Monday, August 17, 2026

ലിപിഗോപുരത്തിലേക്കുള്ള പിരിയൻഗോവണി

ലിപിഗോപുരത്തിലേക്കുള്ള പിരിയൻഗോവണി



പുറത്തുകടക്കുന്നതെങ്ങനെ എന്നന്വേഷിച്ച് പൂർവനിശ്ചിതമായ ഭ്രമണപഥങ്ങളിലൂടെ അലയുന്ന മനുഷ്യൻ്റെ പുസ്തകമാണ് അഭിരാം എസ്സിൻ്റെ ഗോപുരലിപി എന്ന കൃതി. പൗരാണികമായ അനുഷ്ഠാനങ്ങൾ തൊട്ട് കലയും സാഹിത്യവും തത്വചിന്തയും ചരിത്രവുമെല്ലാം ഈ അലച്ചിലിൻ്റെ ഭാഗമാകയാൽ അവയെല്ലാം ഈ പുതുകവിയുടെ എഴുത്തിൻ്റെയും വിഷയമാണ്. അവയെല്ലാം ഉള്ളടക്കുന്ന ഴാനർ ആയി കവിത ഇവിടെ മാറുന്നു. കഥയുടെയും നാടകത്തിൻ്റെയും ചരിത്രത്തിൻ്റെയും ശില്പകലയുടെയും, എന്തിന് വീഡിയോ ഗെയിമിൻ്റെയും പദപ്രശ്നത്തിൻ്റെയും വരെ, ടെക്നിക്കുകൾ അതിനായി കവിതയോടിണക്കുന്നു. കേവലം ഒരു പ്രമേയമായല്ല ഈ മനുഷ്യായനവും അന്വേഷണവും ലക്ഷ്യവും ഗോപുരലിപിയിലെ കവിതകളിലും തുടർന്നുള്ള കവിതകളിലും അഭിരാം ആവിഷ്‌ക്കരിക്കുന്നത്. പ്രമേയം,കാവ്യബിംബങ്ങൾ, ആഖ്യാനരീതികൾ,ഭാഷ എന്നിവ ഒത്തിണക്കിക്കൊണ്ടാണ്. ഈ കവിയിലൂടെ മലയാളത്തിൻ്റെ പുതുതലമുറ കവിത എന്ന ജനുസ്സിനെ ഭാവുകത്വപരമായി എങ്ങനെയാണ് പുതുക്കുന്നത് എന്ന അന്വേഷണമാണ് ഈ ലേഖനം.

ആദ്യവാചകം ഒന്നുകൂടി വായിക്കൂ. ആശയപരമായി അതിന് മൂന്നടരുകളുണ്ട്. പൂർവനിശ്ചിതമായ ഭ്രമണപഥങ്ങളിലൂടെയുള്ള ഒടുങ്ങാത്ത അലച്ചിലിൻ്റേതാണ് ആദ്യ അടര്. രണ്ടാമത്തേത്, പുറത്തു കടക്കുന്നതെങ്ങനെ എന്ന അന്വേഷണത്തിൻ്റേത്. മൂന്നാമടര് ആ അന്വേഷണത്തിൻ്റെ ലക്ഷ്യവും ഫലവും എന്ത് എന്നത്. ഈ മൂന്നടരുകൾ അഭിരാമിൻ്റെ കവിതയിലെ പ്രമേയപരമായ അടരുകൾ തന്നെയാണ്. ആ കവിതകളിൽ ഇവ എങ്ങനെ പ്രയുക്തമായിരിക്കുന്നു എന്നതാണ് ആദ്യമായി ഇവിടെ പരിശോധിക്കുന്നത്.

പൂർവനിശ്ചിതമായ ഭ്രമണപഥങ്ങളെ ഗോപുരലിപിയിലെ കവിതകൾ വിശേഷിപ്പിക്കുന്നത് വഴിച്ചുറ്റ് (അനന്തൻ, അനർത്ഥം), വഴിപ്പിണര് (മൂന്ന് ഉരുവങ്ങളിൽ ഒരു രാത്രി, സായാഹ്നമൊന്നിൽ)വഴിക്കുരുക്ക്(ഗതി) എന്നീ വാക്കുകൾ കൊണ്ടാണ്. മൂന്നു വാക്കുകൾക്കും തമ്മിൽ സൂക്ഷ്മമായ അർത്ഥവ്യത്യാസമുണ്ടെങ്കിലും ഏതിലേ പോയാൽ എങ്ങോട്ടെത്തും എന്നു പറയാൻ കഴിയാത്തവിധം വഴികൾ കുഴഞ്ഞു പിണഞ്ഞു കുരുങ്ങിക്കിടക്കുന്ന അനുഭവം മൂന്നു വാക്കിനുമുണ്ട്. അതിലകപ്പെട്ടുപോയ യാത്രികൻ്റെ നില പറയാനുണ്ടോ? ലാബറിന്ത് എന്നത് പാശ്ചാത്യസാഹിത്യത്തിൽ, വിശേഷിച്ച് ബോർഹസിനെപ്പോലുള്ള ലാറ്റിൻ അമേരിക്കൻ എഴുത്തുകാരുടെ കൃതികളിൽ സമാനാവസ്ഥയെ കാണിക്കുന്ന പ്രയോഗമാണ്. രാവണൻകോട്ട എന്നൊരു വാക്ക് ഇതേ ആശയം കാണിക്കാൻ മലയാളത്തിലുണ്ടെങ്കിലും അതിനേക്കാൾ കേരളീയവും സ്വാഭാവികവുമാണ് വഴിച്ചുറ്റ്, വഴിപ്പിണര്, വഴിക്കുരുക്ക് എന്നീ പദങ്ങൾ. മുമ്പേതെങ്കിലുമൊരെഴുത്തുകാരൻ ഈ  വാക്കുകൾ ഇത്ര സ്ഥുടതയോടെ ആവർത്തിച്ചു പ്രയോഗിച്ചു ഫലിപ്പിച്ചിട്ടുണ്ടെന്നതിന് എൻ്റെ വായനാനുഭവത്തിൽ ഉദാഹരണമില്ല. ലാബറിന്ത് ശരിക്കുമൊരു തടവറയാണ്. എന്നാൽ വഴിച്ചുറ്റ്, വഴിപ്പിണര്, വഴിക്കുരുക്ക് എന്നിവയിൽ വഴിയുമുണ്ട്, ചുറ്റ് അല്ലെങ്കിൽ പിണര് അല്ലെങ്കിൽ കുരുക്കുമുണ്ട്.

