Showing posts with label പരിഭാഷ. Show all posts
Showing posts with label പരിഭാഷ. Show all posts

Monday, August 24, 2026

ബി ദാവോ (ജനനം :1949), ഷു തിങ് (ജനനം:1952) - ചീന

ഒരു കവിത, അതിനൊരു മറുപടിക്കവിത


1

എല്ലാം

ബി ദാവോ (ജനനം: 1949)


എല്ലാം വിധി
എല്ലാം മേഘം
എല്ലാം അവസാനമില്ലാത്തൊരു തുടക്കം
എല്ലാം പിറവിയിലേ മരിക്കുമൊരന്വേഷണം
എല്ലാ സന്തോഷവും ചിരികളില്ലാത്തത്
എല്ലാ ദുഃഖവും കണ്ണീരില്ലാത്തത്
എല്ലാ ഭാഷയും ആവർത്തനം
എല്ലാ സ്നേഹവും ഹൃദയത്തിനുള്ളിൽ
എല്ലാ ഭൂതകാലവും ഒരു സ്വപ്നത്തിൽ
എല്ലാ പ്രതീക്ഷക്കുമുണ്ട് ടിപ്പണിക്കുറിപ്പുകൾ
എല്ലാ വിശ്വാസവും പേറുന്നു നിലവിളിഞരക്കങ്ങൾ
എല്ലാ സ്ഫോടനങ്ങൾക്കുമുണ്ട്
ശാന്തമൊരു നിമിഷം
എല്ലാ മരണങ്ങൾക്കുമുണ്ട്
തങ്ങിനിൽക്കുമൊരു പ്രതിദ്ധ്വനി


2
ഇതും എല്ലാം

ഷു തിങ് (ജനനം: 1952)


എല്ലാ മരങ്ങളും
കൊടുങ്കാറ്റിൽ പൊട്ടിവീഴുന്നില്ല
എല്ലാ വിത്തുകളും
മണ്ണിൽ വേരുപിടിക്കാതെ പോകില്ല
എല്ലാ വികാരങ്ങളും
ഹൃദയത്തിൻ്റെ മരുഭൂമിയിൽ വറ്റിവരളാറില്ല
എല്ലാ സ്വപ്നങ്ങളും
ചിറകരിയപ്പെടാൻ അനുവദിക്കാറില്ല

അല്ല, എല്ലാം നിങ്ങൾ
പറയുമ്പോലല്ല

എല്ലാ നാളങ്ങളും
തനിക്കായ് മാത്രം കത്തിയെരിഞ്ഞ്
മറ്റുള്ളവർക്കുമേൽ വെളിച്ചം ചൊരിയാതിരിക്കുന്നില്ല
എല്ലാ നക്ഷത്രങ്ങളും
ഇരുട്ടിലേക്കു മാത്രം വിരൽചൂണ്ടി
പ്രഭാതത്തെ വിളംബരം ചെയ്യാതിരിക്കുന്നില്ല.
എല്ലാ പാടലുകളും
കാതുകളെ ഉരുമ്മിക്കടന്നുപോയി
ഹൃദയത്തിൽ തങ്ങാതിരിക്കുന്നില്ല

അല്ല, എല്ലാം
നിങ്ങൾ പറയുമ്പോലല്ല

എല്ലാ അപേക്ഷകൾക്കും
അലയൊലികളില്ലാതില്ല
എല്ലാ നഷ്‌ടങ്ങളും
വീണ്ടെടുക്കാനാവാത്തതല്ല
എല്ലാ പടുകുഴികളും
നാശത്തെ കുറിക്കുന്നില്ല
എല്ലാ തകർച്ചകളും
ദുർബലർക്കുമേൽ പതിക്കുന്നില്ല
എല്ലാ ആത്മാക്കളെയും
ചെളിയിൽ ചീയാനായി
ചവിട്ടിയരക്കാനാവില്ല
എല്ലാ ഒടുക്കങ്ങളും
ചോരയും കണ്ണീരും
സന്തോഷമില്ലാത്ത മുഖങ്ങളും കൊണ്ട്
കറപിടിച്ചവയല്ല.

എല്ലാ വർത്തമാനവും
ഭാവിയെ ഗർഭം ധരിച്ചിരിക്കുന്നു
എല്ലാം ഭാവിയിൽ വളരുന്നത്
സ്വന്തം ഇന്നലെകളിൽ നിന്ന്.
പ്രതീക്ഷ, പ്രതീക്ഷക്കായുള്ള പോരാട്ടം,
പേറുവിനിതെല്ലാം നിങ്ങളുടെ ചുമലുകളിൽ

Saturday, August 15, 2026

ഗു ചെങ്(ചീന1956 - 1993)

ഗു ചെങ്(ചീന1956 - 1993)

1

അകലെ, അരികെ



നീ ഇടയ്ക്ക് എന്നെ നോക്കുന്നു
ഇടയ്ക്കു മേഘങ്ങളെ നോക്കുന്നു.

എന്നെ നോക്കുമ്പോൾ
നീ അകലെയകലെയാണെന്നെനിക്കു
തോന്നുന്നു.
മേഘങ്ങളെ നോക്കുമ്പോൾ
നീ അരികെയരികെയാണെന്നും.


