Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Tuesday, September 1, 2026

വാക്ക് വിടർത്തുന്ന വർണ്ണക്കളങ്ങൾ

വാക്ക് വിടർത്തുന്ന വർണ്ണക്കളങ്ങൾ



എം.ജി.ചന്ദ്രശേഖരൻ മാഷിൻ്റെ കവിതകൾ ഞാൻ ആവർത്തിച്ചു വായിച്ചുകൊണ്ടിരിക്കുകയായിരുന്നു ഈ ഓണക്കാലത്ത്. കഴിഞ്ഞ വിഷുവിന് എന്നെ ഏല്പിച്ചതാണ്. ഈ ഓണക്കാലത്തെങ്കിലും  എഴുതിത്തീർക്കണം എൻ്റെ വായനാനുഭവം. തനിമ, പാരമ്പര്യം, സമകാലികത ഇവ മൂന്നും ഒരുമിക്കുന്നു ഈ കവിതകളിൽ. എവിടെനിന്നു തുടങ്ങണം എന്നാലോചിച്ചു വായിച്ചിരിക്കുമ്പോഴാണ് ചന്ദ്രശേഖരൻ മാഷ് ഓണക്കാലത്ത് വീട്ടുമുറ്റത്തിട്ട പൂക്കളങ്ങളുടെ പടങ്ങൾ എൻ്റെ കൂട്ടുകാരി സന്ധ്യ ഫേസ്ബുക്ക് തുറന്ന് കാണിച്ചു തന്നത്. മനോഹരമായ ആ പൂക്കളങ്ങളുടെ പ്രത്യേകത വർണ്ണപ്പൊലിമയുള്ള നാടൻ പൂക്കളുടെ സമൃദ്ധിയായിരുന്നു. ശംഖുപുഷ്പ നീലയും തെച്ചിച്ചുകപ്പുമെല്ലാമുണ്ടതിൽ. അതു നോക്കിയിരുന്നപ്പോളാണ്, ഇതുപോലെ, നാടൻ വാക്കുകൾ മനോഹരമായി വിന്യസിച്ചാണല്ലോ തൻ്റെ കവിതക്കളങ്ങൾ ഇദ്ദേഹമെഴുതുന്നത് എന്നോർത്തത്. കളം എഴുതുക എന്നതാണ് മലയാളത്തിൻ്റെ തനതു പ്രയോഗം. പൂക്കളം എഴുതാം, കവിതക്കളം ഇടാം.രണ്ടായാലും അതിൽ കലയും കളിയും ധ്യാനവുമുണ്ട്. എം.ജി.ചന്ദ്രശേഖരൻ എന്ന കവി എഴുതിയ കവിതക്കളങ്ങൾ തൊട്ടരികെ നിന്നൊന്നു നോക്കിക്കാണുകയാണ് ഇവിടെ.

അങ്ങനെ നോക്കുമ്പോൾ ആദ്യം ശ്രദ്ധയിൽ പെടുക അവയുടെ വർണ്ണഭംഗിതന്നെ. ഭംഗി എന്ന് എഴുതാനല്ല ചേല് എന്ന് നാട്ടുമലയാളം എഴുതാനാണ് കവിക്കിഷ്ടം. പ്രകൃതിയുടെ കടുംനിറങ്ങൾ മഴവില്ലിൻ്റെ ഇഴകളിൽ തുന്നിച്ചേർക്കുന്നതിനെപ്പറ്റി ഒരു കവിത (ആവാതെ) ഈ സമാഹാരത്തിലുള്ളത് പെട്ടെന്നോർമ്മയിൽ വരുന്നു. കവി പ്രയോഗിക്കുന്ന വാക്കുകളുടെ ഊന്നൽ കാരണം ആ കടുംനിറങ്ങൾ ദൂരെ നിന്നേ കാണാം.

മുകിലല കുത്തിയുടച്ചു കലക്കിയ
മുദ്ധശ്യാമനിറക്കൂട്ട്
ആകാശത്തെയിടിച്ചു പിഴിഞ്ഞി-
ട്ടാഴക്കൽഭുത നീലാഭ
വനമുടിയാകെയരച്ചു കഴച്ചി-
ട്ടരുമപ്പച്ചക്കൂമ്പാരം
കൊന്നപ്പൂങ്കണി വാഴത്തേൻ കനി
വാറ്റിയെടുത്ത കടുംമഞ്ഞ
തെച്ചിക്കുരലുകൾ ചെത്തിയൊരുക്കി-
ക്കരളു കലിച്ച കടുഞ്ചോപ്പ്
ഇന്ദ്രധനുസ്സിന്നിഴകളിലിവയെ
തുന്നി മെരുക്കാനാവാതേ ഞാൻ

ഓണപ്പൂക്കളങ്ങളെ ഓർമ്മിപ്പിക്കുന്ന വർണ്ണാഭ ഉദിച്ചു നിൽക്കുന്നു ഈ കവിതയിൽ. മഴവില്ലിൻ്റെ നിറങ്ങൾക്ക് ഒന്നുകൂടി കട്ടി കൂട്ടാനാണ് കവി ശ്രമിക്കുന്നത്. മറിച്ച്, വരണ്ടുണങ്ങിയ വേനലിൻ്റെ ചിത്രമാണെഴുതേണ്ടതെങ്കിൽ മുഷിഞ്ഞ നിറങ്ങൾ പ്രയോഗിക്കുന്നതിന് ഉദാഹരണമാണ് വേനൽ എന്ന കവിത. ആ വ്യത്യാസം നോക്കൂ:

കരിയിലയുടെ കിരുകിരുപ്പിലൂ-
ടെരിവെയിൽ പുളഞ്ഞിഴഞ്ഞു പോകുന്നു
മുടി കൊഴിയുന്ന മരമെഴുതുന്നു
തല ഞെരമ്പുകൾ പിണഞ്ഞ ചിത്രങ്ങൾ
തരിയില്ലാ നീലപ്പകത്തിരശ്ശീല
പിറകരങ്ങത്തു പിടഞ്ഞു തൂങ്ങുന്നു
ഇരുട്ടിഴുകുന്നോരുതിരം വാക്കു ത-
ന്നുയരെയാദിത്യൻ ഭരിച്ചു നിൽക്കുന്നു

നീലയും ചുകപ്പുമെല്ലാം ഇവിടെയും കടന്നുവരുന്നുണ്ടെങ്കിലും അത് നേരത്തേ വായിച്ച കവിതയിലെ ജ്വലിക്കുന്ന വർണ്ണങ്ങളല്ല. ഇരുണ്ട ചോരച്ചുകപ്പാണ്, നീലപ്പകത്തിരശ്ശീലയാണ്. ചായം ചാലിക്കൽ ഇനിയും പല കവിതകളിലും കടന്നു വരുന്നുണ്ട്. ഭാവങ്ങളും വികാരങ്ങളും ചായം ചാലിക്കുമ്പോലെ ചാലിച്ചെടുക്കുന്നതാണ് ഏതൊക്കെ എന്ന കവിതയിലെ വിഷയം.ഓണപ്പൂക്കളമിടും പോലെയാണ് കവിതയിൽ വാക്കുകൾ വിന്യസിക്കുന്നത് എന്ന് അക്ഷരം എന്ന കവിതയിൽ കവി എഴുതുന്നു. ഓണപ്പൂവുതൊട്ട് ആടിമഴവരെ അക്ഷരഭംഗിയിലാണ്ടു നിൽക്കുന്നു.

ആവണിപ്പൂവുതൊട്ടാടിമഴ വരെ
നീ വരും ചേലേ നിറയുന്നിതെപ്പൊഴും

ഇങ്ങനെ നിറങ്ങളും ചേലുള്ള വാക്കുകളും ഉചിതമായി വിന്യസിക്കുന്നതിൻ്റെ നാട്ടുചന്തം തികഞ്ഞവയാണ് എം. ജി. ചന്ദ്രശേഖരൻ എന്ന കവിയൊരുക്കുന്ന ഈ കവിതക്കളങ്ങൾ.

വാക്കിനെ ഇങ്ങനെ പരിചരിക്കുന്ന കാവ്യരീതിക്ക് മലയാളത്തിൽ ശക്തമായ ഒരു പാരമ്പര്യമുണ്ട്. നമുക്കു പേരറിയാൻ കഴിയുന്ന ആദികവിയായ തോലൻ തൊട്ട് അതു തുടങ്ങുന്നു. തൻ്റെ നായികയായ ചക്കിയെ പ്രീണിപ്പിക്കാനായി, "അന്നൊത്ത പോക്കീ, കുയിലൊത്ത പാട്ടീ, തേനൊത്ത വാക്കീ, തിലപുഷ്പ മൂക്കീ" എന്നൊക്കെ വിളിച്ചിട്ടും അവൾ പ്രസാദിക്കാതെ വന്നപ്പോൾ അടവു മാറ്റി, "അർക്കശുഷ്‌കഫല കോമള സ്തനീ" എന്നു വിളിച്ച് അവളെ സന്തോഷിപ്പിച്ച കവിയാണ് തോലൻ. പിന്നീട് കുഞ്ചൻ നമ്പ്യാരിലും ഇരുപതാം നൂറ്റാണ്ടിൽ എം. ഗോവിന്ദൻ,ജി.കുമാരപ്പിള്ള, അയ്യപ്പപ്പണിക്കർ, കുഞ്ഞുണ്ണി എന്നിവരിലുമെല്ലാം ഈ പാരമ്പര്യത്തിൻ്റെ ധാരയൊഴുകുന്നുണ്ട്. ഇക്കൂട്ടത്തിൽ വാക്കുകളുടെ ദ്രാവിഡച്ചന്തത്തിൽ അല്ലെങ്കിൽ കേരളീയതയിൽ പ്രത്യേകം ശ്രദ്ധിച്ചവരാണ് എം.ഗോവിന്ദനും ജി.കുമാരപ്പിള്ളയും. തൊണ്ണൂറുകൾക്കു ശേഷം വന്ന കവികളിൽ പി.പി. രാമചന്ദ്രനിൽ മാത്രമേ ഇത്തരമൊരു കൗതുകം കുറച്ചെങ്കിലും കാണാൻ കഴിയൂ. വാക്കിലൂന്നുന്ന ഈ കവിതാവഴി മലയാളത്തിൽ ഇന്ന് പാടേ വറ്റിപ്പോയോ എന്നു ശങ്കിച്ചു നിൽക്കുന്ന കാലത്താണ് ചന്ദ്രശേഖൻ മാഷിൻ്റെ ഈ കവിതകൾ കൂട്ടത്തോടെ കളം നിറഞ്ഞ് ആ പാരമ്പര്യം തിരിച്ചു പിടിക്കുന്നത്. സമകാല മലയാള കവിതാരംഗത്ത് ഈ കവിതകൾ ഏറെ പ്രസക്തമാവുന്നതും അതുകൊണ്ടു തന്നെ.

തോലനെ ഓർമ്മിച്ചതുകൊണ്ട് ഈ പുസ്തകത്തിലെ കവിതകളിൽ സ്വാഭാവികമായും നാം ആദ്യമെത്തുക 'കൂടിയാട്ട'ത്തിലാണ്. കൂടിയാട്ടശ്ലോകങ്ങളാണല്ലോ ആ ആദികവിയുടെ ഓർമ്മ സംരക്ഷിച്ചുവെച്ചത്. നമ്മുടെ സാംസ്‌കാരികാന്തരീക്ഷത്തിൽ നിലകൊള്ളുന്ന പ്രസിദ്ധമായ ഒരു വാക്കിനെ ആ പ്രസിദ്ധാർത്ഥത്തിൽ നിന്നു മാറ്റി പ്രയോഗിക്കുന്നതിൻ്റെ വിപരീതധ്വനിയിലാണ് ഈ പുസ്തകത്തിലെ കൂടിയാട്ടം എന്ന കവിതയുടെ ആത്മാവ് കുടികൊളളുന്നത്. വാർദ്ധക്യത്തിൻ്റെ വരവിനെ ഒരു തമാശ മട്ടിൽ അതവതരിപ്പിക്കുന്നു. ആടുന്ന പല്ലിൻ്റെ പാട്ടാണത്. തന്നോടൊപ്പം കൂടിയാടുന്ന പല്ലിൻ്റെ പാട്ട്.

വേർ പറിഞ്ഞു വേർപിരിയും നേരമോർത്തുകൊണ്ടേ
വേദികയിലാടി നിൽപ്പൂ ഞാനുമെൻ്റെ പല്ലും

വാർദ്ധക്യത്തെയും മരണത്തെയും വാക്കു കൊണ്ടു നേരിടുന്നത് കാവ്യാനുഭവമായി മാറുകയാണ് ചന്ദ്രശേഖരൻ മാഷിൻ്റെ പല കവിതകളിലും. ഈ കവിതയിൽ കൂടിയാട്ടമെന്ന പോലെ ഓരോ കവിതയിലുമുണ്ട്, പൂക്കളത്തിൻ്റെ നടുവിലെ പൂപോലെ ഒരു വാക്ക്. തന്നെ കൊണ്ടുപോകാനെത്തുന്ന മരണത്തിനൊപ്പം ഒന്നു മുറുക്കാനിരിക്കുന്ന വൃദ്ധനെക്കുറിച്ചുള്ള കവിതയാണ് കൂട്ടുമുറുക്ക്. ആ വാക്കും ഇതുപോലെ നമ്മുടെ ശ്രദ്ധ തങ്ങുന്ന ഒരു നടുപ്പൂവാണ്. മരിക്കാതിരിക്കാനുള്ള കൈമടക്കല്ല, സൽക്കാര സൗഹൃദമാണീ മുറുക്ക് എന്നു കവി. ഒന്നു മുറുക്കുന്നതിൻ്റെ രസത്തിനു മുന്നിൽ മരണമുൾപ്പെടെ എന്തും നിസ്സാരമാണെന്ന് ഈ  കവിത, കവിതകൾ, പ്രഖ്യാപിക്കുന്നു. മനസ്സിനെ തൊടുന്ന ഒരു വാക്കിനു മുന്നിൽ മറ്റെല്ലാം നിസ്സാരമാണെന്ന പ്രഖ്യാപനം കൂടിയാണ് എം. ജി ചന്ദ്രശേഖരൻ മാഷിൻ്റെ കവിതകൾ.

ഉദിച്ചുയരുന്ന വാക്കുകൾ പൊഴിക്കുന്ന നിലാവാണ് കവിതയെന്ന് ഈ പുസ്തകം നിർവചിക്കുന്നു. കുറുഞ്ഞി പൂത്തതു കാണാൻ മലയേറിപ്പോയതിനെക്കുറിച്ചുള്ള കവിതയാണ് 'കുറുഞ്ഞിപ്പൂ വിളിച്ചല്ലോ'. നീലക്കുറുഞ്ഞി പൂത്തതുപോലൊരു വാക്ക് കവിതയുടെ തുടക്കത്തിൽ തന്നെ ഇവിടെ നമ്മെ ആകർഷിക്കുന്നുണ്ട്. നോക്കൂ:

കുറിഞ്ഞിപ്പൂ വിളിക്കുന്നു മുകളിൽ നിന്നും
കുതുകപ്പൂ വിളികേൾപ്പൂ ചുവട്ടിൽ നിന്നും

കുതുകപ്പൂ എന്ന വാക്കിൻ്റെ വിടർച്ചയാണ് പിന്നീടാക്കവിത മുഴുവനും. മൂന്നാറിലെ വിസ്തൃതമായ തേയിലത്തോട്ടവും ജലപാതവും കടന്ന് ആ കുതുകപ്പൂ വിടരുന്നു.  പ്രകൃതിയോടുള്ള കുതുകം മാത്രമല്ല വാക്കിനോടുള്ള കുതുകവും വിരിഞ്ഞു വിരിഞ്ഞു വരികയായി :

ഉയർന്നുതാഴ്ന്നുയർന്നു താഴ്ന്നലയടിച്ചെവിടെയും
പുലർച്ചകളുലർത്തുന്ന തേയിലത്തോപ്പ്
നൂലു പാകിക്കഴപാകിക്കുത്തുമുണ്ടു നെയ്തു താഴേ
ക്കെത്തിയലച്ചാർത്തിടുന്ന ജലനിപാതം

ചായത്തോട്ടത്തിൻ്റെ ചാഞ്ഞുയർന്ന കിടപ്പ് വാക്കുകളാൽ അനുഭവിക്കാനാവുന്നു. ചെറുനീർച്ചാല് വലിയ ജലപാതമായി മാറുന്നതു വിവരിക്കുമ്പോൾ ഒരു മുണ്ട് നെയ്തെടുക്കുന്ന ബിംബമാണ് കവി കാണിക്കുന്നത്.മലയാളിക്കു മാത്രം എഴുതാൻ കഴിയുന്നത്. ഇന്നത്തെ പൊതുമലയാള പദശേഖരത്തിലില്ലാത്ത കഴ പോലുള്ള സ്പെഷ്യൽ വാക്കുകൾ തെരഞ്ഞെടുത്തുപയോഗിക്കാൻ ഈ കവിക്ക് പ്രത്യേക മിടുക്കു തന്നെയുണ്ട്. അഴുവൻ എന്നൊരു വാക്കുണ്ട് മൊഴിക്കുറത്തി എന്ന കവിതയിൽ. അഴുവൻ കൊണ്ടഞ്ഞാഴി അരിയെടുത്തു വെച്ച് എല്ലാർക്കും വിളമ്പുന്ന മൊഴിക്കുറത്തിയെക്കുറിച്ചാണ് ഈ കവിത.  വെച്ചു വിളമ്പി എല്ലാർക്കും കൊടുക്കുന്ന മൊഴിക്കുറത്തിയാണ് ഈ കവിയുടെ അമ്മമലയാളം.നിഘണ്ടുവിൽ നിന്നല്ല നാടോടി സംസ്‌കൃതിയിൽ നിന്നാണ് കവിയുടെ വാക്കുകൾ ഉറവെടുക്കുന്നത്. ഞാൻ മുമ്പു കേട്ടിട്ടേയില്ലാത്ത അഴുവൻ എന്ന വാക്കിന് ഇതാ ഈ കവിത ഇങ്ങനെ ജീവൻ കൊടുക്കുന്നു:

പുലരുവാനേഴര രാവുള്ളപ്പോൾ
പൂങ്കൺ തുറക്കും മൊഴിക്കുറത്തി
അഴുവൻ കൊണ്ടഞ്ഞാഴി മൊഴിയെടുക്കും
തീയിൽക്കഴുകിപ്പതം വരുത്തും.

ചെറിയ അളവു പാത്രമത്രേ അഴുവൻ. നാട്ടുസംസ്കൃതിയുടെ അടിത്തട്ടിൽ നിന്നതു പൊന്തിവരുന്നു.വാക്കിൽ നിന്നു വാക്കിലേക്കുള്ള പടവു കയറ്റവും ഈ കവിക്ക് ഹരമാണ്. കുറിപ്പടി എന്ന വാക്കിൽ നിന്നു കയറിയെത്തുന്ന ഉയരമാണ് കവിപ്പടി.കീശയിലിരിക്കുന്ന കുറിപ്പടിയും കവിപ്പടിയേറാം."ഉപ്പിൽ നിന്ന് അലയാർക്കുന്ന ഉൾക്കടലുകളിലേക്കും മുളകിൽ നിന്ന് ചോര പൊടിക്കുന്ന നീറ്റലുകളിലേക്കും ചായപ്പൊടിയിൽ നിന്ന് തലനുള്ളിയ കിളുന്തുകളിലേക്കും വഴിയുണ്ട്.
ആകയാൽ കുറിപ്പടിയും കവിപ്പടിയേറാം"ഉപ്പ്, മുളക്, ചായപ്പൊടി തുടങ്ങിയവ പലവ്യഞ്ജന വസ്തുക്കൾ മാത്രമല്ല വാക്കുകൾ കൂടിയാണ്. വസ്തുക്കളിലൂടെ എന്നതു പോലെ തന്നെ അവയെക്കുറിക്കുന്ന വാക്കുകളിലൂടെയും എത്തിച്ചേരാവുന്ന ഉയരങ്ങളാണ് ഈ കവി ലക്ഷ്യമാക്കുന്നത്. വാക്കിലൂടെയുള്ള കയറ്റം മാത്രമല്ല വാക്കിലൂടെയുള്ള ഇറക്കവും കവിക്കിഷ്ടം തന്നെ. വിപരീത രതി എന്ന കവിതയിൽ വാക്ക് തിരിച്ചിട്ട് കവി ഇറങ്ങുന്നത് കാണൂ :

വീണു എന്ന വാക്ക്
വീണു മരിച്ചു
ആകാശത്തിൻ്റെ അഗാധതയിൽ ചാടി
കവി ആത്മഹത്യ ചെയ്തു.

ഇറങ്ങുക എന്ന വാക്ക് പ്രധാനമാണ് പെണ്ണിറങ്ങുമ്പോൾ എന്ന കവിതയിൽ.

പെണ്ണിറങ്ങിപ്പോയ വീടു നിൽക്കുന്നു
നാവിറങ്ങിപ്പോയൊരാണിനെപ്പോലെ

ഇറക്കം എന്ന വാക്ക് പെണ്ണിനോടും നാവിനോടും ചേരുമ്പോഴുണ്ടാവുന്ന ധ്വനിഭേദങ്ങളിൽ നിന്ന് ഒരാശയ ലോകം തന്നെയുണ്ടാക്കാൻ കവിക്കിവിടെ കഴിയുന്നുണ്ട്. വീടുവിട്ട് പെണ്ണ് പുറത്തിറങ്ങിപ്പോകുന്നു. ആണിനതോടെ നാക്കിറങ്ങിപ്പോകുന്നു, ഭാഷ മുട്ടിപ്പോകുന്നു. അകം - പുറം എന്നീ വാക്കുകളെ 'പുറപ്പെടലൊക്കെ അകപ്പെടലാണ്' എന്നിങ്ങനെ ഒരു പഴഞ്ചൊൽ വടിവിൽ മറ്റൊരു കവിതയാക്കുന്നു.പഴഞ്ചൊൽ വടിവുകളും താളക്കെട്ടുകളും കൊണ്ട് ഭാഷയെ കുറുക്കുന്നതിലും വിളക്കുന്നതിലും എം.ഗോവിന്ദനെപ്പോലെ ഈ കവിയും രസിക്കുന്നു. താണനിലത്തേ നീരോടൂ എന്ന പഴഞ്ചൊല്ല് താണനിലത്തേ ബാറ്ററിയുരുളൂ എന്നാക്കി രസിക്കുന്നതിൽ പാരഡിക്കൗതുകത്തേക്കാൾ മുന്തി നിൽക്കുന്നത് നിലത്തു ബാറ്ററിയുരുട്ടിക്കളിക്കുന്ന കുഞ്ഞിൻ കുസൃതി തന്നെ. കവി കുഞ്ഞിനെ അനുകരിക്കുന്നത് കുഞ്ഞ് മുതിർന്നവരെ തിരുത്തിക്കൊണ്ടിരിക്കുന്നതിനാലാണ്. പേരക്കുഞ്ഞിനെ അപ്പൂപ്പൻ വിളിക്കുന്നത് തിരുത്തമ്മ എന്നാണ്. അപ്പൂപ്പനെ തിരുത്തുന്ന അമ്മ. ഒത്ത ഒരാനയെ വരച്ചു കാട്ടാൻ തിടുക്കപ്പെടുന്ന അപ്പൂപ്പനെ അതുവേണ്ട, അമ്മയാനയെ വരക്കൂ കുട്ടിയാനയെ വരക്കൂ അപ്പൂപ്പനാനയെ വരക്കൂ എന്നിങ്ങനെ തിരുത്തിക്കൊണ്ടേയിരിക്കുന്നു കൊച്ചുമോൾ. മാനകീകരണത്തിൻ്റെ പൊതുമയെത്തന്നെയാണ് ഇവിടെ കുഞ്ഞു തിരുത്തുന്നത്.

ഭാഷയുടെ പല തലങ്ങളിൽ കളിച്ചു കൊണ്ടിരിക്കുന്ന ഒരു കുട്ടിക്കുറുമ്പനാണ് ഈ കവി. അ എന്ന ആദ്യാക്ഷരത്തോട് അപേക്ഷിക്കുന്നതേ ആടിത്തെളിയാനാണ്.

ആടിത്തെളിയുകയാദ്യാക്ഷരമേ
ആത്മാവിൻ്റെയരങ്ങുകളിൽ

ആത്മാവിൻ്റെയരങ്ങിൽ അടിത്തെളിയണം.അക്ഷരമാല കൊണ്ടുള്ള ആട്ടമാണ് കാവാ രേഖാ എന്ന കവിത.ഖരാതിഖരമൃദുഘോഷാക്ഷരങ്ങളിലൂടെ ഒരു വൃന്ദവാദ്യവാദനം ഈ കവിതയിൽ കേൾക്കാം.

കവിത ഖനികളിലെവിടെയോ
ഗണിതം ഘടനകളിലെവിടെയോ?
ചരിത്രം ഛത്രപതികളുടേതല്ല
ജലം ഝഷത്തിൻ്റേതു കൂടി.

ഝ എന്ന അക്ഷരം വരുന്ന ഒരു വാക്കു പോലും ഏറെക്കാലത്തിനു ശേഷമാണ് ഒരു സമകാലകവിതയിൽ ഞാൻ കണ്ടുമുട്ടുന്നത്. ശരിയായ വാക്ക് കണ്ടെടുക്കുന്നതിൽ ഈ കവി പരമാനന്ദമടയുന്നു. ഒരു കവിതയിൽനിന്ന് 'കണ്ഠകാകളീകളിവീണ' പോലൊരു പ്രയോഗം വീണാരവം മുഴക്കുന്നു. പകലൊക്കെ നൂണുനൂണെത്തുന്ന കവി  അസ്തമയ സൂര്യനെ പടിഞായർ എന്നേ വിളിക്കൂ. പടിയുന്ന ഞായർ.

വാക്കും ചിഹ്നവും കൂടിയാടുന്നു അങ്കക്കലി എന്ന കവിതയിൽ.കോമനും കോമയും തമ്മിലാണ് ഇവിടെ അങ്കം.കോമൻ ഒരാശ പറഞ്ഞു:

ആകാശത്തു പോകാം, നമു-
ക്കാകാശത്തു പോകാം.

അപ്പോൾ കോമ ഇടപെട്ടു:

ആകാ,ശത്തു പോകാം, നമു-
ക്കാകാ,ശത്തു പോകാം

ആകാശത്തു പോകണോ ചത്തുപോകണോ, രമിക്കണോ അതോ മരിക്കണോ, അഥവാ ഇരിക്കണോ അതോ മരിക്കണോ എന്ന അന്തസ്സംഘർഷമാണ് ചിഹ്നത്തിൻ്റെയും വാക്കിൻ്റെയും അങ്കക്കലിയായി കവി അവതരിപ്പിക്കുന്നത്. ഹാംലറ്റിൻ്റെ അന്തസ്സംഘർഷം തന്നെ ഇത് - ടു ബി ഓർ നോട് ടു ബി ദാറ്റ് ഈസ് ദ ക്വസ്റ്റ്യൻ. അന്തസ്സംഘർഷങ്ങൾ കൊണ്ടുള്ള കളി - തീക്കളി - മലയാളിക്കിഷ്‌ടമാണ്. കല്ലുരുട്ടിക്കേറ്റി താഴേക്കിട്ടു ചിരിക്കുന്നു നാറാണത്തു കാരണവർ.

ഒരേ വാക്ക് രണ്ടർത്ഥങ്ങളിൽ മാറി മാറി പ്രയോഗക്കുന്ന ശ്ലേഷക്കളിയുണ്ട് ടു ലെറ്റ് എന്ന കവിതയിൽ.

കാൽ,ഇച്ചായനടിച്ചൂ മുമ്പേ
കാലിച്ചായ കുടിച്ചവളും

ഇത് ഒരു തമാശക്കവിതയല്ല എന്നോർക്കണം.വാടകക്കു കൊടുക്കാൻ വേണ്ടി വീട് തൂത്തു വൃത്തിയാക്കുന്ന ഒരാണിനേയും പെണ്ണിനേയും അവതരിപ്പിക്കുകയാണ്. രണ്ടുപേർക്കും ജനിച്ച വീടിനോടുള്ള രണ്ടു തരം വൈകാരിക ബന്ധത്തിലേക്കാണ് കവിത പന്തലിക്കുന്നത്. 'ശൂന്യം' പോലെ ചില കവിതകളിൽ ചൊൽക്കെട്ടുകളും താളക്കെട്ടുകളും കാണാം. ഇങ്ങനെ, പഴയ മട്ടിൽ പറഞ്ഞാൽ, അക്ഷരം തൊട്ടു പ്രബന്ധം വരെ, പടർന്നു കയറുന്ന ലീലാപരത ഈ സമാഹാരത്തിലെ കവിതകളുടെ സവിശേഷതയായിരിക്കുന്നു.

ഹാംലറ്റിനെ മലയാളികരിച്ചതു കണ്ടല്ലോ. മലയാളി ജീവിതം എന്നതുതന്നെ സ്വാംശീകരണത്തിൻ്റെ ഒരു ചീട്ടുവാഴ്വാകുന്നു എന്ന് ഈ കവി പറയും. പാശ്ചാത്യമായ ഒരു കളി മലയാളി സ്വാംശീകരിച്ചതാണല്ലോ ചീട്ടുകളി.ക്ലബ്സ് ക്ലാവറാക്കിയും ഹാർട്സ് ആഡ്യനാക്കിയും ട്രമ്പ് തുരുപ്പാക്കിയും മലയാളി സ്വീകരിച്ചു. ലോകത്തെ തനതാക്കുന്ന കലാവിദ്യ കൂടിയാണ് ഈ കവിക്കു കവിത. മാജിക്കൽ റിയലിസം എന്ന കലാവിദ്യ മലയാളീകരിച്ചാൽ ഇങ്ങനെ തെളിയും:

പശുവില്ലില്ലാ പുല്ലും കൂടും
മേപ്പവനില്ല കറപ്പവളും
പാൽ മാത്രം കവറിൽ കാണ്മതു
മാജിക്കൽ റിയലിസമല്ലോ

ആലോചിച്ചു നോക്കിയാൽ ഇത്രയേയുള്ളൂ കാര്യം. കുറച്ചു കാലം മുമ്പ് മെക്സിക്കോയിൽ നിന്ന് തിരുവനന്തപുരത്തെത്തിയ ഒരെഴുത്തുകാരി വാഹനങ്ങൾ ചീറിപ്പായുന്ന തെരുവിലൂടെ ഒരാന നടന്നു പോകുന്നതു കണ്ടപ്പോൾ, ഇതു തന്നെയാണ് മാജിക്കൽ റിയലിസം എന്നു പറഞ്ഞതായി അക്കാലത്തു പ്രസിദ്ധീകരിച്ച അഭിമുഖഭാഷണത്തിൽ പറഞ്ഞത് ഓർമ്മയിൽ വരുന്നു. എന്തിനേയും അടിമുടി കേരളീയമാക്കാൻ ഈ കവി സദാ ശ്രമിക്കുന്നു. ഇവിടെ ഞാൻ ജി.കുമാരപിള്ളയുടെ കവിതകൾ വീണ്ടും ഓർക്കുന്നു. മഞ്ഞുകാലത്തെക്കുറിച്ച് കുമാരപിള്ളയാണെഴുതുന്നതെങ്കിൽ അത് കേരളീയനു മാത്രം അനുഭവിക്കാനാവുന്ന മഞ്ഞുകാലമാകും."മകരത്തിൽ നീ പിന്നെ മഞ്ഞായി വന്നു,ശിവഭസ്‌മം പൂശിയൊരിളവനായ് വന്നു" എന്നിങ്ങനെയാണ്  അദ്ദേഹം എഴുതുക.

