Saturday, October 17, 2026

ബോറിസ് പൊപ്ളാവ്സ്‌കി (റഷ്യ, 1903- 1935)

റെംബ്രാൻ്റ്

ബോറിസ് പൊപ്ളാവ്സ്‌കി (റഷ്യ, 1903- 1935)

പാടത്തുറക്കെയലറീ പൂവുകൾ.
കാലം കാറ്റാടിയന്ത്രത്തെ ശാന്തമായ് കറക്കി.
മേശക്കരികിലിരുന്ന് ഒരു യോദ്ധാവ്
പുസ്തകം വായിക്കുകയായിരുന്നു.
അരുവിയ്ക്കടിയിലപ്പോൾ, സുതാര്യമായൊരു സംഘമായി,
എപ്പോഴും കിഴക്കോട്ടു മേഘങ്ങളൊഴുകി.
ചൂടിൽ മീനുകൾ ഉയർന്നു ചാടിയില്ല.
താഴെയുള്ള ഫാക്റ്ററികൾ പ്രവർത്തിച്ചിരുന്നില്ല.
സ്വർണ്ണ നിറമുള്ള വേനൽഘടികാരം
മൃതസമുദ്രത്തിനുമേൽ മിടിച്ചൂ- മൃദുവായ മുഴക്കത്തോടെ :
അതാണ് ആ യോദ്ധാവ്
തൻ്റെ പുസ്തകത്തിൽ ഇപ്പോഴും വായിക്കുന്നത്.
അതിലെ അക്ഷരങ്ങൾ കരയുന്നു, പാടുന്നു
പ്രപഞ്ചഘടികാരം പതുക്കെയോടുന്നു.
യോദ്ധാവേ, ഭാവിയെക്കുറിച്ചു നിങ്ങളെന്താണു വായിക്കുന്നതെന്ന്
ഉച്ചനേരത്തെ ആത്മാക്കളോടു പറയൂ
യോദ്ധാവ് തിരിഞ്ഞിരുന്നു - അയാൾ ചിരിക്കുന്നു.
പാടത്തെ പൂക്കളുടെ ശബ്‌ദങ്ങൾ അടങ്ങി.
പ്രപഞ്ചത്തിൻ്റെ അടിത്തട്ടിൽ നിന്നും അപ്പോൾ
മെല്ലെയൊഴുകാൻ തുടങ്ങി,
ആദ്യത്തെ അനന്തവേദനയുടെ മുഴക്കം.

Monday, October 12, 2026

വ്ലാഡിസ്ലാവ് ഖൊദാസേവിച്ച് (റഷ്യ,1886 - 1939)

വ്ലാഡിസ്ലാവ് ഖൊദാസേവിച്ച് (റഷ്യ,1886 - 1939)


1
കുരങ്ങ്

ചൂടു കൂടിയ ദിനം, മരങ്ങൾ ജ്വലിക്കുന്നു,
സമയം കനത്തു തൂങ്ങുന്നു, തൊട്ടയൽവക്കിൽ
ഒരു കോഴി കൂവുന്നു, പടി കടന്നു ഞാൻ ചെന്നു.
അവിടെയൊരു ബെഞ്ചിൽ വേലിമേൽ പുറം ചാരി
കറുത്തു മെലിഞ്ഞൊരു സെർബ് നാടോടി ഇരു-
ന്നുറക്കം തൂങ്ങുന്നുണ്ട്, പാതി നഗ്നമാം മാറിൽ
കനത്ത വെള്ളിക്കുരിശൊന്നു തൂങ്ങുന്നൂ താഴേ-
ക്കൊഴുകിയിറങ്ങുന്ന വേർപ്പുതുള്ളികൾക്കിടെ.
വേലിമേൽ, അവനിരിക്കുന്നതിൻ തൊട്ടുമേലേ
കുരങ്ങൊന്നിരിക്കുന്നൂ ചോപ്പു പാവാടയിട്ട്.
പൊടി പറ്റിയ ലൈലാക്കിലകളാക്രാന്തത്താൽ
വലിച്ചുവാരിത്തിന്നുകൊണ്ടവനിരിക്കുന്നു
തോൽപ്പട്ട കഴുത്തിലുണ്ടതിന്മേൽ വലിയുന്നൂ
ചങ്ങല, നാടോടിയെൻ ശബ്ദം കേട്ടുണരുന്നു.
വിയർപ്പു തുടച്ചു വെള്ളത്തിന്നു ചോദിക്കുന്നു.
വെള്ളപ്പാത്രത്തിൻ വക്ക് ചുണ്ടത്തു വയ്ക്കേ കൊടും
തണുപ്പു തട്ടി,പ്പാത്രമുടനേ ബഞ്ചിൽ വെച്ചു.
വിരൽ വെള്ളത്തിലിട്ടു നനച്ചൂ കുരങ്ങപ്പോൾ
ഇരുകൈകളാൽ പാത്രം പിടിച്ചു, ബെഞ്ചിൽ ചാഞ്ഞു
കുമ്പിട്ടു കുടിക്കുവാൻ തുടങ്ങീ,താടിയൊട്ടു-
മനക്കാ, തതിൻ രോമമില്ലാത്ത തലയേക്കാ-
ളുയർന്നു വളഞ്ഞുടലാഞ്ഞു വായുവിൽ നിന്നു.
ഇതുപോൽ തന്നെയാണ് ദാരിയസ് പണ്ടൊരിക്കൽ
അലക്‌സാണ്ടറിൻ പട കണ്ടു പേടിച്ചോടുമ്പോൾ
വഴിവക്കിലെ ചെറു കുളത്തിൽ നിന്നും വെള്ളം
കുനിഞ്ഞു നിലംപറ്റിക്കിടന്നു കുടിച്ചത്.
വെള്ളമൊക്കെയും മൊത്തിക്കുടിച്ച ശേഷം ബെഞ്ചിൽ 
നിന്നതു പാത്രം തട്ടിക്കമഴ്ത്തി മറിച്ചിട്ടു.
എണീറ്റു നിന്നൂ പിന്നെ - മറക്കുമോ ഞാനീ നിമിഷം?
എനിക്കു കൈ തരാൻ തൻ്റെ കൈ നീട്ടീ കുരങ്ങപ്പോൾ
കറുത്തു പരുത്ത കൈ, നനഞ്ഞു തണുത്തത് ...
പിടിച്ചു കുലുക്കിയിട്ടുണ്ടു ഞാൻ പ്രശസ്തരാം
സൗന്ദര്യധാമങ്ങൾ തൻ കയ്യുകൾ, കവികൾ തൻ
ദേശീയ നേതാക്കൾ തൻ കയ്യുകൾ, എന്നാലവ-
യൊന്നുമിങ്ങനെ കുലീനതയാർന്നവയല്ല
ഇത്രയും സാഹോദര്യത്തോടെ മുമ്പൊരു കയ്യും
തൊട്ടിട്ടില്ലെന്നെ, ദൈവത്തിന്നറിഞ്ഞിടാം, ഒറ്റ 
മനുഷ്യൻപോലുമെൻ്റെ കണ്ണിലിത്രയുമാഴ്ന്നു
നോക്കിയി,ല്ലാത്മാവിൻ്റെയടിത്തട്ടെത്തും നോട്ടം!
ആ പാവം ജീവിയെന്നിലുണർത്തീ മധുരിക്കും
ഗാഢ പ്രാക്തന നഷ്‌ടകാലത്തിൻ പുരാവൃത്തം
ജീവിതമെനിക്കു സമ്പൂർണ്ണമായ് ആ മാത്രയിൽ
ഇരമ്പീയെൻ്റെ കാതിൽ ഓർഗണിൻ സംഗീതം പോൽ
ഗായകവൃന്ദങ്ങൾ തൻ സംഗീതം - നക്ഷത്രങ്ങൾ,
തിരമാലകൾ,ഗോളമണ്ഡലങ്ങൾ, കാറ്റുകൾ
ഇടിനാദമായ് മുഴങ്ങുന്നു മുമ്പത്തെപ്പോലെ
ഓർമ്മകൾക്കപ്പുറത്തെ ദിവസങ്ങളിലെപ്പോൽ.
സെർബുകാരൻ നാടോടി തൻ തപ്പുവാദ്യം കൊട്ടി
നടന്നുനീങ്ങീ, നടത്തത്തിൻ്റെ താളത്തിലാ-
ഞ്ഞുലയുന്നവന്നിടം തോളിലാ കുരങ്ങനൊ-
രാനപ്പുറത്തെഴുന്നള്ളും മഹാരാജാവു പോലെ
മാനത്തു വർണ്ണാഭമാം പുകയിൽ കൂറ്റൻ സൂര്യൻ
ചുകന്നു തൂങ്ങീ രശ്‌മി മുഴുവൻ വെട്ടപ്പെട്ട്
വിളർത്ത ഗോതമ്പു പാടങ്ങൾക്കുമേലേ ഞെരി-
ഞ്ഞമർന്നൂ കനത്ത ചൂട് ഇടിയൊച്ചയില്ലാതെ

അന്നാ ദിവസമാണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്

- 1919


2
ഓർഫിയൂസ്


ഞാനിരിക്കുന്നതിൻ മേലെ നിന്നീ വൃത്താ-
കാര മുറിയിൽ വെളിച്ചം പതിക്കുന്നു
കുമ്മായച്ചാന്തിൻ്റെ മാനവും മാനത്തൊ-
രറുപതു വാട്ടിൻ്റെ സൂര്യനും കാണുന്നു.

ആ വെളിച്ചത്തിൽ തിളങ്ങി നിൽക്കുന്നെൻ്റെ
വീട്ടുസാമഗ്രികളൊക്കെയും ചുറ്റിനും
മേശ,കസേര,കിടക്ക - യിവിടിരു-
ന്നെൻ്റെ കൈയ്യെന്തു ചെയ്യാൻ, എനിക്കത്ഭുതം

മഞ്ഞിനാൽ വെൺതൂവൽ മാതിരി പൂവിട്ടു
നിൽപ്പൂ പനകൾ നിശ്ശബ്ദം ജനാലക്കൽ
കീശയിൽ വേഗമുറക്കെ മിടിക്കുന്നു
വാച്ച്,ഞാനെൻ്റെ മുറിയിലിരിക്കവേ

യാചകനെപ്പോലെ നഗ്‌നമീ ഭാരിച്ച
ജീവിതത്തിന്നില്ല പോംവഴി കാണുവാൻ
എന്നെയെൻ ചുറ്റിലുമുള്ളവയെക്കുറി-
ച്ചെൻ അലിവാരോടു ചൊല്ലുവാൻ ഭൂമിയിൽ?

മുന്നോട്ടു പിന്നോട്ടുലയാൻ തുടങ്ങുന്നു
കൈകളാൽ കാൽമുട്ടിറുക്കിപ്പിടിച്ചു ഞാൻ
പദ്യം പറയാൻ തുടങ്ങുന്നു, മൂളുന്നു
മൂർച്ഛയിൽ പോലെയുലഞ്ഞിടുമ്പോൾ സ്വയം

എന്തൊരതിതീവ്രമവ്യക്തമാം മൂളൽ
ഇല്ലതിൽ ബുദ്ധിതൻ നീട്ടലും നീക്കവും
യുക്തിയേക്കാൾ സത്യമാകാമൊരു സ്വരം
മർത്യനേക്കാൾ ശക്തമാകാമൊരു പദം

ഈണമാണീണമാണീണമെൻ ഭാഷണ-
രീതിയോടൊത്തിണങ്ങിച്ചേർന്നു തേടുന്നു
ലോലമാം ലോലമാം ലോലമാം കൂർമുന
കേറിത്തറയുന്നിതെൻ നെഞ്ഞിനുള്ളിലായ്

എൻ്റെയാത്മാവിനെക്കാളുയരുന്നു ഞാൻ
എൻ നശ്വരതയെക്കാൾ വളരുന്നു ഞാൻ
താരാപഥങ്ങളെൻ നെറ്റി പിന്നിട്ടൊഴുകി
നീങ്ങുന്നു,നരകാഗ്നി നക്കുന്നു കാലുകൾ

എൻ്റെ പാട്ടാർത്തു തഴയ്ക്കവേ, പാമ്പിൻ്റെ
കണ്ണുകൾ പോലുള്ളൊരെൻ പെരും കൺകളാൽ
നോക്കുന്നു ഞാനെന്നെക്കേട്ടിരിക്കും സാധു-
വസ്തുക്കൾ തൻ നിസ്സഹായ ഭാവങ്ങളെ

വട്ടംകറങ്ങാൻ തുടങ്ങുന്നു മെല്ലവേ
ഈ മുറി,യീ വസ്തുജാലങ്ങളൊക്കെയും
കാറ്റിലൂടെത്തുന്നൊരാത്മാവ് ഭാരിച്ച
ഗംഭീര വീണയൊന്നെൻ കയ്യിൽ വയ്ക്കുന്നു.

മാഞ്ഞുപോയിപ്പോളറുപതു വാട്ടിൻ്റെ
സൂര്യ,നകന്നുപോയ് കൃത്രിമസ്വർഗ്ഗങ്ങൾ
മിന്നും കരിമ്പാറക്കെട്ടിൻ മിനുസത്തിൽ
ഓർഫീയൂസൊറ്റക്കു നിന്നു പാടുന്നിതാ


3

അന്തിവെളിച്ചം വഴിമാറുന്നു


അന്തിവെളിച്ചം പുറത്തിരുട്ടിനു വഴിമാറീടുന്നു
തുറന്നു ജാലകമൊന്നു മലർക്കേ മേൽക്കൂരക്കീഴിൽ

വലിച്ചു നീക്കീ കർട്ടൺ, മിന്നീ വെളിച്ചമാ ഞൊടിയിൽ
ചുമരിൽ വന്നു പതിച്ചു മറഞ്ഞൂ നിഴലൊന്നതിവേഗം

തലകീഴ് വീണു മരിച്ചീടുന്ന മനുഷ്യൻ സന്തുഷ്ടൻ:
പുതുതാണവനുടെ കാഴ്ച്ചപ്പാടൊരു ഞൊടിനേരത്തേക്ക്
























അലെക്സി റെമിസോവ് (റഷ്യ,1877- 1957)

ആദം

അലെക്സി റെമിസോവ് (റഷ്യ,1877- 1957)



ദൈവം മനുഷ്യനെ എട്ടു ഭാഗങ്ങളായി സൃഷ്ടിച്ചു :

മണ്ണിൽ നിന്ന് എല്ലുകൾ
കടലിൽ നിന്ന് ചോര
സൂര്യനിൽ നിന്ന് സൗന്ദര്യം
മേഘങ്ങളിൽ നിന്ന് ചിന്തകൾ
കാറ്റിൽ നിന്ന് ശ്വാസം
കല്ലിൽ നിന്ന് ദൃഢത
വെളിച്ചത്തിൽ നിന്ന് എളിമ
ആത്മാവിൽ നിന്ന് ജ്ഞാനം

ദൈവം മനുഷ്യനെ സൃഷ്‌ടിച്ചപ്പോൾ
അവന് പേരുണ്ടായിരുന്നില്ല

സ്വർഗ്ഗീയ ഔന്നത്യം - പിതാവ്
ഭൂമിയുടെ വൈപുല്യം - പുത്രൻ
കടലിന്നഗാധത - പരിശുദ്ധ ആത്മാവ്
പിന്നെ ദൈവത്തിൻ്റെ സൃഷ്‌ടി- മനുഷ്യൻ- അവന് പേരില്ല

ദൈവം നാല് മാലാഖമാരെ വിളിച്ചു:
മിഖായേൽ
ഗബ്രിയേൽ
റാഫേൽ
ഊറിയേൽ

ദൈവം മാലാഖമാരോടു പറഞ്ഞു:
പോയി മനുഷ്യനൊരു പേരു കണ്ടുപിടിക്കൂ

മിഖായേൽ കിഴക്കോട്ടു പോയി
ഒരു നക്ഷത്രത്തെ കണ്ടുമുട്ടി.
അതിൻ്റെ പേര് അനറ്റോൾ എന്നായിരുന്നു.
അതിൽ നിന്നും എടുത്തു,
A

എന്നിട്ടു ദൈവത്തിനു കൊണ്ടുകൊടുത്തു.
ഗബ്രിയേൽ പടിഞ്ഞാട്ടുപോയി.
ഒരു നക്ഷത്രത്തെ കണ്ടുമുട്ടി.
അതിൻ്റെ പേര് ദെയിസിസ് എന്നായിരുന്നു.
അതിൽ നിന്നും എടുത്തു,
D

അതു ദൈവത്തിനു കൊണ്ടുകൊടുത്തു.
റാഫേൽ പാതിരാത്രിയിലേക്കു പോയി.
ഒരു നക്ഷത്രത്തെ കണ്ടുമുട്ടി
അർക്തോസ് എന്നായിരുന്നു പേര്.
അതിൽ നിന്നുമെടുത്തു,
A

അതു ദൈവത്തിനു കൊണ്ടുകൊടുത്തു.
ഊറിയൽ നട്ടുച്ചയിലേക്കു പോയി.
ഒരു നക്ഷത്രത്തെ കണ്ടുമുട്ടി.
മെസെവ്രിയ എന്നായിരുന്നു പേര്
അതിൽ നിന്നുമെടുത്തു,
M

അതു ദൈവത്തിനു കൊണ്ടുകൊടുത്തു
ദൈവം ഊറിയലിനോട് വാക്ക് ഉച്ചരിക്കാൻ ആവശ്യപ്പെട്ടു
ഊറിയൽ ഉച്ചരിച്ചു:
A D A M

ആദമായിരുന്നു ഭൂമിയിലെ ആദ്യമനുഷ്യൻ




Saturday, October 10, 2026

നിക്കൊളായ് ക്ലിയൂയേവ് (റഷ്യ, 1887-1937)

നിക്കൊളായ് ക്ലിയൂയേവ് (റഷ്യ, 1887-1937)


കണ്ണീർ മഴക്കാറ്റുകൾ
ഓർമ്മയുടെ ആഴങ്ങളിൽ
വല പോലെ ഞാനാഴ്ത്തി,
എന്നാൽ കിട്ടിയത് തീരെ മോശം,
അമ്മയെ കൂട്ടാതെ ഞാനുണ്ടാക്കിയ അപ്പം പോലെ.
കാവ്യാത്മകമായ അടിവശം പൊടിപുരണ്ടിരുന്നു.
ചുണ്ടുകളിൽ ഈണങ്ങൾക്ക് ഉപ്പു കൂടുതലും.
ഞാനൂഹിക്കുന്നു,
രൂപംകൊള്ളും മുമ്പത്തെ മാവിൽ
ഒരു മഴക്കണ്ണീർത്തുള്ളി വീണു കലങ്ങിയിരിക്കണം.


Monday, October 5, 2026

ഓർഫിയൂസ്. യൂറിഡെസി. ഹെർമീസ് - റിൽക്കെ

ഓർഫിയൂസ്. യൂറിഡെസി. ഹെർമീസ്

റെയ്നർ മരിയ റിൽക്കെ


ആത്മാക്കളുടെ
ആഴമറിയാ ഖനിയായിരുന്നു അത്.
വെള്ളി അയിരിൻ നിശ്ശബ്ദ ഞെരമ്പുകൾപോലെ
ഇരുട്ടിലൂടെ പടരുന്നു ആത്മാക്കൾ
മനുഷ്യനിലേക്കൊഴുകുന്ന ചോര
വേരുകൾക്കിടയിൽ ഊറി നിറഞ്ഞു.
ഇരുട്ടിൽ തീക്കല്ലുകട്ടകൾ പോലുണ്ടത്.
അതൊഴിച്ചാൽ ചുവപ്പില്ല മറ്റെവിടെയും.

പാറകളും മായക്കാടുകളുമുണ്ടായിരുന്നു.
ശൂന്യതക്കു കുറുകെ പാലങ്ങൾ.
നിലപ്പരപ്പിനു മുകളിലെ നരച്ച മഴയാകാശം പോലെ
അടിത്തട്ടിൽ നിന്നേറെയുയരെ തൂങ്ങുന്ന
യാതൊന്നും നിഴലിക്കാത്ത നരച്ച പെരുങ്കുളം.
പുൽമേടുകൾക്കിടയിൽ മൃദുവായ് ക്ഷമാപൂർണ്ണമായ്
വെളിപ്പെട്ടൂ വിളറിയ ഒരൊറ്റയടിപ്പാത
നിറംമങ്ങിയ ഒരു നീണ്ട തുണിത്തുണ്ടുപോലെ.

ഈ ഒറ്റയടിപ്പാതയിലൂടവരണഞ്ഞു

മുന്നിൽ നീലയുടുപ്പണിഞ്ഞ മെലിഞ്ഞ മനുഷ്യൻ
നേരേ തുറിച്ചു നോക്കീ മൂകമായക്ഷമം
ചവച്ചരച്ചു നിൽക്കാതെ വഴി വലിയ തുണ്ടങ്ങളായ്
വിഴുങ്ങീ അവൻ്റെ കാൽവെപ്പുകൾ, തൂങ്ങിക്കിടന്നൂ
കുപ്പായമടക്കുകൾക്കിടയിലൂടിറുകിക്കനത്ത് കയ്യുകൾ
ഒലീവു ചില്ലമേൽ പടർന്നു കേറുന്ന പനിനീർച്ചെടിപോലെ
ഇടം കയ്യിലിരിക്കും തൻ എളിയ വീണയെപ്പറ്റി-
യോർത്തതേയില്ലവൻ.
അവൻ്റെയിന്ദ്രിയങ്ങൾ വിഭജിക്കപ്പെട്ടപോലിരുന്നു
കാഴ്ച്ച ഒരു നായയേപ്പോൽ മുന്നിലേക്കോടിപ്പോയി
തിരികെ വന്നു നിന്ന്, പിന്നെയുമോടിച്ചെന്ന്
വഴിതൻ വിദൂരത്തെ വളവിൽ കാത്തുനിൽക്കെ,
കേൾവി തങ്ങി നിൽക്കുന്നൂ പിറകിൽ ഗന്ധം പോലെ
തനിക്കു പിന്നിൽ കേറി വരുന്നോരിരുവർക്കു
മുന്നേറാനാവുന്നില്ല,യെന്നു തോന്നീ ചിലപ്പോൾ
തൻ്റെ കാൽവെപ്പിൻ പ്രതിദ്ധ്വനിയും വസ്‌ത്രത്തുമ്പിൽ
കാറ്റിൻ്റെ പിടപ്പുമല്ലാതില്ല കേൾക്കാനൊന്നും.
എന്നിട്ടുമയാൾക്കുറപ്പു,ണ്ടവർ വരുന്നുണ്ട്
പറഞ്ഞിതുറക്കെ,യാശ്ശബ്ദവും മാഞ്ഞില്ലാതായ്.
ഭീകരനിസ്തബ്ധമായ് നീങ്ങുന്ന രണ്ടാളുകൾ
മാത്രമാണവർ, വരുന്നുണ്ടു പിന്നിലിപ്പോഴും.
ഒരിക്കൽ ധൈര്യത്തോടെ പിന്തിരിഞ്ഞു നോക്കിയാൽ
(ഇനിയും പൂർത്തീകരിക്കാത്തൊരീ പ്രയാണത്തെ
മുഴുവനില്ലാതാക്കാൻ പോന്നതാണാപ്പിൻനോട്ടം)
അവരെക്കാണാതിരിക്കില്ലയാൾ, നിശ്ശബ്ദമായ്
മെല്ലടി വെച്ചേ തന്നെപ്പിൻപറ്റും രണ്ടാളുകൾ

ദൂരത്തു സന്ദേശങ്ങളെത്തിക്കും പ്രയാണത്തിൻ
ദേവൻ, തൻ തൊപ്പിക്കീഴിൽ തിളങ്ങുന്ന കണ്ണുകൾ,
ഉടലിൻ മുന്നിൽ നീട്ടിപ്പിടിച്ച നീളൻ വടി,
ഞെരിയാണിക്കു ചുറ്റും തുടിക്കും ചിറകുകൾ,
ഇടത്തേക്കയ്യിൽ വിശ്വാസത്തോടെയേറ്റോൾ : അവൾ

വിലപിച്ചീടുമെല്ലാ സ്ത്രീകൾതൻ ദുഃഖത്തേക്കാൾ
കൊടിയ ദുഃഖമൊറ്റ വീണയിൽ നിന്നും പൊങ്ങാൻ
ഇടയാക്കിയ മട്ടിലത്ര സ്നേഹിക്കപ്പെട്ടോൾ
ആ വിലാപത്തിൽ നിന്നുമുയർന്നൂ വിലപിക്കും
മുഴുവനൊരു ലോക,മതിൽ സാന്നിധ്യപ്പെട്ടൂ
വസ്തുക്കളെല്ലാമൊരിക്കൽകൂടി, താഴ്‌വാരങ്ങൾ
കാടുകൾ, വഴികൾ, ഗ്രാമങ്ങൾ പാടങ്ങൾ,നദി,
മൃഗമൊക്കെയൊക്കെയും, ഈ വിലാപ ലോകത്തെ
ചുറ്റിയേ കറങ്ങുന്നൂ സൂര്യൻ, മറ്റൊരു ഭൂഗോ-
ളത്തിനെച്ചുറ്റും മറുസൂര്യൻപോൽ, നക്ഷത്രങ്ങൾ
നിറഞ്ഞ നിശ്ശബ്ദമാം വാനവും കറങ്ങുന്നു,
തെറിച്ച താരങ്ങളാൽ വിലപിച്ചീടും വാനം,
അവളത്രയുമേറെ സ്‌നേഹിക്കപ്പെട്ടോളല്ലോ ...