2

കുമിളകൾ

സ്വപ്നക്കടലിൻ ആഴത്തിൽ നിന്നുയരുന്നു
സ്വതന്ത്രരായ രണ്ടു കുഞ്ഞു കുമിളകൾ

ഒരു പുകമഞ്ഞ്, വെള്ളിമഞ്ഞ്
ഇളംകാറ്റിലുയരുന്നു

കൊച്ചുകുട്ടിയെപ്പോലെ മുറുക്കിപ്പിടിക്കുന്നു
മാഞ്ഞുപോകുന്ന നിന്നെ ഞാൻ

യാഥാർത്ഥ്യലോകത്തേക്കൊരു കുമിളയെ
വെറുതേ വലിച്ചുകൊണ്ടുവരാൻ കിണയുന്നു.


3

ഇമ ചിമ്മൽ

വഴി പിഴച്ച ആ വർഷങ്ങളിൽ
ഇവയായിരുന്നു എൻ്റെ ചില വഴിപിഴക്കലുകൾ

ഉറച്ച ചില വിശ്വാസങ്ങളുണ്ടായിരുന്നു
ഞാൻ കണ്ണിമ ചിമ്മിയില്ല

ജലധാരയിലൊഴുകുമൊരു മഴവില്ല്
യാത്രികരെ ആർദ്രതയോടെ നോക്കുന്നു
ഞാനൊന്ന് ഇമ ചിമ്മി
അതൊരു ചുരുണ്ട പാമ്പായി മാറി.

പള്ളിമേടയിലേറിയ ഒരു ഘടികാരം
സമയത്തെ ചവിട്ടിത്തള്ളി
ഞാൻ കണ്ണുചിമ്മി
അതൊരു ആഴക്കിണറായ് മാറി

വെള്ളിത്തിരമേൽ പൂത്ത
ചുവപ്പു പൂക്കൾ
വസന്തവായുവിൽ നൃത്തമാടി
ഞാൻ കണ്ണുചിമ്മി
ഒരു ചോരക്കുളമായതു മാറി

ഞാനെൻ്റെ കണ്ണുകൾ തുറന്നുപിടിക്കുന്നു,
വിശ്വാസങ്ങൾ കാത്തുസൂക്ഷിക്കാനായി.



4

ജീവചരിത്രക്കുറിപ്പ്


ഞാൻ ദുഃഖത്തിൻ്റെ കുഞ്ഞ്
തൊട്ടിൽതൊട്ടു കുഴിമാടംവരെയും കുഞ്ഞ്
വടക്കൻ പുൽമേടുകളിൽ നിന്നു ഞാൻ
നടന്നു വന്നു - ഒരു വെളുത്ത പാത പിൻപറ്റി.
യന്ത്രോപകരണങ്ങൾ കൂട്ടിയിട്ടുണ്ടാക്കിയ
നഗരത്തിലേക്ക്, ഇടുക്കുവഴികളുടെ ചായ്പിലേക്ക്,
ചവിട്ടിയരച്ച ഹൃദയങ്ങളിലേക്ക്.
നിസ്സംഗമായ പുക ചുറ്റിപ്പൊതിഞ്ഞിട്ടും
ഞാനെൻ്റെ പച്ചച്ച കഥകൾ ഇപ്പൊഴും പറയുന്നു
ഞാനെൻ്റെ ഭക്തരെ, ആരാധകരെ,
- ആകാശത്തെ, കടലിൽ നിന്നു നുരഞ്ഞു പൊങ്ങുന്ന
വെള്ളത്തുള്ളികളെ-
ഇപ്പൊഴും വിശ്വാസിക്കുന്നു,
എന്നെയവർ സമ്പൂർണ്ണമായ് മറയ്ക്കുമെന്ന്
എവിടെയെന്നില്ലാത്ത ആ കുഴിമാടം മറയ്ക്കുമെന്ന്.
എനിക്കറിയാം, അന്നേരത്തെല്ലാം
പുല്ലുകളും കുഞ്ഞു പൂക്കളും
ചുറ്റും കൂടി നിറയും
അരണ്ട വിളക്കുവെട്ടത്തിൽ
എൻ്റെ ദുഃഖത്തെ
നനുന്നനെ നനുന്നനെ ഉമ്മവെയ്ക്കും.

ലിയു ദബായ് (1880- 1932, ചൈന)

നദി, ശരൽക്കാല സന്ധ്യയിൽ

ലിയു ദബായ് (1880- 1932, ചൈന)


കൂട്ടിലേക്കു തിരിച്ച കിളി
തളർന്നെങ്കിലും
മുതുകിൽ പേറുന്നു
സായാഹ്ന സൂര്യനെ

ചിറകടിക്കേ
നദിയിൽ വീഴുന്നു സൂര്യൻ
വെള്ള മുടിയുള്ള ഞാങ്ങണപ്പുല്ലുകൾ
അണിയുന്നു ചെഞ്ചായമൊരു നിമിഷം

Thursday, August 6, 2026

മെഖാൻ ഒ റൗർക്കേ (യു.എസ്. ജനനം: 1976)

പരദേശി മോക്ഷയാത്ര

മെഖാൻ ഒ റൗർക്കേ (യു.എസ്. ജനനം: 1976)

നായ ഉപദ്രവിച്ചില്ല
തേനീച്ച ഉപദ്രവിച്ചില്ല
പുല്ല്, കുഴിമാടത്തിലെ പുല്ല്,
ഉപദ്രവിച്ചില്ല,ഇല്ല കാറ്റും.

