Saturday, October 24, 2026

മദൻബാബു കവിതകളെപ്പറ്റി

കാലമിറങ്ങി വരുന്ന കവിത



എൻ്റെ സർഗ്ഗജീവിതത്തിലെ അപ്രകാശിതമായ ഒരദ്ധ്യായം വർഷങ്ങൾ കഴിഞ്ഞ് പുറത്തുവരുന്നതിനെ ഞാൻ എങ്ങനെയാകും കാണുക? അതു തന്നെ തോന്നുന്നു മദൻബാബുവിൻ്റെ കവിതകൾ ഇപ്പോൾ പുസ്തകരൂപത്തിൽ പുറത്തുവരുമ്പോൾ. 1988 - 89 കാലത്ത് എഴുതിത്തുടങ്ങുമ്പോൾ എൻ്റെ കാവ്യസഹോദരനായിരുന്നു മദൻ. സോണൽ - സർവകലാശാലാതല കവിതാമത്സരങ്ങളിൽ പട്ടാമ്പി കോളേജിൽ നിന്നു ഞാനും പാലക്കാട് വിക്ടോറിയയിൽ നിന്ന് മദനും കവിതാരചനയിൽ പങ്കെടുക്കാനെത്തി പരിചയപ്പെട്ടു. മദനായിരുന്നു രണ്ടോ മൂന്നോ തവണ ഒന്നാംസ്ഥാനം. അപ്പോഴൊക്കെ രണ്ടാം സ്ഥാനത്ത് ഞാനും. കോളേജ് കാലത്തിനു ശേഷം മദനനെക്കുറിച്ചുള്ള വിവരങ്ങൾ അറിയാതായി. അവൻ കവി എന്ന നിലയിൽ പെട്ടെന്നു തന്നെ ശ്രദ്ധിക്കപ്പെടും എന്നാണ് വിദ്യാർത്ഥിയായിരുന്ന ഞാൻ പ്രതീക്ഷിച്ചത്. എന്നാൽ മദൻബാബു എന്നൊരു കവിയെപ്പറ്റി പിന്നീട് കേൾക്കാൻ നമുക്ക് അവസരം ലഭിച്ചില്ല. ഗുരുവായൂർ ശ്രീകൃഷ്ണാ കോളേജിൽ പഠിച്ചിരുന്ന ശിവദാസ് എന്നൊരു കവിയുടെ കവിതകളും അന്ന് സർവകലാശാലാതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ പേരും പിന്നീട് കേൾക്കുകയുണ്ടായില്ല. വർഷങ്ങളേറെ കഴിഞ്ഞാണ് മദനെക്കുറിച്ച് എന്തെങ്കിലും ചില വിവരങ്ങൾ കിട്ടുന്നത്. എറണാകുളം കേന്ദ്രമാക്കി നാടകപ്രവർത്തനത്തിലാണ് ഇപ്പോൾ അവൻ മുഴുകിയിരിക്കുന്നത് എന്നറിഞ്ഞു. ഒരിക്കൽ ഫോണിൽ സംസാരിച്ചപ്പോൾ, തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിൽ ഉദ്യോഗസ്ഥനായതോടെ എഴുത്തിനുണ്ടായ ഇറക്കത്തെപ്പറ്റി മദൻ പറഞ്ഞു. കടന്നു കിട്ടാൻ വലിയ പ്രയാസമായിരുന്നെങ്കിലും, പഠനം കഴിഞ്ഞ് പത്തുകൊല്ലം പണിയില്ലാതെ നടന്ന കാലമാണ് എഴുതാൻ എന്നെ നിർബന്ധിച്ചത് എന്ന് ഞാൻ നന്ദിപൂർവം ഓർത്തു. ഞാൻ മദനുമായുള്ള പരിചയം പുതുക്കിയ സമയത്ത് അവൻ നാടകത്തിൽ നിന്ന് സിനിമയിൽ എത്തിച്ചേർന്നിരുന്നു. മദൻ പ്രധാന റോളിൽ അഭിനയിച്ച ആട്ടം എന്ന സിനിമ ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സംസാരത്തിനിടയിലാണ് മദൻ പറഞ്ഞത്, താൻ ഇപ്പോൾ കവിതകൾ എഴുതുന്നുണ്ടെന്ന്. ചില കവിതകൾ ആനുകാലികങ്ങളിൽ വരികയും ചെയ്തു.സന്തോഷകരമായ വാർത്തയായിരുന്നു അത്. ഇപ്പോളിതാ ആ കവിതകൾ പുസ്തരൂപത്തിൽ ഇറങ്ങുമ്പോൾ അതിന് ഒരു തുടക്കക്കുറിപ്പെഴുതാൻ അവൻ എന്നെത്തന്നെ നിയോഗിച്ചിരിക്കുന്നു. അതെ, എൻ്റെ തന്നെ സർഗ്ഗജീവിതത്തിലെ ഇന്നുവരെ അപ്രകാശിതമായ ഒരധ്യായം ഈ പുസ്തകത്തിലൂടെ പ്രകാശിതമാവുന്നു.

