Tuesday, October 20, 2026

ഓർഹാൻ വെലി (തുർക്കി,1914- 1950)

ഓർഹാൻ വെലി (തുർക്കി,1914- 1950)


കൂട്ടുകാരൻ സാബ്രി

കൂട്ടുകാരൻ സാബ്രിയോട്
എപ്പോഴും ഞാൻ സംസാരിക്കും
എപ്പോഴും മദ്യപിച്ച്
രാത്രിയിൽ തെരുവിൽ വെച്ച്.
എപ്പോഴും അയാൾ പറയും,
"വീട്ടിലെത്താൻ നേരം വൈകി"
എപ്പോഴുമുണ്ടയാളുടെ
കയ്യിൽ രണ്ടു റൊട്ടിത്തുണ്ട്.


റോബിൻസൺ

മുത്തശ്ശിയാണെൻ്റെ
ഏറ്റവും പ്രിയപ്പെട്ട ബാല്യകാലസുഹൃത്ത്,
ലില്ലിപ്പുട്ടുകാരുടെ കയ്യിൽപ്പെട്ട്
ഗള്ളിവറിനുണ്ടായ ദുരിതങ്ങൾ കണ്ട്
ഒരുമിച്ചു കരഞ്ഞതു തൊട്ട്
വിജനദ്വീപിൽ നിന്നു റോബിൻസണെ രക്ഷിക്കാൻ
ഒരുമിച്ചു ശ്രമിച്ചന്നു തൊട്ട്.


തിരക്കിലാവാൻ

സുന്ദരികളായ സ്ത്രീകൾ കരുതുന്നു
ഞാനെഴുതിയ പ്രണയകവിതകൾ
അവരെക്കുറിച്ചാണെന്ന്.
ഞാനെപ്പോഴും വിഷമിക്കുന്നു,
തിരക്കിലായിരിക്കാൻ വേണ്ടിയാണ്
ഞാനവ എഴുതിയതെന്നോർത്ത്.



മരം

മരത്തിലേക്ക് ഞാനൊരു കല്ലെറിഞ്ഞു
കല്ല് താഴെ വീണില്ല
വീണില്ല
മരമെൻ്റെ കല്ലിനെ തിന്നു
മരമെൻ്റെ കല്ലിനെ തിന്നു
എനിക്കെൻ്റെ കല്ല് വേണം



യാത്രാകവിതകൾ

1
നിങ്ങൾ യാത്ര ചെയ്യുമ്പോൾ
നക്ഷത്രങ്ങൾ നിങ്ങളോടു സംസാരിക്കും
അവ പറയുക
സങ്കട കാര്യങ്ങൾ

2
സന്ധ്യക്ക് മദ്യപിച്ചിരിക്കുമ്പോൾ
ഒരാൾ മൂളുന്ന പാട്ട്
ആനന്ദകരം
അതേ പാട്ട്
അങ്ങനെയല്ല
ഒരു തീവണ്ടിജ്ജനാലക്കുള്ളിൽ നിന്നാകുമ്പോൾ



എൻ്റെ കണ്ണുകൾ

എവിടെ,
എവിടെ എൻ്റെ കണ്ണുകൾ?

പിശാച് അവ എടുത്തുകൊണ്ടുപോയി.
വിൽക്കാൻ കഴിയാഞ്ഞതിനാൽ മടക്കിത്തന്നു.

ഹോ,എവിടെ,
എവിടെ എൻ്റെ കണ്ണുകൾ?


മാതൃഭൂമിക്കുവേണ്ടി

മാതൃഭൂമിക്കു വേണ്ടി
നാം ചെയ്യാത്തതെന്തുണ്ട്,
നമ്മളിൽ ചിലർ മരിച്ചു,
ചിലർ പ്രസംഗിച്ചു.


അകം

ജനലുകളാണ് ഭേദം
പക്ഷികൾ കടന്നുപോകുന്നതെങ്കിലും
നിങ്ങൾക്കു കാണാം
നാലു ചുമരിനു പകരം


വേർപാട്

ബോട്ടിനു പിന്നിൽ ഞാൻ നിന്നു.നോക്കുന്നു.
വെള്ളത്തിലേക്കു ചാടാനെനിക്കു വയ്യ; ലോകം സുന്ദരമാണ്.
ഞാനും ഒരു മനുഷ്യനാണ്. സർവോപരി, കരയാനെനിക്കു വയ്യ.

No comments:

Post a Comment