ചെളി ഉപദ്രവിച്ചില്ല
ഈച്ച, ഒട്ടിപ്പിടിക്കുന്ന ഈച്ച, ഉപദ്രവിച്ചില്ല
പാമ്പുകൾ നമ്മെ ദ്രോഹിച്ചില്ല
മരങ്ങളും ദ്രോഹിച്ചില്ല

ആകാശം ദ്രോഹിച്ചില്ല,ചന്ദ്രനുമില്ല.
സാൻ ജുവാൻ നഗരത്തിലെ
തുറമുഖത്തുറങ്ങുന്ന
കാട്ടുപൂച്ചകൾ ഉപദ്രവിച്ചില്ല

നദി ഉപദ്രവിച്ചില്ല,
ഭൂമി പച്ചച്ചുകൊണ്ടിരുന്നു
തടാകക്കരയിൽ നാമുറങ്ങുന്നിടത്ത്
നല്ല തെളിച്ചം,നമുക്കൊന്നു നിൽക്കാം

കമ്പിളിയിരുട്ടിൽ മുഖം പൂഴ്ത്തി.
ക്ഷതമേൽക്കാത്ത ഭൂമിയെച്ചുറ്റുന്ന
ഇളംചൂടും തണുപ്പുമുള്ള
വെളിച്ചത്തെ സ്തുതിക്കാൻ.

ഇവയെല്ലാം നമ്മെ ദ്രോഹിക്കുമെ-
ന്നെങ്ങനെ തോന്നി?
ശൂന്യാകാശത്തു കറങ്ങുമ്പോൾ
ഭൂമി പുറപ്പെടുവിക്കും മർമ്മരത്തിൽ നിന്നോ?

ഞാനുമതു കേൾക്കുന്നുണ്ട്.
അതു ചെയ്യേണ്ടതേ
അതു ചെയ്യുന്നുള്ളൂ.
ആകയാൽ ശ്ശ്... മിണ്ടാതുറങ്ങൂ...

Sunday, August 2, 2026

ടോം ലിയോണാഡ് (സ്കോട്‌ലാൻ്റ്, 1944- 2018)

ടോം ലിയോണാഡ് (സ്കോട്‌ലാൻ്റ്, 1944- 2018)


1

വേഡ്‌സ്വർത്തിനോടു പറയല്ലേ!

ആരും നടക്കാത്ത വഴികളിലെവിടെയോ
അവൾ താമസിച്ചു.
തൻ്റെ സന്ദേശങ്ങൾ
ഹെലിക്കോപ്റ്ററിൽ കൊടുത്തയച്ചു.


2

ഞങ്ങളുടെ വീട്ടിലെ തളം, ക്രിസ്മസ് രാവിൽ

റേഡിയോക്കരികിൽ
പുൽക്കൂടാക്കി മാറ്റിയ കളിപ്പാട്ട കാർ വർക്ക്ഷോപ്പിൽ
ബുക്കാനൻ സ്ട്രീറ്റിലെ
ബേൺസ് ആൻ്റ് ഓട്ടെസ് കടയിൽ നിന്നും
ഈ വഴി മുഴുവൻ താണ്ടിയെത്തിയ
മൂന്നു ജ്ഞാനികൾ
ചെറു ബൾബു വെട്ടത്തിനു കീഴേ കിടക്കുന്ന
ശിശുവിനെ എത്തിനോക്കി.

വർക്ക്ഷോപ്പിൽ പഞ്ഞിക്കൂമ്പാരം.
മേൽക്കൂരയിൽ നിന്നും ഞാത്തിയിട്ട ഒരു മാലാഖ
സന്ദേശം ഉയർത്തിപ്പിടിച്ചു :
"അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം
 ഭൂമിയിൽ സന്മനസ്സുള്ളവർക്കു സമാധാനം"

Tuesday, July 28, 2026

ഹമ തുമ (എത്തിയോപ്പിയ, ജനനം : 1949, ഭാഷ: അമാരിക്)

വെറുമൊരാൾ

ഹമ തുമ (എത്തിയോപ്പിയ, ജനനം:1949 ഭാഷ: അമാരിക്)


മരിച്ചയാൾ ആരുമായിരുന്നില്ല,
കീറിപ്പറിഞ്ഞ വസ്ത്രം ധരിച്ച
വെറുമൊരു മനുഷ്യൻ മാത്രം.
ഷൂസില്ല,
പോക്കറ്റിൽ ഒരൊറ്റ നാണയം
തിരിച്ചറിയൽ കാർഡുകളില്ല
ബസ് ടിക്കറ്റില്ല.
വൃത്തികെട്ട് എല്ലിച്ച്
ആരുമല്ലാത്തൊരാൾ.
മരിക്കും മുമ്പയാൾ
കൈയ്യു മുറുക്കിപ്പിടിച്ചിരുന്നു
അവരതു ബലമായിത്തുറന്നപ്പോൾ
കണ്ടു,
ആരുമല്ലാത്ത ഇയാളിൽ
ഒരു മുഴുവൻ രാജ്യം!

