പൂമ്പാറ്റേ, യുണരൂ, നേരം
വൈകി, നമ്മൾക്കു പോകുവാൻ
കാതങ്ങൾ ബാക്കിയുണ്ടിനി
വരൂ കാണൂ തനിപ്പൂക്കൾ
വേദനാ നിർഭരം ലോക-
ത്തിൻ ശരിപ്പൂക്കൾ, കാണുക
യോഷിനോവിൻ ചെറിപ്പൂക്കൾ
എൻ്റെ സർക്കീട്ടു തൊപ്പിയും
നിങ്ങളെക്കാട്ടുവാൻ കൊതി.
വാസന്തമഴ
വൃക്ഷങ്ങൾക്കടിയിൽ
ചില്ലു നീരൊലി
ദൈവത്തിൻ്റെയഭാവം: ച-
പ്പിലകൾ കുമിയുന്നിതാ
ശൂന്യമാണു സമസ്തവും.
മഞ്ഞുകാലത്തെയാദ്യത്തെ
മഴ, വൈക്കോലുടുപ്പിനായ്
കൊതിക്കുന്നൊരു വാനരൻ
ശരത്തിൻ ഗാഢത : വാഴു-
ന്നെവ്വണ്ണമയൽവാസി, ഞാ-
നൽഭുതം കൂറിടുന്നിതേ
പൂന്തോട്ടം തൂത്തുവാരുമ്പോൾ
അങ്ങു വെച്ചു മറന്നു പോയ്
മഞ്ഞിനെച്ചൂല്, നോക്കുക.
കനപ്പിക്കുന്നു
നീയെൻ്റെയേകാന്തത
മലങ്കിളീ
ഞാനെടുത്തു കുടിച്ചപ്പോൾ
മുഴങ്ങീടുന്നു വായയിൽ
അരുവിത്തെളിനീർത്തെളി
ഉലഞ്ഞാടുന്ന പുപ്പൊന്ത :
തങ്ങിത്തിളങ്ങും വെൺമഞ്ഞു
തുളളിയിറ്റാതെയങ്ങനെ
മഴ പെയ്യുന്നു വേനൽക്ക്,
പട്ടുനൂൽപ്പുഴുവൊന്നുണ്ടു
മൾബറിത്തോപ്പിൽ രോഗിയായ്
കുഞ്ഞു ഞെണ്ടൊന്നു കേറുന്നെൻ
കാലിന്മേലൂടെ, വെള്ളമോ
തെളിഞ്ഞത്, തെളിഞ്ഞത്.
ചന്ദൻ നീങ്ങുന്നു വേഗത്തിൽ
തങ്ങുന്നൂ ചില്ലകൾക്കുമേൽ
മഴത്തുള്ളികളിപ്പൊഴും.
രാത്രി നീളേ നിന്നുറഞ്ഞു
പോയോ മുള തണുന്നനെ?
പുലർമഞ്ഞിൻ്റെ ഗാഢത
അതേ, വസന്തം, പേരില്ലാ-
ക്കുന്നുകൾക്കിടയൂടവേ
നേർത്ത മഞ്ഞിൻ്റെ മങ്ങലും
കുടിച്ചു തീർത്തൂ മുഴുവൻ;
നാലു ലിറ്റർ വീഞ്ഞു പാത്രം
ഇനിപ്പൂപ്പാത്രമാക്കിടാം.
ഹേമന്ദമഴയങ്ങിങ്ങ്,
നീങ്ങും മേഘങ്ങൾ - മൂത്രിച്ചു
കൊണ്ടോടുന്നൊരു നായ പോൽ.
പറയും ജലപാതത്തിൻ
മേലേ തൂങ്ങുന്ന പൂക്കളെ -
ക്കുറിച്ചെൻ കൂട്ടരോടു ഞാൻ
വെള്ള ക്രിസാന്തമം പൂവ് :
ഉറ്റുനോക്കുകിൽ കാണില്ലൊ-
രൊറ്റപ്പൊടിയുമായതിൽ
മലമ്പള്ളയിലെപ്പാത :
പ്ലം പൂമണത്തിൽ പെട്ടെന്നു
സൂര്യൻ പ്രത്യക്ഷനാകയായ്.