ഒരിടത്തു നിന്നും മറ്റൊരിടത്തേക്കു നയിക്കുന്നതാണ് വഴി. വഴി വാസ്തവത്തിൽ മോചനമാണ്. എന്നാൽ പല വഴികൾ കുറുകെയും നെടുകെയും പിണഞ്ഞു കിടന്നാൽ ആശയക്കുഴപ്പമാകും. ഏതു വഴി എങ്ങോട്ടെത്തിക്കും എന്ന പിടികിട്ടായ്മ ഈ മലയാള വാക്കുകളിലുണ്ട്. വഴി ഇല്ലാത്തതിൻ്റെയല്ല, അറിയാത്തതിൻ്റെയല്ല, പ്രശ്‌നം. വഴിയുണ്ട് എന്നതാണ്. അത് എന്നും പോകുന്നതു തന്നെ എന്നതും. ആവർത്തിക്കും തോറും ഒരേ വഴി അല്ലെങ്കിൽ ഒരുപോലുള്ള വഴി പെരുകിക്കൊണ്ടിരിക്കുന്നു. അങ്ങനെ വഴികൾ കൂടുതലായതിൻ്റെ കുഴമറിച്ചിൽ,കലക്കം. ഇരുപതാം നൂറ്റാണ്ടിലെ മലയാളകവിക്ക് വഴിയുണ്ടാക്കലായിരുന്നു പ്രശ്‌നം. വഴി വെട്ടുന്നവരോട് എന്ന കക്കാടിൻ്റെ കവിത ഓർക്കാം. വഴിയ്ക്കായി ചില്ലകൾ കൊണ്ടും വേരുകൾ കൊണ്ടും ആറ്റൂരിനെപ്പോലൊരു കവി തപ്പുന്നു. ഇരുപതാം നൂറ്റാണ്ടിനൊടുവിൽ ഞാനും ഒരു കവിതയിൽ വഴിയെവിടെ വഴിയെവിടെ എന്നെഴുതിയിട്ടുണ്ട്. എന്നാൽ ഇരൂപത്തൊന്നാം നൂറ്റാണ്ടിലെ പുതുതലമുറമലയാളകവിക്ക് വഴിയല്ല അതാവർത്തിച്ചും പെരുകിയുമുണ്ടാകുന്ന വഴിച്ചുറ്റാണ്, പിണരാണ് പ്രശ്നം.വഴി എന്ന ബിംബം ഇരുപതാം നൂറ്റാണ്ടിലെ കവി ഉപയോഗിക്കുന്നതും 21-ാം നൂറ്റാണ്ടിലെ കവി ഉപയോഗിക്കുന്നതും തമ്മിലെ വ്യത്യാസം ശ്രദ്ധിക്കണം. വഴിയിലൂടെ യാത്രികനാണ് അന്ന് നടന്നതെങ്കിൽ ഇന്ന് യാത്രികനിലൂടെ വഴി നടക്കുന്നു. യാത്രികനെ വഴി നിരീക്ഷിക്കുന്നു, സ്കാൻ ചെയ്ത് പരിശോധിക്കുന്നു.

വീടിനും ആപ്പീസിനുമിടയിലെ ചെറുവിരൽ നീളത്തിൽ ഒരട്ടയോളം പോന്ന പരിചിതവഴി നേരമിരുട്ടി മടങ്ങുമ്പോൾ വഴിക്കുരുക്കായി മാറുന്നു ഗതി എന്ന കവിതയിൽ. ആ മാറ്റത്തിൻ്റെ പ്രക്രിയ വിവരിക്കുന്നു കവിത. വീട്ടിൽ നിന്ന് ആപ്പീസിലേക്കിറങ്ങി കാൽ വയ്ക്കുന്ന നിമിഷം, "അപാരമായൊരു സ്പർശത്തിൽ വഴി ഞൊടിയിൽ ചുരുണ്ടു ചുഴിയാകും". തൊടുമ്പോൾ ചുരുളുന്ന തേരട്ടപോലെ ഒരു ജീവിയാകുന്നു വഴി. ജീവിയെപ്പോലെ ചുരുളുന്നുണ്ടെങ്കിലും അത് ചുഴിയാണ്. ചുഴിക്ക് ഒരു പ്രത്യേകതയുണ്ട്. അത് അകപ്പെടുന്നയാളെ ഉള്ളിലേക്കു വലിക്കും. വലിച്ചാഴ്ത്തും. വഴി ചുഴിയാവാൻ ഒരക്ഷരത്തിൻ്റെ, വെറുമൊരു ലിപിയുടെ മാറ്റം മതി എന്നോർമ്മിപ്പിക്കുന്നു ആ രണ്ടു വാക്കുകൾ തമ്മിലുള്ള ശബ്‌ദസാമ്യം അഥവാ പ്രാസം. ചെറുവഴിയാണെങ്കിലും കാൽ കുത്തുന്നതോടെ അത് തന്നെ വലിച്ചാഴ്ത്തുന്നു. അതേ വഴിയുടെ ആകാശദൃശ്യമാണ് കവിതയുടെ രണ്ടാം ഖണ്ഡം. ഡ്രോൺ ക്യാമറയല്ല, ഒരു കിളിയുടെ കുമിളക്കണ്ണാണ് കാഴ്ച്ച പകർത്തുന്നത്. തേരട്ടയോ പുഴുവോ ആകട്ടെ, വിശപ്പു കത്തുന്ന കിളിക്കണ്ണിൽ അത് ഒരിരക്കൂട്ടമാണ്. വഴുവഴുത്തു പുളഞ്ഞു പിണയുന്ന ചെവിപ്പാമ്പുകളുടെ ഒരു പറ്റം. യാത്രികൻ കാൽ വെയ്ക്കുന്നതോടെ സ്വയമൊരു ചുഴിയായി മാറുന്നതെങ്കിലും വീടിനും ആപ്പീസിനുമിടയിൽ ഒരു വഴി ഉണ്ടായിരുന്നു. ഇനി അതുറപ്പില്ല. വിശന്ന ഒരു കിളിക്ക് അതിരയായിത്തീരാം. വഴിയെ പുഴുവാക്കാൻ പോന്നതാണ് വലിയ വിശപ്പുകൾ. കവിതയുടെ മൂന്നാം ഖണ്ഡത്തിൽ ആപ്പീസിലിരുന്ന് അയാൾ ചെയ്യുന്ന ജോലി വീഡിയോ ഗെയിമുകളുണ്ടാക്കലാണ്. അതിലും വഴിപ്പിണരുതന്നെ. ഇതെല്ലാം ചേർന്ന് നേരം ഇരുട്ടുന്നതോടെ നാലാം ഖണ്ഡത്തിൽ വീട്ടിലേക്കുള്ള മടങ്ങിവരവിൽ വഴിച്ചുറ്റിൽ നനഞ്ഞ ഒരു നിശ്വാസമായി അയാൾ ഒടുങ്ങുന്നു.

