റെംബ്രാൻ്റ്
ബോറിസ് പൊപ്ളാവ്സ്കി (റഷ്യ, 1903- 1935)പാടത്തുറക്കെയലറീ പൂവുകൾ.
കാലം കാറ്റാടിയന്ത്രത്തെ ശാന്തമായ് കറക്കി.
മേശക്കരികിലിരുന്ന് ഒരു യോദ്ധാവ്
പുസ്തകം വായിക്കുകയായിരുന്നു.
അരുവിയ്ക്കടിയിലപ്പോൾ, സുതാര്യമായൊരു സംഘമായി,
എപ്പോഴും കിഴക്കോട്ടു മേഘങ്ങളൊഴുകി.
ചൂടിൽ മീനുകൾ ഉയർന്നു ചാടിയില്ല.
താഴെയുള്ള ഫാക്റ്ററികൾ പ്രവർത്തിച്ചിരുന്നില്ല.
സ്വർണ്ണ നിറമുള്ള വേനൽഘടികാരം
മൃതസമുദ്രത്തിനുമേൽ മിടിച്ചൂ- മൃദുവായ മുഴക്കത്തോടെ :
അതാണ് ആ യോദ്ധാവ്
തൻ്റെ പുസ്തകത്തിൽ ഇപ്പോഴും വായിക്കുന്നത്.
അതിലെ അക്ഷരങ്ങൾ കരയുന്നു, പാടുന്നു
പ്രപഞ്ചഘടികാരം പതുക്കെയോടുന്നു.
യോദ്ധാവേ, ഭാവിയെക്കുറിച്ചു നിങ്ങളെന്താണു വായിക്കുന്നതെന്ന്
ഉച്ചനേരത്തെ ആത്മാക്കളോടു പറയൂ
യോദ്ധാവ് തിരിഞ്ഞിരുന്നു - അയാൾ ചിരിക്കുന്നു.
പാടത്തെ പൂക്കളുടെ ശബ്ദങ്ങൾ അടങ്ങി.
പ്രപഞ്ചത്തിൻ്റെ അടിത്തട്ടിൽ നിന്നും അപ്പോൾ
മെല്ലെയൊഴുകാൻ തുടങ്ങി,
ആദ്യത്തെ അനന്തവേദനയുടെ മുഴക്കം.
No comments:
Post a Comment