Tuesday, October 20, 2026

ഉമിത് യാസർ ഒഗുസ്കാൻ (തുർക്കി, 1926 -1984)

ഇസ്താംബൂൾ

ഉമിത് യാസർ ഒഗുസ്കാൻ (തുർക്കി, 1926 -1984)


വീട്ടിനുള്ളിലൊരു മുറി,
മുറിക്കുള്ളിൽ ഇസ്താംബൂൾ
മുറിയിലൊരു കണ്ണാടി,
കണ്ണാടിയിൽ ഇസ്താംബൂൾ

കൊളുത്തുന്നൂ സിഗററ്റൊരാൾ,
പുകയുന്നതിസ്താംബൂൾ
തുറന്നൂ തൻ ബാഗൊരു സ്ത്രീ,
ബാഗിനുള്ളിൽ ഇസ്താംബൂൾ

കടലിൽ ചൂണ്ടയിട്ടിരിക്കും
കുഞ്ഞിനെ ഞാൻ കാണുന്നു
അവൻ ചൂണ്ട വലിക്കുമ്പോൾ
കൊളുത്തിന്മേൽ ഇസ്താംബൂൾ

എന്തു തരം വെള്ളമിത്?
എന്തൊരിനം നഗരമിത്?
കുപ്പിക്കുള്ളിൽ ഇസ്താംബൂൾ,
മേശപ്പുറത്തിസ്താംബൂൾ

നാം നടക്കേ അവൾ നടപ്പൂ,
നാം നിൽക്കുമ്പോൾ അവളും നില്പൂ
ഒരു വശത്തവൾ, മറുവശം ഞാൻ,
നടുവിലുണ്ടേ ഇസ്താംബൂൾ

ഒരിക്കൽ നിങ്ങൾ പ്രേമിച്ചാൽ
പെട്ടുപോകും കുഴപ്പത്തിൽ
എവിടെ നിങ്ങൾ പോകുമ്പോഴും
അവിടെയുണ്ട് ഇസ്താംബൂൾ

No comments:

Post a Comment