(ഏതാനും ഖണ്ഡങ്ങൾ )
1
എല്ലാറ്റിലുമുള്ള എന്റെ വിശ്വാസം നഷ്ടപ്പെടാൻ
ഒരു നഗരം, ഒരു ചെറു നഗരം, ധാരാളം.
അതാണ് വർഷങ്ങളായി ഞാനൊരു
സങ്കല്പ ഗ്രാമത്തിൽ ജീവിക്കുന്നത്.
എന്നോ നഷ്ടപ്പെട്ട എന്റെ കൂടപ്പിറപ്പ്
ഒരു മുന്തിരിത്തോട്ടത്തിൽ
മുന്തിരി പറിച്ചു നിൽക്കുന്നത്
സൂചിക്കണ്ണിലൂടെ
ഞാൻ കാണുന്നു.
2
സൂര്യഗ്രഹണം എന്നെ ആഹ്ലാദിപ്പിച്ചു.
സൂര്യന്റെ ചുവന്ന ചിറകുകൾ ഞാൻ കണ്ടു
എന്നോടു ചേർന്നു നിന്ന്
ഗിൽഗമേഷും അതു കണ്ടു
3
കടൽത്തിരകൾക്ക്
മലമുടികളുടെ സമ്മാനമായ
ഈ വെള്ളച്ചാട്ടം
എന്റെ മുറിയിരിക്കുന്നേടത്തെ
അഗ്നിപർവതത്തിനു നേർക്ക്
വീർത്തു പൊള്ളച്ചു വരുന്നു.
4
കൂട്ടുകാരുടെ പാർട്ടികളിൽ
ഞാൻ നൃത്തം ചെയ്തു.
അവർ മരിച്ചു പോയി.
ഒരാൾക്കു പിറകേ മറ്റൊരാളായി.
5
കൊല്ലങ്ങളായി,ഞാനങ്ങുമിങ്ങും
കഷ്ടപ്പെടുന്നു.
ഇപ്പോൾ ഒരു കുശിനിക്കാരന്റെ വേഷത്തിൽ.
ഇപ്പോൾ ജിപ്സികൾ കത്തി കൂർപ്പിക്കുന്നേട ത്ത്.
മുകളിലെ സമചതുരത്തിലുള്ള ചന്ദ്രനിൽ
എനിക്കൊരു താല്പര്യവുമില്ല.
കൊല്ലങ്ങളായി കാത്തു നിൽക്കുന്ന
ചീഞ്ഞഴുകലിലും.
കഷ്ടപ്പെടുന്നു ഞാനങ്ങുമിങ്ങും
കൊല്ലങ്ങളായി.
6
തന്റെ കവിതകളിലൊന്നിൽ നിന്ന്
ഓടി രക്ഷപ്പെട്ട ഒരു മുയലിനെ
തുറമുഖത്ത് കപ്പൽ കാത്തു നിൽക്കുമ്പോൾ
അയാൾ കണ്ടെത്തി :
- സർ, താങ്കൾ ചുമ്മാ ഒരു യാത്രക്കാണോ
അതോ കുടിയേറ്റമോ?
- കുടിയേറ്റമാണ്.ഈ രാജ്യം എനിക്കു
മതിയായി.
- ഞാനെന്തെങ്കിലും തെറ്റു ചെയ്തോ
നിന്നോട്?
എന്തിനാണ് എന്റെ കവിത വിട്ടുപോയത്?
- താങ്കൾ എന്നെ ഒരു മുയലായിപ്പരിഗണി
ക്കുന്നതിനു പകരം ഒരു വേലക്കാരനെ
പ്പോലെ പരിഗണിച്ചു. അല്ലെങ്കിൽ ഒരു
നായെപ്പോലെ.ചിലപ്പോഴൊക്കെ ഒരു
പെണ്ണിനെപ്പോലെയും. അതെന്നെ
വേദനിപ്പിച്ചു.
No comments:
Post a Comment