എങ്കിലും ദൈവത്തിൻ്റെ കൈ പിടിച്ചല്ലോ നട-
ക്കുന്നവളിപ്പോൾ നീണ്ട ശവക്കച്ചയാൽ തൻ്റെ
കാലടിച്ചുവടുകൾ തട്ടിയും തടഞ്ഞും കൊ-
ണ്ടക്ഷമ തീണ്ടീടാതെ, സൗമ്യമായനിശ്ചിതം.
കാലം വന്നണഞ്ഞൊരാളെപ്പോലെ തന്നാൽ തന്നെ
പൊതിയപ്പെട്ട്, മുന്നിൽ കുതിക്കുമവനെയും
ജീവിതത്തിലേക്കേറിച്ചെല്ലുന്ന വഴിയെയും
കുറിച്ചു ചിന്തിക്കാതെ പതുക്കെ നടക്കുന്നു

തന്നത്താൻ പൊതിയപ്പെട്ടലഞ്ഞിതവൾ, ഉള്ളിൽ
മൃതി പൂർണ്ണതപോലെ നിറഞ്ഞ്, മധുരത്താൽ
ഇരുട്ടാൽ ഒരു പഴം നിറയുന്നതുപോലെ
തനിക്കേ ഗ്രഹിക്കുവാനാത്തവിധമത്ര
പുതുതാം മഹാമൃതിക്കൊപ്പമായിരുന്നവൾ

തൊട്ടറിയുവാനാകാ പുതുകന്യകാത്വമൊ-
ന്നവൾക്കു കിട്ടീ, സന്ധ്യയാവുമ്പോളിളം പൂവു
കൂമ്പുന്ന പോലേ കൂമ്പിപ്പോയവളുടെ പെൺമ
അവൾ തൻ വിളറിയ കയ്യുകൾ വഴങ്ങാതായ്
സഹധർമ്മിണിയായിത്തുടരാൻ, ദൈവത്തിൻ്റെ
നയിക്കും സ്പർശം പോലും സഹിക്കാനാവാതെയായ്

കവി പാടിയ കാവ്യങ്ങൾക്കുള്ളിൽ മുഴങ്ങിയ
സൗവർണ്ണ മുടിത്തഴപ്പുള്ളൊരാപ്പെണ്ണല്ലിപ്പോൾ
പരന്ന കിടക്കയാം ദ്വീപല്ല,സുഗന്ധമ-
ല്ലവളാപ്പുരുഷന്നു സ്വന്തമാം സ്വത്തല്ലിപ്പോൾ

നീളമേറിയ മുടിപോലഴിഞ്ഞവളിവൾ
പെയ്ത മാമഴപോലെ പെയ്തൊഴിഞ്ഞവളിവൾ
കൊടുത്തു കൊടുത്തൊട്ടും ബാക്കിയില്ലാത്തോളിവൾ

ഇവൾ വേരായിത്തീർന്നു കഴിഞ്ഞൂ,
പൊടുന്നനെ-
യിവളെപ്പിന്നിലേക്കു പിടിച്ചു നിർത്തീ ദൈവം,
വേദന വഴിയുന്ന വാക്കുകളാളീ :
"നോക്കീ പിന്തിരിഞ്ഞയാളയ്യോ",
മനസ്സിലായില്ലൊന്നും
ഇവൾക്കു മനസ്സിലായില്ലൊന്നും മെല്ലെത്തൻ്റെ
തണുത്ത സ്വരത്തിനാൽ ചോദിച്ചു ശാന്തം : "ആര്?"

എങ്കിലും ദൂരെ
തിളങ്ങുന്ന വാതുക്കൽ കറുത്തിരുണ്ട്
ആരോ നിന്നു.
ആ മുഖം വേറിട്ടറിഞ്ഞീടുവാനാകുന്നില്ല
നിന്നയാൾ നോക്കിക്കണ്ടൂ
പുൽമേടിന്നിടയിലെ ഒറ്റത്താരയിൽ
സങ്കടനോട്ടത്തോടെ
സന്ദേശഹരൻ ദൈവം തിരിഞ്ഞു നിൽക്കും ദൃശ്യം
കാൽച്ചുവടുകൾ നീണ്ട ശവക്കച്ചയാൽ തട്ടി-
ത്തടഞ്ഞക്ഷമയൊട്ടുമില്ലാതെയനിശ്ചിതം
സൗമ്യമായിതിന്നകം തിരിഞ്ഞു നടക്കുവാൻ
തുടങ്ങിക്കഴിഞ്ഞൊരാ രൂപത്തിനൊപ്പം പോകാൻ

- 1904






















Monday, September 28, 2026

ടൂൺ ടെല്ലഗൻ (നെതർലാൻഡ്‌സ്, ഡച്ച്,ജനനം: 1941)

ടൂൺ ടെല്ലഗൻ

(നെതർലാൻഡ്‌സ്, ഡച്ച്,ജനനം: 1941)


പ്രശസ്ത ഡച്ച് കവിയും ബാലസാഹിത്യകാരനുമായ ടൂൺ ടെല്ലഗൻ തൻ്റെ അച്ഛനെ കുറിച്ചെഴുതിയ കവിതകളുടെ സമാഹാരമായ റാപ്ടേഴ്സിൽ നിന്ന് എടുത്ത കവിതകളാണിവ. ഇരപിടിയൻ പക്ഷികൾ എന്നാണ് റാപ്ടേഴ്സ് എന്ന വാക്കിനർത്ഥം. പുസ്തകത്തിലെ കവിതകളുമായി ചേർച്ചയില്ലാത്ത ആ പേരിട്ടതിനെപ്പറ്റി, കണ്ണും പൂട്ടി നിഘണ്ടുവിൽ നിന്ന് താനെടുത്തതാണാ വാക്ക് എന്നാണ് കവി പുസ്തകത്തിൻ്റെ ആമുഖക്കുറിപ്പിൽ പറയുന്നത്.



എൻ്റെയച്ഛൻ
നിഷ്കളങ്കതയാൽ കൈ കഴുകി

"മറ്റെന്തിലാണ് ഞാൻ കൈ കഴുകുക?"
അച്ഛൻ ചോദിച്ചു
എന്നിട്ട് അമ്മയെയെടുത്ത്
ജനലിലൂടെ പുറത്തേക്കെറിഞ്ഞു.

"അവിടെക്കിട" അച്ഛൻ കരഞ്ഞു,
എന്നിട്ടെൻ്റെ സഹോദരന്മാരെയും പുറത്തേക്കെറിഞ്ഞു.

എന്നിട്ടും ഒരോരുത്തരും
അച്ഛനുവേണ്ടി മുറവിളി കൂട്ടി
അച്ഛനെ ആവശ്യപ്പെട്ടു.

അതീവ ഗൗരവത്തിലും ദുഃഖത്തിലുമായിരുന്ന
അച്ഛൻ
ഒരു പൂപ്പാത്രത്തിനുള്ളിലേക്കു കയറി
അവിടെയിരുന്ന്
വാടിക്കുഴഞ്ഞു.

******

എൻ്റെയച്ഛൻ
ഏഴാം സ്വർഗ്ഗത്തിലായിരുന്നു.
അമ്മ അച്ഛനെ അവിടെച്ചെന്നു കണ്ടു

താൻ ഒന്ന് ഉമ്മവയ്ക്കട്ടേ എന്ന് അമ്മ ചോദിച്ചപ്പോൾ
അച്ഛൻ പറഞ്ഞു:
"അതിനു വേണ്ടിയുള്ളതാണ് മറ്റു സ്വർഗ്ഗങ്ങൾ"

കൈകൾ മടിയിൽ വെച്ച്
നിശ്ശബ്ദരായി അവർ ഇരുന്നു
ബഗോണിയപ്പൂക്കളും സൈക്ലമൺ പൂക്കളും
അവിടെയുണ്ടായിരുന്നു.
മരണത്തിൻ്റെ മണവും.

ഇടക്കിടക്കൊരു മാലാഖ വന്ന് ജനലിലൂടെ എത്തി നോക്കി
തന്നോടേറ്റുമുട്ടാൻ താല്പര്യമുള്ള ആരെങ്കിലുമവിടെയുണ്ടോ
എന്നു ചോദിച്ചു.

അച്ഛൻ തല കുലുക്കി,
തുടർന്നും തനിക്ക് അദ്ദേഹത്തെ സ്‌നേഹിക്കാമോ എന്ന്
അമ്മ ചോദിച്ചു,
വ്യവസ്ഥകളോടെ, ബാഹ്യമായെങ്കിലും.

വാതിലുകൾ കിരുകിരുത്തു
"അത് പിടിച്ചു നിർത്ത്"
അച്ഛൻ അലറി.
എന്നിട്ട് ചാടിയെണീറ്റു.
അനന്തത അവസാനിച്ചിരുന്നു.

എൻ്റെ സഹോദരന്മാർ മേശക്കരികിലിരുന്നു
എന്നത്തേക്കാൾ ദുഃഖിതരായി.


*****


എൻ്റെയച്ഛൻ
ഒരു കണ്ണാടിയിൽ നോക്കി

"കൺവട്ടത്തീന്നു പോ"
ഒട്ടും പുറത്തുകേൾക്കാതെ മൃദുവായി
അച്ഛൻ പറഞ്ഞു.
തൻ്റെ കൺവട്ടത്തുനിന്നദ്ദേഹം മാഞ്ഞുപോയി.

അമ്മയും സഹോദരന്മാരും നൃത്തം ചെയ്തു,
വികൃതമായി,തീർത്തും അനാവശ്യമായി.
സന്തോഷമില്ലാത്ത സന്തോഷത്താൽ,വർഷങ്ങളോളം,
തങ്ങൾക്കു നഷ്‌ടപ്പെടാത്തവയെക്കുറിച്ചെല്ലാം
ചിന്തിച്ചുകൊണ്ട്.

വിളർത്ത് നെഞ്ഞുപൊട്ടുംപോലായി,
പിന്നെയച്ഛൻ.
ഡസൻ കണക്കിനു കണ്ണാടികളിൽ നോക്കി
തടാകങ്ങളിലും നദികളിലും ചാഞ്ഞുനോക്കി
ജാലകങ്ങളിലൂടെ നോക്കി
തെരുവിൽ ഓരോരുത്തരേയും തടഞ്ഞുനിർത്തി സംസാരിച്ചു.

പക്ഷേ അച്ഛന് 
തന്നെ
പിന്നെ കണ്ടെത്താനേ കഴിഞ്ഞില്ല


Thursday, September 24, 2026

ലൂയിസ ഫുറ്റൊറാൻസ്‌കി(പാരീസിൽ ജീവിക്കുന്ന അർജൻ്റീനിയൻ എഴുത്തുകാരി, ജനനം: 1939)

ലൂയിസ ഫുറ്റൊറാൻസ്‌കി(പാരീസിൽ ജീവിക്കുന്ന അർജൻ്റീനിയൻ എഴുത്തുകാരി, ജനനം: 1939)


*റൂ ഡി ഷാരൻ്റോൺ തെരുവിലെ ഉറക്കമില്ലായ്മ


അപരിചിത നിവാസികൾ
എനിക്കു നൽകുന്ന സൗഹൃദ ശബ്‌ദങ്ങൾ :

പത്രക്കാരൻ - 3.35 ന്
പാൽക്കാരൻ - 4.15 ന്
അപ്പക്കാരൻ - 5.40 ന്

തൊട്ടയലത്തെ സ്ത്രീ മൂത്രമൊഴിക്കുന്നത്
കാമുകൻ യാത്രയാകുന്നത്
തെരുവു ശുചീകരണക്കാർ ചവറ്റുകൊട്ടകളിലൂടെ നീങ്ങുന്നത്



*പാരീസ് നഗരത്തിലെ പ്രശസ്തമായ തെരുവ്


2

അവൻ, പ്രാവ്

ചിലപ്പോൾ അവൻ മൃദുധാന്യങ്ങൾ തിരഞ്ഞെടുക്കുന്നു.
മറ്റെപ്പോഴും ഉച്ഛിഷ്‌ടങ്ങൾ തിന്നുന്നു
ചിലപ്പോൾ അവൻ എൻ്റെ ജനൽപ്പടിമേൽ വന്നിരിക്കുന്നു
ചിലപ്പോൾ നടുത്തെരുവിൽ അവരവനെ
തുണ്ടു തുണ്ടായി കീറിപ്പറിക്കുന്നു.

Tuesday, September 15, 2026

സെർഹിയ് ഷദാൻ (ഉക്രൈൻ, ജനനം: 1974)

സെർഹിയ് ഷദാൻ (ഉക്രൈൻ, ജനനം: 1974)


വേനലിൽ


വേനലിൽ ഏവരും
നദിയുടെ തണുത്ത സ്പർശം കൊതിക്കുന്നു
വേനൽപ്പൂന്തോപ്പിലെ കിളികൾ
അടക്കമില്ലാത്ത ഉന്മാദികൾ.
രണ്ടു മരങ്ങൾ കുന്നിൻ മുകളിൽ
മുഖാമുഖം നിൽക്കുന്നു,
ഒരിക്കൽ ഒരാശുപത്രിമുറി പങ്കിട്ട ശേഷം
ഇപ്പോൾ വീണ്ടും കണ്ടുമുട്ടുന്ന രണ്ടു മനുഷ്യരെപ്പോലെ

വേനൽ അനന്തമാകയാൽ
എല്ലാം നിൽക്കുന്നു നിശ്ചലം.
നിരത്തുവക്കത്തെ മുള്ളുകൾക്കുമേൽ
സന്ധ്യക്കു ചന്ദ്രനുദിക്കുന്നു.
പകലുകളേറെ നീണ്ടതാകയാൽ
ഒടുവിൽ അന്തിയാകുമ്പോൾ
ഓരോരുത്തരും ഇരുട്ടിൽ ആഘോഷിച്ചു തിമിർത്ത്
ഉറക്കമില്ലാത്തവരാകുന്നു.

ആകാശം ഒരു കൗമാരക്കാരൻ.
കയ്യിൽ പാഠപുസ്തകങ്ങളുള്ള,
നക്ഷത്രങ്ങളെ തരംതിരിക്കുന്ന,
കയ്യേറ്റക്കാരോടെന്ന മട്ടിൽ കിളികളോടു തർക്കിക്കുന്ന,
ഒരു കൗമാരക്കാരൻ.
ഒരു മരം മറ്റൊന്നിനെ ശ്രദ്ധയോടെ കേൾക്കുന്നതുപോലെ
ഇലകൾ നിശ്ചലം,ചില്ലകൾ നിശ്ശബ്ദം.

Sunday, September 13, 2026

കികി ദിമൗല (ഗ്രീസ്, 1931 - 2020)

കികി ദിമൗല (ഗ്രീസ്, 1931 - 2020)


ചേരാത്തവ


വസന്തത്തെക്കുറിച്ചുള്ള
എൻ്റെ എല്ലാ കവിതകളും
അപൂർണ്ണമായിരിക്കുന്നു.

വസന്തത്തിനെപ്പൊഴും തിരക്കാണ്
എനിക്കാകട്ടെ എപ്പോഴും മന്ദഭാവവും.

അതുകൊണ്ടാണ്
വസന്തത്തെക്കുറിച്ചെഴുതുന്ന ഓരോ കവിതയും
ശരൽക്കാലം കൊണ്ടു പൂർത്തിയാക്കാൻ
ഞാൻ നിർബന്ധിതയാകുന്നത്.

ദൗ ദൗ(ചൈന, ജനനം: 1951)

ദൗ ദൗ(ചൈന, ജനനം: 1951)


ആംസ്റ്റർഡാമിൻ്റെ നദി


നവംബർ രാവു പടർന്നിറങ്ങുന്ന നഗരത്തിൽ
ആംസ്റ്റർഡാമിൻ്റെ നദി മാത്രം.

പെട്ടെന്ന്

വീട്ടുമരത്തിലെ മധുരനാരങ്ങകൾ
ശരൽക്കാറ്റിൽ കുലുങ്ങുന്നു.

ഞാൻ ജനലടക്കുന്നു,
എന്നാൽ ഒരു പ്രയോജനവുമില്ല.
നദി മേലോട്ടൊഴുകുന്നു,
എന്നാൽ ഒരു പ്രയോജനവുമില്ല.
പളുങ്കുകൾ പതിച്ച് സൂര്യനുയരുന്നു

പ്രയോജനമില്ല.
ഇരുമ്പുധൂളികൾ പോലെ
പ്രാവുകൾ ചിതറിപ്പറക്കുന്നു.
പയ്യന്മാരില്ലാത്ത തെരുവുകൾ
പെട്ടെന്നതിവിസ്തൃതമാകുന്നു.

ശരൽക്കാല മഴക്കു ശേഷം
ഒച്ചുകൾക്കൊപ്പമിഴയുന്ന മേൽക്കൂര
- എൻ്റെ രാജ്യം

മെല്ലെയൊഴുകുന്നു
ആംസ്റ്റർഡാമിൻ്റെ നദിമേലെ.

Saturday, September 12, 2026

ഗോസ്റ്റാ അഗ്രൻ (ഫിൻലാൻ്റ്-സ്വീഡിഷ്, 1936-2020)

ഗോസ്റ്റാ അഗ്രൻ (ഫിൻലാൻ്റ്-സ്വീഡിഷ്, 1936-2020)

1

ശരൽക്കാലപ്രഭാതം


ഒരിക്കൽ ഞാനൊരു കുഞ്ഞായിരുന്നപ്പോൾ
മരിക്കുന്ന ഒരു ദൈവത്തെ കണ്ടു.
തൻ്റെ ചിറകുകൾക്കിടയിൽ
അതു നിശ്ചലം കിടന്നു,
അവ തന്നെ സ്വതന്ത്രമാക്കുന്നതും കാത്ത്.
പുലർച്ചെ അതൊരു
കുന്നിന്മേലേക്കു വീണു.
ദൈവത്തിൻ്റെ ഹൃദയമിടിപ്പുകൾക്കു കീഴിൽ
കുന്ന് വിറച്ചു.
കുന്നിനെ ചേർത്തുപിടിക്കാൻ
നടപ്പാതയുടെ ചരടു മാത്രം.
കിഴക്കേ മാനത്ത്
ഉയരെ
ജ്വലിക്കുന്ന കുടൽമാലകൾ
മേഘങ്ങൾക്കിടയിലൂടെ
ചീറ്റിത്തെറിച്ചു.
തീവ്രവേദനയനുഭവിക്കേ
ദൈവം
എല്ലാ യാഥാർത്ഥ്യങ്ങളേയും
സ്വന്തം ശരീരമായി ഉപയോഗിക്കുന്നത്
ഞാൻ തിരിച്ചറിഞ്ഞു.
പിന്നെ ദൈവം
ഒരു ചത്ത കിളിപോലെ കാണപ്പെട്ടു.
എന്നാൽ
ഒരു പക്ഷിക്കും ഇത്രയാഴത്തിൽ
മരിക്കാനാവില്ലെന്നു ഞാനറിഞ്ഞു.


2

മരണ രഹസ്യം

ജീവിതം കഴിഞ്ഞാൽ
മരണം തുടങ്ങുന്നു
എന്നതു സത്യമല്ല
ജീവിതം നിലയ്ക്കുമ്പോൾ
മരണവും നിലയ്ക്കുന്നു.

നികിത സ്റ്റാനെസ്ക്യു (റൊമാനിയ, 1908 - 1982)

നികിത സ്റ്റാനെസ്ക്യു (റൊമാനിയ, 1908 - 1982)

വിഷാദപ്രേമഗാനം


എനിക്കായ് ശരിക്കും മരിക്കുക
എൻ്റെ ജീവിതം മാത്രം
എന്നാൽ അതെപ്പോഴെന്നാർക്കറിയാം?
പുല്ലിനു മാത്രമേ അറിയൂ മണ്ണിൻ്റെ രുചി
എൻ്റെ ഹൃദയത്തിനായ് ശരിക്കും കൊതിക്കുന്നത്
ചലിക്കുമെൻ ചോര മാത്രം
വായു ഉയരമുള്ളത്
നീ ഉയരമുള്ളത്
എൻ്റെ സങ്കടവും ഉയരമുള്ളത്.
കുതിരകൾ മരിക്കുന്ന കാലം വരും
കാറുകൾ തുരുമ്പിക്കുന്ന കാലം വരും
മഴ തണുത്തു വിറയ്ക്കുന്ന കാലം.
നിൻ്റെ ശിരസ്സാവും ഓരോ സ്ത്രീക്കും
നിൻ്റെയുടുപ്പണിയും ഓരോ സ്ത്രീയും.
വലിയ വെളുത്തൊരു പക്ഷിവരും,
ചന്ദ്രൻ്റെ മുട്ടയിടും.

Friday, September 11, 2026

ക്രിസ്റ്റിൻ ദിമിത്രോവ (ബൾഗേറിയ, ജനനം : 1963)

ക്രിസ്റ്റിൻ ദിമിത്രോവ (ബൾഗേറിയ, ജനനം : 1963)


I

ഉത്തരം തേടി

"എന്തുകൊണ്ടു ഞാൻ ഇവിടെ?"
ആകാശത്തോടു ഞാൻ ചോദിച്ചു.
ആകാശം എൻ്റെ വാക്കുകൾ വിഴുങ്ങി
കൂടുതൽ വാക്കുകൾക്കായി കാത്തു.

കൂടുതലെന്തു കൂട്ടിച്ചേർക്കാൻ!
ഞാൻ അത്ഭുതപ്പെട്ടു.

ഭൂമിയോടു ഞാൻ ചോദിച്ചു,
"എന്തുകൊണ്ടു ഞാൻ ഇവിടെ?"
ഭൂമി സ്വന്തം പർവതത്തോൾ
വെട്ടിച്ചുകാണിച്ചു.

തീയിനോടു  ചോദിച്ചു,
"എന്തുകൊണ്ടു ഞാൻ ഇവിടെ?"
എരിപൊരിത്തിരക്കിൽ
തീയൊന്നും കേട്ടില്ല.

കിണറിനടുത്തു പോയി
വെള്ളത്തോടു ചോദിച്ചു,
"എന്തുകൊണ്ട് ഞാൻ ഇവിടെ?"
- "എന്നിലേക്കിറങ്ങി വരൂ,
ഞാൻ പറഞ്ഞു തരാം"

"ശരിക്കും...", ഞാൻ പറഞ്ഞു,
"ചോദിക്കുക മാത്രമായിരുന്നു ഞാൻ"



2

അതിര്

ബബിൾഗം വാങ്ങിച്ചോ,
മകൾ എന്നോടു ചോദിച്ചു.

ഇല്ല, ഞാൻ പറഞ്ഞു,
എന്നാൽ ഞാൻ വന്നല്ലോ.

ഞാൻ ഒരു കാര്യവും
ബബിൾഗം വേറൊരു കാര്യവുമാണെന്ന്
അവൾ എതിർത്തു.

എപ്പോഴും നല്ലതു മാത്രം പ്രതീക്ഷിക്കരുത്,
ഞാൻ ചൂണ്ടിക്കാട്ടി.

അവൾ തിരുത്തി,
നല്ലതു മാത്രം അല്ല, ബബിൾഗം.

സൂര്യൻ ഉഷാറായിരുന്നിട്ടും
കിളികൾ കലപില കൂട്ടിയിട്ടും

പാർക്കിലെ പുല്ല് മോഹപ്പച്ചയായിരുന്നിട്ടും
ഹൃദയം ചെയ്തൊഴിച്ചു, എൻ്റെ മകൾ.

സന്തുഷ്ടമായൊരു ലോകമുണ്ട്, സങ്കടമുള്ള ഒന്നും.
അവക്കിടയിൽ ബബിൾഗം.


3


അനശ്വരനാവണമെന്നാഗ്രഹിച്ച ഉർക്കിലെ രാജാവ് ഗിൽഗമേഷിനെക്കുറിച്ചുള്ള ഒരു പഴയ മെസൊപ്പൊട്ടോമിയൻ ഐതിഹ്യം

ആഗ്രഹിച്ചു,
കഴിഞ്ഞില്ല.


