Wednesday, May 20, 2026

അഴകും അഭയവും

അഴകും അഭയവും

പി.രാമൻ

സച്ചിദാനന്ദൻ്റെ കാവ്യജീവിതത്തിൻ്റെ ഓരോ ഘട്ടത്തിലുമുണ്ട് എനിക്കിഷ്ടപ്പെടുകയും എന്നെ ആവേശിക്കുകയും ചെയ്ത പല കവിതകൾ. എന്തിനെക്കുറിച്ചെഴുതിയാലും സ്വാഭാവികമായി ഉറന്നുറന്നു നിറയുന്ന കവിത്വത്തിൻ്റെ ചലനാത്മകതയും പ്രസന്നതയുമാണ് ഈ മുതിർന്ന കവിയിൽ എന്നെ എന്നും ആകർഷിച്ചിട്ടുള്ളത്.ഗാനം, എഴുത്തച്ഛനെഴുതുമ്പോൾ,കോഴിപ്പങ്ക്,മഴയുടെ നാനാർത്ഥം,പനി,ഇടശ്ശേരി,കായിക്കരയിലെ മണ്ണ്, ഒടുവിൽ ഞാനൊറ്റയാകുന്നു,ലോകാവസാനം, ഇവനെക്കൂടി,വിലങ്ങനിൽ,ഓർമ്മയിൽ കാടുള്ള മൃഗം, ജോൺമണം,കയറ്റം,ഗാന്ധിയും കവിതയും,അക്ക മൊഴിയുന്നു,ആണ്ടാൾ പ്രണയത്തെക്കുറിച്ചു സംസാരിക്കുന്നു,നാട്,കവിത തിരിച്ചുവരും തുടങ്ങിയവ അവയിൽ ചിലതാണ്.പഹാഡി ഒരു രാഗം മാത്രമല്ല എന്ന പിൽക്കാല സമാഹാരത്തിലെ ഒരു പ്രിയ കവിതയെക്കുറിച്ചാണ് ഈ ചെറുകുറിപ്പ്.വളരെ കുറഞ്ഞ സമയംകൊണ്ട് എഴുതേണ്ടി വന്നതിനാലാണ് കുറിപ്പ് തീരെ ചെറുതായത്.

ഭാഷയെക്കുറിച്ചും കവിതയെക്കുറിച്ചും പല കവിതകൾ സച്ചിദാനന്ദൻ എഴുതിയിട്ടുള്ളതിൽ സവിശേഷമായ ഒന്നാണ് മാനും സിംഹവും എന്ന കവിത. ഓരോ കവിതയിലുമുണ്ട് അതിജീവനത്തിൻ്റെ സ്വാഭാവികമായ ഒരു നാടകം എന്ന് സൗന്ദര്യാത്മകമായി അനുഭവിപ്പിക്കുന്നു ഈ കവിത. ഭാഷയുടെ കാട്ടിലാണീ നാടകം നടക്കുന്നത്. ലളിതമായ വാക്കാകുന്ന മാൻകുട്ടിക്കുമേൽ ചാടിവീഴാനായി നിൽക്കുകയാണ് വ്യാകരണത്തിൻ്റെ സിംഹം. മാൻകുട്ടി ഓടി ഒരു കവിതയുടെ വരിയിൽ അഭയം തേടുന്നു.ഇനിയാണ് അത്‌ഭുതം,കുത്തുകളും കോമകളും പുല്ലും പൂക്കളുമായി മാറി മാനിനെ സിംഹത്തിൻ്റെ ദൃഷ്ടിയിൽനിന്നു മറച്ചുവെച്ചു. സിംഹം ഇന്നും തേടിനടക്കുന്നു.അലറുന്നു. ഓരോ കവിതയും മണക്കുന്നു. കവിതമേൽ പടർന്ന വസന്തംകണ്ട് അതു തിരിഞ്ഞുനടക്കുന്നു. അതാ മറ്റൊരു മാൻ, മറ്റൊരു ലളിതപദം, നാടകം ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു.

വ്യവസ്ഥയാണ് വ്യാകരണം. ഭാഷയുടെ വ്യവസ്ഥ. ലളിതവും ദുർബലവുമായതിനെ വിഴുങ്ങുന്ന, കൊന്നു തിന്നുന്ന വ്യവസ്ഥ. അധികാരവ്യവസ്ഥ. സമൂഹത്തിൽ പാവം മനുഷ്യർ എന്നപോലെ ഭാഷയിൽ പാവം വാക്ക് വേട്ടയാടപ്പെടുന്നു. വ്യവസ്ഥ വേട്ടയാടുന്ന സാധുക്കൾക്ക് കവിത അഭയമാകുന്നു. അഭയം തേടിയ ജീവനെ അതിജീവിപ്പിക്കാനായാണ് കവിത പൂത്തുലഞ്ഞ് വസന്തമാഘോഷിക്കുന്നത്. ഏത് അലങ്കൃതമായ കവിതയുടെയുള്ളിലുമുണ്ടാവാം വ്യവസ്ഥ വേട്ടയാടിയ ഒരു സാധുജീവൻ്റെ വേദനയും അതിജീവനത്തിനായുള്ള വെമ്പലും.

കാവ്യസൗന്ദര്യത്തെ പുനർനിർവചിക്കുന്നു ഈ കവിത. എന്തുകൊണ്ട് കവിത സുന്ദരമാകണം എന്ന ചോദ്യത്തിന് മലയാളത്തിലെ ഒരു മുതിർന്ന കവിയിൽ നിന്ന് എനിക്കു കിട്ടുന്ന തൃപ്തികരമായ മറുപടിയാകുന്നു സിംഹവും മാനും. ഓരോ കോമയും കുത്തും എന്തിന്, എങ്ങനെ അഴകായി മാറുന്നു എന്നു കാണിച്ചു തരുന്നു. ആ അഴകിനുള്ളിൽ മറഞ്ഞിരിക്കുന്ന ഭയവും വെപ്രാളവും അതിജീവനത്വരയുമെല്ലാം ചേർന്ന് ആരുടെ ഏതു കവിതയേയും എൻ്റെ സ്വന്തം കവിതയാക്കി മാറ്റുന്നു. കവിതയുടെ അഴക്, കാലക്കലക്കത്തിനു നിരക്കാത്ത അഴക്, അതെഴുതിയ കവിയിൽ കുറ്റബോധമുണ്ടാക്കുമെന്ന് ചിലപ്പോഴെങ്കിലും ഞാൻ സ്വാനുഭവത്തിൽനിന്നറിഞ്ഞിട്ടുണ്ട്. ആ കുറ്റബോധത്തിൽ നിന്നെന്നെ മോചിപ്പിക്കുന്നു എന്നതുകൊണ്ടാണ് മാനും സിംഹവും എന്ന കവിത എനിക്കു പ്രധാനമാകുന്നത്.

No comments:

Post a Comment