Friday, May 8, 2020

അന്ന സ്വിർ കവിതകൾ (പോളണ്ട്, 1909-1984) - പരിഭാഷ


Anna Swir | Pseudo-Intellectual Reviews



 1.ഒരു സൈനികൻ മരിക്കുമ്പോൾ

സ്ട്രെച്ചറിനരികെ നിലത്ത്
ഞാൻ മുട്ടുകുത്തി
അവനോടു ചേർന്നിരുന്നു.
അകക്കുപ്പായത്തിന്മേൽ
ഉമ്മ വെച്ചു.
ഞാൻ പറഞ്ഞു കൊണ്ടിരുന്നു,
നീയെത്ര സുന്ദരൻ
എന്തോരം സന്തോഷം തരാൻ
നിനക്കു കഴിയും, നിനക്കു തന്നെ അറിയില്ലത്.
നിനക്കൊന്നും പറ്റില്ല, എന്റെ സുന്ദരൻ ചുണക്കുട്ടാ.

അവൻ ചിരിച്ചു, ശ്രദ്ധിച്ചു.
കൺപോളകൾ കനത്തുകനത്തു വന്നു
ഒരു സൈനികനോട് ഇത്തരം വാക്കുകൾ പറയുന്നത്
മരിക്കുമ്പോൾ മാത്രമാണെന്ന്
അവനറിഞ്ഞതേയില്ല.


2.ഷർട്ടലക്കുന്നു ഞാൻ

മരിച്ചു പോയ അച്ഛന്റെ ഷർട്ട്
അവസാനമായ് ഞാൻ അലക്കിയിട്ടു.
വിയർപ്പു മണമായിരുന്നു അതിന് .
കുട്ടിക്കാലം തൊട്ടേ എനിക്കോർമ്മയുണ്ട്
ആ മണം.
ഒരുപാടു കൊല്ലം
അച്ഛന്റെ ഷർട്ടുകളും അടിയുടുപ്പുകളും
ഞാനലക്കിയിട്ടു.
പണിയാലയിലെ ഇരുമ്പു സ്റ്റവ്വിൽ വെച്ച്
ഉണക്കിയെടുത്തു.
അച്ഛനതെടുത്തിട്ടു, ഇസ്തിരിയിടാതെ

മൃഗമാവട്ടെ, മനുഷ്യനാവട്ടെ,
ലോകത്തിലെ ശരീരങ്ങളിൽ വെച്ച്
ഒന്നേയൊന്നു മാത്രമാണ്
ആ വിയർപ്പു പൊഴിച്ചത്.
അവസാനമായി
ഞാനതുച്ഛ്വസിക്കുന്നു.
ഈ ഷർട്ടലക്കിക്കൊണ്ട്
ഞാനിതെന്നേക്കുമായ് നശിപ്പിക്കുന്നു.
ഇപ്പോൾ അച്ഛന്റേതായി
പെയിന്റിങ്ങുകൾ മാത്രം.
അവക്ക് എണ്ണമണം.

-----------------------------------------------
അന്നയുടെ അച്ഛൻ ഒരു ചിത്രകാരനായിരുന്നു


3.തീയിനെ ഭയന്ന്.

കത്തിയെരിയുന്ന തെരുവിലൂടെ
ഞാനിത്രമാത്രം പേടിച്ചരണ്ടോടുന്നതെന്ത്?

ആളുകളാരുമില്ലിവിടെ.
മാനത്തേയ്ക്കാളിയുയരുന്ന തീ മാത്രം.
ബോമ്പു പൊട്ടുന്ന ശബ്ദമല്ലത്.
മൂന്നു നില തകർന്നടിയുന്നതിന്റെ.

