1.
ആകാശപേടകം
ഏറെയേറെ ദൂരം നാം പോന്നു.
പുറപ്പെട്ടു മൂന്നാം വാരം
തന്റെ പേടകത്തിനുള്ളിൽ നീന്തി നടക്കുമ്പോൾ
ബഹിരാകാശ യാത്രികൻ ചിന്തിച്ചു.
വഴിക്ക് കണ്ണിൽ പെട്ട ഒരു ദൈവത്തെ
തട്ടിത്തെറിപ്പിച്ചപ്പോൾ.
എറെയേറെദ്ദൂരം.
മേലും കീഴും തമ്മിൽ, വടക്കും തെക്കും തമ്മിൽ
ഭാരമുള്ളതും ഇല്ലാത്തതും തമ്മിൽ
ഒരു വ്യത്യാസവുമില്ലാത്ത
അത്ര ദൂരം.
അവിടെങ്ങനെ നാം
ധർമ്മ മൂല്യങ്ങളറിയും?
ഏറെയേറെ ദൂരം.
ഒരടഞ്ഞ മുറിയിൽ.
സൂര്യോദയങ്ങളെ അതിവേഗം നാം പിന്തുടരുന്നു
ഒരു പച്ചിലക്കു കൊതി തുള്ളുന്നു.
എന്തെങ്കിലും പിടിക്കാൻ
കൈത്തലം വെമ്പിക്കനക്കുന്നു
ഒരു കല്ലെങ്കിലും.
ഒരു രാത്രി
ബഹിരാകാശ യാത്രികൻ കണ്ടു,
തന്നെ നോക്കുന്നു
തുറന്ന കണ്ണു പോലെ
പാതിരക്ക് ഞെട്ടിയുണർന്ന ഒരു കുഞ്ഞിന്റെ
കണ്ണു പോലെ
പേടിച്ചരണ്ട്
ഭൂമി.
2.
രക്ഷാദേവത
പുലരിയിൽ നിൻ്റെ ജനാലക്കൽ ചിറകടിക്കുന്ന
പക്ഷിയാണു ഞാൻ
നിനക്കറിഞ്ഞുകൂടാത്ത നിൻ്റെയുറ്റച്ചങ്ങാതി
അന്ധനു വെളിച്ചം പകരുന്ന പൂവ്.
കാടിനുമേൽ തിളങ്ങുന്ന ചുടുനീരുറവ.
പള്ളിമേടയിൽ നിന്നുള്ള കനത്ത മണിനാദം
നട്ടുച്ചക്കു പെട്ടെന്നു നിന്നെപ്പിടികൂടി
ഉജ്വലാനന്ദത്തിലാറാടിക്കുന്ന ചിന്ത.
വർഷങ്ങളായി നീ സ്നേഹിക്കുന്ന ഒരാൾ.
ദിവസം മുഴുവൻ നിനക്കരികിലൂടെ നടന്ന്
നിന്നെ ഞാനുറ്റു നോക്കുന്നു.
എൻ്റെ ചുണ്ട്
നിൻ്റെ ഹൃദയത്തോടു ചേർത്തു വയ്ക്കുന്നു.
നീയതറിയുന്നില്ലെങ്കിലും.
നിനക്കൊരിക്കലുമുൾക്കൊള്ളാനാവാത്ത
നിന്നെയൊരിക്കലും മറക്കാനാവാത്ത ഞാൻ
നിൻ്റെ മൂന്നാമത്തെ കൈയ്യാകുന്നു.
രണ്ടാമത്തെ നിഴലും; വെളുത്തത്.
3.
നേർത്ത സൂചികൾ മാത്രം
എത്ര നേർത്ത വെളിച്ചം!
അതും സ്വല്പം
വെറും നേരിയ സൂചികൾ
അവസാനമില്ലാത്ത രാത്രിയിൽ
എത്ര നീണ്ട ദൂരം അതു താണ്ടണം,
വിജനതയിലൂടെ.
ആകയാൽ നമുക്കതിനോടു കരുതൽ കാണിക്കാം.
താലോലിക്കാം.
എങ്കിലതു പുലർച്ചെ വീണ്ടും വന്നേക്കും.
നമുക്കാശിക്കാം.
4.
നോക്കൂ
രാത്രിയുടെ പുസ്തകം
ചന്ദ്രൻ മറിച്ചു മറിച്ചു നോക്കുന്നു.
ഒന്നും അച്ചടിക്കാത്തൊരു തടാകം കണ്ടെത്തുന്നു.
അതിലൊരു നേർവര വരയ്ക്കുന്നു.
തനിക്കാവും പോലെ.
അതു മതി.
ഒറ്റ വര, നിൻ്റെ നേർക്ക്,
നോക്കൂ!
നല്ല പരിഭാഷ
ReplyDeleteനല്ല പരിഭാഷ
ReplyDeleteനാലാമൻ നല്ലവൻ. തെളിമൊഴിമാറ്റം
ReplyDelete