കുനുകുന്നിയിലക്കൊപ്പം
ഇളങ്കാറ്റത്തിളകുവാൻ
.....
കഴിയുന്ന നാൾ വരും
ഞാൻ മരിക്കും നിമിഷത്തിൽ

എന്ന് ചന്ദ്രശേഖരൻ മാഷ് എഴുതുമ്പോൾ,വാക്കിനെ കേരളീയാനുഭവമാക്കുന്ന കവിതാധാര സമകാലത്തെയും തളിർപ്പിക്കുന്നത് നമുക്കു കാണാം.

സവിശേഷമായ ഭാഷാവിന്യാസമാണ് ഈ കവിതക്കളങ്ങളുടെ പ്രധാന ആകർഷണീയത എന്നു വ്യക്തമാക്കാനാണ് ശ്രമിച്ചത്.എന്നാൽ അത് ഒരു കരകൗശലവിദ്യ മാത്രമല്ലേ എന്നൊരു ചോദ്യം ഇവിടെ ഉയരാം. ഇതിന് രണ്ടു മറുപടികൾ പറയാനുണ്ട്. ഒന്ന്, ഒഴുക്കൻ മട്ടിൽ അലക്ഷ്യമായി വാക്കുപയോഗിക്കുന്ന ഒരു കാലത്ത് വാക്കിൻ്റെ കരകൗശലവിദ്യക്ക് മുമ്പില്ലാത്ത പ്രസക്തിയുണ്ട് എന്നതാണ്. വേരിറങ്ങുന്ന പാതാളങ്ങളും ചില്ല പടരുന്ന ആകാശങ്ങളും വാക്കിനുണ്ട് എന്ന് പുതുകാലത്തെഴുതുന്ന ഏതൊരു കവിയേയും ജാഗ്രതപ്പെടുത്താൻ ഈ കരകൗശലവിദ്യക്കു കഴിയുന്നു.

രണ്ടാമത്തെ മറുപടി, കേവലം കരകൗശലവിദ്യയായി എം.ജി.ചന്ദ്രശേഖരൻ മാഷിൻ്റെ കവിത ഒതുങ്ങുന്നില്ല എന്നതാണ്. അതു നമുക്കൊരു പുതുനോട്ടം തരുന്നു. മനുഷ്യ മനസ്സിലെ ഇരുണ്ട ബാഹുകത്വത്തിന് നിറം നൽകുന്ന 'സർപ്പഹൃദയം' പോലൊരു കവിത ഈ സമാഹാരത്തിലുണ്ട്. കടിയേറ്റു കരിനീലിച്ച നളനോട് കടിച്ച കാർക്കോടകൻ പറയുന്ന മട്ടിലാണ് കവിതയുടെ ആഖ്യാനം. വേട്ട പെണ്ണിൻ്റെയും ജീവിതത്തിൻ്റെയും മുഖത്ത് മറ്റൊരാളായി ഉറ്റുനോക്കാൻ കരുത്തു കിട്ടുമ്പോൾ മാത്രമേ കലക്കങ്ങളെല്ലാം തെളിയൂ എന്നിങ്ങനെ ഇന്നത്തെയും എന്നത്തെയും മനുഷ്യൻ്റെ ജീവിത സങ്കീർണ്ണതയിലേക്ക് ബാഹുകത്വത്തെ കവി അന്വയിക്കുന്നു.കിടക്കവിരിയിൽ നിന്നു  പറന്നുപോയ പൂച്ചിത്രങ്ങൾ കറങ്ങി നടന്നു തിരിച്ചെത്തി ജന്മശയ്യയിൽ തന്നെ പതിക്കുമ്പോൾ, "അവിടെ മുല്ലപ്പൂ വിതറുന്ന തിരക്കിൽ താനവയെ കാണാതെ പോയതു" വിവരിക്കുന്ന ജന്മശയ്യ എന്ന കവിത കലയും ജീവിതവും തമ്മിലുള്ള ഒരു സംവാദമായി വളരുന്നു. ഒരു കൈകൊണ്ടു കവിതയെഴുതുകയും മറുകൈകൊണ്ട് കടല തിന്നുകയും ചെയ്യുമ്പോൾ, കടലക്കു മാത്രം രസമൂറുന്നതെന്ത് എന്ന ചോദ്യത്തിലെ നർമ്മം, പല നിലകളിൽ പരാജയപ്പെടുന്ന സമകാല ആവിഷ്ക്കാരങ്ങൾ പകരുന്ന വേദനയായി മാറുന്നു,കവിത-കാലം എന്ന കവിതയിൽ."എല്ലാ വിനോദ സഞ്ചാര ലക്ഷ്യങ്ങളിലും
ആത്മഹത്യാമുനമ്പ് നിർബന്ധം" എന്ന വരിയിലെ കുറിക്കു കൊള്ളുന്ന ഹാസ്യമാകട്ടെ, തറച്ചാൽ പൊട്ടാവുന്ന സമകാലജീവിതമാണ് നമ്മുടേത് എന്ന തിരിച്ചറിവു നൽകുന്നു.പെയ്തിറങ്ങി വറ്റിത്താണുപോകുന്ന വെള്ളത്തിൽ സീതാദുഃഖത്തിൻ്റെ അലയൊലി അവസാനമില്ലാതെ നമ്മെ കേൾപ്പിക്കാൻ എം. ജി ചന്ദ്രശേഖരൻ മാഷിൻ്റെ കവിതക്കു കഴിയുന്നു.

മുടിയഴിഞ്ഞ്
കരഞ്ഞു തളരെ
തോരാതെ മുട്ടിവിളിച്ചിട്ടും
ഞാൻ കതകു തുറന്നില്ല
പുലർച്ചക്കെണീറ്റു നോക്കുമ്പോൾ
വരും വേനലിന്
എനിക്കുള്ള കുടിവെള്ളം
കിണറ്റിൽ അടച്ചുവെച്ച്
ഭൂമി പിളർന്ന്
അവളെങ്ങോ മറഞ്ഞു കഴിഞ്ഞിരുന്നു

ഈ കവിത വായിക്കുന്ന, ഭൂമിയിൽ ജീവിക്കുന്ന ഒരു ചെറു മനുഷ്യനെ, രാമനെ, സംബന്ധിച്ചിടത്തോളം വെള്ളമല്ലാതെ മറ്റാരാണ് ഭൂമിപുത്രി? ഈ നീലഗ്രഹത്തിൽ നിന്ന് അവൾ അന്തർദ്ധാനം ചെയ്യുന്നത് വളരെ വൈകി മാത്രം അവനറിയുന്നു. ആ അറിവിലും സ്വാർത്ഥത മാത്രമാണ് മനുഷ്യനെ നയിക്കുന്നത്. തനിക്കുള്ള വെള്ളം കിണറ്റിൽ അടച്ചുവെച്ചിട്ടാകും ഭൂമിപുത്രി മടങ്ങിയത് എന്ന മൂഢസ്വർഗ്ഗത്തിൽ നിന്നു നമ്മെ വലിച്ചു പുറത്തിടാൻ കാവ്യകലക്ക് ഇപ്പോഴും കഴിയും എന്നു സാക്ഷ്യപ്പെടുത്തുക കൂടി ചെയ്യുന്നു  ഈ കവിതകൾ.


















Friday, August 28, 2026

മണ്ണിനാൽ ഉടൽ, മാനത്താൽ ശിരസ്സ് : സാവിത്രി മഹേശ്വരൻ്റെ കവിതകൾ

മണ്ണിനാൽ ഉടൽ, മാനത്താൽ ശിരസ്സ് : സാവിത്രി മഹേശ്വരൻ്റെ കവിതകൾ



സാവിത്രി മഹേശ്വരനെ പരിചയപ്പെട്ടത് എൻ്റെ വായനാജീവിതത്തിലെ മറക്കാനാവാത്ത ഒരനുഭവമാണ്.പത്തുപന്ത്രണ്ടു വർഷം മുമ്പാണത്. കേരളസാഹിത്യ അക്കാദമിയുടെ അയ്യന്തോൾ അപ്പൻതമ്പുരാൻ സ്മാരകത്തിലെ മാസികാശേഖരത്തിലിരുന്ന് പഴയകാല ആഴ്ച്ചപ്പതിപ്പുകളിൽ വന്ന കവിതകൾ വായിക്കുകയായിരുന്നു ഞാൻ. അപ്പോഴാണ് യാദൃച്ഛികമായി 1966 ലെ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൻ്റെ ഒരു ലക്കത്തിൽ ആകുമോ എന്ന പേരിൽ ഒരു കവിത വായിക്കുന്നത്. മനോഹരമായ ആ ഭാവഗീതം ഒറ്റവായനയിൽത്തന്നെ എനിക്കിഷ്ടപ്പെട്ടു. അച്ചടിക്കപ്പെട്ട് പത്തുനാല്പതു കൊല്ലം കഴിഞ്ഞാണ് എൻ്റെ വായന എന്നോർക്കണം.ആധുനികതയുടെ പുതുമുദ്രകൾ പതിഞ്ഞ കാലമായിരുന്നല്ലോ 1960 കൾ. സുഗതകുമാരിയല്ലാതെ പുതിയ പെൺസ്വരങ്ങളൊന്നും ആധുനികതയിൽ ഉയർന്നുകേൾക്കാതെ പോയതിനെപ്പറ്റി വിമർശനാത്മകമായ ചില ചിന്തകൾ എന്നിൽ രൂപം കൊണ്ട സമയവുമായിരുന്നു അത്. ആ കാലത്ത് ഒറ്റക്കൊറ്റക്ക് ചില നല്ല കവിതകളെഴുതിയ പെൺകവികൾ പിന്നീട് നിശ്ശബ്‌ദരായതാണ് എന്നെ ചിന്തിപ്പിച്ചത്. അറിയപ്പെടുന്ന സ്ത്രീപക്ഷവാദികളായിരുന്നു ആധുനികരിൽ മിക്കവരും. എന്നിട്ടും കവിതയിൽ തങ്ങൾക്കൊപ്പം പെൺസ്വരങ്ങളില്ലെന്ന് അവരാരും തിരിച്ചറിഞ്ഞില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി. സുഗതകുമാരിയാകട്ടെ ആധുനികതക്കു മുമ്പു വന്ന എഴുത്തുകാരിയാണ്. ആധുനികതയിൽ നിന്ന് തനിക്കു വേണ്ടത് അവരുൾക്കൊണ്ടു എന്നുമാത്രം. ആധുനികതയുടെ കാലത്ത് എഴുതി വന്ന ചെറുപ്പക്കാർക്കിടയിൽ സ്ത്രീകൾ ഏറെയുണ്ടായിരുന്നില്ല. ഒ വി ഉഷ, ലളിതാ ലെനിൻ എന്നീ രണ്ടു കവികൾ മാത്രമേ എൻ്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അക്കാലത്തെ വാരികകളിൽ വന്ന സ്തീകളുടെ കവിതകൾ ഞാൻ പ്രത്യേകം ശ്രദ്ധിക്കുകയുണ്ടായി.ആ പശ്ചാത്തലത്തിലാണ് സാവിത്രി മഹേശ്വരൻ എന്ന പേരും ആകുമോ എന്ന കവിതയും എൻ്റെയുള്ളിൽ പതിഞ്ഞത്.

കവിതവായനയെക്കുറിച്ചുള്ള ഒരു കവിതയായിരുന്നു അത്. കൃത്യമായി പറഞ്ഞാൽ തൻ്റെ കവിതയുടെ വായനക്കാരൻ/കാരിയെപ്പറ്റി കവിക്കുള്ള വേവലാതിയുടെ ആവിഷ്ക്കാരം. പ്രകൃതിയുടെ സൂക്ഷ്മഭംഗികളെല്ലാം നമുക്കു കാണാനവസരമുണ്ട്. പക്ഷേ ഒരു കവിതാസ്വാദകമുഖം, ഈരടിയുണർത്തുന്ന ഒരു മുഖം എന്നെങ്കിലും കാണാനാകുമോ എന്ന കവിയുടെ ഉൽക്കണ്ഠയാണ് ഞാനാ കവിതയിൽ വായിച്ചത്. അരനൂറ്റാണ്ടു കഴിഞ്ഞ് ആ കവിത വായിച്ചപ്പോൾ, എഴുതിത്തുടങ്ങുക മാത്രം ചെയ്തിട്ടുള്ള എൻ്റെ തന്നെ ഉൽക്കണ്ഠയായിരുന്നു അത്. ഇപ്പോൾ വായിക്കുമ്പോഴുമതെ, കവി എന്ന നിലയിൽ ദൃശ്യതയുണ്ടായിട്ടുപോലും ആ ഉൽക്കണ്ഠ അതേപടി എന്നിലുണ്ട്."ഈരടിയുണർത്തും നിൻ മുഖമാകുമോ കാൺമാൻ?" കവിയുടെ, കവിതയുടെ അനാഥത്വത്തിൻ്റെ വേദന ആ കവിതയിൽ നിന്ന് എന്നിലേക്ക് പുരണ്ടു. സാവിത്രി മഹേശ്വരൻ്റെ മറ്റു കവിതകൾ അന്വേഷിച്ചെങ്കിലും എനിക്കു കണ്ടെത്താൻ കഴിഞ്ഞില്ല.

ആ കവിതയിലെ പ്രകൃതിചിത്രങ്ങൾ ഒരുതരം നഷ്ടബോധവിഷാദവും എന്നിലുണ്ടാക്കി. അന്നത്തെ കേരളീയ പ്രകൃതിയുടെ വിപുലമായ ഒരു ചിത്രമല്ല കവി വരച്ചിടുന്നത് എങ്കിലും. ഇലകളിൽ തെളിഞ്ഞും മേഘച്ചാർത്തിൽ ഒളിഞ്ഞും സുഖസ്മൃതിയുണർത്തുന്ന ഇളവെയിൽ എനിക്കും ശ്രദ്ധിച്ചാൽ കാണാവുന്ന കാഴ്ച്ച തന്നെ (അതൊക്കെ ശ്രദ്ധിക്കാനുള്ള മനസ്സാണ് നഷ്ടമായത്) വീടുകൾക്ക് മതിലുകൾ ഇന്നുമുണ്ട്. പക്ഷേ കാറ്റു തട്ടുമ്പോൾ ഞെട്ടിക്കുളിരാർന്നിറുകുന്ന കാട്ടുതിപ്പലിയോ? മതിലോരത്ത് പടർന്നു നിന്നിരുന്ന ആ സ്വാഭാവിക സസ്യത്തെ ഇന്ന് എനിക്കു കണ്ടുപരിചയമില്ല.മൺമറഞ്ഞു പോകുന്ന സസ്യലതാദികളുടെ ഒരു നീണ്ട ലിസ്റ്റിൻ്റെ ഭാഗമായല്ല ഈ കവിതയിൽ കാട്ടുതിപ്പലി തഴച്ചു നിൽക്കുന്നത്. മറിച്ച്1966 ൽ പതിനെട്ടോ ഇരുപതോ മാത്രം വയസ്സുള്ള ഒരു പെൺകുട്ടി എഴുതിയ കവിതയിൽ കാട്ടുതിപ്പലി എന്ന ചെടി സ്വാഭാവികമായി കടന്നുവരുന്നു. എൻ്റെ കവിതക്ക് കാട്ടുതിപ്പലിയെ തിരിച്ചറിയാനാവുന്നില്ലല്ലോ എന്നത് എന്നെ ദുഃഖിപ്പിച്ചു.

നല്ലൊരു കവിത ഉള്ളിൽപ്പെട്ടാൽ പിന്നെ അതിൻ്റെ സുവിശേഷകരാവുമല്ലോ നമ്മൾ. ഈ കവിതയെക്കുറിച്ചും സാവിത്രി മഹേശ്വരൻ എന്ന കവിയെക്കുറിച്ചും ഞാൻ പലരോടും പറഞ്ഞു. ആർക്കുമറിയില്ല അങ്ങനെയൊരാളെ. ഒടുവിൽ ഒരിക്കൽ എഴുത്തുകാരി കെ. പി ശൈലജട്ടീച്ചറോട് എന്തോ സംസാരത്തിനിടയിൽ ആ പേരു പറഞ്ഞപ്പോഴാണ് ഒരു സാവിത്രി മഹേശ്വരനെ തനിക്കറിയാം, അവർ പക്ഷേ കവിതയൊന്നും എഴുതിയതായി അറിയില്ല, കോഴിക്കോട് ഗവ. ആർട്സ് കോളേജിലെ സംസ്കൃതം അദ്ധ്യാപികയായിരുന്നു,റിട്ടയർ ചെയ്ത് ഇപ്പോൾ വിശ്രമജീവിതമാണ് എന്നു പറഞ്ഞത്. അവരുടെ നമ്പറും സംഘടിപ്പിച്ചു തന്നു. ആ പേരിൻ്റെ അപൂർവ്വതകൊണ്ട്, ഞാൻ ഉദ്ദേശിച്ച ആൾ ഇവർ തന്നെയാകാം എന്നു തോന്നുകയാൽ ആ നമ്പറിൽ വിളിച്ചു. ഫോണെടുത്തയുടനെ 1966 ൽ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ സാവിത്രി മഹേശ്വരൻ എന്ന പേരിൽ കവിതയെഴുതിയ ആളാണോ എന്നു ചോദിച്ചു. ഇതെന്തു കുലുമാലാണോ എന്നു തോന്നിയാകണം അവർ ആകെ ബേജാറായി. എങ്കിലും അതെ എന്നു സമ്മതിച്ചു. പിന്നീടധികമൊന്നും എഴുതിയിട്ടില്ല എന്നു പറഞ്ഞു. കൂടുതൽ അന്വേഷിച്ചപ്പോൾ 1971 ൽ സച്ചിദാനന്ദൻ എഡിറ്റു ചെയ്ത ജ്വാലയിലും 1976 കാലത്ത് എം.ഗോവിന്ദൻ എഡിറ്റു ചെയ്ത കലാകൗമുദിയിലും കവിതകൾ വന്നത് പറഞ്ഞു. ആ കവിതകൾ പിന്നീടവർ കണ്ടെത്തി തരികയും ചെയ്തു.

കവിതക്കുവേണ്ടി ഞാൻ തിളനില എന്ന മാഗസിൻ എഡിറ്റു ചെയ്യുന്ന സന്ദർഭമായിരുന്നു അത്. തിളനിലയുടെ മൂന്നാം ലക്കത്തിൽ (2020) വീണ്ടെടുപ്പ് എന്ന പംക്തിയിൽ ടീച്ചറുടെ പഴയ കവിതകൾ പുനപ്രകാശനം ചെയ്തുവന്നു. അതിനു ശേഷം ടീച്ചർ എഴുത്തിൽ വീണ്ടും സജീവമായി. ജീവിതഗതിയിൽ കവിതയെഴുത്തു നിർത്തിയ ഒരാൾ വർഷങ്ങൾക്കു ശേഷം വീണ്ടും എഴുതാൻ തുടങ്ങി. 17-18 വയസ്സിൽ അസ്സലായി എഴുതിയിരുന്ന ഒരു പെൺകുട്ടി അറുപതു വർഷത്തോളം കഴിഞ്ഞ് തൻ്റെ കവിതയെ തിരിച്ചുപിടിക്കുന്നതിൻ്റെ ഹൃദയസ്പർശിയായ സാക്ഷ്യമാണ് ഇപ്പോൾ നമ്മുടെ മുന്നിലിരിക്കുന്ന അലസം അടിത്തട്ടിൽ എന്ന ഈ കവിതാസമാഹാരം.സർഗ്ഗാത്മകതക്കു മരണമില്ല എന്ന് ഈ പുസ്തകം നമ്മോടു പറയുന്നു.

പിന്നീട് കൂടുതൽ ഇടപഴകിയപ്പോൾ ടീച്ചർ താനെഴുതിത്തുടങ്ങിയ കാലത്തെക്കുറിച്ചു ധാരാളം സംസാരിച്ചു. പാലക്കാട് വിക്ടോറിയ കോളേജിൽ പഠിക്കുന്ന കാലത്ത് എഴുതിയ കവിതയാണ് ഇത്. അന്ന് വിക്ടോറിയയിൽ വിദ്യാർത്ഥിനിയായിരുന്ന അടുത്ത കൂട്ടുകാരി ഉഷയാണ് ഈ കവിത മാതൃഭൂമിയിലേക്ക് അയച്ചത്. ഉഷയും കവിത എഴുതിത്തുടങ്ങിയിരുന്നു. ഉഷയുടെ ഏട്ടൻ വിജയനാകട്ടെ മലയാളത്തിലെ എക്കാലത്തെയും മാസ്റ്റർപീസായ തൻ്റെ നോവൽ ഖസാക്കിൻ്റെ ഇതിഹാസം പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും കഥാകൃത്തെന്ന നിലയിൽ അന്നേ പ്രശസ്തൻ. ടീച്ചർ എഴുതിത്തുടങ്ങിയ കാലത്തെ സാംസ്കാരിക പശ്ചാത്തലം ആദ്യകവിതയുടെ ഈ പിൻകഥയിൽ നിന്നുതന്നെ വ്യക്തം. ബിരുദപഠനത്തിനു ശേഷം ടീച്ചർ പട്ടാമ്പി കോളേജിൽ എം.എ സംസ്കൃതത്തിനു ചേർന്നു. അപ്പൊഴേക്കും കുടുംബജീവിതത്തിലേക്കു കടന്നിരുന്നു. തുടർന്നെഴുതിയ കവിതകൾ ജ്വാലയിലും കലാകൗമുദിയിലും വെളിച്ചം കണ്ടു. പിന്നീട് അധ്യാപനജോലിയുടെയും കുടുംബജീവിതത്തിൻ്റെയും തിരക്കുകൊണ്ടാവുമോ എന്തോ ടീച്ചർ അധികമെഴുതിയില്ല. ഇങ്ങനെയൊരാൾ എഴുതിത്തുടങ്ങിയിരുന്നു, ഇപ്പോൾ കാണുന്നില്ലല്ലോ എന്ന് ആരും ഓർത്തതുമില്ല. സാവിത്രി മഹേശ്വരൻ്റെ കവിതാ ജീവിതത്തിൻ്റെ ലഘുവായ ഈ ആദ്യഘട്ടം ഇവിടെ അവസാനിക്കുന്നു.

ആ പഴയ ഓർമ്മകളെ ഒന്നുണർത്തിയപ്പോൾ ടീച്ചർ ധാരാളമായി എഴുതിത്തുടങ്ങി. ഇത്രയും വർഷങ്ങളുടെ വേർപാടിനു ശേഷം കവിതയിലേക്കു തിരിച്ചു വരുമ്പോഴും പുതുമയോടെ എഴുതാൻ സാവിത്രി മഹേശ്വരനു കഴിയുന്നു.ആധുനികതയുടെ ഉച്ചഘട്ടത്തിൽ ഇവരെപ്പോലെ ഒരു എഴുത്തുകാരി നിശ്ശബ്ദയായത് എന്തുകൊണ്ടാവാം എന്ന പ്രശ്‌നം തീർച്ചയായും പഠിക്കേണ്ടതാണ്. എഴുതിത്തുടങ്ങി പിന്നീട് നിശ്ശബ്ദയായി വർഷങ്ങൾക്കു ശേഷം വീണ്ടും എഴുതാൻ തുടങ്ങിയ ഒരെഴുത്തുകാരിയുടെ രചനകൾ സാമാന്യമായി പരിചയപ്പെടുത്താൻ ഉതകേണ്ട ഈ ആമുഖക്കുറിപ്പിൻ്റെ ഊന്നൽ ആധുനികതാവിമർശനമായി മാറരുത് എന്ന വിചാരത്തിൽ അത്തരമൊരു പഠനത്തിന് ഇവിടെ ശ്രമിക്കുന്നില്ല. ആ പ്രശ്‌നത്തിലേക്കു വിരൽ ചൂണ്ടുന്ന ഒരു കാര്യം മാത്രം ഇവിടെ സൂചിപ്പിക്കട്ടെ. സഹജമായ ഒരാത്മീയഭാവം മലയാളത്തിലെ പെൺകവിതാധാരക്ക് തുടക്കം മുതൽ ഉണ്ടായിരുന്നു. എന്നാൽ മലയാള ആധുനികത ഭാഷാശില്പങ്ങൾ കെട്ടിപ്പടുക്കുന്ന തിരക്കിൽ സഹജമായ ഈ ആത്മീയഭാവത്തെ അവഗണിച്ചു. പിന്നീട് വീണ്ടും എഴുതിയപ്പോഴും സാവിത്രി ടീച്ചറുടെ കവിതകളിൽ അടിയൊഴുക്കായി തുടർന്നത് ആ ധാര തന്നെയാണ്.

അഗാധത്തിൽ ഒരടിത്തട്ടും അത്യുന്നതിയിൽ ഒരു മേൽത്തട്ടും ഈ കവിതകളിലുണ്ട്. ഈ പുസ്തകത്തിലെ ഏറ്റവും പഴയ കവിതയായ ആകുമോ തുടങ്ങുന്നത് നനയും ഇലകളിൽ തെളിഞ്ഞും മേഘച്ചാർത്തിൽ ഒളിഞ്ഞുമെത്തി സുഖസ്മൃതിയുണർത്തുന്ന ഇളവെയിലിനെപ്പറ്റി പറഞ്ഞു കൊണ്ടാണ്. തുടർന്നു വരുന്നത് "കാറ്റു തട്ടുമ്പോൾ ഞെട്ടിക്കുളിരാർന്നിറുകുന്ന കാട്ടുതിപ്പലി കെട്ടിപ്പിണഞ്ഞ"മതിലോരമാണ്. ആ ദൃശ്യപരമ്പര മഴമേഘത്തിൽ ചെന്നു തൊടുന്നു. ഇങ്ങനെ മണ്ണും വിണ്ണും ചേർത്തിണക്കാനുള്ള ശ്രമമാണ് സാവിത്രി ടീച്ചറുടെ കവിതകൾ. കാളിദാസ ഭാവനയെ ഓർമ്മിപ്പിക്കുന്ന ഒരാശയമാണ് മണ്ണും വിണ്ണും ചേർത്തിണക്കൽ. തീർച്ചയായും ഭൂമിഗീതങ്ങളെഴുതിയ വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കവിതകളും ആകാശക്കാഴ്ച്ചയിൽ മതിമറന്ന് "അഹോ ഉദഗ്ര രമണീയാ പൃഥിവീ" എന്നു വിസ്മയിച്ച കാളിദാസ ഭാവനയും ഭൂസ്വർഗ്ഗങ്ങളെ ബന്ധിപ്പിക്കുകയാണ് കാളിദാസൻ എന്നു നിരീക്ഷിച്ച ടാഗോറിൻ്റെ സാഹിത്യലോകവും സാവിത്രി ടീച്ചറിൻ്റെ കവിതകളുടെ പിന്നിൽ സ്വാധീനശക്തിയായുണ്ട്.ആഴങ്ങളും ഉയരങ്ങളും ഒരു ബിന്ദുവിൽ ഏകാഗ്രമാക്കാനുള്ള ഈ ശ്രമം തീർച്ചയായും ആത്മീയമാണ്. അവയെ തമ്മിലിണക്കുന്ന ഒരു വള്ളിയൂഞ്ഞാലിലാണ് ആഖ്യാതാവിൻ്റെ ഗൃഹാതുരമായ മയക്കം.പൂവ്, പുഴ, പ്രകൃതി, വീടിനോടും നാടിനോടുമുള്ള ഗൃഹാതുരത എന്നിവയെല്ലാം സ്വാഭാവികവും സൂക്ഷ്മവുമായിത്തന്നെ ഈ കവിതകളിൽ കാണാം. നാട്ടിൻപുറത്തെ കുന്നിൻ ചെരുവിലെ പാറപ്പരപ്പിലിരിക്കുമ്പോൾ കാലിൽ തടഞ്ഞ മുക്കുറ്റിപ്പൂവിനെക്കുറിച്ചൊരു കവിത ഇതിലുണ്ട്.

നിൻ്റെ പേനത്തുമ്പു തട്ടിയതോർത്തിട്ടു
തന്നെയാവാമതിന്നിന്നിത്ര പുഞ്ചിരി

കാലല്ല പൂവിൽ തടഞ്ഞത്, കവിയുടെ പേനത്തുമ്പാണ്. പേനത്തുമ്പു തട്ടി ചിരിക്കുന്ന പ്രകൃതിയും ഗൃഹാതുരസ്മൃതികളും ഈ കവിതകളിലുണ്ടെങ്കിലും അവ അവതരിപ്പിക്കുന്നതിൻ്റെ തനതായ പുതുമ ഈ കവിതകളെ വ്യത്യസ്തമാക്കുന്നു. പേനത്തുമ്പു തട്ടിയതിൻ്റെ ചിരി എന്ന പ്രയോഗം തന്നെ ഉദാഹരണം. ആ പ്രയോഗത്തിനു പിന്നിൽ പേനത്തുമ്പു തട്ടാതെ പോയ ചിരികളുടെയും ദുഃഖങ്ങളുടെയുമെല്ലാം മുഴക്കമുണ്ട്. കുന്തിപ്പുഴയും പുഴവക്കത്തെ വള്ളുവനാടൻ ഗ്രാമവും തറവാടും പരദേവതയുമെല്ലാം ഇങ്ങനെ പേനത്തുമ്പു തട്ടി ചിരിക്കുന്നു ഈ കവിതകളിൽ. ടീച്ചറുടെ പല കവിതകളിലൂടെ കുന്തിപ്പുഴ ഒരു കൂട്ടുകാരിയെപ്പോലെ ചിരിച്ചൊഴുകുന്നു.ഒരു നാടൻ സ്വപ്നം എന്ന കവിതയിൽ നാടുവിട്ടു പോകാൻ മടിച്ച് വിവാഹം തന്നെ വേണ്ടെന്നു വക്കുന്ന ഒരു ചേച്ചിയെ അവതരിപ്പിക്കുന്നുണ്ട്. നാടു മാത്രമല്ല ജീവത്തായ സ്വന്തം ഭാഷ വിട്ടു പോകാനുള്ള മടി കൂടിയാണ് ആ കവിത വിടർത്തിക്കാണിക്കുന്നത്.