ഗതി എന്ന വാക്കിന് ശബ്ദതാരാവലിയിൽ നടപ്പ്, ഉപായം രക്ഷ, മോക്ഷം, സമ്പത്ത് എന്നെല്ലാം അർത്ഥം കൊടുത്തുകാണുന്നുണ്ട്. അതുകൊള്ളാം,മാർഗ്ഗം തന്നെയാണ് രക്ഷയും മോക്ഷവും. കവിതയിൽ എന്നും പതിവുള്ള ചെറു വഴിയാത്ര ഉപജീവനത്തിനായാണ്, ഓഫീസിലേക്കാണ്. അതുകൊണ്ടു തന്നെ ഈ നടപ്പ് സമ്പത്തിനുള്ള ഉപായവുമാണ്. എന്നാൽ വഴി തന്നെ വഴിപ്പിണരാകുമ്പോൾ രക്ഷ, മോക്ഷം എന്നീ അർത്ഥങ്ങൾ അടഞ്ഞുപോവുകയും രക്ഷയും മോക്ഷവുമില്ലാത്ത നടപ്പു മാത്രമായിത്തീരുകയും ചെയ്യുന്നു. രക്ഷയില്ലാത്ത വഴിച്ചുറ്റിനെ ഗതി എന്ന കവിത ഇങ്ങനെ അടയാളപ്പെടുത്തുന്നു.

അങ്ങോട്ടും ഇങ്ങോട്ടുമുള്ള നടപ്പിൻ്റെ ഒരു വൃത്തം ഇവിടെ പൂർത്തിയാകുന്നുണ്ട്. ഇതേ വൃത്തം എന്നും ആവർത്തിക്കും. ആവർത്തനത്തിൽ കറങ്ങിക്കറങ്ങി ചുഴിയായി മാറുന്ന ഈ വൃത്തം തന്നെയാണ് വഴി. ആവർത്തനമല്ലാതെ മറ്റെന്താണ് വഴിച്ചുറ്റിൻ്റെ താളം? ആകയാൽ ഈ കവിതയിൽ മാത്രമല്ല ഗോപുരലിപിയിലെ കവിതകളിലെല്ലാം ആവർത്തനം പ്രധാനമാകുന്നു. യാത്രകളുടെ മാത്രമല്ല, ജന്മങ്ങളുടെ, ചരിത്രത്തിൻ്റെ, മിത്തുകളുടെ എല്ലാം ആവർത്തനം ഈ കവിതകളിൽ പ്രധാനമാകുന്നു."വീണ്ടും ചീവീടുകൾ ചുഴറ്റി വിരിയുന്നു, വീണ്ടും കാട് പഴുതടച്ചു കിടക്കുന്നു" (മറ്റൊരു കാവിലാകാം). ചീവീടുകൾ പോലും വർത്തുളമായി ചുഴറ്റിയേ വിരിയൂ എന്ന് പ്രത്യേകം ഓർക്കുകയും വേണം. വൃത്തം, ചതുരം, സ്തൂപികാരൂപം എന്നീ ഘടനകളും ആവർത്തിച്ചു കടന്നുവരുന്നുണ്ട്. കൊക്കിൻ ചുണ്ട് പാടത്തു വരയ്ക്കും പോലെ ഒത്ത ഒരു പൂജ്യം വരയ്ക്കാനായുള്ള ധ്യാനമാണ് പുസ്തകത്തിലെ ആദ്യകവിതയായ പൂജ്യം. പൂജ്യവും ഒരു വൃത്തം തന്നെ. വഴിപ്പിണരിൻ്റെ ആവർത്തനചക്രം പൂർത്തിയാക്കാൻ മനുഷ്യൻ എന്നല്ല സകലജീവികളും തത്രപ്പെടുന്നു. ഫലമോ ഒരിക്കലും ഒക്കാത്ത ഒരു പൂജ്യം, അത് ഒത്തതാക്കാനുള്ള അനന്തമായ കറക്കം. സംഘകാലത്തോളം പഴക്കം ചെന്ന കൊക്കുകളും ഇണക്കൊക്കിനെ കാണാതെ നെൽവയലിൻ്റെ വഴിപ്പിണരിൽ ചിറകുകൾ നിവർത്തി നിൽക്കുന്നു(കവിത സായാഹ്നമൊന്നിൽ) അതേ കവിതയിൽ സായാഹ്നത്തിൻ്റെ വക്കിലെ ചീവീടുകളുടെ ചിഞ്ചിലത്തെപ്പറ്റി പറയുമ്പോഴും വൃത്താകൃതിയിലുള്ള ഒരിലത്താളത്തിൻ്റെ ഒടുങ്ങാത്ത വിറവൽ കവിതയുടെ ഓർമ്മയിൽ വരുന്നു.മകൻ്റെ ഓർമ്മക്കായി ആഞ്ജലോവിൻ്റെ അമ്മ സൂക്ഷിക്കുന്ന ക്ലോക്കുകളിലൊന്നിൻ്റെ കുറിയ സൂചി തെരഞ്ഞുകൊണ്ടിരിക്കുന്നത് ചതുരത്തിനുള്ളിലെ വൃത്തമാണ്. ഒടുങ്ങാത്ത കറക്കവുമായി ഘടികാരങ്ങൾ തൂങ്ങിക്കിടക്കുന്നു. നിൻ്റെ പേരിനുള്ളിൽ പോലുമുണ്ട് ഒരു ഘടികാരം (യമ). ബീഡി വലിക്കുന്ന കിഴവൻ ബീഡിപ്പുകകൊണ്ട് ചുറ്റും ചതുരത്തിൽ ഒരു കൂടുണ്ടാക്കുന്നു(കവിത കിഴവന്മാർ). ഒരു കവിയിലെ (ഇതും കണ്ണ്) ആഖ്യാതാവ് പക്ഷിക്കൂട്ടം ആകൃതികളിലേക്കു മുറുകുന്നതും അയയുന്നതും നോക്കുന്നത് നഗരത്തിലെ അടിപ്പാതക്കടിയിൽ ആരോ ഉപേക്ഷിച്ച എലിപ്പെട്ടിയിലിരുന്നാണ്. അനന്തതയിലെ നക്ഷത്രക്കൂട്ടങ്ങൾപോലും സ്വന്തം ജ്യാമിതിയുടെ വഴിച്ചുറ്റിൽ രക്ഷയില്ലാതെ നിൽക്കുന്നു(ഒറിയോൺ). മുള കടലാസായി പുനർജനിക്കുന്ന കാലത്ത് പണ്ടാ മുളയിൽ വന്നിരുന്ന നൂറു കിളികളിലൊന്നെങ്കിലും ഒറിഗാമിക്കിളിയായി വിരിയുന്നു(ഒരു കിളി). ഗതിയിലെ വീടും ഓഫീസും, ഒരു കാഴ്ച്ച എന്ന കവിതയിൽ മീൻകൊട്ടയും കാക്കക്കൂടുമായി വൃത്താകാരത്തിൽ പുനർജനിക്കുന്നു. ചുറ്റുഗോവണി ഏതു കെട്ടിടത്തേയും വൃത്താകാരമാക്കുന്നു. അക്ഷരത്തിനുമുണ്ട് എഴുനൂറു പടിയുള്ള ചുറ്റുഗോവണി. അത് ഗോപുരത്തെയും വൃത്താകാരമാക്കുന്നു (ഗോപുരലിപി).വൃത്തത്തെയും ചുഴിയെയും ഓർമ്മിപ്പിക്കുന്ന ശംഖുരൂപങ്ങൾ, പകിടക്കറക്കം എന്നിവയെല്ലാം ചേർന്ന് വഴിച്ചുറ്റുകൾ പോലെ കറങ്ങിത്തുടങ്ങുന്നു.

