Wednesday, May 13, 2020

കുറുന്തൊകൈക്കവിതകൾ - (പരിഭാഷ, പഴന്തമിഴ്, എ.ഡി.ആദ്യ ശതകങ്ങൾ)




Tamil Nadu's Landscapes And Ancient Poetry




1.
നിലത്തിനും നീരിനും
കുറുന്തൊകൈ 3
കവി: തേവ കുലത്താർ
തിണ: കുറിഞ്ഞി


നിലത്തേക്കാൾ പെരിയതേ, വാനിനേക്കാളുയർന്നതേ
നീരിനേക്കാളാഴമളവില്ലാത്തതേ സ്നേഹം
മലഞ്ചെരുവിൽ കരിന്തണ്ടിൽ കുറിഞ്ഞിപ്പൂവതിൽ നിന്നും
പെരുന്തേൻകൊണ്ടിടും നാട്ടുകാരനിൽ സ്നേഹം


ഉറവിടം:
നിലത്തിനും പെരിതേ,വാനിനും ഉയർത്തൻറു;
നീരിനും ആർ അളവിൻറേ - ചാരൽ
കരുങ്കോർ കുറിഞ്ചിപ്പൂക്കൊണ്ടു,
പെരുന്തേൻ ഇഴൈക്കും നാടനൊടു നട്പേ



2.
നോവും നെഞ്ഞ്
കുറുന്തൊകൈ 4
പാടിയവർ: കാമഞ്ചേർ കുളത്താർ
തിണ: നെയ്തൽ

നോവെൻ നെഞ്ഞിൽ നോവെൻ നെഞ്ഞിൽ
ഇമ പൊള്ളിക്കും കണ്ണീർ താങ്ങി,
ദൈവം തന്നോരെൻ കാമുകനി -
ല്ലാതായ് സ്നേഹം, നോവെൻ നെഞ്ഞിൽ



ഉറവിടം:
നോം എൻ നെഞ്ചേ; നോം എൻ നെഞ്ചേ;
ഇമൈ തീയ്പണ്ണ കണ്ണീർ താങ്കി,
അമൈതർക്കു അമൈന്ത നം കാതലർ
അമൈവു ഇലർ ആകുതൽ, നോം എൻ നെഞ്ചേ.




3.
ഉറങ്ങാതെ ഞാൻ
കുറുന്തൊകൈ 6
കവി: പതുമനാർ
തിണ നെയ്തൽ


തിടം വെച്ച പാതിരാ യാമം, വാക്കണഞ്ഞു,
ഗാഢനിദ്രയിലൊതുങ്ങിയെല്ലാരും, കലിയടങ്ങി -
യകല ലോകങ്ങളുമുറങ്ങി, ഞാനൊരാളുറങ്ങാതേ.



ഉറവിടം:
നള്ളെൻറൻറേ, യാമം; ശൊൽ അവിന്തു,
ഇനിതു അടങ്കിനരേ, മാക്കൾ;മുനിവ് ഇൻറു,
നനന്തലൈ ഉലകവും തുഞ്ചും
ഒർ യാൻ മൻറ തുഞ്ചാതേനേ.



3.
നല്ലവരാരിവർ?
കുറുന്തൊകൈ 7
കവി: പെരും പതുമനാർ
തിണ: പാല


വില്ലാളിക്കാലിൽ തളയുണ്ടേ, കൈച്ചങ്ങലയണിഞ്ഞ പെണ്ണിൻ
മെല്ലടി മേലെ ചിലമ്പുണ്ടേ, നല്ലവരവ -
രാരാരോ തമ്മിൽ തമ്മിൽ? ആരിയർ നാട്ടിൽ
ഞാണിന്മേലാടും കൂത്തരെയാടിക്കും പറ പോലെ
കാറ്റിൽ വാകമരത്തിൻ വെളുത്ത കായ്കൾ കലമ്പും
മുള്ളുമുളമ്പരപ്പിലെത്താൻ വെമ്പുന്നോരാണേ



ഉറവിടം:
വില്ലോൻ കാലന കഴലേ, തൊടിയോൾ
മെല്ലടി മേലവും ചിലമ്പേ;നല്ലോർ
യാർകൊൽ? അളിയർതാമേ-ആരിയർ
കയിറാടു പറൈയിൻ, കാൽ പൊരക്കലങ്കി
വാകൈ വെൺ നെറ്റു ഒലിക്കും
വേയ്പിൻ അഴുവം മുന്നിയോരേ




4.
നെഞ്ചമൊന്നായി
കുറുന്തൊകൈ: 40
പാടിയവർ: ചെമ്പുലപ്പെയൽ നീരാർ
തിണ: കുറിഞ്ഞി



എന്നമ്മ നിന്നമ്മയ്ക്കാരാണോ?
എന്നച്ഛൻ നിന്നച്ഛനു ചാർച്ചയേതു മുറയിൽ?
ഞാനും നീയും എങ്ങനെയറിഞ്ഞാവോ?
ചെമ്മണ്ണലിഞ്ഞ മഴപ്പെയ്ത്തുനീർ പോലെ -
യൻപോടു നമ്മുടെ നെഞ്ചമൊന്നായേ



