ശരത്കാലത്തിനോട്
(ഈ പരിഭാഷ സുജാതട്ടീച്ചർക്കും സുഗതകുമാരിട്ടീച്ചർക്കും)

1
നേർത്ത മഞ്ഞിൻ്റെ ഋതുവേ, പക്വസാഫല്യകാലമേ
മുതിർന്നു പൂർണ്ണനാവുന്ന സൂര്യന്നുറ്റ സുഹൃത്തു നീ
പുല്ലുമേൽക്കൂരമേലേറും വള്ളി തോറും സമൃദ്ധമായ്
മുന്തിരിക്കുലകൾ മുറ്റാൻ സൂര്യനൊത്തുദ്യമിപ്പു നീ
വീടിൻ പിന്നാമ്പുറത്താപ്പിൾ മരങ്ങൾ പായലാർന്നവ
പഴം തിങ്ങിക്കുനിഞ്ഞീടാൻ മൂത്തു പാകതയെത്തുവാൻ
ഇളവൻ വീർത്തു വണ്ണിയ്ക്കാൻ ഹേയ്സൽക്കായ് തോടിനുള്ളിലായ്
മധുരാന്നം മുഴുത്തീടാൻ, പുതുമൊട്ടുകൾ തിങ്ങുവാൻ
ഊഷ്മളം ദിവസങ്ങൾക്കില്ലന്ത്യമെന്നു നിനച്ചിടും
തേനീച്ചകൾക്കുണ്ണുവാനായ് വൈകിയും പൂ വിരിഞ്ഞിടാൻ
മെഴുകൊട്ടിയ തേനീച്ചക്കൂട്ടിൽ നിന്നു കവിഞ്ഞിടും
വേനലിന്നായ് സൂര്യനൊത്തു ഗൂഢാലോചന ചെയ് വു നീ.
2
നിന്നെയാർ നിൻ കലവറക്കുളളിൽ കാൺമീലയെപ്പൊഴും?
എങ്ങും തിരയുകിൽ പക്ഷേ കണ്ടെത്താം നീയിരിപ്പതായ്
ഒരു ധാന്യപ്പുരയ്ക്കുള്ളിൽ നിലത്തശ്രദ്ധമായി, നിൻ
മുടി മെല്ലെപ്പാറിടുന്നൂ പതിർ പാറ്റുന്ന കാറ്റിലായ്
അല്ലെങ്കിൽ പാതി കൊയ്തോരു പാടത്തെച്ചാലിലങ്ങനെ
പോപ്പിപ്പൂപ്പുകയേറ്റുള്ളം മയങ്ങിഗ്ഗാഢനിദ്രയിൽ
അരികെക്കൊയ്യുവാനുള്ള പൂ പിണഞ്ഞ പിടിക്കുമേൽ
അരിവാളലസം വെച്ചു ചാഞ്ഞു വീണു കിടപ്പു നീ.
ചില നേരത്തു കൈത്തോടിന്നരികെക്കനമാർന്നതാം
ശിരസ്സുയർത്തിപ്പിടിതാൾ പെറുക്കുമ്പോലിരിപ്പു നീ.
ആപ്പിൾ സത്തു പിഴിഞ്ഞീടും ചക്കിന്നരികിലായിടാം
ക്ഷമയോടെയൊടുക്കത്തെത്തുളളിയും വീഴുവോളവും
മണിക്കൂറുകളോളം നീയുറ്റുനോക്കിയിരിക്കയാം.
3
വസന്തത്തിൻ്റെ ഗാനങ്ങളെങ്ങ്, ഹേയ്, എങ്ങുപോയവ?
ചിന്തിക്കേണ്ട, നിനക്കുണ്ടു നിൻ്റെ സംഗീതമത്രയും.
മെല്ലെ മെല്ലെ മരിക്കുന്ന പകലിന്നു തുടുപ്പു ചേർ -
ത്തന്തിവാനത്തു മേഘങ്ങൾ പൂക്കവേ, പാടലാഭയാൽ
സ്പർശിക്കേ കൊയ്തു തീർന്നോരു പാടത്തിൻ്റെ പരപ്പിലായ്,
പുഴക്കരയിൽ വെള്ളീലപ്പൊന്തയിൽ നിന്നുയർന്നിടും
വിലാപസംഘഗീതത്താൽ ചെറുകിടങ്ങൾ തേങ്ങവേ,
ഇളംകാറ്റുയിർ കൊള്ളുമ്പോളാത്തേങ്ങൽ പൊങ്ങിയാർക്കവേ,
ഇളംകാറ്റു മരിക്കുമ്പോൾ താണു താണതു മായവേ,
മലഞ്ചോലയിൽ നിന്നുച്ചമാട്ടിൻകുട്ടികൾ കേഴവേ,
വേലിപ്പത്തലുകൾക്കുള്ളിൽ നിന്നു ചീവീടു പാടവേ,
മാറിൽച്ചോപ്പുള്ള ചൂളത്താൻ കിളി പൂന്തോപ്പിൽ നിന്നിതാ
നീട്ടി നീട്ടി വിളിക്കേ - നിൻ സംഗീതമൊലികൊൾകയായ്
തൂക്കണാംകുരുവിക്കൂട്ടം വാനിൽ നീളെച്ചിലയ്ക്കവേ.
- 1820

No comments:
Post a Comment