മണ്ണിനാൽ ഉടൽ, മാനത്താൽ ശിരസ്സ് : സാവിത്രി മഹേശ്വരൻ്റെ കവിതകൾ
സാവിത്രി മഹേശ്വരനെ പരിചയപ്പെട്ടത് എൻ്റെ വായനാജീവിതത്തിലെ മറക്കാനാവാത്ത ഒരനുഭവമാണ്.പത്തുപന്ത്രണ്ടു വർഷം മുമ്പാണത്. കേരളസാഹിത്യ അക്കാദമിയുടെ അയ്യന്തോൾ അപ്പൻതമ്പുരാൻ സ്മാരകത്തിലെ മാസികാശേഖരത്തിലിരുന്ന് പഴയകാല ആഴ്ച്ചപ്പതിപ്പുകളിൽ വന്ന കവിതകൾ വായിക്കുകയായിരുന്നു ഞാൻ. അപ്പോഴാണ് യാദൃച്ഛികമായി 1966 ലെ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൻ്റെ ഒരു ലക്കത്തിൽ ആകുമോ എന്ന പേരിൽ ഒരു കവിത വായിക്കുന്നത്. മനോഹരമായ ആ ഭാവഗീതം ഒറ്റവായനയിൽത്തന്നെ എനിക്കിഷ്ടപ്പെട്ടു. അച്ചടിക്കപ്പെട്ട് പത്തുനാല്പതു കൊല്ലം കഴിഞ്ഞാണ് എൻ്റെ വായന എന്നോർക്കണം.ആധുനികതയുടെ പുതുമുദ്രകൾ പതിഞ്ഞ കാലമായിരുന്നല്ലോ 1960 കൾ. സുഗതകുമാരിയല്ലാതെ പുതിയ പെൺസ്വരങ്ങളൊന്നും ആധുനികതയിൽ ഉയർന്നുകേൾക്കാതെ പോയതിനെപ്പറ്റി വിമർശനാത്മകമായ ചില ചിന്തകൾ എന്നിൽ രൂപം കൊണ്ട സമയവുമായിരുന്നു അത്. ആ കാലത്ത് ഒറ്റക്കൊറ്റക്ക് ചില നല്ല കവിതകളെഴുതിയ പെൺകവികൾ പിന്നീട് നിശ്ശബ്‌ദരായതാണ് എന്നെ ചിന്തിപ്പിച്ചത്. അറിയപ്പെടുന്ന സ്ത്രീപക്ഷവാദികളായിരുന്നു ആധുനികരിൽ മിക്കവരും. എന്നിട്ടും കവിതയിൽ തങ്ങൾക്കൊപ്പം പെൺസ്വരങ്ങളില്ലെന്ന് അവരാരും തിരിച്ചറിഞ്ഞില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി. സുഗതകുമാരിയാകട്ടെ ആധുനികതക്കു മുമ്പു വന്ന എഴുത്തുകാരിയാണ്. ആധുനികതയിൽ നിന്ന് തനിക്കു വേണ്ടത് അവരുൾക്കൊണ്ടു എന്നുമാത്രം. ആധുനികതയുടെ കാലത്ത് എഴുതി വന്ന ചെറുപ്പക്കാർക്കിടയിൽ സ്ത്രീകൾ ഏറെയുണ്ടായിരുന്നില്ല. ഒ വി ഉഷ, ലളിതാ ലെനിൻ എന്നീ രണ്ടു കവികൾ മാത്രമേ എൻ്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അക്കാലത്തെ വാരികകളിൽ വന്ന സ്തീകളുടെ കവിതകൾ ഞാൻ പ്രത്യേകം ശ്രദ്ധിക്കുകയുണ്ടായി.ആ പശ്ചാത്തലത്തിലാണ് സാവിത്രി മഹേശ്വരൻ എന്ന പേരും ആകുമോ എന്ന കവിതയും എൻ്റെയുള്ളിൽ പതിഞ്ഞത്.
കവിതവായനയെക്കുറിച്ചുള്ള ഒരു കവിതയായിരുന്നു അത്. കൃത്യമായി പറഞ്ഞാൽ തൻ്റെ കവിതയുടെ വായനക്കാരൻ/കാരിയെപ്പറ്റി കവിക്കുള്ള വേവലാതിയുടെ ആവിഷ്ക്കാരം. പ്രകൃതിയുടെ സൂക്ഷ്മഭംഗികളെല്ലാം നമുക്കു കാണാനവസരമുണ്ട്. പക്ഷേ ഒരു കവിതാസ്വാദകമുഖം, ഈരടിയുണർത്തുന്ന ഒരു മുഖം എന്നെങ്കിലും കാണാനാകുമോ എന്ന കവിയുടെ ഉൽക്കണ്ഠയാണ് ഞാനാ കവിതയിൽ വായിച്ചത്. അരനൂറ്റാണ്ടു കഴിഞ്ഞ് ആ കവിത വായിച്ചപ്പോൾ, എഴുതിത്തുടങ്ങുക മാത്രം ചെയ്തിട്ടുള്ള എൻ്റെ തന്നെ ഉൽക്കണ്ഠയായിരുന്നു അത്. ഇപ്പോൾ വായിക്കുമ്പോഴുമതെ, കവി എന്ന നിലയിൽ ദൃശ്യതയുണ്ടായിട്ടുപോലും ആ ഉൽക്കണ്ഠ അതേപടി എന്നിലുണ്ട്."ഈരടിയുണർത്തും നിൻ മുഖമാകുമോ കാൺമാൻ?" കവിയുടെ, കവിതയുടെ അനാഥത്വത്തിൻ്റെ വേദന ആ കവിതയിൽ നിന്ന് എന്നിലേക്ക് പുരണ്ടു. സാവിത്രി മഹേശ്വരൻ്റെ മറ്റു കവിതകൾ അന്വേഷിച്ചെങ്കിലും എനിക്കു കണ്ടെത്താൻ കഴിഞ്ഞില്ല.