തോട്ടിലേക്കൊപ്പം പോരണ 
ദാ ഈ ചാവാളിനായ..
പിന്നെ നമ്മടെ ജനലിന്റെ 
മോളിലുദിക്കണ അമ്പിള്യമ്മാമൻ
നീയവിടെ നിക്കണ ആ തെങ്ങ് നോക്കീട്ടുണ്ടോ
നിലാവത്ത് അതിനെ നോക്കിനില്ക്കാൻ
ആളില്യാത്ത ഒരു സ്ഥിതി 
നിക്കോർക്കാൻ വയ്യ
ആ മല എത്രനേരം നോക്കിനിന്നാലും
നിക്കധികാവ് ല്യ
ആ മലേടെ മീതേന്ന് പാടോം കടന്ന് 
മഴ വരണത്,നീ കണ്ട്ട്ട്ണ്ടോ
അത്ൻ്റെ മണം നെണക്കറിയ്വോ
ഞാൻ ഇതൊന്നും വിട്ട്
എങ്ങടൂല്യ

ഇതൊന്നും വിട്ട് എങ്ങോട്ടുമില്ല എന്നതാണ് ഈ കവിതകളിലെ സുപ്രധാനമായ ഉള്ളടര്. വെള്ളത്തിനടിയിൽ ഒരു പാത്രം മുങ്ങിക്കിടക്കുംപോലുള്ള അസ്തിത്വത്തെ ഈ കവിതകൾ ധ്യാനിക്കുന്നു. ഓർക്കാൻ ഇഷ്‌ടപ്പെടുന്ന നിമിഷങ്ങളിൽ ഇവ ആണ്ടുമുങ്ങിക്കിടക്കുന്നു. അതേസമയം മാറിനിന്ന് ഈ മുങ്ങിക്കിടപ്പിനെ തത്വചിന്താപരമായി വീക്ഷിക്കുകയും ചെയ്യുന്നു. "എന്റെ മനസ്സേ!അവിടെയൊന്നും ആരുമില്ല,ആളൊഴിഞ്ഞ കൂടുകൾ മാത്രം,അവയെ പറത്തിയകറ്റുന്ന പാലക്കാടൻ കാറ്റുമാത്രം". കൽപ്രതിമകൾക്കും അവയെ ചുറ്റിക്കറങ്ങുന്ന കരിയിലകൾക്കുമിടയിലൂടെ കാറ്റ് ആകാശ വീഥിയിലേക്കു പടർന്നു കയറുന്നു. താഴ്ച്ച സുഖമാണ്, ഉയരം ഉദാത്തവും എന്ന് ഈ കവിതകൾ പ്രഖ്യാപിക്കുന്നു. ഉച്ചത്തണലിൽ ഉറങ്ങാൻ കിടക്കുന്ന നാട്ടുവീരൻ നായയെപ്പോലെ സ്വന്തം സ്ഥലത്ത് തൃപ്തനായി കിടക്കുന്നതിൻ്റെ സുഖം. ശൃംഗങ്ങളിൽ നിന്ന് ഉയരങ്ങളിലേക്കു കയറിക്കയറിപ്പോകുന്ന മലയാടുകൾ അനുഭവിക്കുന്ന ഉദാത്തമായ ആനന്ദം. പല കവിതകളിലുണ്ട് കുഴികളും ഉയരങ്ങളും, സ്വപ്നങ്ങളിൽ പ്രത്യക്ഷപ്പെടുംപോലെ.അതെ,മണ്ണിൻ്റെ താഴ്ച്ചയും വിണ്ണിൻ്റെ ഉയരവും ഈ കവിതകളിൽ മുഖാമുഖം നോക്കുന്നു. ആകാശത്തിലേക്ക് അയക്കുന്ന സന്ദേശങ്ങളോ ആകാശ സഞ്ചാരങ്ങളോ ഗോളാന്തരയാത്രകളോ ആണ് പല കവിതകളുടെയും പ്രമേയം. പ്രപഞ്ചം സൃഷ്ടിച്ചു മനം മടുത്ത നിറം കെട്ട നക്ഷത്രങ്ങളുള്ള ആകാശം. അയഞ്ഞ, മുഷിഞ്ഞ തൊപ്പി പോലെ ചുറ്റും വന്നു മൂടുന്ന ആകാശം. നശിക്കാനും നിലനിൽക്കാനുമുള്ള ത്വരകൾക്കിടയിൽ പെട്ട് മാനം നോക്കി നിൽക്കുന്ന ചിത്രശലഭത്തോട് 'സ്വന്തം നിറം' എന്ന കവിതയിലെ കുട്ടി പറയുന്നു, മേഘങ്ങൾക്കിടയിൽ കുളിച്ചു നിറം മാറി വരാൻ. ആകാശപ്പൊയ്കകളിലേക്ക് കിളികൾ ആണ്ടുപൊയ്ക്കൊണ്ടിരിക്കുന്നു ഒരു കവിതയിൽ. ആകാശം ജനലിലൂടെ കാണുന്ന ഒരു കീറായെങ്കിലും കടന്നു വരാത്ത കവിതകൾ ഈ സമാഹാരത്തിൽ കുറവാണ്. "വാതിലൊന്നു പുറത്തേക്കതു തുറന്നാവതില്ലെനിക്കാകാശം കാണുവാൻ" എന്നതാണ് കവിയുടെ നിരാശ.ആത്മീയമായ ഉണർവാകുന്നു ആകാശം.ആ ഉയരത്തു നിന്നു കൊണ്ട് മണ്ണിൽ, കുന്തിപ്പുഴയിൽ, മുക്കുറ്റിപ്പൂവിൽ താൻ ആണ്ടുനിൽക്കുന്നത്- വെള്ളത്തിനടിയിൽ ഒരു പാത്രം എന്നപോലെ- കവി സ്വയം നോക്കിക്കാണുന്ന ഘടന ഈ കവിതകളുടെ സവിശേഷതയാകുന്നു. ഭൂമിയിൽ നിന്നുള്ള രക്ഷപ്പെടലല്ല, ഭൂമിയിലേക്ക് ആഴ്ന്നു നോക്കാനുള്ള ഒരു നിലയാകുന്നു ആകാശം. കവിയ്ക്കൊപ്പം ഭാവുകനും അങ്ങനെയൊരു നോട്ടനില പ്രാപ്യമാക്കാൻ ഈ കവിതകൾ സഹായിക്കുന്നു. ഈരടിയാൽ ഉണരുന്ന ഭാവുകൻ്റെ മിഴികൾക്കും ആ നോട്ടം സാധ്യമാകുന്നു.  മാനം ശിരസ്സും മണ്ണ് ഉടലുമായുള്ള ഒരു ബൃഹദ് ശില്പത്തിൻ്റെ സചേതനമായ ഉദാത്തത ഭാവുകൻ്റെ മനസ്സിൽ സ്പന്ദിച്ചു തുടങ്ങുന്നു.

ഇത്ര കാലം കഴിഞ്ഞ് വീണ്ടും എഴുതുമ്പോഴും മാധ്യമത്തിലുള്ള കൈത്തഴക്കം ഈ കവിക്ക് നഷ്ടപ്പെട്ടിട്ടില്ല എന്നത് എടുത്തു പറയേണ്ടതുണ്ട്. പ്രകൃതിയുടെ സൂക്ഷ്മസൗന്ദര്യങ്ങളെയും സൂക്ഷ്മാനുഭവങ്ങളെയും ഭാഷയിൽ ഒപ്പിയെടുത്താണ് ആകുമോ പോലൊരു കവിത വരുന്നത്. ആ സൂക്ഷ്‌മത കാലം ആവശ്യപ്പെടാത്തതിൻ്റെ സംഘർഷം എഴുപതുകളോടെ എഴുത്തവസാനിപ്പിക്കാൻ വരെ കാരണമായിട്ടുണ്ടാകാം എന്നു ഞാൻ കരുതുന്നു. എഴുത്തു നിർത്തിയതിന് ഔദ്യോഗിക- കുടുംബജീവിതത്തിരക്കുകളാകും കവിയോടു ചോദിച്ചാൽ കാരണമായി പറയുക. എന്നാൽ എഴുപതുകളോടെ ഈ കവി എഴുത്തവസാനിപ്പിച്ചത് വ്യക്തിപരം മാത്രമായ ഒരു തീരുമാനമായിരുന്നില്ലെന്ന് ഞാൻ കരുതുന്നു. എല്ലാവരും എഴുതുന്ന ഒരു പൊതുകവിതക്ക് ഒപ്പം തൻ്റെ കവിമൊഴി ഉയർത്തി നിർത്താൻ ഈ കവി കാവ്യഭാഷകൊണ്ടും പ്രമേയം കൊണ്ടും ശ്രമിക്കുന്നത് എഴുപതുകളിലെഴുതിയ കവിതകൾ പരിശോധിച്ചാൽ അറിയാനാകും. കലി പോലെയും പിറവി പോലെയുമുള്ള കവിതകളിൽ അതിനുള്ള ശ്രമമുണ്ട്. എന്നാൽ ആ വഴി തൻ്റെ കവിതയെ മുന്നോട്ടു കൊണ്ടുപോകില്ല എന്നു തോന്നിയതിനാലാകാം അവർ നിശ്ശബ്ദത വരിച്ചത്. നിശ്ശബ്ദത വരിക്കുകയല്ല, നിശ്ശബ്ദതയുടെ ഗർത്തത്തിലേക്കു വീഴുകയായിരുന്നു എന്ന് കവി തിരിച്ചറിയുന്നുണ്ട്. ആനുകാലികം എന്ന കവിതയിൽ തൻ്റെ എഴുത്തു ജീവിതത്തിൻ്റെ ഈ ആദ്യപകുതിയിലേക്ക് കവി തിരിഞ്ഞു നോക്കുന്നു. "യാത്രയുടെ ആ മുന്നോട്ടുള്ള കുതിപ്പെല്ലാം തീർന്ന് മാനത്തേക്ക് അറിയാതെ ഒന്നു നോക്കിയപ്പോൾ ആയിരിക്കണം കാല് തെന്നി ഞാനാ പടുകുഴിയിലേക്ക് വീണത്. അങ്ങാടിയിൽ നിന്നു വാങ്ങിയ ആഴ്ചപ്പതിപ്പുകൾ ആ വീണിറക്കത്തിലും ഞാൻ വിടാതെ പിടിച്ചു" ഇവിടത്തെ, 'മാനത്തേക്ക് അറിയാതെ ഒന്നു നോക്കൽ' എന്ന പ്രയോഗത്തിന് അടിവരയിടണം. ആ നോട്ടത്തിൽ ഉയരെ ചന്ദ്രക്കലയുടെ നറുവെട്ടം കവി കാണുന്നുണ്ട്. ആത്മീയാനുഭൂതിയുടെ മറുലോകങ്ങൾ തേടിപ്പോയാൽ പടു കുഴിയിൽ വീഴ്ത്തുന്ന ആനുകാലികതയെ കവി ഇന്ന് ശരിയായി മനസ്സിലാക്കുന്നു. "പതുക്കപ്പതുക്കെ എന്റെ സ്വന്തം ശബ്ദം ആ പല ശബ്ദങ്ങളിൽപ്പെട്ട് തിരിച്ചറിയാൻ പറ്റാത്ത വിധത്തിൽ മറഞ്ഞുപോയി…തിരിച്ചെടുക്കാനാകാതെ…. "ആനുകാലികതയുടെ പടുകുഴിയിൽ നിന്ന് കവി ഇതാ പുറത്തുവന്നിരിക്കുന്നു.തൻ്റെ സ്വന്തം സ്വാഭാവിക ശബ്ദം വീണ്ടെടുത്തുകൊണ്ടാണ് 2010 നു ശേഷം ഇവർ ധാരാളമായി എഴുതിയത്. സന്ദിഗ്ദ്ധതകൾക്കിടയിലൂടെ സ്വന്തം ഇടം കണ്ടെത്തുന്ന കവിതയെക്കുറിച്ച് മനോഹരമായൊരു കവിത ഈ സമയത്ത് കവി എഴുതുന്നുണ്ട്. എൻ്റെ കവിത എന്നു തന്നെയാണതിൻ്റെ പേര്. കൊതിയ്ക്കുന്നതിനും കിടയ്ക്കുന്നതിനുമിടയിലാണ് അതിൻ്റെ ഇടം.

കക്ഷത്തിലുള്ളതു താഴെ വെക്കാതെ
ഉത്തരം തപ്പുന്നു എന്റെ കവിത
സ്ത്രീപക്ഷം വിടാതെ
റൊമാന്റിക്ക് ആവാൻ നോക്കുന്നു
എന്റെ കവിത!
സ്വിച്ച് മാറിയിട്ട്
ബൾബിനെ പഴിക്കുന്നു
എന്റെ കവിത!
ഷവറിനടിയിൽ ദേഹത്ത്
ചുടുവെള്ളം പ്രതീക്ഷിച്ച്
മോഹിച്ചു നില്ക്കേ,
തലയിലൊട്ടാകെ 
കുളിർവെള്ളം പൊഴിച്ച്
കോരിത്തരിച്ചുനില്ക്കുന്നു
എന്റെ കവിത!

താഴ്ന്ന സ്ഥായിയിലുള്ള പറച്ചിലിൻ്റെ ഘടനയാണ്, ഗദ്യമായാലും പദ്യമായാലും, സാവിത്രി മഹേശ്വരൻ്റെ കവിതയുടെ സ്വാഭാവിക വഴിയുടെ ശക്തി.എതിർവശങ്ങളിലേക്കു നീങ്ങുന്ന ഉറുമ്പുകൾ ഒന്നു നിന്ന് പരസ്പരം മന്ത്രിക്കുന്ന പ്രപഞ്ചരഹസ്യത്തിൻ്റെ ശക്തിയുണ്ട് ഈ കവിതകളിലെ പറച്ചിൽ ഭാഷക്ക്. മൃദുവായ ഒരു പറച്ചിൽ മുള്ളുകളെ ഇല്ലാതാക്കും എന്ന് ഈ കവി വിശ്വസിക്കുന്നു. കുഞ്ഞുന്നാളിൽ എണ്ണപ്പുഴുവിനെ കണ്ടപ്പോൾ അമ്മ പറഞ്ഞ വാക്കുകൾ വൈലോപ്പിള്ളിയുടെ എണ്ണപ്പുഴുക്കൾ എന്ന കവിതയിലെ ആഖ്യാതാവിൻ്റെ മനസ്സിൽ ആണ്ടിറങ്ങിയ പോലെ, ഈ കവിയുടെ ഉള്ളിൽ കയറിയ ഒരു വിശ്വാസമാണിത്. "ചെറുകാറ്റേറ്റാലൊന്നു കരയാൻ തോന്നും,നിന്റെ ചെറുകൈത്തലോടലിലങ്ങനെ നില്ക്കാൻതോന്നും" എന്ന് മൃദുവായ് പറഞ്ഞ് തൊട്ടാവാടിപ്പടർപ്പിൽ ചവിട്ടിയാൽ അവ മുള്ളുകൾ ഉള്ളിലേക്കു വലിക്കുമത്രെ. ഗ്രാമീണമായ ഒരു മൂഢഭാവനയാവാം ഇതും. എന്നാൽ മൃദുവായ പറച്ചിൽ മുള്ളുകൾ ഇല്ലാതാക്കും എന്നു മാത്രമല്ല പഞ്ഞി പോലമരുന്ന പൂവുകൾ നമ്മെ തഴുകുകയും ചെയ്യും. അതിനാൽ ഈ കവി മൃദുവായ്, മൃദുവായ് മാത്രം പറയുന്നു. ഈ പറച്ചിൽ മൊഴി സാവിത്രി ടീച്ചറുടെ കവിതകളെ സമകാലികമാക്കുന്നു. എല്ലാം ഇല്ലാത്തതായിക്കൊള്ളട്ടെ. വല്ലാത്ത രസം മാത്രം ഉള്ളതായിരുന്നാൽ മതി എന്ന നേർമ്മ ഭാഷയിലും വീക്ഷണത്തിലും തെളിഞ്ഞു കിടക്കുന്നു. വല്ലാത്ത രസമുള്ള മൃദുവായ പറച്ചിലാണ് ഈ കവിതകളുടെ മൊഴിമുദ്ര. തീരത്തു പതിഞ്ഞ രണ്ടു കൊച്ചു കാലടിപ്പാടുകളെ വീണ്ടും വീണ്ടും വന്നു നോക്കുന്ന കടൽത്തിരയെപ്പറ്റിയുള്ള കവിതയാണ് 'തിരകൾക്കൊപ്പം'. കവിതക്കൊടുവിൽ അമ്മത്തിര വന്ന് ആ കടൽത്തിരയെ പിറകോട്ടു വലിച്ചുകൊണ്ടുപോകുന്നു. തീരത്തെ കാലടിപ്പാടിൻ്റെ ഓർമ്മപോലെയേയുള്ളൂ ഏത് ആവിഷ്ക്കാരവും എന്ന തിരിച്ചറിവുപോലെത്തന്നെ പ്രധാനമാണ് തിരയുടെ ഓർമ്മയിലുണ്ട്, ആ കൊച്ചു കാലടിപ്പാടുകൾ എന്നത്. മൃദുവായ പറച്ചിൽ എന്നു മുകളിൽ പറഞ്ഞതിൻ്റെ മൂർത്ത രൂപം തന്നെ തിര മായ്ക്കും മുമ്പുള്ള കൊച്ചു കാലടിപ്പാടുകൾ.

ഞാൻ   
ഇല്ലാത്ത കണ്ണട
മൂക്കിൽ വെച്ച്
ഇല്ലാത്ത പുസ്തകത്തിലെ
ഇല്ലാത്ത കവിതകൾ 
വായിക്കാൻ തുടങ്ങി
കാടുകളു൦ മേടുകളും
റോഡുകളും റയിലുകളും പിന്നിട്ട്
അറിയാത്ത വഴികളിലൂടെ
അവ ഓടിക്കൊണ്ടേയിരുന്നു
ഈ ഇല്ലാത്ത കവിതകൾ
വായിച്ചു വന്ന
വല്ലാത്ത രസം മാത്രം
ഉള്ളതായിരുന്നു.

പുതിയ കാലത്തിന് ഈ വല്ലാത്ത രസത്തോട് ഐക്യപ്പെടാനാകുന്നുണ്ട്. അറിയാവുന്ന പാതകൾ വിട്ട് അറിയാ വഴികളിലൂടെ ഓടിക്കൊണ്ടേയിരിക്കുമ്പോൾ ഇല്ലാത്ത കവിതകളുടെ വല്ലാത്ത രസം അനുഭവിക്കാനാവുന്നു. എന്തിനെന്നില്ലാത്ത വേഗവും അതിൻ്റെ ഹരവും ഇല്ലാത്തവയാണിവയെല്ലാം എന്ന തിരിച്ചറിവും ചേർന്ന് ഈ വല്ലാത്ത രസത്തെ സമകാലികമാക്കുന്നു.ഈരടിയുണർത്തുന്ന ഈ രസം വായനക്കാർക്കു പകരാനായി, അരനൂറ്റാണ്ടു മുമ്പ് കാലം അടച്ചു വെച്ച പേന കാലം തന്നെ കവിക്ക് തിരികെ നൽകിയിരിക്കുന്നു. ആ പേനത്തുമ്പു തട്ടി ലോകം പുതുതായ് ചിരിക്കാൻ തുടങ്ങുന്നു.

Monday, August 17, 2026

ലിപിഗോപുരത്തിലേക്കുള്ള പിരിയൻഗോവണി

ലിപിഗോപുരത്തിലേക്കുള്ള പിരിയൻഗോവണി



പുറത്തുകടക്കുന്നതെങ്ങനെ എന്നന്വേഷിച്ച് പൂർവനിശ്ചിതമായ ഭ്രമണപഥങ്ങളിലൂടെ അലയുന്ന മനുഷ്യൻ്റെ പുസ്തകമാണ് അഭിരാം എസ്സിൻ്റെ ഗോപുരലിപി എന്ന കൃതി. പൗരാണികമായ അനുഷ്ഠാനങ്ങൾ തൊട്ട് കലയും സാഹിത്യവും തത്വചിന്തയും ചരിത്രവുമെല്ലാം ഈ അലച്ചിലിൻ്റെ ഭാഗമാകയാൽ അവയെല്ലാം ഈ ജെൻസി കവിയുടെ എഴുത്തിൻ്റെയും വിഷയമാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടുമാത്രം നേരിൽ കണ്ടിട്ടുള്ള ഈ കവിയുടെ എഴുത്തിൽ മനുഷ്യൻ പിന്നിട്ട മുഴുവൻ നൂറ്റാണ്ടുകളും ഗോപുരത്തിൻ്റെ പടിക്കെട്ടുകൾ പോലെ കാണപ്പെടുന്നു. അവയെല്ലാം ഉള്ളടക്കുന്ന ഴാനർ ആയി കവിത ഇവിടെ മാറുന്നു. കഥയുടെയും നാടകത്തിൻ്റെയും ചരിത്രത്തിൻ്റെയും ശില്പകലയുടെയും, എന്തിന് വീഡിയോ ഗെയിമിൻ്റെയും പദപ്രശ്നത്തിൻ്റെയും വരെ, ടെക്നിക്കുകൾ അതിനായി കവിതയോടിണക്കുന്നു. കേവലം ഒരു പ്രമേയമായല്ല ഈ മനുഷ്യായനവും അന്വേഷണവും ലക്ഷ്യവും ഗോപുരലിപിയിലെ കവിതകളിലും തുടർന്നുള്ള കവിതകളിലും അഭിരാം ആവിഷ്‌ക്കരിക്കുന്നത്. പ്രമേയം,കാവ്യബിംബങ്ങൾ, ആഖ്യാനരീതികൾ,ഭാഷ എന്നിവ ഒത്തിണക്കിക്കൊണ്ടാണ്. ഈ കവിയിലൂടെ മലയാളത്തിൻ്റെ പുതുതലമുറ കവിത എന്ന ജനുസ്സിനെ ഭാവുകത്വപരമായി എങ്ങനെയാണ് പുതുക്കുന്നത് എന്ന അന്വേഷണമാണ് ഈ ലേഖനം.

ആദ്യവാചകം ഒന്നുകൂടി വായിക്കൂ. ആശയപരമായി അതിന് മൂന്നടരുകളുണ്ട്. പൂർവനിശ്ചിതമായ ഭ്രമണപഥങ്ങളിലൂടെയുള്ള ഒടുങ്ങാത്ത അലച്ചിലിൻ്റേതാണ് ആദ്യ അടര്. രണ്ടാമത്തേത്, പുറത്തു കടക്കുന്നതെങ്ങനെ എന്ന അന്വേഷണത്തിൻ്റേത്. മൂന്നാമടര് ആ അന്വേഷണത്തിൻ്റെ ലക്ഷ്യവും ഫലവും എന്ത് എന്നത്. ഈ മൂന്നടരുകൾ അഭിരാമിൻ്റെ കവിതയിലെ പ്രമേയപരമായ അടരുകൾ തന്നെയാണ്. ആ കവിതകളിൽ ഇവ എങ്ങനെ പ്രയുക്തമായിരിക്കുന്നു എന്നതാണ് ആദ്യമായി ഇവിടെ പരിശോധിക്കുന്നത്.

പൂർവനിശ്ചിതമായ ഭ്രമണപഥങ്ങളെ ഗോപുരലിപിയിലെ കവിതകൾ വിശേഷിപ്പിക്കുന്നത് വഴിച്ചുറ്റ് (അനന്തൻ, അനർത്ഥം), വഴിപ്പിണര് (മൂന്ന് ഉരുവങ്ങളിൽ ഒരു രാത്രി, സായാഹ്നമൊന്നിൽ)വഴിക്കുരുക്ക്(ഗതി) എന്നീ വാക്കുകൾ കൊണ്ടാണ്. മൂന്നു വാക്കുകൾക്കും തമ്മിൽ സൂക്ഷ്മമായ അർത്ഥവ്യത്യാസമുണ്ടെങ്കിലും ഏതിലേ പോയാൽ എങ്ങോട്ടെത്തും എന്നു പറയാൻ കഴിയാത്തവിധം വഴികൾ കുഴഞ്ഞു പിണഞ്ഞു കുരുങ്ങിക്കിടക്കുന്ന അനുഭവം മൂന്നു വാക്കിനുമുണ്ട്. അതിലകപ്പെട്ടുപോയ യാത്രികൻ്റെ നില പറയാനുണ്ടോ? ലാബറിന്ത് എന്നത് പാശ്ചാത്യസാഹിത്യത്തിൽ, വിശേഷിച്ച് ബോർഹസിനെപ്പോലുള്ള ലാറ്റിൻ അമേരിക്കൻ എഴുത്തുകാരുടെ കൃതികളിൽ സമാനാവസ്ഥയെ കാണിക്കുന്ന പ്രയോഗമാണ്. രാവണൻകോട്ട എന്നൊരു വാക്ക് ഇതേ ആശയം കാണിക്കാൻ മലയാളത്തിലുണ്ടെങ്കിലും അതിനേക്കാൾ കേരളീയവും സ്വാഭാവികവുമാണ് വഴിച്ചുറ്റ്, വഴിപ്പിണര്, വഴിക്കുരുക്ക് എന്നീ പദങ്ങൾ. മുമ്പേതെങ്കിലുമൊരെഴുത്തുകാരൻ ഈ  വാക്കുകൾ ഇത്ര സ്ഥുടതയോടെ ആവർത്തിച്ചു പ്രയോഗിച്ചു ഫലിപ്പിച്ചിട്ടുണ്ടെന്നതിന് എൻ്റെ വായനാനുഭവത്തിൽ ഉദാഹരണമില്ല. ലാബറിന്ത് ശരിക്കുമൊരു തടവറയാണ്. എന്നാൽ വഴിച്ചുറ്റ്, വഴിപ്പിണര്, വഴിക്കുരുക്ക് എന്നിവയിൽ വഴിയുമുണ്ട്, ചുറ്റ് അല്ലെങ്കിൽ പിണര് അല്ലെങ്കിൽ കുരുക്കുമുണ്ട്.

ഒരിടത്തു നിന്നും മറ്റൊരിടത്തേക്കു നയിക്കുന്നതാണ് വഴി. വഴി വാസ്തവത്തിൽ മോചനമാണ്. എന്നാൽ പല വഴികൾ കുറുകെയും നെടുകെയും പിണഞ്ഞു കിടന്നാൽ ആശയക്കുഴപ്പമാകും. ഏതു വഴി എങ്ങോട്ടെത്തിക്കും എന്ന പിടികിട്ടായ്മ ഈ മലയാള വാക്കുകളിലുണ്ട്. വഴി ഇല്ലാത്തതിൻ്റെയല്ല, അറിയാത്തതിൻ്റെയല്ല, പ്രശ്‌നം. വഴിയുണ്ട് എന്നതാണ്. അത് എന്നും പോകുന്നതു തന്നെ എന്നതും. ആവർത്തിക്കും തോറും ഒരേ വഴി അല്ലെങ്കിൽ ഒരുപോലുള്ള വഴി പെരുകിക്കൊണ്ടിരിക്കുന്നു. അങ്ങനെ വഴികൾ കൂടുതലായതിൻ്റെ കുഴമറിച്ചിൽ,കലക്കം. ഇരുപതാം നൂറ്റാണ്ടിലെ മലയാളകവിക്ക് വഴിയുണ്ടാക്കലായിരുന്നു പ്രശ്‌നം. വഴിനടക്കാനുള്ള അവകാശത്തിനു വേണ്ടി ചരിത്രപ്രസിദ്ധമായ സമരങ്ങൾ നടന്ന നാടാണിത്. പുതുവഴി വെട്ടിയാലും പെരുവഴിയേ തന്നെ പോകുന്ന സമൂഹത്തിൻ്റെ യാഥാസ്ഥിതികത്വത്തെ വഴിവെട്ടുന്നവരോട് എന്ന കവിതയിൽ കക്കാട് വിമർശിക്കുന്നത് ഓർക്കാം. വഴിയ്ക്കായി ചില്ലകൾ കൊണ്ടും വേരുകൾ കൊണ്ടും ആറ്റൂരിനെപ്പോലൊരു കവി തപ്പുന്നു. ഇരുപതാം നൂറ്റാണ്ടിനൊടുവിൽ ഞാനും ഒരു കവിതയിൽ വഴിയെവിടെ വഴിയെവിടെ എന്നെഴുതിയിട്ടുണ്ട്. എന്നാൽ ഇരൂപത്തൊന്നാം നൂറ്റാണ്ടിലെ പുതുതലമുറമലയാളകവിക്ക് വഴിയല്ല അതാവർത്തിച്ചും പെരുകിയുമുണ്ടാകുന്ന വഴിച്ചുറ്റാണ്, പിണരാണ് പ്രശ്നം.വഴി എന്ന ബിംബം ഇരുപതാം നൂറ്റാണ്ടിലെ കവി ഉപയോഗിക്കുന്നതും 21-ാം നൂറ്റാണ്ടിലെ കവി ഉപയോഗിക്കുന്നതും തമ്മിലെ വ്യത്യാസം ശ്രദ്ധിക്കണം. വഴിയിലൂടെ യാത്രികനാണ് അന്ന് നടന്നതെങ്കിൽ ഇന്ന് യാത്രികനിലൂടെ വഴി നടക്കുന്നു. യാത്രികനെ വഴി നിരീക്ഷിക്കുന്നു, സ്കാൻ ചെയ്ത് പരിശോധിക്കുന്നു.

വീടിനും ആപ്പീസിനുമിടയിലെ ചെറുവിരൽ നീളത്തിൽ ഒരട്ടയോളം പോന്ന പരിചിതവഴി നേരമിരുട്ടി മടങ്ങുമ്പോൾ വഴിക്കുരുക്കായി മാറുന്നു ഗതി എന്ന കവിതയിൽ. ആ മാറ്റത്തിൻ്റെ പ്രക്രിയ വിവരിക്കുന്നു കവിത. വീട്ടിൽ നിന്ന് ആപ്പീസിലേക്കിറങ്ങി കാൽ വയ്ക്കുന്ന നിമിഷം, "അപാരമായൊരു സ്പർശത്തിൽ വഴി ഞൊടിയിൽ ചുരുണ്ടു ചുഴിയാകും". തൊടുമ്പോൾ ചുരുളുന്ന തേരട്ടപോലെ ഒരു ജീവിയാകുന്നു വഴി. ജീവിയെപ്പോലെ ചുരുളുന്നുണ്ടെങ്കിലും അത് ചുഴിയാണ്. ചുഴിക്ക് ഒരു പ്രത്യേകതയുണ്ട്. അത് അകപ്പെടുന്നയാളെ ഉള്ളിലേക്കു വലിക്കും. വലിച്ചാഴ്ത്തും. വഴി ചുഴിയാവാൻ ഒരക്ഷരത്തിൻ്റെ, വെറുമൊരു ലിപിയുടെ മാറ്റം മതി എന്നോർമ്മിപ്പിക്കുന്നു ആ രണ്ടു വാക്കുകൾ തമ്മിലുള്ള ശബ്‌ദസാമ്യം അഥവാ പ്രാസം. ചെറുവഴിയാണെങ്കിലും കാൽ കുത്തുന്നതോടെ അത് തന്നെ വലിച്ചാഴ്ത്തുന്നു. അതേ വഴിയുടെ ആകാശദൃശ്യമാണ് കവിതയുടെ രണ്ടാം ഖണ്ഡം. ഡ്രോൺ ക്യാമറയല്ല, ഒരു കിളിയുടെ കുമിളക്കണ്ണാണ് കാഴ്ച്ച പകർത്തുന്നത്. തേരട്ടയോ പുഴുവോ ആകട്ടെ, വിശപ്പു കത്തുന്ന കിളിക്കണ്ണിൽ അത് ഒരിരക്കൂട്ടമാണ്. വഴുവഴുത്തു പുളഞ്ഞു പിണയുന്ന ചെവിപ്പാമ്പുകളുടെ ഒരു പറ്റം. യാത്രികൻ കാൽ വെയ്ക്കുന്നതോടെ സ്വയമൊരു ചുഴിയായി മാറുന്നതെങ്കിലും വീടിനും ആപ്പീസിനുമിടയിൽ ഒരു വഴി ഉണ്ടായിരുന്നു. ഇനി അതുറപ്പില്ല. വിശന്ന ഒരു കിളിക്ക് അതിരയായിത്തീരാം. വഴിയെ പുഴുവാക്കാൻ പോന്നതാണ് വലിയ വിശപ്പുകൾ. കവിതയുടെ മൂന്നാം ഖണ്ഡത്തിൽ ആപ്പീസിലിരുന്ന് അയാൾ ചെയ്യുന്ന ജോലി വീഡിയോ ഗെയിമുകളുണ്ടാക്കലാണ്. അതിലും വഴിപ്പിണരുതന്നെ. ഇതെല്ലാം ചേർന്ന് നേരം ഇരുട്ടുന്നതോടെ നാലാം ഖണ്ഡത്തിൽ വീട്ടിലേക്കുള്ള മടങ്ങിവരവിൽ വഴിച്ചുറ്റിൽ നനഞ്ഞ ഒരു നിശ്വാസമായി അയാൾ ഒടുങ്ങുന്നു.