ഏതാണ്ടു നാല്പതു കൊല്ലം മുമ്പുള്ള ആ കാലത്തു നിന്ന് വളർന്നു വന്ന ഒരു കവിയെ ഈ ഒരു പിടി കവിതകളിലൂടെ തെളിച്ചെടുക്കാനാണ് ഈ ചെറിയ കുറിപ്പിലൂടെ ഞാൻ ശ്രമിക്കുന്നത്. അഥവാ അതെൻ്റെ ആവശ്യമാണ്. എന്നെ പൂരിപ്പിക്കലാണ്. ഭാഗ്യവശാൽ അതിനുതകുന്ന പല സൂചനകൾ വഴിക്കു വഴി ഇട്ടുതന്നുകൊണ്ടാണ് ഈ കവിതകൾ നീങ്ങുന്നത്. 1980 കൾക്കൊടുവിൽ മദനൻ എഴുതിത്തുടങ്ങിയ കാലത്തെ ശൈലി ഞാനോർമ്മിച്ചു, ഉറുമ്പുകളുടെ യാത്ര എന്ന കവിത വായിച്ചപ്പോൾ. അത് ഈ കൂട്ടത്തിലേറ്റവും പഴയ കവിതകളിലൊന്നാണോ എന്നു ഞാൻ പ്രത്യേകം അന്വേഷിച്ചിട്ടില്ല. അന്ന് പുതുമയുള്ളതായിരുന്നു ഈ ശൈലി. മൂർത്ത ചിത്രങ്ങളും അരണ്ട ചലനങ്ങളും ഭ്രമാത്മക കഥാസ്വഭാവത്തോടിണക്കി നിലനിൽപ്പിൻ്റെ ശൈഥില്യം കാവ്യരൂപത്തിലൂടെ തന്നെ വെളിപ്പെടുത്തുന്ന തരം എഴുത്തു രീതിയായിരുന്നു അവൻ്റേത് എന്നു ഞാനോർക്കുന്നു. ഉറുമ്പുകളുടെ യാത്രയിൽ ഇപ്പോഴുമെനിക്കാ ശൈലി വായിക്കാം. വറുതിക്കാലത്ത് ഇരതേടിപ്പോകുന്ന വരിയുറുമ്പുകൾക്ക് ഏതോ അണപ്പല്ലിൽ നിന്ന് ഒരിറച്ചിക്കഷണം കിട്ടുന്നു. അതു തിന്നു മദിച്ച ഉറുമ്പുകളോട് ശേഷിച്ച ഇറച്ചിത്തുണ്ട് ഇങ്ങനെ പറയുകയാണ്: "ഉറക്കം പിടിച്ച നേതാവിൻ്റെ ദേഹത്തുകൂടെയാണ് തിരിച്ചിറങ്ങുന്ന വഴി" ഉച്ഛിഷ്ടമായ ഇറച്ചിത്തുണ്ടം വഴി കാണിച്ചതിൻ്റെ ദുരന്ത ഫലശ്രുതിയെപ്പറ്റിത്തന്നെയാണ് തുടർക്കവിതകളിലും മദനൻ എഴുതുന്നത്.