ആ കവിതയിലെ പ്രകൃതിചിത്രങ്ങൾ ഒരുതരം നഷ്ടബോധവിഷാദവും എന്നിലുണ്ടാക്കി. അന്നത്തെ കേരളീയ പ്രകൃതിയുടെ വിപുലമായ ഒരു ചിത്രമല്ല കവി വരച്ചിടുന്നത് എങ്കിലും. ഇലകളിൽ തെളിഞ്ഞും മേഘച്ചാർത്തിൽ ഒളിഞ്ഞും സുഖസ്മൃതിയുണർത്തുന്ന ഇളവെയിൽ എനിക്കും ശ്രദ്ധിച്ചാൽ കാണാവുന്ന കാഴ്ച്ച തന്നെ (അതൊക്കെ ശ്രദ്ധിക്കാനുള്ള മനസ്സാണ് നഷ്ടമായത്) വീടുകൾക്ക് മതിലുകൾ ഇന്നുമുണ്ട്. പക്ഷേ കാറ്റു തട്ടുമ്പോൾ ഞെട്ടിക്കുളിരാർന്നിറുകുന്ന കാട്ടുതിപ്പലിയോ? മതിലോരത്ത് പടർന്നു നിന്നിരുന്ന ആ സ്വാഭാവിക സസ്യത്തെ ഇന്ന് എനിക്കു കണ്ടുപരിചയമില്ല.മൺമറഞ്ഞു പോകുന്ന സസ്യലതാദികളുടെ ഒരു നീണ്ട ലിസ്റ്റിൻ്റെ ഭാഗമായല്ല ഈ കവിതയിൽ കാട്ടുതിപ്പലി തഴച്ചു നിൽക്കുന്നത്. മറിച്ച്1966 ൽ പതിനെട്ടോ ഇരുപതോ മാത്രം വയസ്സുള്ള ഒരു പെൺകുട്ടി എഴുതിയ കവിതയിൽ കാട്ടുതിപ്പലി എന്ന ചെടി സ്വാഭാവികമായി കടന്നുവരുന്നു. എൻ്റെ കവിതക്ക് കാട്ടുതിപ്പലിയെ തിരിച്ചറിയാനാവുന്നില്ലല്ലോ എന്നത് എന്നെ ദുഃഖിപ്പിച്ചു.
നല്ലൊരു കവിത ഉള്ളിൽപ്പെട്ടാൽ പിന്നെ അതിൻ്റെ സുവിശേഷകരാവുമല്ലോ നമ്മൾ. ഈ കവിതയെക്കുറിച്ചും സാവിത്രി മഹേശ്വരൻ എന്ന കവിയെക്കുറിച്ചും ഞാൻ പലരോടും പറഞ്ഞു. ആർക്കുമറിയില്ല അങ്ങനെയൊരാളെ. ഒടുവിൽ ഒരിക്കൽ എഴുത്തുകാരി കെ. പി ശൈലജട്ടീച്ചറോട് എന്തോ സംസാരത്തിനിടയിൽ ആ പേരു പറഞ്ഞപ്പോഴാണ് ഒരു സാവിത്രി മഹേശ്വരനെ തനിക്കറിയാം, അവർ പക്ഷേ കവിതയൊന്നും എഴുതിയതായി അറിയില്ല, കോഴിക്കോട് ഗവ. ആർട്സ് കോളേജിലെ സംസ്കൃതം അദ്ധ്യാപികയായിരുന്നു,റിട്ടയർ ചെയ്ത് ഇപ്പോൾ വിശ്രമജീവിതമാണ് എന്നു പറഞ്ഞത്. അവരുടെ നമ്പറും സംഘടിപ്പിച്ചു തന്നു. ആ പേരിൻ്റെ അപൂർവ്വതകൊണ്ട്, ഞാൻ ഉദ്ദേശിച്ച ആൾ ഇവർ തന്നെയാകാം എന്നു തോന്നുകയാൽ ആ നമ്പറിൽ വിളിച്ചു. ഫോണെടുത്തയുടനെ 1966 ൽ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ സാവിത്രി മഹേശ്വരൻ എന്ന പേരിൽ കവിതയെഴുതിയ ആളാണോ എന്നു ചോദിച്ചു. ഇതെന്തു കുലുമാലാണോ എന്നു തോന്നിയാകണം അവർ ആകെ ബേജാറായി. എങ്കിലും അതെ എന്നു സമ്മതിച്ചു. പിന്നീടധികമൊന്നും എഴുതിയിട്ടില്ല എന്നു പറഞ്ഞു. കൂടുതൽ അന്വേഷിച്ചപ്പോൾ 1971 ൽ സച്ചിദാനന്ദൻ എഡിറ്റു ചെയ്ത ജ്വാലയിലും 1976 കാലത്ത് എം.ഗോവിന്ദൻ എഡിറ്റു ചെയ്ത കലാകൗമുദിയിലും കവിതകൾ വന്നത് പറഞ്ഞു. ആ കവിതകൾ പിന്നീടവർ കണ്ടെത്തി തരികയും ചെയ്തു.
