Sunday, May 3, 2020

സ്പാനിഷ് നർത്തകി - റിൽക്കെ (പരിഭാഷ)

സ്പാനിഷ് നർത്തകി
റെയ്നർ മരിയ റിൽക്കെ
പരിഭാഷ: പി.രാമൻ



 Rainer Maria Rilke (@RM_Rilke) | Twitter




നാളമായാളിപ്പടരുന്നതിൻ മുമ്പു
നാലുപുറത്തും വെളുത്ത മിന്നൽപ്പൊരി
പാറിച്ചിടുന്നൊരടുക്കളത്തീപ്പെട്ടി -
ക്കൊള്ളി പോലാണവൾ, നർത്തകി, ചുറ്റിലു-
മുദ്വേഗമാർന്നു തരിക്കുന്ന കാണികൾ
നൃത്തം തുടങ്ങുന്നിരുണ്ട മുറിക്കകം
തത്തിത്തെളിയുന്ന തീ മിന്നൽ മാതിരി

പെട്ടെന്നു തീ പടർന്നാളി സമ്പൂർണ്ണമായ്

മേലേക്കൊരു നോ, ക്കവൾ കൊളുത്തീ തന്റെ
വാർമുടി, തന്നുടൽ വേഗത്തിൽ വേഗത്തിൽ
വട്ടം ചുഴറ്റി,വിതിർത്തിട്ട പാവാട
ചുറ്റുമുലച്ച് തീവ്രാവേഗ നാളമായ്
ചുട്ടുപൊള്ളുന്നൊരു ചൂളയാകും വരെ.
അച്ചൂളയിൽ നിന്നഴിഞ്ഞു നീർന്നീടുന്നു
നഗ്നമാം നീൾക്കൈകൾ ചീറ്റുന്ന പാമ്പുപോൽ

പിന്നെ, യുടലിൽ മുറുകി വരിഞ്ഞ തീ
പ്രൗഢമാമാജ്ഞ തികഞ്ഞൊരാംഗ്യത്തൊടെ
ഗർവോടുലച്ചു തെറിപ്പിച്ചിടുന്നിവൾ
നോക്കി നിൽക്കുന്നൂ നിലത്തതിൻ രൗദ്രത
കെട്ടടങ്ങാൻ സമ്മതിക്കാതെ യിപ്പൊഴും
കത്തുന്നു രോഷാഗ്നിനാളം നിലത്തതാ

നീങ്ങുന്നിതാത്മവിശ്വാസമാർന്നുജ്വല -
ഗംഭീരഭാവത്തിൽ പിന്നെ, ഹർഷോന്മാദ -
ഹൃദ്യമധുരമാം പുഞ്ചിരിയോടവൾ
നോക്കുന്നൊടുക്കമാക്കണ്ണുയർത്തി, ക്കരു -
ത്തുറ്റ ചെറു കാലടിച്ചവിട്ടാലവൾ
പറ്റെ യമർത്തിക്കെടുത്തി നാളങ്ങളെ

No comments:

Post a Comment