Sunday, May 3, 2020

ഒരു കരിങ്കിളിയെ നോക്കാൻ 13 വഴികൾ - പരിഭാഷ.

ഒരു കരിങ്കിളിയെ നോക്കാൻ
പതിമൂന്നു വഴികൾ
വാലസ് സ്റ്റീവൻസ് (യു.എസ്.എ, 1879- 1955)
പരിഭാഷ: പി.രാമൻ


Download Blackbird Png Transparent - Black Bird No Background, Png ...


1
ഇരുപതു മഞ്ഞുമലകൾക്കിടയിൽ
ചലിക്കുന്ന ഒരേയൊരു വസ്തു
കരിങ്കിളിയുടെ കണ്ണ്.

2
മൂന്നു മനസ്സാണെനിക്ക്.
മൂന്നു കരിങ്കിളികളുള്ള
ഒരു മരം പോലെ.

3
ശരൽക്കാലക്കാറ്റിൽ കരിങ്കിളി വട്ടം കറങ്ങി
സംഗീതശില്പത്തിലെ
ചെറിയൊരു ഭാഗമായിരുന്നു അത്.

4
ഒരാണും ഒരു പെണ്ണും
ഒന്ന്.
ഒരാണും ഒരു പെണ്ണും ഒരു കരിങ്കിളിയും
ഒന്ന്.

5
ഏതെടുക്കണമെന്നറിയില്ല.
ധ്വനിഭേദഭംഗിയോ
ദു:സൂചനാ ഭംഗിയോ?
കരിങ്കിളി ചൂളമടിക്കുന്നതോ
അതിനു ശേഷമോ?

6
പഴഞ്ചൻ ചില്ലുകളുള്ള നീണ്ട ജാലകത്തിന്മേൽ
മഞ്ഞുപാളികൾ നിറഞ്ഞു.
കരിങ്കിളിയുടെ നിഴൽ
അതിന്നു കുറുകെ പാറി - മുന്നോട്ടും പിന്നോട്ടും.
ഭാവാത്മകമായി
നിഴലിൽ പതിഞ്ഞു
ദുരൂഹമായൊരുദ്ദേശ്യം.

7
ഹദ്ദാമിലെ മെലിഞ്ഞ ആണുങ്ങളേ,
നിങ്ങളെന്താണ് സ്വർണ്ണപ്പറവകളെ
സങ്കല്പിക്കുന്നത്?
നിങ്ങളുടെ പെണ്ണുങ്ങളുടെ കാലടികൾക്കു ചുറ്റും
കരിങ്കിളി നടക്കുന്നത്
കാണുന്നില്ലേ നിങ്ങൾ?

8
കുലീനമായ ഉച്ചാരണ രീതികൾ എനിക്കറിയാം.
വിട്ടു പോകാനാവാത്ത അയത്നതാളങ്ങളും.
എന്നാൽ ഇതും കൂടി എനിക്കറിയാം:
എനിക്കറിയാവുന്നതിലെല്ലാം
കരിങ്കിളി ഇടപെടുന്നു എന്ന്.

9
അനേകം വൃത്തങ്ങളിലൊന്നിന്റെ വക്ക് വരച്ചിട്ടു
കാഴ്ചയിൽ നിന്നു പറന്നകന്നപ്പോൾ
കരിങ്കിളി.

10
പച്ച വെളിച്ചത്തിൽ പറക്കുന്ന
കരിങ്കിളികളെക്കണ്ടാൽ
കൊഞ്ചിക്കുഴയുന്ന കൂട്ടിക്കൊടുപ്പുകാരികൾ പോലും
കാറിക്കരഞ്ഞു പോകും.

11
കണക്റ്റിക്കട്ടിലൂടെ അയാളൊരു
സ്ഫടിക വാഹനത്തിൽ സഞ്ചരിച്ചു.
ഒരിക്കൽ ഒരു ഭയം തറഞ്ഞു കേറി.
അരണ്ടു പോയ അയാൾ
ചില്ലു വാഹനത്തിന്റെ നിഴലിനെ
കരിങ്കിളികളായി തെറ്റിദ്ധരിച്ചു.

12
നദി ചലിക്കുന്നു
കരിങ്കിളിക്കു പറന്നേ പറ്റൂ.

13
സന്ധ്യ.
മഞ്ഞു പെയ്യുന്നു.
എങ്ങും മഞ്ഞുമൂടാൻ തുടങ്ങുന്നു.
ദേവദാരുച്ചില്ലയിൽ
കരിങ്കിളി ഇരിക്കുന്നു.

- 1923

No comments:

Post a Comment