ബാസുകി ഗുണവാൻ (ഇൻഡോനേഷ്യ - നെതർലാൻസ്, ഭാഷ: ഡച്ച്, 1929 - 2014)

നിശാശലഭം

ബാസുകി ഗുണവാൻ (ഇൻഡോനേഷ്യ - നെതർലാൻസ്, ഭാഷ: ഡച്ച്, 1929 - 2014)


പൊടി
പൊടി മാത്രം പറ്റിപ്പിടിച്ച ചുമരുകളുള്ള
ആസക്തിയുടെ അറയിലേക്ക്
ഇരച്ചു കയറുന്ന
ആയിരം ആനന്ദക്കാലടികൾ ചവിട്ടിമെതിച്ച 
ഒരു ചവിട്ടിപോലെ
നനഞ്ഞൊട്ടിയത്,

നിൻ്റെ ചുണ്ടുകൾ

യൊളാൻ്റ കാസ്റ്റനോ (സ്പെയിൻ, ഭാഷ ഗലീഷ്യൻ,ജനനം:1977)

വീണ്ടുപയോഗം

യൊളാൻ്റ കാസ്റ്റനോ (സ്പെയിൻ, ഭാഷ ഗലീഷ്യൻ,ജനനം:1977)


കണ്ണാടിക്കുപിന്നിൽ നിന്ന്
രസം മായുന്നു

രേഖാരൂപങ്ങൾക്കായ്
തുടിക്കുന്ന കൈയിൽ നിന്ന്
മുഷിഞ്ഞ താളുകളുടെ മികവ്
ഞാനുണ്ടാക്കുന്നു.
ഒരു പുറത്തെ കരിമഷി
മറുപുറത്തു തെളിയുന്നു.
ഇതും എഴുത്തു തന്നെ,
ഞാൻ കരുതുന്നു:
- മുമ്പെഴുതിയ മറ്റു വാക്കുകൾ
താളിലൂടെ കിനിഞ്ഞിറങ്ങേ
പുതുവാക്കുകളെഴുതൽ.

Sunday, July 26, 2026

എഡ്വിൻ മോർഗൺ (സ്കോട്ലാൻ്റ്, 1920 - 2010)

ഗ്രന്ഥം

എഡ്വിൻ മോർഗൺ (സ്കോട്ലാൻ്റ്, 1920 - 2010)


ആർക്കും വായിക്കാനാവാത്ത
ഒരു ശിലാഗ്രന്ഥമുണ്ടായിരുന്നു.
വിഷണ്ണരായ മാലാഖമാർക്കതിൻ്റെ
താളുകൾ മറിക്കാനേ കഴിഞ്ഞില്ല,
അവരതു വായിച്ചില്ല.
ഇടിമുഴക്കം സമതലത്തിലൂടെ പുളച്ചുപാഞ്ഞു,
ഭൂമി പിളർന്നു, ഗ്രന്ഥം മാത്രം തുറന്നില്ല
മരിച്ചവരുടെ മേഘക്കൂട്ടങ്ങൾക്കിടയിൽ
മോശയോ യേശുവോ അതിനനങ്ങിയില്ല.
ഉളിയോടൊപ്പം പേനയും ഉറങ്ങി,
അക്ഷരങ്ങളിൽ മണൽ കുമിഞ്ഞു.
ഉറങ്ങുമ്പോൾ ലോകം പോലും ഒന്നു തിരിഞ്ഞുകിടക്കും,
എന്നാൽ രഹസ്യത്താൾ
രഹസ്യത്താളോടൊട്ടിത്തന്നെയിരുന്നു.
ചിലർ പറയുന്നു,
ശില്പിക്ക് തൻ്റെ കൺകെട്ടുവിദ്യയിൽ
അക്ഷരമായ നിരക്ഷരതയുണ്ടായിരുന്നെന്നും
ഗ്രന്ഥമയാൾ
ചിരിക്കുന്ന ഒരു ശൂന്യതയായി വിട്ടേച്ചുപോയെന്നും.
- തുറക്കാനാവാത്ത വിധം,
വായിച്ചെടുക്കാനാവാത്ത വിധം,
എന്തിനെക്കുറിച്ചെങ്കിലും സംസാരിക്കാൻ
ഒരു ശവക്കല്ലറക്ക് കഴിയും പോലെ മാത്രം
സംസാരിക്കാൻ കഴിയുന്ന വിധം.
വായിച്ചു തളർന്നില്ലേ നമ്മൾ?
കുളമ്പുകളും കുതികാലുകളും
മണൽക്കൂനകൾ ചവിട്ടിത്തെറിപ്പിക്കുന്നു
രഹസ്യത്തെ ഭയക്കുന്ന മനുഷ്യക്കാലടിക്കീഴിൽ
ഓരോ നിഗൂഢതയേയും കുഴിച്ചുമൂടുന്നു.

