണ് ഈ കവിതയിൽ.മണലാരണ്യത്തിലൂടെ സാവധാനമുള്ള നടപ്പിന്റെ താളമുണ്ട് ഇക്കവിതയിലെ ഭാഷയ്ക്ക്.അനന്തമായ യാത്രകളെ കുറിച്ചും യാത്രക്കിടയിൽ എത്തിച്ചേരുന്ന മരുപ്പച്ചകളെക്കുറിച്ചുമുള്ള കവിതയാണിത്.ഫാദർ ജോർജിന്റെ അന്നു തൊട്ട് ഇന്നുവരെയുള്ള കവിതകളിലെ ഒരു കേന്ദ്രപ്രമേയമാണ് യാത്ര.നിത്യസഞ്ചാരിയുടെ കവിതയാണിത്. ഒരു നിലക്ക് എസ്.കെ പൊറ്റക്കാടിന്റെ സഞ്ചാരിയുടെ ഗീതങ്ങളുടെ പാരമ്പര്യത്തിൽ പെടുന്ന കവിതകളാണ് ഇവ.
പൊറ്റക്കാടിനെ പോലെ യാത്രാവിവരണം എഴുതിയിട്ടില്ലാത്ത ഈ യാത്രികൻ, യാത്രാനുഭവം, തന്നെയായി മനുഷ്യാനുഭവം മാറുന്ന സന്ദർഭങ്ങളെ തന്റെ കവിതകളിൽ മുദ്രിതമാക്കിയിരിക്കുന്നു. ദർശനങ്ങളുടെ മേഖലയിൽ വിഹരിക്കുന്നയാളായിട്ടു പോലും ഈ സഞ്ചാരി ,യാത്രയെ ഒരു രൂപകമാക്കി ക്രമപ്പെടുത്തുന്നില്ല എന്നതും പ്രധാനമാണ്. ഒട്ടകങ്ങൾ എന്ന കവിതയിലെ സാർത്ഥവാഹക സംഘത്തിന്റെ യാത്രക്ക് പ്രതീകാത്മകമായ മാനങ്ങൾ കൽപ്പിക്കുന്നതിനേക്കാൾ സ്വാഭാവികം മരുഭൂമിയിലൂടെയുള്ള കേവലയാത്രയായി വായിക്കുന്നതാണ്.വാഗ്ദത്ത ഭൂമി തേടിയുള്ള അബ്രഹാമിന്റെയും സാറയുടെയും പുറപ്പാടിന്റെ ചരിത്രം പശ്ചാത്തലമാക്കുന്ന സാറ എന്ന കവിതയിൽ 'നാടോടികളായ ജി പ്സികളുടെ കാവൽ മാതാവ് ' എന്ന നിലക്കാണ് സാറയെ അവതരിപ്പിക്കുന്നതു തന്നെ.
പ്രവാസത്തിന്റെയും യാത്രകളുടെയും സാഫല്യം വ്യത്യസ്തമായ ലോകബോധത്തിലേക്കുള്ള ഉണർവാണ്.
മനുഷ്യ കേന്ദ്രിതമായിരുന്ന മലയാള ആധുനികതയ്ക്കപ്പുറത്ത് പ്രകൃതിയുടേയും
മനുഷ്യന്റെയും ദൈവികതയുടേയും മാനുഷികതയുടേയുമെല്ലാം പാരസ്പര്യം ഫാദറിന്റെ കവിതയിൽ സംഭവിക്കുന്നുണ്ട്.
'പൂവല്ലിപ്പുരാണം' എന്ന കവിത എടുക്കാം.