യാത്ര അഥവാ അലച്ചിൽ അഥവാ യാന്ത്രികമായ കറക്കം എന്നതിനെ ഈ കവിതകളിലെ ഒരു രൂപകമായെടുക്കുന്ന പക്ഷം ഒരു കാര്യം പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്."എവിടെ നിന്നെത്തിയെന്നറിവീലാ ഏതാണ് ലക്ഷ്യമെന്നറിവീലാ" എന്ന മട്ടിലുള്ള യാത്രയല്ല ഇവിടെ. ഗതിയിൽ കണ്ടതു പോലെ തുടക്കസ്ഥാനവും കൃത്യമായ മാർഗ്ഗവും വ്യക്തമായ ലക്ഷ്യവും ഇതിലെ ആഖ്യാതാക്കൾക്കുണ്ട്. അത് വീടും ദൈർഘ്യം കുറഞ്ഞ വഴിയും ഓഫീസുമാകാം. അല്ലെങ്കിൽ കോളേജും മൈക്കിൾ സ്റ്റോഴ്സും ശരവണഭവൻ ഹോട്ടലുമാകാം. അതുമല്ലെങ്കിൽ കരുവേലിപ്പറമ്പും അമ്മൂമ്മക്കാവും അവക്കിടയിൽ ചമ്രം പടിഞ്ഞിരിക്കുന്ന ഗോപിച്ചേട്ടൻ്റെ വീടും ഇവയെ ബന്ധിപ്പിക്കുന്ന ഇടുക്കുവഴിയുമാകാം. എന്നുമുള്ള മന്ദവേഗത്തിലുള്ള ഇത്തിരിവഴിക്കറക്കം ആഖ്യാനവേഗം കൂട്ടിക്കൂട്ടി അസഹ്യമായ കറക്കമാക്കി മാറ്റുന്ന കലാവിദ്യയാണിവിടെ. ഭൂമിയുടെ കറക്കം എത്ര മന്ദഗതിയിലാണ്! എന്നാൽ എത്ര വേഗത്തിലാണ് കാലങ്ങൾ മാറിമറിയുന്നത്! കൃത്യമായ ഭ്രമണപഥങ്ങളാണ് വഴികളെ വഴിച്ചുറ്റുകളാക്കുന്നത്. കറക്കത്തിൻ്റെ ആത്മീയവും സാമൂഹ്യവുമായ മാനങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്. കറക്കത്തിൻ്റെ ധ്യാനകേന്ദ്രത്തിൽ സൂഫിസം വിശ്വസിക്കുന്നു. കല്ലുരുട്ടിക്കയറ്റി താഴേക്കിടുന്ന നാറാണത്തു ഭ്രാന്തൻ്റെ ചിരിയുടെ തത്വചിന്താപരമായ മുഴക്കം മലയാളിക്കറിയാം. മധ്യവർഗ്ഗ മലയാളി ഇടുക്കു ജീവിതത്തിൻ്റെ വിഭ്രാന്തികൾ വഴിച്ചുറ്റിൻ്റെയും കറക്കത്തിൻ്റെയും സാമൂഹ്യമാനമാണ്. ആത്മീയവും സാമൂഹ്യവുമായ ഈ ഘടകങ്ങൾ അഭിരാം കവിതയുടെ പശ്ചാത്തലത്തിലുണ്ട്.

ഈ അസഹ്യതയിൽ നിന്ന് എങ്ങനെ പുറത്തുകടക്കും? ചുള്ളിക്കമ്പിൽ നഖമമർത്തിയിരിക്കുന്ന പക്ഷിക്ക് പറക്കണമെന്നു തോന്നുന്നു. അതിനായുമ്പോഴാണ് ചിറകുകളില്ലെന്നറിയുന്നത്. പുറത്തുകടക്കാനുള്ള വഴി തേടിയാണ് ചരിത്രത്തിലേക്കും മിത്തോളജിയിലേക്കും തത്വചിന്തയിലേക്കും നരവംശശാസ്‌ത്രത്തിലേക്കുമെല്ലാം അന്വേഷണം നീളുന്നത്. ഇന്ന് ഈ വഴിത്തിരിവിൽ പിൻവിളി കാത്തു നിൽക്കുന്ന ഈ ഞാൻ തന്നെയാണ് കുഞ്ഞുന്നാളിൽ മറ്റുള്ളവരോടു പിണങ്ങി ഒറ്റക്കു കളിച്ചു നിന്നത് (മറ്റൊരു വളവ്)എന്നിടത്തോളമാണ് ആ അന്വേഷണങ്ങൾ എത്തുന്നത്. അക്ഷരത്തിൻ്റെയും ലിപിയുടെയും എഴുത്തിൻ്റെയും കവിതയുടെയുമെല്ലാം ചരിത്രം തേടി പിന്നാക്കം പോയാൽ എത്തിച്ചേരുന്ന തിരിച്ചറിവ് ഇതാണ്:

അന്നോളമിന്നോളം
ഞാനുമവരും ആവിഷ്ക്കരിച്ചത്
വേട്ടയാടലിനെ.