തുടുത്തു പാകമാവുന്നൂ
ബാർലിക്കതിർ ദിനംപ്രതി
വാനമ്പാടികൾ പാടവേ
ശരി തന്നെ, തനിപ്പച്ച-
യായിരുന്നു - എങ്കിലിപ്പൊഴോ
ചുവന്ന മുളകിൻ മണി.
ഉണർന്നേനൊമ്പതു കുറി,
എന്നിട്ടും കാണ്മിതമ്പിളി,
പ്രഭാതത്തിനു മുന്നമേ.
കൂണ് - പേരറിയാത്തേതോ
മരത്തിൽ നിന്നുതിർന്നതാം
ഇല തങ്ങുന്നതിന്നു മേൽ
ഉദിച്ചിടാറായി ചന്ദ്രൻ
- ഏവരും മുറിയിൽ കാൽമു-
ട്ടിന്മേൽ കൈ വെച്ചിരിക്കയാം.
എൻ കുടിൽ: കൊതുകൊക്കേയും
ചെറുതാ, ണത്രമാത്രമേ
വാഗ്ദാനം ചെയ് വതുള്ളു ഞാൻ
യോദ്ധാക്കളുടെ സ്വപ്നത്തിൻ
ശേഷിപ്പീ
വേനൽ പുല്ലുകൾ
കൊറ്റിക്കരച്ചിൽ - ആക്കീറൽ
വാഴതന്നിലയൊക്കെയും
തീർച്ച, കീറിപ്പറിച്ചിടും.
വിശുദ്ധം : പച്ചയിലകൾ
പുതുപ്പച്ചത്തഴപ്പുകൾ
സൂര്യപ്രഭയിലങ്ങനെ.
നെല്പാടം, ബാർലിതൻ പാടം
അവക്കിടയിലുണ്ടിതാ
വേനലിൻ കുയിൽ കൂടിയും
വിടവാങ്ങുന്ന പൂക്കാലം :
പക്ഷിക്കരച്ചിൽ, മീനിൻ്റെ
കൺകളിൽ കണ്ണുനീർക്കണം.
ശരൽക്കാലത്തുടക്കം : നെൽ -
പ്പാടം, സാഗരമൊക്കെയും
ഒരേ പച്ച നിറത്തിലായ്
ഈ സ്ഥലത്തെൻ്റെ
കണ്ണെത്തുന്നവയേതും
തണുത്തത്.
ശരൽക്കാലത്തിനാഴത്തിൽ
പൂമ്പാറ്റ നുകരുന്നിതാ
ക്രിസാന്തമ ഹിമോദകം.
മഞ്ഞുകാലപ്പകൽ, തീർത്തു -
മുറഞ്ഞ നിഴലൊന്നിതാ
കുതിരപ്പുറമങ്ങനെ.
ഞാനൊഴിച്ചിപ്പൊഴിതിലേ
യാത്ര ചെയ്യുന്നതില്ലൊരാൾ
ഈ ശരൽക്കാല സന്ധ്യയിൽ
ഈ ശരത്തിലെനിക്കെന്തേ
പ്രായമായെന്നു തോന്നുവാൻ?
- മേഘച്ചാർത്തിലിതാ കിളി
ശരൽക്കാലം : വയസ്സായ
പോലെക്കാണുന്നു പക്ഷികൾ
പോലും മേഘങ്ങൾ കൂടിയും
മണിനാദം നിലച്ചിട്ടും
പൂക്കൾതന്നുള്ളിൽ നിന്നത്
പുറമേയ്ക്കണയുന്നിതാ
വെൺമത്സ്യത്തിൻ കരിങ്കൺകൾ
തുറക്കുന്നൂ വലയ്ക്കകം
ധർമ്മത്തിൻ്റെ വലയ്ക്കകം
വരൂ പോകാം
മഞ്ഞുകാണാൻ
നമ്മൾ മൂടപ്പെടും വരെ
വിനീതമെൻ്റെ നോട്ടത്തിൽ
നരകം തീർച്ചയായുമേ
ഒരു ശാരദസന്ധ്യതാൻ
മഴ പെയ്തീല, യെന്നിട്ടും
മുളങ്കൂമ്പു നടുന്ന നാൾ
മഴക്കോട്ടൊരു തൊപ്പിയും.