മരത്തിൽ ഒരു വള്ളി ചുറ്റിപ്പടർന്നു കയറുന്നതിനെ പുരാവൃത്തം പോലെ അവതരിപ്പിക്കുന്നു ഇക്കവിത.പൂവല്ലിയെ തങ്ങളുടെ സിംഹാസനത്തോളം പടർന്നു കയറാനും വൃക്ഷത്തെ അത്ര തന്നെ ഉയരത്തിൽ വളരാനും അനുവദിക്കുകയാണ് ദൈവങ്ങൾ.പക്ഷെ, ദേവസിംഹാസ നങ്ങളോളം ഉയരാൻ അവക്കു കഴിയുന്നില്ല. ദൈവങ്ങൾ പോലും നിരാശരായി നോക്കി നിൽക്കെ, മരവും വള്ളിയും തമ്മിൽ കാണുകയാണ്." പെട്ടെന്നു കുരുക്കഴിഞ്ഞു. കടുംകുരുക്കഴിഞ്ഞു. വൃക്ഷം ആകാശംമുട്ടെ ഉയർന്നു.പൂവല്ലി കൂടെപ്പടർന്നു. ദൈവങ്ങൾ കൈകൊട്ടിയാർത്തു ".(പൂവല്ലിപ്പുരാണം, 1974) പാരസ്പര്യത്തിലൂടെ ദൈവത്തോളം ഉയരാനാവും എന്ന് ഒരു സാരോപദേശകഥയുടെ മട്ടിൽ എഴുതുകയാണ് കവി. ദൈവം എന്നല്ല, ദൈവങ്ങൾ എന്നാണ് ഇവിടെ പ്രയോഗിച്ചിട്ടുള്ളത് എന്നതും ശ്രദ്ധേയം. സാംസ്കാരികമായ വൈവിധ്യങ്ങളെയെല്ലാം ഉൾക്കൊള്ളാനും പരസ്പര്യത്തിൽ കണ്ണിചേർക്കാനും തുടക്കം തൊട്ടേ ജാഗ്രത്താണ് ജോർജച്ചന്റെ കവിത.
4.
വാക്കിന്റെ ഭാരം കുടഞ്ഞു കളയുന്ന കുട്ടി
ഇങ്ങനെ പുറത്തലയുമ്പോഴും അകമേ കുഞ്ഞിനെ പോലെ കൗതുകം കൊള്ളുന്ന കവിതയുമാണിത്. " അച്ഛാ, ചക്രവാളമെന്നുവെച്ചാലെന്താ ?" എന്നു നിഷ്ക്കളങ്കമായി ചോദിച്ചുകൊണ്ടു തുടങ്ങുന്ന 'ചക്രവാളം' എന്ന കവിത ഒരു മാതൃകയായെടുക്കാം. അച്ഛനും മകനും തമ്മിലെ സംഭാഷണത്തിലൂടെയാണ് കവിത വികസിക്കുന്നത്.മുതിർന്നവരുടെ മുഴുത്ത വാക്കുകളോട് പൊരുത്തപ്പെടാനാവാത്ത കുഞ്ഞിന്റെ വാസ്തവ ലോകത്തെ ആവിഷ്ക്കരിക്കുന്നു ഈ കവിത. മിഥ്യ ,ചക്രവാളം തുടങ്ങിയ വാക്കുകളോട് നിഷ്ക്കളങ്കമായി പ്രതികരിക്കുന്ന ഈ കുഞ്ഞ് അച്ചന്റെ കവിതകളിലുടനീളം ഓടിക്കളിക്കുന്നുണ്ട്.