4

സ്വന്തം വാച്ചുകൾ തിന്ന അച്ഛനെപ്പറ്റിയുള്ള കവിത

ഇടംകൈത്തണ്ടയിൽ അച്ഛൻ
മൂന്നു വാച്ചണിഞ്ഞിരുന്നു.
"മൂന്നെണ്ണമെന്തിനാണ്?"

"ഇത്" - ആദ്യത്തേതു ചൂണ്ടിപ്പറഞ്ഞു,
"അരമണിക്കൂർ കഴിഞ്ഞുള്ള
സമയമറിയാൻ"

"ഇത്" - രണ്ടാമത്തേതു ചൂണ്ടി,
"അര മണിക്കൂർ മുമ്പത്തെ
സമയമറിയാൻ"

"ഇതെന്തിനാണെന്നോ"
- മൂന്നാമത്തേതു ചൂണ്ടി,
"ഇപ്പോഴത്തെ സമയം കാണിക്കാൻ"

"ശരി,ശരി, ഇപ്പോൾ കൃത്യം സമയമെത്ര
എന്നൊന്നു പറയാമോ?"
"ഹഹ,അതു വരുമെന്നേ,ബേജാറാകേണ്ട"


5

പാമ്പ്

എൻ്റെ കാൽമുട്ടിന്മേലേക്ക്
മെല്ലെ ഇഴഞ്ഞുകയറി.
"ഹ ഹ" ഫ്രോയ്ഡിയന്മാർ ഇടപെട്ടു,
"അതേതു പാമ്പാണെന്ന്
ഞങ്ങൾക്കെല്ലാമറിയാം"
"ഇല്ല" എന്നതാണു ശരിയുത്തരം,
"ഇതു വേറൊരു പാമ്പാണ്"


Monday, September 7, 2026

ദു മു (ചീന,എ.ഡി 712-770)

ദു മു (ചീന,എ.ഡി 712-770)

1

സുവോയുടെ വീട്ടിലെ സായാഹ്നവിരുന്ന്


കാറ്റത്തുലയും മരങ്ങൾ, അസ്തമിക്കുമിളം പിറ,
മഞ്ഞിൽ കുതിർന്ന വസ്ത്രങ്ങൾ, 'ക്വിൻ' തന്ത്രി നാദം,
പൂ പടർന്ന വഴിവക്കിലൊഴുകുമുറവവെള്ളം,
പുൽക്കുടിലിൻ ചുറ്റും പൂക്കാലത്തിൻ താരങ്ങൾ,
മെഴുതിരി നാളം താഴുവോളം ഗ്രന്ഥം നോക്കുന്നൂ നാം,
ഹരം വാളുകളിൽ,സുഖമധുലഹരി,
കവിത കെട്ടുന്നൂ, കേൾപ്പൂ 'വൂ' നാട്ടിലെ പാട്ടുകൾ,ഞാൻ
മറക്കില്ലെൻ തോണി തനിച്ചലഞ്ഞതങ്ങ്

2

സമതലം: മുകൾക്കാഴ്ച്ച

വ്യക്തമാം ശരത്കാലം, കാഴ്ച്ചക്കില്ലവസാനം,
കുന്നു കൂടുവാൻ തുടങ്ങുന്നിരുളടരുകൾ,
ദൂരത്തെ നദി വാനിൽ തൻ ശുദ്ധി കലർത്തുന്നു,
കനത്ത മഞ്ഞിൽ കാണുന്നൊറ്റപ്പെട്ടൊരു കോട്ട,
ഇലയറ്റ വൃക്ഷങ്ങൾ കാറ്റുരിയുന്നൂ വീണ്ടും,
ദൂരത്തെ മലനിര, സൂര്യനാണ്ടുപോയ് പിന്നിൽ,
ഏകാകിക്കൊക്കേ, കൂട്ടിൽ പോകുവാനെന്തേ വൈകി?
മരങ്ങൾ മുഴുവനും കാക്കകൾ നിറഞ്ഞല്ലോ.


3

ചീവീട്

ഇത്രയും താഴ്മയുള്ള, ഇത്തിരി മാത്രമുള്ള
കൊച്ചു ചീവീടേ,കേൾക്കൂ
ദുഃഖം നിറഞ്ഞ നിൻ്റെയീണങ്ങൾ നമ്മെയെന്തേ
ഇത്രമേലിട്ടുലയ്ക്കാൻ?
ആശ്വാസമറ്റു പുല്ലിൻ വേരുകൾക്കുള്ളിലിരു-
ന്നിങ്ങനെ നീ കരയുന്നൂ
പുൽമെത്തക്കീഴിലിരുന്നിപ്പോളൊരു തുണക്കായ്
അത്രക്കു നീ കൊതിക്കുന്നൂ
ദീർഘയാത്രക്കു പോയ യാത്രികന്നിതു കേൾക്കെ
കണ്ണീരടക്കാനാമോ?
ഭർത്താവു കൈവെടിഞ്ഞ ഭാര്യയിതെങ്ങനെ
സഹിക്കും പുലരിവരെയും?
ഇമ്മട്ടിലിപ്രകൃതിശബ്ദങ്ങൾ പോലെ നമ്മെ
ഇല്ലാ വലയ്ക്കുകില്ലാ
സങ്കടം മീട്ടിടുന്ന തന്ത്രികൾ,താരനാദം
പൊങ്ങും സുഷിരവാദ്യങ്ങൾ

4

കവർച്ച

ഉടയോനില്ലാത്തവയല്ലീ
പീച്ചുകൾ ഡാംസൺ മരങ്ങളും
ഞാനെൻ സ്വന്തം കൈകളാലേ
നട്ടുവളർത്തിയതാണിവ
വേലി നന്നേച്ചെറുതാണെന്നാൽ
വീടു കാക്കാനുതകുമത്
എന്നിട്ടെന്തേയിപ്പൂക്കാല-
ക്കാറ്റുകളെന്നെക്കവരാനായ്
വീശിയടിച്ചീപ്പൂഞ്ചില്ലകളെ-
ത്തകർത്തു താഴത്തെറിയുന്നു.

5

ക്വിൻഷൗവിൽ

നദിതൻ വിശാലമാം തടത്തിൽ രാവെത്തുമ്പോൾ
അതിർത്തി ഗ്രാമങ്ങളിൽ കൊമ്പുകൾ പറകളും
ഭൂമിയെപ്പിളർത്തുമാ ശബ്ദം ഞാൻ കേൾപ്പൂ ശരദ്-
വായുവിൽ, കാറ്റിൽ തേങ്ങി മായുന്നു മേഘങ്ങളിൽ,
തണുത്തു വിറയ്ക്കുന്ന ചീവീട് നിശ്ശബ്ദം തൻ
ഇലയോടൊട്ടിച്ചേർന്നങ്ങിരിപ്പൂ,മടങ്ങുന്നൂ
തൻ്റെ മാമല നോക്കിയേകയാം കിളി മെല്ലെ
ഒത്തുചേ
രുന്നീയൊറ്റശ്ശബ്ദത്തിൽ പത്തായിരം
ദി,ക്കെൻ്റെ വഴിയെന്നെയൊടുക്കമെങ്ങെത്തിക്കും?

6

നെൽപ്പാടത്തേക്ക്

നെൽപ്പാടത്തേക്കിനിയുമൊരിക്കൽ-
ക്കൂടിപ്പോക നാം, കൊയ്യുവാൻ ബാക്കി.
അങ്ങൊരുക്കാം മെതിക്കളമൊന്ന്,
അയ്യോ പൊട്ടുന്നുറുമ്പിൻ കൂടെല്ലാം.
പിള്ളേർ വന്നെടുത്തോട്ടെ പിടിതാൾ,
നെല്ലു കുത്താനുലക്ക താഴട്ടെ,
വെയ്‌ലിലെല്ലാം തിളങ്ങട്ടെ,ചോപ്പു
നെന്മണികളിൽ നിന്നുമി പോട്ടെ.
വാർദ്ധക്യത്തിനു നല്ലൊരു താങ്ങായ്
ഇഷ്ടം പോലെ നാം തിന്നു തിമിർക്ക
ഈ നിറഞ്ഞ കളപ്പുര തീർക്കും
ഇത്രനാൾ നാമലഞ്ഞതിൻ കഷ്‌ടം


7

ഷെൻദി ക്ഷേത്രത്തിലെ ആയോധന ഗുരുവിനെ സന്ദർശിച്ചപ്പോൾ

നിരയായി നിവരുന്ന പാറകൾക്കും മേലെ
നിറയുന്ന മഞ്ഞ്, മലമേലേ മഠാലയം,
മിനുസമാം പാറകൾക്കിടയിലൂടൂർന്നൊഴുകി-
യണയുന്ന ഹിമശൈത്യമാർന്നതാമൊരരുവി,
വീഴുന്നു പൈൻമരത്തുമ്പുകളിൽനിന്നു വെയി-
ലൂറിത്തിളങ്ങുന്ന വെൺമഞ്ഞുതുള്ളികൾ,
ധർമ്മവുമായൊത്തു നോക്കവേ കാണ്മു ഞാൻ
കാവ്യമന്തസ്സാരശൂന്യമാണെത്രയോ!
ഉടലിനെപ്പറ്റിയോർത്തീടവേ മായുന്നു
മധുവിൽ മയങ്ങുവാനുള്ളെൻ്റെയിമ്പവും
ആവില്ലൊരിക്കലും പത്നിയെ, മക്കളെ
കൈവെടിയാനെനി,ക്കെങ്കിലുമായിടും
താങ്കൾതൻ കൊടുമുടിത്തുമ്പുകളിലാദ്യത്തെ
തുമ്പിന്നരികിലെൻ കൂര കെട്ടീടുവാൻ

Tuesday, September 1, 2026

ക്സിയാ യു(ജനനം:1956 തായ്വാൻ, ചൈനീസ്)

പരിഭാഷ

ക്സിയാ യു(ജനനം:1956 തായ്വാൻ, ചൈനീസ്)


കുട്ടിക്കാലത്തേ സന്യാസം സ്വീകരിച്ച
വയസ്സൻ സന്യാസി
ഈ പ്രായത്തിൽ
ഒരു വിശുദ്ധഗ്രന്ഥം പരിഭാഷപ്പെടുത്തുന്നു.
അദ്ദേഹം ഒരിക്കലും അനുഭവിക്കാത്ത
പലതുമുണ്ടീ ജീവിതത്തിൽ.
ഈ വിദേശഭാഷകൾ
യൗവനത്തിൽ താൻ സ്വപ്നം കണ്ട ശരീരങ്ങൾ പോലെ.
ഗ്രന്ഥത്തിൻ്റെ അർത്ഥം കണ്ടെത്താൻ ശ്രമിച്ച്
അദ്ദേഹം തലച്ചോറു പുകക്കുന്നു.
വർഷങ്ങളുടെ പൊടി കുമിയുന്നു.
തന്നെ സഹായിക്കാൻ കഴിയുന്ന
വാക്കുകൾക്കും പ്രയോഗങ്ങൾക്കുമായി
മാതൃഭാഷയുടെ മുക്കും മൂലയും പരതുന്നു.
തനിക്കൊരിക്കലും തൊടാൻ കഴിയാതെ പോയ ശരീരങ്ങൾ
മനസ്സിലേക്കാവാഹിക്കുന്നു
തീവ്രവെളിച്ചത്തിൽ തെളിഞ്ഞ ആ മാംസളദർശനം
ആഴമേറിയൊരുൾക്കാഴ്ച്ച
അദ്ദേഹത്തിലുണ്ടാക്കി :
അതിരു വിടാത്ത ചില വാക്കുകൾ
ഇനിയൊരിക്കലും കണ്ടുമുട്ടില്ലെന്ന വിപത്തിൽ
തന്നെ അകപ്പെടുത്തുന്നു.
പ്രായമേറിയതുകൊണ്ടെന്തു കാര്യം?
തനിക്കു മൊഴിമാറ്റാനാവാത്ത വാക്കുകൾ
ഇപ്പോൾ കണ്ടെത്തണം.
ഒരു ജോടി കയ്യുറയിലൂടെയെങ്കിലും
അവയെ തൊടാനായാൽ,
ഒരു മൂടുപടത്തിനുള്ളിലൂടെയെങ്കിലും
തൊടാനായാൽ
മൊഴി മാറിയ മട്ടിൽ
തനിക്കവ ദർശനം തരും.

വാക്ക് വിടർത്തുന്ന വർണ്ണക്കളങ്ങൾ

വാക്ക് വിടർത്തുന്ന വർണ്ണക്കളങ്ങൾ



എം.ജി.ചന്ദ്രശേഖരൻ മാഷിൻ്റെ കവിതകൾ ഞാൻ ആവർത്തിച്ചു വായിച്ചുകൊണ്ടിരിക്കുകയായിരുന്നു ഈ ഓണക്കാലത്ത്. കഴിഞ്ഞ വിഷുവിന് എന്നെ ഏല്പിച്ചതാണ്. ഈ ഓണക്കാലത്തെങ്കിലും  എഴുതിത്തീർക്കണം എൻ്റെ വായനാനുഭവം. തനിമ, പാരമ്പര്യം, സമകാലികത ഇവ മൂന്നും ഒരുമിക്കുന്നു ഈ കവിതകളിൽ. എവിടെനിന്നു തുടങ്ങണം എന്നാലോചിച്ചു വായിച്ചിരിക്കുമ്പോഴാണ് ചന്ദ്രശേഖരൻ മാഷ് ഓണക്കാലത്ത് വീട്ടുമുറ്റത്തിട്ട പൂക്കളങ്ങളുടെ പടങ്ങൾ എൻ്റെ കൂട്ടുകാരി സന്ധ്യ ഫേസ്ബുക്ക് തുറന്ന് കാണിച്ചു തന്നത്. മനോഹരമായ ആ പൂക്കളങ്ങളുടെ പ്രത്യേകത വർണ്ണപ്പൊലിമയുള്ള നാടൻ പൂക്കളുടെ സമൃദ്ധിയായിരുന്നു. ശംഖുപുഷ്പ നീലയും തെച്ചിച്ചുകപ്പുമെല്ലാമുണ്ടതിൽ. അതു നോക്കിയിരുന്നപ്പോളാണ്, ഇതുപോലെ, നാടൻ വാക്കുകൾ മനോഹരമായി വിന്യസിച്ചാണല്ലോ തൻ്റെ കവിതക്കളങ്ങൾ ഇദ്ദേഹമെഴുതുന്നത് എന്നോർത്തത്. കളം എഴുതുക എന്നതാണ് മലയാളത്തിൻ്റെ തനതു പ്രയോഗം. പൂക്കളം എഴുതാം, കവിതക്കളം ഇടാം.രണ്ടായാലും അതിൽ കലയും കളിയും ധ്യാനവുമുണ്ട്. എം.ജി.ചന്ദ്രശേഖരൻ എന്ന കവി എഴുതിയ കവിതക്കളങ്ങൾ തൊട്ടരികെ നിന്നൊന്നു നോക്കിക്കാണുകയാണ് ഇവിടെ.

അങ്ങനെ നോക്കുമ്പോൾ ആദ്യം ശ്രദ്ധയിൽ പെടുക അവയുടെ വർണ്ണഭംഗിതന്നെ. ഭംഗി എന്ന് എഴുതാനല്ല ചേല് എന്ന് നാട്ടുമലയാളം എഴുതാനാണ് കവിക്കിഷ്ടം. പ്രകൃതിയുടെ കടുംനിറങ്ങൾ മഴവില്ലിൻ്റെ ഇഴകളിൽ തുന്നിച്ചേർക്കുന്നതിനെപ്പറ്റി ഒരു കവിത (ആവാതെ) ഈ സമാഹാരത്തിലുള്ളത് പെട്ടെന്നോർമ്മയിൽ വരുന്നു. കവി പ്രയോഗിക്കുന്ന വാക്കുകളുടെ ഊന്നൽ കാരണം ആ കടുംനിറങ്ങൾ ദൂരെ നിന്നേ കാണാം.

മുകിലല കുത്തിയുടച്ചു കലക്കിയ
മുദ്ധശ്യാമനിറക്കൂട്ട്
ആകാശത്തെയിടിച്ചു പിഴിഞ്ഞി-
ട്ടാഴക്കൽഭുത നീലാഭ
വനമുടിയാകെയരച്ചു കഴച്ചി-
ട്ടരുമപ്പച്ചക്കൂമ്പാരം
കൊന്നപ്പൂങ്കണി വാഴത്തേൻ കനി
വാറ്റിയെടുത്ത കടുംമഞ്ഞ
തെച്ചിക്കുരലുകൾ ചെത്തിയൊരുക്കി-
ക്കരളു കലിച്ച കടുഞ്ചോപ്പ്
ഇന്ദ്രധനുസ്സിന്നിഴകളിലിവയെ
തുന്നി മെരുക്കാനാവാതേ ഞാൻ

ഓണപ്പൂക്കളങ്ങളെ ഓർമ്മിപ്പിക്കുന്ന വർണ്ണാഭ ഉദിച്ചു നിൽക്കുന്നു ഈ കവിതയിൽ. മഴവില്ലിൻ്റെ നിറങ്ങൾക്ക് ഒന്നുകൂടി കട്ടി കൂട്ടാനാണ് കവി ശ്രമിക്കുന്നത്. മറിച്ച്, വരണ്ടുണങ്ങിയ വേനലിൻ്റെ ചിത്രമാണെഴുതേണ്ടതെങ്കിൽ മുഷിഞ്ഞ നിറങ്ങൾ പ്രയോഗിക്കുന്നതിന് ഉദാഹരണമാണ് വേനൽ എന്ന കവിത. ആ വ്യത്യാസം നോക്കൂ:

കരിയിലയുടെ കിരുകിരുപ്പിലൂ-
ടെരിവെയിൽ പുളഞ്ഞിഴഞ്ഞു പോകുന്നു
മുടി കൊഴിയുന്ന മരമെഴുതുന്നു
തല ഞെരമ്പുകൾ പിണഞ്ഞ ചിത്രങ്ങൾ
തരിയില്ലാ നീലപ്പകത്തിരശ്ശീല
പിറകരങ്ങത്തു പിടഞ്ഞു തൂങ്ങുന്നു
ഇരുട്ടിഴുകുന്നോരുതിരം വാക്കു ത-
ന്നുയരെയാദിത്യൻ ഭരിച്ചു നിൽക്കുന്നു

നീലയും ചുകപ്പുമെല്ലാം ഇവിടെയും കടന്നുവരുന്നുണ്ടെങ്കിലും അത് നേരത്തേ വായിച്ച കവിതയിലെ ജ്വലിക്കുന്ന വർണ്ണങ്ങളല്ല. ഇരുണ്ട ചോരച്ചുകപ്പാണ്, നീലപ്പകത്തിരശ്ശീലയാണ്. ചായം ചാലിക്കൽ ഇനിയും പല കവിതകളിലും കടന്നു വരുന്നുണ്ട്. ഭാവങ്ങളും വികാരങ്ങളും ചായം ചാലിക്കുമ്പോലെ ചാലിച്ചെടുക്കുന്നതാണ് ഏതൊക്കെ എന്ന കവിതയിലെ വിഷയം.ഓണപ്പൂക്കളമിടും പോലെയാണ് കവിതയിൽ വാക്കുകൾ വിന്യസിക്കുന്നത് എന്ന് അക്ഷരം എന്ന കവിതയിൽ കവി എഴുതുന്നു. ഓണപ്പൂവുതൊട്ട് ആടിമഴവരെ അക്ഷരഭംഗിയിലാണ്ടു നിൽക്കുന്നു.

ആവണിപ്പൂവുതൊട്ടാടിമഴ വരെ
നീ വരും ചേലേ നിറയുന്നിതെപ്പൊഴും

ഇങ്ങനെ നിറങ്ങളും ചേലുള്ള വാക്കുകളും ഉചിതമായി വിന്യസിക്കുന്നതിൻ്റെ നാട്ടുചന്തം തികഞ്ഞവയാണ് എം. ജി. ചന്ദ്രശേഖരൻ എന്ന കവിയൊരുക്കുന്ന ഈ കവിതക്കളങ്ങൾ.

വാക്കിനെ ഇങ്ങനെ പരിചരിക്കുന്ന കാവ്യരീതിക്ക് മലയാളത്തിൽ ശക്തമായ ഒരു പാരമ്പര്യമുണ്ട്. നമുക്കു പേരറിയാൻ കഴിയുന്ന ആദികവിയായ തോലൻ തൊട്ട് അതു തുടങ്ങുന്നു. തൻ്റെ നായികയായ ചക്കിയെ പ്രീണിപ്പിക്കാനായി, "അന്നൊത്ത പോക്കീ, കുയിലൊത്ത പാട്ടീ, തേനൊത്ത വാക്കീ, തിലപുഷ്പ മൂക്കീ" എന്നൊക്കെ വിളിച്ചിട്ടും അവൾ പ്രസാദിക്കാതെ വന്നപ്പോൾ അടവു മാറ്റി, "അർക്കശുഷ്‌കഫല കോമള സ്തനീ" എന്നു വിളിച്ച് അവളെ സന്തോഷിപ്പിച്ച കവിയാണ് തോലൻ. പിന്നീട് കുഞ്ചൻ നമ്പ്യാരിലും ഇരുപതാം നൂറ്റാണ്ടിൽ എം. ഗോവിന്ദൻ,ജി.കുമാരപ്പിള്ള, അയ്യപ്പപ്പണിക്കർ, കുഞ്ഞുണ്ണി എന്നിവരിലുമെല്ലാം ഈ പാരമ്പര്യത്തിൻ്റെ ധാരയൊഴുകുന്നുണ്ട്. ഇക്കൂട്ടത്തിൽ വാക്കുകളുടെ ദ്രാവിഡച്ചന്തത്തിൽ അല്ലെങ്കിൽ കേരളീയതയിൽ പ്രത്യേകം ശ്രദ്ധിച്ചവരാണ് എം.ഗോവിന്ദനും ജി.കുമാരപ്പിള്ളയും. തൊണ്ണൂറുകൾക്കു ശേഷം വന്ന കവികളിൽ പി.പി. രാമചന്ദ്രനിൽ മാത്രമേ ഇത്തരമൊരു കൗതുകം കുറച്ചെങ്കിലും കാണാൻ കഴിയൂ. വാക്കിലൂന്നുന്ന ഈ കവിതാവഴി മലയാളത്തിൽ ഇന്ന് പാടേ വറ്റിപ്പോയോ എന്നു ശങ്കിച്ചു നിൽക്കുന്ന കാലത്താണ് ചന്ദ്രശേഖൻ മാഷിൻ്റെ ഈ കവിതകൾ കൂട്ടത്തോടെ കളം നിറഞ്ഞ് ആ പാരമ്പര്യം തിരിച്ചു പിടിക്കുന്നത്. സമകാല മലയാള കവിതാരംഗത്ത് ഈ കവിതകൾ ഏറെ പ്രസക്തമാവുന്നതും അതുകൊണ്ടു തന്നെ.

തോലനെ ഓർമ്മിച്ചതുകൊണ്ട് ഈ പുസ്തകത്തിലെ കവിതകളിൽ സ്വാഭാവികമായും നാം ആദ്യമെത്തുക 'കൂടിയാട്ട'ത്തിലാണ്. കൂടിയാട്ടശ്ലോകങ്ങളാണല്ലോ ആ ആദികവിയുടെ ഓർമ്മ സംരക്ഷിച്ചുവെച്ചത്. നമ്മുടെ സാംസ്‌കാരികാന്തരീക്ഷത്തിൽ നിലകൊള്ളുന്ന പ്രസിദ്ധമായ ഒരു വാക്കിനെ ആ പ്രസിദ്ധാർത്ഥത്തിൽ നിന്നു മാറ്റി പ്രയോഗിക്കുന്നതിൻ്റെ വിപരീതധ്വനിയിലാണ് ഈ പുസ്തകത്തിലെ കൂടിയാട്ടം എന്ന കവിതയുടെ ആത്മാവ് കുടികൊളളുന്നത്. വാർദ്ധക്യത്തിൻ്റെ വരവിനെ ഒരു തമാശ മട്ടിൽ അതവതരിപ്പിക്കുന്നു. ആടുന്ന പല്ലിൻ്റെ പാട്ടാണത്. തന്നോടൊപ്പം കൂടിയാടുന്ന പല്ലിൻ്റെ പാട്ട്.

