ഞങ്ങളുടെ ഗ്രാമം
ഒരു മരുഗ്രാമമാക്കാനുള്ള
ഒരുക്കത്തിലായിരുന്നു ദൈവം.
കഴിഞ്ഞ മഴക്കാലത്ത്
അപ്പാടെ കുത്തിയൊലിച്ച ശേഷം
മഴ പെയ്യിച്ചേയില്ല.
വേനൽമഴയാകട്ടെ
കഴിഞ്ഞ കുറേ കൊല്ലങ്ങളായി
ഞങ്ങളുടെ ഗ്രാമത്തെ
കരുതിക്കൂട്ടിത്തഴഞ്ഞ്
മറ്റെല്ലാടത്തും പെയ്തുകൊണ്ടിരുന്നു.
പത്തുകൊല്ലം കഴിഞ്ഞ്
ഞങ്ങളുടെ ഗ്രാമത്തിലേക്കു വരാനൊരു
ഒട്ടകം വാങ്ങാൻ
പുറം ഗ്രാമക്കാരനൊരാൾ
തീരുമാനിക്കുക പോലും ചെയ്തു.
ഈത്തപ്പഴത്തിൻ്റെ കുരു പാകിയത്
മുളച്ചു.
വീട്ടുവാതിലുകൾക്കു ബലം കൂട്ടാൻ പിടിപ്പിച്ച
ഉരുക്കു വാതിലായി പൊടിക്കാറ്റു സ്ഥിരപ്പെട്ടു.
മണൽക്കുന്നുകൾക്കിടയിലൂടെ
കയറ്റിയിറക്കിപ്പോകാവുന്ന വാഹനം
ഒന്നു രണ്ടു പേർ ബുക്കു ചെയ്തത്
വൈകാതെ എത്തും എന്ന
അറിയിപ്പും കിട്ടി.
കുഴൽക്കിണറുകളിൽ നിന്നടിക്കുന്ന വെള്ളത്തിലെ എണ്ണപ്പാട
ശുഭശകുനമായിക്കാണുന്ന തരത്തിൽ
ഗ്രാമത്തിൻ്റെ പഴമനസ്സ്
ദൈവം മാറ്റിമറിച്ചു.
മരുഗ്രാമത്തിലെ മരുപ്പച്ച
എൻ്റെ പറമ്പാക്കണേ
എണ്ണക്കിണർ എൻ്റെ മുറ്റത്താവണേ
എന്നെല്ലാം
ഓരോരുത്തരും പ്രാർത്ഥിച്ചുകൊണ്ടുമിരുന്നു.
പക്ഷേ, മേഘങ്ങളുടെ പോലും
വരുതിയ്ക്കു നിൽക്കാത്ത ഒരു മേഘം
എങ്ങനെയോ ഗ്രാമത്തിനു മുകളിലെത്തിപ്പെട്ടു.
അതവിടെയുറച്ചു നിന്നു
ചാറാൻ തുടങ്ങി.
ഒട്ടകവും പെരും മരുച്ചക്രവണ്ടികളും
വാങ്ങാൻ പണമടച്ചവർ
അതിനെ അവിടുന്നു തുരത്താൻ
കതിന പൊട്ടിക്കുന്ന ശബ്ദം കൊണ്ട്
നാടിതാ പ്രകമ്പനം കൊള്ളുന്നു.
ഒന്നും കൂസാതെ
മേഘം
നിശ്ശബ്ദം നിന്നു പെയ്യുന്നു.
അറബിദൈവവും ഒട്ടകമേഘവുമായാലോ?
ReplyDelete