"മക്കളെക്കൊണ്ടു തോറ്റൂ ഞാൻ"
എന്നാരു പറയുന്നുവോ
അവർക്കില്ലൊരു പുഷ്പവും.
ഉരുകും ചുടുകണ്ണീരായ്
കയ്യിൽ ഞാനൊന്നെടുക്കുകിൽ
ശരൽക്കാലത്തെ മഞ്ഞിത്.
മഞ്ഞുകാല മഴപ്പെയ്ത്തിൽ
തൊപ്പി വയ്ക്കാതെയങ്ങനെ
നന്നായ്, നന്നായിയെത്രയും
ഇരുളുന്നൂ കടൽ, കാട്ടു -
താറാവിൻ വിളി കേൾപ്പിതാ
നേർത്തരണ്ടു വെളുന്നനെ.
ആദ്യത്തെ മഞ്ഞ് - ഞാനെൻ്റെ
സ്വന്തം കുടിലിലുള്ളത്
മഹത്താം ഭാഗ്യമല്ലയോ!
വിളഞ്ഞു പൂർണ്ണനായോരു
ചന്ദ്രൻ : ഞാൻ ചുറ്റിടുന്നിതാ
രാവു നീളെക്കുളക്കരെ.
മേഘങ്ങളപ്പൊഴിപ്പോഴായ്
നമുക്കേകുന്നു വിശ്രമം
ചന്ദ്രനേ നോക്കി നിൽക്കവേ
പാടിപ്പാടിപ്പറക്കുന്നൂ
കുയിൽ
അത്ര തിരക്കൊടേ
ദൈവങ്ങളോടൊപ്പമാണീ
പൈൻമരം നാമ്പുനീർത്തത്
- വിശുദ്ധം ശരദത്രമേൽ
ബുദ്ധൻ്റെ ജന്മനാൾ
ഇന്നു പിറക്കു-
മൊരു കുട്ടിമാൻ.
ഒരു പച്ചിലയാലേ
ഞാനൊപ്പാം
നിന്നുടെ കണ്ണുനീർ
ഇതു നമ്മുടെ വേർപാട് :
മാനിൻ്റെ കൊമ്പിലാദ്യത്തെ
ശിഖരം പിരിയുന്നിതാ
കോട്ടതന്നവശിഷ്ടങ്ങൾ:
പഴങ്കിണറ്റിലെ പ്പച്ച-
വെള്ളം ഞാൻ തേടുമാദ്യമായ്
കുയിൽ
- ഇപ്പോഴില്ലയിങ്ങ്
ഹൈക്കൂ കവികളാരുമേ
ശരൽക്കാലത്തെ സായാഹ്നം:
തളർന്ന ചില്ല മേൽവന്നു
ചേക്കേറീ കാക്കയൊന്നിതാ
ഇപ്പൊഴും ജീവനോടേയു-
ണ്ടെൻ്റെ സർക്കീട്ടു തൊപ്പി തൻ
അടിയിൽ തണുവിത്തിരി
പഴങ്കല്ലുകുളം
പോക്കാന്തവളക്കുതി
'സ്പ്ലഷ്' രവം
ശരൽക്കാലക്കാറ്റിൽ, മെല്ലെ -
ത്തുറക്കുന്നൊരു വാതി,ലാ-
ക്കീറിൽ കൂർത്തൊരു തേങ്ങലും
ആയിരം തുണ്ടു തുണ്ടായി -
ക്കിടക്കും ദ്വീപമാലകൾ
വേനൽക്കാലത്തിലെക്കടൽ
ഉണർന്നേൽക്കുക പൂമ്പാറ്റേ
ഉണർന്നേൽക്കൂ, വരൂ വരൂ
കൊതിപ്പേൻ നിൻ്റെ സൗഹൃദം
No comments:
Post a Comment