Friday, May 15, 2020

പഴങ്കാല ചീനക്കവിതകൾ (പരിഭാഷ)



Art Eyewitness: Art Eyewitness Book Review: China: A History in ...


1.
മലയിലൊരു മാന്യനുമൊത്തു
കുടിച്ചിരിക്കുമ്പോൾ
ലി പോ (ചീന, AD701-762)


നാമിരുവർ കുടിച്ചു കിറുങ്ങീ
മാമലയിലെപ്പൂക്കൾ തൻ പ്രാണൻ
ഹാ,ചഷകം നിറച്ചു നിറച്ച്
പിന്നെയുമൊരു വട്ടം നിറച്ച്

ഞാൻ കിറുങ്ങീ,യിനിയുറങ്ങേണം
തെല്ലിവിടുന്നു താങ്കൾ പോകേണം
ഇഷ്ടമുണ്ടെങ്കിൽ നാളെപ്പുലർച്ചെ
കാവ്യവീണയും കൊണ്ടുവരേണം.




2.
കിളികൾ പോയ് മറയുന്നു വാനിൽ
ലി പോ(ചീന - AD701-762)


കിളികൾ പോയ് മറയുന്നു വാനിൽ - ഇപ്പോൾ
അവസാന മേഘവുമൊഴിഞ്ഞു.
മലനിരയൊടൊന്നിച്ചിരിപ്പൂ ഞാൻ -ഒടുവിൽ
മലനിര മാത്രമാവോളം.




3.
ചിയാ താവോ (777-841)


ഞാൻ തിരക്കവേ,പൈൻ മരച്ചോട്ടിൽ വെ-
ച്ചാ ഗുരുവിന്റെ ശിഷ്യൻ പറകയായ്:

'ലേപനൗഷധം തേടിത്തിരഞ്ഞു പോയ്
മാമലകളിലെങ്ങോ ഗുരു, മേഘ-
പാളികൾ കനത്തീടുക കാരണം
ഞാനറികയി,ല്ലെങ്ങോട്ടു പോയിയോ?'



4
മറ്റൊരു പൂക്കാലം
തു ഫു (ചീന AD 713 - 770)


നരച്ച നദി മേൽ വെള്ളക്കിളികൾ
പച്ചക്കുന്നിൽ തുടു പൂക്കൾ
വസന്തമങ്ങനെ നീങ്ങിപ്പോവതു
വെറുതേനോക്കിയിരിക്കുമ്പോൾ
അത്ഭുത, മെന്നെങ്കിലുമെത്തിടുമോ
മടങ്ങിയെന്നുടെ വീട്ടിൽ ഞാൻ!




5.
വടക്കൻ ദിക്കിലേക്കു പോകുമ്പോൾ .
തു ഫു (ചീന - AD 713 - 770)


മൂങ്ങകൾ മൂളുന്നു, മഞ്ഞച്ചിടുന്നൊരീ
മൾബറി മരങ്ങളിൽ, മഞ്ഞുകാലത്തേക്കു
മാളം തുരക്കുവാൻ പായുന്നെലികൾ, നാം
താണ്ടുന്നു പ്രാക്തന യുദ്ധക്കളമിത്.
പാതിര,യെല്ലുതുണ്ടങ്ങൾ തൻ വെൺമ മേൽ
ന്ലാവു തിളങ്ങിക്കിടപ്പൂ തണുന്നനെ.




6.
കൂട്ടുകവിക്ക്.
തു ഫു .( ചീനAD 713 - 770)