ഗതി എന്ന വാക്കിന് ശബ്ദതാരാവലിയിൽ നടപ്പ്, ഉപായം രക്ഷ, മോക്ഷം, സമ്പത്ത് എന്നെല്ലാം അർത്ഥം കൊടുത്തുകാണുന്നുണ്ട്. അതുകൊള്ളാം,മാർഗ്ഗം തന്നെയാണ് രക്ഷയും മോക്ഷവും. കവിതയിൽ എന്നും പതിവുള്ള ചെറു വഴിയാത്ര ഉപജീവനത്തിനായാണ്, ഓഫീസിലേക്കാണ്. അതുകൊണ്ടു തന്നെ ഈ നടപ്പ് സമ്പത്തിനുള്ള ഉപായവുമാണ്. എന്നാൽ വഴി തന്നെ വഴിപ്പിണരാകുമ്പോൾ രക്ഷ, മോക്ഷം എന്നീ അർത്ഥങ്ങൾ അടഞ്ഞുപോവുകയും രക്ഷയും മോക്ഷവുമില്ലാത്ത നടപ്പു മാത്രമായിത്തീരുകയും ചെയ്യുന്നു. രക്ഷയില്ലാത്ത വഴിച്ചുറ്റിനെ ഗതി എന്ന കവിത ഇങ്ങനെ അടയാളപ്പെടുത്തുന്നു.

അങ്ങോട്ടും ഇങ്ങോട്ടുമുള്ള നടപ്പിൻ്റെ ഒരു വൃത്തം ഇവിടെ പൂർത്തിയാകുന്നുണ്ട്. ഇതേ വൃത്തം എന്നും ആവർത്തിക്കും. ആവർത്തനത്തിൽ കറങ്ങിക്കറങ്ങി ചുഴിയായി മാറുന്ന ഈ വൃത്തം തന്നെയാണ് വഴി. ആവർത്തനമല്ലാതെ മറ്റെന്താണ് വഴിച്ചുറ്റിൻ്റെ താളം? ആകയാൽ ഈ കവിതയിൽ മാത്രമല്ല ഗോപുരലിപിയിലെ കവിതകളിലെല്ലാം ആവർത്തനം പ്രധാനമാകുന്നു. യാത്രകളുടെ മാത്രമല്ല, ജന്മങ്ങളുടെ, ചരിത്രത്തിൻ്റെ, മിത്തുകളുടെ എല്ലാം ആവർത്തനം ഈ കവിതകളിൽ പ്രധാനമാകുന്നു."വീണ്ടും ചീവീടുകൾ ചുഴറ്റി വിരിയുന്നു, വീണ്ടും കാട് പഴുതടച്ചു കിടക്കുന്നു" (മറ്റൊരു കാവിലാകാം). ചീവീടുകൾ പോലും വർത്തുളമായി ചുഴറ്റിയേ വിരിയൂ എന്ന് പ്രത്യേകം ഓർക്കുകയും വേണം. വൃത്തം, ചതുരം, സ്തൂപികാരൂപം എന്നീ ഘടനകളും ആവർത്തിച്ചു കടന്നുവരുന്നുണ്ട്. കൊക്കിൻ ചുണ്ട് പാടത്തു വരയ്ക്കും പോലെ ഒത്ത ഒരു പൂജ്യം വരയ്ക്കാനായുള്ള ധ്യാനമാണ് പുസ്തകത്തിലെ ആദ്യകവിതയായ പൂജ്യം. പൂജ്യവും ഒരു വൃത്തം തന്നെ. വഴിപ്പിണരിൻ്റെ ആവർത്തനചക്രം പൂർത്തിയാക്കാൻ മനുഷ്യൻ എന്നല്ല സകലജീവികളും തത്രപ്പെടുന്നു. ഫലമോ ഒരിക്കലും ഒക്കാത്ത ഒരു പൂജ്യം, അത് ഒത്തതാക്കാനുള്ള അനന്തമായ കറക്കം. സംഘകാലത്തോളം പഴക്കം ചെന്ന കൊക്കുകളും ഇണക്കൊക്കിനെ കാണാതെ നെൽവയലിൻ്റെ വഴിപ്പിണരിൽ ചിറകുകൾ നിവർത്തി നിൽക്കുന്നു(കവിത സായാഹ്നമൊന്നിൽ) അതേ കവിതയിൽ സായാഹ്നത്തിൻ്റെ വക്കിലെ ചീവീടുകളുടെ ചിഞ്ചിലത്തെപ്പറ്റി പറയുമ്പോഴും വൃത്താകൃതിയിലുള്ള ഒരിലത്താളത്തിൻ്റെ ഒടുങ്ങാത്ത വിറവൽ കവിതയുടെ ഓർമ്മയിൽ വരുന്നു.മകൻ്റെ ഓർമ്മക്കായി ആഞ്ജലോവിൻ്റെ അമ്മ സൂക്ഷിക്കുന്ന ക്ലോക്കുകളിലൊന്നിൻ്റെ കുറിയ സൂചി തെരഞ്ഞുകൊണ്ടിരിക്കുന്നത് ചതുരത്തിനുള്ളിലെ വൃത്തമാണ്. ഒടുങ്ങാത്ത കറക്കവുമായി ഘടികാരങ്ങൾ തൂങ്ങിക്കിടക്കുന്നു. നിൻ്റെ പേരിനുള്ളിൽ പോലുമുണ്ട് ഒരു ഘടികാരം (യമ). ബീഡി വലിക്കുന്ന കിഴവൻ ബീഡിപ്പുകകൊണ്ട് ചുറ്റും ചതുരത്തിൽ ഒരു കൂടുണ്ടാക്കുന്നു(കവിത കിഴവന്മാർ). ഒരു കവിയിലെ (ഇതും കണ്ണ്) ആഖ്യാതാവ് പക്ഷിക്കൂട്ടം ആകൃതികളിലേക്കു മുറുകുന്നതും അയയുന്നതും നോക്കുന്നത് നഗരത്തിലെ അടിപ്പാതക്കടിയിൽ ആരോ ഉപേക്ഷിച്ച എലിപ്പെട്ടിയിലിരുന്നാണ്. അനന്തതയിലെ നക്ഷത്രക്കൂട്ടങ്ങൾപോലും സ്വന്തം ജ്യാമിതിയുടെ വഴിച്ചുറ്റിൽ രക്ഷയില്ലാതെ നിൽക്കുന്നു(ഒറിയോൺ). മുള കടലാസായി പുനർജനിക്കുന്ന കാലത്ത് പണ്ടാ മുളയിൽ വന്നിരുന്ന നൂറു കിളികളിലൊന്നെങ്കിലും ഒറിഗാമിക്കിളിയായി വിരിയുന്നു(ഒരു കിളി). ഗതിയിലെ വീടും ഓഫീസും, ഒരു കാഴ്ച്ച എന്ന കവിതയിൽ മീൻകൊട്ടയും കാക്കക്കൂടുമായി വൃത്താകാരത്തിൽ പുനർജനിക്കുന്നു. ചുറ്റുഗോവണി ഏതു കെട്ടിടത്തേയും വൃത്താകാരമാക്കുന്നു. അക്ഷരത്തിനുമുണ്ട് എഴുനൂറു പടിയുള്ള ചുറ്റുഗോവണി. അത് ഗോപുരത്തെയും വൃത്താകാരമാക്കുന്നു (ഗോപുരലിപി).വൃത്തത്തെയും ചുഴിയെയും ഓർമ്മിപ്പിക്കുന്ന ശംഖുരൂപങ്ങൾ, പകിടക്കറക്കം എന്നിവയെല്ലാം ചേർന്ന് വഴിച്ചുറ്റുകൾ പോലെ കറങ്ങിത്തുടങ്ങുന്നു.

യാത്ര അഥവാ അലച്ചിൽ അഥവാ യാന്ത്രികമായ കറക്കം എന്നതിനെ ഈ കവിതകളിലെ ഒരു രൂപകമായെടുക്കുന്ന പക്ഷം ഒരു കാര്യം പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്."എവിടെ നിന്നെത്തിയെന്നറിവീലാ ഏതാണ് ലക്ഷ്യമെന്നറിവീലാ" എന്ന മട്ടിലുള്ള യാത്രയല്ല ഇവിടെ. ഗതിയിൽ കണ്ടതു പോലെ തുടക്കസ്ഥാനവും കൃത്യമായ മാർഗ്ഗവും വ്യക്തമായ ലക്ഷ്യവും ഇതിലെ ആഖ്യാതാക്കൾക്കുണ്ട്. അത് വീടും ദൈർഘ്യം കുറഞ്ഞ വഴിയും ഓഫീസുമാകാം. അല്ലെങ്കിൽ കോളേജും മൈക്കിൾ സ്റ്റോഴ്സും ശരവണഭവൻ ഹോട്ടലുമാകാം. അതുമല്ലെങ്കിൽ കരുവേലിപ്പറമ്പും അമ്മൂമ്മക്കാവും അവക്കിടയിൽ ചമ്രം പടിഞ്ഞിരിക്കുന്ന ഗോപിച്ചേട്ടൻ്റെ വീടും ഇവയെ ബന്ധിപ്പിക്കുന്ന ഇടുക്കുവഴിയുമാകാം. എന്നുമുള്ള മന്ദവേഗത്തിലുള്ള ഇത്തിരിവഴിക്കറക്കം ആഖ്യാനവേഗം കൂട്ടിക്കൂട്ടി അസഹ്യമായ കറക്കമാക്കി മാറ്റുന്ന കലാവിദ്യയാണിവിടെ. ഭൂമിയുടെ കറക്കം എത്ര മന്ദഗതിയിലാണ്! എന്നാൽ എത്ര വേഗത്തിലാണ് കാലങ്ങൾ മാറിമറിയുന്നത്! കൃത്യമായ ഭ്രമണപഥങ്ങളാണ് വഴികളെ വഴിച്ചുറ്റുകളാക്കുന്നത്. കറക്കത്തിൻ്റെ ആത്മീയവും സാമൂഹ്യവുമായ മാനങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്. കറക്കത്തിൻ്റെ ധ്യാനകേന്ദ്രത്തിൽ സൂഫിസം വിശ്വസിക്കുന്നു. കല്ലുരുട്ടിക്കയറ്റി താഴേക്കിടുന്ന നാറാണത്തു ഭ്രാന്തൻ്റെ ചിരിയുടെ തത്വചിന്താപരമായ മുഴക്കം മലയാളിക്കറിയാം. മധ്യവർഗ്ഗ മലയാളി ഇടുക്കു ജീവിതത്തിൻ്റെ വിഭ്രാന്തികൾ വഴിച്ചുറ്റിൻ്റെയും കറക്കത്തിൻ്റെയും സാമൂഹ്യമാനമാണ്. ആത്മീയവും സാമൂഹ്യവുമായ ഈ ഘടകങ്ങൾ അഭിരാംകവിതയുടെ പശ്ചാത്തലത്തിലുണ്ട്.

നിശ്ചിതമായ വഴിയിലൂടെയുള്ള പതിവു കറക്കത്തിൻ്റെ ഈ അസഹ്യതയിൽ നിന്ന് എങ്ങനെ പുറത്തുകടക്കും? ചുള്ളിക്കമ്പിൽ നഖമമർത്തിയിരിക്കുന്ന പക്ഷിക്ക് പറക്കണമെന്നു തോന്നുന്നു. അതിനായുമ്പോഴാണ് ചിറകുകളില്ലെന്നറിയുന്നത്. പുറത്തുകടക്കാനുള്ള വഴി തേടിയാണ് ചരിത്രത്തിലേക്കും മിത്തോളജിയിലേക്കും തത്വചിന്തയിലേക്കും നരവംശശാസ്‌ത്രത്തിലേക്കുമെല്ലാം അന്വേഷണം നീളുന്നത്. ഇന്ന് ഈ വഴിത്തിരിവിൽ പിൻവിളി കാത്തു നിൽക്കുന്ന ഈ ഞാൻ തന്നെയാണ് കുഞ്ഞുന്നാളിൽ മറ്റുള്ളവരോടു പിണങ്ങി ഒറ്റക്കു കളിച്ചു നിന്നത് (മറ്റൊരു വളവ്)എന്നിടത്തോളമാണ് ആ അന്വേഷണങ്ങൾ എത്തുന്നത്. അക്ഷരത്തിൻ്റെയും ലിപിയുടെയും എഴുത്തിൻ്റെയും കവിതയുടെയുമെല്ലാം ചരിത്രം തേടി പിന്നാക്കം പോയാൽ എത്തിച്ചേരുന്ന തിരിച്ചറിവ് ഇതാണ്:

അന്നോളമിന്നോളം
ഞാനുമവരും ആവിഷ്ക്കരിച്ചത്
വേട്ടയാടലിനെ.

ഇന്നത്തെ മനുഷ്യൻ്റെ ആധിതന്നെ ശിലായുഗ കാലത്തെ മനുഷ്യൻ്റെയും ആധി. നാഗരികതയും സംസ്കാരവും മനുഷ്യൻ്റെ വഴികളെ നിശ്ചിതമായ ഭ്രമണപഥങ്ങളിൽ തളച്ചു എന്നേയുള്ളൂ. നവീനശിലായുഗമനുഷ്യൻ നടത്തിയ വേട്ടയാടലുകളുടെ പുതുകാലപ്പതിപ്പു തന്നെ കവിതയെഴുത്ത്. ഈ ഉരുണ്ട ഭൂമി ശിലായുഗത്തിൻ്റെ നായാട്ടുവഴികളിൽ നിന്ന് നാഗരികതയുടെ എഴുത്തുവഴികളിലേക്കു മനുഷ്യനെ കൊണ്ടെത്തിച്ചു.

മുരണ്ടു ചാടിയൊരു നായക്കു നേരെ
എടുത്ത കല്ലായിരുന്നു
ഇന്നലത്തെ കവിത.
അതു ചെത്തിക്കൂർപ്പിക്കുകിൽ
തെളിഞ്ഞുകിട്ടും
രണ്ട് ഇന്നലെയുടെ കവിത

ആയുധം ചെത്തിക്കൂർപ്പിക്കൽ, മൗനം, ജാഗ്രത, അനുഷ്ഠാനപരമായ കോറിയിടലുകൾ എല്ലാം കവിതയെഴുത്തിനും നായാട്ടിനും പൊതുവായുള്ളത്. കൃഷിക്കാരനായിരുന്ന മുത്തച്ഛൻ കൈക്കോട്ടുകൊണ്ട് മണ്ണിൽ കിളച്ചുവെങ്കിൽ കവിയായ താൻ പേനകൊണ്ടാണ് കിളയ്ക്കുന്നത് എന്ന് digging എന്ന കവിതയിൽ ഷീമസ് ഹീനി എഴുതിയിട്ടുണ്ട്. കൃഷി-എഴുത്ത് എന്ന ജോടിക്കു പകരം അഭിരാം വേട്ട- എഴുത്ത് എന്നതാണ് ജോടി എന്നു തിരുത്തുന്നു. സർഗ്ഗാത്മകമെങ്കിലും എഴുത്തിൽ ഹിംസകൂടിയുണ്ടെന്ന് ഈ തിരുത്തിലൂടെ കവി പറയുന്നു.വേട്ടയുടെ അടയാളമായി മനുഷ്യാവയവം പ്രദർശിപ്പിക്കുന്നതുപോലെ തന്നെയാണ് ഒരു ലിപി (അതെ,സൂക്ഷിച്ചു നോക്കൂ,അവയവാകൃതിയാണതിന്) ഉയർത്തിക്കാട്ടുന്നത്. അനുഷ്‌ഠാനപരമായ വേട്ടയാടലാണ് എഴുത്തെങ്കിൽ അതൊരിക്കലും പുറത്തുകടക്കാനുള്ള വഴിയല്ല. എഴുത്തിൻ്റെ ഡി.എൻ. എ ധൈര്യപൂർവം പരിശോധിക്കുന്നു ഈ കവി. പടുകൂറ്റൻ അക്ഷരഗോപുരത്തിൻ്റെ ചുറ്റുഗോവണിയിലൂടെ ഓലക്കെട്ടുമായി കയറിയിറങ്ങുന്ന മെല്ലിച്ച പ്രാചീനൻ്റെ എഴുത്താണി മുനമ്പിലും നാഡിപ്പിണരിലുമാണ് ഇപ്പോൾ തനിക്കെഴുതാനുള്ള അക്ഷരം കുരുങ്ങിക്കിടക്കുന്നത് എന്ന് അയാൾ തിരിച്ചറിയുന്നു. ആധുനിക നാഗരികതയിൽ നിന്നും പൗരാണികതയിലേക്കിറങ്ങാനും തിരിച്ചു കയറാനുമുതകുന്ന ഡി.എൻ. എ ഗോവണി തന്നെ കവിത. അങ്ങനെ ഇറങ്ങി
ഇരുണ്ട കാടകങ്ങളിലും സർപ്പക്കാവുകളിലും നാഗവീണകളിലും അത് വഴി തേടി ഇഴയുന്നു. ഉടലുകൊണ്ടിഴഞ്ഞൊരുക്കിയ ആ വഴികൾ സകല വിപിനങ്ങളുടെയും ഇരുൾനനവുള്ള ഉൾവഴികളിൽ ചെന്നു പിണയുക മാത്രം ചെയ്തു(കവിത - കാടകം) ഭ്രമണപഥങ്ങളിൽ നിന്നു പുറത്തു കടക്കാൻ കഴിഞ്ഞില്ലെങ്കിലും തൻ്റേത് മനുഷ്യകുലത്തിൻ്റെ പ്രാക്തന ഭ്രമണപഥം തന്നെ എന്ന് തിരിച്ചറിയാൻ ഈ തേടലുകൾ ഈ കവിതകളിലെ ആഖ്യാതാക്കളെ സഹായിച്ചു. 

കാവും കാടും നാഗങ്ങളും വരുന്ന കവിതകളിൽ മാത്രമല്ല നഗരത്തെരുവുകളും കഫേകളും കോളേജും ഓഫീസും തീവണ്ടി ബോഗിയും ഹൈവേയുമെല്ലാം വരുന്ന കവിതകളിൽ പോലും പുരാതനമായ ഒരു മൺനിറവെളിച്ചം വീണു നിറയാൻ ഈ  അന്വേഷണം കാരണമായി. പൗരാണികമായ ഒരു മാന്ത്രിക മൺവെളിച്ചം അഭിരാമിൻ്റെ കവിതകൾക്ക് സവിശേഷമായ ഒരു വർണ്ണാഭ പകരുന്നു.ഈ പൗരാണിക കാന്തിയിൽ നിൽക്കുമ്പോൾ ഗോപുര ലിപിയിലെ ബിംബങ്ങൾ വളർന്നു വലിപ്പം വെച്ച് ആദിരൂപങ്ങളായി മാറുന്നു.ഒച്ച്,പാമ്പ്, എലി, പൂച്ച, ശലഭം എന്നീ ചെറുജീവികളെല്ലാം ഇങ്ങനെ വലിപ്പം വെക്കുന്നു. പിന്നാക്കം പോകുന്തോറും ജീവികളൊക്കെ വലിപ്പം വെച്ച് രാക്ഷസാകാരം കൊള്ളുന്നത് ലോകമെങ്ങുമുള്ള മിത്തോളജിയുടെ പൊതുസ്വഭാവമാണല്ലോ. നാഗരികനെയും ശിലായുഗമനുഷ്യനെയും ഒരുപോലെ അനുഗമിക്കുന്നു അഭിരാംകവിതയിലെ ജീവികൾ. അഥവാ പ്രാണികളും വേട്ടമൃഗങ്ങളുമാണ് ചരിത്രത്തിൻ്റെ രണ്ടറ്റങ്ങളെ ഇവിടെ കൂട്ടിയിണക്കുന്നത്. മിത്തുകളോടും ആദിരൂപങ്ങളോടും തൻ്റെ കാവ്യലോകത്തെ ഇണക്കാൻ ഈ കവി ഉപയോഗിക്കുന്നത് ആഖ്യാനത്തിൻ്റെയും ഭാഷയുടെയും സാധ്യതകൾ തന്നെയാണ്. നാഗവാഴ് വുകൾ ഇഴപിരിയുന്ന ഉൾത്തുറസ്സുകൾ, കമലേ കണ്ണിമച്ചെരുവിലെ കമലേ, സകലത്തിലും സർവത്തിലും നീർമണമായ് നീലഗീതിയായ് എന്നിങ്ങനെ ഭാഷയെ ശൈലീവൽക്കരിക്കാൻ ഈ കവിക്ക് ഇഷ്ടമാണ്. ഖസാക്കിൻ്റെ ഇതിഹാസവും മേതിൽക്കഥകളും തൊട്ട് കോട്ടയം പുഷ്പനാഥിൻ്റെ അപസർപ്പകനോവലുകളും ഉത്തരാധുനിക യൂറോപ്യൻ ഫിക്ഷനുകളിലെ ആഖ്യാന രീതികളുമെല്ലാം ഈ  കവിതകളുടെ ആഖ്യാന രീതിയെ സ്വാധീനിച്ചിട്ടുണ്ട്.

വഴി മുട്ടിയ ഈ പ്രതിസന്ധിഘട്ടത്തിൽ രക്ഷയുടെ ഒരു വാതിൽ തള്ളിത്തുറക്കാതെ മനുഷ്യന് മുന്നോട്ടു പോകാനാവുകയില്ല. ഇവിടെ നിന്നുമാണ് അഭിരാമിൻ്റെ കവിത അടുത്ത നിലയിലേക്കു കയറുന്നത്. ആഖ്യാതാവ് എന്നും കാണാറുള്ള, ചെവിയിൽ പെൻസിൽ തിരുകി വരുന്ന, മരത്തിൽ പുള്ളികളിടുന്ന, അതേ രവിയാശാരിയെ(കവിത: രൂപരേഖ) ഇതാ ഇപ്പോൾ ഒന്നു കാണൂ:

ചിന്തേരിട്ടു ചിന്തേരിട്ടു
പെരുകുന്ന മരച്ചുരുളുകൾ
ഒരു കടലോളമാകുമ്പോൾ
രവിയാശാരി അതിൽ
ഉരുവിറക്കില്ലെന്ന്
ആരു കണ്ടു!

രവിയാശാരിയുടെ പതിവു യാത്രകൾ ഇവിടെ അട്ടിമറിയുകയാണ്. കേരളത്തിൻ്റെ ദാരുവിദ്യയുടെ പ്രാക്തനമുദ്ര പതിഞ്ഞ് ആഗോളക്കടലിലലഞ്ഞ് യമനിലേക്കും അലക്സാണ്ട്രിയയിലേക്കും പോയ ഉരുക്കൾ നിർമ്മിച്ചു കടലിലിറക്കുന്ന തച്ചനായി ആഖ്യാതാവിൻ്റെ ഭാവനയിൽ രവിയാശാരി മാറുന്നു. പണിയുന്ന മരം ഉരുവായി മാറുന്നു, ഉഴിഞ്ഞു കളയുന്ന മരച്ചുരുളുകൾ ചുരുൾ ചുരുളായി തിരകളാവുന്നു. മരച്ചുരുളുകൾ കൊണ്ടുള്ള കടലിൽ മരം കൊണ്ടു തീർത്ത ഉരു നീങ്ങുന്നു. ആഖ്യാതാവ് തൻ്റെ ഭാവന കൊണ്ടാണ് രവിയാശാരിയെ അയാളുടെ ഭ്രമണപഥത്തിൽ നിന്നു തുറന്നുവിട്ടത്.അതിരുകളില്ലാത്ത ഒരു തീക്കടൽ പണ്ട് സീ.വി രാമൻപിള്ള സങ്കല്പിച്ചു. സാർവലൗകികമായ ഒരു അചുംബിത ഭാവനയാണത്.ഉളികൊണ്ടു ചീവിച്ചീവിയെടുത്ത മരച്ചുരുളുകളുടെ കടലാകട്ടെ, പ്രാദേശികമായ ഒരചുംബിത ഭാവന.തച്ചിൻ്റെയും തച്ചന്മാരുടെയും ദാരുശില്പകലയുടെയും വലിയ പാരമ്പര്യമുള്ള നാട്ടിൽ നിന്നു വരുന്ന നമുക്കുപോലും അങ്ങനെയൊന്നു സങ്കല്പിക്കുക എളുപ്പമല്ല. അതുകൊണ്ടാണ് അചുംബിതം എന്നു വിശേഷിപ്പിച്ചത്.ഗോപുരലിപി എന്ന പദക്കൂട്ടു തന്നെ എടുക്കുക. പല അർത്ഥ സാധ്യതകളുണ്ടതിന്. ഗോപുരത്തിൻമേൽ കൊത്തിയോ എഴുതിയോ വെച്ച ലിപിയാകാം അത്. ഗോപുരമാകുന്ന ലിപിയാകാം. അതുമല്ലെങ്കിൽ ഗോപുരാകൃതിയിലുള്ള ലിപിയുമാകാം. പ്രാചീനമായ ഒരു നാഗച്ചുറ്റിനെയും അത് ഓർമ്മിപ്പിച്ചേക്കാം.

പാടിപ്പതിഞ്ഞ വഴികളിൽ നിന്നു ഭാവനകൊണ്ടു പുറത്തുകടക്കുന്നതിനെ ആഘോഷിക്കുന്നു അഭിരാമിൻ്റെ കവിതകൾ. എന്നും പല്ലുതേയ്ക്കാനെടുക്കുന്ന അതേ ടൂത് ബ്രഷ് അപ്പോൾ "ജംഗമങ്ങളുടെ ആഴത്തിലെ ഒറ്റയാൻ കടൽക്കുതിര"യാകുന്നു. സ്വന്തം ചെവികളെ ചിറകുകളായി സങ്കല്പിച്ചാൽ മാത്രം പോരാ, അവക്കിടയിലെ മുഖത്തെ ഒരു നിമിഷം മറക്കുകയും വേണം(ചിറക്). എങ്കിൽ ഇതാ ഒരു ശലഭം പാറാനൊരുങ്ങുകയായി. നിങ്ങളുടെ മുഖത്തിന് ഇനി വെളുക്കെ ഇളിച്ച് പതിവുപോലിങ്ങനെ നിൽക്കാതെ കഴിയും. കവലയിലെ പതിവു പോലീസുകാരന് അയാളുടെ ഭ്രമണപഥത്തിൽ നിന്ന് ആഖ്യാതാവ് ഇന്ന് ചെറിയൊരു മാറ്റം കൊടുത്തിരിക്കുന്നു. ഇന്നയാൾ നായ്ക്കൾക്കും ശലഭങ്ങൾക്കും പൊഴിയുന്ന നെല്ലിയിലകൾക്കും ചുഴറ്റിപ്പറക്കുന്ന കരിയിലകൾക്കും കയ്യാംഗ്യ നിർദ്ദേശങ്ങൾ കൊടുത്തു നിൽക്കുന്നു(ആംഗ്യങ്ങൾ).എന്നത്തെയും പോലെ താറാപ്പറ്റത്തെ തെളിച്ചു പോകുന്ന മനുഷ്യൻ എന്നത്തെയും പോലെ വീശിയെറിയുന്ന തിനകൾ ഇന്ന് അവയുടെ ഭ്രമണപഥത്തിൽ നിന്ന് ഒരു വ്യതിചലിച്ച് ആ താറാക്കാരനു വേണ്ടി പ്രാർത്ഥനാപൂർവം പൊഴിയപ്പെടുന്നു. താറാക്കാരനുമതെ, പതിവില്ലാതെ താറാവുകളുടെ അടിവയറുപോലെ ഉള്ളും പുറവും കുളിർത്തു.