'ഞങ്ങളെ വിമോചിപ്പിക്കുക ' എന്ന് ആവശ്യപ്പെടുന്ന വാക്കുകൾക്കു മുന്നിൽ ആ കുഞ്ഞിന്റെ കാതുണ്ട്.('വിമോചനം') കലപില കൂട്ടുന്ന വാക്കുകൾക്കു മുന്നിൽ ശാന്തനായിത്തീരുന്ന കവിക്ക് വാക്കുകളെ നിശ്ശബ്ദതയുടെ തടാകതീരത്ത് സ്വതന്ത്രമായി വിടാൻ കഴിയുന്നത് അതുകൊണ്ടാണ്.ദർശന ഭാരങ്ങളിൽ നിന്ന് മാറി നടക്കാനും ഒരു വഴിയോര നടത്തക്കാരനാകാനുമുള്ള കവിയുടെ ഇച്ഛയാണ് ഈ കുഞ്ഞ്. തത്വചിന്താ പരമായിരിക്കത്തന്നെ, അതിന്റെ ഭാരം എടുത്തെറിഞ്ഞ് മെല്ലെ നടന്നു നീങ്ങുന്നു അച്ചന്റെ കവിത
ഫെമിനിസം പോലുള്ള ആശയധാരകൾ മലയാളത്തിൽ വലിയ ചർച്ചാവിഷയമാകും മുമ്പാണ് കുതിരക്കൊമ്പ് എന്ന കവിത വരുന്നത് (1974).മലയാള കവിതയിൽ ,ആറ്റൂർ രവിവർമ്മ സംക്രമണം എന്ന കവിതയിലൂടെ സ്ത്രീവാദ പരമായ ആശയങ്ങൾ ശക്തമായി ഉന്നയിച്ചതു മാറ്റി നിർത്തിയാൽ ഈ ആശയധാര അക്കാലത്ത് ഏറെ ചർച്ചചെയ്യപ്പെട്ടിട്ടില്ല. ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്ന ഒരു കളിയും കഥയുമായി സാധാരണത്തം തികഞ്ഞ മട്ടിലാണ് " ഈ രചന:
'' കുട്ടികൾ ചേരിതിരിഞ്ഞു കടങ്കഥകൾ പറഞ്ഞുകൊണ്ടിരിക്കുന്നു.
പെൺകുട്ടികൾ കൂട്ടമായി ആൺകുട്ടികളോട് ചോദിച്ചു:
'കൊമ്പില്ലാത്ത ഒരു മൃഗത്തിന്റെ പേരു പറയാമോ?'
ആൺകുട്ടികൾക്കറിഞ്ഞുകൂടാ. പെൺകുട്ടികൾ കുടുകുടെ ചിരിച്ച് ആൺകുട്ടികളെ കളിയാക്കി.
'ശരി, നിങ്ങൾക്കു പറയാമോ?'- ആൺകുട്ടികൾക്കു വാശിയായി.
'കുതിര'-പെൺകുട്ടികൾ വിജയഭേരി മുഴക്കി.
ആൺ കുട്ടികൾ ആദ്യം വിളറി. പിന്നെ കൂടിയാലോചിച്ചു കൂട്ടമായിപ്പറഞ്ഞു:
'പെൺകുതിര എന്നു പറയൂ. പെൺകുതിരക്കു കൊമ്പുകളില്ല'.
പെൺകുട്ടികൾ സംശയിച്ചു നിന്നു.
ആൺ കുട്ടികൾ ആർപ്പിട്ടു: 'ആൺകുതിരകൾക്കു കൊമ്പുണ്ട്. പെൺകുതിരകൾക്കു കൊമ്പില്ല'
അവരുടെ കനത്ത ശബ്ദത്തിൽ പെൺകുട്ടികളുടെ നേർത്ത ശബ്ദം അലിഞ്ഞു പോയി.
പെൺകുട്ടികൾ തോൽവി സമ്മതിച്ചു.എല്ലാവരും കൂടി ഒരുമിച്ചു പറഞ്ഞു:
'എല്ലാ ആൺകുതിരകൾക്കും കൊമ്പുണ്ട്."