വേർ പറിഞ്ഞു വേർപിരിയും നേരമോർത്തുകൊണ്ടേ
വേദികയിലാടി നിൽപ്പൂ ഞാനുമെൻ്റെ പല്ലും

വാർദ്ധക്യത്തെയും മരണത്തെയും വാക്കു കൊണ്ടു നേരിടുന്നത് കാവ്യാനുഭവമായി മാറുകയാണ് ചന്ദ്രശേഖരൻ മാഷിൻ്റെ പല കവിതകളിലും. ഈ കവിതയിൽ കൂടിയാട്ടമെന്ന പോലെ ഓരോ കവിതയിലുമുണ്ട്, പൂക്കളത്തിൻ്റെ നടുവിലെ പൂപോലെ ഒരു വാക്ക്. തന്നെ കൊണ്ടുപോകാനെത്തുന്ന മരണത്തിനൊപ്പം ഒന്നു മുറുക്കാനിരിക്കുന്ന വൃദ്ധനെക്കുറിച്ചുള്ള കവിതയാണ് കൂട്ടുമുറുക്ക്. ആ വാക്കും ഇതുപോലെ നമ്മുടെ ശ്രദ്ധ തങ്ങുന്ന ഒരു നടുപ്പൂവാണ്. മരിക്കാതിരിക്കാനുള്ള കൈമടക്കല്ല, സൽക്കാര സൗഹൃദമാണീ മുറുക്ക് എന്നു കവി. ഒന്നു മുറുക്കുന്നതിൻ്റെ രസത്തിനു മുന്നിൽ മരണമുൾപ്പെടെ എന്തും നിസ്സാരമാണെന്ന് ഈ  കവിത, കവിതകൾ, പ്രഖ്യാപിക്കുന്നു. മനസ്സിനെ തൊടുന്ന ഒരു വാക്കിനു മുന്നിൽ മറ്റെല്ലാം നിസ്സാരമാണെന്ന പ്രഖ്യാപനം കൂടിയാണ് എം. ജി ചന്ദ്രശേഖരൻ മാഷിൻ്റെ കവിതകൾ.

ഉദിച്ചുയരുന്ന വാക്കുകൾ പൊഴിക്കുന്ന നിലാവാണ് കവിതയെന്ന് ഈ പുസ്തകം നിർവചിക്കുന്നു. കുറുഞ്ഞി പൂത്തതു കാണാൻ മലയേറിപ്പോയതിനെക്കുറിച്ചുള്ള കവിതയാണ് 'കുറുഞ്ഞിപ്പൂ വിളിച്ചല്ലോ'. നീലക്കുറുഞ്ഞി പൂത്തതുപോലൊരു വാക്ക് കവിതയുടെ തുടക്കത്തിൽ തന്നെ ഇവിടെ നമ്മെ ആകർഷിക്കുന്നുണ്ട്. നോക്കൂ:

കുറിഞ്ഞിപ്പൂ വിളിക്കുന്നു മുകളിൽ നിന്നും
കുതുകപ്പൂ വിളികേൾപ്പൂ ചുവട്ടിൽ നിന്നും

കുതുകപ്പൂ എന്ന വാക്കിൻ്റെ വിടർച്ചയാണ് പിന്നീടാക്കവിത മുഴുവനും. മൂന്നാറിലെ വിസ്തൃതമായ തേയിലത്തോട്ടവും ജലപാതവും കടന്ന് ആ കുതുകപ്പൂ വിടരുന്നു.  പ്രകൃതിയോടുള്ള കുതുകം മാത്രമല്ല വാക്കിനോടുള്ള കുതുകവും വിരിഞ്ഞു വിരിഞ്ഞു വരികയായി :

ഉയർന്നുതാഴ്ന്നുയർന്നു താഴ്ന്നലയടിച്ചെവിടെയും
പുലർച്ചകളുലർത്തുന്ന തേയിലത്തോപ്പ്
നൂലു പാകിക്കഴപാകിക്കുത്തുമുണ്ടു നെയ്തു താഴേ
ക്കെത്തിയലച്ചാർത്തിടുന്ന ജലനിപാതം

ചായത്തോട്ടത്തിൻ്റെ ചാഞ്ഞുയർന്ന കിടപ്പ് വാക്കുകളാൽ അനുഭവിക്കാനാവുന്നു. ചെറുനീർച്ചാല് വലിയ ജലപാതമായി മാറുന്നതു വിവരിക്കുമ്പോൾ ഒരു മുണ്ട് നെയ്തെടുക്കുന്ന ബിംബമാണ് കവി കാണിക്കുന്നത്.മലയാളിക്കു മാത്രം എഴുതാൻ കഴിയുന്നത്. ഇന്നത്തെ പൊതുമലയാള പദശേഖരത്തിലില്ലാത്ത കഴ പോലുള്ള സ്പെഷ്യൽ വാക്കുകൾ തെരഞ്ഞെടുത്തുപയോഗിക്കാൻ ഈ കവിക്ക് പ്രത്യേക മിടുക്കു തന്നെയുണ്ട്. അഴുവൻ എന്നൊരു വാക്കുണ്ട് മൊഴിക്കുറത്തി എന്ന കവിതയിൽ. അഴുവൻ കൊണ്ടഞ്ഞാഴി അരിയെടുത്തു വെച്ച് എല്ലാർക്കും വിളമ്പുന്ന മൊഴിക്കുറത്തിയെക്കുറിച്ചാണ് ഈ കവിത.  വെച്ചു വിളമ്പി എല്ലാർക്കും കൊടുക്കുന്ന മൊഴിക്കുറത്തിയാണ് ഈ കവിയുടെ അമ്മമലയാളം.നിഘണ്ടുവിൽ നിന്നല്ല നാടോടി സംസ്‌കൃതിയിൽ നിന്നാണ് കവിയുടെ വാക്കുകൾ ഉറവെടുക്കുന്നത്. ഞാൻ മുമ്പു കേട്ടിട്ടേയില്ലാത്ത അഴുവൻ എന്ന വാക്കിന് ഇതാ ഈ കവിത ഇങ്ങനെ ജീവൻ കൊടുക്കുന്നു:

പുലരുവാനേഴര രാവുള്ളപ്പോൾ
പൂങ്കൺ തുറക്കും മൊഴിക്കുറത്തി
അഴുവൻ കൊണ്ടഞ്ഞാഴി മൊഴിയെടുക്കും
തീയിൽക്കഴുകിപ്പതം വരുത്തും.

ചെറിയ അളവു പാത്രമത്രേ അഴുവൻ. നാട്ടുസംസ്കൃതിയുടെ അടിത്തട്ടിൽ നിന്നതു പൊന്തിവരുന്നു.വാക്കിൽ നിന്നു വാക്കിലേക്കുള്ള പടവു കയറ്റവും ഈ കവിക്ക് ഹരമാണ്. കുറിപ്പടി എന്ന വാക്കിൽ നിന്നു കയറിയെത്തുന്ന ഉയരമാണ് കവിപ്പടി.കീശയിലിരിക്കുന്ന കുറിപ്പടിയും കവിപ്പടിയേറാം."ഉപ്പിൽ നിന്ന് അലയാർക്കുന്ന ഉൾക്കടലുകളിലേക്കും മുളകിൽ നിന്ന് ചോര പൊടിക്കുന്ന നീറ്റലുകളിലേക്കും ചായപ്പൊടിയിൽ നിന്ന് തലനുള്ളിയ കിളുന്തുകളിലേക്കും വഴിയുണ്ട്.
ആകയാൽ കുറിപ്പടിയും കവിപ്പടിയേറാം"ഉപ്പ്, മുളക്, ചായപ്പൊടി തുടങ്ങിയവ പലവ്യഞ്ജന വസ്തുക്കൾ മാത്രമല്ല വാക്കുകൾ കൂടിയാണ്. വസ്തുക്കളിലൂടെ എന്നതു പോലെ തന്നെ അവയെക്കുറിക്കുന്ന വാക്കുകളിലൂടെയും എത്തിച്ചേരാവുന്ന ഉയരങ്ങളാണ് ഈ കവി ലക്ഷ്യമാക്കുന്നത്. വാക്കിലൂടെയുള്ള കയറ്റം മാത്രമല്ല വാക്കിലൂടെയുള്ള ഇറക്കവും കവിക്കിഷ്ടം തന്നെ. വിപരീത രതി എന്ന കവിതയിൽ വാക്ക് തിരിച്ചിട്ട് കവി ഇറങ്ങുന്നത് കാണൂ :

വീണു എന്ന വാക്ക്
വീണു മരിച്ചു
ആകാശത്തിൻ്റെ അഗാധതയിൽ ചാടി
കവി ആത്മഹത്യ ചെയ്തു.

ഇറങ്ങുക എന്ന വാക്ക് പ്രധാനമാണ് പെണ്ണിറങ്ങുമ്പോൾ എന്ന കവിതയിൽ.

പെണ്ണിറങ്ങിപ്പോയ വീടു നിൽക്കുന്നു
നാവിറങ്ങിപ്പോയൊരാണിനെപ്പോലെ

ഇറക്കം എന്ന വാക്ക് പെണ്ണിനോടും നാവിനോടും ചേരുമ്പോഴുണ്ടാവുന്ന ധ്വനിഭേദങ്ങളിൽ നിന്ന് ഒരാശയ ലോകം തന്നെയുണ്ടാക്കാൻ കവിക്കിവിടെ കഴിയുന്നുണ്ട്. വീടുവിട്ട് പെണ്ണ് പുറത്തിറങ്ങിപ്പോകുന്നു. ആണിനതോടെ നാക്കിറങ്ങിപ്പോകുന്നു, ഭാഷ മുട്ടിപ്പോകുന്നു. അകം - പുറം എന്നീ വാക്കുകളെ 'പുറപ്പെടലൊക്കെ അകപ്പെടലാണ്' എന്നിങ്ങനെ ഒരു പഴഞ്ചൊൽ വടിവിൽ മറ്റൊരു കവിതയാക്കുന്നു.പഴഞ്ചൊൽ വടിവുകളും താളക്കെട്ടുകളും കൊണ്ട് ഭാഷയെ കുറുക്കുന്നതിലും വിളക്കുന്നതിലും എം.ഗോവിന്ദനെപ്പോലെ ഈ കവിയും രസിക്കുന്നു. താണനിലത്തേ നീരോടൂ എന്ന പഴഞ്ചൊല്ല് താണനിലത്തേ ബാറ്ററിയുരുളൂ എന്നാക്കി രസിക്കുന്നതിൽ പാരഡിക്കൗതുകത്തേക്കാൾ മുന്തി നിൽക്കുന്നത് നിലത്തു ബാറ്ററിയുരുട്ടിക്കളിക്കുന്ന കുഞ്ഞിൻ കുസൃതി തന്നെ. കവി കുഞ്ഞിനെ അനുകരിക്കുന്നത് കുഞ്ഞ് മുതിർന്നവരെ തിരുത്തിക്കൊണ്ടിരിക്കുന്നതിനാലാണ്. പേരക്കുഞ്ഞിനെ അപ്പൂപ്പൻ വിളിക്കുന്നത് തിരുത്തമ്മ എന്നാണ്. അപ്പൂപ്പനെ തിരുത്തുന്ന അമ്മ. ഒത്ത ഒരാനയെ വരച്ചു കാട്ടാൻ തിടുക്കപ്പെടുന്ന അപ്പൂപ്പനെ അതുവേണ്ട, അമ്മയാനയെ വരക്കൂ കുട്ടിയാനയെ വരക്കൂ അപ്പൂപ്പനാനയെ വരക്കൂ എന്നിങ്ങനെ തിരുത്തിക്കൊണ്ടേയിരിക്കുന്നു കൊച്ചുമോൾ. മാനകീകരണത്തിൻ്റെ പൊതുമയെത്തന്നെയാണ് ഇവിടെ കുഞ്ഞു തിരുത്തുന്നത്.

ഭാഷയുടെ പല തലങ്ങളിൽ കളിച്ചു കൊണ്ടിരിക്കുന്ന ഒരു കുട്ടിക്കുറുമ്പനാണ് ഈ കവി. അ എന്ന ആദ്യാക്ഷരത്തോട് അപേക്ഷിക്കുന്നതേ ആടിത്തെളിയാനാണ്.

ആടിത്തെളിയുകയാദ്യാക്ഷരമേ
ആത്മാവിൻ്റെയരങ്ങുകളിൽ

ആത്മാവിൻ്റെയരങ്ങിൽ അടിത്തെളിയണം.അക്ഷരമാല കൊണ്ടുള്ള ആട്ടമാണ് കാവാ രേഖാ എന്ന കവിത.ഖരാതിഖരമൃദുഘോഷാക്ഷരങ്ങളിലൂടെ ഒരു വൃന്ദവാദ്യവാദനം ഈ കവിതയിൽ കേൾക്കാം.

കവിത ഖനികളിലെവിടെയോ
ഗണിതം ഘടനകളിലെവിടെയോ?
ചരിത്രം ഛത്രപതികളുടേതല്ല
ജലം ഝഷത്തിൻ്റേതു കൂടി.

ഝ എന്ന അക്ഷരം വരുന്ന ഒരു വാക്കു പോലും ഏറെക്കാലത്തിനു ശേഷമാണ് ഒരു സമകാലകവിതയിൽ ഞാൻ കണ്ടുമുട്ടുന്നത്. ശരിയായ വാക്ക് കണ്ടെടുക്കുന്നതിൽ ഈ കവി പരമാനന്ദമടയുന്നു. ഒരു കവിതയിൽനിന്ന് 'കണ്ഠകാകളീകളിവീണ' പോലൊരു പ്രയോഗം വീണാരവം മുഴക്കുന്നു. പകലൊക്കെ നൂണുനൂണെത്തുന്ന കവി  അസ്തമയ സൂര്യനെ പടിഞായർ എന്നേ വിളിക്കൂ. പടിയുന്ന ഞായർ.

വാക്കും ചിഹ്നവും കൂടിയാടുന്നു അങ്കക്കലി എന്ന കവിതയിൽ.കോമനും കോമയും തമ്മിലാണ് ഇവിടെ അങ്കം.കോമൻ ഒരാശ പറഞ്ഞു:

ആകാശത്തു പോകാം, നമു-
ക്കാകാശത്തു പോകാം.

അപ്പോൾ കോമ ഇടപെട്ടു:

ആകാ,ശത്തു പോകാം, നമു-
ക്കാകാ,ശത്തു പോകാം

ആകാശത്തു പോകണോ ചത്തുപോകണോ, രമിക്കണോ അതോ മരിക്കണോ, അഥവാ ഇരിക്കണോ അതോ മരിക്കണോ എന്ന അന്തസ്സംഘർഷമാണ് ചിഹ്നത്തിൻ്റെയും വാക്കിൻ്റെയും അങ്കക്കലിയായി കവി അവതരിപ്പിക്കുന്നത്. ഹാംലറ്റിൻ്റെ അന്തസ്സംഘർഷം തന്നെ ഇത് - ടു ബി ഓർ നോട് ടു ബി ദാറ്റ് ഈസ് ദ ക്വസ്റ്റ്യൻ. അന്തസ്സംഘർഷങ്ങൾ കൊണ്ടുള്ള കളി - തീക്കളി - മലയാളിക്കിഷ്‌ടമാണ്. കല്ലുരുട്ടിക്കേറ്റി താഴേക്കിട്ടു ചിരിക്കുന്നു നാറാണത്തു കാരണവർ.

ഒരേ വാക്ക് രണ്ടർത്ഥങ്ങളിൽ മാറി മാറി പ്രയോഗക്കുന്ന ശ്ലേഷക്കളിയുണ്ട് ടു ലെറ്റ് എന്ന കവിതയിൽ.

കാൽ,ഇച്ചായനടിച്ചൂ മുമ്പേ
കാലിച്ചായ കുടിച്ചവളും

ഇത് ഒരു തമാശക്കവിതയല്ല എന്നോർക്കണം.വാടകക്കു കൊടുക്കാൻ വേണ്ടി വീട് തൂത്തു വൃത്തിയാക്കുന്ന ഒരാണിനേയും പെണ്ണിനേയും അവതരിപ്പിക്കുകയാണ്. രണ്ടുപേർക്കും ജനിച്ച വീടിനോടുള്ള രണ്ടു തരം വൈകാരിക ബന്ധത്തിലേക്കാണ് കവിത പന്തലിക്കുന്നത്. 'ശൂന്യം' പോലെ ചില കവിതകളിൽ ചൊൽക്കെട്ടുകളും താളക്കെട്ടുകളും കാണാം. ഇങ്ങനെ, പഴയ മട്ടിൽ പറഞ്ഞാൽ, അക്ഷരം തൊട്ടു പ്രബന്ധം വരെ, പടർന്നു കയറുന്ന ലീലാപരത ഈ സമാഹാരത്തിലെ കവിതകളുടെ സവിശേഷതയായിരിക്കുന്നു.

ഹാംലറ്റിനെ മലയാളികരിച്ചതു കണ്ടല്ലോ. മലയാളി ജീവിതം എന്നതുതന്നെ സ്വാംശീകരണത്തിൻ്റെ ഒരു ചീട്ടുവാഴ്വാകുന്നു എന്ന് ഈ കവി പറയും. പാശ്ചാത്യമായ ഒരു കളി മലയാളി സ്വാംശീകരിച്ചതാണല്ലോ ചീട്ടുകളി.ക്ലബ്സ് ക്ലാവറാക്കിയും ഹാർട്സ് ആഡ്യനാക്കിയും ട്രമ്പ് തുരുപ്പാക്കിയും മലയാളി സ്വീകരിച്ചു. ലോകത്തെ തനതാക്കുന്ന കലാവിദ്യ കൂടിയാണ് ഈ കവിക്കു കവിത. മാജിക്കൽ റിയലിസം എന്ന കലാവിദ്യ മലയാളീകരിച്ചാൽ ഇങ്ങനെ തെളിയും:

പശുവില്ലില്ലാ പുല്ലും കൂടും
മേപ്പവനില്ല കറപ്പവളും
പാൽ മാത്രം കവറിൽ കാണ്മതു
മാജിക്കൽ റിയലിസമല്ലോ

ആലോചിച്ചു നോക്കിയാൽ ഇത്രയേയുള്ളൂ കാര്യം. കുറച്ചു കാലം മുമ്പ് മെക്സിക്കോയിൽ നിന്ന് തിരുവനന്തപുരത്തെത്തിയ ഒരെഴുത്തുകാരി വാഹനങ്ങൾ ചീറിപ്പായുന്ന തെരുവിലൂടെ ഒരാന നടന്നു പോകുന്നതു കണ്ടപ്പോൾ, ഇതു തന്നെയാണ് മാജിക്കൽ റിയലിസം എന്നു പറഞ്ഞതായി അക്കാലത്തു പ്രസിദ്ധീകരിച്ച അഭിമുഖഭാഷണത്തിൽ പറഞ്ഞത് ഓർമ്മയിൽ വരുന്നു. എന്തിനേയും അടിമുടി കേരളീയമാക്കാൻ ഈ കവി സദാ ശ്രമിക്കുന്നു. ഇവിടെ ഞാൻ ജി.കുമാരപിള്ളയുടെ കവിതകൾ വീണ്ടും ഓർക്കുന്നു. മഞ്ഞുകാലത്തെക്കുറിച്ച് കുമാരപിള്ളയാണെഴുതുന്നതെങ്കിൽ അത് കേരളീയനു മാത്രം അനുഭവിക്കാനാവുന്ന മഞ്ഞുകാലമാകും."മകരത്തിൽ നീ പിന്നെ മഞ്ഞായി വന്നു,ശിവഭസ്‌മം പൂശിയൊരിളവനായ് വന്നു" എന്നിങ്ങനെയാണ്  അദ്ദേഹം എഴുതുക.

കുനുകുന്നിയിലക്കൊപ്പം
ഇളങ്കാറ്റത്തിളകുവാൻ
.....
കഴിയുന്ന നാൾ വരും
ഞാൻ മരിക്കും നിമിഷത്തിൽ

എന്ന് ചന്ദ്രശേഖരൻ മാഷ് എഴുതുമ്പോൾ,വാക്കിനെ കേരളീയാനുഭവമാക്കുന്ന കവിതാധാര സമകാലത്തെയും തളിർപ്പിക്കുന്നത് നമുക്കു കാണാം.

സവിശേഷമായ ഭാഷാവിന്യാസമാണ് ഈ കവിതക്കളങ്ങളുടെ പ്രധാന ആകർഷണീയത എന്നു വ്യക്തമാക്കാനാണ് ശ്രമിച്ചത്.എന്നാൽ അത് ഒരു കരകൗശലവിദ്യ മാത്രമല്ലേ എന്നൊരു ചോദ്യം ഇവിടെ ഉയരാം. ഇതിന് രണ്ടു മറുപടികൾ പറയാനുണ്ട്. ഒന്ന്, ഒഴുക്കൻ മട്ടിൽ അലക്ഷ്യമായി വാക്കുപയോഗിക്കുന്ന ഒരു കാലത്ത് വാക്കിൻ്റെ കരകൗശലവിദ്യക്ക് മുമ്പില്ലാത്ത പ്രസക്തിയുണ്ട് എന്നതാണ്. വേരിറങ്ങുന്ന പാതാളങ്ങളും ചില്ല പടരുന്ന ആകാശങ്ങളും വാക്കിനുണ്ട് എന്ന് പുതുകാലത്തെഴുതുന്ന ഏതൊരു കവിയേയും ജാഗ്രതപ്പെടുത്താൻ ഈ കരകൗശലവിദ്യക്കു കഴിയുന്നു.

രണ്ടാമത്തെ മറുപടി, കേവലം കരകൗശലവിദ്യയായി എം.ജി.ചന്ദ്രശേഖരൻ മാഷിൻ്റെ കവിത ഒതുങ്ങുന്നില്ല എന്നതാണ്. അതു നമുക്കൊരു പുതുനോട്ടം തരുന്നു. മനുഷ്യ മനസ്സിലെ ഇരുണ്ട ബാഹുകത്വത്തിന് നിറം നൽകുന്ന 'സർപ്പഹൃദയം' പോലൊരു കവിത ഈ സമാഹാരത്തിലുണ്ട്. കടിയേറ്റു കരിനീലിച്ച നളനോട് കടിച്ച കാർക്കോടകൻ പറയുന്ന മട്ടിലാണ് കവിതയുടെ ആഖ്യാനം. വേട്ട പെണ്ണിൻ്റെയും ജീവിതത്തിൻ്റെയും മുഖത്ത് മറ്റൊരാളായി ഉറ്റുനോക്കാൻ കരുത്തു കിട്ടുമ്പോൾ മാത്രമേ കലക്കങ്ങളെല്ലാം തെളിയൂ എന്നിങ്ങനെ ഇന്നത്തെയും എന്നത്തെയും മനുഷ്യൻ്റെ ജീവിത സങ്കീർണ്ണതയിലേക്ക് ബാഹുകത്വത്തെ കവി അന്വയിക്കുന്നു.കിടക്കവിരിയിൽ നിന്നു  പറന്നുപോയ പൂച്ചിത്രങ്ങൾ കറങ്ങി നടന്നു തിരിച്ചെത്തി ജന്മശയ്യയിൽ തന്നെ പതിക്കുമ്പോൾ, "അവിടെ മുല്ലപ്പൂ വിതറുന്ന തിരക്കിൽ താനവയെ കാണാതെ പോയതു" വിവരിക്കുന്ന ജന്മശയ്യ എന്ന കവിത കലയും ജീവിതവും തമ്മിലുള്ള ഒരു സംവാദമായി വളരുന്നു. ഒരു കൈകൊണ്ടു കവിതയെഴുതുകയും മറുകൈകൊണ്ട് കടല തിന്നുകയും ചെയ്യുമ്പോൾ, കടലക്കു മാത്രം രസമൂറുന്നതെന്ത് എന്ന ചോദ്യത്തിലെ നർമ്മം, പല നിലകളിൽ പരാജയപ്പെടുന്ന സമകാല ആവിഷ്ക്കാരങ്ങൾ പകരുന്ന വേദനയായി മാറുന്നു,കവിത-കാലം എന്ന കവിതയിൽ."എല്ലാ വിനോദ സഞ്ചാര ലക്ഷ്യങ്ങളിലും
ആത്മഹത്യാമുനമ്പ് നിർബന്ധം" എന്ന വരിയിലെ കുറിക്കു കൊള്ളുന്ന ഹാസ്യമാകട്ടെ, തറച്ചാൽ പൊട്ടാവുന്ന സമകാലജീവിതമാണ് നമ്മുടേത് എന്ന തിരിച്ചറിവു നൽകുന്നു.പെയ്തിറങ്ങി വറ്റിത്താണുപോകുന്ന വെള്ളത്തിൽ സീതാദുഃഖത്തിൻ്റെ അലയൊലി അവസാനമില്ലാതെ നമ്മെ കേൾപ്പിക്കാൻ എം. ജി ചന്ദ്രശേഖരൻ മാഷിൻ്റെ കവിതക്കു കഴിയുന്നു.