കവിതക്കുവേണ്ടി ഞാൻ തിളനില എന്ന മാഗസിൻ എഡിറ്റു ചെയ്യുന്ന സന്ദർഭമായിരുന്നു അത്. തിളനിലയുടെ മൂന്നാം ലക്കത്തിൽ (2020) വീണ്ടെടുപ്പ് എന്ന പംക്തിയിൽ ടീച്ചറുടെ പഴയ കവിതകൾ പുനപ്രകാശനം ചെയ്തുവന്നു. അതിനു ശേഷം ടീച്ചർ എഴുത്തിൽ വീണ്ടും സജീവമായി. ജീവിതഗതിയിൽ കവിതയെഴുത്തു നിർത്തിയ ഒരാൾ വർഷങ്ങൾക്കു ശേഷം വീണ്ടും എഴുതാൻ തുടങ്ങി. 17-18 വയസ്സിൽ അസ്സലായി എഴുതിയിരുന്ന ഒരു പെൺകുട്ടി അറുപതു വർഷത്തോളം കഴിഞ്ഞ് തൻ്റെ കവിതയെ തിരിച്ചുപിടിക്കുന്നതിൻ്റെ ഹൃദയസ്പർശിയായ സാക്ഷ്യമാണ് ഇപ്പോൾ നമ്മുടെ മുന്നിലിരിക്കുന്ന അലസം അടിത്തട്ടിൽ എന്ന ഈ കവിതാസമാഹാരം.സർഗ്ഗാത്മകതക്കു മരണമില്ല എന്ന് ഈ പുസ്തകം നമ്മോടു പറയുന്നു.
പിന്നീട് കൂടുതൽ ഇടപഴകിയപ്പോൾ ടീച്ചർ താനെഴുതിത്തുടങ്ങിയ കാലത്തെക്കുറിച്ചു ധാരാളം സംസാരിച്ചു. പാലക്കാട് വിക്ടോറിയ കോളേജിൽ പഠിക്കുന്ന കാലത്ത് എഴുതിയ കവിതയാണ് ഇത്. അന്ന് വിക്ടോറിയയിൽ വിദ്യാർത്ഥിനിയായിരുന്ന അടുത്ത കൂട്ടുകാരി ഉഷയാണ് ഈ കവിത മാതൃഭൂമിയിലേക്ക് അയച്ചത്. ഉഷയും കവിത എഴുതിത്തുടങ്ങിയിരുന്നു. ഉഷയുടെ ഏട്ടൻ വിജയനാകട്ടെ മലയാളത്തിലെ എക്കാലത്തെയും മാസ്റ്റർപീസായ തൻ്റെ നോവൽ ഖസാക്കിൻ്റെ ഇതിഹാസം പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും കഥാകൃത്തെന്ന നിലയിൽ അന്നേ പ്രശസ്തൻ. ടീച്ചർ എഴുതിത്തുടങ്ങിയ കാലത്തെ സാംസ്കാരിക പശ്ചാത്തലം ആദ്യകവിതയുടെ ഈ പിൻകഥയിൽ നിന്നുതന്നെ വ്യക്തം. ബിരുദപഠനത്തിനു ശേഷം ടീച്ചർ പട്ടാമ്പി കോളേജിൽ എം.എ സംസ്കൃതത്തിനു ചേർന്നു. അപ്പൊഴേക്കും കുടുംബജീവിതത്തിലേക്കു കടന്നിരുന്നു. തുടർന്നെഴുതിയ കവിതകൾ ജ്വാലയിലും കലാകൗമുദിയിലും വെളിച്ചം കണ്ടു. പിന്നീട് അധ്യാപനജോലിയുടെയും കുടുംബജീവിതത്തിൻ്റെയും തിരക്കുകൊണ്ടാവുമോ എന്തോ ടീച്ചർ അധികമെഴുതിയില്ല. ഇങ്ങനെയൊരാൾ എഴുതിത്തുടങ്ങിയിരുന്നു, ഇപ്പോൾ കാണുന്നില്ലല്ലോ എന്ന് ആരും ഓർത്തതുമില്ല. സാവിത്രി മഹേശ്വരൻ്റെ കവിതാ ജീവിതത്തിൻ്റെ ലഘുവായ ഈ ആദ്യഘട്ടം ഇവിടെ അവസാനിക്കുന്നു.