(കുതിരക്കൊമ്പ് -1974)
ഇങ്ങനെ ഗൗരവ പൂർണ്ണമായ പ്രമേയങ്ങൾ പോലും കളി മട്ടായും ലാഘവത്തോടെയും പറഞ്ഞു പോകുന്ന രീതിയാണ് അച്ചന്റെ ആദ്യകാല കവിതകളിൽ തൊട്ടിങ്ങോട്ട് കാണാൻ സാധിക്കുന്നത്.'ചക്രവാളം പോലുള്ള കവിതകളിൽ നാം കണ്ടുമുട്ടിയ ആ കുഞ്ഞ്, വാക്കിന്റെ ഭാരം കളഞ്ഞ്, ദർശനഭാരം കളഞ്ഞ്, കഥയും കളിയുമാക്കി അച്ചന്റെ കവിതയെ മാറ്റിതീർക്കുന്നു.പ്രമേയങ്ങൾക്കപ്പുറം ആവിഷ്ക്കാരരീതിയുടെ ഈ സവിശേഷത അച്ചന്റെ കവിതയെ ആധുനികാനന്തര മലയാള കവിതകളോട് അടുപ്പിക്കുന്നു. കവിതയുടെ രൂപഘടനയെക്കുറിച്ച് ആധുനിക പൂർവ കവിതക്കെന്ന പോലെ ആധുനികതക്കും സ്വന്തം ശാഠ്യങ്ങളുണ്ടായിരുന്നു. അത്തരം ശാഠ്യങ്ങളെ ചെറുചിരിയോടെ അവഗണിക്കുന്നു ഈ കവിത.കളിയോ ,കഥയോ ,സംഭാഷണമോ, ലഘു പ്രബന്ധമോ ,ചെറുനാടകമോ ഒക്കെയായി കാവ്യരൂപം മാറിമറിയുന്നു.
അതിനു ചേർന്ന ഗദ്യരൂപമാണ് കാവ്യ ഭാഷക്ക് എങ്കിലും ചിലെടത്തത് ദാർശനിക ഗൗരവമുള്ളതോ ബൈബിൾ ഭാഷയിലേക്ക് വേരാഴ്ത്തിയതോ ആകുന്നു.
"നാഥാ ,നിശയുടെ ആഴങ്ങളിൽ നിന്റെ ദീപങ്ങൾ പ്രഭ ചൊരിയുന്നു " എന്നും ('ഉദയാസ്തമയങ്ങൾ') " എന്റെ കൊച്ചു കൂട്ടുകാരേ ,അജ്ഞാതവും വിദൂരസ്ഥവുമായ ശാദ്വലഭൂമികളിലേക്ക് എന്നെ കൈ പിടിച്ചു നടത്തണമേ " ( കൊച്ചു കൂട്ടുകാർ ) എന്നുമുള്ള കാവ്യസന്ദർഭങ്ങൾ ഓർക്കുക. ഇങ്ങനെ, ഒരു പ്രതേക ഭാഷാരീതിയിലോ കാവ്യരൂപത്തിലോ ഒതുങ്ങാത്ത അയവുള്ള ഘടന ജോർജച്ചന്റെ കവിതയെ ആധുനികാനന്തര കവിതയോട് ചേർത്തു നിർത്തുന്നുണ്ട്.
5.
ആധുനികാനന്തര കവിതയ്ക്കൊപ്പം
അതുപോലെ, പ്രമേയത്തെ സംബന്ധിച്ച ആധുനികതയുടെ മുൻവിധികളെയും ഇക്കവിത കൂസുന്നില്ല.
ഒരു ചില്ലു പൂപ്പാലിക താഴെ വീണുടയുമ്പോളുയരുന്ന ശബ്ദത്തെക്കുറിച്ചാണ് 1974 ലെഴുതിയ
'പൂപ്പാലിക ' എന്ന കവിത. ആ ശബ്ദത്തെ കവി വൈശദ്യത്തോടെ ഇങ്ങനെ കവിതയിൽ പകർത്തുന്നു:
"ഒരു നിമിഷത്തിൽ കിലുകിലാരവം കേട്ടു.അടുത്ത നിമിഷത്തിൽ എല്ലാം നിശ്ചലം. ഒരു വലിയ സംഗീതമേള പെട്ടെന്നു നിലച്ച പോലെ.
ആ ശബ്ദവും നിശ്ശബ്ദതയും എനിക്ക് ഒരു പോലെ ഇഷ്ടമാണ്.
ഏതാണ് മധുരതരമെന്ന് എനിക്കറിയില്ല. സ്ഫടികം ഉടയുന്ന ശബ്ദം നിലച്ചപ്പോഴാണ് നിശ്ശബ്ദതയുടെ സാന്നിദ്ധ്യം ഞാൻ അനുഭവിച്ചറിഞ്ഞത്.
നിശ്ശബ്ദത പരന്നപ്പോഴാണ് ശബ്ദം ഉണ്ടായെന്നു ഞാനറിഞ്ഞത്.