മുടിയഴിഞ്ഞ്
കരഞ്ഞു തളരെ
തോരാതെ മുട്ടിവിളിച്ചിട്ടും
ഞാൻ കതകു തുറന്നില്ല
പുലർച്ചക്കെണീറ്റു നോക്കുമ്പോൾ
വരും വേനലിന്
എനിക്കുള്ള കുടിവെള്ളം
കിണറ്റിൽ അടച്ചുവെച്ച്
ഭൂമി പിളർന്ന്
അവളെങ്ങോ മറഞ്ഞു കഴിഞ്ഞിരുന്നു

ഈ കവിത വായിക്കുന്ന, ഭൂമിയിൽ ജീവിക്കുന്ന ഒരു ചെറു മനുഷ്യനെ, രാമനെ, സംബന്ധിച്ചിടത്തോളം വെള്ളമല്ലാതെ മറ്റാരാണ് ഭൂമിപുത്രി? ഈ നീലഗ്രഹത്തിൽ നിന്ന് അവൾ അന്തർദ്ധാനം ചെയ്യുന്നത് വളരെ വൈകി മാത്രം അവനറിയുന്നു. ആ അറിവിലും സ്വാർത്ഥത മാത്രമാണ് മനുഷ്യനെ നയിക്കുന്നത്. തനിക്കുള്ള വെള്ളം കിണറ്റിൽ അടച്ചുവെച്ചിട്ടാകും ഭൂമിപുത്രി മടങ്ങിയത് എന്ന മൂഢസ്വർഗ്ഗത്തിൽ നിന്നു നമ്മെ വലിച്ചു പുറത്തിടാൻ കാവ്യകലക്ക് ഇപ്പോഴും കഴിയും എന്നു സാക്ഷ്യപ്പെടുത്തുക കൂടി ചെയ്യുന്നു  ഈ കവിതകൾ.


















Friday, August 28, 2026

മണ്ണിനാൽ ഉടൽ, മാനത്താൽ ശിരസ്സ് : സാവിത്രി മഹേശ്വരൻ്റെ കവിതകൾ

മണ്ണിനാൽ ഉടൽ, മാനത്താൽ ശിരസ്സ് : സാവിത്രി മഹേശ്വരൻ്റെ കവിതകൾ



സാവിത്രി മഹേശ്വരനെ പരിചയപ്പെട്ടത് എൻ്റെ വായനാജീവിതത്തിലെ മറക്കാനാവാത്ത ഒരനുഭവമാണ്.പത്തുപന്ത്രണ്ടു വർഷം മുമ്പാണത്. കേരളസാഹിത്യ അക്കാദമിയുടെ അയ്യന്തോൾ അപ്പൻതമ്പുരാൻ സ്മാരകത്തിലെ മാസികാശേഖരത്തിലിരുന്ന് പഴയകാല ആഴ്ച്ചപ്പതിപ്പുകളിൽ വന്ന കവിതകൾ വായിക്കുകയായിരുന്നു ഞാൻ. അപ്പോഴാണ് യാദൃച്ഛികമായി 1966 ലെ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൻ്റെ ഒരു ലക്കത്തിൽ ആകുമോ എന്ന പേരിൽ ഒരു കവിത വായിക്കുന്നത്. മനോഹരമായ ആ ഭാവഗീതം ഒറ്റവായനയിൽത്തന്നെ എനിക്കിഷ്ടപ്പെട്ടു. അച്ചടിക്കപ്പെട്ട് പത്തുനാല്പതു കൊല്ലം കഴിഞ്ഞാണ് എൻ്റെ വായന എന്നോർക്കണം.ആധുനികതയുടെ പുതുമുദ്രകൾ പതിഞ്ഞ കാലമായിരുന്നല്ലോ 1960 കൾ. സുഗതകുമാരിയല്ലാതെ പുതിയ പെൺസ്വരങ്ങളൊന്നും ആധുനികതയിൽ ഉയർന്നുകേൾക്കാതെ പോയതിനെപ്പറ്റി വിമർശനാത്മകമായ ചില ചിന്തകൾ എന്നിൽ രൂപം കൊണ്ട സമയവുമായിരുന്നു അത്. ആ കാലത്ത് ഒറ്റക്കൊറ്റക്ക് ചില നല്ല കവിതകളെഴുതിയ പെൺകവികൾ പിന്നീട് നിശ്ശബ്‌ദരായതാണ് എന്നെ ചിന്തിപ്പിച്ചത്. അറിയപ്പെടുന്ന സ്ത്രീപക്ഷവാദികളായിരുന്നു ആധുനികരിൽ മിക്കവരും. എന്നിട്ടും കവിതയിൽ തങ്ങൾക്കൊപ്പം പെൺസ്വരങ്ങളില്ലെന്ന് അവരാരും തിരിച്ചറിഞ്ഞില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി. സുഗതകുമാരിയാകട്ടെ ആധുനികതക്കു മുമ്പു വന്ന എഴുത്തുകാരിയാണ്. ആധുനികതയിൽ നിന്ന് തനിക്കു വേണ്ടത് അവരുൾക്കൊണ്ടു എന്നുമാത്രം. ആധുനികതയുടെ കാലത്ത് എഴുതി വന്ന ചെറുപ്പക്കാർക്കിടയിൽ സ്ത്രീകൾ ഏറെയുണ്ടായിരുന്നില്ല. ഒ വി ഉഷ, ലളിതാ ലെനിൻ എന്നീ രണ്ടു കവികൾ മാത്രമേ എൻ്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അക്കാലത്തെ വാരികകളിൽ വന്ന സ്തീകളുടെ കവിതകൾ ഞാൻ പ്രത്യേകം ശ്രദ്ധിക്കുകയുണ്ടായി.ആ പശ്ചാത്തലത്തിലാണ് സാവിത്രി മഹേശ്വരൻ എന്ന പേരും ആകുമോ എന്ന കവിതയും എൻ്റെയുള്ളിൽ പതിഞ്ഞത്.

കവിതവായനയെക്കുറിച്ചുള്ള ഒരു കവിതയായിരുന്നു അത്. കൃത്യമായി പറഞ്ഞാൽ തൻ്റെ കവിതയുടെ വായനക്കാരൻ/കാരിയെപ്പറ്റി കവിക്കുള്ള വേവലാതിയുടെ ആവിഷ്ക്കാരം. പ്രകൃതിയുടെ സൂക്ഷ്മഭംഗികളെല്ലാം നമുക്കു കാണാനവസരമുണ്ട്. പക്ഷേ ഒരു കവിതാസ്വാദകമുഖം, ഈരടിയുണർത്തുന്ന ഒരു മുഖം എന്നെങ്കിലും കാണാനാകുമോ എന്ന കവിയുടെ ഉൽക്കണ്ഠയാണ് ഞാനാ കവിതയിൽ വായിച്ചത്. അരനൂറ്റാണ്ടു കഴിഞ്ഞ് ആ കവിത വായിച്ചപ്പോൾ, എഴുതിത്തുടങ്ങുക മാത്രം ചെയ്തിട്ടുള്ള എൻ്റെ തന്നെ ഉൽക്കണ്ഠയായിരുന്നു അത്. ഇപ്പോൾ വായിക്കുമ്പോഴുമതെ, കവി എന്ന നിലയിൽ ദൃശ്യതയുണ്ടായിട്ടുപോലും ആ ഉൽക്കണ്ഠ അതേപടി എന്നിലുണ്ട്."ഈരടിയുണർത്തും നിൻ മുഖമാകുമോ കാൺമാൻ?" കവിയുടെ, കവിതയുടെ അനാഥത്വത്തിൻ്റെ വേദന ആ കവിതയിൽ നിന്ന് എന്നിലേക്ക് പുരണ്ടു. സാവിത്രി മഹേശ്വരൻ്റെ മറ്റു കവിതകൾ അന്വേഷിച്ചെങ്കിലും എനിക്കു കണ്ടെത്താൻ കഴിഞ്ഞില്ല.

ആ കവിതയിലെ പ്രകൃതിചിത്രങ്ങൾ ഒരുതരം നഷ്ടബോധവിഷാദവും എന്നിലുണ്ടാക്കി. അന്നത്തെ കേരളീയ പ്രകൃതിയുടെ വിപുലമായ ഒരു ചിത്രമല്ല കവി വരച്ചിടുന്നത് എങ്കിലും. ഇലകളിൽ തെളിഞ്ഞും മേഘച്ചാർത്തിൽ ഒളിഞ്ഞും സുഖസ്മൃതിയുണർത്തുന്ന ഇളവെയിൽ എനിക്കും ശ്രദ്ധിച്ചാൽ കാണാവുന്ന കാഴ്ച്ച തന്നെ (അതൊക്കെ ശ്രദ്ധിക്കാനുള്ള മനസ്സാണ് നഷ്ടമായത്) വീടുകൾക്ക് മതിലുകൾ ഇന്നുമുണ്ട്. പക്ഷേ കാറ്റു തട്ടുമ്പോൾ ഞെട്ടിക്കുളിരാർന്നിറുകുന്ന കാട്ടുതിപ്പലിയോ? മതിലോരത്ത് പടർന്നു നിന്നിരുന്ന ആ സ്വാഭാവിക സസ്യത്തെ ഇന്ന് എനിക്കു കണ്ടുപരിചയമില്ല.മൺമറഞ്ഞു പോകുന്ന സസ്യലതാദികളുടെ ഒരു നീണ്ട ലിസ്റ്റിൻ്റെ ഭാഗമായല്ല ഈ കവിതയിൽ കാട്ടുതിപ്പലി തഴച്ചു നിൽക്കുന്നത്. മറിച്ച്1966 ൽ പതിനെട്ടോ ഇരുപതോ മാത്രം വയസ്സുള്ള ഒരു പെൺകുട്ടി എഴുതിയ കവിതയിൽ കാട്ടുതിപ്പലി എന്ന ചെടി സ്വാഭാവികമായി കടന്നുവരുന്നു. എൻ്റെ കവിതക്ക് കാട്ടുതിപ്പലിയെ തിരിച്ചറിയാനാവുന്നില്ലല്ലോ എന്നത് എന്നെ ദുഃഖിപ്പിച്ചു.

നല്ലൊരു കവിത ഉള്ളിൽപ്പെട്ടാൽ പിന്നെ അതിൻ്റെ സുവിശേഷകരാവുമല്ലോ നമ്മൾ. ഈ കവിതയെക്കുറിച്ചും സാവിത്രി മഹേശ്വരൻ എന്ന കവിയെക്കുറിച്ചും ഞാൻ പലരോടും പറഞ്ഞു. ആർക്കുമറിയില്ല അങ്ങനെയൊരാളെ. ഒടുവിൽ ഒരിക്കൽ എഴുത്തുകാരി കെ. പി ശൈലജട്ടീച്ചറോട് എന്തോ സംസാരത്തിനിടയിൽ ആ പേരു പറഞ്ഞപ്പോഴാണ് ഒരു സാവിത്രി മഹേശ്വരനെ തനിക്കറിയാം, അവർ പക്ഷേ കവിതയൊന്നും എഴുതിയതായി അറിയില്ല, കോഴിക്കോട് ഗവ. ആർട്സ് കോളേജിലെ സംസ്കൃതം അദ്ധ്യാപികയായിരുന്നു,റിട്ടയർ ചെയ്ത് ഇപ്പോൾ വിശ്രമജീവിതമാണ് എന്നു പറഞ്ഞത്. അവരുടെ നമ്പറും സംഘടിപ്പിച്ചു തന്നു. ആ പേരിൻ്റെ അപൂർവ്വതകൊണ്ട്, ഞാൻ ഉദ്ദേശിച്ച ആൾ ഇവർ തന്നെയാകാം എന്നു തോന്നുകയാൽ ആ നമ്പറിൽ വിളിച്ചു. ഫോണെടുത്തയുടനെ 1966 ൽ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ സാവിത്രി മഹേശ്വരൻ എന്ന പേരിൽ കവിതയെഴുതിയ ആളാണോ എന്നു ചോദിച്ചു. ഇതെന്തു കുലുമാലാണോ എന്നു തോന്നിയാകണം അവർ ആകെ ബേജാറായി. എങ്കിലും അതെ എന്നു സമ്മതിച്ചു. പിന്നീടധികമൊന്നും എഴുതിയിട്ടില്ല എന്നു പറഞ്ഞു. കൂടുതൽ അന്വേഷിച്ചപ്പോൾ 1971 ൽ സച്ചിദാനന്ദൻ എഡിറ്റു ചെയ്ത ജ്വാലയിലും 1976 കാലത്ത് എം.ഗോവിന്ദൻ എഡിറ്റു ചെയ്ത കലാകൗമുദിയിലും കവിതകൾ വന്നത് പറഞ്ഞു. ആ കവിതകൾ പിന്നീടവർ കണ്ടെത്തി തരികയും ചെയ്തു.

കവിതക്കുവേണ്ടി ഞാൻ തിളനില എന്ന മാഗസിൻ എഡിറ്റു ചെയ്യുന്ന സന്ദർഭമായിരുന്നു അത്. തിളനിലയുടെ മൂന്നാം ലക്കത്തിൽ (2020) വീണ്ടെടുപ്പ് എന്ന പംക്തിയിൽ ടീച്ചറുടെ പഴയ കവിതകൾ പുനപ്രകാശനം ചെയ്തുവന്നു. അതിനു ശേഷം ടീച്ചർ എഴുത്തിൽ വീണ്ടും സജീവമായി. ജീവിതഗതിയിൽ കവിതയെഴുത്തു നിർത്തിയ ഒരാൾ വർഷങ്ങൾക്കു ശേഷം വീണ്ടും എഴുതാൻ തുടങ്ങി. 17-18 വയസ്സിൽ അസ്സലായി എഴുതിയിരുന്ന ഒരു പെൺകുട്ടി അറുപതു വർഷത്തോളം കഴിഞ്ഞ് തൻ്റെ കവിതയെ തിരിച്ചുപിടിക്കുന്നതിൻ്റെ ഹൃദയസ്പർശിയായ സാക്ഷ്യമാണ് ഇപ്പോൾ നമ്മുടെ മുന്നിലിരിക്കുന്ന അലസം അടിത്തട്ടിൽ എന്ന ഈ കവിതാസമാഹാരം.സർഗ്ഗാത്മകതക്കു മരണമില്ല എന്ന് ഈ പുസ്തകം നമ്മോടു പറയുന്നു.

പിന്നീട് കൂടുതൽ ഇടപഴകിയപ്പോൾ ടീച്ചർ താനെഴുതിത്തുടങ്ങിയ കാലത്തെക്കുറിച്ചു ധാരാളം സംസാരിച്ചു. പാലക്കാട് വിക്ടോറിയ കോളേജിൽ പഠിക്കുന്ന കാലത്ത് എഴുതിയ കവിതയാണ് ഇത്. അന്ന് വിക്ടോറിയയിൽ വിദ്യാർത്ഥിനിയായിരുന്ന അടുത്ത കൂട്ടുകാരി ഉഷയാണ് ഈ കവിത മാതൃഭൂമിയിലേക്ക് അയച്ചത്. ഉഷയും കവിത എഴുതിത്തുടങ്ങിയിരുന്നു. ഉഷയുടെ ഏട്ടൻ വിജയനാകട്ടെ മലയാളത്തിലെ എക്കാലത്തെയും മാസ്റ്റർപീസായ തൻ്റെ നോവൽ ഖസാക്കിൻ്റെ ഇതിഹാസം പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും കഥാകൃത്തെന്ന നിലയിൽ അന്നേ പ്രശസ്തൻ. ടീച്ചർ എഴുതിത്തുടങ്ങിയ കാലത്തെ സാംസ്കാരിക പശ്ചാത്തലം ആദ്യകവിതയുടെ ഈ പിൻകഥയിൽ നിന്നുതന്നെ വ്യക്തം. ബിരുദപഠനത്തിനു ശേഷം ടീച്ചർ പട്ടാമ്പി കോളേജിൽ എം.എ സംസ്കൃതത്തിനു ചേർന്നു. അപ്പൊഴേക്കും കുടുംബജീവിതത്തിലേക്കു കടന്നിരുന്നു. തുടർന്നെഴുതിയ കവിതകൾ ജ്വാലയിലും കലാകൗമുദിയിലും വെളിച്ചം കണ്ടു. പിന്നീട് അധ്യാപനജോലിയുടെയും കുടുംബജീവിതത്തിൻ്റെയും തിരക്കുകൊണ്ടാവുമോ എന്തോ ടീച്ചർ അധികമെഴുതിയില്ല. ഇങ്ങനെയൊരാൾ എഴുതിത്തുടങ്ങിയിരുന്നു, ഇപ്പോൾ കാണുന്നില്ലല്ലോ എന്ന് ആരും ഓർത്തതുമില്ല. സാവിത്രി മഹേശ്വരൻ്റെ കവിതാ ജീവിതത്തിൻ്റെ ലഘുവായ ഈ ആദ്യഘട്ടം ഇവിടെ അവസാനിക്കുന്നു.

ആ പഴയ ഓർമ്മകളെ ഒന്നുണർത്തിയപ്പോൾ ടീച്ചർ ധാരാളമായി എഴുതിത്തുടങ്ങി. ഇത്രയും വർഷങ്ങളുടെ വേർപാടിനു ശേഷം കവിതയിലേക്കു തിരിച്ചു വരുമ്പോഴും പുതുമയോടെ എഴുതാൻ സാവിത്രി മഹേശ്വരനു കഴിയുന്നു.ആധുനികതയുടെ ഉച്ചഘട്ടത്തിൽ ഇവരെപ്പോലെ ഒരു എഴുത്തുകാരി നിശ്ശബ്ദയായത് എന്തുകൊണ്ടാവാം എന്ന പ്രശ്‌നം തീർച്ചയായും പഠിക്കേണ്ടതാണ്. എഴുതിത്തുടങ്ങി പിന്നീട് നിശ്ശബ്ദയായി വർഷങ്ങൾക്കു ശേഷം വീണ്ടും എഴുതാൻ തുടങ്ങിയ ഒരെഴുത്തുകാരിയുടെ രചനകൾ സാമാന്യമായി പരിചയപ്പെടുത്താൻ ഉതകേണ്ട ഈ ആമുഖക്കുറിപ്പിൻ്റെ ഊന്നൽ ആധുനികതാവിമർശനമായി മാറരുത് എന്ന വിചാരത്തിൽ അത്തരമൊരു പഠനത്തിന് ഇവിടെ ശ്രമിക്കുന്നില്ല. ആ പ്രശ്‌നത്തിലേക്കു വിരൽ ചൂണ്ടുന്ന ഒരു കാര്യം മാത്രം ഇവിടെ സൂചിപ്പിക്കട്ടെ. സഹജമായ ഒരാത്മീയഭാവം മലയാളത്തിലെ പെൺകവിതാധാരക്ക് തുടക്കം മുതൽ ഉണ്ടായിരുന്നു. എന്നാൽ മലയാള ആധുനികത ഭാഷാശില്പങ്ങൾ കെട്ടിപ്പടുക്കുന്ന തിരക്കിൽ സഹജമായ ഈ ആത്മീയഭാവത്തെ അവഗണിച്ചു. പിന്നീട് വീണ്ടും എഴുതിയപ്പോഴും സാവിത്രി ടീച്ചറുടെ കവിതകളിൽ അടിയൊഴുക്കായി തുടർന്നത് ആ ധാര തന്നെയാണ്.

അഗാധത്തിൽ ഒരടിത്തട്ടും അത്യുന്നതിയിൽ ഒരു മേൽത്തട്ടും ഈ കവിതകളിലുണ്ട്. ഈ പുസ്തകത്തിലെ ഏറ്റവും പഴയ കവിതയായ ആകുമോ തുടങ്ങുന്നത് നനയും ഇലകളിൽ തെളിഞ്ഞും മേഘച്ചാർത്തിൽ ഒളിഞ്ഞുമെത്തി സുഖസ്മൃതിയുണർത്തുന്ന ഇളവെയിലിനെപ്പറ്റി പറഞ്ഞു കൊണ്ടാണ്. തുടർന്നു വരുന്നത് "കാറ്റു തട്ടുമ്പോൾ ഞെട്ടിക്കുളിരാർന്നിറുകുന്ന കാട്ടുതിപ്പലി കെട്ടിപ്പിണഞ്ഞ"മതിലോരമാണ്. ആ ദൃശ്യപരമ്പര മഴമേഘത്തിൽ ചെന്നു തൊടുന്നു. ഇങ്ങനെ മണ്ണും വിണ്ണും ചേർത്തിണക്കാനുള്ള ശ്രമമാണ് സാവിത്രി ടീച്ചറുടെ കവിതകൾ. കാളിദാസ ഭാവനയെ ഓർമ്മിപ്പിക്കുന്ന ഒരാശയമാണ് മണ്ണും വിണ്ണും ചേർത്തിണക്കൽ. തീർച്ചയായും ഭൂമിഗീതങ്ങളെഴുതിയ വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കവിതകളും ആകാശക്കാഴ്ച്ചയിൽ മതിമറന്ന് "അഹോ ഉദഗ്ര രമണീയാ പൃഥിവീ" എന്നു വിസ്മയിച്ച കാളിദാസ ഭാവനയും ഭൂസ്വർഗ്ഗങ്ങളെ ബന്ധിപ്പിക്കുകയാണ് കാളിദാസൻ എന്നു നിരീക്ഷിച്ച ടാഗോറിൻ്റെ സാഹിത്യലോകവും സാവിത്രി ടീച്ചറിൻ്റെ കവിതകളുടെ പിന്നിൽ സ്വാധീനശക്തിയായുണ്ട്.ആഴങ്ങളും ഉയരങ്ങളും ഒരു ബിന്ദുവിൽ ഏകാഗ്രമാക്കാനുള്ള ഈ ശ്രമം തീർച്ചയായും ആത്മീയമാണ്. അവയെ തമ്മിലിണക്കുന്ന ഒരു വള്ളിയൂഞ്ഞാലിലാണ് ആഖ്യാതാവിൻ്റെ ഗൃഹാതുരമായ മയക്കം.പൂവ്, പുഴ, പ്രകൃതി, വീടിനോടും നാടിനോടുമുള്ള ഗൃഹാതുരത എന്നിവയെല്ലാം സ്വാഭാവികവും സൂക്ഷ്മവുമായിത്തന്നെ ഈ കവിതകളിൽ കാണാം. നാട്ടിൻപുറത്തെ കുന്നിൻ ചെരുവിലെ പാറപ്പരപ്പിലിരിക്കുമ്പോൾ കാലിൽ തടഞ്ഞ മുക്കുറ്റിപ്പൂവിനെക്കുറിച്ചൊരു കവിത ഇതിലുണ്ട്.

നിൻ്റെ പേനത്തുമ്പു തട്ടിയതോർത്തിട്ടു
തന്നെയാവാമതിന്നിന്നിത്ര പുഞ്ചിരി

കാലല്ല പൂവിൽ തടഞ്ഞത്, കവിയുടെ പേനത്തുമ്പാണ്. പേനത്തുമ്പു തട്ടി ചിരിക്കുന്ന പ്രകൃതിയും ഗൃഹാതുരസ്മൃതികളും ഈ കവിതകളിലുണ്ടെങ്കിലും അവ അവതരിപ്പിക്കുന്നതിൻ്റെ തനതായ പുതുമ ഈ കവിതകളെ വ്യത്യസ്തമാക്കുന്നു. പേനത്തുമ്പു തട്ടിയതിൻ്റെ ചിരി എന്ന പ്രയോഗം തന്നെ ഉദാഹരണം. ആ പ്രയോഗത്തിനു പിന്നിൽ പേനത്തുമ്പു തട്ടാതെ പോയ ചിരികളുടെയും ദുഃഖങ്ങളുടെയുമെല്ലാം മുഴക്കമുണ്ട്. കുന്തിപ്പുഴയും പുഴവക്കത്തെ വള്ളുവനാടൻ ഗ്രാമവും തറവാടും പരദേവതയുമെല്ലാം ഇങ്ങനെ പേനത്തുമ്പു തട്ടി ചിരിക്കുന്നു ഈ കവിതകളിൽ. ടീച്ചറുടെ പല കവിതകളിലൂടെ കുന്തിപ്പുഴ ഒരു കൂട്ടുകാരിയെപ്പോലെ ചിരിച്ചൊഴുകുന്നു.ഒരു നാടൻ സ്വപ്നം എന്ന കവിതയിൽ നാടുവിട്ടു പോകാൻ മടിച്ച് വിവാഹം തന്നെ വേണ്ടെന്നു വക്കുന്ന ഒരു ചേച്ചിയെ അവതരിപ്പിക്കുന്നുണ്ട്. നാടു മാത്രമല്ല ജീവത്തായ സ്വന്തം ഭാഷ വിട്ടു പോകാനുള്ള മടി കൂടിയാണ് ആ കവിത വിടർത്തിക്കാണിക്കുന്നത്.

