Monday, May 11, 2020

ഉറക്കത്തിനോട് - ജോൺ കീറ്റ്സ് (പരിഭാഷ)


John Keats – author of 'To Autumn' - The British Library


പതിയെത്തഴുകുന്ന പാതിരാ ശുശ്രൂഷക,
ഇരുളിലാഹ്ലാദിക്കും നമ്മുടെ മിഴികളെ
വിരലാൽ ശ്രദ്ധാപൂർവമടച്ച്, വെളിച്ചത്തിൽ
നിന്നിരുൾ വള്ളിക്കുടിൽ പൂകിച്ച്, മറവിതൻ
ദിവ്യമാം നിഴലിനാലണച്ചു പുൽകും നിദ്രേ,
ആശ്വാസപ്രദനെങ്കിലീസ്തുതിഗീതം കേട്ടു
ജാഗ്രത്താമെൻ കണ്ണുകളടയ്ക്കു,കല്ലെങ്കിലെൻ
മെത്തക്കു ചുറ്റും നിന്റെ കറുപ്പിൻ പൂക്കൾ ദയ -
വർഷിച്ചു താരാട്ടീടുവോളവു,മാമേൻ, നിൽക്ക.
രക്ഷിക്കുകെന്നെപ്പിന്നെ,യല്ലായ്കിൽ തിളങ്ങീടും
പൊയ്പോയ പകൽ വീണ്ടുമെൻ തലയണക്കു മേൽ.
നീറുന്ന ബോധത്തിൽനിന്നെന്നെ മീളുക, തുര-
ന്നേറുന്നുണ്ടെലിപോലെയിരുളോടിടഞ്ഞത്.
തിരിക്കൂ താക്കോൽ മെഴുക്കിഴുകും പൂട്ടിൽ, മുദ്ര
പതിക്കൂ വിമൂകമെന്നാത്മാവിന്നകച്ചെപ്പിൽ.

No comments:

Post a Comment