എൻ്റെ ഓർമ്മയിൽ ബാക്കി നിൽക്കുന്ന മദനൻ്റെ കവിതാ ശൈലി കാണിക്കാനാണ് ഉറുമ്പുകളുടെ യാത്ര എന്ന കവിതയിൽ നിന്നു തുടങ്ങിയത്. ഉപശീർഷകങ്ങൾ നൽകി ഖണ്ഡങ്ങളായി കവിതയെഴുതുന്നതിൻ്റെ പുതുമ, വലിയ വായനയൊന്നും തുടങ്ങിയിട്ടില്ലാത്ത ഒരു പ്രീഡിഗ്രിക്കാരനായിരുന്ന എന്നെ അന്ന് ഏറെ ആകർഷിക്കുകയുണ്ടായി. അവൻ കവിതയെഴുതിയ കടലാസ് കണ്ടപ്പോഴത്തെ അത്ഭുതം ഇപ്പോഴും ഞാൻ ഓർക്കുന്നു. എന്നാൽ പ്രമേയപരമായി നോക്കിയാൽ ഈ കുറിപ്പിൽ പരാമർശിക്കേണ്ട ആദ്യകവിത ഇതല്ല എന്നു തോന്നുന്നു. അച്ഛനെ യാത്രയാക്കാനും സ്വീകരിക്കാനും വേണ്ടി കുട്ടിക്കാലത്ത് റെയിൽവേ സ്റ്റേഷനിലേക്കു തുടർച്ചയായി നടത്തിയ യാത്രകളാണ് തന്നെ മുതിർന്നവനാക്കിയത് എന്നാഖ്യാനം ചെയ്യുന്ന X എന്ന കവിത ആ നിലയിൽ ഒരു തുടക്കമാണ്. കുട്ടി മുതിരുന്നതിൻ്റെ മനോഹരമായ ആവിഷ്ക്കാരമാണാ കവിത. അച്ഛൻ വരുന്നു, പോകുന്നു. അച്ഛനെ യാത്രയാക്കാൻ കുട്ടി വരുന്നു, പോകുന്നു. അച്ഛൻ ഇറങ്ങി വരികയും കയറിപ്പോവുകയും ചെയ്ത തീവണ്ടി ഓരോ തവണയും അകന്നകന്നു പോകുന്നു. ഇതിനിടയിലൂടെ താൻ വലുതായി വലുതായി വരുന്നത് കുട്ടി അറിയുന്നു. ഇങ്ങനെ ചലനാത്മകമാണ് ആ കവിത. ലോകം തിരശ്ചീനമായി വിപുലപ്പെടുന്നതിനിടയിലൂടെ കുട്ടി ലംബമായി വളർന്നുയരം വച്ച് മുതിർന്നവനാകുന്നു. ആത്മകഥാപരമായിട്ടല്ലാതെ ഈ മുതിർച്ച വേറൊരു നിലയിൽ ആവിഷ്‌ക്കരിക്കുന്ന കവിതയാണ് വര. കലാകാരനായ ഒരു കുട്ടിയെക്കുറിച്ചാണത്. അവൻ നടത്തിയ കലാസൃഷ്ടികളൊക്കെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. അതവൻ്റെ ഉടമസ്ഥതാബോധത്തെ ഉണർത്തി. സൃഷ്‌ടികളെ നിയന്ത്രിക്കേണ്ടത് സ്രഷ്ടാവായ താൻ തന്നെയാണ്. ഏതു കലാകാരനിലുമുണ്ട്, അയാളെത്ര കുഞ്ഞായാലും ഒരു ഫാസിസ്റ്റ്. ഒടുവിൽ അവൻ രചിക്കുന്ന കലാസൃഷ്ടി അവനെത്തന്നെ പിടികൂടുന്നു. വരച്ച വീടുകൾ ജയിലായപ്പോൾ തെരുവിലേക്കിറങ്ങുകയല്ലാതെ വേറെ വഴിയുണ്ടായില്ല. മുമ്പ് അവനിൽ നിന്ന് അവൻ്റെ സൃഷ്ടികൾ രക്ഷപ്പെട്ടതുപോലെ സ്വന്തം സൃഷ്‌ടിയായ വീടെന്ന ജയിലിൽ നിന്ന് അവൻ സ്വാതന്ത്ര്യത്തിനായി തെരുവിലിറങ്ങുന്നു. തെരുവ് ജീവിതമായി അവനെ മുറിപ്പെടുത്തുന്നു. മുറിവ് അവനെ അറിവിലേക്കുയർത്തുന്നു. സൃഷ്ടിയുടെ കാലത്ത് കലാകാരൻ അരയന്നത്തെ അമ്പെയ്ത ദേവദത്തനായിരുന്നു. സ്വന്തം സൃഷ്‌ടി തന്നെ അയാളെ തടവിലടയ്ക്കാൻ ശ്രമിക്കുമ്പോൾ ആ മുറിവ് ദേവദത്തനെ സിദ്ധാർത്ഥനാക്കുന്നു. രത്നാകരൻ്റെയും വാല്മീകിയുടെയും കഥക്കു പകരം പുതിയൊരു ദേവദത്ത - സിദ്ധാർത്ഥ കഥ കവി രചിക്കുന്നു. ഈ കഥയനുസരിച്ച് ഒരേ കലാകാരനിലെ ഹിംസാലുവായ ഫാസിസ്റ്റും അറിവുദിച്ച വിവേകിയുമാണ് യഥാക്രമം ദേവദത്തനും സിദ്ധാർത്ഥനും. ആവിഷ്ക്കാരത്തിലെ ഹിംസാത്മകയെ കുടഞ്ഞുകളയുന്ന കലാകാരൻ്റെ മുതിർച്ചയെക്കുറിച്ചാണ് ഈ കവിത. ജയിലായ വീട് വിട്ടു പോയ കുട്ടി പിന്നീട് വളരെക്കാലം കഴിഞ്ഞ് കാണാതായവൻ എന്ന കവിതയിലൂടെ തിരിച്ചെത്തുമ്പോൾ കാണുന്നത് "ചുമരിൻ മുഖത്ത് അറിയാതെ പിണഞ്ഞ ഒരടിയുടെ പാടു പോലെ ചില്ലിട്ട" സ്വന്തം ചിത്രമാണ്. അതെ, കാണാതെ പോയ തന്നെ കണ്ടെത്താനുള്ള ശ്രമങ്ങളും ആ ശ്രമങ്ങൾ നൽകുന്ന തിരിച്ചറിവുകളുമാണ് മദനൻ്റെ കവിതകൾ.