ഭ്രമണപഥങ്ങളെ തെറ്റിക്കാൻ പോന്ന ഭാവനക്കുതിപ്പാണ് ഗോപുരലിപി എന്ന ആദ്യസമാഹാരത്തിനു ശേഷം അഭിരാം എഴുതിയ കവിതകളിൽ മുന്തി നിൽക്കുന്നത്. ഗോപുരങ്ങളുടെ ഉയരങ്ങൾ ഇവിടെ കൊടുമുടികളുടെ ഉയരങ്ങൾക്കു വഴിമാറുന്നു. വീടിനും ആപ്പീസിനുമിടയിലെ വഴി ഗ്രഹത്തിനും ഗ്രഹത്തിനുമിടയിലെ വഴിയാകുന്നു. താരതമ്യേന മന്ദവേഗതയുള്ളവയോ ഇഴയുന്നവയോ ആയ ജീവികളാണ് ഗോപുരലിപിയിലെങ്കിൽ കൂടുതൽ വലിപ്പവും വേഗവുമുള്ള ജീവികളുടെ നിര തന്നെ പുതിയ കവിതകളിലുണ്ട്.ചീവീട്, ഒച്ച്, പാമ്പ്, എലി, പൂച്ച, ശലഭം എന്നിവ ആദ്യസമാഹാരത്തിലെ കവിതകളിലും കാള, ആട്, മാൻ, പുലി, സിംഹം തുടങ്ങിയവ പിന്നീടുള്ള കവിതകളിലും കൂടുതലായി കടന്നുവരുന്നത് യാദൃച്ഛികമല്ല. അവയുടെ വേഗതയുടെ ആവിഷ്ക്കാരങ്ങൾ പല കവിതകളിലും കാണാം. പ്രാചീന ഗ്രീക്ക് ദേവതകളെപ്പോലെ, ഉയരെ, ശൃംഗങ്ങളുടെ ഗഹനതയിൽ അവ പായുന്നു. ഇരുളിലേക്കു പായുന്ന കലമാനിനെ ഇരുട്ടു വിഴുങ്ങുന്നു. അതിൻ്റെ കൊമ്പ് പുറത്തേക്കു തുപ്പുന്നു (ഒരു മാൻ). ആ കലമാൻകൊമ്പാണ് നാഗരികൻ്റെ കവിതച്ചുമരിൽ പതിഞ്ഞിരിക്കുന്നത്. ഓടിപ്പോകുന്ന കലമാനിൻ്റെ പ്രതിബിംബമാണ്, കുടത്തിലെ വെള്ളത്തിൽ പതിയുന്ന പ്രതിബിംബമാണ് ഭാഷയായി മാറുന്നത്(ഭാഷ). ഓടിയകലുന്ന വന്യഭാവനയുടെ പ്രതിബിംബം തന്നെ ഭാഷ. കവിതയെക്കുറിച്ചും ഭാഷയെക്കുറിച്ചും ഗോപുരലിപിയിലെ 'ആവിഷ്ക്കാരം അവയവാകൃതിയിൽ' എന്ന കവിതയിൽ നേരത്തേ സൂചിപ്പിച്ച നായാട്ടുചിഹ്നമാണ് ഭാഷ,കവിത എന്ന വീക്ഷണം ഇവിടെ ഗുണാത്മകമായി പരിണമിക്കുന്നു. ഓടിപ്പോകുന്നതിനെ പിടിച്ചെടുക്കലാണ് ഭാഷ. നിശ്ചിത ഭ്രമണപഥങ്ങളിൽ നിന്ന് ഓടിയകലുന്ന വന്യഭാവനകളുടെ നിമിഷങ്ങൾ ഇത്തിരിക്കുമ്പിളിലെന്നപോലെ നിഴലിക്കുന്നതാണ് ഭാഷ അല്ലെങ്കിൽ കവിത.മാൻ വെള്ളം കുടിക്കാൻ വരുന്ന കാട്ടരുവിയിലെ പ്രതിബിംബത്തെക്കുറിച്ചല്ല കവി ഇവിടെ പറയുന്നത്. അതേ ആറ്റിൽ നിന്നു വെള്ളമെടുക്കാൻ വരുന്ന ആഖ്യാതാവിൻ്റെ കുടത്തിലെ ജലത്തിൽ കുടുങ്ങിയ മാൻവേഗത്തെക്കുറിച്ചാണ്. മോഹിപ്പിക്കുന്ന വേഗങ്ങൾ ഉൾഭാഷയിൽ പ്രതിബിംബിക്കണം. ഗുഹാഭിത്തിയിലെ ചിത്രത്തിൽ നിന്ന് കുടത്തിലെ വെള്ളത്തിലെ പ്രതിബിംബത്തിലേക്ക് പകരുന്നു ആവിഷ്‌ക്കാരത്തെക്കുറിച്ചുള്ള കവിയുടെ സങ്കല്പനം. ഉറച്ച പരുക്കൻ പ്രതലത്തിൽ നിന്ന് അയഞ്ഞു തുളുമ്പുന്ന പ്രതലത്തിലേക്കുള്ള മാറ്റം ഈ പുതിയ കവിതകളെ കുറേക്കൂടി ചഞ്ചലവും മായികവുമാക്കുന്നുണ്ട്. 

കയറിക്കയറി,അകന്നകന്നു പോകുന്നതിൻ്റെ ലഹരിയുണ്ട് അഭിരാമിൻ്റെ പുതിയ കവിതകളിൽ. ഗോളാന്തരങ്ങൾ താണ്ടിയുള്ള യാത്രകൾ ഈ കവിതകളിലുണ്ട്. കയറുന്തോറും, ഓർബിറ്റുകൾ മുറിച്ചു കടക്കുംതോറും ഉൾവഴികളിലേക്കും ഉൾഭാഷയിലേക്കും ഇവ നമ്മെ നയിക്കുന്നു. ഫിക്ഷനോളം, ഒരു പക്ഷേ അതിലേറെ ഹെയ് സിയുടെയും യു ജിയാൻ്റെയുമെല്ലാം കവിതകളിലെ ഉൾഭാഷയാണ് ഈ ഘട്ടത്തിൽ അഭിരാമിനെ സ്വാധീനിക്കുന്നതും.ആഖ്യാനസങ്കേതങ്ങളുടെ പടിഞ്ഞാറും കാവ്യദർശനങ്ങളുടെ കിഴക്കും അഭിരാമിൻ്റെ കവിതകളിൽ സംഗമിക്കുന്നു. ഉൾഭാഷയിൽ നിഴലിക്കുന്ന സഞ്ചാരങ്ങളുടെ പല വേഗത്തിലുള്ള പല തരം ആഖ്യാനങ്ങളാണ് മൂന്ന് അന്വേഷികളുടെ കഥ, നീലഗീതി, വളയങ്ങൾ, ആരോഹകരുടെ വീട് തുടങ്ങിയ സമീപകാല കവിതകൾ മിക്കതും. ഭൂഗുരുത്വബലം എല്ലാത്തിനേയും മണ്ണിലേക്കടുപ്പിക്കുമെന്നാണ് നാം മനസ്സിലാക്കിയിട്ടുള്ളത്. എന്നാൽ ഭൗമികമായ ഭ്രമണപഥങ്ങളുടെ കറങ്ങുന്ന ചുഴി തുപ്പുന്ന ഗുരുത്വബലത്താൽ ഈ കവിതകൾ ഒരേസമയം അതിരുകൾക്കപ്പുറത്തേക്കുയർന്നു പോകുകയും ഉൾഞെരമ്പുകളിൽ പ്രതിദ്ധ്വനിക്കുകയും ചെയ്യുന്നു.

2024 ലാണ് ഗോപുരലിപി പുസ്തകമായി പുറത്തുവന്നത്. ഇരുപതാം നൂറ്റാണ്ടു കാണാതെ 2001 ൽ ജനിച്ച കവിയുടെ ഇരുപത്തിമൂന്നാം വയസ്സിൽ.കാര്യമായി ആരും ചവിട്ടാത്ത വിജനഭൂമിയായി, പൗരാണികശോഭയുള്ള മൺനിറത്തോടെ ആ കൃതി ഇപ്പോഴും അങ്ങനെ കിടക്കുന്നു. മാറ്റം കുറിക്കുന്ന മികച്ച കവിതാ പുസ്തങ്ങളുടെ വരവിൻ്റെ വിധി പലപ്പോഴും ഇതാ ഇങ്ങനെയാണ്: അലങ്കോലപ്പെട്ട്, അനവധാനതയോടെ, അർഹിക്കുന്ന മട്ടിൽ പരിചരിക്കപ്പെടാതെ. മുഖപടം കണ്ടാൽ വിദ്യാഭ്യാസ സംബന്ധമായ പുസ്തകമാണോ എന്നു തോന്നിപ്പിക്കുന്ന, കൃത്യമായ വിടവുകൾ കൊടുക്കാതെ വാക്കുകൾ കൂടിക്കൂടിക്കിടക്കുന്ന തരത്തിൽ അച്ചടിച്ച ഒരു പുസ്തകം. ഉജ്വലമായ ഒരു കവിതാപുസ്തകത്തിന് അനവധാനതയുടെ ഈ മറവ് ഒരു പക്ഷേ ഭൂഷണമായിരിക്കാം. അതു താണ്ടാൻ താല്പര്യമുള്ളവർ ഇവിടെയെത്തിയാൽ മതി എന്ന് കാവ്യകല തന്നെയും വിചാരപ്പെടുന്നുണ്ടാവാം.ഇത്രയും എഴുതിക്കഴിയുമ്പോൾ, എന്താണ് മലയാള കവിതയിൽ അടുത്ത കാലത്തുണ്ടായ വലിയൊരു മാറ്റം എന്ന സ്വന്തം ചോദ്യത്തിന്, ഇതാ ഈ കവിയുടെ കവിതകളാണ് മലയാളകവിതയിൽ അടുത്ത കാലത്തുണ്ടായ വലിയൊരു മാറ്റം എന്ന് സ്വയം മറുപടി പറയാനുള്ള ധൈര്യം എനിക്ക് കൈവന്നിരിക്കുന്നു

Tuesday, June 16, 2026

പ്രപഞ്ചം വികസിക്കുന്നിടത്ത് കവിതക്കെന്തു കാര്യം?

 *പ്രപഞ്ചം വികസിക്കുന്നിടത്ത് കവിതക്കെന്തു കാര്യം?


പി.രാമൻ

മേതിൽ രാധാകൃഷ്ണൻ രണ്ടുണ്ട്.പ്രകോപിപ്പിക്കുന്ന മേതിലും പ്രലോഭിപ്പിക്കുന്ന മേതിലും.കവിയായ മേതിൽ,പ്രത്യേകിച്ചും ആദ്യകാല മേതിൽ,മലയാളത്തെ പ്രകോപിപ്പിച്ചു. മലയാള കവിതക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയത്തെപ്പറ്റി പറയുമ്പോൾ എസ്. ഗുപ്തൻ നായരെപ്പോലുള്ള നമ്മുടെ അക്കാല നിരൂപകർ ഉദാഹരിക്കുന്നത് മേതിലിൻ്റെ വരികളാണ്. ഇന്നുമതെ, മേതിലിൻ്റെ കവിതകളിൽ കുറേയെണ്ണം പുതിയ വായനക്കാരെപ്പോലും പ്രകോപിപ്പിച്ചേക്കും. അതേ സമയം പ്രലോഭിപ്പിക്കുന്ന മറ്റൊരു മേതിലുണ്ട്. മലയാളത്തിൽ ഇന്ന് ഏറ്റവും ദൃശ്യതയുള്ള ആരാധകവൃന്ദം മേതിലിനുണ്ട്. മേതിൽ വായനക്കാരൻ എന്നത് ഒരു പദവിയാണ് എന്ന കല്പറ്റ നാരായണൻ്റെ നിരീക്ഷണം ആ ദൃശ്യതയെക്കൂടി കാണിക്കുന്നു. മേതിലിയൻ, മേതിൽ ഫാൻ എന്നീ പ്രയോഗങ്ങൾ ധാരാളമായി പ്രയോഗിച്ചു കേൾക്കാറുള്ളതും ഈ സ്വാധീനത്തെ സൂചിപ്പിക്കുന്നു. മേതിൽ കൃതികളിലെ ആകർഷകമായ ഇമേജറികൾ ധാരാളം പേർ ഉദ്ധരിക്കാറുണ്ട്. "എൻ്റെ കുപ്പായത്തിൻ്റെ മൂന്നാമത്തെ കുടുക്കിനു പിന്നിലെ പിടച്ചിലിൻ്റെ പേരാണ് പ്രേമം" എന്ന ഒരുദ്ധരണി ഇന്നു രാവിലെക്കൂടി സോഷ്യൽമീഡിയയിൽ ഞാൻ വായിച്ചു.കയറിൻ്റെ അറ്റം, സംഗീതം ഒരു സമയകലയാണ്, വരമ്പിൽ ഒരു കൊറ്റി, എങ്ങനെ ഒരു പഴുതാരയെ കൊല്ലാം, മെലിഞ്ഞവരുടെ മനശ്ശാസ്‌ത്രം തുടങ്ങിയ കഥകളിൽ നിന്നും ഭൂമിയേയും മരണത്തെയും കുറിച്ച് എന്ന കവിതാസമാഹാരത്തിൽ നിന്നുമുള്ള ഉദ്ധരണികളാണ് നമ്മളെ പ്രലോഭിപ്പിച്ച് ഉയർന്നു കേൾക്കാറുളളത്. എഴുതിത്തുടങ്ങുന്ന പുതിയ എഴുത്തുകാരെപ്പോലും എഴുത്തിലെ പുതുമയുടെ കൊടിയടയാളമായി പാറിപ്രലോഭിപ്പിക്കുന്നു മേതിലിൻ്റെ ഇമേജറികൾ.

ഈ രണ്ടു മേതിൽമാരിൽ എന്നെ കൂടുതൽ ആകർഷിക്കുന്നത് പ്രകോപനകാരിയായ മേതിലാകുന്നു. ആ നിലയിൽ എന്നെ സംബന്ധിച്ചിടത്തോളം കൂടുതൽ പ്രകോപനകാരി ആദ്യകാലമേതിലാണ്. മനസ്സിലാകുന്നില്ല എന്ന ആവലാതി ഒരു വിശേഷണമായിത്തന്നെ തുന്നിച്ചേർക്കപ്പെട്ടിട്ടുണ്ട് 1973 ൽ ഇറങ്ങിയ പെൻഗ്വിൻ എന്ന സമാഹാരത്തോടൊപ്പം. കവിത എന്ന ഇനത്തിൽ അദ്ദേഹം എഴുതിയ രചനകളെ മാത്രം മുൻനിർത്തി പ്രകോപനകാരിയായ ആ മേതിലിനെ മനസ്സിലാക്കാനുള്ള ഒരു ശ്രമമാണ് ഈ ചെറുകുറിപ്പ്.

മലയാള കവിതയുടെ സാമ്പ്രദായിക രീതികളോടു കലഹിച്ചുകൊണ്ടാണ് മേതിൽ കടന്നുവന്നത്.വൃത്തംപോലെയും സംസ്കൃതപദബഹുലമായ കാവ്യഭാഷപോലെയുമുള്ള സാമ്പ്രദായിക ഉപകരണങ്ങളുടെ പ്രയോഗത്തിൽ നല്ല വശത തുടക്കം തൊട്ടേ ഉണ്ടായിട്ടും വീക്ഷണത്തിലെയും സൗന്ദര്യബോധത്തിലെയും വ്യത്യാസം കൊണ്ട് വെട്ടിത്തിരിഞ്ഞുനിന്നു മേതിൽക്കവിത.

കവിതയെ ഒരു സ്ഥലകലയായാണ് മേതിൽ കണ്ടത്. മൂർത്തവും അമൂർത്തവുമായ സകലതും വന്നു നിറയുന്ന സ്ഥലകല. അനന്തതയെ സൃഷ്‌ടിക്കാൻ അത് കൊതിച്ചു,തുടിച്ചു. ആകയാൽ മേതിൽ പ്രമേയങ്ങളുടെ അതിർവരമ്പുകൾ തകർത്ത് ദീർഘകാവ്യങ്ങളെഴുതി. ഇരുണ്ടതും ഇടുങ്ങിയതുമായ ഒരു മുറി പൊതുവേ ആധുനികർ ചുമന്നു നടന്നിരുന്നു. എന്നാൽ മേതിലിൽ അത് ഇരുണ്ട ഒരു മാളമോ വിള്ളലോ പഴുതോ ആയി മാറി. അതിലിരുന്ന് ഭാഷകൊണ്ട് അനന്തസ്ഥലത്തെ സൃഷ്‌ടിക്കുകയായിരുന്നു ഈ കവി. മൂർത്തവും അമൂർത്തവുമായ രൂപാരൂപങ്ങളെ ഭാഷയിൽ വിളക്കിച്ചേർക്കുകയും ലയിപ്പിക്കുകയും ചെയ്തുകൊണ്ടാണ് അത് സാധ്യമാക്കിയത്. സംഗീതത്തിൽ നിന്നും ചിത്രകലയിൽ നിന്നും ഗണിതത്തിൽ നിന്നും (വിശേഷിച്ചും ക്ഷേത്രഗണിതം) പ്രകൃതിശാസ്ത്രത്തിൽ നിന്നും വേണ്ടതെടുത്തുകൊണ്ടാണ് മേതിൽക്കവിത അത് സാധിച്ചത് (ക്ഷേത്രഗണിതംകൊണ്ട് അനന്തത സൃഷ്ടിച്ച മേതിലിൻ്റെ സമകാലീനനായ ഫ്രഞ്ചു കവി ഗില്ലിവിക്കിനെ ഞാൻ വായിച്ചു തുടങ്ങിയതും മേതിലിനെ വായിച്ചു തുടങ്ങിയ കാലത്തുതന്നെ) മനുഷ്യനും മനുഷ്യൻ ജീവിക്കുന്ന പ്രപഞ്ചം എന്ന സ്ഥലരാശിയും തമ്മിലുള്ള ബന്ധം അടയാളപ്പെടുത്താനാണ് ആദ്യകാല മേതിൽക്കവിതകൾ ശ്രമിച്ചത്.

സൂര്യൻ, ചന്ദ്രൻ, ജനൽ എന്നിവയുടെ ഇടംമാറ്റിക്കളിയിലൂടെയാണ് സൂര്യചന്ദ്രജാലകജാലം എന്ന ദീർഘകാവ്യം ആ ശ്രമം നടത്തിയത്. പ്രാപഞ്ചിക വസ്തുക്കളും മനുഷ്യനിർമ്മിത വസ്തുക്കളും അതിൽ പങ്കുചേരുന്നു. പിന്നീടു വന്ന ജ്വരമാപിനിയിലെത്തുമ്പോൾ വസ്തുക്കൾ പുതുതാകുന്നു, ശാസ്ത്രോന്മുഖമാകുന്നു. അതും വൈദ്യശാസ്‌ത്രം. തെർമോമീറ്ററും സ്റ്റെതസ്കോപ്പുമാണ് ഇവിടെ. കേരള സംസ്ഥാനത്ത് ആശുപത്രികളും ആധുനികവൈദ്യശാസ്ത്രവും അതിൻ്റെ ഉപകരണങ്ങളും ജനകീയമായിത്തുടങ്ങിയ കാലം കൂടിയാണ് 1970 കളുടെ തുടക്കകാലം എന്നുമോർക്കാം.തെർമോമീറ്ററിനെക്കുറിച്ചുള്ള ഒമ്പതു ഖണ്ഡങ്ങളിൽ ആദ്യത്തേതിൽ പെട്ടിയിലിരിക്കുന്ന തെർമോമീറ്ററിനെയാണ് വിവരിക്കുന്നത്. കൊക്കൂണിനകത്തെ വെള്ളിപ്പുഴുവാണത്. ഡിസംബർ തണുപ്പ് അതിനെ പൊതിഞ്ഞു നിൽക്കുന്നു. രണ്ടാം ഖണ്ഡത്തിൽ തണുത്ത തുരങ്കത്തിലൂടെ കയറിപ്പോകുന്ന ഒരു തീവണ്ടിയെക്കുറിച്ചു പറയുന്നു. വായ്ക്കകത്തേക്കു കയറുന്ന തെർമോമീറ്റർ നാം ഓർക്കുന്നു. മൂന്നും നാലും ഖണ്ഡങ്ങൾ തെർമോമീറ്ററിലെ രസപ്പടർച്ചയെക്കുറിച്ചാണ്. ഒരു മുടിനാരിൽ നര പടരുംപോലെയാണത്. ആ മുടിയിഴ മുറിഞ്ഞാൽ മെർക്കുറിത്തുള്ളി തെറിക്കാം. തെർമോമീറ്റർ വായിൽ വെച്ചിരിക്കുന്ന നിൻ്റെ ചിത്രമാണ് അഞ്ചാം ഖണ്ഡം. കോലൈസ് ഉറുഞ്ചുംപോലുണ്ട് അതുകണ്ടാൽ. തെർമോമീറ്ററിനകത്തെ രസത്തുള്ളിയെ പനിത്തുള്ളിയായും വായുകുമിളയായും പ്രകാശകണമായും അമീബയായും ഒരു പ്രത്യേകതരം മൃത്യുവായും കാണുകയാണ് ആറാം ഖണ്ഡം. തെർമോമീറ്ററിലെ മെർക്കുറിപ്പാടിനെ ഗോളാന്തരങ്ങളിലേക്കു കൊണ്ടുപോകുന്നു ഏഴാം ഖണ്ഡം. മെർക്കുറി ഗ്രഹത്തിൽ നിന്നു വന്ന ജാരപേടകത്തിൻ്റെ പിൻവരയാണത്. തെർമോമീറ്റർ വായിൽനിന്നെടുത്ത് വെളിച്ചത്തിൽ പിടിച്ച് പനിയുണ്ടോ എന്നു പരിശോധിക്കുന്നു എട്ടാം ഖണ്ഡം. ആ പരിശോധനയിൽ, പെട്ടെന്നു നിലച്ച വെള്ളിത്തലയുള്ള വാൽനക്ഷത്രമാകുന്നു അതിലെ മെർക്കുറിപ്പാട്. എല്ലാം കഴിഞ്ഞ് തെർമോമീറ്റർ കഴുകിവക്കുകയാണ് ഒമ്പതാം ഖണ്ഡത്തിൽ. കഴുകുമ്പോൾ ആ രസപ്പാട് ചുരുളുന്ന ഒരു പുഴുവായി മാറുന്നു. പിന്നീടു വരുന്ന സ്റ്റെതസ്കോപ്പിലുമതെ, അതിൻ്റെ രൂപത്തെ വിവിധ ഖണ്ഡങ്ങളിലൂടെ സാക്ഷാൽക്കരിക്കുകയാണ്.

രൂപവിന്യാസങ്ങൾ കൊണ്ടും അവയിലെ ഇടംമാറിക്കളികൾ കൊണ്ടും മനുഷ്യൻ ഉൾപ്പെടുന്ന സ്ഥലരാശിയുടെ ഗാഢതയും അനന്തതയും ആവിഷ്‌ക്കരിക്കുകയാണ് കവി. ഈ ലീലയുടെ ഒരു ഘട്ടത്തിൽ കാലത്തെക്കൂടി സ്ഥലരാശിയിൽ ലയിപ്പിക്കുന്നു. കാലത്തെയും സ്ഥലത്തെയും ഗ്രഹിക്കുന്ന അനന്തതയിൽ മനുഷ്യൻ്റെ ഇടപെടലാണ് ഇത്. മേതിൽ കാവ്യഭാഷകൊണ്ടു ചെയ്ത ഈ പണിയുടെ സാഹസികമായ സമകാലീനത അറിയാൻ അതേ കാലത്ത് മനുഷ്യൻ ബഹിരാകാശത്തേക്കും ചന്ദ്രനിലേക്കും അന്യഗ്രഹങ്ങളിലേക്കും നടത്തിയ ഇടപെടലുകളുമായി ഇത് താരതമ്യം ചെയ്താൽമതിയാകും.

അതല്ലെങ്കിൽ വ്യത്യസ്തമായ മറ്റൊരു സമകാലീന ഉദാഹരണം ചൂണ്ടിക്കാട്ടാം. താഴെക്കൊടുക്കുന്ന, മേതിൽ എഴുതിയതാവാൻ സാധ്യതയുള്ള ഈ ഉദ്ധരണി ഒന്നു വായിക്കൂ: "സ്ഥലം എപ്പോഴും എന്നെ അമ്പരപ്പിച്ചു. സ്ഥലത്തിൻ്റെ അനന്തമായ സാധ്യതകൾ, വസ്തുക്കൾ സ്ഥലത്തിൽ വരുത്തുന്ന മാറ്റങ്ങൾ,വസ്തുക്കൾക്ക് സംഭവിക്കുന്ന രൂപാന്തരങ്ങൾ, സ്ഥലത്തിലും കാലത്തിലുമുള്ള അവയുടെ ചലനം, അവ തമ്മിലുള്ള പരസ്പരബന്ധം, മനുഷ്യരാശിയിൽ അവയുണ്ടാക്കുന്ന പ്രതിഫലനങ്ങൾ, മനുഷ്യനും സ്ഥലരാശിയും തമ്മിലും വസ്തുവും കാലവും തമ്മിലുമുള്ള ബന്ധം. ഇവയെല്ലാം എന്നെ അമ്പരപ്പിച്ചു. ഈ താല്പര്യത്തിൽ നിന്നും, ആവിഷ്കാരത്തിനായുള്ള അന്വേഷണത്തിൽ നിന്നും, ഇത്തരം ചിന്തകളുടെ കൂടിക്കൂടിവരുന്ന തീവ്രതയിൽ നിന്നുമാണ് ഇത് ഞാൻ സൃഷ്‌ടിച്ചത്"അത്ഭുതകരമാംവിധം മേതിലീയൻ ആയ ഈ ഉദ്ധരണി റൂബിക്സ് ക്യൂബ് എന്ന പസിൽ നിർമ്മിച്ച ഹങ്കേറിയൻ വാസ്തുശില്പി എർണോ റൂബിക്കിൻ്റേതാണ്. മേതിലിൻ്റെ ആദ്യകവിതാ സമാഹാരമായ പെൻഗ്വിൻ പുറത്തുവന്ന് ഒരുകൊല്ലം കഴിഞ്ഞ് 1974 ലാണ് റൂബിക്സ് ക്യൂബ് നിർമ്മിക്കപ്പെടുന്നത്. മേതിലിൻ്റെ കലയെ കുറിക്കാൻ പറ്റുന്ന മികച്ചൊരു സൂചകമാണ് റൂബിക്സ് ക്യൂബ്. ആഗോളതലത്തിൽ തന്നെ മനുഷ്യൻ്റെയുള്ളിൽ അന്നേക്ക് പ്രബലമായിത്തീർന്ന ഒരു അന്വേഷണത്വരയുടെ കേരളീയ സമകാലീനതയുടെ പേരാകുന്നു മേതിൽ. ആ ത്വര ഒരേ സമയം ശാസ്ത്രാഭിമുഖവും സാഹസികവും തത്വചിന്താപരവും ലീലാപരവുമായിരുന്നു. പെൻഗ്വിനിലെ കവിതകളാണ് അതിൻ്റെ പ്രഥമസാക്ഷ്യം.

ഈ അന്വേഷണത്തിൽ പ്രമേയങ്ങൾ ഒട്ടും പ്രധാനമായിരുന്നില്ല. കാരണം ഏതൊരു പ്രമേയത്തിനും ഒരവസാനമുണ്ട്. ആകയാൽ മേതിൽ പ്രമേയങ്ങളെ തിരസ്‌ക്കരിച്ച് പകരം രൂപങ്ങളെ വരിച്ചു. തൻ്റെ കവിതകൾ രൂപാത്മകമാവാനും രൂപകാത്മകമാവാതിരിക്കാനും മേതിൽ ശ്രദ്ധവെച്ചു. രൂപങ്ങൾ തമ്മിലുരസി മിന്നലുകളുണ്ടായി.കമ്പി പൊട്ടി പെട്ടെന്നുവെളിച്ചമാകുന്ന വൈദ്യുതിപോലെ.

പെൻഗ്വിൻ എന്ന വിചിത്രരൂപിയായ പക്ഷിയെ അനന്തസ്ഥലത്തിലേക്കു പറപ്പിച്ചുവിടുന്ന കവിതയാണ് പെൻഗ്വിൻ. നിൻ്റെ പറക്കൽ ഒരാകാശം, നിൻ്റെ ചേക്കേറൽ ഒരു വൻകര എന്നു കവി. തെക്കേ ഗോളാർദ്ധത്തിൽ നിന്നു തെക്കോട്ടു പോയ പെൻഗ്വിൻ വടക്കേ ഗോളാർദ്ധത്തിലെത്തുന്നു. മുന്നും പിന്നും ഒന്നാകുന്നു. ഭൂതവും ഭാവിയും ഒന്നാകുന്നു.പീക്കിങ് മുട്ടയുടെ മഞ്ഞക്കരുകൊണ്ടുവന്ന് പാലക്കാട്ടെങ്ങാണ്ടൊരു മഞ്ഞപ്ര ഇറ്റിച്ചിറ്റിച്ചു വീഴ്ത്തിയവനാകുന്നു പെൻഗ്വിൻ.പെൻഗ്വിൻ എന്ന  ജീവിയുടെ ജൈവികതയേക്കാൾ രൂപാത്മകതയാണ് ആ കവിതയിൽ മുന്തി നിൽക്കുന്നത് എന്നത് ശ്രദ്ധിക്കണം.വൻകരക്കണക്കിനാണ്ടുകൾക്കിടയിൽ ചുവപ്പിന്ത്യൻ ദൈവങ്ങൾ പൂഴ്ത്തിവെച്ചൊരു വീഞ്ഞുകുപ്പിയാണ് പെൻഗ്വിൻ എന്ന് ആ രൂപാത്മകത ആഘോഷിക്കപ്പെടുന്നു.

പെൻഗ്വിൻ എന്ന സമാഹാരം മലയാളകവിതാവായനക്കാരെ പ്രകോപിപ്പിച്ചുവെങ്കിലും അതിനോടു സംവദിക്കാൻ അന്നത്തെ ഭാവുകത്വ അന്തരീക്ഷത്തിന് കഴിഞ്ഞില്ല. മേതിലിൻ്റെ തലമുറയിൽ പെടുന്ന ആധുനികർ പോലും പ്രമേയങ്ങളുടെ ചട്ടക്കൂടുകൾക്കകത്തായിരുന്നു. പനി സച്ചിദാനന്ദൻ്റെ കവിതയിൽ സമൂഹിക ഉൽക്കണ്ഠയുടെ രൂപകമാകുമ്പോൾ മേതിൽക്കവിതയിൽ രൂപജാലങ്ങളിലേക്കും അവയുടെ ചലനങ്ങളുണ്ടാക്കുന്ന ജ്യാമിതികളുടെ അനന്തതയിലേക്കും തുറക്കുന്നു. ഈ തുറവി മനസ്സിലാക്കപ്പെട്ടതേയില്ല. അപാരതയിൽ പോയി മടങ്ങി വന്നവൻ്റെ തണുത്ത മൗനത്തിൻ്റെ കൊക്കൂണിലായി കവി പിന്നീട്.ഇവിടെനിന്നാണ് മേതിൽക്കവിതയുടെ അടുത്ത ഘട്ടം ആരംഭിക്കുന്നത്. കൊക്കൂണും പുഴുവും പാമ്പും ജ്വരമാപിനിയിൽ തന്നെയുണ്ട്. തെർമോമീറ്ററും സ്റ്റെതസ്കോപ്പും അവിടെ മുന്നിലേക്കു വന്നു എന്നേയുള്ളൂ. തൻ്റെ കവിതയുടെ രണ്ടാംഘട്ടത്തിൽ മേതിൽ അതൊന്നു തിരിച്ചു വെച്ചു. തെർമോമീറ്ററും സ്റ്റെതസ്കോപ്പും പിന്നിൽ വെച്ച് കൊക്കൂണും പുഴുവും മുൻവെച്ചു. ഒരു വെച്ചുമാറിക്കളി. പക്ഷേ അതു ചെറുതല്ല. ആ മാറ്റത്തിൻ്റെ ഗുരുത്വം മേതിലിന് നന്നായറിയാം എന്നതിൻ്റെ കാവ്യസാക്ഷ്യമാണ് എം.ഗോവിന്ദൻ എന്ന കവിത. ആ അനുസ്‌മരണകവിതയുടെ ഒരു പ്രത്യേകത ഗോവിന്ദനെയോ ഗോവിന്ദൻ്റെ കവിതയേയോ കുറിച്ച് അതിൽ കാര്യമായ റഫറൻസുകൾ ഇല്ല എന്നതാണ്. ഒരനുസ്‌മരണകവിത എന്ന നിലയിൽ അത് അസാധാരണം പോലുമാണ്. എന്നിട്ടും എന്തുകൊണ്ട് എം.ഗോവിന്ദൻ? പ്രഖ്യാപിത ഹ്യൂമനിസ്റ്റ് ആയിരുന്ന ഗോവിന്ദൻ്റെ ഓർമ്മയെ മുൻനിർത്തി തൻ്റെ വീക്ഷണമാറ്റം പ്രഖ്യാപിക്കുകയാണ് മേതിൽ ഈ കവിതയിൽ. കവിക്കു പകരം അട്ടയെ വയ്ക്കുകയാണ് ഈ കവിത. കവിയുടെ ശബ്ദം ഇനി വേണ്ട. അട്ടയുടെ ശബ്‌ദം മതി. സ്വന്തം കവിതയോടുള്ള സന്ദേഹത്തിൽ നിന്നും കലഹത്തിൽ നിന്നുമാണ് ഹ്യൂമനിസ്റ്റായ ഗോവിന്ദനെ സാക്ഷിനിർത്തി ഈ വീക്ഷണമാറ്റത്തെക്കുറിച്ചു കവി പറയുന്നത്. പുറകോട്ടൊരു ശവമെറിഞ്ഞ് മരണം പോകുന്നതുപോലെ നിർജീവ വസ്തുക്കൾ, രൂപങ്ങൾ, പിറകോട്ടെറിഞ്ഞു പോകുന്ന കവിത ഇനി വേണ്ട.നിർജീവമായ ഒരു ഭൂമിയെ പിറകിലിട്ടെറിഞ്ഞു പോകാൻ എനിക്കു തീർച്ചയായും കഴിയില്ല(പക്ഷികൾ- ഭൂമിയേയും മരണത്തേയും കുറിച്ച്).അതുകൊണ്ടാണ് അട്ട, ഒച്ച്, കുഴിയാന, കോടാനുകോടി കീടങ്ങൾ. നേരത്തേ രൂപങ്ങൾ പിന്നിലേക്കെറിഞ്ഞു പോയതുപോലെയല്ല, മുന്നിലേക്ക് ഇഴഞ്ഞു വരികയാണ്. പനി നോക്കിയശേഷം കൂട്ടിൽ തെർമോമീറ്റർ തിരികെ വെച്ച്, അന്നതിൻ്റെ ഉപമാനമായിരുന്ന വെള്ളിപ്പുഴുവിനെ ഇപ്പോൾ മുൻവെയ്ക്കുന്നു. തെർമോമീറ്റർ ഇരുന്ന കൂടിനെ അന്ന് കൊക്കൂൺ എന്നു വിളിച്ചെങ്കിൽ ഇന്ന് അപാരതകളുടെയെല്ലാം പുഴുക്കളുണ്ടായിരുന്ന കൊക്കൂൺ ഭൂമിയാണ് എന്ന് തിരിച്ചറിഞ്ഞു(ചിറകുകളും ഇതളുകളും).മരണത്തെ ഒരരണയുടെ മറവികൊണ്ടു തോല്പിക്കാം എന്നറിഞ്ഞു(എം.ഗോവിന്ദൻ). ആദ്യകാലകവിതകളിൽ ഉപമാനങ്ങളുടെ നിലയിൽ നിന്നിരുന്ന വെള്ളിപ്പുഴു, പഴുതാര, കൊക്കൂൺ തുടങ്ങിയവ ഇവിടെ വർണ്ണ്യമാവുന്നു. അവർണ്ണ്യങ്ങൾ വർണ്ണ്യങ്ങളാവുന്നു.