ആ പഴയ ഓർമ്മകളെ ഒന്നുണർത്തിയപ്പോൾ ടീച്ചർ ധാരാളമായി എഴുതിത്തുടങ്ങി. ഇത്രയും വർഷങ്ങളുടെ വേർപാടിനു ശേഷം കവിതയിലേക്കു തിരിച്ചു വരുമ്പോഴും പുതുമയോടെ എഴുതാൻ സാവിത്രി മഹേശ്വരനു കഴിയുന്നു.ആധുനികതയുടെ ഉച്ചഘട്ടത്തിൽ ഇവരെപ്പോലെ ഒരു എഴുത്തുകാരി നിശ്ശബ്ദയായത് എന്തുകൊണ്ടാവാം എന്ന പ്രശ്‌നം തീർച്ചയായും പഠിക്കേണ്ടതാണ്. എഴുതിത്തുടങ്ങി പിന്നീട് നിശ്ശബ്ദയായി വർഷങ്ങൾക്കു ശേഷം വീണ്ടും എഴുതാൻ തുടങ്ങിയ ഒരെഴുത്തുകാരിയുടെ രചനകൾ സാമാന്യമായി പരിചയപ്പെടുത്താൻ ഉതകേണ്ട ഈ ആമുഖക്കുറിപ്പിൻ്റെ ഊന്നൽ ആധുനികതാവിമർശനമായി മാറരുത് എന്ന വിചാരത്തിൽ അത്തരമൊരു പഠനത്തിന് ഇവിടെ ശ്രമിക്കുന്നില്ല. ആ പ്രശ്‌നത്തിലേക്കു വിരൽ ചൂണ്ടുന്ന ഒരു കാര്യം മാത്രം ഇവിടെ സൂചിപ്പിക്കട്ടെ. സഹജമായ ഒരാത്മീയഭാവം മലയാളത്തിലെ പെൺകവിതാധാരക്ക് തുടക്കം മുതൽ ഉണ്ടായിരുന്നു. എന്നാൽ മലയാള ആധുനികത ഭാഷാശില്പങ്ങൾ കെട്ടിപ്പടുക്കുന്ന തിരക്കിൽ സഹജമായ ഈ ആത്മീയഭാവത്തെ അവഗണിച്ചു. പിന്നീട് വീണ്ടും എഴുതിയപ്പോഴും സാവിത്രി ടീച്ചറുടെ കവിതകളിൽ അടിയൊഴുക്കായി തുടർന്നത് ആ ധാര തന്നെയാണ്.
അഗാധത്തിൽ ഒരടിത്തട്ടും അത്യുന്നതിയിൽ ഒരു മേൽത്തട്ടും ഈ കവിതകളിലുണ്ട്. ഈ പുസ്തകത്തിലെ ഏറ്റവും പഴയ കവിതയായ ആകുമോ തുടങ്ങുന്നത് നനയും ഇലകളിൽ തെളിഞ്ഞും മേഘച്ചാർത്തിൽ ഒളിഞ്ഞുമെത്തി സുഖസ്മൃതിയുണർത്തുന്ന ഇളവെയിലിനെപ്പറ്റി പറഞ്ഞു കൊണ്ടാണ്. തുടർന്നു വരുന്നത് "കാറ്റു തട്ടുമ്പോൾ ഞെട്ടിക്കുളിരാർന്നിറുകുന്ന കാട്ടുതിപ്പലി കെട്ടിപ്പിണഞ്ഞ"മതിലോരമാണ്. ആ ദൃശ്യപരമ്പര മഴമേഘത്തിൽ ചെന്നു തൊടുന്നു. ഇങ്ങനെ മണ്ണും വിണ്ണും ചേർത്തിണക്കാനുള്ള ശ്രമമാണ് സാവിത്രി ടീച്ചറുടെ കവിതകൾ. കാളിദാസ ഭാവനയെ ഓർമ്മിപ്പിക്കുന്ന ഒരാശയമാണ് മണ്ണും വിണ്ണും ചേർത്തിണക്കൽ. തീർച്ചയായും ഭൂമിഗീതങ്ങളെഴുതിയ വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കവിതകളും ആകാശക്കാഴ്ച്ചയിൽ മതിമറന്ന് "അഹോ ഉദഗ്ര രമണീയാ പൃഥിവീ" എന്നു വിസ്മയിച്ച കാളിദാസ ഭാവനയും ഭൂസ്വർഗ്ഗങ്ങളെ ബന്ധിപ്പിക്കുകയാണ് കാളിദാസൻ എന്നു നിരീക്ഷിച്ച ടാഗോറിൻ്റെ സാഹിത്യലോകവും സാവിത്രി ടീച്ചറിൻ്റെ കവിതകളുടെ പിന്നിൽ സ്വാധീനശക്തിയായുണ്ട്.ആഴങ്ങളും ഉയരങ്ങളും ഒരു ബിന്ദുവിൽ ഏകാഗ്രമാക്കാനുള്ള ഈ ശ്രമം തീർച്ചയായും ആത്മീയമാണ്. അവയെ തമ്മിലിണക്കുന്ന ഒരു വള്ളിയൂഞ്ഞാലിലാണ് ആഖ്യാതാവിൻ്റെ ഗൃഹാതുരമായ മയക്കം.പൂവ്, പുഴ, പ്രകൃതി, വീടിനോടും നാടിനോടുമുള്ള ഗൃഹാതുരത എന്നിവയെല്ലാം സ്വാഭാവികവും സൂക്ഷ്മവുമായിത്തന്നെ ഈ കവിതകളിൽ കാണാം. നാട്ടിൻപുറത്തെ കുന്നിൻ ചെരുവിലെ പാറപ്പരപ്പിലിരിക്കുമ്പോൾ കാലിൽ തടഞ്ഞ മുക്കുറ്റിപ്പൂവിനെക്കുറിച്ചൊരു കവിത ഇതിലുണ്ട്.