Wednesday, July 22, 2026

ഫ്രാൻസിസ്‌കോ റൂയിസ് നൊഗുവേര (സ്പെയിൻ, ജനനം: 1951)

കവിതയെപ്പറ്റി രണ്ടു കവിതകൾ

ഫ്രാൻസിസ്‌കോ റൂയിസ് നൊഗുവേര (സ്പെയിൻ, ജനനം: 1951)


1
ഒളിഞ്ഞിരിക്കുന്ന തടാകം

ചിഹ്നത്തിനും അതിൻ്റെ കൂട്ടായ്മക്കുമായി
ഒരുക്കിയ ഈ ഇടത്തിനടിയിൽ
രൂപങ്ങളുടെ ഒരു നദിയൊഴുകുന്നു
വാക്കുകളിൽ സ്വന്തം മരണം ആവശ്യപ്പെട്ട്.

അതിൻ ശബ്ദത്തിൻ അഗാധമൗനം
മഞ്ഞുകട്ടക്കടിയിൽ പതുങ്ങിയിരിക്കുന്ന
ഒരു തടാകത്തിൻ അസ്വസ്ഥമിനുസം പോലെ.


2
വാക്കുകൾ / വസ്തുക്കൾ

ഭൂതകാലത്തിൻ പിടിതരാക്കടലിനടിയിലേ-
ക്കാണ്ടുപോകുന്ന വല, വാക്ക്.
അത് അനുഭവങ്ങളിലൂടെ പരതിപ്പോകുന്നു,
വലക്കണ്ണികളോടൊട്ടിച്ചേർന്ന ഓർമ്മയെ
കണ്ടെത്തുന്നതു വരെ.
തന്നെ സൃഷ്ടിച്ച വലനൂലുകളെ
താൻ പിടിച്ച ഇരയോടു ചേർത്തൊന്നിപ്പിക്കും
വിചിത്രവലയിത്.

അങ്ങനെ,
ജീവിച്ചു തീർന്നതിൻ്റെ ഓർമ്മപ്പെടുത്തലുകൾ
വെളിച്ചത്താലോ സൗന്ദര്യത്താലോ കറപുരണ്ട്
തെരുവിലെപ്പൊടിയാൽ അലങ്കരിക്കപ്പെട്ട്
ഒരു വിഗ്രഹമായ് മാറി
നമുക്കരുളുന്നു
കവിത എന്ന ഈ കുസൃതിക്കളി

(പരിഭാഷ Al സഹായത്തോടെ)

Sunday, July 19, 2026

മരിയ അൻ്റോണിയ ഒർട്ടേഗ (സ്പെയിൻ, ജനനം :1954)

മരിയ അൻ്റോണിയ ഒർട്ടേഗ (സ്പെയിൻ, ജനനം :1954)

ഭാഷയാണ് മനുഷ്യൻ കണ്ട
ഏറ്റവും സുന്ദരസ്വപ്നം,
ഏറ്റവും അപ്രാപ്യമായ സ്വപ്നവും.
പക്ഷി എന്ന വാക്ക്,
അതു പക്ഷിയേക്കാൾ മേലേ പറക്കുന്നില്ലേ?
ആപ്പിൾ എന്ന വാക്ക്,
അതാ പഴത്തെക്കാൾ നന്നായി തിളങ്ങുന്നില്ലേ?
എൻ്റെ പൂന്തോട്ടത്തിലെപ്പോലെ തന്നെ
എൻ്റെ ചുണ്ടുകളിലും
മഞ്ഞറോസാപ്പൂക്കൾ വിരിയുന്നില്ലേ?


Tuesday, July 14, 2026

റേഡ് ഡ്രെയ്നാക് (ബെൽഗ്രേഡ്,സെർബിയ,1899- 1943)


റേഡ് ഡ്രെയ്നാക് (ബെൽഗ്രേഡ്,സെർബിയ,1899- 1943)

കവിതകൾ


1

എൻ്റെ വിശപ്പനന്തം,കൈകളെപ്പോഴും ശൂന്യം


നഗരത്തെരുവുകളിലൂടെ രാത്രി ഞാൻ
വിരലുകളിന്മേൽ ചന്ദ്രനെയേന്തി നടക്കുന്നു
അസന്തുഷ്ടവനിതകളുടെ ജനാലക്കീഴേ
ഞാനെൻ്റെ സങ്കടം വിട്ടേച്ചു പോകുന്നു.

എല്ലാം നൽകുമെന്നാലും
എൻ്റെ കയ്യിലൊന്നുമില്ല
എൻ്റെ വിശപ്പനന്തം
കൈകളെപ്പോഴും ശൂന്യവും.


2
പ്രകൃതിദൃശ്യം


മാനത്തു കൊക്കുറപ്പിച്ചു പൂങ്കോഴി കൂവി
തീവണ്ടി സമതലത്തിലൂടെ പാഞ്ഞുപോയപ്പോൾ
ചെറുനഗരത്തിലെ തെരുവിലൂടെ
രാത്രികാവൽക്കാരനും ചന്ദ്രനും
അവസാനമായ് ഒരുമിച്ചു നടന്നു.
പ്രഭാതത്തിന് ചൂടുള്ള റൊട്ടിയുടെ മണം.
പകൽ പിറന്നു, ഫാക്റ്ററിപ്പടിക്കൽ
പാലത്തിന്മേൽ വെച്ചു പിച്ചക്കാരനെ കണ്ടെത്തി, പകൽ.
ശരൽക്കാലമേഘം പോലെ പിഞ്ഞിക്കീറിയിരുന്നു
അവൻ്റെ സ്വപ്നം.

