Sunday, May 31, 2020

ചെറുകവിതകൾ - ഷുവാ കബ്രാൾ ജിമേലോ നേറ്റോ (പരിഭാഷ, ബ്രസീൽ, പോർച്ചുഗീസ്, 1920-1999)

1
തെങ്ങിൻ തോപ്പിന്റെ ശബ്ദം.


തെങ്ങിൻ തോപ്പിൻ ഭാഷ
കത്തിമുനയുടെയല്ല
വൃത്താകൃതിയുടെ ഭാഷ

സ്വരപ്പെടുത്തുന്നൂ വളവുകളിൽ
തോപ്പ് നീളൻ പ്രാർത്ഥന
പഠിച്ചെടുത്തതു നിശ്ചയമാത്തിര -
മാലകളിൽ നിന്നായീടാം.

വർത്തുളമല്ലോ തിരമാലകൾ തൻ
ഉച്ചാരണ,മീത്തോട്ടത്തിൻ
ഭാഷണമതുപോൽ വർത്തുളം

ആരുടെ കൂടെജ്ജീവിക്കുന്നാ-
ക്കടലിൻ ശൈലി, പദഘടന
കാറ്റടിയേറ്റു പുളഞ്ഞ റിസൈഫിലെ
പട്ടണ ജീവിതമാകുന്നു

- 1980


2.
ഡബ്ലിയു.എഛ്. ഓഡൻ
(1905-1973)

മരണം തീരുമാനിക്കും
മരണം നാം മരിച്ചിടും
മരണംതാനതിൻ രീതി
നിശ്ചയിച്ചീടു,മായുധം
ഇരക്കു പാകമാമോയെ-
ന്നൊന്നും ശ്രദ്ധിക്കയില്ലത്.
എന്നാൽ താങ്കൾ കുറിച്ചിട്ട
കാവ്യഖണ്ഡങ്ങൾ പിന്നെയും
പിന്നെയും പിന്നെയും വായി -
ച്ചാവാമാദരവോടിതാ
മരണം തൻ്റെ ഗില്ലറ്റിൻ
കൊണ്ടു കൊന്നിതു താങ്കളെ
നേരേ കാഞ്ചി വലിച്ചോരു
ഹൃദയസ്തംഭനത്തിനാൽ.


- 1975



3
വെള്ളവും കവിതയും


കവിതതൻ ദ്രവനിനാദങ്ങൾ കൈത്തോക്കെടു -
ത്തൊരു കുറ്റകൃത്യത്തിനെന്നെത്തിടുക്കുന്നു.

കവിതതൻ ദ്രവനിനാദങ്ങൾ സ്വപ്നങ്ങൾക്കു -
മെത്തുവാനാവാത്ത ദ്വീപുകളെപ്പറ്റി -
യെന്നോടു പറയുന്നു.

കടൽ നോക്കി ഞാനിരിക്കുന്നു, തുറന്നോരു
പുസ്തകം കാൽമുട്ടിൽ വെച്ച്.
മുടികളിൽ കാറ്റുപിടിച്ച്.

വെള്ളത്തിലെന്തു നടന്നാലുമോർമ്മയി-
ലാവർത്തിക്കാൻ തുടങ്ങുന്നു.


- 1942




4
മേശ


മടക്കിയ ദിനപ്പത്രം
മേശമേൽ, വിരിയേറ്റവും
വെടിപ്പുള്ളത്, പാത്രങ്ങ-
ളിരിപ്പൂ വെൺമയുള്ളവ.

ഊഷ്മളം റൊട്ടി മാതിരി.

പച്ചത്തോലുള്ളൊരോറഞ്ച്,
നിൻ്റെ ഭൂഭാഗഭംഗികൾ,
നിൻ തുറസ്സ്, തിളങ്ങുന്ന
നിൻ കടൽത്തീരസൂര്യനും.

ഊഷ്മളം റൊട്ടി മാതിരി.

നിൻ തേഞ്ഞ പെൻസിൽ കൂർപ്പിച്ച
കത്തി, നിന്നാദ്യ പുസ്തകം
പുറംചട്ട വെളുത്തത്.

ഊഷ്മളം റൊട്ടി മാതിരി.

നിൻ സജീവപ്രഭാതത്തിൽ
നിന്ന്, പൂർത്തീകരിച്ച നിൻ
സ്വപ്നത്തിൽ നിന്നുയിർത്തോരു
കാവ്യ, മിപ്പോഴുമൂഷ്മളം.

ഊഷ്മളം റൊട്ടി മാതിരി.


- 1945


5
ഓഫീസ് ക്ലാർക്ക്


അന്യമീയാപ്പീസിനേതു പൂവും പോലെ
നിൻ്റെ പേർ, ഞാനതെഴുതുന്നിതാപ്പീസു
കടലാസിൽ, എന്നാൽ വരുന്നു റബ്ബർ, വന്നു
മായ്ക്കുന്നു ഞാൻ കുറിച്ചിട്ടവയൊക്കെയും.

മായ്ക്കുന്നെഴുത്തുകൾ, പെൻസിൽക്കറുപ്പ്, നിൻ
പേരല്ല, മായ്ച്ചുകളയുന്നതു നിൻ്റെ
പേരല്ല, ജീവനുള്ളാ മൃഗത്തേയല്ല,
പാടേ സിമൻ്റിൽ പുതഞ്ഞു കിടക്കുന്ന
ജീവനുള്ളാച്ചെടിയെയല്ല.

ആ മൃദുപ്പിഞ്ചു ചെകുത്താൻ കടലാസിൽ
ശൂന്യത, മേശമേൽ സ്തബ്ധത, പെൻസിലിൻ
തുമ്പത്തുറക്കം, ഫയലുകളിൽ പൊടി
കെട്ടിവെയ്ക്കുന്നവസാനം.

മേശവലിപ്പിൻ കരിവായ്കളിൽ പശി,
ഒപ്പുതാളിൻ്റെ മേൽ ദാഹവും, എൻ്റെമേൽ
കഷ്ടയത്നത്തിൻ്റെ ഗദ്യം, ഒഴുകിപ്പോയ
കവിതക്കു വേണ്ടിയെന്നാശ്വാസ മന്ത്രണം.

-1945


6
മണൽവെള്ളം


വെള്ളമില്ലെങ്കിൽ പരിശുദ്ധസ്നാനം
നിർവഹിച്ചീടും മണലാൽ മുസ്ലീങ്ങൾ
നന്നായ് കഴുകാൻ മണൽ വെള്ളം പോലെ
മറ്റോരു ദ്രാവകമെന്നവർ കാൺമൂ

കഴുകിക്കളയുവാനാവുമവർ തൻ
ആത്മാവിലെപ്പാപമേതും മണലാൽ
വെള്ളം കണക്കൊഴുകുന്നൂ കടുപ്പം
കല്ലു പോലെയുള്ള തിന്മയലിയാൻ

-1985

No comments:

Post a Comment