എന്നാൽ അർത്ഥത്തിൽ ഒടുങ്ങുന്ന പരിമിതിയുള്ള ഒരു പ്രമേയമായല്ല മേതിൽ ഈ വീക്ഷണമാറ്റത്തെ സങ്കല്പിച്ചത് ("അർത്ഥത്തിൻ്റെ കൂലി മരണമാകുന്നു").ഇത് ഒരാശയമോ പ്രമേയംപോലുമോ അല്ല. മറിച്ച് കീടരാശികളുടെ ഒരനന്തത സൃഷ്‌ടിക്കലാണ്. അളകൾ, വിള്ളലുകൾ, പഴുതുകൾ, കൊക്കൂണുകൾ എന്നിവക്ക് പെൻഗ്വിൻ കവിതകളിൽ തന്നെ ഉണ്ടായിരുന്ന ഇടം നാം കണ്ടുവല്ലോ. അവക്കുള്ളിൽ ഇരുന്നുള്ള പ്രപഞ്ചസ്ഥലരാശിവിസ്താരമായിരുന്നു പെൻഗ്വിൻ കവിതകളെങ്കിൽ, ആ അളകളിലും വിള്ളലുകളിലും കൊക്കൂണുകളിലും നിന്നു പ്രവഹിക്കുന്ന കീടകോടികൾ കൊണ്ട് പ്രപഞ്ചസ്ഥലരാശിയെ വിസ്തരിക്കാനാണ് പിന്നീട് മേതിൽ ശ്രമിച്ചത്. പഴുതുകളിലും വിള്ളലുകളിലും നിന്ന് പുറത്തേക്കൊഴുകുന്ന പ്രാണികളുടെ നീക്കത്തിലൂടെ പ്രപഞ്ചപ്പരപ്പിൽ തൻ്റെ ഇടം കണ്ടെത്താൻ ശ്രമിക്കുകയാണ് ഇവിടെ. അതുകൊണ്ട് മേതിലിൻ്റെ പിൽക്കാല കവിതകൾ എത്രമാത്രം പ്രാണിജാലത്തെ മുൻനിർത്തിയുള്ളതാണോ അത്രമാത്രം അളകളെയും വിള്ളലുകളെയും പഴുതുകളെയും പിൻനിർത്തിയുള്ളതുമാണ്. അവക്കുള്ളിലെ ഗന്ധമാണ് ഗന്ധം, അവക്കുള്ളിലെ ഇരുട്ടാണ് ഇരുട്ട്.അനന്തതയിൽ, പ്രപഞ്ചത്തിൻ്റ അങ്ങേയറ്റത്ത് ജീവനുണ്ടോ എന്നത് ശാസ്ത്രത്തിൻ്റെ ഉൽക്കണ്ഠയാണ്. ജീവൻകൊണ്ട് അനന്തതയുണ്ടാക്കാം എന്നത് കവിതയുടെ സാധ്യതയും. എന്നാൽ മേതിൽക്കവിത വെമ്പുന്ന, പ്രമേയപരിധി തകർക്കുന്ന ഈ അനന്തത്തുടിപ്പ് ആ നിലയിലല്ല ഒരു പ്രമേയമെന്ന നിലയിലാണ് നാം വായിച്ചത്. ഭൗമരാഷ്ട്രീയം പോലുള്ള പ്രമേയങ്ങളുടെ ലേബൽ മേതിൽക്കവിതക്കുമേൽ പതിച്ചാണ് നാം ആ വായന പൂർത്തിയാക്കിയത്. പ്രമേയഭദ്രതയുടെ നാലുകാലിൽ വന്നു വീണാൽ മാത്രമേ മലയാളകാവ്യഭാവുകത്വത്തിന് ഇതുൾക്കൊള്ളാനാവുകയുള്ളൂ എന്നത് മേതിൽക്കവിതയുടെ കുഴപ്പമല്ല. ഈ കാവ്യലോകവികാസത്തിൻ്റെ ഘട്ടങ്ങളിലെല്ലാം മേതിലിൻ്റെ മറ്റൊരു താല്പര്യ വിഷയം സൈബർ അനന്തതയായിരുന്നു എന്ന വസ്തുത ഈ ചെറുകുറിപ്പിലെ നിരീക്ഷണങ്ങളുടെ അനുബന്ധമായി കണക്കാക്കാവുന്നതാണ്.

അനന്തതയിൽ,രൂപപ്രവാഹത്തിൽ, ജ്യോതിർഗോളങ്ങൾക്കിടയിൽ,സൈബർ പ്രപഞ്ചത്തിൽ മിന്നാമിന്നിത്തിളക്കങ്ങൾക്കും ഒച്ചിൻ്റെ വെള്ളിവരത്തിളക്കങ്ങൾക്കുമിടയിൽ നിലകൊണ്ട് താനും പ്രപഞ്ചവും തമ്മിലെ പാരസ്പര്യം മനുഷ്യൻ അറിയുന്നതിൻ്റെ ആഖ്യാനങ്ങളാണ് മേതിൽ രാധാകൃഷ്ണൻ്റെ കവിതകൾ. ഇതിൽ ഏതെങ്കിലും ഒരു ഘട്ടത്തെ മാത്രം മുൻനിർത്തി ലേബൽ ചെയ്യുന്നത് മേതിൽക്കവിതയെ സമഗ്രമായിക്കാണുന്നതിന് തടസ്സമായിരിക്കും. സമഗ്രതയിൽ, അനന്തതയുടെ വികാസമാണ് മേതിൽക്കവിത ഭാഷകൊണ്ടു സാധിക്കുന്നത്. അനന്തതയുടെ വികാസമെന്നത് നാം ജീവിക്കുന്ന പ്രപഞ്ചത്തിൻ്റെ വികാസം തന്നെയാകുന്നു. ഈയൊരു കൊളുത്തിൽ ജി.ശങ്കരക്കുറുപ്പിൻ്റെ കവിതയോട് കണ്ണിചേരുന്നുണ്ട് മേതിൽക്കവിത. പക്ഷേ കാര്യമായൊരു വ്യത്യാസമുണ്ട് രണ്ടും തമ്മിൽ. സനാതനാനുക്ഷണവികസ്വരസുന്ദരപ്രപഞ്ചത്തെ ഒരു പ്രമേയമാക്കി അഭിസംബോധന ചെയ്ത് ജി വർണ്ണിച്ചു. മേതിലാകട്ടെ പ്രപഞ്ചത്തെ വികസിപ്പിക്കുന്നതിൽ കവിതകൊണ്ട് ഇടപെട്ടു. ഈ വ്യത്യാസം ഭാവുകത്വപരവും പ്രധാനവുമാണെന്നതിൻ്റെ ഒരു തെളിവാണ് ജീക്കവിതയുടെ കടുത്ത ആരാധകനായിരുന്ന ഒരു വിമർശകന് മേതിൽക്കവിത തീരെ മനസ്സിലാവാതെപോയി എന്നത്.



*മലയാള മനോരമ 14-6-26 ന് പാലക്കാട്ട് സംഘടിപ്പിച്ച മേതിൽ ആദരസന്ധ്യയിൽ അവതരിപ്പിച്ച നിരീക്ഷണങ്ങളുടെ ഒരു വിടർച്ചയാണ് ഈ ലേഖനം.

















Sunday, May 24, 2026

വെള്ളച്ചാട്ടത്തിനരികിൽ തന്നെയുണ്ട് കല്ലിൽ കുരുങ്ങിയ വേര്

വെള്ളച്ചാട്ടത്തിനരികിൽ തന്നെയുണ്ട്

കല്ലിൽ കുരുങ്ങിയ വേര്




മഴക്കാലത്ത് ഒരു വെള്ളച്ചാട്ടത്തിൻ്റെ ഇരമ്പം അതു കാണാൻ പോകുമ്പോഴും കണ്ടു പോരുമ്പോഴും ദൂരെ നിന്നേ കേൾക്കുന്നതുപോലെ അനഘയുടെ കവിതാപ്രവാഹം കുത്തിയൊഴുകിപ്പോകുന്ന ശബ്ദം വായിക്കാൻ പോകുമ്പോഴും വായിച്ചുകൊണ്ടിരിക്കുമ്പോഴും വായിച്ചു തീരുമ്പോഴും ഞാൻ അനുഭവിക്കുന്നു. കാവ്യകലയുടെ അടിസ്ഥാന സ്വഭാവമായ ശാബ്ദികത ഏതു കവിയുടെ എഴുത്തിലുമുണ്ടാകും. അതിനപ്പുറം കവിതയോടുള്ള കവിയുടെ ആവേശവും അഭിനിവേശവുമാണ് അനഘയുടെ കാവ്യപ്രവാഹം ഇങ്ങനെ ഇരമ്പുന്നതിൻ്റെ മൂലകാരണം. ഒഴുക്കിൻ്റെ തിക്കുമുട്ടിക്കുന്ന വന്യതയാണ് അനഘയുടെ കവിത തരുന്ന സവിശേഷമായ ഒരനുഭവം. കവിതയോട് അത്യാവേശമുള്ള വായനക്കാരനായ എനിക്ക് അതുകൊണ്ടുതന്നെ പെട്ടെന്ന് ഐക്യപ്പെടാൻ കഴിയുന്നു ഈ സമാഹാരത്തിലെ കവിതകളോട്. ശീർഷക കവിതയായ പ്രാണീപരിണയം ചെറുപ്രാണികളുടെ പ്രണയോത്സവം വർണ്ണിക്കുന്ന കവിതയാണ്. വാസ്തവത്തിൽ വാക്കുകളുടെ പ്രണയോത്സവത്തിലേക്കെത്തുന്ന വാണീപരിണയമാണ് ഈ കവിതകളിൽ സംഭവിക്കുന്നത്.

ഈ പുസ്തകം തുറക്കുന്നതു തന്നെ വാഗ്രൂപം എന്ന കവിതയോടെയാണ്. പാരമ്പര്യ രീതിയനുസരിച്ച് പഴയ കവികൾ സരസ്വതിയേയും ഗണപതിയേയുമൊക്കെ സ്തുതിച്ചാണല്ലോ കവിത തുടങ്ങാറ്. അനഘ തുടങ്ങുന്നത് വായില്ലാക്കുന്നിലപ്പനെ തോറ്റിയാണ്. ദൂരെ നിന്നു നോക്കുമ്പോൾ കിളിയായും ആനയായും കുതിരയായും മനുഷ്യനായും സാക്ഷാൽ ദൈവസ്വരൂപമായും കാണപ്പെടുന്ന വാഗ്‌രൂപമാണത്. വാ മൂടിക്കെട്ടിയ വാഗ്രൂപം. വാക്കുറങ്ങുന്ന കുന്നിൻ മുകളിൽ അതിരിക്കുന്നു. വാ മൂടിക്കെട്ടിയ വാഗ്‌രൂപത്തെ പ്രസാദിപ്പിച്ച ശേഷമാണ് അനഘയുടെ കവിത താഴ്‌വരകളിലേക്കു കുതിച്ചൊഴുകുന്നത്. വാക്കിനെക്കുറിച്ച് മുക്തകരൂപത്തിലെഴുതിയ ഒരു കവിതയുടെ തലക്കെട്ട് വാക്കടൽ എന്നാണ്. വാക്കിൻ്റെ ഒരു തള്ളലുണ്ട് ആ പ്രയോഗത്തിൽ. അത്ഭുതത്തിൻ അല തൂകുന്ന അമൃതമാണ് വാക്കാകുന്ന കടൽ. ഏതു ഭാഷയിലേതുമാകട്ടെ, അത്ഭുതവും ആകാംക്ഷയും നിറഞ്ഞതാണ് വാക്ക്. അതുകൊണ്ടാണ് ഇംഗ്ലീഷ് ഭാഷയെക്കുറിച്ചെഴുതിയ തൻ്റെ കവിതക്ക് അനഘ ഹൗ?ണി! എന്നു പേരിടുന്നത്. ജീവനുള്ള ഏതു വാക്കിലുമുണ്ട് ചോദ്യചിഹ്നങ്ങളും ആശ്ചര്യ ചിഹ്‌നങ്ങളും.ജീവിതത്തിൻ്റെ ഉച്ചനിലകളെ, പരമാവസ്ഥകളെ ആവിഷ്ക്കരിക്കാൻ പോന്ന വാക്കാണ് ഈ കവി തോറ്റുന്ന വാക്ക്. അത്തരം സന്ദർഭങ്ങളിൽ വാക്ക് അസാധാരണമാകും, സവിശേഷമാകും. വെളിപാടുപോലെയാകും. വെളിപാടിൻ്റെ നേരത്ത് ഉറഞ്ഞു തുള്ളുന്ന ഒരു വെളിച്ചപ്പാട് അനഘയുടെ കവി സങ്കല്പത്തിലുണ്ട്. പറയാനൊരു വാക്കു കടഞ്ഞും കുതറാനൊരു ചോടു തിരഞ്ഞും വിറയാർന്നു തപിക്കുന്ന ആ വെളിച്ചപ്പാടിനെ ഈ  കവി തെയ്‌വപ്പാട് എന്നു തിരിച്ചറിയുന്നു. തെള്ളിപ്പൊടി വീശിയെറിയുകയും ചിതറും വിളി കൂട്ടിയിണക്കി തുള്ളിയുറയുകയും ചെയ്യുന്ന ഈ ദൈവപ്പാടിൻ്റെയും വാക്കുറങ്ങുന്ന കുന്നിലെ വാഗ്രൂപിയുടെയും സാന്നിദ്ധ്യം അനഘയുടെ കവിതയെ കുത്തൊഴുക്കായിരിക്കെത്തന്നെ പരമ്പരാഗത കാല്പനികക്കുത്തൊഴുക്കാവാതെ ആഴങ്ങളിലേക്കു വഴിതിരിച്ചു വിടുന്നു.

ഉള്ളിൻ്റെ പിടപ്പാണ് അനഘയുടെ വാക്കുകളെ ഇത്രയും ചലനാത്മകമാക്കുന്നത്. കൺമുന്നിലെ പ്രവാഹച്ചുഴിയിൽ പെട്ട കാട്ടുമരം,സ്യന്ദമാനവനദാരു, പോലെ വട്ടംകറങ്ങുന്നു വാക്കുകൾ. ചിറകു മുളക്കുമ്പോൾ തിടുക്കപ്പെടരുത് എന്നറിയാം. പറക്കുന്നതും പൂക്കുന്നതും പതുക്കെയാവണം എന്നുമറിയാം. എന്നിട്ടും ഉള്ള് പിടക്കുന്ന ആ പിടപ്പുണ്ടല്ലോ അതാണ് ഈ  കവിതകൾ അനുഭവിപ്പിക്കുന്നത്. ഒരു നോവ് നട്ട് മുളച്ച് മരമായ് കനിയാവാൻ ഒരു വാക്കു മതി ഈ കവിക്ക്. പുതുകാലവേഗപ്പിടപ്പുമായി ഒത്തു പോകുന്നു ഈ വാക്കുപിടപ്പ്. ഹൈപ്പർലിങ്ക് കാലം വാക്കിൻ്റെ വള്ളികൾ നടില്ല, തിങ്ങിയ വാക്കിൻ വള്ളിപ്പടർപ്പേ നടൂ. കവിയുടെ മനസ്സും കാലവും ഒത്തുചേർന്നുണ്ടാക്കുന്നതാണ് ഈ ഒഴുക്കുത്ത്. പ്രകൃതി കൊണ്ട് വേഗത്തിലൊരു ഫലൂദയൊരുക്കാൻ ഈ ഒത്തുചേരൽ ഉണ്ടാവണം.

നിറപാത്രത്തിലൊരു
കുന്നുമഞ്ഞെടുത്ത്
നക്ഷത്രം ചതച്ചിടണം
ചന്ദ്രനെപ്പൂളുപൂളായി
തലങ്ങും വിലങ്ങുമിടാം
കൊത്തിയരിഞ്ഞിടാൻ
ഒരു പിടി മേഘം
അതിങ്ങനെ ആവി
പറക്കുമ്പോലെ തോന്നും

ഫാസ്റ്റ് ഫുഡ് ജീവിതരീതിയുടെ കാലത്ത് ഇങ്ങനെയൊരു കവിത സ്വാഭാവികം. അതിവേഗം പോയി പൊലിഞ്ഞില്ലാതാവുന്നതിൽ ഹരം കൊള്ളുന്ന യൗവനത്തിൻ്റെ തിടുക്കം കണ്ട് ജീവിതത്തിൽ പലപ്പോഴും ഞാൻ സംഭ്രമിച്ചിട്ടുണ്ട്. ആ സംഭ്രമം വീണ്ടും വീണ്ടും അനുഭവിപ്പിച്ചു അനഘയുടെ കവിത.

എന്നാൽ ആവേശം തിരതല്ലുന്ന ഈ പ്രപാതം ഒരു ഘട്ടത്തിൽ കുഞ്ഞിനെക്കളിപ്പിക്കുമ്പോലെ സ്വച്ഛവും ക്ഷമാപൂർണ്ണവുമായ ലീലയായിത്തീരുന്നു.

കവിതേയെന്നു വിളിച്ചെന്നാൽ
കളിച്ചെങ്ങോ മറഞ്ഞിടും
അകത്തേതോ മുറിക്കുള്ളി-
ലൊളിച്ചേയെന്നു കൊഞ്ചിടും

കിളിമകൾ എന്ന ഈ കവിതയിൽ വിരിച്ച കടലാസിൽ മായുന്നവൾ എന്നാണ് കവിതയെ വിശേഷിപ്പിക്കുന്നത്. ഇവിടെയും കുത്തൊഴുക്കുണ്ട്. അത് കുഞ്ഞിനോട്, കവിതയോട് ഉള്ള വാത്സല്യക്കുത്തൊഴുക്കാണ്. ഗണിതവും ശാസ്‌ത്രവും സാങ്കേതികവിദ്യയുമെല്ലാം കവിതയിലേക്കു കലർത്താനുള്ള അനഘയുടെ തിടുക്കത്തിൽ കാലബോധവും ലീലാപരതയും കൂടിച്ചേരുന്നുണ്ട്. അക്ഷരങ്ങളെ അക്കങ്ങളാക്കണം അക്കങ്ങളെ അക്ഷരങ്ങളും എന്ന് മടി എന്ന കവിതയിൽ എഴുതുന്നു. വന്യമായ ഒഴുക്കിൻ്റെ സ്വഭാവം എല്ലാത്തിനേയും തന്നിലേക്കു ചേർക്കുക എന്നതാണല്ലോ. നിരന്തരം അതു ചെയ്തുകൊണ്ടാണ് ഈ കവിതകൾ മുന്നോട്ടു പായുന്നത്. ഒരു മുറി സവാളയുടെ പ്രതലത്തിൽ ചരിത്രവും സംസ്കാരവും സൗന്ദര്യവുമെല്ലാം അത് സംഗ്രഹിക്കും. പ്രപഞ്ചമപ്പാടെ വിഴുങ്ങാനുള്ള തിടുക്കത്തിൻ്റെ നിമിഷത്തിൽ കവിതയേയും ശാസ്ത്രത്തേയും സാങ്കേതികവിദ്യയേയും ഒന്നായിക്കാണാൻ ഈ കവിതക്കു കഴിയുന്നു. ബഹിരാകാശത്തെക്കുറിച്ചറിയാനുള്ള മനുഷ്യൻ്റെ ആകാംക്ഷയും പാറപോലുള്ള തൻ്റെയുള്ളിൽ ഞെരിഞ്ഞു പോയ ഒരു കുഞ്ഞു വേരിനെക്കുറിച്ചോർത്തുള്ള ഉൽക്കണ്ഠയും ഒന്നുതന്നെ എന്ന് ഈ കവിതകൾ പ്രഖ്യാപിക്കുന്നു.

അതെ, ആകാംക്ഷയും ഉൽക്കണ്‌ഠയും ഭയവുമാണ് ഈ കവിതയുടെ അടിയൊഴുക്കുകൾ. പൊയ്ക്കൊണ്ടിരിക്കെ ഇല്ലാതാകുമോ എന്ന ഭയമാണ് തോണിയില്ലാതെ എന്ന കവിത ആവിഷ്‌ക്കരിക്കുന്നത്. തോണിയിലാണ് മുമ്പു പൊയ്ക്കൊണ്ടിരുന്നത്. ഇപ്പോൾ തോണിയില്ല. പൊയ്ക്കൊണ്ടിരിക്കെ അതങ്ങില്ലാതായി. എന്നാൽ,

ഇപ്പോഴും വെള്ളത്തിലാണ്
ഉപരിതലത്തിൽ തുഴയുമായി
ആഴത്തിലൊരു വേരുമായി
ഒരു ജലസസ്യം പോലെ
പിടപ്പു തീരാത്തൊരു ജലജീവിയെപ്പോലെ
ചിലപ്പോഴൊക്കെ
ജലം പോലെയും ......

പിടപ്പ് എന്ന വാക്ക് ഇവിടെയുമുണ്ട്.നിലനില്പിനെക്കുറിച്ചുള്ള ആധി തന്നെയാണ് ഇവിടത്തെ പിടപ്പ് എന്നു കാണുക. ഏതിലൂടെയാണോ താൻ നീങ്ങിക്കൊണ്ടിരിക്കുന്നത് ആ പ്രവാഹം തന്നെയായി മാറുന്നിടത്ത് അസ്തിത്വത്തെക്കുറിച്ചുള്ള ഉൽക്കണ്ഠ പരമാവധിയിലെത്തുന്നു. അനഘയുടെ കവിതകളിലെ ഉൽക്കണ്ഠയിലൂടെ കടന്നുപോയപ്പോൾ ഇന്ത്യൻ ഇംഗ്ലീഷ് കവി ഗോപാൽ ഹൊനാൽഗരെയുടെ ഒരു കവിത(The Donkeys) ഞാനോർത്തു. താൻ ജീവിതകാലം മുഴുവൻ ഇരുന്ന് എഴുതിയുണ്ടാക്കിയ മൂന്നു ചാക്കു കവിതകൾ ദൂരെയുള്ള മൊണാസ്ട്രിയിൽ സമർപ്പിക്കാൻ മൂന്നു കഴുതകളുടെ പുറത്തവ കെട്ടിവച്ച് തൊണ്ണൂറാം വയസ്സിൽ ഹിമാലയ നിര താണ്ടുന്ന ഒരു ബുദ്ധസന്യാസിയെക്കുറിച്ചാണാ കവിത. യാത്ര തുടങ്ങിയിട്ട് ദിവസങ്ങളായി. ഒരു രാത്രി തണുപ്പ് താങ്ങാനാവാതെ കവിതകൾ മുഴുവൻ സന്യാസി കത്തിച്ചുകളഞ്ഞു. ഒരു വരി മാത്രമാണത്രെ പിൽക്കാലത്തേക്കായി അവശേഷിച്ചത്. അതിങ്ങനെയായിരുന്നു :

you search for the donkey
you ride on

താൻ സഞ്ചരിക്കുന്ന കഴുതയെ അറിയുക എന്നത് പ്രധാനമാണ്. അത് ജീവിത തത്വം അറിയലാണ്. താൻ കുത്തിയൊലിച്ചു പൊയ്ക്കൊണ്ടിരിക്കുന്ന പ്രവാഹത്തെ അറിയാൻ ശ്രമിക്കുന്നു എന്നതാണ് അനഘയുടെ കവിതകളിലെ ദാർശനികമായ അടര്. താനും ആ പ്രവാഹവും രണ്ടല്ല എന്ന ബോധ്യം തോണിയില്ലാതെ എന്ന കവിതയിൽ അനുഭവിക്കാം. സഞ്ചരിച്ചുകൊണ്ടിരിക്കുന്ന തോണി ഇല്ലാതായതുപോലും അറിയാതിരുന്ന, അത്രകണ്ട് സഞ്ചാരത്തിൽ മുഴുകിയ യാത്രികയാണ് ഈ കവിതയിലെ ആഖ്യാതാവ്. ഇപ്പോൾ അറിയാവുന്നത് ഒന്നുമാത്രമാണ്, തോണി ഇന്നില്ല എന്നുമാത്രം. തോണിയിൽ ഒഴുകിയിരുന്ന ആൾ ഇപ്പോൾ വെള്ളത്തിലൊഴുകുന്നു.

ഉപരിതലത്തിൽ തുഴയുമായി,
ആഴത്തിൽ ഒരു വേരുമായി,
ഒരു ജലസസ്യം പോലെ
പിടപ്പു തീരാത്തൊരു ജലജീവിയെപ്പോലെ
ചിലപ്പോഴൊക്കെ ജലം പോലെയും.....

