Sunday, May 24, 2020

പൊൻമുഗലി (ദീപു ഹരി) യുടെ കവിതകൾ (പരിഭാഷ, തമിഴ്)


1
ഞാൻ നിന്നെ
ഒരു വാക്കിൽ വെയ്ക്കുന്നു.
മറ്റാരുമറിയാതെ.
മറ്റാരും കക്കാതെ.
ആർക്കും കണ്ടെത്താനാവാത്തൊരു
പൊന്തവാക്ക്.
ആർക്കും തൊടാനാവാത്തൊരു
മുൾവാക്ക്.
ആർക്കും ചിന്തിക്കാനാവാത്തൊരു
മായവാക്ക്.
പിന്നെ, ആ വാക്കൊരു
വെണ്ണിതൾപ്പൂവിൽ വെച്ചു.
ആ പ്പൂ മുടിയിൽ വെച്ചു.
അലയുന്നൂ ഞാൻ
ഇക്കാനനമെങ്ങും.


2
ജീവിതം എങ്ങനെയിരിക്കുന്നുവെന്ന്
എന്നോടു ചോദിക്കൂ.
ഞാൻ പറയാം.
അത്....
അത് രസം പോയൊരു കണ്ണാടി പോലെ
സ്വല്പം ഗ്രീസു പുരട്ടിയ
ഒരിരുമ്പു കതകു പോലെ.
മൂത്ര നാറ്റമടിക്കുന്ന
ബസ് സ്റ്റാന്റുകളെപ്പോലെ.
വേനൽ പതിറ്റടിയുടെ പുഴുക്കം പോലെ.
മഞ്ഞ വെയിലടിയ്ക്കുന്ന
ഏതെങ്കിലുമൊരു മഴ ദിവസത്തിൽ വന്ന്
പിന്നെയുമെന്നോടു ചോദിക്കൂ
ജീവിതം എങ്ങനെയിരിക്കുന്നുവെന്ന്.
ഞാൻ പറയാം
അത്....
ചൂടാറിയ ചായക്കോപ്പ പോലെ
മഴയിൽ നനഞ്ഞു കിടക്കുന്ന തെരുവു പോലെ.



3
ഇലപൊഴിയും കാലത്തെ മരങ്ങളിൽ
ഇലകളെപ്പോലമർന്നിരിക്കും കിളികൾ



4
ഞാൻ ഉറങ്ങാൻ ആഗ്രഹിക്കുന്നു.
ലോകത്തിന്റെ മുതുകിൽ വാക്കുകളേറ്റുന്നവരേ
ഒന്നു ശാന്തമായിരിയ്ക്കൂ



5
രാത്രികളിൽ ഞാൻ ഉറങ്ങുകയില്ല.
എന്നുടലിൽ
വിരിഞ്ഞുതിരും പൂക്കളെ
നോക്കിയിരിക്കുന്നു.




6
നാലവസ്ഥകളും
കണ്ടു കഴിഞ്ഞ ഒരു മനുഷ്യന്
പുതുതായ് കൊടുക്കാൻ
കാലത്തിൻ കൈയ്യിലെന്തുണ്ട്?




7
രാവിന്റെ നിശ്ശബ്ദത
നദീജലംപോലെപ്പെരുകുന്നു.
മനസ്സു വരയ്ക്കുന്ന ചിത്രങ്ങളിൽ
പിറന്ന് ഇഴയുന്നു
ഒരു അമീബ.
ഞാനതെടുത്തു വിഴുങ്ങുന്നു
പരിണാമം എന്റെ തലക്കുള്ളിൽ
ആയിരം പൂവായ്
പൊട്ടി വിരിയുന്നു.




8
നിനക്ക് മലനിരകൾ ഇഷ്ടമാണ് എന്ന്
നീ എന്നെയറിയിച്ച ദിവസം
ഞാനൊരു പൂമ്പാറ്റയുടെ ചിറകിന്
ചായമടിച്ചുകൊണ്ടിരിക്കയായിരുന്നു.
നീ പോകാനാഗ്രഹിക്കുന്ന മലനിരയുടെ പേര്
എന്റെ കാതിൽ രഹസ്യമായ് മന്ത്രിച്ചു.
അവിടെ,
ഒരു നീല നദിയ്ക്കടിയിൽ
കണ്ണാടിപ്പന്തുകൾ പോലെ കിടക്കുന്ന
വെള്ളാരങ്കല്ലുകൾ കൊണ്ട്
എനിക്കൊരു മാല കോർത്തു തരുമെന്ന്
നീ ഉറപ്പു തന്നു.
ഞാൻ കാട്ടുപൂക്കൾ കൊണ്ടൊരു
കിരീടമണിഞ്ഞ്
നിന്റെ കൂടെ പുറപ്പെട്ട നേരം
ആ വഴി
സ്വർഗ്ഗത്തിലേക്കു നീണ്ടു കിടന്നു.