ഇന്നത്തെ മനുഷ്യൻ്റെ ആധിതന്നെ ശിലായുഗ കാലത്തെ മനുഷ്യൻ്റെയും ആധി. നാഗരികതയും സംസ്കാരവും മനുഷ്യൻ്റെ വഴികളെ നിശ്ചിതമായ ഭ്രമണപഥങ്ങളിൽ തളച്ചു എന്നേയുള്ളൂ. നവീനശിലായുഗമനുഷ്യൻ നടത്തിയ വേട്ടയാടലുകളുടെ പുതുകാലപ്പതിപ്പു തന്നെ കവിതയെഴുത്ത്. ഈ ഉരുണ്ട ഭൂമി ശിലായുഗത്തിൻ്റെ നായാട്ടുവഴികളിൽ നിന്ന് നാഗരികതയുടെ എഴുത്തുവഴികളിലേക്കു മനുഷ്യനെ കൊണ്ടെത്തിച്ചു.

മുരണ്ടു ചാടിയൊരു നായക്കു നേരെ
എടുത്ത കല്ലായിരുന്നു
ഇന്നലത്തെ കവിത.
അതു ചെത്തിക്കൂർപ്പിക്കുകിൽ
തെളിഞ്ഞുകിട്ടും
രണ്ട് ഇന്നലെയുടെ കവിത

ആയുധം ചെത്തിക്കൂർപ്പിക്കൽ, മൗനം, ജാഗ്രത, അനുഷ്ഠാനപരമായ കോറിയിടലുകൾ എല്ലാം കവിതയെഴുത്തിനും നായാട്ടിനും പൊതുവായുള്ളത്. കൃഷിക്കാരനായിരുന്ന മുത്തച്ഛൻ കൈക്കോട്ടുകൊണ്ട് മണ്ണിൽ കിളച്ചുവെങ്കിൽ കവിയായ താൻ പേനകൊണ്ടാണ് കിളയ്ക്കുന്നത് എന്ന് digging എന്ന കവിതയിൽ ഷീമസ് ഹീനി എഴുതിയിട്ടുണ്ട്. കൃഷി-എഴുത്ത് എന്ന ജോടിക്കു പകരം അഭിരാം വേട്ട- എഴുത്ത് എന്നതാണ് ജോടി എന്നു തിരുത്തുന്നു. സർഗ്ഗാത്മകമെങ്കിലും എഴുത്തിൽ ഹിംസകൂടിയുണ്ടെന്ന് ഈ തിരുത്തിലൂടെ കവി പറയുന്നു.വേട്ടയുടെ അടയാളമായി മനുഷ്യാവയവം പ്രദർശിപ്പിക്കുന്നതുപോലെ തന്നെയാണ് ഒരു ലിപി (അതെ,സൂക്ഷിച്ചു നോക്കൂ,അവയവാകൃതിയാണതിന്) ഉയർത്തിക്കാട്ടുന്നത്. അനുഷ്‌ഠാനപരമായ വേട്ടയാടലാണ് എഴുത്തെങ്കിൽ അതൊരിക്കലും പുറത്തുകടക്കാനുള്ള വഴിയല്ല. എഴുത്തിൻ്റെ ഡി.എൻ. എ ധൈര്യപൂർവം പരിശോധിക്കുന്നു ഈ കവി. പടുകൂറ്റൻ അക്ഷരഗോപുരത്തിൻ്റെ ചുറ്റുഗോവണിയിലൂടെ ഓലക്കെട്ടുമായി കയറിയിറങ്ങുന്ന മെല്ലിച്ച പ്രാചീനൻ്റെ എഴുത്താണി മുനമ്പിലും നാഡിപ്പിണരിലുമാണ് ഇപ്പോൾ തനിക്കെഴുതാനുള്ള അക്ഷരം കുരുങ്ങിക്കിടക്കുന്നത് എന്ന് അയാൾ തിരിച്ചറിയുന്നു. ആധുനിക നാഗരികതയിൽ നിന്നും പൗരാണികതയിലേക്കിറങ്ങാനും തിരിച്ചു കയറാനുമുതകുന്ന ഡി.എൻ. എ ഗോവണി തന്നെ കവിത. അങ്ങനെ ഇറങ്ങി
ഇരുണ്ട കാടകങ്ങളിലും സർപ്പക്കാവുകളിലും നാഗവീണകളിലും അത് വഴി തേടി ഇഴയുന്നു. ഉടലുകൊണ്ടിഴഞ്ഞൊരുക്കിയ ആ വഴികൾ സകല വിപിനങ്ങളുടെയും ഇരുൾനനവുള്ള ഉൾവഴികളിൽ ചെന്നു പിണയുക മാത്രം ചെയ്തു(കവിത - കാടകം) ഭ്രമണപഥങ്ങളിൽ നിന്നു പുറത്തു കടക്കാൻ കഴിഞ്ഞില്ലെങ്കിലും തൻ്റേത് മനുഷ്യകുലത്തിൻ്റെ പ്രാക്തന ഭ്രമണപഥം തന്നെ എന്ന് തിരിച്ചറിയാൻ ഈ തേടലുകൾ ഈ കവിതകളിലെ ആഖ്യാതാക്കളെ സഹായിച്ചു. 

