സഞ്ചരിച്ചു ഞാനേറെസ്സൗവർണ്ണലോകങ്ങളിൽ
കണ്ടു ഞാൻ നലമാർന്ന നാടുകൾ സാമ്രാജ്യങ്ങൾ
കറങ്ങീ പടിഞ്ഞാറൻ ദ്വീപുകൾ തോറും കാവ്യ -
ദേവനാമപ്പോളോയെക്കവികൾ വാഴ്ത്തും ദിക്കിൽ.
ആഴത്തിൽ നെറ്റിച്ചുളിവുള്ളൊരാ ഹോമർ തൻ്റെ
രാജ്യം പോൽ ഭരിച്ചതാണാത്തുറസ്സുകൾ, കേട്ടേൻ.
എങ്കിലുമതിൻ ശുദ്ധസ്വാച്ഛന്ദ്യം നുകർന്നില്ല -
യിന്നോളം ചാപ്മാനുച്ചം പറഞ്ഞു കേൾക്കും വരെ.
ഇന്നു ഞാനറിയുന്നൂ പുത്തനാം ഗ്രഹമൊന്നു
കണ്ണിൽ നീന്തിയെത്തീടുമാകാശനിരീക്ഷകൻ
മാതിരി, യല്ലെന്നാകിൽ കരുത്തൻ കോർട്ടെസ് വന്യ -
സന്ദേഹങ്ങളിലാഴ്ന്ന തന്നനുചരർക്കൊപ്പം
ദാരിയൻ മലമുടി മേലേറി നിന്നുംകൊണ്ടു
പരുന്തിൻ കണ്ണാൽ ശാന്തസമുദ്രം നോക്കും പോലെ.
- 1816
No comments:
Post a Comment