ജീവിതപ്രവാഹത്തിൽ ഒഴുകുന്നതായി കവി സ്വയം കാണുന്നു. പുഴയെന്നു പറയാനാവാത്തൊരു നീർച്ചാലിനു നടുവിലെ വലിയൊരു പാറ ഒടുക്കം ചെറിയൊരു കല്ലാകുംപോലെ പൊതു മലയാളി ബുദ്ധിജീവിതത്തിലൂടെ ഒഴുകിയൊഴുകി താൻ ഇമ്മട്ടിൽ ഉരുവപ്പെട്ടിരിക്കുന്നു. അതെ, സമകാല ജീവിതത്തിൻ്റെ ശേഷിപ്പുമാത്രമാണ് താൻ. ബുദ്ധിജീവിതം അഥവാ ഒരു കല്ലിൻ്റെ കഥ എന്ന ഈ കവിതയുടെ തുടർച്ചയായി, മലയാളി ബുദ്ധിജീവിതത്തിലൂടെ ഒഴുകുന്ന രണ്ടു കല്ലുകളെ കാണിച്ചു തരുന്നു വൈരുദ്ധ്യാത്മക ജീവിതവാദം എന്ന കവിത. ഉപഭോഗാസക്തിയും ധൈഷണികാവേശവും ഇടപിണഞ്ഞ ജീവിതമാണ് നമ്മെ ഇങ്ങനെ ഉച്ഛിഷ്ടങ്ങളോ അവശിഷ്ടങ്ങളോ ആക്കുന്നത്. ഈ സമ്മർദ്ദത്തിൽ പെട്ടു ചതഞ്ഞരയുന്നത് ഏറ്റവും സ്വാഭാവികമായ ഭാവങ്ങളും വികാരങ്ങളുമാണ്. അവയുടെ സ്ഥാനം ഇമോജികൾ കയ്യേറിക്കഴിഞ്ഞു. വികാരങ്ങളില്ല, ശേഷിച്ചത് ഇമോജികൾ. അവയുമിതാ തീർന്നിരിക്കുന്നു. പുതിയ ഇമോജിക്കായി പരതിപ്പരതിത്തളരുന്ന ദൈവത്തെക്കുറിച്ചാണ് ഇമോജികളുടെ ഘോഷയാത്ര എന്ന കവിത.