ആസ്പത്രിയിൽ കിടക്കുന്ന സ്ത്രീ
അവസാന ശ്രമത്തിൽ
സൂര്യനു ജന്മം നൽകി
- ഇപ്പോൾ പിറന്ന കുഞ്ഞിൻ്റെ വെളുത്ത ചിരി-
ആ നിമിഷം തുറന്നു
നഗരവാതിലുകളെല്ലാം.


3
ഇല

ശരൽക്കാലവും എൻ്റെ പെട്ടികളും പിന്നിൽ വിട്ട്
ഞാൻ താവളങ്ങൾ മാറ്റിപ്പോയിരിക്കുന്നു.
ആകാശമിപ്പോൾ കുഴപ്പം പിടിച്ച ഒരു കള്ളംപോലെ സംശയാസ്പദം.
എന്നെ ഉറക്കത്തിൽ നിന്നുണർത്തിയ
വിഷാദം നിറഞ്ഞ കത്ത്
ആദ്യത്തെ മദ്യശാലയിൽ വെച്ചു ഞാൻ മറക്കും.
മടിയോടെ വേച്ചു വേച്ച് ഞാൻ
ആപ്പീസുകൾ താണ്ടി നടന്നു.
കുരുവികൾ പറന്നുപോയ്, ടൈപ്പ്റൈറ്ററുകൾ ബാക്കിയായ്.
ചക്രവാളത്തിൽ പുകയുടെ പെരും കാഹളം.
പൂമ്പാറ്റയേക്കാൾ ചെറിയ ഒരു വിമാനം
ഇപ്പോൾ കണ്ടുപിടിച്ചിരിക്കുന്നു.
കൊള്ളാം, അതൊരു ശുഭലക്ഷണം.
ശരത്തിലെ ആദ്യ ഇല എൻ്റെ തൊപ്പിമേൽ വീഴുന്നു.

Saturday, July 4, 2026

അലൻ ഗിൻസ്ബർഗ്ഗ്

ദിവസേന

അലൻ ഗിൻസ്ബർഗ്ഗ്


മെത്തയിൽ

ലാമ

ഇരിക്കുന്നു

കയ്യിൽ

മുളന്തണ്ട്

പുറം ചൊറിയാൻ

വെയിലു പടർന്ന

ജനാലപ്പടിയിൽ

വലിയൊരു ഗ്ലാസ്

വെള്ളത്തിൽ

വെപ്പു പല്ല്

കിടക്കുന്നു

Monday, June 29, 2026

ഡിയോണേ ബ്രാൻ്റ് (ട്രിനിഡാഡ് - കാനഡ, ജനനം:1953)

രാത്രി

ഡിയോണേ ബ്രാൻ്റ് (ട്രിനിഡാഡ് - കാനഡ, ജനനം:1953)


പകലൊടുങ്ങി
എന്നിൽ നിന്നു നടന്നകലുന്ന
അവളുടെ പിൻവശം ഞാൻ കണ്ടു
ഞാനൊരു നെടുവീർപ്പിട്ടു
ഉപ്പുവായു മണത്തു
തൻ്റെ ഇലവാതുക്കൽ
ഒരു പുൽച്ചാടി
കാലുരതുന്നതു കേട്ടു
ഇരുണ്ട ജലത്തിൽ
ഞാൻ കയ്യാഴ്ത്തി
കോരിക്കുടിച്ചു
പകലൊടുങ്ങി
ഒരു കറുത്ത വിരിയവൾ
പിറകിലേക്കു വീശി
പടിഞ്ഞാറേ മൂലയിൽ ചെന്നിരുന്ന്
പഴയൊരു പൈപ്പിനു തീക്കൊളുത്തി
-ചന്ദ്രൻ!
പോകുന്ന പോക്കിൽ
അവളെന്നോടു പറഞ്ഞു:
"നിനക്കു കൂട്ടായി
രാത്രിയുണ്ടിപ്പോൾ"

സ്റ്റീവ് മക്കഫെറി (കാനഡ,ജനനം: 1947)

എൻ്റെ ജീവിതത്തിനൊരു സാധൂകരണം

സ്റ്റീവ് മക്കഫെറി (കാനഡ,ജനനം: 1947)


