Wednesday, May 6, 2020

തന്ന സമ്മാനത്തിനെല്ലാം നന്ദി ചൊൽവൂ - വയലറ്റ പാർറ (പരിഭാഷ, ചിലി)

Violeta Parra and the song Back at 17 - Volver a los 17 Collages ...



തന്ന സമ്മാനത്തിനെല്ലാം
നന്ദി ചൊൽവൂ ജീവിതമേ,
എൻ മനസ്സിൻ ജാലകം നീ
തന്നത് ഞാൻ തുറക്കുന്നൂ
തെളിഞ്ഞു കാണുവാൻ താരാ-
ങ്കിതമാം വാനിനാഴങ്ങൾ
കറുപ്പും വെള്ളയുമായി,-
പ്പിന്നെയാൾക്കൂട്ടത്തിലെങ്ങോ
മറഞ്ഞു പോയൊരെന്നിഷ്ട -
പ്രാണനാകുമവനേയും

തന്ന സമ്മാനത്തിനെല്ലാം
നന്ദി ചൊൽവൂ ജീവിതമേ,
സൂക്ഷ്മമെൻ കേൾവി ശക്തിക്ക്,
പകർത്തുന്നുണ്ടതു ചുറ്റും
രാപ്പകലില്ലാതെ ചീവീ -
ടിന്റെ ശബ്ദം, മൈനകൾ തൻ
ചിലപ്പ്, ചുറ്റിക മേട്ടം,
കുര, യന്ത്രക്കറക്കങ്ങൾ,
അലർച്ച, പിന്നെയെൻ പ്രാണ -
പ്രിയൻ തൻ സ്നിഗ്ദ്ധമാം ശബ്ദം.

തന്ന സമ്മാനത്തിനെല്ലാം
നന്ദി ചൊൽവൂ ജീവിതമേ,
കേവലം ശബ്ദജാലത്തിന്ന്,
അക്ഷരത്തിന്ന്, ഞാൻ ചിന്തി-
ച്ചുച്ചരിക്കും വാക്കുകൾക്കും :
- അമ്മ, യേട്ടൻ, കൂട്ടുകാരൻ,
വെളിച്ചം - പാതമേൽ തൂവി -
ത്തിളങ്ങുന്ന വെളിച്ചം, എൻ
പ്രിയന്റെ യന്തരാത്മാവിൻ
പാതമേൽ മിന്നും വെളിച്ചം
.
തന്ന സമ്മാനത്തിനെല്ലാം
നന്ദി ചൊൽവൂ ജീവിതമേ,
എൻ തളർന്ന കാലടി -
ച്ചുവടുകൾക്ക് - പട്ടണങ്ങൾ,
ചെളിക്കുണ്ടുകൾ, കടൽത്തീരം,
മരുഭൂമി, പർവതങ്ങൾ,
പരന്ന മേടുകൾ - എങ്ങു -
മലഞ്ഞതാച്ചുവടുകൾ
നിന്റെ വീട്ടിൽ, നിൻ തെരുവിൽ
നിന്റെ യുദ്യാനത്തിൽ നീളേ

തന്ന സമ്മാനത്തിനെല്ലാം
നന്ദി ചൊൽവൂ ജീവിതമേ,
മനുഷ്യന്റെ തലച്ചോറിൻ
കനികൾ കണ്ടു ഞാൻ നിൽക്കേ,
തിന്മയിൽ നിന്നൊട്ടകലെ
നന്മ തൻ മുന്നിലായ് നിൽക്കേ,
നിന്റെയാഴത്തെളിക്കണ്ണിൽ
മുങ്ങി നിൽക്കേ,യപ്പൊഴെല്ലാം
തന്റെ കൂട്ടിൽ കുതറുന്ന
ഹൃദയം തന്നു നീ, നന്ദി.

തന്ന സമ്മാനത്തിനെല്ലാം
നന്ദി ചൊൽവൂ ജീവിതമേ,
ചിരിക്കും കണ്ണുനീരിന്നും :
ഭാഗ്യ നിർഭാഗ്യങ്ങളെന്തെ-
ന്നെനിക്കോതിത്തന്നവ, ര -
ണ്ടനർഘമാം ചേരുവകൾ
എന്റെ പാട്ടിൽ,നിന്നുടേതാ-
മതേ പാട്ടിൽ, ഏതൊരാൾക്കും
സ്വന്തമായുള്ളതാം പാട്ടിൽ,
എന്റെ മാത്രമായ പാട്ടിൽ.
തന്ന സമ്മാനത്തിനെല്ലാം
നന്ദി ചൊൽവൂ ജീവിതമേ


ചിലിയിലെ പ്രശസ്ത ഗായികയും കവിയും ഫോക് ലോറിസ്റ്റുമാണ് വയലറ്റ പാർറ (1917-1967) പ്രശസ്ത കവി നികനോർ പാർറയുടെ ഇളയ സഹോദരി. ഇവിടെ വിവർത്തനം ചെയ്ത ഈ ഗാനമെഴുതി അവതരിപ്പിച്ച് അധികം വൈകാതെ വയലറ്റ ആത്മഹത്യ ചെയ്തു.
ഈ ഗാനം അവർ പാടിയത് യൂ ട്യൂബിൽ കേൾക്കാൻ കഴിയും.

No comments:

Post a Comment