അസ്തിത്വത്തെ സംബന്ധിച്ച ഉൽക്കണ്ഠയും അതിൻ്റെ ശമനവുമുണ്ട് ഒഴുക്കും ഒഴുകുന്നയാളും തമ്മിലുള്ള ഈ ഒന്നാകലിൽ. ഒരു മഹാപ്രവാഹത്തിലേക്ക് തൻ്റെ ഭയങ്ങളെയും ഉൽക്കണ്ഠകളെയും ബലികൊടുക്കുന്നതിൻ്റെ അനുഷ്ഠാനപരതകൊണ്ട് പ്രാക്തനശോഭ കലർന്നതാണ് ഈ കവിതകൾ. കലങ്ങിമറിയുന്ന ആഴത്തിലേക്കു ചാടി സ്വയം സമർപ്പിക്കുന്നതിൻ്റെ കാവ്യാത്മക അനുഷ്ഠാനമായി അനഘയുടെ എഴുത്ത് പരിണമിക്കുന്നുണ്ട്. ചിലപ്പോഴൊക്കെ എന്ന കവിതയിൽ ഭയം മറനീക്കി ഇങ്ങനെ വെളിപ്പെടുന്നു:

ആളുകളെ പേടി
അവനവനെ പേടി

ഒരു മൗനത്തിൽ പോലും
കൊടുങ്കാറ്റു കണ്ട്
ആടിയുലയുന്നൊരെന്നെ
കാറ്റൂതി വീർപ്പിച്ച
മനസ്സു പൊട്ടുന്നൊരെന്നെ.
പൊട്ടുന്ന മനസ്സിലൂടെ
കണ്ണീർച്ചിറകു
വീശിയടിക്കുന്നൊരെന്നെ

പൊട്ടുന്ന മനസ്സിലൂടെ കണ്ണീർച്ചിറകു വീശിയടിക്കുക എന്ന പ്രയോഗം ശ്രദ്ധിക്കാതിരിക്കാനാവില്ല. മനശ്ചാഞ്ചല്യം ഒന്നാകെ അതിൽ ഊറിക്കൂടിയിരിക്കുന്നു.മൗനത്തിൻ്റെ മരവിപ്പും മരണത്തെക്കുറിച്ചുള്ള ഭയവും അതോടൊപ്പമുണ്ട്. ആരോടും മിണ്ടാതാവുന്നിടത്തു നിന്നാണ് മരണം തുടങ്ങുന്നത് എന്ന് മൗനപാതകം എന്ന കവിതയിൽ വായിക്കാം. ശബ്ദം ഇല്ലാതാകുന്നതിനോടുള്ള ഭയം കൂടിയാണ് മരണഭയം."പറയണമെന്നു തോന്നുന്നതൊക്കെ ആദ്യം കുഴിച്ചുമൂടിത്തുടങ്ങും.അതിനു മുകളിൽ തെങ്ങോ വാഴയോ പൂമരങ്ങളോ നട്ടുപിടിപ്പിക്കും" മരണത്തിനു മുമ്പേ വാക്കുകൾ പറന്നു പോകും എന്നതിനാൽ വാക്കുകൾ പറന്നു പോകുന്നിടത്ത് മരണമുണ്ട് എന്നു കവി തിരിച്ചറിയുന്നു. പച്ചപ്പു മാഞ്ഞുപോയി ഞെരമ്പുകൾ മാത്രമായിത്തീർന്ന ഒരു ഉണക്കിലയുടെ മൗനം ഈ കവിതകളുടെ ശബ്ദപ്രപാതത്തെ താങ്ങി നിർത്താൻ പണിപ്പെടുന്നു. പള്ളിക്കൂടത്തിലേക്കുള്ള വഴികൾ എന്ന കവിതയിൽ പിടിച്ചു നിർത്തിയ കരിയിലയുടെ വലവലഹൃദയം പോലെ ഒരു മൗനം. ശബ്‌ദത്തിനും മൗനത്തിനുമിടയിലെ, ജീവിതത്തിനും മരണത്തിനുമിടയിലെ കുരുങ്ങിച്ചതഞ്ഞ നില ഏറ്റവും കനത്തിൽ അടയാളപ്പെടുന്ന കവിതയാണ് മോക്ഷം.കല്ലിന്നിടയിൽ കുടുങ്ങിയ ഒരു വേരിനെക്കുറിച്ചാണാ കവിത.ഒരിക്കലും മരമായിപ്പൊങ്ങാത്ത ഒരു വേര്.എന്നാൽ ചാവുന്നുമില്ല അത്.ആ കല്ലു പിളർന്ന് പുറത്തിറങ്ങുന്നത് സ്വപ്നം കാണുക മാത്രമേ അതിനു വഴിയുള്ളൂ. എന്നാൽ കല്ലിലൊരു ദൈവമുണ്ട്. വേരിനെപ്പോലെത്തന്നെ അതിനകത്തു തളച്ചിടപ്പെട്ടത്. ഒരു വായില്ലാക്കുന്നിലപ്പൻ.
വേരേ,ഇറങ്ങിപ്പോകരുതേ,നീ കൂടി ഇറങ്ങിയാൽ
ഞാനൊറ്റക്കാവും എന്നു വേരിനോട് പ്രാർത്ഥിക്കാറുള്ള ഒരു ദൈവം.ജലപാതവന്യതയിൽ എല്ലാം ലയിച്ചൊന്നാകുന്നതുപോലെ കുരുങ്ങിക്കിടപ്പിൻ്റെ അസ്‌തിത്വ നിലയിൽ ദൈവവും മനുഷ്യനും ഒന്നാകുന്നു. വാക്കറ്റവരാണ് ഈ കവിതകളിലെ ദൈവങ്ങൾ. ജലപാതവന്യതക്കും സ്തബ്ധതയിലെ കുരുങ്ങിക്കിടപ്പിനുമിടയിലെ ഒരേ സമയം ദൈവികവും മാനുഷികവുമായ ഊയലാട്ടങ്ങളാകുന്നു ഈ കവിതകളത്രയും.വന്യപ്രണയം എന്ന കവിതയിൽ കണ്ട, മരങ്ങളിൽ ആടിയാടിയിരിക്കുമൊരു സിംഹി എന്ന ബിംബത്തിലേതുപോലെ ഏതു സ്തബ്ധതയിലുമുണ്ട് കുതിച്ചുചാടാൻ ആയമെടുക്കുന്ന ഒരു ആട്ടം. പാറയിൽ ഞരിഞ്ഞമർന്ന വേരിൻ്റെ തുടിപ്പിലുണ്ട്, മാനത്തിൻ്റെ മഹാപ്രപാതത്തിലേക്കു വൃക്ഷമായി തുടിച്ചുപൊങ്ങാനുള്ള ആയം. വെള്ളച്ചാട്ടത്തിൽ ഒരു തുള്ളി കിടന്നു പിടയുന്നതു കണ്ടിട്ടുണ്ടോ എന്ന് കവി ചോദിക്കുന്നു. ആ പിടപ്പുകണ്ട് ഇക്കാണായ ലോകം മുഴുവൻ ഹൗ വൗ എന്ന് വാപൊളിച്ചു നിൽക്കും. അതേ സമയം അതേ വെള്ളച്ചാട്ടത്തിനോടു ചേർന്നുനിൽക്കുന്ന പെരുമ്പാറയിൽ കുരുങ്ങിയ ഒരു വേരിൻ്റെ തുടുത്ത തുമ്പിൽ അതേ പിടപ്പ് നിശ്ചലമായി ആളിക്കത്തും. കല്ലിലും ജലത്തിലും ഒരുമുറി സവാളയിലും ഒരേ പിടപ്പ്. ജീവിതത്തെ അതിൻ്റെ സകലശബ്‌ദബഹുലതയോടെയും ശിലാന്തരമൗനത്തോടെയും പുണരാനുള്ള കവിയുടെ കുതിപ്പായ ആ പിടപ്പ് അനന്തമായിത്തുടരട്ടെ എന്ന് ആശംസിക്കുന്നു.
































ആലിനും വിത്തിനുമിടയിൽ

ആലിനും വിത്തിനുമിടയിൽ


ഉണ്ടായിരുന്നു, അത്
തെളിഞ്ഞതിപ്പോൾ മാത്രം

എന്ന് ഒരു കവിതയിൽ കവി സുജിത്കുമാർ എഴുതുന്നുണ്ട്. ഏതാണ്ട് 2017 മുതൽ സുജിത്തിൻ്റെ കവിതകൾ ഞാൻ വായിച്ചു പോരുന്നു. തിളനില എന്ന പ്രസിദ്ധീകരണം എഡിറ്റുചെയ്ത കാലത്ത് അതിൻ്റെ രണ്ടാം പതിപ്പിൽ സുജിത്തിൻ്റെ കവിതകളും ചേർക്കുകയുണ്ടായി. മറ്റാരും എഴുതാത്ത ഒരഗാധ വേദന ആ കവിതകളിൽ ചോരച്ചു നിന്നതുകൊണ്ടാണ് ആ കവിതകൾ എന്നെ പിന്തുടർന്നത്. പുറമേക്കേറിയാത്ത ഒരു ഉൾനിലയാണ് സുജിത് തൻ്റെ കവിതകളിൽ ആവിഷ്ക്കരിച്ചത്. കവിതകൾ പുസ്തകമാക്കാൻ അന്നുമുതൽ സുജിത് ശ്രമിച്ചുകൊണ്ടിരുന്നു. കവിതകൾ പല തവണ മാറ്റിയെഴുതി. അവതാരിക എഴുതാൻ എന്നെ  ഏല്പിച്ചിട്ടു തന്നെ വർഷങ്ങളായി. ഈ കവിതകൾ പല തവണ വെറുതെ വായിക്കാനല്ലാതെ അവയെപ്പറ്റി എഴുതാൻ എനിക്ക് കഴിഞ്ഞതേയില്ല. എന്നാൽ ഈ കവിതകളിൽ  നിന്ന് വിടുതിയും എനിക്ക് കിട്ടിയില്ല. എഴുതാൻ തുടങ്ങുമ്പോൾ ഈ കവിതകൾ തുറന്നിടുന്ന മൗനലോകം എന്നെ ബാധിച്ചു കൊണ്ടിരുന്നു. അവതാരിക പൂർത്തിയാക്കാൻ വൈകിയതുകൊണ്ടു തന്നെ ഇത് പുസ്തകമാക്കാനുള്ള കവിയുടെ ശ്രമവും വൈകി. ഇനിയും വൈകിക്കൂടാ എന്ന ഒറ്റബോധ്യത്തിൽ ഒറ്റത്തച്ചിന് സുജിത്തിൻ്റെ കവിതകളെക്കുറിച്ചു ചില നിരീക്ഷണങ്ങൾ നടത്തുക മാത്രമാണിവിടെ.

സാധ്യതാലോകത്തെയോർത്ത് ഇരുളറയിൽ മറഞ്ഞിരിക്കുന്ന ഒരു വിത്താകുന്നു സുജിത് കുമാറിന്റെ കവിത. അനേകലോകങ്ങൾ ഉള്ളടക്കി വെച്ച അത്തരമൊരു വിത്താക്കി വായനക്കാരന്റെ മനസ്സിനെ അതു മാറ്റുകയും ചെയ്യുന്നു.മുളക്കാനിരിക്കുന്ന വിത്തിന്റെ ഉൾവലിവ് ഈ കവിതകളിലുണ്ട്. തൽക്കാല സ്ഥിതിയിൽ നിന്നും വെളിയിലേക്കുള്ള നീക്കത്തിന്റെ ഊർജ്ജവും അത്ര തന്നെ ശക്തമാണ്. ഉൾ - പുറം വലിവുകൾക്കിടയിലെ സമ്മർദ്ദമാണ് ഈ കവിതാ ലോകത്തേക്ക് എന്നെ ആകർഷിച്ചത്. കാരണം അതേ സമ്മർദ്ദം എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ചു വരുന്നതാണ്. ആ നിലക്ക് എന്റെ ഉൺമയുടെ ബലതന്ത്രമാണ് സുജിത്തിന്റെ കവിതകളിലൂടെ എനിക്കു മുന്നിൽ വെളിപ്പെടുന്നത്.

കുട്ടിക്കാലത്ത് താൻ കൂടുതൽ കുഞ്ഞാവാൻ ആഗ്രഹിച്ചതിനെപ്പറ്റി സമകാല റൊമാനിയൻ കവി യോൺ എസ്. പോപ്പിൻ്റെ ഒരു കവിതയുണ്ട്. ചെറുതായിച്ചെറുതായി ഒരു ഉരുളക്കിഴങ്ങോളം ചെറുതായി ഉരുളക്കിഴങ്ങു പോലെ മണ്ണിനടിയിൽ ഉറങ്ങിക്കിടക്കണം എന്നായിരുന്നു ആഗ്രഹം. മണ്ണിനടിയിൽ നിന്നു പുറത്തേക്ക്, വീണ്ടും മണ്ണിനടിയിലേക്ക്, ഒരു ശല്യവുമില്ലാതെ മറവിയിലാണ്ട്. അല്ലെങ്കിൽ, ഒരിരുണ്ട ധാന്യപ്പുരയുടെ വാതുക്കലിരുന്ന് പുറത്തേക്കു നോക്കും പോലെ. ഇരുട്ടിൽ കൂട്ടിയിട്ട വിത്തുകൾ ധാന്യപ്പുരക്കുള്ളിൽ മുളച്ചുവരുന്നതിൻ്റെ നിശ്ശബ്ദമായ ആരവം അപ്പാടെ കല്ലിച്ച പോലെയുള്ള ഒരു പുറം നോട്ടം.ജീവിതം മുഴുവൻ ഇങ്ങനെ നോക്കിയിരിക്കാൻ ആഗ്രഹിക്കുന്ന എനിക്കറിയാം ഈ കവിനോട്ടത്തിൻ്റെ പൊരുൾ.ഇങ്ങനെയൊക്കെയേ അതു വിവരിക്കാനാകൂ എന്നു മാത്രം. മുറിക്കകത്തെ കസേരയിൽ വന്നു വീഴുന്ന ഒരു കീറു വെളിച്ചത്തെക്കുറിച്ച് ഇതിലൊരു കവിതയുണ്ട്. ജനൽ അടച്ചാൽ ആ വെളിച്ചം പോയ് മറയുന്നു. മുറിക്കകത്തെ മനുഷ്യൻ്റെ വീക്ഷണകോണിലൂടെയാണ് ആഖ്യാനം:

ജനലടയ്ക്കുമ്പോൾ മാത്രം മറയും വെളിച്ചമേ,
ജനലടച്ചില്ലേലവിടെത്തന്നിരിക്കുമോ?

എന്ന് ആ വെളിച്ചക്കുഞ്ഞിനോടു കൊഞ്ചുന്ന ഉൾമനുഷ്യനെ കാണിച്ചു തരുന്ന ഈ കവിതയുടെ ശീർഷകം ജനൽ തുറക്കുമ്പോൾ മാത്രം വെളിപ്പെടുന്നൊരാൾ എന്നാണ്. അകത്ത് സൂക്ഷിക്കപ്പെട്ട വെളിച്ചത്തിൽ നിന്നു വേണം പുറത്തു നിന്നു നോക്കുന്നവർക്ക് ആ മനുഷ്യനെ കാണാൻ. വിത്തുകൾ പോലുള്ള വെളിച്ചങ്ങളുടെ കാവൽക്കാരനാണ് ഈ കവി. ഉള്ളിലെ ഏകാന്തതക്ക് ദിക്കുകളോളം വ്യാപ്തിയുണ്ട് എന്ന് ഈ കവി വിശ്വസിക്കുന്നു(ഒരാളുടെ ഏകാന്തമായ ദിക്കുകൾ) ഒരാളെ ക്ഷമയോടെ കേട്ടിരിക്കുമ്പോൾ പോലും അയാളുടെ വേരുകളെ ഒരു പൂപ്പാത്രത്തിലെ മണ്ണിൽ ഒതുക്കാനേ കഴിയൂ.നമുക്കുൾക്കൊള്ളാനാകുന്നതിനുമപ്പുറമാണ് മറ്റൊരാളുടെ ഏകാന്തത എന്ന തിരിച്ചറിവോടെ ജീവിതത്തെ കാണുന്നവയാണ് ഈ കവിതകളെല്ലാം. വ്യക്തിപരമായ ഏകാന്തതയല്ല, മനുഷ്യകുലത്തിൻ്റെ ദുരന്തപൂർണ്ണവും അസ്തിത്വപരവുമായ ഏകാന്തതയാണ് സുജിത് ആവിഷ്ക്കരിക്കുന്നത്. ഏകാന്തമായ ആ ഉൾ ലോകത്തെ കാണിച്ചു തരുന്ന മിന്നൽ വെളിച്ചങ്ങളാണ് ഈ സമാഹാരത്തിലെ മിക്ക കവിതകളും. ആദി എന്ന കവിത നോക്കൂ:

വീട്ടിലേക്കെന്ന പോലെ
കാട്ടിലേക്കു പുറപ്പെട്ടു
കല്ലിൽ മുള്ളിൽ പുല്ലിൽ
മൃഗങ്ങളുടെ കാലടയാളങ്ങളിൽ
ചവിട്ടി നടന്നു.
ഉൾക്കാട്ടിലെത്തിയപ്പോൾ മഴ
പാമ്പിൻ്റെയും വെരുകിൻ്റെയും പറവയുടെയും
മണത്തിൽ, നിറത്തിൽ
തുള്ളി തുള്ളിയായിറ്റുന്നു
ദേഹത്ത്
ആകാശമില്ലാതെ.

അപാരതയെ ഒരു ദൃശ്യത്തിൽ ഒതുക്കാൻ കാവ്യഭാഷക്ക് ഇവിടെ കഴിയുന്നു എന്നതാണ് എടുത്തു പറയേണ്ട ഒരു കാര്യം. അസ്തിത്വത്തെ ആൽമരത്തിൻ്റെ വിത്തു പോലെ സൂക്ഷ്മമാക്കുന്ന കലയാക്കി സുജിത് കാവ്യകലയെ മാറ്റുന്നു. ദേഹവും ദേഹത്തിനു വെളിയിലുള്ള അപാരതയും സന്ധിക്കുമ്പോൾ അകവും അകത്തെ അസ്തിത്വഭാരവും തെളിയുന്ന വിസ്മയമാണ് ആദി പോലെ ആൽമരത്തിൻ്റെ വിത്തിലെ കവിതകളിലൊക്കെയുമുള്ളത്. സദാ വിളുമ്പിലാണ്, അതിരിലാണ്, അരികിലാണ് കവിതയിലെ ആഖ്യാതാവിൻ്റെ ഇടം. അത് അകത്തിനും പുറത്തിനുമിടയിൽ ശരീരത്തിൻ്റെ വിളുമ്പാകാം. അല്ലെങ്കിൽ മനുഷ്യനും തിര്യക്കുകൾക്കുമിടയിലുള്ള നേർത്ത വിളുമ്പാകാം.

ഒരു രാത്രിയെ
പുലരും വരെ
ഇമ ചിമ്മാതെ
നോക്കിയിരിക്കൂ
മനസ്സിലാവില്ല
രാവു പകലാവുന്നതെപ്പോഴെന്ന്
(അപാരതയിൽ)
അതിരുകളുടെ കാര്യം അത്രയേയുള്ളൂ. അകത്തിനും പുറത്തിനുമിടയിൽ പതുങ്ങിയിരുന്ന് പൊടുന്നനെ അകത്തെ പുറമായും പുറത്തെ അകമായും അട്ടിമറിക്കുകയാണ് ഇയാളുടെ രീതി. മറഞ്ഞെന്ന പോലെ നിൽക്കുക, അതിരുകൾ മായ്ക്കുക, ഈ അട്ടിമറികളെയും മായ്ക്കലുകളെയും ഒരു കളിയായി പടർത്തുക എന്നിവയിൽ അഭിരമിക്കുന്നു സുജിത്തിൻ്റെ കവിതകൾ. 

അതുകൊണ്ടു തന്നെ മനുഷ്യാസ്തിത്വത്തെക്കുറിച്ചല്ല, ജീവജാലങ്ങളുടെയും തിര്യക്കുകളുടെയെല്ലാം അസ്തിത്വത്തെക്കുറിച്ചാണ് ഈ കവിയുടെ ഉൽക്കണ്ഠകളത്രയും. ആ നിലക്ക് അങ്ങേയറ്റം തത്വചിന്താപരമാണ് സുജിത്തിൻ്റെ കവിത. വെള്ളം കുടിക്കുന്നതിനെക്കുറിച്ചുള്ള ഒരു കവിതയുടെ പേര് ചെടി എന്നാണ്. മനുഷ്യൻ വെള്ളം കുടിക്കുന്നിടത്തു തുടങ്ങുന്ന ആ കവിത അവസാനിക്കുന്നത് മണ്ണിൽ നിന്ന് വേരുകൾ മൊത്തിക്കുടിക്കുന്നിടത്താണ്. മനുഷ്യൻ എവിടെ ഒടുങ്ങുന്നു, തിര്യക്കുകളും പ്രാണികളും എവിടെത്തുടങ്ങുന്നു എന്നു പറയാൻ വയ്യ ഈ കവിതകളിൽ. ഒരിക്കലും മനുഷ്യർ അവർക്കുവേണ്ടി ശബ്ദിക്കുകയല്ല ഇവിടെ. തിര്യഗ്-പ്രാണി ലോകത്തു നിന്ന് മനുഷ്യൻ്റെ ബോധലോകം മുറിഞ്ഞു മാറിയതിനെപ്പറ്റിയുള്ള വേദന തത്വദർശനപരമായി ആവിഷ്ക്കരിക്കുന്ന കെ എ ജയശീലൻ്റെ കവിതയിൽ നിന്ന് സുജിത്തിൻ്റെ കവിത മുന്നോട്ടു പോകുന്നത് ഇങ്ങനെയാണ്. മുറിഞ്ഞ ഞരമ്പുകളെപ്പറ്റി ആധികൊള്ളുകയല്ല ഈ കവി. മറിച്ച് തിര്യക്കുകളിലേക്കും ജീവികളിലേക്കും സ്വാഭാവികമായി പരക്കുകയാണ്. ഒരേ സമയം മനുഷ്യനായും ചെടിയായും എട്ടുകാലിയോയും തേരട്ടയായും ഒച്ചായും അസ്തിത്വത്തെക്കുറിച്ചുള്ള ഒരു മുദ്ര ഉയർത്തിക്കാണിക്കുകയാണ് കവി. മുഴുവൻ, ഒറ്റ എന്ന ദ്വന്ദ്വം സുജിത്തിൻ്റെ കാവ്യലോകത്ത് പ്രധാനമാകുന്നു.

മുഴുവൻ കുഞ്ഞുങ്ങൾക്കുമുള്ള സ്നേഹം
ഒരൊറ്റ കുഞ്ഞിനെ കാണുമ്പോൾ
കൊടുക്കുന്നൊരുമിച്ച്
നനുത്ത ഭാഷയിൽ (ഇഴ)

ഭൂമിയിലെ സകല പെണ്ണുങ്ങളേയും സ്നേഹിക്കാനായാണ് ഞാൻ നിന്നെ പ്രണയിക്കാൻ പോകുന്നത് എന്നതാണ് ഈ കവിതകളിലെ കാമുകൻ്റെ പ്രഖ്യാപനം(പ്രേമലേഖനം).ഒരേ സമയം മുഴുവൻ കല്ലുകളുടെ പ്രതിനിധിയായും ആരുടെയും പ്രതിനിധിയല്ലാതെ പ്രത്യേകമായിട്ടും വെട്ടിത്തിളങ്ങുകയും മിണ്ടുകയും ചെയ്യുന്ന ഒരു കല്ലിനെ കാണിക്കുന്നു വെറും എന്ന കവിത.

അസ്തിത്വത്തിൻ്റെ ഒരു എസ്കലേറ്ററിൽ നീങ്ങിക്കൊണ്ടിരിക്കുകയാണ് എല്ലാവരും. പുഴയുടെ ഒഴുക്കും പറവയുടെ ചിറകും കുഞ്ഞിൻ പട്ടുമേനിയും പൊട്ടിപ്പൊളിഞ്ഞ ഓടയുടെ ഗതിയും ഒന്നുതന്നെ."പൊങ്ങുന്ന വേഗത്തിനെങ്ങെങ്ങും താഴ്ച്ചകൾ" എന്നു കവി. ലോകം ഒരേ സമയം സമഗ്രലോകമായി ഒന്നിച്ചു നിൽക്കുമ്പോൾ തന്നെ പൂവായ് പുഴുവായ് വേറിട്ടു നിൽക്കുകയും ചെയ്യുന്നതിൻ്റെ വിസ്മയം(പൂവും ഇതളും) ആഘോഷിക്കുകയുമാണ് ഈ കവിതകൾ. കാട്ടിൽ പോയാൽ കേട്ട കുയിലുകളും കണ്ട മാനുകളുമായി നാം പിരിഞ്ഞാലും വൈകീട്ട് അവയും ഞാനും നീയുമെല്ലാം അതേ കാടിൻ്റെ ഭാഗമായി കൂടിച്ചേരുകയും ചെയ്യും. ഒന്നിനേയും വിട്ടുപോകാൻ വിടുന്നില്ല കവി. നന്നേ ചെറുപ്പത്തിൽ മരിച്ചുപോയ കുഞ്ഞുങ്ങളുടെ വെളിച്ചം സൂര്യൻ്റെ പൊട്ടുകളായി ഭൂമിയിൽ വീണുകിടക്കുന്നു എന്ന സങ്കല്പനത്തിൽ ഈ തത്വദർശനം അടങ്ങിയിട്ടുണ്ട്. ഭൂമിയും സൂര്യനും മരണവും വെളിച്ചവും ഇരുട്ടുമെല്ലാം ഈ ഒറ്റ വാക്യ കവിതയിൽ ഒതുങ്ങുന്നു. പോസ്റ്റ് ഹ്യൂമൻ വീക്ഷണം സുജിത്തിൻ്റെ കാവ്യലോകത്തെ തീർത്തും സമകാലികമാക്കുന്നു.

അങ്ങനെ അതിരുകളെ പൊളിച്ചു കളഞ്ഞ് അസ്തിത്വത്തിൻ്റെ ആഴം തേടുമ്പോൾ സത്ത പന്തലിക്കുകയാണോ പൊട്ടിച്ചിതറുകയുകയാണോ ചെയ്യുക എന്ന ചോദ്യവും ഈ കവിതകൾ ഉയർത്തുന്നു. ഒരു ദിനം എന്ന കവിതയിൽ ആ ചോദ്യം നാം നേരിട്ടു തന്നെ കേൾക്കുന്നുണ്ട്. ടച്ച് സ്ക്രീൻ മിനുസത്തിൽ അരുമയോടെ തഴുകുന്ന മനുഷ്യൻ പന്തലിക്കുകയോ പൊട്ടിച്ചിതറുകയോ? നാഗരികത, അതിൻ്റെ നിർമ്മിതികൾ മനുഷ്യനെ പന്തലിപ്പിക്കുമോ അതോ പൊട്ടിച്ചിതറിക്കുമോ? ഉത്തരങ്ങളിലേക്കല്ല ചോദ്യങ്ങളിലേക്കാണ് കവിയുടെ ഊന്നൽ.

വിളുമ്പിലെ നില്പ്, അതിരിനെ ലംഘിക്കൽ അഥവാ അട്ടിമറിക്കൽ, അതിരു മായ്ച്ചു മായ്ച്ച് ഒരു കുഞ്ഞിനെപ്പോലെ കളിക്കൽ എന്നിങ്ങനെ ഒരു തുടർച്ച ഈ കവിതകളിൽ കാണാം. ഒന്നും ചെയ്യുന്നില്ല ഞാൻ എന്ന് എല്ലാവരോടും പരാതി പറഞ്ഞ് ഒന്നും ചെയ്യാതെ പ്യൂപ്പപോലെ കഴിയുന്ന ഞാൻ എന്ന ഉൺമയിൽ നിന്നാണ് എല്ലാം തുടങ്ങുന്നത് (നിദ്ര). ഏകാന്തം എന്ന കവിതയിൽ രാജതുല്യമായ ഏകാന്തതയോടെയാണ് അകം - പുറങ്ങളുടെയും ലോകാലോകങ്ങളുടെയും വിളുമ്പിൽ ആഖ്യാതാവ് ഇരിക്കുന്നത്. കടുപ്പത്തിലുള്ള ക്രൗര്യം, ഇണക്കത്തിലുള്ള കരുണ എന്നിങ്ങനെ തീവ്രതകൾക്കു മാത്രമേ ആ ഇരിപ്പിൽ അയാളെ തൊടാൻ കഴിയുന്നുള്ളൂ.എല്ലാം ഇതേപടി നിൽക്കുന്നു എന്നറിയാനായി അവധിയെടുത്ത് എല്ലാം ഇതേപടി നിൽക്കുന്നു എന്നു നേരിട്ടറിയുന്നതിൽ രസിക്കുന്ന കവിതയാണ് സംഗീതം. എല്ലാം കേട്ടിരിക്കുന്നതിൻ്റെ രസമാണ് നല്ല രസം(രസം) എല്ലാം അങ്ങനെയായിരിക്കുന്നതിൻ്റെ അഴകാണ് അഴക് (സുന്ദരം) ശരിക്കും തങ്ങി നിൽക്കുന്ന മണത്തെക്കുറിച്ചാണ് മണം എന്ന കവിത.ഓണക്കാലത്ത് തുണിക്കടയിൽ പോയി തുണിയെടുക്കാൻ അച്ഛനമ്മമാർ അനുവദിച്ചിട്ടും പുതുവസ്ത്രമെടുക്കാതെ അകന്നു നിൽക്കുന്ന വിചിത്ര സ്വഭാവിയായ ഒരു കുട്ടിയെ മഹാബലി എന്ന കവിതയിൽ കാണാം. അകലമാണ് അവൻ ശീലിക്കുന്നത്. തനിക്കുള്ളുടുപ്പുകൾ മാറ്റി നിർത്തി ആളുകൾ അവരവർക്കുള്ളതെടുത്തു പോകുന്നത് അവൻ മാറി നിന്നു കാണുകയാണ്. കാണലിൻ്റെ ആഴത്തിൽ ശരീരം അതു ചെയ്യുന്ന കർമ്മമായിത്തന്നെ മാറുന്നു കാണട്ടെ എന്ന കവിതയിൽ:

കാണട്ടെ കാണട്ടെ
ആ കൈയ്, ആ കൈയ്
എച്ചിലെടുത്ത്
എച്ചിൽ പോലായ ആ കൈ
കാണട്ടെ, കാണട്ടെ
ആ മുതുക്, ആ മുതുക്
ചുമടെടുത്ത്
ചുമടെടുത്ത്
ചുമടുപോലായ ആ മുതുക് (കാണട്ടെ)

അസ്തിത്വത്തിൻ്റെ ഈ ദൈന്യതക്കൊടുവിലാണ് അതിരു മായ്ച്ചു തുടങ്ങുന്നത്. ഒറ്റക്കിരിപ്പിൽ തന്നെ പ്രാണൻ അതിനായി തുടിക്കുന്നുണ്ട് എന്ന് ഒറ്റക്കിരിക്കുമ്പോൾ എന്ന കവിത ചൂണ്ടിക്കാണിക്കുന്നു.

ഒറ്റക്കിരിക്കുമ്പോൾ
മറ്റൊരാളായി തോന്നാം
അനേകരായി തോന്നാം
ഇല്ലെന്നു തോന്നാം.
ചിലച്ചു സംഗീതം പൊഴിക്കുന്ന കുഞ്ഞിക്കിളി
അയാളുടെ ഹൃദയമാണ്
പാടുന്നതെന്നു തോന്നിക്കും ചിലപ്പോൾ

ഇല്ലാതാവൽ,അനേകരാവൽ എന്നീ സാധ്യതകളെ പ്രയോജനപ്പെടുത്തിക്കൊണ്ടാണ് മനസ്സ് അതിരു മായ്ച്ചു തുടങ്ങുന്നത്. തൻ്റെ ഹൃദയമാണ് പക്ഷിയിൽ പാടുന്നത്, തൻ്റെ വേദനയാണ് പാടുന്ന കിളിക്ക് അതേപടി കിട്ടിയിരിക്കുന്നത് (തനിയെ)

അറിയാതെ തെന്നി പുഴയിൽ പുഴയാകുമ്പോലെയാണ് അതിരു മായ്ക്കൽ. അതിരു ലംഘനത്തിൻ്റെ സൂചകമായി സുജിത്തിൻ്റെ കവിതകളിൽ വെള്ളം പലപ്പോഴും കടന്നുവരുന്നു.

കുളിയിൽ നമ്മൾ
ജലമായ് തീരുമോ
ജലം നമ്മളാവുമോ
അടിമുടി മാറി മാറി
പിറക്കയാണോരോരോ സ്നാനത്തിലും....
കുളിക്കുന്തോറും
ഒഴുകാത്ത ബക്കറ്റിലെ ജലം ഒഴുകി
പുഴയായ് കടലായങ്ങനെ
ജ്വലിക്കുന്നൂ
നമ്മ,ളുടലും ജലവു -
മൊരൊഴുക്കിലെപ്പിറവി (സ്നാനം)

വെള്ളത്തിലലക്കിയ സ്വന്തം കുപ്പായം കാണുമ്പോൾ അത് മറ്റാരോ ആണ് എന്ന തോന്നലിൽ ആ അതിരുമായ്ക്കൽ ഭ്രമഭാവനയുടെ സ്വഭാവമാർജിക്കുന്നു. കുപ്പായത്തിൻ്റെ കൈകാലുകൾ കവിയുന്നു എന്ന് പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ടിവിടെ. അസ്തിത്വത്തിൻ്റെ ഭാരം അസഹനീയമാകയാൽ ഉള്ളിൽ നിന്നൊരൂർജം ഒടുവിൽ നീണ്ടുയർന്ന് അതിരുകൾ മായ്ക്കാൻ ഒരുമ്പെടുകയാണ്. പാട്ടുവക്കാൻ പുരുഷനായ തനിക്ക് പെണ്ണിനെ അറിയാനും അതിരു മായ്ക്കണം(കൂട്ടിൽ).അതിരു മായുമ്പോൾ ഭാഷാവ്യവസ്ഥ അട്ടിമറിയുന്നതാണ് പുഴയെ നടക്കുന്നു എന്ന കവിത.