കാവും കാടും നാഗങ്ങളും വരുന്ന കവിതകളിൽ മാത്രമല്ല നഗരത്തെരുവുകളും കഫേകളും കോളേജും ഓഫീസും തീവണ്ടി ബോഗിയും ഹൈവേയുമെല്ലാം വരുന്ന കവിതകളിൽ പോലും പുരാതനമായ ഒരു മൺനിറവെളിച്ചം വീണു നിറയാൻ ഈ  അന്വേഷണം കാരണമായി. പൗരാണികമായ ഒരു മാന്ത്രിക മൺവെളിച്ചം അഭിരാമിൻ്റെ കവിതകൾക്ക് സവിശേഷമായ ഒരു വർണ്ണാഭ പകരുന്നു.ഈ പൗരാണിക കാന്തിയിൽ നിൽക്കുമ്പോൾ ഗോപുര ലിപിയിലെ ബിംബങ്ങൾ വളർന്നു വലിപ്പം വെച്ച് ആദിരൂപങ്ങളായി മാറുന്നു.ഒച്ച്,പാമ്പ്, എലി, പൂച്ച, ശലഭം എന്നീ ചെറുജീവികളെല്ലാം ഇങ്ങനെ വലിപ്പം വെക്കുന്നു. പിന്നാക്കം പോകുന്തോറും ജീവികളൊക്കെ വലിപ്പം വെച്ച് രാക്ഷസാകാരം കൊള്ളുന്നത് ലോകമെങ്ങുമുള്ള മിത്തോളജിയുടെ പൊതുസ്വഭാവമാണല്ലോ. നാഗരികനെയും ശിലായുഗമനുഷ്യനെയും ഒരുപോലെ അനുഗമിക്കുന്നു അഭിരാംകവിതയിലെ ജീവികൾ. അഥവാ പ്രാണികളും വേട്ടമൃഗങ്ങളുമാണ് ചരിത്രത്തിൻ്റെ രണ്ടറ്റങ്ങളെ ഇവിടെ കൂട്ടിയിണക്കുന്നത്. മിത്തുകളോടും ആദിരൂപങ്ങളോടും തൻ്റെ കാവ്യലോകത്തെ ഇണക്കാൻ ഈ കവി ഉപയോഗിക്കുന്നത് ആഖ്യാനത്തിൻ്റെയും ഭാഷയുടെയും സാധ്യതകൾ തന്നെയാണ്. നാഗവാഴ് വുകൾ ഇഴപിരിയുന്ന ഉൾത്തുറസ്സുകൾ, കമലേ കണ്ണിമച്ചെരുവിലെ കമലേ, സകലത്തിലും സർവത്തിലും നീർമണമായ് നീലഗീതിയായ് എന്നിങ്ങനെ ഭാഷയെ ശൈലീവൽക്കരിക്കാൻ ഈ കവിക്ക് ഇഷ്ടമാണ്. ഖസാക്കിൻ്റെ ഇതിഹാസവും മേതിൽക്കഥകളും തൊട്ട് കോട്ടയം പുഷ്പനാഥിൻ്റെ അപസർപ്പകനോവലുകളും ഉത്തരാധുനിക യൂറോപ്യൻ ഫിക്ഷനുകളിലെ ആഖ്യാന രീതികളുമെല്ലാം ഈ  കവിതകളുടെ ആഖ്യാന രീതിയെ സ്വാധീനിച്ചിട്ടുണ്ട്.

വഴി മുട്ടിയ ഈ പ്രതിസന്ധിഘട്ടത്തിൽ രക്ഷയുടെ ഒരു വാതിൽ തള്ളിത്തുറക്കാതെ മനുഷ്യന് മുന്നോട്ടു പോകാനാവുകയില്ല. ഇവിടെ നിന്നുമാണ് അഭിരാമിൻ്റെ കവിത അടുത്ത നിലയിലേക്കു കയറുന്നത്. ആഖ്യാതാവ് എന്നും കാണാറുള്ള, ചെവിയിൽ പെൻസിൽ തിരുകി വരുന്ന, മരത്തിൽ പുള്ളികളിടുന്ന, അതേ രവിയാശാരിയെ(കവിത: രൂപരേഖ) ഇതാ ഇപ്പോൾ ഒന്നു കാണൂ:

ചിന്തേരിട്ടു ചിന്തേരിട്ടു
പെരുകുന്ന മരച്ചുരുളുകൾ
ഒരു കടലോളമാകുമ്പോൾ
രവിയാശാരി അതിൽ
ഉരുവിറക്കില്ലെന്ന്
ആരു കണ്ടു!

രവിയാശാരിയുടെ പതിവു യാത്രകൾ ഇവിടെ അട്ടിമറിയുകയാണ്. കേരളത്തിൻ്റെ ദാരുവിദ്യയുടെ പ്രാക്തനമുദ്ര പതിഞ്ഞ് ആഗോളക്കടലിലലഞ്ഞ് യമനിലേക്കും അലക്സാണ്ട്രിയയിലേക്കും പോയ ഉരുക്കൾ നിർമ്മിച്ചു കടലിലിറക്കുന്ന തച്ചനായി ആഖ്യാതാവിൻ്റെ ഭാവനയിൽ രവിയാശാരി മാറുന്നു. പണിയുന്ന മരം ഉരുവായി മാറുന്നു, ഉഴിഞ്ഞു കളയുന്ന മരച്ചുരുളുകൾ ചുരുൾ ചുരുളായി തിരകളാവുന്നു. മരച്ചുരുളുകൾ കൊണ്ടുള്ള കടലിൽ മരം കൊണ്ടു തീർത്ത ഉരു നീങ്ങുന്നു. ആഖ്യാതാവ് തൻ്റെ ഭാവന കൊണ്ടാണ് രവിയാശാരിയെ അയാളുടെ ഭ്രമണപഥത്തിൽ നിന്നു തുറന്നുവിട്ടത്.അതിരുകളില്ലാത്ത ഒരു തീക്കടൽ പണ്ട് സീ.വി രാമൻപിള്ള സങ്കല്പിച്ചു. സാർവലൗകികമായ ഒരു അചുംബിത ഭാവനയാണത്.ഉളികൊണ്ടു ചീവിച്ചീവിയെടുത്ത മരച്ചുരുളുകളുടെ കടലാകട്ടെ, പ്രാദേശികമായ ഒരചുംബിത ഭാവന.തച്ചിൻ്റെയും തച്ചന്മാരുടെയും ദാരുശില്പകലയുടെയും വലിയ പാരമ്പര്യമുള്ള നാട്ടിൽ നിന്നു വരുന്ന നമുക്കുപോലും അങ്ങനെയൊന്നു സങ്കല്പിക്കുക എളുപ്പമല്ല. അതുകൊണ്ടാണ് അചുംബിതം എന്നു വിശേഷിപ്പിച്ചത്.ഗോപുരലിപി എന്ന പദക്കൂട്ടു തന്നെ എടുക്കുക. പല അർത്ഥ സാധ്യതകളുണ്ടതിന്. ഗോപുരത്തിൻമേൽ കൊത്തിയോ എഴുതിയോ വെച്ച ലിപിയാകാം അത്. ഗോപുരമാകുന്ന ലിപിയാകാം. അതുമല്ലെങ്കിൽ ഗോപുരാകൃതിയിലുള്ള ലിപിയുമാകാം. പ്രാചീനമായ ഒരു നാഗച്ചുറ്റിനെയും അത് ഓർമ്മിപ്പിച്ചേക്കാം.