എനിക്കൽഭുതം തോന്നുന്നു, ആരാണാവോ പൂപ്പാലിക സ്ഫടികം കൊണ്ടു നിർമ്മിച്ചത്? ഒരു പൂപ്പാലിക സ്ഫടികം കൊണ്ടു നിർമ്മിക്കണമെങ്കിൽ അസാധാരണമായ സൗന്ദര്യബോധം വേണം.
പൂപ്പാലിക ഇരിമ്പു കൊണ്ടോ തടികൊണ്ടോ നിർമ്മിച്ചിരുന്നെങ്കിൽ?
താഴെ വീണാൽ അതുടയുമോ?
ഉടഞ്ഞില്ലെങ്കിൽ മധുരാരവം ഉണ്ടാകുമോ?
മധുരശബ്ദം പരിചയപ്പെടുത്തിയില്ലെങ്കിൽ നിശ്ശബ്ദതയെ ഞാനറിയുമോ?
സ്ഫടികപ്പൂപ്പാലിക ഉടഞ്ഞു തകർന്നു.അതു തകർന്നപ്പോൾ പൂക്കൾ ചിതറി വീണു. പൂക്കൾ ചിതറിയപ്പോൾ ശബ്ദമേ ഉണ്ടായില്ല. പുഷ്പ ദളങ്ങൾ കൂർത്ത സ്ഫടികച്ചില്ലുകൾക്കു മുകളിൽ കൊഴിഞ്ഞു വീണു.
വളരെ സാവധാനത്തിലാണവ വീണത്. മേഘശകലങ്ങൾ കൊടുമുടിയെ തലോടുന്നത്ര ലാഘവത്തോടെ.
സ്ഫടികച്ചില്ലുകളോടിടകലർന്ന് പൂവിതളുകൾ കിടന്നു " ( പൂപ്പാലിക- 1974)
ഇത്തരം സൂക്ഷ്മമായ ആവിഷ്ക്കാരങ്ങൾ ആധുനികാനന്തര കവിതയിലാണ് നാം വീണ്ടും കണ്ടുമുട്ടുന്നത്. ആധുനികതയുടെ തിക്കിലും തിരക്കിലും പെട്ടു നമ്മുടെ കാഴ്ച്ചയിൽ നിന്നും മറഞ്ഞു പോയ ഈ നടത്തക്കാരനെ പുതു കവിതയുടെ സമകാലത്ത് വീണ്ടും ഇതാ കാണാകുന്നു.ഫാദർ കെ.എം ജോർജിന്റെ സമ്പൂർണ്ണ കൃതികളുടെ കയ്യെഴുത്ത് പ്രതിയാണ് ഇപ്പോൾ എന്റെ മുന്നിൽ ഇരിക്കുന്നത്.
ജീവിതത്തിലും കവിതയിലും അദ്ദേഹം ഇപ്പോഴും നിരന്തര സഞ്ചാരിയാണ് .യൂറോപ്യൻ മഞ്ഞുകാല ചിത്രങ്ങളും പുറംയാത്രകൾക്കിടയിൽ പതിഞ്ഞ ദൃശ്യങ്ങളുമെല്ലാം പിൽക്കാല കവിതകളിലും കടന്നു വരുന്നുണ്ടെങ്കിലും പ്രപഞ്ചത്തിലേക്കു തുറന്ന ഇന്ദ്രിയങ്ങളോടെ ധ്യാനാത്മകമായ മനസ്സോടെ തന്റെ എളിയ പാർപ്പിടത്തിനു ചുറ്റും ഉലാത്തുന്നവന്റെ കാഴ്ച്ചകളാണ് അച്ചന്റെ പുതിയ കവിതകളിൽ ഏറെയും കടന്നു വരുന്നത്.2009-ലെഴുതിയ ' നിമിഷക്കാഴ്ച്ച ' ഇക്കൂട്ടത്തിൽ വെച്ചു മനോഹരമാണ്. അസ്തമയ മുഹൂർത്തത്തിൽ കായൽക്കണ്ണാടിയിൽ സമസ്ത പ്രപഞ്ചവും നിഴലിക്കുന്നതിന്റെ മായികാനുഭൂതിയാണ് 'നിമിഷക്കാഴ്ച ' പകരുന്നത് .ആ കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്:
ദേവലോകത്തിനു താഴെ
പുഞ്ചപ്പാടത്ത്
കൊടൂർ ആറിന്റെ തീരത്ത്
കിഴക്കോട്ടു തിരിഞ്ഞ്
സന്ധ്യാനമസ്ക്കാരസമയത്ത്
6.