നിൻ്റെ പേനത്തുമ്പു തട്ടിയതോർത്തിട്ടു
തന്നെയാവാമതിന്നിന്നിത്ര പുഞ്ചിരി
കാലല്ല പൂവിൽ തടഞ്ഞത്, കവിയുടെ പേനത്തുമ്പാണ്. പേനത്തുമ്പു തട്ടി ചിരിക്കുന്ന പ്രകൃതിയും ഗൃഹാതുരസ്മൃതികളും ഈ കവിതകളിലുണ്ടെങ്കിലും അവ അവതരിപ്പിക്കുന്നതിൻ്റെ തനതായ പുതുമ ഈ കവിതകളെ വ്യത്യസ്തമാക്കുന്നു. പേനത്തുമ്പു തട്ടിയതിൻ്റെ ചിരി എന്ന പ്രയോഗം തന്നെ ഉദാഹരണം. ആ പ്രയോഗത്തിനു പിന്നിൽ പേനത്തുമ്പു തട്ടാതെ പോയ ചിരികളുടെയും ദുഃഖങ്ങളുടെയുമെല്ലാം മുഴക്കമുണ്ട്. കുന്തിപ്പുഴയും പുഴവക്കത്തെ വള്ളുവനാടൻ ഗ്രാമവും തറവാടും പരദേവതയുമെല്ലാം ഇങ്ങനെ പേനത്തുമ്പു തട്ടി ചിരിക്കുന്നു ഈ കവിതകളിൽ. ടീച്ചറുടെ പല കവിതകളിലൂടെ കുന്തിപ്പുഴ ഒരു കൂട്ടുകാരിയെപ്പോലെ ചിരിച്ചൊഴുകുന്നു.ഒരു നാടൻ സ്വപ്നം എന്ന കവിതയിൽ നാടുവിട്ടു പോകാൻ മടിച്ച് വിവാഹം തന്നെ വേണ്ടെന്നു വക്കുന്ന ഒരു ചേച്ചിയെ അവതരിപ്പിക്കുന്നുണ്ട്. നാടു മാത്രമല്ല ജീവത്തായ സ്വന്തം ഭാഷ വിട്ടു പോകാനുള്ള മടി കൂടിയാണ് ആ കവിത വിടർത്തിക്കാണിക്കുന്നത്.
തോട്ടിലേക്കൊപ്പം പോരണ
ദാ ഈ ചാവാളിനായ..
പിന്നെ നമ്മടെ ജനലിന്റെ
മോളിലുദിക്കണ അമ്പിള്യമ്മാമൻ …
നീയവിടെ നിക്കണ ആ തെങ്ങ് നോക്കീട്ടുണ്ടോ
നിലാവത്ത് അതിനെ നോക്കിനില്ക്കാൻ
ആളില്യാത്ത ഒരു സ്ഥിതി
നിക്കോർക്കാൻ വയ്യ
ആ മല എത്രനേരം നോക്കിനിന്നാലും
നിക്കധികാവ് ല്യ
ആ മലേടെ മീതേന്ന് പാടോം കടന്ന്
മഴ വരണത്,നീ കണ്ട്ട്ട്ണ്ടോ
അത്ൻ്റെ മണം നെണക്കറിയ്വോ
ഞാൻ ഇതൊന്നും വിട്ട്
എങ്ങടൂല്യ
ഇതൊന്നും വിട്ട് എങ്ങോട്ടുമില്ല എന്നതാണ് ഈ കവിതകളിലെ സുപ്രധാനമായ ഉള്ളടര്. വെള്ളത്തിനടിയിൽ ഒരു പാത്രം മുങ്ങിക്കിടക്കുംപോലുള്ള അസ്തിത്വത്തെ ഈ കവിതകൾ ധ്യാനിക്കുന്നു. ഓർക്കാൻ ഇഷ്‌ടപ്പെടുന്ന നിമിഷങ്ങളിൽ ഇവ ആണ്ടുമുങ്ങിക്കിടക്കുന്നു. അതേസമയം മാറിനിന്ന് ഈ മുങ്ങിക്കിടപ്പിനെ തത്വചിന്താപരമായി വീക്ഷിക്കുകയും ചെയ്യുന്നു. "എന്റെ മനസ്സേ!അവിടെയൊന്നും ആരുമില്ല,ആളൊഴിഞ്ഞ കൂടുകൾ മാത്രം,അവയെ പറത്തിയകറ്റുന്ന പാലക്കാടൻ കാറ്റുമാത്രം". കൽപ്രതിമകൾക്കും അവയെ ചുറ്റിക്കറങ്ങുന്ന കരിയിലകൾക്കുമിടയിലൂടെ കാറ്റ് ആകാശ വീഥിയിലേക്കു പടർന്നു കയറുന്നു. താഴ്ച്ച സുഖമാണ്, ഉയരം ഉദാത്തവും എന്ന് ഈ കവിതകൾ പ്രഖ്യാപിക്കുന്നു. ഉച്ചത്തണലിൽ ഉറങ്ങാൻ കിടക്കുന്ന നാട്ടുവീരൻ നായയെപ്പോലെ സ്വന്തം സ്ഥലത്ത് തൃപ്തനായി കിടക്കുന്നതിൻ്റെ സുഖം. ശൃംഗങ്ങളിൽ നിന്ന് ഉയരങ്ങളിലേക്കു കയറിക്കയറിപ്പോകുന്ന മലയാടുകൾ അനുഭവിക്കുന്ന ഉദാത്തമായ ആനന്ദം. പല കവിതകളിലുണ്ട് കുഴികളും ഉയരങ്ങളും, സ്വപ്നങ്ങളിൽ പ്രത്യക്ഷപ്പെടുംപോലെ.