തോട്ടിലേക്കൊപ്പം പോരണ 
ദാ ഈ ചാവാളിനായ..
പിന്നെ നമ്മടെ ജനലിന്റെ 
മോളിലുദിക്കണ അമ്പിള്യമ്മാമൻ …
നീയവിടെ നിക്കണ ആ തെങ്ങ് നോക്കീട്ടുണ്ടോ
നിലാവത്ത് അതിനെ നോക്കിനില്ക്കാൻ
ആളില്യാത്ത ഒരു സ്ഥിതി 
നിക്കോർക്കാൻ വയ്യ
ആ മല എത്രനേരം നോക്കിനിന്നാലും
നിക്കധികാവ് ല്യ
ആ മലേടെ മീതേന്ന് പാടോം കടന്ന് 
മഴ വരണത്,നീ കണ്ട്ട്ട്ണ്ടോ
അത്ൻ്റെ മണം നെണക്കറിയ്വോ
ഞാൻ ഇതൊന്നും വിട്ട്
എങ്ങടൂല്യ

ഇതൊന്നും വിട്ട് എങ്ങോട്ടുമില്ല എന്നതാണ് ഈ കവിതകളിലെ സുപ്രധാനമായ ഉള്ളടര്. വെള്ളത്തിനടിയിൽ ഒരു പാത്രം മുങ്ങിക്കിടക്കുംപോലുള്ള അസ്തിത്വത്തെ ഈ കവിതകൾ ധ്യാനിക്കുന്നു. ഓർക്കാൻ ഇഷ്‌ടപ്പെടുന്ന നിമിഷങ്ങളിൽ ഇവ ആണ്ടുമുങ്ങിക്കിടക്കുന്നു. അതേസമയം മാറിനിന്ന് ഈ മുങ്ങിക്കിടപ്പിനെ തത്വചിന്താപരമായി വീക്ഷിക്കുകയും ചെയ്യുന്നു. "എന്റെ മനസ്സേ!അവിടെയൊന്നും ആരുമില്ല,ആളൊഴിഞ്ഞ കൂടുകൾ മാത്രം,അവയെ പറത്തിയകറ്റുന്ന പാലക്കാടൻ കാറ്റുമാത്രം". കൽപ്രതിമകൾക്കും അവയെ ചുറ്റിക്കറങ്ങുന്ന കരിയിലകൾക്കുമിടയിലൂടെ കാറ്റ് ആകാശ വീഥിയിലേക്കു പടർന്നു കയറുന്നു. താഴ്ച്ച സുഖമാണ്, ഉയരം ഉദാത്തവും എന്ന് ഈ കവിതകൾ പ്രഖ്യാപിക്കുന്നു. ഉച്ചത്തണലിൽ ഉറങ്ങാൻ കിടക്കുന്ന നാട്ടുവീരൻ നായയെപ്പോലെ സ്വന്തം സ്ഥലത്ത് തൃപ്തനായി കിടക്കുന്നതിൻ്റെ സുഖം. ശൃംഗങ്ങളിൽ നിന്ന് ഉയരങ്ങളിലേക്കു കയറിക്കയറിപ്പോകുന്ന മലയാടുകൾ അനുഭവിക്കുന്ന ഉദാത്തമായ ആനന്ദം. പല കവിതകളിലുണ്ട് കുഴികളും ഉയരങ്ങളും, സ്വപ്നങ്ങളിൽ പ്രത്യക്ഷപ്പെടുംപോലെ.അതെ,മണ്ണിൻ്റെ താഴ്ച്ചയും വിണ്ണിൻ്റെ ഉയരവും ഈ കവിതകളിൽ മുഖാമുഖം നോക്കുന്നു. ആകാശത്തിലേക്ക് അയക്കുന്ന സന്ദേശങ്ങളോ ആകാശ സഞ്ചാരങ്ങളോ ഗോളാന്തരയാത്രകളോ ആണ് പല കവിതകളുടെയും പ്രമേയം. പ്രപഞ്ചം സൃഷ്ടിച്ചു മനം മടുത്ത നിറം കെട്ട നക്ഷത്രങ്ങളുള്ള ആകാശം. അയഞ്ഞ, മുഷിഞ്ഞ തൊപ്പി പോലെ ചുറ്റും വന്നു മൂടുന്ന ആകാശം. നശിക്കാനും നിലനിൽക്കാനുമുള്ള ത്വരകൾക്കിടയിൽ പെട്ട് മാനം നോക്കി നിൽക്കുന്ന ചിത്രശലഭത്തോട് 'സ്വന്തം നിറം' എന്ന കവിതയിലെ കുട്ടി പറയുന്നു, മേഘങ്ങൾക്കിടയിൽ കുളിച്ചു നിറം മാറി വരാൻ. ആകാശപ്പൊയ്കകളിലേക്ക് കിളികൾ ആണ്ടുപൊയ്ക്കൊണ്ടിരിക്കുന്നു ഒരു കവിതയിൽ. ആകാശം ജനലിലൂടെ കാണുന്ന ഒരു കീറായെങ്കിലും കടന്നു വരാത്ത കവിതകൾ ഈ സമാഹാരത്തിൽ കുറവാണ്. "വാതിലൊന്നു പുറത്തേക്കതു തുറന്നാവതില്ലെനിക്കാകാശം കാണുവാൻ" എന്നതാണ് കവിയുടെ നിരാശ.ആത്മീയമായ ഉണർവാകുന്നു ആകാശം.ആ ഉയരത്തു നിന്നു കൊണ്ട് മണ്ണിൽ, കുന്തിപ്പുഴയിൽ, മുക്കുറ്റിപ്പൂവിൽ താൻ ആണ്ടുനിൽക്കുന്നത്- വെള്ളത്തിനടിയിൽ ഒരു പാത്രം എന്നപോലെ- കവി സ്വയം നോക്കിക്കാണുന്ന ഘടന ഈ കവിതകളുടെ സവിശേഷതയാകുന്നു. ഭൂമിയിൽ നിന്നുള്ള രക്ഷപ്പെടലല്ല, ഭൂമിയിലേക്ക് ആഴ്ന്നു നോക്കാനുള്ള ഒരു നിലയാകുന്നു ആകാശം. കവിയ്ക്കൊപ്പം ഭാവുകനും അങ്ങനെയൊരു നോട്ടനില പ്രാപ്യമാക്കാൻ ഈ കവിതകൾ സഹായിക്കുന്നു. ഈരടിയാൽ ഉണരുന്ന ഭാവുകൻ്റെ മിഴികൾക്കും ആ നോട്ടം സാധ്യമാകുന്നു.  മാനം ശിരസ്സും മണ്ണ് ഉടലുമായുള്ള ഒരു ബൃഹദ് ശില്പത്തിൻ്റെ സചേതനമായ ഉദാത്തത ഭാവുകൻ്റെ മനസ്സിൽ സ്പന്ദിച്ചു തുടങ്ങുന്നു.

ഇത്ര കാലം കഴിഞ്ഞ് വീണ്ടും എഴുതുമ്പോഴും മാധ്യമത്തിലുള്ള കൈത്തഴക്കം ഈ കവിക്ക് നഷ്ടപ്പെട്ടിട്ടില്ല എന്നത് എടുത്തു പറയേണ്ടതുണ്ട്. പ്രകൃതിയുടെ സൂക്ഷ്മസൗന്ദര്യങ്ങളെയും സൂക്ഷ്മാനുഭവങ്ങളെയും ഭാഷയിൽ ഒപ്പിയെടുത്താണ് ആകുമോ പോലൊരു കവിത വരുന്നത്. ആ സൂക്ഷ്‌മത കാലം ആവശ്യപ്പെടാത്തതിൻ്റെ സംഘർഷം എഴുപതുകളോടെ എഴുത്തവസാനിപ്പിക്കാൻ വരെ കാരണമായിട്ടുണ്ടാകാം എന്നു ഞാൻ കരുതുന്നു. എഴുത്തു നിർത്തിയതിന് ഔദ്യോഗിക- കുടുംബജീവിതത്തിരക്കുകളാകും കവിയോടു ചോദിച്ചാൽ കാരണമായി പറയുക. എന്നാൽ എഴുപതുകളോടെ ഈ കവി എഴുത്തവസാനിപ്പിച്ചത് വ്യക്തിപരം മാത്രമായ ഒരു തീരുമാനമായിരുന്നില്ലെന്ന് ഞാൻ കരുതുന്നു. എല്ലാവരും എഴുതുന്ന ഒരു പൊതുകവിതക്ക് ഒപ്പം തൻ്റെ കവിമൊഴി ഉയർത്തി നിർത്താൻ ഈ കവി കാവ്യഭാഷകൊണ്ടും പ്രമേയം കൊണ്ടും ശ്രമിക്കുന്നത് എഴുപതുകളിലെഴുതിയ കവിതകൾ പരിശോധിച്ചാൽ അറിയാനാകും. കലി പോലെയും പിറവി പോലെയുമുള്ള കവിതകളിൽ അതിനുള്ള ശ്രമമുണ്ട്. എന്നാൽ ആ വഴി തൻ്റെ കവിതയെ മുന്നോട്ടു കൊണ്ടുപോകില്ല എന്നു തോന്നിയതിനാലാകാം അവർ നിശ്ശബ്ദത വരിച്ചത്. നിശ്ശബ്ദത വരിക്കുകയല്ല, നിശ്ശബ്ദതയുടെ ഗർത്തത്തിലേക്കു വീഴുകയായിരുന്നു എന്ന് കവി തിരിച്ചറിയുന്നുണ്ട്. ആനുകാലികം എന്ന കവിതയിൽ തൻ്റെ എഴുത്തു ജീവിതത്തിൻ്റെ ഈ ആദ്യപകുതിയിലേക്ക് കവി തിരിഞ്ഞു നോക്കുന്നു. "യാത്രയുടെ ആ മുന്നോട്ടുള്ള കുതിപ്പെല്ലാം തീർന്ന് മാനത്തേക്ക് അറിയാതെ ഒന്നു നോക്കിയപ്പോൾ ആയിരിക്കണം കാല് തെന്നി ഞാനാ പടുകുഴിയിലേക്ക് വീണത്. അങ്ങാടിയിൽ നിന്നു വാങ്ങിയ ആഴ്ചപ്പതിപ്പുകൾ ആ വീണിറക്കത്തിലും ഞാൻ വിടാതെ പിടിച്ചു" ഇവിടത്തെ, 'മാനത്തേക്ക് അറിയാതെ ഒന്നു നോക്കൽ' എന്ന പ്രയോഗത്തിന് അടിവരയിടണം. ആ നോട്ടത്തിൽ ഉയരെ ചന്ദ്രക്കലയുടെ നറുവെട്ടം കവി കാണുന്നുണ്ട്. ആത്മീയാനുഭൂതിയുടെ മറുലോകങ്ങൾ തേടിപ്പോയാൽ പടു കുഴിയിൽ വീഴ്ത്തുന്ന ആനുകാലികതയെ കവി ഇന്ന് ശരിയായി മനസ്സിലാക്കുന്നു. "പതുക്കപ്പതുക്കെ എന്റെ സ്വന്തം ശബ്ദം ആ പല ശബ്ദങ്ങളിൽപ്പെട്ട് തിരിച്ചറിയാൻ പറ്റാത്ത വിധത്തിൽ മറഞ്ഞുപോയി…തിരിച്ചെടുക്കാനാകാതെ…. "ആനുകാലികതയുടെ പടുകുഴിയിൽ നിന്ന് കവി ഇതാ പുറത്തുവന്നിരിക്കുന്നു.തൻ്റെ സ്വന്തം സ്വാഭാവിക ശബ്ദം വീണ്ടെടുത്തുകൊണ്ടാണ് 2010 നു ശേഷം ഇവർ ധാരാളമായി എഴുതിയത്. സന്ദിഗ്ദ്ധതകൾക്കിടയിലൂടെ സ്വന്തം ഇടം കണ്ടെത്തുന്ന കവിതയെക്കുറിച്ച് മനോഹരമായൊരു കവിത ഈ സമയത്ത് കവി എഴുതുന്നുണ്ട്. എൻ്റെ കവിത എന്നു തന്നെയാണതിൻ്റെ പേര്. കൊതിയ്ക്കുന്നതിനും കിടയ്ക്കുന്നതിനുമിടയിലാണ് അതിൻ്റെ ഇടം.

കക്ഷത്തിലുള്ളതു താഴെ വെക്കാതെ
ഉത്തരം തപ്പുന്നു എന്റെ കവിത
സ്ത്രീപക്ഷം വിടാതെ
റൊമാന്റിക്ക് ആവാൻ നോക്കുന്നു
എന്റെ കവിത!
സ്വിച്ച് മാറിയിട്ട്
ബൾബിനെ പഴിക്കുന്നു
എന്റെ കവിത!
ഷവറിനടിയിൽ ദേഹത്ത്
ചുടുവെള്ളം പ്രതീക്ഷിച്ച്
മോഹിച്ചു നില്ക്കേ,
തലയിലൊട്ടാകെ 
കുളിർവെള്ളം പൊഴിച്ച്
കോരിത്തരിച്ചുനില്ക്കുന്നു
എന്റെ കവിത!

താഴ്ന്ന സ്ഥായിയിലുള്ള പറച്ചിലിൻ്റെ ഘടനയാണ്, ഗദ്യമായാലും പദ്യമായാലും, സാവിത്രി മഹേശ്വരൻ്റെ കവിതയുടെ സ്വാഭാവിക വഴിയുടെ ശക്തി.എതിർവശങ്ങളിലേക്കു നീങ്ങുന്ന ഉറുമ്പുകൾ ഒന്നു നിന്ന് പരസ്പരം മന്ത്രിക്കുന്ന പ്രപഞ്ചരഹസ്യത്തിൻ്റെ ശക്തിയുണ്ട് ഈ കവിതകളിലെ പറച്ചിൽ ഭാഷക്ക്. മൃദുവായ ഒരു പറച്ചിൽ മുള്ളുകളെ ഇല്ലാതാക്കും എന്ന് ഈ കവി വിശ്വസിക്കുന്നു. കുഞ്ഞുന്നാളിൽ എണ്ണപ്പുഴുവിനെ കണ്ടപ്പോൾ അമ്മ പറഞ്ഞ വാക്കുകൾ വൈലോപ്പിള്ളിയുടെ എണ്ണപ്പുഴുക്കൾ എന്ന കവിതയിലെ ആഖ്യാതാവിൻ്റെ മനസ്സിൽ ആണ്ടിറങ്ങിയ പോലെ, ഈ കവിയുടെ ഉള്ളിൽ കയറിയ ഒരു വിശ്വാസമാണിത്. "ചെറുകാറ്റേറ്റാലൊന്നു കരയാൻ തോന്നും,നിന്റെ ചെറുകൈത്തലോടലിലങ്ങനെ നില്ക്കാൻതോന്നും" എന്ന് മൃദുവായ് പറഞ്ഞ് തൊട്ടാവാടിപ്പടർപ്പിൽ ചവിട്ടിയാൽ അവ മുള്ളുകൾ ഉള്ളിലേക്കു വലിക്കുമത്രെ. ഗ്രാമീണമായ ഒരു മൂഢഭാവനയാവാം ഇതും. എന്നാൽ മൃദുവായ പറച്ചിൽ മുള്ളുകൾ ഇല്ലാതാക്കും എന്നു മാത്രമല്ല പഞ്ഞി പോലമരുന്ന പൂവുകൾ നമ്മെ തഴുകുകയും ചെയ്യും. അതിനാൽ ഈ കവി മൃദുവായ്, മൃദുവായ് മാത്രം പറയുന്നു. ഈ പറച്ചിൽ മൊഴി സാവിത്രി ടീച്ചറുടെ കവിതകളെ സമകാലികമാക്കുന്നു. എല്ലാം ഇല്ലാത്തതായിക്കൊള്ളട്ടെ. വല്ലാത്ത രസം മാത്രം ഉള്ളതായിരുന്നാൽ മതി എന്ന നേർമ്മ ഭാഷയിലും വീക്ഷണത്തിലും തെളിഞ്ഞു കിടക്കുന്നു. വല്ലാത്ത രസമുള്ള മൃദുവായ പറച്ചിലാണ് ഈ കവിതകളുടെ മൊഴിമുദ്ര. തീരത്തു പതിഞ്ഞ രണ്ടു കൊച്ചു കാലടിപ്പാടുകളെ വീണ്ടും വീണ്ടും വന്നു നോക്കുന്ന കടൽത്തിരയെപ്പറ്റിയുള്ള കവിതയാണ് 'തിരകൾക്കൊപ്പം'. കവിതക്കൊടുവിൽ അമ്മത്തിര വന്ന് ആ കടൽത്തിരയെ പിറകോട്ടു വലിച്ചുകൊണ്ടുപോകുന്നു. തീരത്തെ കാലടിപ്പാടിൻ്റെ ഓർമ്മപോലെയേയുള്ളൂ ഏത് ആവിഷ്ക്കാരവും എന്ന തിരിച്ചറിവുപോലെത്തന്നെ പ്രധാനമാണ് തിരയുടെ ഓർമ്മയിലുണ്ട്, ആ കൊച്ചു കാലടിപ്പാടുകൾ എന്നത്. മൃദുവായ പറച്ചിൽ എന്നു മുകളിൽ പറഞ്ഞതിൻ്റെ മൂർത്ത രൂപം തന്നെ തിര മായ്ക്കും മുമ്പുള്ള കൊച്ചു കാലടിപ്പാടുകൾ.

ഞാൻ   
ഇല്ലാത്ത കണ്ണട
മൂക്കിൽ വെച്ച്
ഇല്ലാത്ത പുസ്തകത്തിലെ
ഇല്ലാത്ത കവിതകൾ 
വായിക്കാൻ തുടങ്ങി
കാടുകളു൦ മേടുകളും
റോഡുകളും റയിലുകളും പിന്നിട്ട്
അറിയാത്ത വഴികളിലൂടെ
അവ ഓടിക്കൊണ്ടേയിരുന്നു
ഈ ഇല്ലാത്ത കവിതകൾ
വായിച്ചു വന്ന
വല്ലാത്ത രസം മാത്രം
ഉള്ളതായിരുന്നു.

പുതിയ കാലത്തിന് ഈ വല്ലാത്ത രസത്തോട് ഐക്യപ്പെടാനാകുന്നുണ്ട്. അറിയാവുന്ന പാതകൾ വിട്ട് അറിയാ വഴികളിലൂടെ ഓടിക്കൊണ്ടേയിരിക്കുമ്പോൾ ഇല്ലാത്ത കവിതകളുടെ വല്ലാത്ത രസം അനുഭവിക്കാനാവുന്നു. എന്തിനെന്നില്ലാത്ത വേഗവും അതിൻ്റെ ഹരവും ഇല്ലാത്തവയാണിവയെല്ലാം എന്ന തിരിച്ചറിവും ചേർന്ന് ഈ വല്ലാത്ത രസത്തെ സമകാലികമാക്കുന്നു.ഈരടിയുണർത്തുന്ന ഈ രസം വായനക്കാർക്കു പകരാനായി, അരനൂറ്റാണ്ടു മുമ്പ് കാലം അടച്ചു വെച്ച പേന കാലം തന്നെ കവിക്ക് തിരികെ നൽകിയിരിക്കുന്നു. ആ പേനത്തുമ്പു തട്ടി ലോകം പുതുതായ് ചിരിക്കാൻ തുടങ്ങുന്നു.

Monday, August 24, 2026

ബി ദാവോ (ജനനം :1949), ഷു തിങ് (ജനനം:1952) - ചീന

ഒരു കവിത, അതിനൊരു മറുപടിക്കവിത


1

എല്ലാം

ബി ദാവോ (ജനനം: 1949)


എല്ലാം വിധി
എല്ലാം മേഘം
എല്ലാം അവസാനമില്ലാത്തൊരു തുടക്കം
എല്ലാം പിറവിയിലേ മരിക്കുമൊരന്വേഷണം
എല്ലാ സന്തോഷവും ചിരികളില്ലാത്തത്
എല്ലാ ദുഃഖവും കണ്ണീരില്ലാത്തത്
എല്ലാ ഭാഷയും ആവർത്തനം
എല്ലാ സ്നേഹവും ഹൃദയത്തിനുള്ളിൽ
എല്ലാ ഭൂതകാലവും ഒരു സ്വപ്നത്തിൽ
എല്ലാ പ്രതീക്ഷക്കുമുണ്ട് ടിപ്പണിക്കുറിപ്പുകൾ
എല്ലാ വിശ്വാസവും പേറുന്നു നിലവിളിഞരക്കങ്ങൾ
എല്ലാ സ്ഫോടനങ്ങൾക്കുമുണ്ട്
ശാന്തമൊരു നിമിഷം
എല്ലാ മരണങ്ങൾക്കുമുണ്ട്
തങ്ങിനിൽക്കുമൊരു പ്രതിദ്ധ്വനി


2
ഇതും എല്ലാം

ഷു തിങ് (ജനനം: 1952)


എല്ലാ മരങ്ങളും
കൊടുങ്കാറ്റിൽ പൊട്ടിവീഴുന്നില്ല
എല്ലാ വിത്തുകളും
മണ്ണിൽ വേരുപിടിക്കാതെ പോകില്ല
എല്ലാ വികാരങ്ങളും
ഹൃദയത്തിൻ്റെ മരുഭൂമിയിൽ വറ്റിവരളാറില്ല
എല്ലാ സ്വപ്നങ്ങളും
ചിറകരിയപ്പെടാൻ അനുവദിക്കാറില്ല

അല്ല, എല്ലാം നിങ്ങൾ
പറയുമ്പോലല്ല

എല്ലാ നാളങ്ങളും
തനിക്കായ് മാത്രം കത്തിയെരിഞ്ഞ്
മറ്റുള്ളവർക്കുമേൽ വെളിച്ചം ചൊരിയാതിരിക്കുന്നില്ല
എല്ലാ നക്ഷത്രങ്ങളും
ഇരുട്ടിലേക്കു മാത്രം വിരൽചൂണ്ടി
പ്രഭാതത്തെ വിളംബരം ചെയ്യാതിരിക്കുന്നില്ല.
എല്ലാ പാടലുകളും
കാതുകളെ ഉരുമ്മിക്കടന്നുപോയി
ഹൃദയത്തിൽ തങ്ങാതിരിക്കുന്നില്ല

അല്ല, എല്ലാം
നിങ്ങൾ പറയുമ്പോലല്ല

എല്ലാ അപേക്ഷകൾക്കും
അലയൊലികളില്ലാതില്ല
എല്ലാ നഷ്‌ടങ്ങളും
വീണ്ടെടുക്കാനാവാത്തതല്ല
എല്ലാ പടുകുഴികളും
നാശത്തെ കുറിക്കുന്നില്ല
എല്ലാ തകർച്ചകളും
ദുർബലർക്കുമേൽ പതിക്കുന്നില്ല
എല്ലാ ആത്മാക്കളെയും
ചെളിയിൽ ചീയാനായി
ചവിട്ടിയരക്കാനാവില്ല
എല്ലാ ഒടുക്കങ്ങളും
ചോരയും കണ്ണീരും
സന്തോഷമില്ലാത്ത മുഖങ്ങളും കൊണ്ട്
കറപിടിച്ചവയല്ല.

എല്ലാ വർത്തമാനവും
ഭാവിയെ ഗർഭം ധരിച്ചിരിക്കുന്നു
എല്ലാം ഭാവിയിൽ വളരുന്നത്
സ്വന്തം ഇന്നലെകളിൽ നിന്ന്.
പ്രതീക്ഷ, പ്രതീക്ഷക്കായുള്ള പോരാട്ടം,
പേറുവിനിതെല്ലാം നിങ്ങളുടെ ചുമലുകളിൽ

Monday, August 17, 2026

ലിപിഗോപുരത്തിലേക്കുള്ള പിരിയൻഗോവണി

ലിപിഗോപുരത്തിലേക്കുള്ള പിരിയൻഗോവണി



പുറത്തുകടക്കുന്നതെങ്ങനെ എന്നന്വേഷിച്ച് പൂർവനിശ്ചിതമായ ഭ്രമണപഥങ്ങളിലൂടെ അലയുന്ന മനുഷ്യൻ്റെ പുസ്തകമാണ് അഭിരാം എസ്സിൻ്റെ ഗോപുരലിപി എന്ന കൃതി. പൗരാണികമായ അനുഷ്ഠാനങ്ങൾ തൊട്ട് കലയും സാഹിത്യവും തത്വചിന്തയും ചരിത്രവുമെല്ലാം ഈ അലച്ചിലിൻ്റെ ഭാഗമാകയാൽ അവയെല്ലാം ഈ ജെൻസി കവിയുടെ എഴുത്തിൻ്റെയും വിഷയമാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടുമാത്രം നേരിൽ കണ്ടിട്ടുള്ള ഈ കവിയുടെ എഴുത്തിൽ മനുഷ്യൻ പിന്നിട്ട മുഴുവൻ നൂറ്റാണ്ടുകളും ഗോപുരത്തിൻ്റെ പടിക്കെട്ടുകൾ പോലെ കാണപ്പെടുന്നു. അവയെല്ലാം ഉള്ളടക്കുന്ന ഴാനർ ആയി കവിത ഇവിടെ മാറുന്നു. കഥയുടെയും നാടകത്തിൻ്റെയും ചരിത്രത്തിൻ്റെയും ശില്പകലയുടെയും, എന്തിന് വീഡിയോ ഗെയിമിൻ്റെയും പദപ്രശ്നത്തിൻ്റെയും വരെ, ടെക്നിക്കുകൾ അതിനായി കവിതയോടിണക്കുന്നു. കേവലം ഒരു പ്രമേയമായല്ല ഈ മനുഷ്യായനവും അന്വേഷണവും ലക്ഷ്യവും ഗോപുരലിപിയിലെ കവിതകളിലും തുടർന്നുള്ള കവിതകളിലും അഭിരാം ആവിഷ്‌ക്കരിക്കുന്നത്. പ്രമേയം,കാവ്യബിംബങ്ങൾ, ആഖ്യാനരീതികൾ,ഭാഷ എന്നിവ ഒത്തിണക്കിക്കൊണ്ടാണ്. ഈ കവിയിലൂടെ മലയാളത്തിൻ്റെ പുതുതലമുറ കവിത എന്ന ജനുസ്സിനെ ഭാവുകത്വപരമായി എങ്ങനെയാണ് പുതുക്കുന്നത് എന്ന അന്വേഷണമാണ് ഈ ലേഖനം.

ആദ്യവാചകം ഒന്നുകൂടി വായിക്കൂ. ആശയപരമായി അതിന് മൂന്നടരുകളുണ്ട്. പൂർവനിശ്ചിതമായ ഭ്രമണപഥങ്ങളിലൂടെയുള്ള ഒടുങ്ങാത്ത അലച്ചിലിൻ്റേതാണ് ആദ്യ അടര്. രണ്ടാമത്തേത്, പുറത്തു കടക്കുന്നതെങ്ങനെ എന്ന അന്വേഷണത്തിൻ്റേത്. മൂന്നാമടര് ആ അന്വേഷണത്തിൻ്റെ ലക്ഷ്യവും ഫലവും എന്ത് എന്നത്. ഈ മൂന്നടരുകൾ അഭിരാമിൻ്റെ കവിതയിലെ പ്രമേയപരമായ അടരുകൾ തന്നെയാണ്. ആ കവിതകളിൽ ഇവ എങ്ങനെ പ്രയുക്തമായിരിക്കുന്നു എന്നതാണ് ആദ്യമായി ഇവിടെ പരിശോധിക്കുന്നത്.

പൂർവനിശ്ചിതമായ ഭ്രമണപഥങ്ങളെ ഗോപുരലിപിയിലെ കവിതകൾ വിശേഷിപ്പിക്കുന്നത് വഴിച്ചുറ്റ് (അനന്തൻ, അനർത്ഥം), വഴിപ്പിണര് (മൂന്ന് ഉരുവങ്ങളിൽ ഒരു രാത്രി, സായാഹ്നമൊന്നിൽ)വഴിക്കുരുക്ക്(ഗതി) എന്നീ വാക്കുകൾ കൊണ്ടാണ്. മൂന്നു വാക്കുകൾക്കും തമ്മിൽ സൂക്ഷ്മമായ അർത്ഥവ്യത്യാസമുണ്ടെങ്കിലും ഏതിലേ പോയാൽ എങ്ങോട്ടെത്തും എന്നു പറയാൻ കഴിയാത്തവിധം വഴികൾ കുഴഞ്ഞു പിണഞ്ഞു കുരുങ്ങിക്കിടക്കുന്ന അനുഭവം മൂന്നു വാക്കിനുമുണ്ട്. അതിലകപ്പെട്ടുപോയ യാത്രികൻ്റെ നില പറയാനുണ്ടോ? ലാബറിന്ത് എന്നത് പാശ്ചാത്യസാഹിത്യത്തിൽ, വിശേഷിച്ച് ബോർഹസിനെപ്പോലുള്ള ലാറ്റിൻ അമേരിക്കൻ എഴുത്തുകാരുടെ കൃതികളിൽ സമാനാവസ്ഥയെ കാണിക്കുന്ന പ്രയോഗമാണ്. രാവണൻകോട്ട എന്നൊരു വാക്ക് ഇതേ ആശയം കാണിക്കാൻ മലയാളത്തിലുണ്ടെങ്കിലും അതിനേക്കാൾ കേരളീയവും സ്വാഭാവികവുമാണ് വഴിച്ചുറ്റ്, വഴിപ്പിണര്, വഴിക്കുരുക്ക് എന്നീ പദങ്ങൾ. മുമ്പേതെങ്കിലുമൊരെഴുത്തുകാരൻ ഈ  വാക്കുകൾ ഇത്ര സ്ഥുടതയോടെ ആവർത്തിച്ചു പ്രയോഗിച്ചു ഫലിപ്പിച്ചിട്ടുണ്ടെന്നതിന് എൻ്റെ വായനാനുഭവത്തിൽ ഉദാഹരണമില്ല. ലാബറിന്ത് ശരിക്കുമൊരു തടവറയാണ്. എന്നാൽ വഴിച്ചുറ്റ്, വഴിപ്പിണര്, വഴിക്കുരുക്ക് എന്നിവയിൽ വഴിയുമുണ്ട്, ചുറ്റ് അല്ലെങ്കിൽ പിണര് അല്ലെങ്കിൽ കുരുക്കുമുണ്ട്.

ഒരിടത്തു നിന്നും മറ്റൊരിടത്തേക്കു നയിക്കുന്നതാണ് വഴി. വഴി വാസ്തവത്തിൽ മോചനമാണ്. എന്നാൽ പല വഴികൾ കുറുകെയും നെടുകെയും പിണഞ്ഞു കിടന്നാൽ ആശയക്കുഴപ്പമാകും. ഏതു വഴി എങ്ങോട്ടെത്തിക്കും എന്ന പിടികിട്ടായ്മ ഈ മലയാള വാക്കുകളിലുണ്ട്. വഴി ഇല്ലാത്തതിൻ്റെയല്ല, അറിയാത്തതിൻ്റെയല്ല, പ്രശ്‌നം. വഴിയുണ്ട് എന്നതാണ്. അത് എന്നും പോകുന്നതു തന്നെ എന്നതും. ആവർത്തിക്കും തോറും ഒരേ വഴി അല്ലെങ്കിൽ ഒരുപോലുള്ള വഴി പെരുകിക്കൊണ്ടിരിക്കുന്നു. അങ്ങനെ വഴികൾ കൂടുതലായതിൻ്റെ കുഴമറിച്ചിൽ,കലക്കം. ഇരുപതാം നൂറ്റാണ്ടിലെ മലയാളകവിക്ക് വഴിയുണ്ടാക്കലായിരുന്നു പ്രശ്‌നം. വഴിനടക്കാനുള്ള അവകാശത്തിനു വേണ്ടി ചരിത്രപ്രസിദ്ധമായ സമരങ്ങൾ നടന്ന നാടാണിത്. പുതുവഴി വെട്ടിയാലും പെരുവഴിയേ തന്നെ പോകുന്ന സമൂഹത്തിൻ്റെ യാഥാസ്ഥിതികത്വത്തെ വഴിവെട്ടുന്നവരോട് എന്ന കവിതയിൽ കക്കാട് വിമർശിക്കുന്നത് ഓർക്കാം. വഴിയ്ക്കായി ചില്ലകൾ കൊണ്ടും വേരുകൾ കൊണ്ടും ആറ്റൂരിനെപ്പോലൊരു കവി തപ്പുന്നു. ഇരുപതാം നൂറ്റാണ്ടിനൊടുവിൽ ഞാനും ഒരു കവിതയിൽ വഴിയെവിടെ വഴിയെവിടെ എന്നെഴുതിയിട്ടുണ്ട്. എന്നാൽ ഇരൂപത്തൊന്നാം നൂറ്റാണ്ടിലെ പുതുതലമുറമലയാളകവിക്ക് വഴിയല്ല അതാവർത്തിച്ചും പെരുകിയുമുണ്ടാകുന്ന വഴിച്ചുറ്റാണ്, പിണരാണ് പ്രശ്നം.വഴി എന്ന ബിംബം ഇരുപതാം നൂറ്റാണ്ടിലെ കവി ഉപയോഗിക്കുന്നതും 21-ാം നൂറ്റാണ്ടിലെ കവി ഉപയോഗിക്കുന്നതും തമ്മിലെ വ്യത്യാസം ശ്രദ്ധിക്കണം. വഴിയിലൂടെ യാത്രികനാണ് അന്ന് നടന്നതെങ്കിൽ ഇന്ന് യാത്രികനിലൂടെ വഴി നടക്കുന്നു. യാത്രികനെ വഴി നിരീക്ഷിക്കുന്നു, സ്കാൻ ചെയ്ത് പരിശോധിക്കുന്നു.

വീടിനും ആപ്പീസിനുമിടയിലെ ചെറുവിരൽ നീളത്തിൽ ഒരട്ടയോളം പോന്ന പരിചിതവഴി നേരമിരുട്ടി മടങ്ങുമ്പോൾ വഴിക്കുരുക്കായി മാറുന്നു ഗതി എന്ന കവിതയിൽ. ആ മാറ്റത്തിൻ്റെ പ്രക്രിയ വിവരിക്കുന്നു കവിത. വീട്ടിൽ നിന്ന് ആപ്പീസിലേക്കിറങ്ങി കാൽ വയ്ക്കുന്ന നിമിഷം, "അപാരമായൊരു സ്പർശത്തിൽ വഴി ഞൊടിയിൽ ചുരുണ്ടു ചുഴിയാകും". തൊടുമ്പോൾ ചുരുളുന്ന തേരട്ടപോലെ ഒരു ജീവിയാകുന്നു വഴി. ജീവിയെപ്പോലെ ചുരുളുന്നുണ്ടെങ്കിലും അത് ചുഴിയാണ്. ചുഴിക്ക് ഒരു പ്രത്യേകതയുണ്ട്. അത് അകപ്പെടുന്നയാളെ ഉള്ളിലേക്കു വലിക്കും. വലിച്ചാഴ്ത്തും. വഴി ചുഴിയാവാൻ ഒരക്ഷരത്തിൻ്റെ, വെറുമൊരു ലിപിയുടെ മാറ്റം മതി എന്നോർമ്മിപ്പിക്കുന്നു ആ രണ്ടു വാക്കുകൾ തമ്മിലുള്ള ശബ്‌ദസാമ്യം അഥവാ പ്രാസം. ചെറുവഴിയാണെങ്കിലും കാൽ കുത്തുന്നതോടെ അത് തന്നെ വലിച്ചാഴ്ത്തുന്നു. അതേ വഴിയുടെ ആകാശദൃശ്യമാണ് കവിതയുടെ രണ്ടാം ഖണ്ഡം. ഡ്രോൺ ക്യാമറയല്ല, ഒരു കിളിയുടെ കുമിളക്കണ്ണാണ് കാഴ്ച്ച പകർത്തുന്നത്. തേരട്ടയോ പുഴുവോ ആകട്ടെ, വിശപ്പു കത്തുന്ന കിളിക്കണ്ണിൽ അത് ഒരിരക്കൂട്ടമാണ്. വഴുവഴുത്തു പുളഞ്ഞു പിണയുന്ന ചെവിപ്പാമ്പുകളുടെ ഒരു പറ്റം. യാത്രികൻ കാൽ വെയ്ക്കുന്നതോടെ സ്വയമൊരു ചുഴിയായി മാറുന്നതെങ്കിലും വീടിനും ആപ്പീസിനുമിടയിൽ ഒരു വഴി ഉണ്ടായിരുന്നു. ഇനി അതുറപ്പില്ല. വിശന്ന ഒരു കിളിക്ക് അതിരയായിത്തീരാം. വഴിയെ പുഴുവാക്കാൻ പോന്നതാണ് വലിയ വിശപ്പുകൾ. കവിതയുടെ മൂന്നാം ഖണ്ഡത്തിൽ ആപ്പീസിലിരുന്ന് അയാൾ ചെയ്യുന്ന ജോലി വീഡിയോ ഗെയിമുകളുണ്ടാക്കലാണ്. അതിലും വഴിപ്പിണരുതന്നെ. ഇതെല്ലാം ചേർന്ന് നേരം ഇരുട്ടുന്നതോടെ നാലാം ഖണ്ഡത്തിൽ വീട്ടിലേക്കുള്ള മടങ്ങിവരവിൽ വഴിച്ചുറ്റിൽ നനഞ്ഞ ഒരു നിശ്വാസമായി അയാൾ ഒടുങ്ങുന്നു.

ഗതി എന്ന വാക്കിന് ശബ്ദതാരാവലിയിൽ നടപ്പ്, ഉപായം രക്ഷ, മോക്ഷം, സമ്പത്ത് എന്നെല്ലാം അർത്ഥം കൊടുത്തുകാണുന്നുണ്ട്. അതുകൊള്ളാം,മാർഗ്ഗം തന്നെയാണ് രക്ഷയും മോക്ഷവും. കവിതയിൽ എന്നും പതിവുള്ള ചെറു വഴിയാത്ര ഉപജീവനത്തിനായാണ്, ഓഫീസിലേക്കാണ്. അതുകൊണ്ടു തന്നെ ഈ നടപ്പ് സമ്പത്തിനുള്ള ഉപായവുമാണ്. എന്നാൽ വഴി തന്നെ വഴിപ്പിണരാകുമ്പോൾ രക്ഷ, മോക്ഷം എന്നീ അർത്ഥങ്ങൾ അടഞ്ഞുപോവുകയും രക്ഷയും മോക്ഷവുമില്ലാത്ത നടപ്പു മാത്രമായിത്തീരുകയും ചെയ്യുന്നു. രക്ഷയില്ലാത്ത വഴിച്ചുറ്റിനെ ഗതി എന്ന കവിത ഇങ്ങനെ അടയാളപ്പെടുത്തുന്നു.

അങ്ങോട്ടും ഇങ്ങോട്ടുമുള്ള നടപ്പിൻ്റെ ഒരു വൃത്തം ഇവിടെ പൂർത്തിയാകുന്നുണ്ട്. ഇതേ വൃത്തം എന്നും ആവർത്തിക്കും. ആവർത്തനത്തിൽ കറങ്ങിക്കറങ്ങി ചുഴിയായി മാറുന്ന ഈ വൃത്തം തന്നെയാണ് വഴി. ആവർത്തനമല്ലാതെ മറ്റെന്താണ് വഴിച്ചുറ്റിൻ്റെ താളം? ആകയാൽ ഈ കവിതയിൽ മാത്രമല്ല ഗോപുരലിപിയിലെ കവിതകളിലെല്ലാം ആവർത്തനം പ്രധാനമാകുന്നു. യാത്രകളുടെ മാത്രമല്ല, ജന്മങ്ങളുടെ, ചരിത്രത്തിൻ്റെ, മിത്തുകളുടെ എല്ലാം ആവർത്തനം ഈ കവിതകളിൽ പ്രധാനമാകുന്നു."വീണ്ടും ചീവീടുകൾ ചുഴറ്റി വിരിയുന്നു, വീണ്ടും കാട് പഴുതടച്ചു കിടക്കുന്നു" (മറ്റൊരു കാവിലാകാം). ചീവീടുകൾ പോലും വർത്തുളമായി ചുഴറ്റിയേ വിരിയൂ എന്ന് പ്രത്യേകം ഓർക്കുകയും വേണം. വൃത്തം, ചതുരം, സ്തൂപികാരൂപം എന്നീ ഘടനകളും ആവർത്തിച്ചു കടന്നുവരുന്നുണ്ട്. കൊക്കിൻ ചുണ്ട് പാടത്തു വരയ്ക്കും പോലെ ഒത്ത ഒരു പൂജ്യം വരയ്ക്കാനായുള്ള ധ്യാനമാണ് പുസ്തകത്തിലെ ആദ്യകവിതയായ പൂജ്യം. പൂജ്യവും ഒരു വൃത്തം തന്നെ. വഴിപ്പിണരിൻ്റെ ആവർത്തനചക്രം പൂർത്തിയാക്കാൻ മനുഷ്യൻ എന്നല്ല സകലജീവികളും തത്രപ്പെടുന്നു. ഫലമോ ഒരിക്കലും ഒക്കാത്ത ഒരു പൂജ്യം, അത് ഒത്തതാക്കാനുള്ള അനന്തമായ കറക്കം. സംഘകാലത്തോളം പഴക്കം ചെന്ന കൊക്കുകളും ഇണക്കൊക്കിനെ കാണാതെ നെൽവയലിൻ്റെ വഴിപ്പിണരിൽ ചിറകുകൾ നിവർത്തി നിൽക്കുന്നു(കവിത സായാഹ്നമൊന്നിൽ) അതേ കവിതയിൽ സായാഹ്നത്തിൻ്റെ വക്കിലെ ചീവീടുകളുടെ ചിഞ്ചിലത്തെപ്പറ്റി പറയുമ്പോഴും വൃത്താകൃതിയിലുള്ള ഒരിലത്താളത്തിൻ്റെ ഒടുങ്ങാത്ത വിറവൽ കവിതയുടെ ഓർമ്മയിൽ വരുന്നു.മകൻ്റെ ഓർമ്മക്കായി ആഞ്ജലോവിൻ്റെ അമ്മ സൂക്ഷിക്കുന്ന ക്ലോക്കുകളിലൊന്നിൻ്റെ കുറിയ സൂചി തെരഞ്ഞുകൊണ്ടിരിക്കുന്നത് ചതുരത്തിനുള്ളിലെ വൃത്തമാണ്. ഒടുങ്ങാത്ത കറക്കവുമായി ഘടികാരങ്ങൾ തൂങ്ങിക്കിടക്കുന്നു. നിൻ്റെ പേരിനുള്ളിൽ പോലുമുണ്ട് ഒരു ഘടികാരം (യമ). ബീഡി വലിക്കുന്ന കിഴവൻ ബീഡിപ്പുകകൊണ്ട് ചുറ്റും ചതുരത്തിൽ ഒരു കൂടുണ്ടാക്കുന്നു(കവിത കിഴവന്മാർ). ഒരു കവിയിലെ (ഇതും കണ്ണ്) ആഖ്യാതാവ് പക്ഷിക്കൂട്ടം ആകൃതികളിലേക്കു മുറുകുന്നതും അയയുന്നതും നോക്കുന്നത് നഗരത്തിലെ അടിപ്പാതക്കടിയിൽ ആരോ ഉപേക്ഷിച്ച എലിപ്പെട്ടിയിലിരുന്നാണ്. അനന്തതയിലെ നക്ഷത്രക്കൂട്ടങ്ങൾപോലും സ്വന്തം ജ്യാമിതിയുടെ വഴിച്ചുറ്റിൽ രക്ഷയില്ലാതെ നിൽക്കുന്നു(ഒറിയോൺ). മുള കടലാസായി പുനർജനിക്കുന്ന കാലത്ത് പണ്ടാ മുളയിൽ വന്നിരുന്ന നൂറു കിളികളിലൊന്നെങ്കിലും ഒറിഗാമിക്കിളിയായി വിരിയുന്നു(ഒരു കിളി). ഗതിയിലെ വീടും ഓഫീസും, ഒരു കാഴ്ച്ച എന്ന കവിതയിൽ മീൻകൊട്ടയും കാക്കക്കൂടുമായി വൃത്താകാരത്തിൽ പുനർജനിക്കുന്നു. ചുറ്റുഗോവണി ഏതു കെട്ടിടത്തേയും വൃത്താകാരമാക്കുന്നു. അക്ഷരത്തിനുമുണ്ട് എഴുനൂറു പടിയുള്ള ചുറ്റുഗോവണി. അത് ഗോപുരത്തെയും വൃത്താകാരമാക്കുന്നു (ഗോപുരലിപി).വൃത്തത്തെയും ചുഴിയെയും ഓർമ്മിപ്പിക്കുന്ന ശംഖുരൂപങ്ങൾ, പകിടക്കറക്കം എന്നിവയെല്ലാം ചേർന്ന് വഴിച്ചുറ്റുകൾ പോലെ കറങ്ങിത്തുടങ്ങുന്നു.

യാത്ര അഥവാ അലച്ചിൽ അഥവാ യാന്ത്രികമായ കറക്കം എന്നതിനെ ഈ കവിതകളിലെ ഒരു രൂപകമായെടുക്കുന്ന പക്ഷം ഒരു കാര്യം പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്."എവിടെ നിന്നെത്തിയെന്നറിവീലാ ഏതാണ് ലക്ഷ്യമെന്നറിവീലാ" എന്ന മട്ടിലുള്ള യാത്രയല്ല ഇവിടെ. ഗതിയിൽ കണ്ടതു പോലെ തുടക്കസ്ഥാനവും കൃത്യമായ മാർഗ്ഗവും വ്യക്തമായ ലക്ഷ്യവും ഇതിലെ ആഖ്യാതാക്കൾക്കുണ്ട്. അത് വീടും ദൈർഘ്യം കുറഞ്ഞ വഴിയും ഓഫീസുമാകാം. അല്ലെങ്കിൽ കോളേജും മൈക്കിൾ സ്റ്റോഴ്സും ശരവണഭവൻ ഹോട്ടലുമാകാം. അതുമല്ലെങ്കിൽ കരുവേലിപ്പറമ്പും അമ്മൂമ്മക്കാവും അവക്കിടയിൽ ചമ്രം പടിഞ്ഞിരിക്കുന്ന ഗോപിച്ചേട്ടൻ്റെ വീടും ഇവയെ ബന്ധിപ്പിക്കുന്ന ഇടുക്കുവഴിയുമാകാം. എന്നുമുള്ള മന്ദവേഗത്തിലുള്ള ഇത്തിരിവഴിക്കറക്കം ആഖ്യാനവേഗം കൂട്ടിക്കൂട്ടി അസഹ്യമായ കറക്കമാക്കി മാറ്റുന്ന കലാവിദ്യയാണിവിടെ. ഭൂമിയുടെ കറക്കം എത്ര മന്ദഗതിയിലാണ്! എന്നാൽ എത്ര വേഗത്തിലാണ് കാലങ്ങൾ മാറിമറിയുന്നത്! കൃത്യമായ ഭ്രമണപഥങ്ങളാണ് വഴികളെ വഴിച്ചുറ്റുകളാക്കുന്നത്. കറക്കത്തിൻ്റെ ആത്മീയവും സാമൂഹ്യവുമായ മാനങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്. കറക്കത്തിൻ്റെ ധ്യാനകേന്ദ്രത്തിൽ സൂഫിസം വിശ്വസിക്കുന്നു. കല്ലുരുട്ടിക്കയറ്റി താഴേക്കിടുന്ന നാറാണത്തു ഭ്രാന്തൻ്റെ ചിരിയുടെ തത്വചിന്താപരമായ മുഴക്കം മലയാളിക്കറിയാം. മധ്യവർഗ്ഗ മലയാളി ഇടുക്കു ജീവിതത്തിൻ്റെ വിഭ്രാന്തികൾ വഴിച്ചുറ്റിൻ്റെയും കറക്കത്തിൻ്റെയും സാമൂഹ്യമാനമാണ്. ആത്മീയവും സാമൂഹ്യവുമായ ഈ ഘടകങ്ങൾ അഭിരാംകവിതയുടെ പശ്ചാത്തലത്തിലുണ്ട്.

നിശ്ചിതമായ വഴിയിലൂടെയുള്ള പതിവു കറക്കത്തിൻ്റെ ഈ അസഹ്യതയിൽ നിന്ന് എങ്ങനെ പുറത്തുകടക്കും? ചുള്ളിക്കമ്പിൽ നഖമമർത്തിയിരിക്കുന്ന പക്ഷിക്ക് പറക്കണമെന്നു തോന്നുന്നു. അതിനായുമ്പോഴാണ് ചിറകുകളില്ലെന്നറിയുന്നത്. പുറത്തുകടക്കാനുള്ള വഴി തേടിയാണ് ചരിത്രത്തിലേക്കും മിത്തോളജിയിലേക്കും തത്വചിന്തയിലേക്കും നരവംശശാസ്‌ത്രത്തിലേക്കുമെല്ലാം അന്വേഷണം നീളുന്നത്. ഇന്ന് ഈ വഴിത്തിരിവിൽ പിൻവിളി കാത്തു നിൽക്കുന്ന ഈ ഞാൻ തന്നെയാണ് കുഞ്ഞുന്നാളിൽ മറ്റുള്ളവരോടു പിണങ്ങി ഒറ്റക്കു കളിച്ചു നിന്നത് (മറ്റൊരു വളവ്)എന്നിടത്തോളമാണ് ആ അന്വേഷണങ്ങൾ എത്തുന്നത്. അക്ഷരത്തിൻ്റെയും ലിപിയുടെയും എഴുത്തിൻ്റെയും കവിതയുടെയുമെല്ലാം ചരിത്രം തേടി പിന്നാക്കം പോയാൽ എത്തിച്ചേരുന്ന തിരിച്ചറിവ് ഇതാണ്:

അന്നോളമിന്നോളം
ഞാനുമവരും ആവിഷ്ക്കരിച്ചത്
വേട്ടയാടലിനെ.