ഉറവിടം:
യായും ഞായും യാർ ആകിയരോ?
എന്തൈയും നുന്തൈയും എമ്മുറൈ കേളിർ?
യാനും നീയും എവ്വഴി അറിതും?
ചെമ്പുലപ്പെയൽനീർ പോല
അൻപുടൈ നെഞ്ചം താം കലന്തനവേ



5.
തേയുമോ സ്നേഹം?
കുറുന്തൊകൈ 42
കവി: കപിലർ
തിണ: കുറിഞ്ഞി .


പാതിരാപ്പെരുമാമഴ പെയ്ത്
ഗുഹക്കകത്തരുവി പാടുമിടത്തുകാരാ,
കാമമൊഴിഞ്ഞു പോയാലും നമ്മുടെ
സ്നേഹമതു പോലെ തേയുമോ, തേയുമോ?



ഉറവിടം:
കായം ഒഴിവതു ആയിനും -യാമത്തു -
ക്കരുവി മാമഴൈ വീഴ്ന്തന, അരുവി
വിടരകത്തു ഇയമ്പും നാട! - എം
തൊടർപ്പും തേയുമോ, നിൻ വയി ഞാനേ




6.
ഉറങ്ങിയിട്ടും ഉറങ്ങാതെ
കുറുന്തൊകൈ 138.
കൊല്ലൻ അഴിചി



ഊരുറങ്ങീ,യെന്നാൽ നാമുറങ്ങീലാ.
രാവിൽ നീളെ
വീടിനടുത്തുള്ളച്ചെറുകുന്നിൽ നിന്നും
പൂങ്കുല കുലയായ് കുലഞ്ഞ
നൊച്ചി മരത്തിന്നരുമച്ചില്ലകൾ
നീലക്കല്ലൊളി ചിന്നും പൂക്കളെ
മയിലിൻ കാലടി പോലാമിലകൾക്കൊപ്പം
കൊഴിയാൻ വിടുവത് കേട്ടൂ നമ്മൾ.



ഉറവിടം:
കൊൻ ഊർ തുഞ്ചിനും, യാം തുഞ്ചലമേ-
എം ഇൽ അയലതു ഏഴിൽ ഉമ്പർ,
മയിലടി ഇലൈയ മാക്കുരൽ നൊച്ചി
അണിമികു മെൻകൊമ്പു ഊഴ്ത്ത
മണിമരുൾ പൂവിൻ പാടുനനി കേട്ടേ.




7.
പിരിക്കും വാൾ
കുറുന്തൊകൈ 157
പാടിയവർ: അള്ളുർ നൻമുല്ലൈയാർ
തിണ: മരുതം



കുക്കൂവെന്നു കോഴി; അതു കേ-
ട്ടപ്പോൾ പേടിച്ചെൻ നിറനെഞ്ചം
തോൾ തഴുകും കാമുകനെയടർത്തും
വാൾ പോൽ പുലരിയണഞ്ഞതു പോലെ


ഉറവിടം:
കുക്കൂ എൻറതു കോഴി; അതൻ എതിർ
തുട്കെൻ റൻറു എൻ തുയനെഞ്ചം
തോൾ തോയ് കാതലർപ്പിരിക്കും
വാൾപോൽ വൈഗറൈ വന്തൻറാൽ എനവേ




8.
ഉറക്കം വിട്ടു.
കുറുന്തൊകൈ 186
പാടിയവർ: ഒക്കൂർ മാശാത്തി
തിണ: മുല്ല



ആരവമിട്ടിടിയൊത്ത മഴക്കാലത്താൽ
തൊടിയിലെ നറു മുല്ലക്കൊടി
പല്ലുമുളയ്ക്കും പോലേ മൊട്ടിടുമിടത്തുകാര-
ന്നായെൻകണ്ണുകൾ തുയിൽവിട്ടു തുറന്നൂ തോഴീ



ഉറവിടം:
ആർകലി ഏറ്റൊടു കാർതലൈ മണന്ത
കൊല്ലൈപ്പുനത്ത മുല്ലൈ മെൻകൊടി
എയിറുളന മുകൈയും നാടർക്കു
തുയിൽ തുറന്തനവാൽ - തോഴി! - എം കണ്ണേ





9.
നല്ലതല്ല നിലാവ്
കുറുന്തൊകൈ: 47
പാടിയവർ: നെടുവെണ്ണിലവിനാർ
തിണ: കുറിഞ്ഞി



കരിങ്കാൽ വേങ്ങയുതിരും തുറുകല്ല്
പെരുമ്പുലിക്കുട്ടിയായ് തോന്നും കാട്ടിലൂടെ
അല്ലിൽ വരുമിവന്റെ കളവിന്
നല്ലതല്ല നെടുവെണ്ണിലാവ്!