സമകാല കവിതയിലെ ഋഷിവാടം.
പ്രാക്തനമായ സ്വന്തം പാർപ്പിടത്തിന്റെ സ്വാസ്ഥ്യത്തിലേക്ക് മടങ്ങിയെത്തിയ സഞ്ചാരിയുടെ കവിതകളാണ് ജോർജച്ചന്റെ സമീപകാല കവിതകൾ മിക്കതും.പ്രാക്തന ചീനക്കവിതകളിലും ജാപ്പനീസ് ഹൈക്കു കവിതകളിലും തെളിയാറുള്ള ഋഷി വാടങ്ങളെ ഓർമയിലുണർത്തുന്നു, നിമിഷക്കാഴ്ച്ച, നക്ഷത്രം കണ്ണിറുക്കുമ്പോൾ ,അശോകം, പകർപ്പവകാശം, കോങ്കണ്ണൻ തുടങ്ങിയ ഒട്ടേറെ പുതു കവിതകൾ. അലച്ചിലുകൾക്കൊടുവിലെ സ്വാസ്ഥ്യം അനുഭവിപ്പിക്കുന്നു ഇവ.വെളുപ്പാങ്കാലത്ത് നാലു മണിക്ക് പഠനമുറിയിൽ കൊളുത്തി വെച്ച മെഴുതിരി വെളിച്ചത്തിൽ ( ''അവധിയെടുത്തിരിക്കുന്ന സർക്കാർ വെളിച്ചത്തിന് സ്വസ്തി!") നിവർന്നും കമിഴ്ന്നും കിടക്കുന്ന,വായിക്കാൻ തോന്നാത്ത പുസ്തകങ്ങളുടെ ഗംഭീര ദ്യശ്യത്തിലാണ് 'നക്ഷത്രം കണ്ണുകളിറുക്കുമ്പോൾ ' ആരംഭിക്കുന്നത് .ഇടക്കെപ്പഴോ മുറിയുടെ പടിഞ്ഞാറേ വാതിലിലൂടെ നോക്കിയപ്പോഴാണ് ചിക്കുമരത്തിന്റെ ഇലകൾക്കിടയിലൂടെ ആ കണ്ണിറുക്കുന്ന നക്ഷത്രത്തെ കാണുന്നത് .
" അവളാണെന്റെ വായന മുടക്കുന്നത്
പാവം പുസ്തകക്കൂടാരങ്ങൾ!
പാവം അക്ഷരമേലാപ്പുകൾ !.
ഇത്ര വശ്യമനോഹരമായി
കണ്ണിറുക്കാനാവുമോ അക്ഷരങ്ങൾക്ക് !
അന്തി വെളിച്ചമോ പുലരിത്തെളിച്ചമോ വീണു കിടക്കുന്ന ധ്യാനപൂർണ്ണമായ ഇത്തരം കവിതകളാണ് ഈ ഋഷികവിയുടെ മാസ്റ്റർ പീസുകൾ. തന്നെ ചുഴന്ന പ്രപഞ്ചവും ഉള്ളു നിറഞ്ഞ ഓർമ്മകളും ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള ദാർശനിക ബോധ്യങ്ങളും അതേ കളി മട്ടിൽ,
ലാഘവത്തോടെ ഈ ഋഷി കവി കുറിച്ചിടുന്നു.