നമ്മൾ പ്രതിഭകൾ! ആളുകൾ നമ്മളെ
നമ്മുടെ കാലത്തെയേറ്റവും മുന്തിയ
കവികളെന്നോതുന്നു, നമ്മൾ പുലരുന്ന
കൂരകളെത്രയോ മോശം, വിനീത, മി-
ന്നെത്ര പരിമിതം നമ്മൾക്കു കിട്ടുന്ന
സമ്മതി, തിന്നുവാനൊന്നുമില്ലാതുടു-
വസ്ത്രങ്ങൾ പോലുമില്ലാതെ വലഞ്ഞു നാം.
ഒപ്പം നടക്കുന്ന സേവകരൊക്കെയു-
മെത്ര വെറുപ്പോടെ നോക്കുന്നു, ജീവിത-
പുഷ്കല കാലത്തു തന്നെ മുഖങ്ങളിൽ
പറ്റെച്ചുളിവു പടർന്നു, ഗൗനിക്കുവാ-
നാരുണ്ടു നമ്മളെ, നാം പെടും പാടിനെ?
നാം തന്നെ നമ്മുടെ ശ്രോതാക്കൾ, കാണികൾ
കാവ്യ നേട്ടങ്ങൾക്കു പൂക്കൾ കൈമാറുന്നു
തമ്മിലന്യോന്യം, മരിച്ചു മണ്ണിൽ പോയ
പൂർവകവികൾ കുറിച്ച കാവ്യങ്ങൾ തൻ
കൂടെയകപ്പെടും നമ്മൾ രചിച്ചതും.
അന്യോന്യമാശ്വസിപ്പിക്ക നാം, പിന്നാലെ
നമ്മളെപ്പോലെയിനിയും ചിലർ വരും.



7
അസ്തമയം
തു ഫു


അസ്തമയ പ്രഭ ജാലകവിരിതൻ
മണികളിൽ തങ്ങുന്നു.
വസന്ത മലരുകൾ താഴ് വാരത്തിൽ
വിരിഞ്ഞു നിൽക്കുന്നു.
പുഴവക്കത്തെപ്പൂന്തോട്ടത്തിൽ
തൂമണമൊഴുകുന്നു.
നദിയിലെ പത്തേമാരികൾ മേലേ -
യടുക്കളപ്പുക കാൺമൂ.
കുരുവികൾ ചില്ലകൾ തോറും ചാടി -
ച്ചാടി നടക്കുന്നു.
മദിച്ചു പാറും പ്രാണികൾ വായുവിൽ
മുരൾച്ചയാവുന്നു .
ആയിരമായിരമാകും ജാഗ്രത -
യാകെയകറ്റാനായ്
ആരാണാവോ കണ്ടു പിടിച്ചത്
കൊഴുത്ത വീഞ്ഞൊരു കപ്പ്!




8
വേർപാട്.
ദു മു (ചീന എ ഡി 803 - 852)


ഇവിടെ സ്നേഹം, പക്ഷേ
തുറന്നു കാണിക്കുവാൻ
കഴിവീലെനിക്കതിൻ
മുദ്രകൾ

ചിരിക്കാൻ തോന്നീടുന്ന -
തെങ്ങനെയീമുന്തിരി -
ച്ചഷകങ്ങൾതൻ മുന്നി-
ലിരിക്കെ.

മെഴുകുതിരികൾക്കു
പോലുമുണ്ടീ വേർപാടിൽ
വിലപിക്കുവാൻ ഒരു
ഹൃദയം

അവ കണ്ണുനീർ പൊഴി-
ക്കുന്നു നാം മനുഷ്യർക്കായ്
പുലരി
വരുവോളം.




9.
വീട്ടിലേക്ക്
ദു മു (ചീനAD803-852)


കുഞ്ഞുമോനെന്റെ കുപ്പായം വലിക്കുന്നി-
തിങ്ങനെ ചോദിക്കും പോലെ:

"വീട്ടിലേക്കച്ഛൻ മടങ്ങിയെത്തീടുവാൻ
ഇത്രയും വൈകിയതെന്തേ?

ഇക്കണ്ട മാസങ്ങൾ വർഷങ്ങളത്രയും
ആരോടു പോരാടി വന്നൂ,

മഞ്ഞിന്റെ തൂവെണ്മ പൂണ്ട തലമുടി
സമ്മാനമായ് അണിഞ്ഞെത്താൻ?"




10.
നവവധു
വാങ് ചീൻ (ഏ ഡി 736 - 835)


അവളടുക്കളയേറി മൂന്നാം ദിനം
കഴുകി കൈകൾ, ഒരുക്കി പ്രാതൽ, തന്റെ
പുതിയ മാതാവിനിഷ്ട മെന്തോ, നാത്തൂ -
നൊടു പറയുന്നവൾ സ്വാദു നോക്കുവാൻ.