1
ഞാനൊരേടാകുന്നു 
ഞാനൊരേടല്ലെങ്കിൽ

ഞാനൊരേടാകും 
ഞാനൊരേടാകാത്തപ്പോൾ

ഞാനൊരേടാകാനാഗ്രഹിക്കുന്നു
ഞാനൊരേടാകാനാഗ്രഹിക്കാത്തപ്പോൾ

ഞാനൊരേടായിത്തീരുന്നെന്നാൽ
ഞാനൊരേടായിത്തീരുന്നില്ല

2
ഞാനൊരേടാകുന്നു
ഞാനതല്ലെങ്കിൽ

ഞാനൊരേടാകും
ഞാനതാകില്ലെങ്കിൽ

ഞാനൊരേടാകാനാഗ്രഹിക്കുന്നു
ഞാനതാകാനാഗ്രഹിക്കാത്തപ്പോൾ

ഞാനൊരേടായിത്തീരുന്നു
ഞാനതാകുന്നില്ലെങ്കിൽ

3
ഞാനൊരേടായിത്തീരുന്നില്ല
ആയിത്തീരുന്നെങ്കിൽ

ഞാനൊരേടാകാനാഗ്രഹിക്കുന്നില്ല
ആകാനാഗ്രഹിക്കാത്തപ്പോൾ

ഞാനൊരേടാവുകയില്ല
ഞാനതാകുമ്പോൾ

ഞാനൊരേടല്ലെന്നാൽ
ഞാനതാകുന്നു

4
ഞാനായിത്തീരുമേ-
ടായിത്തീരുന്നില്ല ഞാൻ

ഞാനാകാനാഗ്രഹിക്കുമേ-
ടാകാനാഗ്രഹിക്കുന്നില്ല ഞാൻ

ഞാനാകും ഏ-
ടാവുകയില്ല ഞാൻ

ഞാനാകുന്ന
ഏടല്ല ഞാൻ

Monday, May 4, 2026

അഹ്‌മദ് അൽ ഷഹാവി (ഈജിപ്ത്, ജനനം: 1960)

അഹ്‌മദ് അൽ ഷഹാവി (ഈജിപ്ത്, ജനനം: 1960)


1
കാമുകൻ്റെ തീർത്ഥാടനം


ആപ്പിൾ ഇല്ലാത്ത ചന്ദ്രൻ
ഇരുണ്ടത്

ആപ്പിളില്ലാത്ത രാത്രി
ഒഴിഞ്ഞത്

ആപ്പിളില്ലാത്ത കൈകൾ
തളർന്നത്

ചുകന്ന ഒരാപ്പിളില്ലാത്ത ശരീരം
തകർന്നത്

ചുണ്ടുകളില്ലാത്ത ആപ്പിൾ
കേടായത്

നിൻ്റെ പഴങ്ങൾ എന്നെ വിളിക്കയാൽ
ഞാനിറങ്ങി തീർത്ഥാടനത്തിന്

നിന്നിലേക്കുള്ള വഴി കണ്ടെത്താൻ
ഒരു തീർത്ഥാടനം മതിയാവുകില്ലൊരു കാമുകന്

Tuesday, April 28, 2026

വെവലോദ് നെക്രസോവ് (റഷ്യ, 1934- 2009)

വെവലോദ് നെക്രസോവ് (റഷ്യ, 1934- 2009)

രണ്ടു കവിതകൾ


1

ഞാൻ ആവർത്തിക്കുന്നു

​ഇത്
ആവർത്തിക്കാൻ
പാടുള്ളതല്ല

​ഞാൻ ആവർത്തിക്കുന്നു

​ഇത്
ആവർത്തിക്കാൻ
പാടുള്ളതല്ല

​ഞാൻ ആവർത്തിക്കുന്നു

​ഇത്
ആവർത്തിക്കാൻ
പാടുള്ളതല്ല

​ഇത്
ആവർത്തിക്കാൻ
പാടുള്ളതല്ല

​ഇത്
ആവർത്തിക്കാൻ
പാടുള്ളതല്ല

​ഞാൻ ആവർത്തിക്കുന്നു


2

ഞാൻ ചന്ദ്രനിലേക്കോ നക്ഷത്രങ്ങളിലേക്കോ
പറക്കുമോ ഇല്ലയോ, ആർക്കു പറയാനാവും?
എന്നാൽ ചന്ദ്രൻ്റെ രുചി എനിക്കു കിട്ടി,എൻ്റെ വായിൽ.
കസാനിൽ വെച്ച്, നാല്പത്തിയൊന്നിൽ

തിമിരാവൃതം.യുദ്ധം.
പക്ഷേ ചന്ദ്രനുണ്ടായിരുന്നു അവിടെ.
വെളുത്ത വെളിച്ചം
വെളുത്ത മഞ്ഞ്
വെളുത്ത ബ്രഡ് - ഒന്നു കടിക്കാനില്ല
ഒറ്റക്കഷണമില്ല

മോസ്ക്കോയിൽ ഞാൻ മടങ്ങിയെത്തിയിട്ടു
വർഷങ്ങളായി
മിക്ക രാത്രിയിലും ഞാൻ അത്താഴം കഴിക്കാറുണ്ട്
എന്നാൽ ചന്ദ്രനുണ്ട്, സ്വാദുള്ള ഒരു ഉരുളയായി.
വെള്ളയായിരുന്നു ചന്ദ്രൻ്റെ രുചി

ദിമിത്രി പ്രിഗോവ് (റഷ്യ,ജനനം: 1940-2007)

ദിമിത്രി പ്രിഗോവ് (റഷ്യ,ജനനം: 1940-2007)