വൈകാരികതയുടെ അപ്രത്യക്ഷമാകലും ഗ്രാമീണതയുടെ മായലും തമ്മിൽ ബന്ധമുണ്ടെന്ന് ഈ കവിതകൾ ചൂണ്ടിക്കാട്ടുന്നു. പാലക്കാടൻ ഗ്രാമത്തിൽ നിന്ന് മകൻ്റെ ജഡം ഏറ്റുവാങ്ങാൻ നഗരത്തിലെത്തുന്ന 'കടൽത്തീരത്തി'ലെ വെള്ളായിയപ്പൻ നഗരവഴികളിൽ നിലച്ചു പോകുന്നതായി ഒരു കവിതയിൽ മദനൻ എഴുതുന്നു. മുത്തശ്ശിയെക്കുറിച്ചുള്ള ഓർമ്മനനവിൻ്റെ ശേഷിപ്പ് കർക്കടകത്തിൻ്റെ കടവിലൊരു കാക്കയായി മാറുന്നു. ബന്ധങ്ങളുടെ ബാക്കിയായി ആക്രി സാധനങ്ങളും കറൻ്റുബില്ലും മാറുന്നു,നഗരകവിതകളിൽ. ഗ്രാമം കുട്ടിയും നഗരം മുതിർച്ചയുമാകുന്നു. കഴിഞ്ഞ നാല്പതു കൊല്ലംകൊണ്ട് കേരളത്തിനുണ്ടായ മാറ്റം അതിൻ്റെ വൈകാരിക ആഴത്തോടെ ഈ കവിതകളിൽ നിഴലിക്കുന്നു. അഥവാ വൈകാരികത കൈമോശമാകുന്നതിനെക്കുറിച്ചോർത്തുള്ള ഉൽക്കണ്ഠാകുലമായ ആഴത്തോടെ. ആ ആഴം സാന്ദ്രമാകുക സ്പർശത്തിലാണ്. തൊട്ടുകൂടായ്മയുടെ ഭൂതകാലത്തിൽ നിന്ന് കഴിഞ്ഞ ഒരു നൂറ്റാണ്ടുകൊണ്ട് തൊട്ടു വളർന്നവനാണ് മലയാളി. ഇന്നു വീണ്ടും നാം തമ്മിൽ തൊടാതായിരിക്കുന്നു എന്ന് മദനൻ്റെ കവിത നെടുവീർക്കുന്നു. തൊട്ടു സംസാരിച്ചിരുന്ന ഒരു കൂട്ടുകാരൻ്റെ മരണത്തെക്കുറിച്ചുള്ള തൊട്ട് എന്ന കവിത തൊടലിൻ്റെ കേരളചരിത്രത്തെ വൈകാരികതയോടെ തൊട്ടുണർത്തുന്നു. കൂട്ടുകാരൻ മരിച്ചിരിക്കുന്നു. അവൻ്റെ തൊടൽ ശേഷിക്കുന്നു.