ഉറവിടം
കരുങ്കാൽ വേങ്കൈ വീഉകു തുറുകൽ
ഇരുമ്പുലിക്കുരുളൈയിൻ തോൻറും കാട്ടിടൈ
എല്ലി വരുനർ കളവിർക്കു
നല്ലൈ ഇല്ലൈ -നെടുവെണ്ണിലവേ!




10.
ഊരുണ്ണും കൊക്കർണി മൂടും
പായൽ പോൽ വിളർപ്പ് - കാമുകൻ
തൊടുംവഴി തൊടുംവഴി നീങ്ങി
വിടുംവഴി വിടുംവഴി പരന്നിടുന്നേ.



ഉറവിടം:
ഊർഉൺ കേണി ഉൺതുറൈ തൊക്ക
പാശി അറ്റേ പശലൈ - കാതലർ
തൊടുവഴിത്തൊടുവഴി നീങ്കി
വിടുവഴി വിടുവഴിപ്പരത്തലാനേ




11.
കരഞ്ഞ കാക്ക
കുറുന്തൊകൈ: 210
പാടിയവർ:കാക്കൈപ്പാടിനിയാർ നച്ചെള്ളൈയാർ
തിണ: മുല്ല




വൻ തേർ നള്ളിയുടെ കാട്ടിലെ യിടയന്മാർ
പല പൈക്കളിൽ നിന്നുമുണ്ടാക്കും നെയ്, തൊണ്ടിയിൽ
മുഴുവൻ വിളഞ്ഞ വെൺ നെല്ലിന്റെ ചോറിൽ ചേർത്തു
ഏഴു കലം നിറച്ചാലും ചെറുത് - എൻ തോഴിയുടെ
പെരുന്തോൾ മെലിയിച്ച പ്രിയതമന്
വിരുന്നു വരാൻ കരഞ്ഞ കാക്കയ്ക്കു ബലിയായ്.




ഉറവിടം:
തിൺ തേർ നള്ളി കാനത്തു അണ്ടർ
പൽ ആ പയന്തനെയ്യിൻ, തൊണ്ടി
മുഴുതുടൻ വിളൈന്ത വെൺ നെൽ വെൺ ചോറു
എഴുകലത്തു ഏന്തിനും ചിറിതു - എൻ തോഴി
പെരുന്തോൾ നെകിഴ്ന്ത ശെല്ലർക്കു
വിരുന്തുവരക്കരൈന്ത കാക്കൈയതു ബലിയേ




12.
തേങ്ങുന്നു തോഴീ
കുറുന്തൊകൈ: 41
പാടിയവർ: അണിലാടു മുൻറിലാർ
തിണ: പാല


കാമുകൻ കൂടേയെങ്കിലാനന്ദം പെരിയത്,
പൂരമാഘോഷിച്ചീടുമൂരിന്റെ യത്യാനന്ദം.
പാഴ് മരുക്കാടു മൂടും വീടുള്ള ചെറുനാട്ടി-
ലാളുകൾ പൊയ്പോയ് അണ്ണാനാടുന്ന മുറ്റം പോലെ -
യൊറ്റയ്ക്കു തേങ്ങും തോഴീ ഞാൻ - അവനകന്ന നാൾ




ഉറവിടം:
കാതലർ ഉഴൈയർ ആകപ്പെരിതു ഉവന്തു,
ചാറുകൊൾ ഊരിൻ പുകൽവേൻ മൻറ,
അത്തം നണ്ണിയ അണിൽ ആടു മുൻറിറ്
പുലപ്പിൽ പോല പ്പുല്ലെൻറു
അലപ്പെൻ - തോഴി! - അവർ അകൻറ ഞാൻറേ



13
കുറുന്തൊകൈ 130

പാടിയവർ: വെള്ളി വീതിയാർ
തിണ: പാല

മണ്ണിനുള്ളിൽ കടക്കില്ല മാനത്തുമേറില്ല
വിലങ്ങിനിൽക്കും കടലുകളെക്കാൽനടയായ് താണ്ടില്ല
നാടു തോറും ഊരു തോറും
വീടുതോറും തിരയിൻ
കുടുങ്ങാതെ പോകുമോ നമ്മുടെ കാമുകൻ?



ഉറവിടം :
നിലം തൊട്ടു പുകാഅർ;വാനം ഏറാർ;
വിലങ്കു ഇരു മുന്നീർ കാലിൻ ചെല്ലാർ;
നാട്ടിൻ നാട്ടിൻ ഊരിൻ ഊരിൻ
കുടിമുറൈ കുടിമുറൈ തേരിൻ,
കെടുനരും ഉളരോ? - നമക്കാതലോരേ



No comments:

Post a Comment