അതെ,മണ്ണിൻ്റെ താഴ്ച്ചയും വിണ്ണിൻ്റെ ഉയരവും ഈ കവിതകളിൽ മുഖാമുഖം നോക്കുന്നു. ആകാശത്തിലേക്ക് അയക്കുന്ന സന്ദേശങ്ങളോ ആകാശ സഞ്ചാരങ്ങളോ ഗോളാന്തരയാത്രകളോ ആണ് പല കവിതകളുടെയും പ്രമേയം. പ്രപഞ്ചം സൃഷ്ടിച്ചു മനം മടുത്ത നിറം കെട്ട നക്ഷത്രങ്ങളുള്ള ആകാശം. അയഞ്ഞ, മുഷിഞ്ഞ തൊപ്പി പോലെ ചുറ്റും വന്നു മൂടുന്ന ആകാശം. നശിക്കാനും നിലനിൽക്കാനുമുള്ള ത്വരകൾക്കിടയിൽ പെട്ട് മാനം നോക്കി നിൽക്കുന്ന ചിത്രശലഭത്തോട് 'സ്വന്തം നിറം' എന്ന കവിതയിലെ കുട്ടി പറയുന്നു, മേഘങ്ങൾക്കിടയിൽ കുളിച്ചു നിറം മാറി വരാൻ. ആകാശപ്പൊയ്കകളിലേക്ക് കിളികൾ ആണ്ടുപൊയ്ക്കൊണ്ടിരിക്കുന്നു ഒരു കവിതയിൽ. ആകാശം ജനലിലൂടെ കാണുന്ന ഒരു കീറായെങ്കിലും കടന്നു വരാത്ത കവിതകൾ ഈ സമാഹാരത്തിൽ കുറവാണ്. "വാതിലൊന്നു പുറത്തേക്കതു തുറന്നാവതില്ലെനിക്കാകാശം കാണുവാൻ" എന്നതാണ് കവിയുടെ നിരാശ.ആത്മീയമായ ഉണർവാകുന്നു ആകാശം.ആ ഉയരത്തു നിന്നു കൊണ്ട് മണ്ണിൽ, കുന്തിപ്പുഴയിൽ, മുക്കുറ്റിപ്പൂവിൽ താൻ ആണ്ടുനിൽക്കുന്നത്- വെള്ളത്തിനടിയിൽ ഒരു പാത്രം എന്നപോലെ- കവി സ്വയം നോക്കിക്കാണുന്ന ഘടന ഈ കവിതകളുടെ സവിശേഷതയാകുന്നു. ഭൂമിയിൽ നിന്നുള്ള രക്ഷപ്പെടലല്ല, ഭൂമിയിലേക്ക് ആഴ്ന്നു നോക്കാനുള്ള ഒരു നിലയാകുന്നു ആകാശം. കവിയ്ക്കൊപ്പം ഭാവുകനും അങ്ങനെയൊരു നോട്ടനില പ്രാപ്യമാക്കാൻ ഈ കവിതകൾ സഹായിക്കുന്നു. ഈരടിയാൽ ഉണരുന്ന ഭാവുകൻ്റെ മിഴികൾക്കും ആ നോട്ടം സാധ്യമാകുന്നു. മാനം ശിരസ്സും മണ്ണ് ഉടലുമായുള്ള ഒരു ബൃഹദ് ശില്പത്തിൻ്റെ സചേതനമായ ഉദാത്തത ഭാവുകൻ്റെ മനസ്സിൽ സ്പന്ദിച്ചു തുടങ്ങുന്നു.
ഇത്ര കാലം കഴിഞ്ഞ് വീണ്ടും എഴുതുമ്പോഴും മാധ്യമത്തിലുള്ള കൈത്തഴക്കം ഈ കവിക്ക് നഷ്ടപ്പെട്ടിട്ടില്ല എന്നത് എടുത്തു പറയേണ്ടതുണ്ട്. പ്രകൃതിയുടെ സൂക്ഷ്മസൗന്ദര്യങ്ങളെയും സൂക്ഷ്മാനുഭവങ്ങളെയും ഭാഷയിൽ ഒപ്പിയെടുത്താണ് ആകുമോ പോലൊരു കവിത വരുന്നത്. ആ സൂക്ഷ്‌മത കാലം ആവശ്യപ്പെടാത്തതിൻ്റെ സംഘർഷം എഴുപതുകളോടെ എഴുത്തവസാനിപ്പിക്കാൻ വരെ കാരണമായിട്ടുണ്ടാകാം എന്നു ഞാൻ കരുതുന്നു. എഴുത്തു നിർത്തിയതിന് ഔദ്യോഗിക- കുടുംബജീവിതത്തിരക്കുകളാകും കവിയോടു ചോദിച്ചാൽ കാരണമായി പറയുക. എന്നാൽ എഴുപതുകളോടെ ഈ കവി എഴുത്തവസാനിപ്പിച്ചത് വ്യക്തിപരം മാത്രമായ ഒരു തീരുമാനമായിരുന്നില്ലെന്ന് ഞാൻ കരുതുന്നു. എല്ലാവരും എഴുതുന്ന ഒരു പൊതുകവിതക്ക് ഒപ്പം തൻ്റെ കവിമൊഴി ഉയർത്തി നിർത്താൻ ഈ കവി കാവ്യഭാഷകൊണ്ടും പ്രമേയം കൊണ്ടും ശ്രമിക്കുന്നത് എഴുപതുകളിലെഴുതിയ കവിതകൾ പരിശോധിച്ചാൽ അറിയാനാകും. കലി പോലെയും പിറവി പോലെയുമുള്ള കവിതകളിൽ അതിനുള്ള ശ്രമമുണ്ട്. എന്നാൽ ആ വഴി തൻ്റെ കവിതയെ മുന്നോട്ടു കൊണ്ടുപോകില്ല എന്നു തോന്നിയതിനാലാകാം അവർ നിശ്ശബ്ദത വരിച്ചത്. നിശ്ശബ്ദത വരിക്കുകയല്ല, നിശ്ശബ്ദതയുടെ ഗർത്തത്തിലേക്കു വീഴുകയായിരുന്നു എന്ന് കവി തിരിച്ചറിയുന്നുണ്ട്. ആനുകാലികം എന്ന കവിതയിൽ തൻ്റെ എഴുത്തു ജീവിതത്തിൻ്റെ ഈ ആദ്യപകുതിയിലേക്ക് കവി തിരിഞ്ഞു നോക്കുന്നു. "യാത്രയുടെ ആ മുന്നോട്ടുള്ള കുതിപ്പെല്ലാം തീർന്ന് മാനത്തേക്ക് അറിയാതെ ഒന്നു നോക്കിയപ്പോൾ ആയിരിക്കണം കാല് തെന്നി ഞാനാ പടുകുഴിയിലേക്ക് വീണത്. അങ്ങാടിയിൽ നിന്നു വാങ്ങിയ ആഴ്ചപ്പതിപ്പുകൾ ആ വീണിറക്കത്തിലും ഞാൻ വിടാതെ പിടിച്ചു" ഇവിടത്തെ, 'മാനത്തേക്ക് അറിയാതെ ഒന്നു നോക്കൽ' എന്ന പ്രയോഗത്തിന് അടിവരയിടണം. ആ നോട്ടത്തിൽ ഉയരെ ചന്ദ്രക്കലയുടെ നറുവെട്ടം കവി കാണുന്നുണ്ട്. ആത്മീയാനുഭൂതിയുടെ മറുലോകങ്ങൾ തേടിപ്പോയാൽ പടു കുഴിയിൽ വീഴ്ത്തുന്ന ആനുകാലികതയെ കവി ഇന്ന് ശരിയായി മനസ്സിലാക്കുന്നു. "പതുക്കപ്പതുക്കെ എന്റെ സ്വന്തം ശബ്ദം ആ പല ശബ്ദങ്ങളിൽപ്പെട്ട് തിരിച്ചറിയാൻ പറ്റാത്ത വിധത്തിൽ മറഞ്ഞുപോയി…തിരിച്ചെടുക്കാനാകാതെ…. "ആനുകാലികതയുടെ പടുകുഴിയിൽ നിന്ന് കവി ഇതാ പുറത്തുവന്നിരിക്കുന്നു.തൻ്റെ സ്വന്തം സ്വാഭാവിക ശബ്ദം വീണ്ടെടുത്തുകൊണ്ടാണ് 2010 നു ശേഷം ഇവർ ധാരാളമായി എഴുതിയത്. സന്ദിഗ്ദ്ധതകൾക്കിടയിലൂടെ സ്വന്തം ഇടം കണ്ടെത്തുന്ന കവിതയെക്കുറിച്ച് മനോഹരമായൊരു കവിത ഈ സമയത്ത് കവി എഴുതുന്നുണ്ട്. എൻ്റെ കവിത എന്നു തന്നെയാണതിൻ്റെ പേര്. കൊതിയ്ക്കുന്നതിനും കിടയ്ക്കുന്നതിനുമിടയിലാണ് അതിൻ്റെ ഇടം.
കക്ഷത്തിലുള്ളതു താഴെ വെക്കാതെ
ഉത്തരം തപ്പുന്നു എന്റെ കവിത
സ്ത്രീപക്ഷം വിടാതെ
റൊമാന്റിക്ക് ആവാൻ നോക്കുന്നു
എന്റെ കവിത!
സ്വിച്ച് മാറിയിട്ട്
ബൾബിനെ പഴിക്കുന്നു
എന്റെ കവിത!
ഷവറിനടിയിൽ ദേഹത്ത്
ചുടുവെള്ളം പ്രതീക്ഷിച്ച്
മോഹിച്ചു നില്ക്കേ,
തലയിലൊട്ടാകെ
കുളിർവെള്ളം പൊഴിച്ച്
കോരിത്തരിച്ചുനില്ക്കുന്നു
എന്റെ കവിത!