രണ്ടു മൂന്നു കവിതകളെപ്പറ്റി ഇവിടെ എടുത്തു പറയാനുണ്ട്. 2015 ലെഴുതിയ 'കൂട്ടുകാർ' എന്ന കവിതയാണൊന്ന് .തന്റെ ശവമടക്കു കഴിഞ്ഞ് മടങ്ങുന്ന രണ്ടു കൂട്ടുകാരികളെയാണ് ഈ കവിതയിലെ ആഖ്യാതാവ് സ്നേഹപൂർണ്ണമായി നോക്കുന്നത്. മരണത്തിനു മുന്നിൽ ജീവിതത്തെ നിർത്തിക്കൊണ്ട് മലയാളത്തിലെഴുതപ്പെട്ട ഏറ്റവും മികച്ച കവിതകളിലൊന്നാണ് 'കൂട്ടുകാർ'.
" എത്ര നാളായെടി നിന്നെ ഒന്ന് കണ്ടിട്ട് ?
ഒരുവൾ പഴയൊരു കൂട്ടകാരിയെ കണ്ടിട്ട് കെട്ടിപ്പിടിച്ചു.
" ഏതായാലും കാണാൻ ഇങ്ങനെയൊരവസരം കിട്ടിയില്ല "
കൂട്ടുകാരിക്കും സന്തോഷം
കുഴിയിലെ തണുപ്പിൽ ഒറ്റക്കു കിടന്നിരുന്ന
എനിക്കുപോലും ഉള്ളിലൊരു ചെറു ചൂട്.
വരണ്ടു മരവിച്ച ചുണ്ടുകളിലൊരു ചിരിയുടെ
വെട്ടം
എന്തൊരു ഊഷ്മളത സൗഹൃദത്തിന്!"
" ഞാൻ പോകുമ്പോൾ എന്റെ കുഴിമാടം നന്നായി നോക്കണേ പുൽച്ചാടീ" യെന്നെഴുതിയ കൊബായാഷി ഇസ്സയെപ്പോലെ ജീവിത മരണങ്ങളുടെ നേർക്ക് ഈ ഋഷി കവി സ്നേഹവാത്സല്യങ്ങളോടെ പുഞ്ചിരിക്കുന്നു. ജീവിതത്തിനും മരണത്തിനും നേർക്ക് തണുത്ത നോട്ടം അയച്ച് കടന്നു പോകുന്ന ആ കുതിര സവാരിക്കാരന്റെ നോട്ടവുമല്ല ഇത്. (W. B യേറ്റ്സ്). ഋഷിത്വവും കവിത്വവും തമ്മിൽ ചേർന്നതിന് മലയാളത്തിലുള്ള പ്രധാനപ്പെട്ട ഒരു മുൻ മാതൃക നാരായണ ഗുരുവിന്റേതാണ്. സിസ്റ്റർ മേരി ബെനീഞ്ജ, പി.കൃഷ്ണകുമാർ എന്നിവരുടെ കവിതയും ഇവിടെ ഓർക്കാം. എന്നാൽ ഇവരെപ്പോലെ തത്വചിന്തയോ ഭക്തിയോ പ്രബോധനങ്ങളോ നേരിട്ട് കവിതാ വിഷയമാകുന്നില്ല ഫാദറിന്റെ കവിതയിൽ.മലയാളത്തെ ഏറെ സ്വാധീനിച്ച ഖലീൽ ജിബ്രാന്റെ രചനകളിലേതുപോലെ ഉച്ചസ്ഥായിയിലുള്ളതോ കാൽപ്പനികവൽക്കരിക്കപ്പെട്ടതോ ആയ ദാർശനികതയും ഇവിടെയില്ല. നിത്യജീവിതത്തിന്റെ സാധാരണത്വത്തിലും നിറവിലും സൂക്ഷ്മതകളിലും നിന്നാണ് അച്ചന്റെ കവിതയുറവെടുക്കുന്നത്. വാങ് നദീ തീരത്തെ തന്റെ കുടീരത്തിലിരുന്ന് കവിതകളെഴുതുകയും ചിത്രം വരയ്ക്കുകയും ചെയ്ത ചൈനീസ് കവി വാങ് വീയേയോ ജാപ്പനീസ് സെൻ ഗുരുക്കന്മാരേയോ ആണ് അച്ചന്റെ കവിത ഇക്കാര്യത്തിൽ ഓർമ്മിപ്പിക്കുന്നത്. അവരെപ്പോലെ ചിത്രകാരനായ കവിയുമാണ് ഇദ്ദേഹം.വ്യത്യസ്ത വിഷയങ്ങളെ മുൻനിർത്തി എഴുതിയ ഉപന്യാസങ്ങളിലും കത്തുകളിലും ശിഷ്യരുടെയും സുഹൃത്തുക്കളുടെയും ഓർമ്മക്കുറിപ്പുകളിലും നിന്നു തെളിഞ്ഞു വരുന്ന നിത്യ ചൈതന്യയതിയുടെ കവി വ്യക്തിത്വവും അച്ചന്റെ കവിതകളിലൂടെ കടന്നുപോകുമ്പോൾ ഓർമ്മയിലുണരാം.