അതെ, എല്ലാ നിലയിലും ശേഷിപ്പുകളുടെ പുസ്തകമാണ് ഇത്. അര നൂറ്റാണ്ടുകാലത്തെ തൻ്റെയും നാടിൻ്റെയും ജീവിതത്തിൻ്റെ ശേഷിപ്പെന്ത് എന്ന് ഇവ പരിശോധിക്കുന്നു. മരിച്ചുപോയ മുത്തച്ഛൻ്റെ ഓർമ്മയുടെ ശേഷിപ്പായി തൻ്റെ എഴുത്തു മേശപ്പുറത്തെ തന്നെ കവി കാണുന്നു. ആത്മബന്ധങ്ങളുടെ ശേഷിപ്പാകുന്നു എഴുത്ത്, കവിത. ഐറിഷ് കവി ഷീമസ് ഹീനി പ്രശസ്തമായ കിളക്കൽ (Digging) എന്ന കവിതയിൽ കർഷകനായിരുന്ന മുത്തച്ഛൻ മണ്ണിൽ കിളച്ച് ഉരുളക്കിഴങ്ങു നടുന്നതിൻ്റെ ഒരു ചിത്രം വരയുന്നുണ്ട്. തുടർന്നു കവി പറയുന്നു, എന്തു ചെയ്യാം, താൻ കർഷകനായില്ല, തൻ്റെ കയ്യിലുള്ളത് കൈക്കോട്ടല്ല, പേനയാണ്, ആ പേനകൊണ്ട് താൻ കിളക്കും എന്ന്. ആത്മബന്ധങ്ങളുടെ ശേഷിപ്പാണ് തൻ്റെ എഴുത്ത് എന്ന് മദൻബാബുവിൻ്റെ പച്ച എന്ന കവിത മറ്റൊരു വിധത്തിൽ പറയുന്നു. മുത്തച്ഛനെ അടക്കിയ ആൽച്ചുവടും മുത്തച്ഛനിരുന്ന പാളംകല്ലും കുളിക്കാൻ ഇറങ്ങിപ്പോയ ഒതുക്കുകളും ഉറങ്ങാൻ കിടന്ന നീളൻ കല്ലും തലചായ്ച്ച വേരുമെല്ലാം ആ ബന്ധത്തിൻ്റെ തിരുശേഷിപ്പുകളായി കവിതയിൽ കടന്നുവരുന്നു.

മനസ്സിൽ പല കാലത്തടിഞ്ഞവയെല്ലാം വലിച്ചു പുറത്തിടുന്നതിനെക്കുറിച്ചുള്ള ഒരു സ്വപ്‌നമാണ് ആഴത്തിലുയരത്തിൽ എന്ന കവിത. കിണറ്റിൽ വീണവ പുറത്തെടുക്കുംപോലെ കവി കവിതയിൽ നിന്ന് ശേഷിപ്പുകൾ പുറത്തെടുക്കുന്നു. ഉപേക്ഷിക്കപ്പെട്ട നഗരത്തിൽ ശേഷിച്ചവ കുഴിച്ചെടുക്കുന്നു ഉദ്ഖനനം എന്ന കവിത. ഉപേക്ഷിക്കപ്പെട്ട മനസ്സു തന്നെയാണാ നഗരം എന്ന് അടിവരയിടുന്നുണ്ട് കവി. ഇങ്ങനെ പുറത്തിടുന്ന അവശിഷ്ടങ്ങൾ ഒരേ സമയം നഷ്ടങ്ങളും ഇഷ്ടങ്ങളും ശിഷ്ടങ്ങളുമാണെന്ന് സീൻ മഹസ്സർ എന്ന കവിതക്കൊടുവിൽ കവി തുറന്നു പറയുന്നുണ്ട്.

