അഹ്‌മദ് അൽ ഷഹാവി (ഈജിപ്ത്, ജനനം: 1960)
1
കാമുകൻ്റെ തീർത്ഥാടനം
ആപ്പിൾ ഇല്ലാത്ത ചന്ദ്രൻ
ഇരുണ്ടത്
ആപ്പിളില്ലാത്ത രാത്രി
ഒഴിഞ്ഞത്
ആപ്പിളില്ലാത്ത കൈകൾ
തളർന്നത്
ചുകന്ന ഒരാപ്പിളില്ലാത്ത ശരീരം
തകർന്നത്
ചുണ്ടുകളില്ലാത്ത ആപ്പിൾ
കേടായത്
നിൻ്റെ പഴങ്ങൾ എന്നെ വിളിക്കയാൽ
ഞാനിറങ്ങി തീർത്ഥാടനത്തിന്
നിന്നിലേക്കുള്ള വഴി കണ്ടെത്താൻ
ഒരു തീർത്ഥാടനം മതിയാവുകില്ലൊരു കാമുകന്