പുഴയെ തുഴയുന്നീല
പുഴയെ നടക്കുന്നു ഞാൻ

കവിയെ സംബന്ധിച്ചിടത്തോളം ഭാഷയുടെ വ്യവസ്ഥയെ അട്ടിമറിച്ചുകൊണ്ടേ അതിരുകൾ മായ്ക്കാൻ കഴിയൂ എന്ന ബോധ്യം ഈ കവിക്കുണ്ട്. നില നിൽക്കുന്ന ഭാഷാ വ്യവസ്ഥയെ പൊളിക്കാനുള്ള ശ്രമം വായനയുടെ സുഗമതയെ ഒരളവോളം തടയുമെങ്കിലും. അട്ടിമറി എന്ന വാക്ക് നേരിട്ട് കടന്നുവരുന്ന ഒരു സന്ദർഭം പുല്ലിനെ ചവിട്ടാതെ എന്ന കവിതയിലുണ്ട്. രാത്രി ഇടക്കുണരുമ്പോൾ തേളും കടന്നലും പഴുതാരയും പാറ്റയും തുമ്പിയും ഉറുമ്പിൻ നിരയും ചേർന്ന ഒരധോതലലോകം കൺമുന്നിൽ. നമ്മെയെല്ലാം അട്ടിമറിക്കാനാണോ അവ ഒരുങ്ങുന്നത് എന്ന ആശങ്കയിലാണ് ആ കവിത അവസാനിക്കുന്നത്. ജൈവ ലോകവും ജൈവിക ഭാഷയും അട്ടിമറിക്കായി ഒരുമിക്കുന്നു ഈ കവിതകളിൽ. മനുഷ്യൻ്റെ രക്ഷക്കായാണ് ഈ അട്ടിമറി. അതിരുകൾ ഇല്ലാതാക്കാൻ.അതുവഴി മനുഷ്യാസ്തിത്വത്തിൻ്റെ ഏകാന്തഭാരത്തിൽ നിന്ന് വിടുതൽ നേടാൻ.

ഇതിൻ്റെ തുടർച്ചയായി അതിരുമായ്ച്ചു കലർന്നു കളിക്കുന്ന ഒരു കുഞ്ഞുണ്ട് സുജിത്തിൻ്റെ പല കവിതകളിലും. കുഞ്ഞാവുക എന്നാൽ ഈ കവിതകളിൽ വിത്താകലാണ്.ആൽമരത്തിൻ്റെ വിത്തിൽ ഈ കളിയുണ്ട്. വിത്തിൻ്റെ സാധ്യതയെ ലോകം മുഴുവൻ പടരുന്ന ഒരു കളിയാക്കി മാറ്റാൻ കുഞ്ഞിനെപ്പോലെ ചെറുതാവണം. സുശ്രുതനും കുറസോവയും ആർക്കിമിഡീസുമെല്ലാം സൂക്ഷ്മരൂപത്തിൽ കുടികൊള്ളുന്ന വിത്തുകളാണ് കുഞ്ഞുങ്ങൾ. അതിരുകൾ മാച്ച് പടർത്തി സാധ്യതകളെ പ്രപഞ്ചത്തോളം പടർത്താൻ അവർക്കേ കഴിയൂ. കുട്ടി മുതിർച്ചയിലേക്കെത്തുന്നതിനെപ്പറ്റി ഒരു കവിതയിൽ (മുതിർച്ച) പറയുന്നത് വിത്തിനകം ജീവൻ മുളപൊട്ടുമ്പോലെ എന്നാണ്. നിശ്ശബ്ദതയെന്ന മുതുമുത്തച്ഛൻ്റെ മടിയിലിരിക്കുന്ന ഉണ്ണിയായി കവി സ്വയം ഒരു കവിതയിൽ വിശേഷിപ്പിക്കുന്നുമുണ്ട്. ഊതീട്ടുമൂതീട്ടും വിളിയാത്ത പാട്ടിൻ്റെ കുഴലിനെക്കുറിച്ച് ആ കുഞ്ഞ് ആധികൊള്ളുന്നു.

കുറുതായ, സങ്കീർണ്ണ ലോകങ്ങൾ ഉള്ളിൽ പേറുന്ന ഒരു വിത്തിന് എങ്ങനെയാണ് തന്നെ വെളിപ്പെടുത്താനാവുക എന്ന ചോദ്യം ഈ കവിതകളിലെ ആഖ്യാതാവിനെ അസ്വാസ്ഥ്യപ്പെടുത്തുന്നുണ്ട്. അയാളിലെ അയാളെ അയാൾ കണ്ടെത്തുക എപ്പോഴാണ് എന്ന ആശങ്ക കവിത ഉയർത്തുന്നു. കണ്ടെത്തിയാൽ ലോകത്തെ അതു ബോധ്യപ്പെടുത്താനുള്ള ഭാഷ ഏതായിരിക്കും? നിലവിലുള്ള തന്നെയല്ല, കണ്ടെത്താൻ പോകുന്ന തന്നെ ആവിഷ്ക്കരിക്കാൻ ഉതകുന്ന കാവ്യഭാഷക്കാണ് ഈ കവി പരതുന്നത്. അതിനായി വിത്തിനെപ്പോലെ സൂക്ഷ്മരൂപികളായ ഒറ്റവാക്കുകളിലേക്കാണ് കവിയുടെ ശ്രദ്ധ പോകുന്നത്. കല്ല് എന്ന ഒറ്റ വാക്കിൽ നിന്ന് കെട്ടിപ്പടുക്കാനാണ് കവി ശ്രമിക്കുന്നത്.









Thursday, May 21, 2026

പ്രസന്നസീത

പ്രസന്നസീത


പി. രാമൻ


ആർദ്രയുടെ ഈ കവിതകളിലൊന്നിൽ കുട്ടിമഴപ്പെരുമാറ്റം എന്നൊരു പ്രയോഗമുണ്ട്. മഴയേയും മഴ നനയുന്ന ഉടലിനെയും മണ്ണിനേയും കുറിച്ചാണ് ആ കവിത. മഴയും ഉടലും മണ്ണും മാത്രമല്ല, കുട്ടിത്തവും മുതിർച്ചയുമെല്ലാം ഇടകലർന്നു കിടക്കുന്ന അനുഭവം തരുന്ന കവിതയുടെ സ്വഭാവത്തെ സൂചിപ്പിക്കാൻ പോന്നതാണ് ആ പ്രയോഗം. അനുഭവങ്ങൾ മനസ്സിൽ വീണലിഞ്ഞുണ്ടാകുന്ന അമൂർത്തഭാവത്തെ ഭാഷപ്പെടുത്താനുള്ള നിരന്തരശ്രമമാണ് ആർദ്രയുടെ കവിതയുടെ ഒരു പ്രധാന സവിശേഷത. മൂന്നു പ്രക്രിയകൾ ഇതിലുണ്ട്. അനുഭവങ്ങൾ മനസ്സിൽ വീണലിയലാണ് ആദ്യത്തേത്. തുടർന്നുണ്ടാകുന്ന അമൂർത്തഭാവമാണ് അടുത്തത്. അതിനെ ഭാഷപ്പെടുത്തലാണ് മൂന്നാം ഘട്ടം. ഈ സമാഹാരത്തിലെ ഏതു കവിത ഉദാഹരിച്ചാലും ഈ ക്രമം ശ്രദ്ധയിൽ പെടാതിരിക്കില്ല. മനുഷ്യബന്ധങ്ങളിൽ നിന്ന് ഊറിക്കൂടുന്നതാണ് കവിയുടെ അനുഭവലോകം. അമ്മയും സുഹൃത്തും സഹോദരിയും കാമുകനും പങ്കാളിയുമെല്ലാം പല കവിതകളിലായി കൂടെയുണ്ട്. പശ്ചാത്തലത്തിൽ പുഴയായും കാടായും ആകാശമായും കാറ്റായും പ്രകൃതിയുണ്ട്. ഇരുന്നു സ്വപ്നം കാണുകയും കിടന്നു വിശ്രമിക്കുകയും ചെയ്യുന്ന മുറിയും ഇറങ്ങിപ്പെരുമാറേണ്ട നാഗരിക ലോകവുമുണ്ട്. ഇവയോടെല്ലാമുള്ള ഇടകലർച്ചയിൽ നിന്നു വന്നു നിറയുന്നതാണ് ഈ കവിതകളിലെ അനുഭവലോകം.ഓർമ്മയിൽ പൂത്തത് എന്ന കവിതയിലെപ്പോലെ സങ്കീർണ്ണമാണ് പല ഇടകലർച്ചകളും. പഴയൊരു സ്നേഹം ഏല്പിച്ച മുറിപ്പാടിൻ്റെ നീറ്റൽ ഭാഷയാവുകയാണ് ആ കവിതയിൽ.മൂടൽ മഞ്ഞുപോലെ എങ്ങും നിറഞ്ഞു നിൽക്കുന്ന അമൂർത്ത വേദനയെക്കുറിച്ചാണ് കവി പറയുന്നത്. തന്നെ സ്നേഹിച്ചവൻ ഇപ്പോൾ മറ്റൊരുവൾക്കൊപ്പമാണ്. തൻ്റെ സ്നേഹമുദ്രകൾ അവനിൽ ഇപ്പോഴും വാടാതെയുണ്ടായിരിക്കുമോ?

എൻ നനവാലാ മെയ്യിൽ വിരിച്ച
പുൽപ്പടർപ്പുകൾ വള്ളികൾ പൂക്കൾ
വല്ലതും കൊഴിയാതെ നില്പുണ്ടോ
നിൻ കഴുത്തിൽ കണങ്കാലിലേറെ -
യുമ്മ വെച്ച ചെവിതൻ മറവിൽ

സ്നേഹമുദ്രകളെ മൂടൽമഞ്ഞുപോലെ അമൂർത്തമാക്കുകയാണ് കാവ്യഭാഷ ഇവിടെ. പരമാവധി മൂർത്തമാക്കാനാണ് പൊതുവേ നാമെല്ലാം ഭാഷ ഉപയോഗിക്കാറ്. കാവ്യഭാഷയുടെ ആ ലക്ഷ്യത്തെ അട്ടിമറിച്ചുകൊണ്ട് അനുഭവങ്ങളുടെ ആഘാതങ്ങളെ പരമാവധി അമൂർത്തമാക്കാനാണ് ആർദ്ര കാവ്യഭാഷയെ ഉപയോഗിക്കുന്നത്. ഈ വ്യത്യാസം സ്വാഭാവികമായും വായനക്കാരിൽ ഒരു അപരിചിതത്വം ഉണ്ടാക്കും. ആ അപരിചിതത്വത്തെ അപരിചിതഭംഗിയാക്കി മാറ്റാൻ കഴിയുന്നു എന്നതാണ് ഈ കവികളുടെ മേന്മ.

വാരിവാരിയെടുത്ത കടലല
നിൻ്റെ മേശമേൽ, ഞാൻ വെച്ച മാതിരി

എന്ന് ഇതേ കവിതയുടെ തുടക്കത്തിലെ വരിയുണ്ടാക്കുന്ന അപരിചിതഭംഗി ഒരുദാഹരണം. എനിക്കും നിനക്കുമിടയിലെ അനുഭവലോകത്തെ വാരിവാരിയെടുത്ത കടലല എന്ന അമൂർത്ത ബിംബത്തിൽ ഒതുക്കുകയാണ് ഇവിടെ. കടലലകൾ വാരിയെടുക്കുക എന്നതുതന്നെ അമൂർത്തവും അപരിചിതവുമായ ഭാവന. അവ നിൻ്റെ മേശമേൽ നിരത്തിവക്കൽ അതിലേറെ അമൂർത്തവും അപരിചിതവും.

മുറിയിൽ കിടന്നു കാണുന്ന ലോകത്തെക്കുറിച്ചുള്ള കവിത അവസാനിക്കുന്നത് പുറമേക്കു നടന്നു മറയലിലാണ്. അനുഭവത്തിൻ്റെ തുടർച്ച അമൂർത്തതയും അമൂർത്തതയുടെ തുടർച്ച മറയലുമാണെന്ന് ഈ കവിതകൾ പറയുന്നു.

ജലവും കാറ്റും ആകാശവും ആർദ്രയുടെ കാവ്യലോകത്ത് സുപ്രധാനമാകുന്നു. മൂടൽമഞ്ഞ് ജലത്തിൻ്റെ മറ്റൊരു രൂപം തന്നെ. ഇളകി മറിയുന്ന ദ്രവത്വം ഈ കവിതകളിലുടനീളം ഒരു ഭാഷാനുഭവമായിത്തന്നെയുണ്ട്. ആകാശം ഈ കവിക്ക് നനവിണ്ണാകുന്നു. ആകാശത്തെ ഇരുട്ട് ഒഴുകിയൊലിക്കുന്ന ഇരുളും. ആ കവിതയുടെ പേരു തന്നെ ഇരുൾജലം എന്നാണ്. ഇരുട്ടത്ത് തനിച്ചിരിക്കുന്ന അനുഭവമാണ് ഈ കവിതയിൽ ദ്രവത്വത്തിലൂടെ അമൂർത്തമായിത്തീരുന്നത്.

ഒരു കുഞ്ഞിൻ തൊടൽപോൽ, മഴ തൻ
നിഴൽ പോൽ, മണ്ണിൽ, മരത്തിൽ, പുല്ലിൽ
കലരുന്നൂ കുറുകിക്കുറുകി -
ക്കടുനീലം, നീ ജലമായെന്നോ?

നീ എന്നു വിളിക്കുന്നത് തന്നെത്തന്നെയാണ്. താൻ ജലമായി ഒഴുകി നിറയുന്ന അനുഭവത്തെ അല്പം മാറി നിന്നു നോക്കുമ്പോഴാണ് ഞാൻ, നീയായി മാറുന്നത്. വെള്ളം കൊണ്ടും വായു കൊണ്ടും ആകാശം കൊണ്ടും കുതിർത്ത ഭാഷ ഒഴുകിനിറയുന്ന അമൂർത്തഭാവത്തെ സൃഷ്ടിക്കുന്നതിൻ്റെ ഭംഗിയാണ് ആർദ്രയുടെ കവിതകളിൽ ഞാനനുഭവിച്ച മൗലികത.

തികയാത്ത സമയത്തെപ്പറ്റി ഒരു കവിതയുണ്ട് ഈ സമാഹാരത്തിൽ. സമയം ഒന്നിനും തികയുന്നില്ല എന്നു പറഞ്ഞു തുടങ്ങുന്ന ആ കവിത പിന്നീട് സമയം ഒന്നിലും ഒതുങ്ങി നിൽക്കുന്നില്ല എന്ന് പരക്കുകയാണ്. ഒതുക്കം ഒഴുക്കാക്കി മാറ്റുന്നു സമയം. കയ്യിൽ തങ്ങാതവിടെയുമിവിടെയുമരികിലുമകലെയുമെല്ലാം ചിതറിപ്പോവുകയാണത്, എഴുതാൻ കഴിയാത്ത കവിതപോലെ.

തികയുന്നില്ലാ തിരിയുന്നില്ലാ
പറവാനുതകുന്നില്ല
ഒരു ശ്വാസത്തിൽ പല നിമിഷം പോം
ഒരു തിരിവിൽ പല മറവും
കുനിയും നേരം കീശയിൽനിന്നും
മണിമണിയായിച്ചിതറും

തികയാത്തതിൻ്റെ ദുഃഖമല്ല, ഒതുങ്ങായ്കയുടെ ആനന്ദമാണ് ഈ കവിത തരുന്നത്. പുസ്തകം വായിക്കുന്ന അമ്മയെക്കുറിച്ചുള്ള കവിത, അമ്മ അമ്മയിലൊതുങ്ങാതെ ആ നേരത്ത് അകലെയകലെ എവിടേക്കോ മായുന്നതിനെക്കുറിച്ചുള്ള കവിതയാണ്. അമ്മ മാത്രമല്ല മകളുമതെ, ഓരോ കിളിയുടെ കൂറ്റിലുമവളുടെ കൂറ്റു കൊരുത്ത്, അമ്മയുടെ മേനിയിൽ നിന്നു പിരിഞ്ഞ് ആനന്ദച്ചുടു കണ്ണീർ വീഴ്ത്തി മറഞ്ഞവളാണ്. ഓരോ നാട്ടിലുമുണ്ട് ഇന്നവൾ. കിളിയായി ഒഴുകുന്നത് വാസ്തവത്തിൽ ഒരു കൂടാണ് എന്ന് അകത്താര് പുറത്താര് എന്ന കവിത. കൂട്, കിളി, ഒഴുക്ക് എന്നിവകൊണ്ടുള്ള ഒരു ധ്യാനാത്മകനൃത്തമായിരിക്കുന്നു ആ കവിത. ഒതുങ്ങൽ ഭയമാണെന്ന് ഉറുമ്പുകൾ എന്ന കവിത നിരീക്ഷിക്കുന്നു. സ്വന്തം ജീവിതത്തിലേക്കുള്ള ഒതുങ്ങൽ ഭയമാണ്.

എനിക്കുണ്ട് പെരും പേടി
തൊടുന്നത് പൊടിയായി
ഇരിപ്പിടമാവിയായി
കഴിപ്പിടം ഇരുളായി
കിടപ്പിടം കൂര്‍ത്ത വെട്ടം
കിനിയുന്നൊരകമായി
ഭയത്തിൻ ഈറ്റില്ലമായി
വയറിനെയറിയുന്നേന്‍.

ഒരു പുറം വേദനിച്ചും
മറുപുറം മരവിച്ചും
കൊഴിയുന്ന മുടികളില്‍
കലങ്ങിയും കാത്തിരുന്നും
കഴിയുന്നീ നാളുകളില്‍
നറുമണം പൊഴിക്കുന്ന
വെറും മുല്ലമലരിൻ്റെ
നടുവിലെ പരാഗത്തില്‍
കുഴഞ്ഞുവീണുറങ്ങുവാന്‍
ഉറുമ്പാവാന്‍ കൊതിക്കുന്നേന്‍.

ഒതുങ്ങിയിരിപ്പ് ഭയമെങ്കിൽ ഭയത്തിൽ നിന്നുള്ള മോചനമാണ് ഒഴുക്കുകളും പകർച്ചകളും യാത്രകളുമെല്ലാം. അവയാണ് അഭയം. അകവും പുറവും ഒന്നായ് കലങ്ങുന്നതിനെ ഈ കവിതകൾ സ്വാഗതം ചെയ്യുന്നു. ഈ കവിതകൾക്കുള്ളിൽ അകവും പുറവും കലങ്ങി നിൽക്കുകയും ചെയ്യുന്നു. ആ കലക്കത്തിൻ്റെ അമൂർത്തഭംഗിയാണ് ആർദ്രയുടെ എഴുത്തിൻ്റെ മൗലികത എന്നു ഞാൻ പറയും.

ഈ കലക്കത്തിന് തീർച്ചയായും ഒരു സാമൂഹ്യ പശ്ചാത്തലമുണ്ട് എന്നു ഞാൻ വിചാരിക്കുന്നു. പഠനത്തിനും ഉപജീവനത്തിനുമായി കേരളത്തിൽ നിന്ന് പെൺകുട്ടികൾ ഇന്ത്യയിലെയും ലോകത്തിലെയും വൻനഗരങ്ങളിലേക്കു ധാരാളമായി ചേക്കേറിയത് 2010 നു ശേഷമാണല്ലോ. സ്വന്തം അകലോകവുമായി പുറത്തുപോയ ആ തലമുറയുടെ എഴുത്താണ് നമുക്കീ കവിതകളിൽ വായിക്കാനാവുക. പ്രഭാ സക്കറിയാസ്, നൈൽ എന്നിവരുടെ കവിതകളിൽ നിന്നു മുളയിട്ട ഈയൊരു പുതുപെൺവഴി ആർദ്രയുടെ കവിതകളിൽ തെളിഞ്ഞു പടരുന്നുണ്ട്. ഇങ്ങനെ ചേക്കേറിയ പുറം ലോകങ്ങളിലെ അലച്ചിലുകളും സൗഹൃദങ്ങളും ആത്മബന്ധങ്ങളും അകം - പുറം കലക്കങ്ങളുമാണ് ഈ കവിതകളുടെ പശ്ചാത്തലത്തിലുള്ളത്. പല സംസ്കാരങ്ങളുടെയും ഭാഷകളുടെയും വീക്ഷണങ്ങളുടെയും കലർപ്പിൽ ഈ കവിതകൾ സ്വാഭാവികതയോടെ പടർന്നൊഴുകുന്നു. ആത്മാവിൽ ചേർത്തുപിടിക്കേണമേ എന്ന കവിത എഴുത്തിൻ്റെ ഈ ഗതിമാറ്റത്തെ തിരിച്ചറിവോടെ ചൂണ്ടിക്കാട്ടുന്നുണ്ട്.

എൻ്റെ നാട്ടിലെ എൻ്റെ  ഭാഷയിലെ
എൻ്റെ കവിതകള്‍
തിളങ്ങുന്നില്ലാ എന്ന് ഞാന്‍ കണ്ടു.
എഴുതിയ ഭാഷയില്‍
അവ നിശ്ചലവും
നിശ്ശബ്ദവും
നിശ്ചേതവും ആയിരിക്കുന്നു.
എന്നാല്‍
മറ്റൊരു ഭാഷയില്‍ മറ്റൊരു നാട്ടില്‍
മറ്റൊരു ഞാനവ
തിരുത്തിയെഴുതുന്നു.
അപ്പോളവ
വെട്ടിത്തിളങ്ങുകയും
പാട്ടുപോലെ മനോഹരമായി
കേള്‍ക്കപ്പെടുകയും
കാറ്റില്ലാതെ തന്നെ പാറുകയും
ചെയ്തു

സ്വന്തം ഭാഷയും കൊണ്ട് ലോകത്തെവിടേക്കും പോകുന്ന പുതുതലമുറയുടെ കവിതയായി ആർദ്രയുടെ കവിതകളെ ഞാൻ കാണുന്നു. ആ നിലക്ക് മലയാള കവിതയുടെ മാറുന്ന മുഖമായി ഈ സമാഹാരത്തെ അടയാളപ്പെടുത്താൻ ആഗ്രഹിക്കുകയും ചെയ്യുന്നു. കേരളത്തിലെ പുതുതലമുറപ്പെൺജീവിതത്തിൽ ഇക്കഴിഞ്ഞ രണ്ടു ദശകങ്ങളിലുണ്ടായ മാറ്റങ്ങളെ ആർദ്രയുടെ കവിത ആഴത്തിൽ രേഖപ്പെടുത്തുന്നു. അത് നമ്മുടെ കാവ്യപാരമ്പര്യത്തെ ഉൾക്കൊള്ളുമ്പോഴും കേരളത്തിൻ്റെ സാമൂഹ്യ- സാംസ്കാരിക മണ്ഡലത്തിൽ ഒതുങ്ങിക്കൂടാൻ തയ്യാറല്ല. പ്രഭ സക്കറിയാസിനേയും നൈലിനേയും പോലെ ആർദ്രയും കേരളത്തിനു പുറത്തു നിന്ന് കവിതയുടെ ഉറവുകൾ ഉൾക്കൊണ്ടവരാണ്. ഒരു നിലയിൽ പറഞ്ഞാൽ പാൻ ഇന്ത്യൻ അനുഭവത്തിലൂടെ മലയാളത്തിൻ്റെ പെൺകവിത മുമ്പേ കടന്നുപോയിട്ടുള്ളതാണ്. ദില്ലിയിൽ തണുപ്പത്ത് പോലുള്ള കവിതകൾ എഴുതിയ സുഗതകുമാരിയെയും അതിനും മുമ്പേ നഗരാനുഭവങ്ങൾ എഴുതിയ ബാലാമണിയമ്മയേയും തീർച്ചയായും ആ നിലയിൽ വായിക്കേണ്ടതുണ്ട്. എന്നാൽ അവരുടെ ചില കവിതകളുടെ പ്രമേയം മാത്രമാണ് ഉത്തരേന്ത്യൻ നഗരങ്ങൾ. വെയിൽസിൽ നിന്നും സ്പെയിനിൽ നിന്നുമെല്ലാം കവിതയുടെ കരുക്കൾ കണ്ടെത്തുന്ന അനിത തമ്പിയുടെ കവിതകളും ഓർമ്മയിൽ വരുന്നു. അതിൽ നിന്നെല്ലാം വ്യത്യസ്തമായി കവിതകളിലാകെ നിറഞ്ഞുനിൽക്കുന്ന പുറംതിണപ്പടർച്ച ഈ പുതുതലമുറക്കവിതകളെ വ്യത്യസ്തമാക്കുന്നു. ഭാഷയിലും വീക്ഷണത്തിലും മൂല്യബോധത്തിലും മനുഷ്യബന്ധങ്ങളിലും ആ വ്യത്യാസം പ്രകടമാണ്. തിരിഞ്ഞു നോക്കുമ്പോഴും തിരികെ വരാതിരിക്കുന്ന, പുറംനാട്ടു തിണകളിലേക്കു പടരുന്ന, പുതുമലയാള പെൺകവിതയെ പ്രതിനിധീകരിക്കുന്നു ഈ സമാഹാരം.

വെള്ളം പോലെയും വായുപോലെയും പടരാൻ വെമ്പുന്ന കവിതയാണിത്. വെള്ളം, കാറ്റ്, ആകാശം എന്നിവയെക്കുറിച്ചാണ് ഈ പുസ്തകത്തിലെ ഏറ്റവും മനോഹരമായ കവിതകളിൽ ചിലത്. അവ വാസ്തവത്തിൽ വെള്ളത്തെയും കാറ്റിനെയും ആകാശത്തെയും കുറിച്ചുള്ള കവിതകളേക്കാൾ സ്വന്തം ഭാഷയെക്കുറിച്ചുള്ള കവിതകളായിരിക്കുന്നു. വീശുന്ന കാറ്റുകൾ വീണ്ടും വീണ്ടും അറിയാത്ത ഏടുകൾ നീർത്തിക്കൊണ്ടിരിക്കുന്നതിൻ്റെ അനുസ്യൂതി ഈ കവിതകളുടെ ലയമായി അനുഭവപ്പെടുന്നു. ഏതു വിദൂരതയിൽ പോയാലും മുകളിലേക്കു നോക്കിയാൽ കാണുന്ന ഭാവനാകാശം ഈ കവിതകളെ ചേർത്തു പിടിക്കുന്നു. ആകാശത്തെ ധ്യാനിച്ചുകൊണ്ട് ഏറ്റവും പുതിയ തലമുറയിലെ ഒരു കവിക്ക് എഴുതാൻ കഴിയുന്നു എന്നതുതന്നെ വിസ്മയകരമാണ്.

സൂര്യനും ചന്ദ്രനും താരകളും പേറി
മാമക ഭാവനാ മേട്ടില്‍
പാരം പരിലസിച്ചീടണേ മാനമേ,
പോകാതെ, മാറാതെയെന്നും.

പഞ്ചഭൂതങ്ങളെപ്പോലെ സാന്നിദ്ധ്യപ്പെടുന്നതിൻ്റെയും കെട്ടഴിയലിൻ്റെയും ഒഴുക്കിൻ്റെയും താളമാണ് ഈ കവിതകളുടെ താളം. വൃത്തവും ഗദ്യവും ഒരുപോലെ വഴങ്ങും അവക്ക്. ഉദാഹരണത്തിന് ഒരു കവിതയെപ്പറ്റി മാത്രം സൂചിപ്പിക്കട്ടെ. ഒരു തിരപ്പൊക്കത്തിൽനിന്നു മറുതിരപ്പൊക്കത്തിലേക്കു താണുമുയർന്നും നീങ്ങുന്ന പായക്കപ്പലിൻ്റെ ഗതിയെ ഓർമ്മിപ്പിക്കുന്നു മലയും കടലും പൊരുൾ ചേർക്കുംപടി എന്ന കവിതയുടെ താളം.നമ്മുടെ കവിതയുടെ ഗാനപാരമ്പര്യത്തിൽ നിന്ന് തനിക്കു വേണ്ടതെടുക്കാൻ ശ്രമിക്കുന്ന ഈ കവി ഗദ്യമെഴുതുമ്പോൾ കടന്നൽമുള്ളിൻ്റെ മൂർച്ചയുമുണ്ട്.

കടന്നൽ എന്ന ഈ കവിത വായിച്ചപ്പോൾ വൈലോപ്പിള്ളിയുടെ ഇതുപോലെ എന്ന കവിത ഓർത്തു.

പകൽ ചാഞ്ഞളവിന്നു കണ്ടു ഞാൻ
പരമേകാന്ത ഗൃഹാന്തവാടിയിൽ
ഒരു വെൺമലരല്ലിയിൽ പതി-
ഞ്ഞൊരു തേനീച്ച മരിച്ചിരിക്കയാം.

പൂവിൽ തേൻ കുടിച്ചിരുന്നു മരിച്ചുപോയ തേനീച്ചയെക്കുറിച്ചല്ല ആർദ്ര എഴുതുന്നത്. ഭാവപരമായി വൈലോപ്പിള്ളിക്കവിതയുടെ വിപരീതധ്രുവത്തിലാണ് ആർദ്രയുടെ കവിത നിൽക്കുന്നതും. മനുഷ്യശരീരത്തിൽ തറച്ച കടന്നലിൻ്റെ ജഡത്തെക്കുറിച്ചാണ് ഇവിടെ കവി എഴുതുന്നത്. അതെടുത്തു കത്തിക്കുന്നു. കത്തിത്തീർന്നിട്ടും കടന്നലിൻ്റെ ചെറുകൊമ്പൊടിഞ്ഞു തോളിൽ തറച്ചുപറ്റിയിരിക്കുന്നത് കാണിച്ചുകൊണ്ടാണ് കവിത അവസാനിക്കുന്നത്. വൈലോപ്പിള്ളിയുടെ തേനീച്ചക്കവിതയുടെ പശ്ചാത്തലത്തിൽ നിർത്തുമ്പോൾ ഈ കവിതയിലെ വീക്ഷണവ്യത്യാസം തെളിയുന്നു. ഇങ്ങനെ മലയാളത്തിൻ്റെ കാവ്യപാരമ്പര്യത്തെ പല നിലക്കും ഓർമ്മിപ്പിക്കുന്നു എന്നത് ഈ സമാഹാരത്തിൻ്റെ ശക്തിയാണ്. വികാരഭാഷയിൽ എന്ന തലക്കെട്ടു മതി, ചിന്താവിഷ്ടയായ സീത ഓർക്കാൻ.ഭാവനാകാശമേ എന്ന കവിത വായിക്കുമ്പോൾ വാനമേ, ഗഗനമേ എന്ന് വള്ളത്തോൾക്കവിത പിന്നിൽ ശ്രുതി ചേർക്കുന്നുണ്ട്. എന്നാൽ അത് കിളിക്കൊഞ്ചലിലെ കുഞ്ഞുസീതയുടെയോ ആശാൻ്റെ പരിത്യക്തസീതയുടെയോ ലോകങ്ങളല്ല താനും. ലോകപ്പരപ്പിലേക്കിറങ്ങിയ പുതുമണ്ണിൻമകളുടെ വികാരഭാഷയും പുത്തനാകാശവുമാണിത്.ദേശങ്ങൾ താണ്ടി നീണ്ടു നീണ്ട് ദൂരേക്കുപോകുന്ന ഒരുഴവുചാലിൽ (ഹൈവേ?) പ്രത്യക്ഷയായി ലോകത്തിനറ്റംവരെ പോകുന്ന, അങ്ങനെ ലോകത്തിനെത്തന്നെ മാറ്റുന്ന പുതുമണ്ണിൻ മകളുടെ കവിത. ഇരുട്ടടഞ്ഞ വിഷാദലോകങ്ങളെക്കുറിച്ചുള്ള ആത്മഗതങ്ങളല്ല, തുറന്ന ചക്രവാളപ്പരപ്പിലേക്കു നീളുന്ന പ്രസന്നമായ പെൺകുരലാണ് ആർദ്രയുടേത്.