പാടിപ്പതിഞ്ഞ വഴികളിൽ നിന്നു ഭാവനകൊണ്ടു പുറത്തുകടക്കുന്നതിനെ ആഘോഷിക്കുന്നു അഭിരാമിൻ്റെ കവിതകൾ. എന്നും പല്ലുതേയ്ക്കാനെടുക്കുന്ന അതേ ടൂത് ബ്രഷ് അപ്പോൾ "ജംഗമങ്ങളുടെ ആഴത്തിലെ ഒറ്റയാൻ കടൽക്കുതിര"യാകുന്നു. സ്വന്തം ചെവികളെ ചിറകുകളായി സങ്കല്പിച്ചാൽ മാത്രം പോരാ, അവക്കിടയിലെ മുഖത്തെ ഒരു നിമിഷം മറക്കുകയും വേണം(ചിറക്). എങ്കിൽ ഇതാ ഒരു ശലഭം പാറാനൊരുങ്ങുകയായി. നിങ്ങളുടെ മുഖത്തിന് ഇനി വെളുക്കെ ഇളിച്ച് പതിവുപോലിങ്ങനെ നിൽക്കാതെ കഴിയും. കവലയിലെ പതിവു പോലീസുകാരന് അയാളുടെ ഭ്രമണപഥത്തിൽ നിന്ന് ആഖ്യാതാവ് ഇന്ന് ചെറിയൊരു മാറ്റം കൊടുത്തിരിക്കുന്നു. ഇന്നയാൾ നായ്ക്കൾക്കും ശലഭങ്ങൾക്കും പൊഴിയുന്ന നെല്ലിയിലകൾക്കും ചുഴറ്റിപ്പറക്കുന്ന കരിയിലകൾക്കും കയ്യാംഗ്യ നിർദ്ദേശങ്ങൾ കൊടുത്തു നിൽക്കുന്നു(ആംഗ്യങ്ങൾ).എന്നത്തെയും പോലെ താറാപ്പറ്റത്തെ തെളിച്ചു പോകുന്ന മനുഷ്യൻ എന്നത്തെയും പോലെ വീശിയെറിയുന്ന തിനകൾ ഇന്ന് അവയുടെ ഭ്രമണപഥത്തിൽ നിന്ന് ഒരു വ്യതിചലിച്ച് ആ താറാക്കാരനു വേണ്ടി പ്രാർത്ഥനാപൂർവം പൊഴിയപ്പെടുന്നു. താറാക്കാരനുമതെ, പതിവില്ലാതെ താറാവുകളുടെ അടിവയറുപോലെ ഉള്ളും പുറവും കുളിർത്തു.

ഭ്രമണപഥങ്ങളെ തെറ്റിക്കാൻ പോന്ന ഭാവനക്കുതിപ്പാണ് ഗോപുരലിപി എന്ന ആദ്യസമാഹാരത്തിനു ശേഷം അഭിരാം എഴുതിയ കവിതകളിൽ മുന്തി നിൽക്കുന്നത്. ഗോപുരങ്ങളുടെ ഉയരങ്ങൾ ഇവിടെ കൊടുമുടികളുടെ ഉയരങ്ങൾക്കു വഴിമാറുന്നു. വീടിനും ആപ്പീസിനുമിടയിലെ വഴി ഗ്രഹത്തിനും ഗ്രഹത്തിനുമിടയിലെ വഴിയാകുന്നു. താരതമ്യേന മന്ദവേഗതയുള്ളവയോ ഇഴയുന്നവയോ ആയ ജീവികളാണ് ഗോപുരലിപിയിലെങ്കിൽ കൂടുതൽ വലിപ്പവും വേഗവുമുള്ള ജീവികളുടെ നിര തന്നെ പുതിയ കവിതകളിലുണ്ട്.ചീവീട്, ഒച്ച്, പാമ്പ്, എലി, പൂച്ച, ശലഭം എന്നിവ ആദ്യസമാഹാരത്തിലെ കവിതകളിലും കാള, ആട്, മാൻ, പുലി, സിംഹം തുടങ്ങിയവ പിന്നീടുള്ള കവിതകളിലും കൂടുതലായി കടന്നുവരുന്നത് യാദൃച്ഛികമല്ല. അവയുടെ വേഗതയുടെ ആവിഷ്ക്കാരങ്ങൾ പല കവിതകളിലും കാണാം. പ്രാചീന ഗ്രീക്ക് ദേവതകളെപ്പോലെ, ഉയരെ, ശൃംഗങ്ങളുടെ ഗഹനതയിൽ അവ പായുന്നു. ഇരുളിലേക്കു പായുന്ന കലമാനിനെ ഇരുട്ടു വിഴുങ്ങുന്നു. അതിൻ്റെ കൊമ്പ് പുറത്തേക്കു തുപ്പുന്നു (ഒരു മാൻ). ആ കലമാൻകൊമ്പാണ് നാഗരികൻ്റെ കവിതച്ചുമരിൽ പതിഞ്ഞിരിക്കുന്നത്. ഓടിപ്പോകുന്ന കലമാനിൻ്റെ പ്രതിബിംബമാണ്, കുടത്തിലെ വെള്ളത്തിൽ പതിയുന്ന പ്രതിബിംബമാണ് ഭാഷയായി മാറുന്നത്(ഭാഷ). ഓടിയകലുന്ന വന്യഭാവനയുടെ പ്രതിബിംബം തന്നെ ഭാഷ. കവിതയെക്കുറിച്ചും ഭാഷയെക്കുറിച്ചും ഗോപുരലിപിയിലെ 'ആവിഷ്ക്കാരം അവയവാകൃതിയിൽ' എന്ന കവിതയിൽ നേരത്തേ സൂചിപ്പിച്ച നായാട്ടുചിഹ്നമാണ് ഭാഷ,കവിത എന്ന വീക്ഷണം ഇവിടെ ഗുണാത്മകമായി പരിണമിക്കുന്നു. ഓടിപ്പോകുന്നതിനെ പിടിച്ചെടുക്കലാണ് ഭാഷ. നിശ്ചിത ഭ്രമണപഥങ്ങളിൽ നിന്ന് ഓടിയകലുന്ന വന്യഭാവനകളുടെ നിമിഷങ്ങൾ ഇത്തിരിക്കുമ്പിളിലെന്നപോലെ നിഴലിക്കുന്നതാണ് ഭാഷ അല്ലെങ്കിൽ കവിത.മാൻ വെള്ളം കുടിക്കാൻ വരുന്ന കാട്ടരുവിയിലെ പ്രതിബിംബത്തെക്കുറിച്ചല്ല കവി ഇവിടെ പറയുന്നത്. അതേ ആറ്റിൽ നിന്നു വെള്ളമെടുക്കാൻ വരുന്ന ആഖ്യാതാവിൻ്റെ കുടത്തിലെ ജലത്തിൽ കുടുങ്ങിയ മാൻവേഗത്തെക്കുറിച്ചാണ്. മോഹിപ്പിക്കുന്ന വേഗങ്ങൾ ഉൾഭാഷയിൽ പ്രതിബിംബിക്കണം. ഗുഹാഭിത്തിയിലെ ചിത്രത്തിൽ നിന്ന് കുടത്തിലെ വെള്ളത്തിലെ പ്രതിബിംബത്തിലേക്ക് പകരുന്നു ആവിഷ്‌ക്കാരത്തെക്കുറിച്ചുള്ള കവിയുടെ സങ്കല്പനം. ഉറച്ച പരുക്കൻ പ്രതലത്തിൽ നിന്ന് അയഞ്ഞു തുളുമ്പുന്ന പ്രതലത്തിലേക്കുള്ള മാറ്റം ഈ പുതിയ കവിതകളെ കുറേക്കൂടി ചഞ്ചലവും മായികവുമാക്കുന്നുണ്ട്. 