9
പറയാൻ എല്ലാം ഉണ്ട്
കേൾക്കാൻ കാതുകളില്ലാത്ത ഈ രാത്രിയിൽ.




10
പിന്നെ
കാലത്തിന്റെ കൈയിൽ നിന്നു
വസന്തം കളവുപോയി.
പിന്നെ
പൂക്കാത്ത മരങ്ങൾ
കാട്ടിൽ നിറഞ്ഞു.




11
ഒരു ചെറു കണ്ണീർ തുള്ളിയ്ക്കുള്ളിൽ
ഒരു കടലുണ്ട്.
ഒരു ചെറു വെളിച്ചക്കീറിനുള്ളിൽ
ഒരു സൂര്യൻ
ഒരു ചെറു മഞ്ഞുതുള്ളിയിൽ
ഒരു മഞ്ഞുമല.
ഒരു ചെറു തുള്ളി രക്തത്തിൽ
അന്തിച്ചെഞ്ചോപ്പ്.
ഞാൻ കാറ്റിനെ മലയെ, കിരണത്തെ
വിഴുങ്ങി
കടലിനെ,യലയെ, കൊടുങ്കാറ്റിനെ
വിഴുങ്ങി
തിരയെ, വേദത്തെ, കരയെ
വിഴുങ്ങി
എരിഞ്ഞു കൊണ്ടേയിരിക്കും
ചെറു തീപ്പഴമായി.

12

ഞാൻ വരും നിങ്ങൾക്കരികേ
നദിയുടെയാഴത്തിൽ നിന്നു
കുളിർത്ത ചെറുവാക്കൊന്നെടുത്തു കൊണ്ട്.
അപ്പോൾ നിങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ല.
വിസ്മയിച്ചു പുഞ്ചിരിക്കാനല്ലാതെ.
ഞാൻ വരും നിങ്ങൾക്കരികെ
മഞ്ഞുപാറ പോലുള്ള ഹൃദയത്തിൽ നിന്ന്
പ്രണയത്തിന്റെ
പരിശുദ്ധമായൊരു വാക്ക് എടുത്തുകൊണ്ട്.
അപ്പോൾ നിങ്ങൾക്ക്
ഒന്നും ചെയ്യാൻ കഴിയില്ല
മനസ്സു കലങ്ങി കരയാനല്ലാതെ.
ഞാൻ നിങ്ങൾക്കരികിൽ വരും
യുഗങ്ങളായ് യുദ്ധങ്ങളിൽ
ചൊരിഞ്ഞ ചോരയിലൂറിയ
ഒരു മൺതരിയുടെ വാക്ക്
എടുത്തുകൊണ്ട്.
അപ്പോൾ നിങ്ങൾക്കൊന്നും ചെയ്യാനാവില്ല.
അതിന്റെ വാട്ടുന്ന ചൂടിൽ
ഉണങ്ങിപ്പോവുകയല്ലാതെ.
നിങ്ങൾക്കരികിൽ ഞാൻ വരും
ആരുടെ പാദവും പതിയാത്ത ഭൂമിയുടെ
ഒരാദി വനത്തിൻ കറുപ്പിൽ നിന്ന്
ഒരു വാക്കെടുത്തുകൊണ്ട്.
അപ്പോൾ നിങ്ങൾക്കൊന്നും ചെയ്യാനാവില്ല.
അതിന്റെ പരിശുദ്ധിക്കു മുന്നിൽ
തല കുനിച്ചു നിൽക്കാനല്ലാതെ.
ഞാൻ ഇനിയും എടുത്തു വരും
ചിതറാൻ പോകും സൂര്യത്തുണ്ടിൽ നിന്നൊരു വാക്ക്
കടലിൻ ആവേശത്തിൽ നിന്നൊരു വാക്ക്
നിലാക്കുളിർമയിൽ നിന്നൊരു വാക്ക്
മഴമാനത്തിൻ മന്താരത്തിൽ നിന്നൊരു വാക്ക്
മകരന്ദത്തിൽ നിന്നൊരു വാക്ക്
മഴവില്ലിൽ നിന്നൊരു വാക്ക്
അഗ്‌നിപർവതക്കണ്ണിൽ നിന്നൊരു വാക്ക്
അപ്പോൾ നിങ്ങൾക്കൊന്നും ചെയ്യാനാവില്ല.
വാക്കുകളുടെ രാജ്ഞിക്കുമുന്നിൽ
കുമ്പിട്ട് അഭയം തേടുകയല്ലാതെ.

No comments:

Post a Comment