ഇന്നത്തെ മനുഷ്യൻ്റെ ആധിതന്നെ ശിലായുഗ കാലത്തെ മനുഷ്യൻ്റെയും ആധി. നാഗരികതയും സംസ്കാരവും മനുഷ്യൻ്റെ വഴികളെ നിശ്ചിതമായ ഭ്രമണപഥങ്ങളിൽ തളച്ചു എന്നേയുള്ളൂ. നവീനശിലായുഗമനുഷ്യൻ നടത്തിയ വേട്ടയാടലുകളുടെ പുതുകാലപ്പതിപ്പു തന്നെ കവിതയെഴുത്ത്. ഈ ഉരുണ്ട ഭൂമി ശിലായുഗത്തിൻ്റെ നായാട്ടുവഴികളിൽ നിന്ന് നാഗരികതയുടെ എഴുത്തുവഴികളിലേക്കു മനുഷ്യനെ കൊണ്ടെത്തിച്ചു.

മുരണ്ടു ചാടിയൊരു നായക്കു നേരെ
എടുത്ത കല്ലായിരുന്നു
ഇന്നലത്തെ കവിത.
അതു ചെത്തിക്കൂർപ്പിക്കുകിൽ
തെളിഞ്ഞുകിട്ടും
രണ്ട് ഇന്നലെയുടെ കവിത

ആയുധം ചെത്തിക്കൂർപ്പിക്കൽ, മൗനം, ജാഗ്രത, അനുഷ്ഠാനപരമായ കോറിയിടലുകൾ എല്ലാം കവിതയെഴുത്തിനും നായാട്ടിനും പൊതുവായുള്ളത്. കൃഷിക്കാരനായിരുന്ന മുത്തച്ഛൻ കൈക്കോട്ടുകൊണ്ട് മണ്ണിൽ കിളച്ചുവെങ്കിൽ കവിയായ താൻ പേനകൊണ്ടാണ് കിളയ്ക്കുന്നത് എന്ന് digging എന്ന കവിതയിൽ ഷീമസ് ഹീനി എഴുതിയിട്ടുണ്ട്. കൃഷി-എഴുത്ത് എന്ന ജോടിക്കു പകരം അഭിരാം വേട്ട- എഴുത്ത് എന്നതാണ് ജോടി എന്നു തിരുത്തുന്നു. സർഗ്ഗാത്മകമെങ്കിലും എഴുത്തിൽ ഹിംസകൂടിയുണ്ടെന്ന് ഈ തിരുത്തിലൂടെ കവി പറയുന്നു.വേട്ടയുടെ അടയാളമായി മനുഷ്യാവയവം പ്രദർശിപ്പിക്കുന്നതുപോലെ തന്നെയാണ് ഒരു ലിപി (അതെ,സൂക്ഷിച്ചു നോക്കൂ,അവയവാകൃതിയാണതിന്) ഉയർത്തിക്കാട്ടുന്നത്. അനുഷ്‌ഠാനപരമായ വേട്ടയാടലാണ് എഴുത്തെങ്കിൽ അതൊരിക്കലും പുറത്തുകടക്കാനുള്ള വഴിയല്ല. എഴുത്തിൻ്റെ ഡി.എൻ. എ ധൈര്യപൂർവം പരിശോധിക്കുന്നു ഈ കവി. പടുകൂറ്റൻ അക്ഷരഗോപുരത്തിൻ്റെ ചുറ്റുഗോവണിയിലൂടെ ഓലക്കെട്ടുമായി കയറിയിറങ്ങുന്ന മെല്ലിച്ച പ്രാചീനൻ്റെ എഴുത്താണി മുനമ്പിലും നാഡിപ്പിണരിലുമാണ് ഇപ്പോൾ തനിക്കെഴുതാനുള്ള അക്ഷരം കുരുങ്ങിക്കിടക്കുന്നത് എന്ന് അയാൾ തിരിച്ചറിയുന്നു. ആധുനിക നാഗരികതയിൽ നിന്നും പൗരാണികതയിലേക്കിറങ്ങാനും തിരിച്ചു കയറാനുമുതകുന്ന ഡി.എൻ. എ ഗോവണി തന്നെ കവിത. അങ്ങനെ ഇറങ്ങി
ഇരുണ്ട കാടകങ്ങളിലും സർപ്പക്കാവുകളിലും നാഗവീണകളിലും അത് വഴി തേടി ഇഴയുന്നു. ഉടലുകൊണ്ടിഴഞ്ഞൊരുക്കിയ ആ വഴികൾ സകല വിപിനങ്ങളുടെയും ഇരുൾനനവുള്ള ഉൾവഴികളിൽ ചെന്നു പിണയുക മാത്രം ചെയ്തു(കവിത - കാടകം) ഭ്രമണപഥങ്ങളിൽ നിന്നു പുറത്തു കടക്കാൻ കഴിഞ്ഞില്ലെങ്കിലും തൻ്റേത് മനുഷ്യകുലത്തിൻ്റെ പ്രാക്തന ഭ്രമണപഥം തന്നെ എന്ന് തിരിച്ചറിയാൻ ഈ തേടലുകൾ ഈ കവിതകളിലെ ആഖ്യാതാക്കളെ സഹായിച്ചു. 

കാവും കാടും നാഗങ്ങളും വരുന്ന കവിതകളിൽ മാത്രമല്ല നഗരത്തെരുവുകളും കഫേകളും കോളേജും ഓഫീസും തീവണ്ടി ബോഗിയും ഹൈവേയുമെല്ലാം വരുന്ന കവിതകളിൽ പോലും പുരാതനമായ ഒരു മൺനിറവെളിച്ചം വീണു നിറയാൻ ഈ  അന്വേഷണം കാരണമായി. പൗരാണികമായ ഒരു മാന്ത്രിക മൺവെളിച്ചം അഭിരാമിൻ്റെ കവിതകൾക്ക് സവിശേഷമായ ഒരു വർണ്ണാഭ പകരുന്നു.ഈ പൗരാണിക കാന്തിയിൽ നിൽക്കുമ്പോൾ ഗോപുര ലിപിയിലെ ബിംബങ്ങൾ വളർന്നു വലിപ്പം വെച്ച് ആദിരൂപങ്ങളായി മാറുന്നു.ഒച്ച്,പാമ്പ്, എലി, പൂച്ച, ശലഭം എന്നീ ചെറുജീവികളെല്ലാം ഇങ്ങനെ വലിപ്പം വെക്കുന്നു. പിന്നാക്കം പോകുന്തോറും ജീവികളൊക്കെ വലിപ്പം വെച്ച് രാക്ഷസാകാരം കൊള്ളുന്നത് ലോകമെങ്ങുമുള്ള മിത്തോളജിയുടെ പൊതുസ്വഭാവമാണല്ലോ. നാഗരികനെയും ശിലായുഗമനുഷ്യനെയും ഒരുപോലെ അനുഗമിക്കുന്നു അഭിരാംകവിതയിലെ ജീവികൾ. അഥവാ പ്രാണികളും വേട്ടമൃഗങ്ങളുമാണ് ചരിത്രത്തിൻ്റെ രണ്ടറ്റങ്ങളെ ഇവിടെ കൂട്ടിയിണക്കുന്നത്. മിത്തുകളോടും ആദിരൂപങ്ങളോടും തൻ്റെ കാവ്യലോകത്തെ ഇണക്കാൻ ഈ കവി ഉപയോഗിക്കുന്നത് ആഖ്യാനത്തിൻ്റെയും ഭാഷയുടെയും സാധ്യതകൾ തന്നെയാണ്. നാഗവാഴ് വുകൾ ഇഴപിരിയുന്ന ഉൾത്തുറസ്സുകൾ, കമലേ കണ്ണിമച്ചെരുവിലെ കമലേ, സകലത്തിലും സർവത്തിലും നീർമണമായ് നീലഗീതിയായ് എന്നിങ്ങനെ ഭാഷയെ ശൈലീവൽക്കരിക്കാൻ ഈ കവിക്ക് ഇഷ്ടമാണ്. ഖസാക്കിൻ്റെ ഇതിഹാസവും മേതിൽക്കഥകളും തൊട്ട് കോട്ടയം പുഷ്പനാഥിൻ്റെ അപസർപ്പകനോവലുകളും ഉത്തരാധുനിക യൂറോപ്യൻ ഫിക്ഷനുകളിലെ ആഖ്യാന രീതികളുമെല്ലാം ഈ  കവിതകളുടെ ആഖ്യാന രീതിയെ സ്വാധീനിച്ചിട്ടുണ്ട്.

വഴി മുട്ടിയ ഈ പ്രതിസന്ധിഘട്ടത്തിൽ രക്ഷയുടെ ഒരു വാതിൽ തള്ളിത്തുറക്കാതെ മനുഷ്യന് മുന്നോട്ടു പോകാനാവുകയില്ല. ഇവിടെ നിന്നുമാണ് അഭിരാമിൻ്റെ കവിത അടുത്ത നിലയിലേക്കു കയറുന്നത്. ആഖ്യാതാവ് എന്നും കാണാറുള്ള, ചെവിയിൽ പെൻസിൽ തിരുകി വരുന്ന, മരത്തിൽ പുള്ളികളിടുന്ന, അതേ രവിയാശാരിയെ(കവിത: രൂപരേഖ) ഇതാ ഇപ്പോൾ ഒന്നു കാണൂ:

ചിന്തേരിട്ടു ചിന്തേരിട്ടു
പെരുകുന്ന മരച്ചുരുളുകൾ
ഒരു കടലോളമാകുമ്പോൾ
രവിയാശാരി അതിൽ
ഉരുവിറക്കില്ലെന്ന്
ആരു കണ്ടു!

രവിയാശാരിയുടെ പതിവു യാത്രകൾ ഇവിടെ അട്ടിമറിയുകയാണ്. കേരളത്തിൻ്റെ ദാരുവിദ്യയുടെ പ്രാക്തനമുദ്ര പതിഞ്ഞ് ആഗോളക്കടലിലലഞ്ഞ് യമനിലേക്കും അലക്സാണ്ട്രിയയിലേക്കും പോയ ഉരുക്കൾ നിർമ്മിച്ചു കടലിലിറക്കുന്ന തച്ചനായി ആഖ്യാതാവിൻ്റെ ഭാവനയിൽ രവിയാശാരി മാറുന്നു. പണിയുന്ന മരം ഉരുവായി മാറുന്നു, ഉഴിഞ്ഞു കളയുന്ന മരച്ചുരുളുകൾ ചുരുൾ ചുരുളായി തിരകളാവുന്നു. മരച്ചുരുളുകൾ കൊണ്ടുള്ള കടലിൽ മരം കൊണ്ടു തീർത്ത ഉരു നീങ്ങുന്നു. ആഖ്യാതാവ് തൻ്റെ ഭാവന കൊണ്ടാണ് രവിയാശാരിയെ അയാളുടെ ഭ്രമണപഥത്തിൽ നിന്നു തുറന്നുവിട്ടത്.അതിരുകളില്ലാത്ത ഒരു തീക്കടൽ പണ്ട് സീ.വി രാമൻപിള്ള സങ്കല്പിച്ചു. സാർവലൗകികമായ ഒരു അചുംബിത ഭാവനയാണത്.ഉളികൊണ്ടു ചീവിച്ചീവിയെടുത്ത മരച്ചുരുളുകളുടെ കടലാകട്ടെ, പ്രാദേശികമായ ഒരചുംബിത ഭാവന.തച്ചിൻ്റെയും തച്ചന്മാരുടെയും ദാരുശില്പകലയുടെയും വലിയ പാരമ്പര്യമുള്ള നാട്ടിൽ നിന്നു വരുന്ന നമുക്കുപോലും അങ്ങനെയൊന്നു സങ്കല്പിക്കുക എളുപ്പമല്ല. അതുകൊണ്ടാണ് അചുംബിതം എന്നു വിശേഷിപ്പിച്ചത്.ഗോപുരലിപി എന്ന പദക്കൂട്ടു തന്നെ എടുക്കുക. പല അർത്ഥ സാധ്യതകളുണ്ടതിന്. ഗോപുരത്തിൻമേൽ കൊത്തിയോ എഴുതിയോ വെച്ച ലിപിയാകാം അത്. ഗോപുരമാകുന്ന ലിപിയാകാം. അതുമല്ലെങ്കിൽ ഗോപുരാകൃതിയിലുള്ള ലിപിയുമാകാം. പ്രാചീനമായ ഒരു നാഗച്ചുറ്റിനെയും അത് ഓർമ്മിപ്പിച്ചേക്കാം.

പാടിപ്പതിഞ്ഞ വഴികളിൽ നിന്നു ഭാവനകൊണ്ടു പുറത്തുകടക്കുന്നതിനെ ആഘോഷിക്കുന്നു അഭിരാമിൻ്റെ കവിതകൾ. എന്നും പല്ലുതേയ്ക്കാനെടുക്കുന്ന അതേ ടൂത് ബ്രഷ് അപ്പോൾ "ജംഗമങ്ങളുടെ ആഴത്തിലെ ഒറ്റയാൻ കടൽക്കുതിര"യാകുന്നു. സ്വന്തം ചെവികളെ ചിറകുകളായി സങ്കല്പിച്ചാൽ മാത്രം പോരാ, അവക്കിടയിലെ മുഖത്തെ ഒരു നിമിഷം മറക്കുകയും വേണം(ചിറക്). എങ്കിൽ ഇതാ ഒരു ശലഭം പാറാനൊരുങ്ങുകയായി. നിങ്ങളുടെ മുഖത്തിന് ഇനി വെളുക്കെ ഇളിച്ച് പതിവുപോലിങ്ങനെ നിൽക്കാതെ കഴിയും. കവലയിലെ പതിവു പോലീസുകാരന് അയാളുടെ ഭ്രമണപഥത്തിൽ നിന്ന് ആഖ്യാതാവ് ഇന്ന് ചെറിയൊരു മാറ്റം കൊടുത്തിരിക്കുന്നു. ഇന്നയാൾ നായ്ക്കൾക്കും ശലഭങ്ങൾക്കും പൊഴിയുന്ന നെല്ലിയിലകൾക്കും ചുഴറ്റിപ്പറക്കുന്ന കരിയിലകൾക്കും കയ്യാംഗ്യ നിർദ്ദേശങ്ങൾ കൊടുത്തു നിൽക്കുന്നു(ആംഗ്യങ്ങൾ).എന്നത്തെയും പോലെ താറാപ്പറ്റത്തെ തെളിച്ചു പോകുന്ന മനുഷ്യൻ എന്നത്തെയും പോലെ വീശിയെറിയുന്ന തിനകൾ ഇന്ന് അവയുടെ ഭ്രമണപഥത്തിൽ നിന്ന് ഒരു വ്യതിചലിച്ച് ആ താറാക്കാരനു വേണ്ടി പ്രാർത്ഥനാപൂർവം പൊഴിയപ്പെടുന്നു. താറാക്കാരനുമതെ, പതിവില്ലാതെ താറാവുകളുടെ അടിവയറുപോലെ ഉള്ളും പുറവും കുളിർത്തു.

ഭ്രമണപഥങ്ങളെ തെറ്റിക്കാൻ പോന്ന ഭാവനക്കുതിപ്പാണ് ഗോപുരലിപി എന്ന ആദ്യസമാഹാരത്തിനു ശേഷം അഭിരാം എഴുതിയ കവിതകളിൽ മുന്തി നിൽക്കുന്നത്. ഗോപുരങ്ങളുടെ ഉയരങ്ങൾ ഇവിടെ കൊടുമുടികളുടെ ഉയരങ്ങൾക്കു വഴിമാറുന്നു. വീടിനും ആപ്പീസിനുമിടയിലെ വഴി ഗ്രഹത്തിനും ഗ്രഹത്തിനുമിടയിലെ വഴിയാകുന്നു. താരതമ്യേന മന്ദവേഗതയുള്ളവയോ ഇഴയുന്നവയോ ആയ ജീവികളാണ് ഗോപുരലിപിയിലെങ്കിൽ കൂടുതൽ വലിപ്പവും വേഗവുമുള്ള ജീവികളുടെ നിര തന്നെ പുതിയ കവിതകളിലുണ്ട്.ചീവീട്, ഒച്ച്, പാമ്പ്, എലി, പൂച്ച, ശലഭം എന്നിവ ആദ്യസമാഹാരത്തിലെ കവിതകളിലും കാള, ആട്, മാൻ, പുലി, സിംഹം തുടങ്ങിയവ പിന്നീടുള്ള കവിതകളിലും കൂടുതലായി കടന്നുവരുന്നത് യാദൃച്ഛികമല്ല. അവയുടെ വേഗതയുടെ ആവിഷ്ക്കാരങ്ങൾ പല കവിതകളിലും കാണാം. പ്രാചീന ഗ്രീക്ക് ദേവതകളെപ്പോലെ, ഉയരെ, ശൃംഗങ്ങളുടെ ഗഹനതയിൽ അവ പായുന്നു. ഇരുളിലേക്കു പായുന്ന കലമാനിനെ ഇരുട്ടു വിഴുങ്ങുന്നു. അതിൻ്റെ കൊമ്പ് പുറത്തേക്കു തുപ്പുന്നു (ഒരു മാൻ). ആ കലമാൻകൊമ്പാണ് നാഗരികൻ്റെ കവിതച്ചുമരിൽ പതിഞ്ഞിരിക്കുന്നത്. ഓടിപ്പോകുന്ന കലമാനിൻ്റെ പ്രതിബിംബമാണ്, കുടത്തിലെ വെള്ളത്തിൽ പതിയുന്ന പ്രതിബിംബമാണ് ഭാഷയായി മാറുന്നത്(ഭാഷ). ഓടിയകലുന്ന വന്യഭാവനയുടെ പ്രതിബിംബം തന്നെ ഭാഷ. കവിതയെക്കുറിച്ചും ഭാഷയെക്കുറിച്ചും ഗോപുരലിപിയിലെ 'ആവിഷ്ക്കാരം അവയവാകൃതിയിൽ' എന്ന കവിതയിൽ നേരത്തേ സൂചിപ്പിച്ച നായാട്ടുചിഹ്നമാണ് ഭാഷ,കവിത എന്ന വീക്ഷണം ഇവിടെ ഗുണാത്മകമായി പരിണമിക്കുന്നു. ഓടിപ്പോകുന്നതിനെ പിടിച്ചെടുക്കലാണ് ഭാഷ. നിശ്ചിത ഭ്രമണപഥങ്ങളിൽ നിന്ന് ഓടിയകലുന്ന വന്യഭാവനകളുടെ നിമിഷങ്ങൾ ഇത്തിരിക്കുമ്പിളിലെന്നപോലെ നിഴലിക്കുന്നതാണ് ഭാഷ അല്ലെങ്കിൽ കവിത.മാൻ വെള്ളം കുടിക്കാൻ വരുന്ന കാട്ടരുവിയിലെ പ്രതിബിംബത്തെക്കുറിച്ചല്ല കവി ഇവിടെ പറയുന്നത്. അതേ ആറ്റിൽ നിന്നു വെള്ളമെടുക്കാൻ വരുന്ന ആഖ്യാതാവിൻ്റെ കുടത്തിലെ ജലത്തിൽ കുടുങ്ങിയ മാൻവേഗത്തെക്കുറിച്ചാണ്. മോഹിപ്പിക്കുന്ന വേഗങ്ങൾ ഉൾഭാഷയിൽ പ്രതിബിംബിക്കണം. ഗുഹാഭിത്തിയിലെ ചിത്രത്തിൽ നിന്ന് കുടത്തിലെ വെള്ളത്തിലെ പ്രതിബിംബത്തിലേക്ക് പകരുന്നു ആവിഷ്‌ക്കാരത്തെക്കുറിച്ചുള്ള കവിയുടെ സങ്കല്പനം. ഉറച്ച പരുക്കൻ പ്രതലത്തിൽ നിന്ന് അയഞ്ഞു തുളുമ്പുന്ന പ്രതലത്തിലേക്കുള്ള മാറ്റം ഈ പുതിയ കവിതകളെ കുറേക്കൂടി ചഞ്ചലവും മായികവുമാക്കുന്നുണ്ട്. 

കയറിക്കയറി,അകന്നകന്നു പോകുന്നതിൻ്റെ ലഹരിയുണ്ട് അഭിരാമിൻ്റെ പുതിയ കവിതകളിൽ. ഗോളാന്തരങ്ങൾ താണ്ടിയുള്ള യാത്രകൾ ഈ കവിതകളിലുണ്ട്. കയറുന്തോറും, ഓർബിറ്റുകൾ മുറിച്ചു കടക്കുംതോറും ഉൾവഴികളിലേക്കും ഉൾഭാഷയിലേക്കും ഇവ നമ്മെ നയിക്കുന്നു. ഫിക്ഷനോളം, ഒരു പക്ഷേ അതിലേറെ ഹെയ് സിയുടെയും യു ജിയാൻ്റെയുമെല്ലാം കവിതകളിലെ ഉൾഭാഷയാണ് ഈ ഘട്ടത്തിൽ അഭിരാമിനെ സ്വാധീനിക്കുന്നതും.ആഖ്യാനസങ്കേതങ്ങളുടെ പടിഞ്ഞാറും കാവ്യദർശനങ്ങളുടെ കിഴക്കും അഭിരാമിൻ്റെ കവിതകളിൽ സംഗമിക്കുന്നു. ഉൾഭാഷയിൽ നിഴലിക്കുന്ന സഞ്ചാരങ്ങളുടെ പല വേഗത്തിലുള്ള പല തരം ആഖ്യാനങ്ങളാണ് മൂന്ന് അന്വേഷികളുടെ കഥ, നീലഗീതി, വളയങ്ങൾ, ആരോഹകരുടെ വീട് തുടങ്ങിയ സമീപകാല കവിതകൾ മിക്കതും. ഭൂഗുരുത്വബലം എല്ലാത്തിനേയും മണ്ണിലേക്കടുപ്പിക്കുമെന്നാണ് നാം മനസ്സിലാക്കിയിട്ടുള്ളത്. എന്നാൽ ഭൗമികമായ ഭ്രമണപഥങ്ങളുടെ കറങ്ങുന്ന ചുഴി തുപ്പുന്ന ഗുരുത്വബലത്താൽ ഈ കവിതകൾ ഒരേസമയം അതിരുകൾക്കപ്പുറത്തേക്കുയർന്നു പോകുകയും ഉൾഞെരമ്പുകളിൽ പ്രതിദ്ധ്വനിക്കുകയും ചെയ്യുന്നു.

2024 ലാണ് ഗോപുരലിപി പുസ്തകമായി പുറത്തുവന്നത്. ഇരുപതാം നൂറ്റാണ്ടു കാണാതെ 2001 ൽ ജനിച്ച കവിയുടെ ഇരുപത്തിമൂന്നാം വയസ്സിൽ.കാര്യമായി ആരും ചവിട്ടാത്ത വിജനഭൂമിയായി, പൗരാണികശോഭയുള്ള മൺനിറത്തോടെ ആ കൃതി ഇപ്പോഴും അങ്ങനെ കിടക്കുന്നു. മാറ്റം കുറിക്കുന്ന മികച്ച കവിതാ പുസ്തങ്ങളുടെ വരവിൻ്റെ വിധി പലപ്പോഴും ഇതാ ഇങ്ങനെയാണ്: അലങ്കോലപ്പെട്ട്, അനവധാനതയോടെ, അർഹിക്കുന്ന മട്ടിൽ പരിചരിക്കപ്പെടാതെ. മുഖപടം കണ്ടാൽ വിദ്യാഭ്യാസ സംബന്ധമായ പുസ്തകമാണോ എന്നു തോന്നിപ്പിക്കുന്ന, കൃത്യമായ വിടവുകൾ കൊടുക്കാതെ വാക്കുകൾ കൂടിക്കൂടിക്കിടക്കുന്ന തരത്തിൽ അച്ചടിച്ച ഒരു പുസ്തകം. ഉജ്വലമായ ഒരു കവിതാപുസ്തകത്തിന് അനവധാനതയുടെ ഈ മറവ് ഒരു പക്ഷേ ഭൂഷണമായിരിക്കാം. അതു താണ്ടാൻ താല്പര്യമുള്ളവർ ഇവിടെയെത്തിയാൽ മതി എന്ന് കാവ്യകല തന്നെയും വിചാരപ്പെടുന്നുണ്ടാവാം.ഇത്രയും എഴുതിക്കഴിയുമ്പോൾ, എന്താണ് മലയാള കവിതയിൽ അടുത്ത കാലത്തുണ്ടായ വലിയൊരു മാറ്റം എന്ന സ്വന്തം ചോദ്യത്തിന്, ഇതാ ഈ കവിയുടെ കവിതകളാണ് മലയാളകവിതയിൽ അടുത്ത കാലത്തുണ്ടായ വലിയൊരു മാറ്റം എന്ന് സ്വയം മറുപടി പറയാനുള്ള ധൈര്യം എനിക്ക് കൈവന്നിരിക്കുന്നു