കയറിക്കയറി,അകന്നകന്നു പോകുന്നതിൻ്റെ ലഹരിയുണ്ട് അഭിരാമിൻ്റെ പുതിയ കവിതകളിൽ. ഗോളാന്തരങ്ങൾ താണ്ടിയുള്ള യാത്രകൾ ഈ കവിതകളിലുണ്ട്. കയറുന്തോറും, ഓർബിറ്റുകൾ മുറിച്ചു കടക്കുംതോറും ഉൾവഴികളിലേക്കും ഉൾഭാഷയിലേക്കും ഇവ നമ്മെ നയിക്കുന്നു. ഫിക്ഷനോളം, ഒരു പക്ഷേ അതിലേറെ ഹെയ് സിയുടെയും യു ജിയാൻ്റെയുമെല്ലാം കവിതകളിലെ ഉൾഭാഷയാണ് ഈ ഘട്ടത്തിൽ അഭിരാമിനെ സ്വാധീനിക്കുന്നതും.ആഖ്യാനസങ്കേതങ്ങളുടെ പടിഞ്ഞാറും കാവ്യദർശനങ്ങളുടെ കിഴക്കും അഭിരാമിൻ്റെ കവിതകളിൽ സംഗമിക്കുന്നു. ഉൾഭാഷയിൽ നിഴലിക്കുന്ന സഞ്ചാരങ്ങളുടെ പല വേഗത്തിലുള്ള പല തരം ആഖ്യാനങ്ങളാണ് മൂന്ന് അന്വേഷികളുടെ കഥ, നീലഗീതി, വളയങ്ങൾ, ആരോഹകരുടെ വീട് തുടങ്ങിയ സമീപകാല കവിതകൾ മിക്കതും. ഭൂഗുരുത്വബലം എല്ലാത്തിനേയും മണ്ണിലേക്കടുപ്പിക്കുമെന്നാണ് നാം മനസ്സിലാക്കിയിട്ടുള്ളത്. എന്നാൽ ഭൗമികമായ ഭ്രമണപഥങ്ങളുടെ കറങ്ങുന്ന ചുഴി തുപ്പുന്ന ഗുരുത്വബലത്താൽ ഈ കവിതകൾ ഒരേസമയം അതിരുകൾക്കപ്പുറത്തേക്കുയർന്നു പോകുകയും ഉൾഞെരമ്പുകളിൽ പ്രതിദ്ധ്വനിക്കുകയും ചെയ്യുന്നു.

2024 ലാണ് ഗോപുരലിപി പുസ്തകമായി പുറത്തുവന്നത്. ഇരുപതാം നൂറ്റാണ്ടു കാണാതെ 2001 ൽ ജനിച്ച കവിയുടെ ഇരുപത്തിമൂന്നാം വയസ്സിൽ.കാര്യമായി ആരും ചവിട്ടാത്ത വിജനഭൂമിയായി, പൗരാണികശോഭയുള്ള മൺനിറത്തോടെ ആ കൃതി ഇപ്പോഴും അങ്ങനെ കിടക്കുന്നു. മാറ്റം കുറിക്കുന്ന മികച്ച കവിതാ പുസ്തങ്ങളുടെ വരവിൻ്റെ വിധി പലപ്പോഴും ഇതാ ഇങ്ങനെയാണ്: അലങ്കോലപ്പെട്ട്, അനവധാനതയോടെ, അർഹിക്കുന്ന മട്ടിൽ പരിചരിക്കപ്പെടാതെ. മുഖപടം കണ്ടാൽ വിദ്യാഭ്യാസ സംബന്ധമായ പുസ്തകമാണോ എന്നു തോന്നിപ്പിക്കുന്ന, കൃത്യമായ വിടവുകൾ കൊടുക്കാതെ വാക്കുകൾ കൂടിക്കൂടിക്കിടക്കുന്ന തരത്തിൽ അച്ചടിച്ച ഒരു പുസ്തകം. ഉജ്വലമായ ഒരു കവിതാപുസ്തകത്തിന് അനവധാനതയുടെ ഈ മറവ് ഒരു പക്ഷേ ഭൂഷണമായിരിക്കാം. അതു താണ്ടാൻ താല്പര്യമുള്ളവർ ഇവിടെയെത്തിയാൽ മതി എന്ന് കാവ്യകല തന്നെയും വിചാരപ്പെടുന്നുണ്ടാവാം.ഇത്രയും എഴുതിക്കഴിയുമ്പോൾ, എന്താണ് മലയാള കവിതയിൽ അടുത്ത കാലത്തുണ്ടായ വലിയൊരു മാറ്റം എന്ന സ്വന്തം ചോദ്യത്തിന്, ഇതാ ഈ കവിയുടെ കവിതകളാണ് മലയാളകവിതയിൽ അടുത്ത കാലത്തുണ്ടായ വലിയൊരു മാറ്റം എന്ന് സ്വയം മറുപടി പറയാനുള്ള ധൈര്യം എനിക്ക് കൈവന്നിരിക്കുന്നു

No comments:

Post a Comment