പച്ചയുടെ ശൈത്യകാലം
ഹ്യൂഗോ ലിൻഡോ (എൽ സാൽവഡോർ, ഭാഷ സ്പാനിഷ്,1917 - 1985)പുരാവൃത്തസാരമിതാ:
കല്ലിൻ കുടൽമാലകളിൽ
ഒരു നിറം ജനിച്ചു.
മരതകമെന്നായിരുന്നു
അതിന്നു പേര്.
വെളിച്ചത്തിനായതു ദാഹിച്ചു.
ഉപരിതലം തേടി,കണ്ടെത്തി,
സഹിച്ചനുഭവിച്ചു.
ദൈവങ്ങൾക്കു മനസ്സിലായി.
"തരിശു സമതലങ്ങളിൽ പച്ചപ്പുണ്ടാവട്ടെ
ആയിരം രൂപങ്ങളിൽ പച്ചപ്പ് ജീവൻ വെക്കട്ടെ.
അതിൽ വിശ്രമിച്ചുകൊണ്ട്
നമ്മുടെ ഏഴു രശ്മികളിലൊന്ന്
ലോകത്തിൻ്റെ അരക്കെട്ടിനെ പ്രകാശിപ്പിക്കട്ടെ"
അങ്ങനെ പച്ചയുണ്ടായി.
പിന്നെയതു പഠിച്ചു,
നല്ലതിൽ നിന്നു തിന്മയിലേക്ക്,
പ്രാക്തന വന്ധ്യ നിഷ്‌കളങ്കതയിൽ നിന്ന്
പഴത്തിൻ്റെ മധുര മുഴുപ്പിലേക്ക്,
സാവധാനം വളരുന്നതിൻ്റെ ശാസ്ത്രം.
(മഴവഴികൾ എന്ന കവിതാപരമ്പരയിലെ ഒരു ഖണ്ഡം)
No comments:
Post a Comment