താഴ്ന്ന സ്ഥായിയിലുള്ള പറച്ചിലിൻ്റെ ഘടനയാണ്, ഗദ്യമായാലും പദ്യമായാലും, സാവിത്രി മഹേശ്വരൻ്റെ കവിതയുടെ സ്വാഭാവിക വഴിയുടെ ശക്തി.എതിർവശങ്ങളിലേക്കു നീങ്ങുന്ന ഉറുമ്പുകൾ ഒന്നു നിന്ന് പരസ്പരം മന്ത്രിക്കുന്ന പ്രപഞ്ചരഹസ്യത്തിൻ്റെ ശക്തിയുണ്ട് ഈ കവിതകളിലെ പറച്ചിൽ ഭാഷക്ക്. മൃദുവായ ഒരു പറച്ചിൽ മുള്ളുകളെ ഇല്ലാതാക്കും എന്ന് ഈ കവി വിശ്വസിക്കുന്നു. കുഞ്ഞുന്നാളിൽ എണ്ണപ്പുഴുവിനെ കണ്ടപ്പോൾ അമ്മ പറഞ്ഞ വാക്കുകൾ വൈലോപ്പിള്ളിയുടെ എണ്ണപ്പുഴുക്കൾ എന്ന കവിതയിലെ ആഖ്യാതാവിൻ്റെ മനസ്സിൽ ആണ്ടിറങ്ങിയ പോലെ, ഈ കവിയുടെ ഉള്ളിൽ കയറിയ ഒരു വിശ്വാസമാണിത്. "ചെറുകാറ്റേറ്റാലൊന്നു കരയാൻ തോന്നും,നിന്റെ ചെറുകൈത്തലോടലിലങ്ങനെ നില്ക്കാൻതോന്നും" എന്ന് മൃദുവായ് പറഞ്ഞ് തൊട്ടാവാടിപ്പടർപ്പിൽ ചവിട്ടിയാൽ അവ മുള്ളുകൾ ഉള്ളിലേക്കു വലിക്കുമത്രെ. ഗ്രാമീണമായ ഒരു മൂഢഭാവനയാവാം ഇതും. എന്നാൽ മൃദുവായ പറച്ചിൽ മുള്ളുകൾ ഇല്ലാതാക്കും എന്നു മാത്രമല്ല പഞ്ഞി പോലമരുന്ന പൂവുകൾ നമ്മെ തഴുകുകയും ചെയ്യും. അതിനാൽ ഈ കവി മൃദുവായ്, മൃദുവായ് മാത്രം പറയുന്നു. ഈ പറച്ചിൽ മൊഴി സാവിത്രി ടീച്ചറുടെ കവിതകളെ സമകാലികമാക്കുന്നു. എല്ലാം ഇല്ലാത്തതായിക്കൊള്ളട്ടെ. വല്ലാത്ത രസം മാത്രം ഉള്ളതായിരുന്നാൽ മതി എന്ന നേർമ്മ ഭാഷയിലും വീക്ഷണത്തിലും തെളിഞ്ഞു കിടക്കുന്നു. വല്ലാത്ത രസമുള്ള മൃദുവായ പറച്ചിലാണ് ഈ കവിതകളുടെ മൊഴിമുദ്ര. തീരത്തു പതിഞ്ഞ രണ്ടു കൊച്ചു കാലടിപ്പാടുകളെ വീണ്ടും വീണ്ടും വന്നു നോക്കുന്ന കടൽത്തിരയെപ്പറ്റിയുള്ള കവിതയാണ് 'തിരകൾക്കൊപ്പം'. കവിതക്കൊടുവിൽ അമ്മത്തിര വന്ന് ആ കടൽത്തിരയെ പിറകോട്ടു വലിച്ചുകൊണ്ടുപോകുന്നു. തീരത്തെ കാലടിപ്പാടിൻ്റെ ഓർമ്മപോലെയേയുള്ളൂ ഏത് ആവിഷ്ക്കാരവും എന്ന തിരിച്ചറിവുപോലെത്തന്നെ പ്രധാനമാണ് തിരയുടെ ഓർമ്മയിലുണ്ട്, ആ കൊച്ചു കാലടിപ്പാടുകൾ എന്നത്. മൃദുവായ പറച്ചിൽ എന്നു മുകളിൽ പറഞ്ഞതിൻ്റെ മൂർത്ത രൂപം തന്നെ തിര മായ്ക്കും മുമ്പുള്ള കൊച്ചു കാലടിപ്പാടുകൾ.
ഞാൻ
ഇല്ലാത്ത കണ്ണട
മൂക്കിൽ വെച്ച്
ഇല്ലാത്ത പുസ്തകത്തിലെ
ഇല്ലാത്ത കവിതകൾ
വായിക്കാൻ തുടങ്ങി
കാടുകളു൦ മേടുകളും
റോഡുകളും റയിലുകളും പിന്നിട്ട്
അറിയാത്ത വഴികളിലൂടെ
അവ ഓടിക്കൊണ്ടേയിരുന്നു
ഈ ഇല്ലാത്ത കവിതകൾ
വായിച്ചു വന്ന
വല്ലാത്ത രസം മാത്രം
ഉള്ളതായിരുന്നു.
പുതിയ കാലത്തിന് ഈ വല്ലാത്ത രസത്തോട് ഐക്യപ്പെടാനാകുന്നുണ്ട്. അറിയാവുന്ന പാതകൾ വിട്ട് അറിയാ വഴികളിലൂടെ ഓടിക്കൊണ്ടേയിരിക്കുമ്പോൾ ഇല്ലാത്ത കവിതകളുടെ വല്ലാത്ത രസം അനുഭവിക്കാനാവുന്നു. എന്തിനെന്നില്ലാത്ത വേഗവും അതിൻ്റെ ഹരവും ഇല്ലാത്തവയാണിവയെല്ലാം എന്ന തിരിച്ചറിവും ചേർന്ന് ഈ വല്ലാത്ത രസത്തെ സമകാലികമാക്കുന്നു.ഈരടിയുണർത്തുന്ന ഈ രസം വായനക്കാർക്കു പകരാനായി, അരനൂറ്റാണ്ടു മുമ്പ് കാലം അടച്ചു വെച്ച പേന കാലം തന്നെ കവിക്ക് തിരികെ നൽകിയിരിക്കുന്നു. ആ പേനത്തുമ്പു തട്ടി ലോകം പുതുതായ് ചിരിക്കാൻ തുടങ്ങുന്നു.
No comments:
Post a Comment