11
ചെമ്പരത്തിത്താഴ് വര
വാങ് വീ.(എ ഡി 701-761)


ചില്ലത്തുമ്പുകൾ തോറും വിരിവൂ
ചെമ്പരത്തിപ്പൂക്കൾ
ആകർഷിപ്പൂ മാമല നമ്മെ
അവയുടെ പുറമിതൾ കാട്ടി.
ആരുമില്ലാ, താഴ് വരയിൽ നി-
ശ്ശബ്ദമൊരു കുടിൽ മാത്രം
ഓരോന്നോരോന്നായി പ്പൂക്കൾ
വിരിവൂ,പിന്നെക്കൊഴിവൂ.






12
എഴുതാൻ താല്പര്യമില്ല
വാങ്  വീ.(701-761)


കാലമാകവേ, യെനി-
ക്കുത്സാഹമില്ലാതായീ
കവിതയെഴുതുവാൻ,
ഉണ്ടെനിക്കൊരേയൊരു
കൂട്ടുകാരനായിപ്പോൾ
വാർദ്ധക്യം മാത്രം കൂടെ.
കവിയായിരുന്നു ഞാൻ,
തെറ്റിപ്പോയ്,മുമ്പെപ്പൊഴോ,
ഉടൽ ചിത്രകാരന്റെ,
തെറ്റിപ്പോയ്,മുമ്പെപ്പൊഴോ.
വിടുവാനാവുന്നീല -
യന്നത്തെശ്ശീലം പറ്റെ,
ചിലപ്പോഴൊക്കെത്തിരി -
ച്ചറിയുമാൾക്കാരെന്നെ.
പേര്, തൂലികാനാമ -
മൊക്കെയും ചൊല്ലുന്നെന്റെ
പോയ ജീവിതത്തിന്റെ
ചരിത, മതെപ്പറ്റി -
പക്ഷെയെന്തജ്ഞാനിയാ-
ണെന്റെ ഹൃത്തടമിപ്പോൾ!





13
ഒരു യാത്രാമൊഴി
വാങ് വീ (701-761)


കുതിരപ്പുറമേ നിന്നുമിറങ്ങി
നിനക്കരികിൽ വന്നൂ
നീ പാർന്നേകിയ വീഞ്ഞു നുകർന്നേ
ഞാൻ ചോദിക്കുന്നു.

'പോകുവതെങ്ങോ ?' നീ ചൊല്ലുന്നൂ,
'തോറ്റു തുലഞ്ഞോൻ ഞാൻ
തെക്കൻ മലയുടെ താഴ് വരയിൽ ഹിമ -
നിദ്രയിലാഴാൻ പോണു.'
പോകൂ, പക്ഷെത്തിരക്കുകില്ലാ
നിന്നെപ്പിന്നെയൊരാളും.
അനന്തമല്ലോ വെൺമേഘങ്ങൾ
മാമലമേലേ നീളേ .






14
തുങ്ചുരത്തിൽ ഭൂതകാലത്തെയോർത്ത്.
ചാങ് യാങ് ഹാവോ (1269-13 29, ചീന.)


മാമലമുടിയെല്ലാ-
മൊത്തുകൂടിയ പോലെ
തീരത്തു തിരമാല
തല്ലിയാർത്തിടും പോലെ.
തുങ്ചുരത്തിലേക്കുള്ള
പാത പർവതങ്ങൾക്കും
നദികൾക്കുമൊപ്പമായ്
പുളഞ്ഞു പോയീടുന്നൂ.
പടിഞ്ഞാട്ടു നോക്കി ഞാൻ
നെടുവീർക്കുന്നൂ, ശത്രു
നിരകളിതിലൂടെ -
ക്കടന്നുമറഞ്ഞു പോയ്
എത്രയെത്രയോ ഭര -
ണാധികാരികൾ വാണ
കൊട്ടാരക്കെട്ടൊക്കെയു-
മിന്നിപ്പോൾ വെറും പൊടി.
പൊന്തുന്നു സാമ്രാജ്യങ്ങൾ:
ജനത സഹിക്കുന്നു
വീഴുന്നു സാമ്രാജ്യങ്ങൾ:
ജനത സഹിക്കുന്നു





No comments:

Post a Comment