Sunday, May 24, 2020

മാർട്ടി സാലെസ് കവിതകൾ (ബാഴ്സലോണ സ്പെയിൻ, ഭാഷ കറ്റാലൻ, ജനനം: 1979)



1.സത്ത

ഞാൻ നടന്നു നടന്നു പോം, മുന്നി-
ലേവരേയും നടക്കുവാൻ വിട്ട്.
ഞാൻ നടക്കും പതുക്കെപ്പതുക്കെ
ഏറെയേറെ പ്പിറകിലാവോളം.
എല്ലാത്തിന്നുമുറവിടമാകും
ഘോരനിസ്തബ്ധതയിൽ ഞാനെത്തും



2.വാസസ്ഥലത്തെ ദഹിപ്പിച്ചെടുക്കൽ


ഒരു നിഗൂഢോദ്ദേശ്യവും വച്ച് ബാഴ്സലോണക്കു കുറുകെ പോകുമ്പോൾ പെട്ടെന്നൊരു കൊടും വിശപ്പെന്നെ വിഴുങ്ങി.
ഇതാ, ഇങ്ങനെ : ഓരോ തെരുവും അതിന്റെ തലക്കൽ നിന്നു തന്നെയെടുത്തു ചുരുട്ടിക്കൂട്ടണം -പ്രയാസം തന്നെ - ഈ പ്രാക്തന നഗരത്തിന്റെ വന്യ ദൂരങ്ങളെ.നഗരചത്വരങ്ങളെ അവയുടെ വിദൂരസ്ഥമായ മൂലകളിൽ പിടിച്ചു മടക്കാൻ നീണ്ട ദണ്ഡുകൾ തന്നെ വേണ്ടിയിരുന്നു. ചിലപ്പോൾ ചില വലിയ കെട്ടിടങ്ങളേയും മരങ്ങളേയും മടക്കിലൊതുക്കാൻ പാകത്തിന് രണ്ടായ് മുറിക്കേണ്ടിയും വന്നു.എല്ലാം കൂടി ചുരുട്ടിയെടുത്ത് ഒരൊറ്റക്കപ്പിന്
ഞാനകത്താക്കി. ഞെരിഞ്ഞമർന്ന നഗരത്തെ പല്ലുകളുടെ സഹായത്തോടെ,  നിയതമായ ആകൃതിയിൽ നിന്ന് വിമോചിപ്പിച്ച്
നഗരപ്പടർച്ചയുടെ സവിശേഷ ശക്തിയോടെ നിവർത്തിയിട്ടു. എന്റെ മനുഷ്യാസ്തിത്വത്തിന്റെ ചെറ്റപ്പുരക്ക് അത് നേരിടാനായില്ല. കൺപോളകൾ മുലക്കണ്ണുകൾ, കാൽമുട്ടുകൾ, ചുമലെല്ലുകൾ എന്നിവ തുളച്ച് പുറത്തു വന്ന വീഥികൾക്കും വാസസ്ഥലങ്ങൾക്കും അംബരചുംബികൾക്കും ഇടം കൊടുത്ത് എന്റെയുള്ള് കുഴങ്ങിമറിഞ്ഞു. അങ്ങനെ ബാഴ്സലോണയെ ഞാൻ വിമോചിപ്പിച്ചു, അതിനെ അടിച്ചമർത്തുന്നവനിൽ  നിന്ന്...... എന്തായാലും, ഒരു നാൾ ഏതു കല്ലിലും മരത്തിലും ട്രാഫിക് സിഗ്നലിലും അടുത്തുചെന്ന് ശക്തിയേറിയ സൂക്ഷ്മദർശിനിയിലൂടെ ശ്രദ്ധിച്ചു നോക്കിയാൽ നിങ്ങൾക്കു കാണാൻ കഴിയും എങ്ങനെയാണ് അതീവ, അതീവ നേർമ്മയോടെ എന്റെ തൊലി ഇവയെല്ലാത്തിനേയും വിദഗ്ദ്ധവും സുതാര്യവുമായി പൊതിഞ്ഞിരിക്കുന്നത് എന്ന്.

No comments:

Post a Comment