സംഭാഷണം നമ്പർ 5

സ്റ്റാലിൻ : ഭൂമിയിൽ സന്തോഷമില്ല
പ്രിഗോവ് : സന്തോഷമില്ല!
സ്റ്റാലിൻ : പിന്നെന്താണുള്ളത്?
പ്രിഗോവ് : പിന്നെന്താണ്?
സ്റ്റാലിൻ : ഭൂമിയിൽ സ്റ്റാലിനാണുള്ളത്!
പ്രിഗോവ്: സ്റ്റാലിനാണുള്ളത്!
സ്റ്റാലിൻ : എങ്കിൽ എന്താണു സ്റ്റാലിൻ?
പ്രിഗോവ് : എന്താണദ്ദേഹം?
സ്റ്റാലിൻ : നമ്മുടെ സൈനികപ്രഭാവം
പ്രിഗോവ് : സൈനികപ്രഭാവം!
സ്റ്റാലിൻ : സ്റ്റാലിൻ നമ്മുടെ യുവത്വത്തിൻ്റെ ഉൽക്കടാഭിനിവേശം
പ്രിഗോവ് : യുവത്വത്തിൻ്റെ ഉൽക്കടാഭിനിവേശം!
സ്റ്റാലിൻ : യുദ്ധത്തിലും വിജയത്തിലും പാടുക!
പ്രിഗോവ് : വിജയത്തിൽ പാടുക!
സ്റ്റാലിൻ : നമ്മുടെ ജനത സ്റ്റാലിനെ പിന്തുടരുന്നു
പ്രിഗോവ് : സ്റ്റാലിനെ പിന്തുടരുന്നു!
സ്റ്റാലിൻ : മറ്റെന്താണ് സ്റ്റാലിൻ?
പ്രിഗോവ് : മറ്റെന്താണ്?
സ്റ്റാലിൻ : മൂന്നു കരുത്തുറ്റ തത്വങ്ങൾ!
പ്രിഗോവ് : മൂന്നു കരുത്തുറ്റ തത്വങ്ങൾ!
സ്റ്റാലിൻ : മറ്റെന്താണ് സ്റ്റാലിൻ?
പ്രിഗോവ് : മറ്റെന്താണ്?
സ്റ്റാലിൻ : അഞ്ച് മഹത്തായ ആശയങ്ങൾ!
പ്രിഗോവ് : അഞ്ച് മഹത്തായ ആശയങ്ങൾ!
സ്റ്റാലിൻ : ആറു മഹത്തായ അക്ഷരങ്ങൾ!
പ്രിഗോവ് : അതിൽ നിന്ന് ഒരക്ഷരം മാറ്റിയാൽ എന്താകും?
സ്റ്റാലിൻ : എന്താകും?
പ്രിഗോവ്: റ്റാലിൻ
റ്റാലിൻ : റ്റാലിൻ!
പ്രിഗോവ് : ഒന്നു കൂടി പോയാൽ എന്താകും?
റ്റാലിൻ : ഒന്നുകൂടി?
പ്രിഗോവ് : അപ്പോൾ ആലിൻ എന്നാകും
ആലിൻ : ആലിൻ എന്നാകും!
പ്രിഗോവ് : മറ്റൊന്നു കൂടി മാറ്റിയാൽ എന്താകും?
ആലിൻ : മറ്റൊന്നു കൂടി?
പ്രിഗോവ്: ലിൻ എന്നാകും
ലിൻ : ലിൻ എന്നാകും!
പ്രിഗോവ് : ഇനിയുമൊരക്ഷരം?
ലിൻ: ഇനിയും?
പ്രിഗോവ് : ഇൻ എന്നാകും
ഇൻ : ഇൻ?
പ്രിഗോവ് : വേറെയുമൊന്ന്?
ഇൻ : വേറെയും?
പ്രിഗോവ് : ൻ എന്നാകും!
ൻ : ൻ എന്നാകും!
പ്രിഗോവ് : ഇനിയുമൊരക്ഷരം നീക്കിയാൽ?






Sunday, April 26, 2026

ഇവാൻ ഷഡനോവ് (റഷ്യ,ജനനം :1948

ഇവാൻ ഷഡനോവ് (റഷ്യ,ജനനം :1948


ഒരു കിളി മരിക്കുമ്പോൾ .....


ഒരു കിളി മരിക്കുമ്പോൾ
അതിനായി ചെലവിട്ട വെടിയുണ്ട
കിളിക്കുള്ളിലിരുന്നു തേങ്ങുന്നു,
കാരണം 
മറ്റെന്തിലുമേറെ അതാഗ്രഹിക്കുന്നത്
പറക്കാൻ, കിളിയെപ്പോലെ.

Tuesday, April 21, 2026

മൻമോഹൻ (ഹിന്ദി, ജനനം:1953)

മൻമോഹൻ (ഹിന്ദി, ജനനം:1953)


വയസ്സൻ തോട്ടക്കാരൻ 


ഇലമർമ്മരം പാടുന്നു
വയസ്സൻ തോട്ടക്കാരൻ
മൊട്ടിൻ വിടർച്ച ചിരിക്കുന്നു
വയസ്സൻ തോട്ടക്കാരൻ

ദൂരെ നിന്നു നോക്കുമ്പോൾ
മണ്ണിൻ്റെ ചാലുകളിൽ
വെള്ളംപോലെയൊഴുകുന്നു
വയസ്സൻ തോട്ടക്കാരൻ