സ്വന്തം ജീവിതത്തെ വിശകലനം ചെയ്തു കൊണ്ട് അച്ചൻ ഒടുവിലെഴുതിയ കവിതകളിലൊന്നാണ് 'ഇലകൾ'.ജനലിലൂടെ കാണുന്ന,പൊഴിയുന്ന ഇലകളുടെ ദൃശ്യത്തിൽ നിന്നാരംഭിച്ച് ,ആത്മീയമായ സന്ദേഹങ്ങളിലേക്കും സംഘർഷങ്ങളിലേക്കും പടർന്ന്,ഓർമകളിലേക്കു മടങ്ങി, ആദ്യാക്ഷരത്തിന്റെ ഗുരുപൂർണ്ണിമയിൽ ജ്ഞാനസ്നാനപ്പെട്ട് ,അക്ഷരക്കാട്ടിൽ സ്വയം നഷ്ട്ടപ്പെട്ട് ,ഒടുവിൽ കൊച്ചു ജനാലയിലൂടെ കാണുന്ന ഇലകളിലേക്കു തിരിച്ചെത്തുന്ന ദീർഘകാവ്യമാണിത്.
"ഓരോ പ്രാവശ്യവും ഞാനെഴുതിയ അക്ഷരങ്ങൾ
നോക്കി നിൽക്കെ വളർന്ന് വടവൃക്ഷങ്ങളായി മാറി
അഞ്ചു വയസ്സുകാരൻ വടവൃക്ഷങ്ങൾക്കിടയിൽ ഓടി നടന്നു
എനിക്കു വിശന്നപ്പോൾ ഞാനമ്മയെ വിളിച്ചു
അമ്മ വന്നില്ല, എന്റെ വിളി ആരും കേട്ടില്ല "
തന്റെ ജീവിതത്തെ, ആത്മീയതയും കവിതയും എങ്ങനെയാണ് എന്നും ചൂഴ്ന്നു നിന്നത് എന്നതിന്റെ ആത്മരേഖയാണ് ഇക്കവിത. വിശുദ്ധമായതിനെ ചുറ്റി ഉരുളട്ടെ ഉരുണ്ട അക്ഷരങ്ങൾ എന്നു പ്രാർത്ഥിക്കുന്നുണ്ട് , 'ഉരുൾ നേർച്ച 'യിൽ കവി എന്നതും കൂട്ടി വായിക്കുക.ഭൗതികവും, ആത്മീയവുമായ ജീവിതപ്പരപ്പുകളിലൂടെ മെല്ലെ മെല്ലെ നടന്ന് ധ്യാനത്തിന്റെ പ്രശാന്തവാടിയിൽ ചെന്നണയുന്നു, കവി. സമകാല കവിതയുടെ ചെരിവിൽ കാണാം ഭാഷകൊണ്ടു തീർത്ത ഈ സന്യാസിമട. ഒരിളം ചിരിയോടെ, നീലപ്പുകയുയരുന്ന താഴ് വരയിലേക്കു നോക്കി നിൽക്കുകയാണ് അന്തിവെളിച്ചത്തിൽ ഈ ഋഷി കവി.
No comments:
Post a Comment