എല്ലാറ്റിലുമുണ്ട്
അടർന്നുപോയ ജീവൻ്റെ ശിഷ്ടം
അടരാനാവാത്ത
ജീവിതത്തിൻ്റെ ഇഷ്ടം.

അടർന്നു പോയവയും അടരാനാവാത്തവയും ഈ അവശിഷ്ടങ്ങളിൽ സംഗമിക്കുന്നു.കൊല നടന്ന സ്ഥലത്തെ ശേഷിപ്പുകളിൽ നിന്നാണ് സീൻ മഹസ്സർ തുടങ്ങുന്നത്. പുസ്തകത്തിൽ തൊട്ടടുത്തായി ചേർത്തിരിക്കുന്ന കവിത സ്വാഭാവികമായി കാലമൃത്യുവടഞ്ഞ മുത്തച്ഛനെക്കുറിച്ചുള്ള, നേരത്തേ പരാമർശിച്ച പച്ച എന്ന കവിതയാണ്. ഒരേ സമയം ഹിംസാത്മകവും സൃഷ്ട്യുൻമുഖവുമായ കാലത്തിൻ്റെ ശേഷിപ്പുകളെക്കുറിച്ചാണ് കവി ഈ കവിതകളിലൂടെ ആവർത്തിച്ചു പറയുന്നത്. കഴിഞ്ഞു പോയതിൻ്റെ ശേഷിപ്പുകളിൽ ദുരഭിമാനംകൊണ്ടു പുലരുന്ന ഇന്ത്യൻ ജനതയുടെ രാഷ്ട്രീയ ജീവിതത്തെ വിചാരണ ചെയ്യുന്നുണ്ട് കോൾമയിർ എന്ന കവിത. ഹിംസയുടെ ശേഷിപ്പാകുന്നു ഏതു കേണലിൻ്റെയും ഏകാന്തജീവിതം എന്ന് മറ്റൊരു കവിതയിൽ(ഏകാന്തം).

ഇങ്ങനെ അവശിഷ്ടങ്ങളുടെ രൂപകഭാഷകൊണ്ട് സംസാരിക്കാൻ ശ്രമിക്കുന്ന കവിതയാകുന്നു മദനൻ്റേത്. അവ സ്വയം അവശിഷ്‌ടമായി മാറുന്നില്ല.പൂച്ച,സന്യാസി എന്ന കവിതയിലെപ്പോലെ ഒരട്ടറിമറി ഈ കവിതകളെ ശേഷിപ്പുകളല്ലാതാക്കുന്നു. ശേഷിപ്പുകളിലേക്കു ചൂണ്ടുന്ന വിരലുകളാക്കുന്നു.നാല്പതു കൊല്ലം മുമ്പ് തൻ്റെ കവിതയെയും കൊണ്ട് മല കയറിപ്പോയ മദനനല്ല ഇത്. ധ്യാനം കഴിഞ്ഞ് മദനനെയും കൊണ്ട് മലയിറങ്ങി വരുന്ന കവിതയാണിത്. അന്നറിഞ്ഞ ആ ചങ്ങാതി പിന്നെവിടെപ്പോയോ? നാല്പതുകൊല്ലം കഴിഞ്ഞ് അവൻ്റെ കവിതയെ ഇന്നറിയുന്നു. കവി അതിൻ്റെ മറവിൽ. സന്യാസിയെയും കൊണ്ട് പൂച്ച എന്നപോലെ മദനനെയും കൊണ്ട് അവൻ്റെ കവിത.ഇനി കവിയല്ല,കവിതയാണ് മുന്നിൽ നിന്നു നമ്മളോടു സംസാരിക്കുക.

No comments:

Post a Comment