ഞാനുണ്ട്
ഞാനുണ്ടീ വീട്ടിൽ
മുമ്പേ തന്നെ.
കിളികൾക്കായില്ല
എന്നെത്തടയാൻ.
എൻ വരവു തടുക്കാൻ!
വാതുക്കൽ
നരച്ച മൂടൽമഞ്ഞ്.
അകത്തെ മുറികൾ
മാഞ്ഞില്ലാതാകും പോലെ.
ഒരു പക്ഷി,
വലുതൊന്ന്,
ഒരു മനുഷ്യന്റത്രയുമുള്ളൊന്ന്,
വന്നെൻ നേർക്ക്,
ഇടനാഴിയിൽ വെച്ച്.
അതു തൻ തല
ഇടിച്ചു തള്ളീ
തറയിലെ
കല്ലിൻ കെട്ടിൽ.
സൂക്ഷ്മ കണങ്ങൾ
നിരക്കുമനന്തത
കാണുവതൊഴിവാക്കാൻ
കിളി മോഹിച്ചൂ.
കല്ലിൻ കെട്ടിനു കുറുകെ
എൻ മുന്നിൽ വ-
ന്നൊരു നിഴൽ നിന്നു
തുടിക്കുന്നതു കാൺകേ
കിളി തല വെട്ടിക്കുന്നൂ, മൃദു -
തൂവൽച്ചിറകു വിരിക്കുന്നു.
കണ്ണിൽ നിന്നും ചോരയൊലിക്കുന്നു
എൻ മുന്നിൽ നിൽക്കുന്നു
നോക്കുന്നു
ചോരയൊലിക്കും കണ്ണുകളോടെ
നിന്നു വിരിക്കുന്നൂ തൻ
ചോരച്ചിറകുകൾ.
അലറീ ഞാൻ കൈകളുയർത്തി:
എന്നെത്തടയാനാവുകയില്ലാ പക്ഷി നിനക്ക്
മുറികൾ താണ്ടി -
പ്പോകുന്നീയിടനാഴി
വിദൂരത തേടി.
പോകൂ, പോയിത്തന്നത്താൻ കുരിശേറൂ
ഞാൻ പേറും ഭാരം വ്യത്യസ്തം
ഞാൻ പേറുന്നീയൊഴിഞ്ഞ മുറികളി -
ലവയുടെ ഭാര-
മനന്തതയോളം.
തൂണുകളെൻ തോളത്തു കനക്കുന്നൂ
എൻ കാലടിയിൽ കനക്കുന്നൂ നൃത്തം
ഭൂമി തുറന്നു തുറന്നു വരുന്നൂ
മൂടൽമഞ്ഞുകൾ താഴ്ന്നു വരുന്നൂ,
നിൽക്കുകൊതുങ്ങി,
ഒരു നിലവിളി മുറിയെ വിഴുങ്ങുന്നു.
എൻ നേർക്കു പറന്നൂ പക്ഷി,
ഞാനാപ്പക്ഷിയിലൂടെ നടന്നൂ,
തൂണു തകർന്നൂ, വേദന വിങ്ങിപ്പൊട്ടി
ഇമ ചിമ്മാക്കണ്ണുകളോടെ -
ത്തുറിച്ചു നോക്കീ ഞാൻ
ശൂന്യപ്പിളർപ്പിലേക്ക്.
ഇരുണ്ട ശൂന്യത
വായ പിളർത്തി വരുന്ന പടിക്കെട്ടിൽ
വിധി തീർപ്പിൻ കൊതിമൂത്തു
കനത്തോരാത്മാക്കൾ
കല്ലിൻ കാഹളമൂതിവരും കോണിച്ചുറ്റിൽ
തൂണുകളുടെ കാട്ടിൽ
കല്ലിച്ചോരാകാശത്തിനു ചോട്ടിൽ
ചോരയൊലിക്കും ചിറകുകൾ നീർത്തി -
പ്പാറി നടന്നൂ ഞാൻ.
No comments:
Post a Comment