ആദം
അലെക്സി റെമിസോവ് (റഷ്യ,1877- 1957)ദൈവം മനുഷ്യനെ എട്ടു ഭാഗങ്ങളായി സൃഷ്ടിച്ചു :
മണ്ണിൽ നിന്ന് എല്ലുകൾ
കടലിൽ നിന്ന് ചോര
സൂര്യനിൽ നിന്ന് സൗന്ദര്യം
മേഘങ്ങളിൽ നിന്ന് ചിന്തകൾ
കാറ്റിൽ നിന്ന് ശ്വാസം
കല്ലിൽ നിന്ന് ദൃഢത
വെളിച്ചത്തിൽ നിന്ന് എളിമ
ആത്മാവിൽ നിന്ന് ജ്ഞാനം
ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ
അവന് പേരുണ്ടായിരുന്നില്ല
സ്വർഗ്ഗീയ ഔന്നത്യം - പിതാവ്
ഭൂമിയുടെ വൈപുല്യം - പുത്രൻ
കടലിന്നഗാധത - പരിശുദ്ധ ആത്മാവ്
പിന്നെ ദൈവത്തിൻ്റെ സൃഷ്ടി- മനുഷ്യൻ- അവന് പേരില്ല
ദൈവം നാല് മാലാഖമാരെ വിളിച്ചു:
മിഖായേൽ
ഗബ്രിയേൽ
റാഫേൽ
ഊറിയേൽ
ദൈവം മാലാഖമാരോടു പറഞ്ഞു:
പോയി മനുഷ്യനൊരു പേരു കണ്ടുപിടിക്കൂ
മിഖായേൽ കിഴക്കോട്ടു പോയി
ഒരു നക്ഷത്രത്തെ കണ്ടുമുട്ടി.
അതിൻ്റെ പേര് അനറ്റോൾ എന്നായിരുന്നു.
അതിൽ നിന്നും എടുത്തു,
A
എന്നിട്ടു ദൈവത്തിനു കൊണ്ടുകൊടുത്തു.
ഗബ്രിയേൽ പടിഞ്ഞാട്ടുപോയി.
ഒരു നക്ഷത്രത്തെ കണ്ടുമുട്ടി.
അതിൻ്റെ പേര് ദെയിസിസ് എന്നായിരുന്നു.
അതിൽ നിന്നും എടുത്തു,
D
അതു ദൈവത്തിനു കൊണ്ടുകൊടുത്തു.
റാഫേൽ പാതിരാത്രിയിലേക്കു പോയി.
ഒരു നക്ഷത്രത്തെ കണ്ടുമുട്ടി
അർക്തോസ് എന്നായിരുന്നു പേര്.
അതിൽ നിന്നുമെടുത്തു,
A
അതു ദൈവത്തിനു കൊണ്ടുകൊടുത്തു.
ഊറിയൽ നട്ടുച്ചയിലേക്കു പോയി.
ഒരു നക്ഷത്രത്തെ കണ്ടുമുട്ടി.
മെസെവ്രിയ എന്നായിരുന്നു പേര്
അതിൽ നിന്നുമെടുത്തു,
M
അതു ദൈവത്തിനു കൊണ്ടുകൊടുത്തു
ദൈവം ഊറിയലിനോട് വാക്ക് ഉച്ചരിക്കാൻ ആവശ്യപ്പെട്ടു
ഊറിയൽ ഉച്ചരിച്ചു:
A D A M
ആദമായിരുന്നു ഭൂമിയിലെ ആദ്യമനുഷ്യൻ
No comments:
Post a Comment