നഗ്നമായ, സ്വതന്ത്രമായ തീ നാളങ്ങൾ
ജനൽപ്പഴുതുകളിലൂടെ
കൈകൾ വീശുന്നു.
നഗ്നനാളങ്ങളെ
രഹസ്യമായി നോക്കുന്നത്
പാപമാണ്.
അഴിഞ്ഞാടുന്ന തീയിന്റെ ഭാഷണം
ഒളിഞ്ഞു കേൾക്കുന്നത് പാപമാണ്.

ഭൂമിയിൽ
മനുഷ്യന്റെ ഭാഷണത്തിനും മുമ്പ്
അലയടിച്ച
ആ ഭാഷണത്തിൽ നിന്ന്
ഞാനിതാ ഓടിയകലുന്നു.


4.മൂന്നാം നിലയിൽ നിന്ന് അച്ഛൻ ചാടിയില്ല.

രണ്ടാം ലോകയുദ്ധം.
വാഴ്സ.
തീയേറ്റർ ചത്വരത്തിൽ
ഇന്നു രാത്രി അവർ ബോംബിട്ടു.

അവിടെയാണ്
അച്ഛന്റെ പണിയാല.
പെയിന്റിങ്ങുകൾ.
നാല്പതു കൊല്ലത്തെ പ്രയത്നം.

പിറ്റേന്നു രാവിലെ അച്ഛൻ
തീയേറ്റർ ചത്വരത്തിലെത്തി;
കണ്ടു:

മേൽക്കൂരയില്ലാത്ത
ചുമരുകളില്ലാത്ത
തറയില്ലാത്ത
തന്റെ പണിയാല.

അച്ഛൻ മൂന്നാം നിലയിൽ നിന്ന്
എടുത്തു ചാടിയില്ല.
വീണ്ടും തുടങ്ങി,
ആദ്യം മുതൽ


5 ഒരു ട്രക്ക്

രാത്രിയിലെപ്പോഴും തിരക്കാണ് ആ തെരുവിൽ. കല്ലുകൾക്കു മേൽ ചാടിച്ചാടി ഒരു ട്രക്ക് ആളുകളെ കുത്തിനിറച്ച് കടന്നു പോകുന്നു. നേർത്ത കുപ്പായമിട്ട്, നഗ്നമായ ശിരസ്സോടെ, അവരതിൽ കൊടും മഞ്ഞേറ്റു മരവിച്ചു നിൽക്കുന്നു. അവരുടെ കൈകൾ മുള്ളുകമ്പി കൊണ്ട് പിന്നിൽ വരിഞ്ഞു കെട്ടിയിട്ടുണ്ട്. വായ പ്ലാസ്റ്റർ വെച്ച് ഒട്ടിച്ചിട്ടുണ്ട്.

കൂടെയുള്ള പട്ടാളക്കാരൻ ചുണ്ടിലെരിയുന്ന സിഗററ്റുമായി, തോക്ക് റഡിയാക്കി വെച്ച്, ജീവനില്ലാത്ത നഗരത്തിന്റെ പടിവാതിലുകളും മൂകജാലകങ്ങളും മ്ലാനമായി കണ്ണോടിച്ചു കൊണ്ടിരുന്നു.

ഇന്നലത്തെ മദ്യപാനത്തിന്റെ ചൊരുക്കു കാരണമാവാം അയാൾക്കൊരല്പം ഉറക്കച്ചടവുണ്ടായിരുന്നു.മുകൾനിലയിലെ ഒരു ജനാലച്ചില്ല് നിലാവെളിച്ചത്തിൽ തിളങ്ങിയത് അയാൾ ശ്രദ്ധിച്ചില്ല. ശബ്ദമുണ്ടാക്കാതെ പാതി തുറന്ന്, ആരോ ജനൽവാതുക്കൽ നിന്ന്, മരണത്തിനു നേർക്കു സഞ്ചരിക്കുന്നവർക്കു നേരേ കൈ നീട്ടി ഒരാംഗ്യം കാണിക്കുന്നു.

അവരിലൊരാൾ അതു കാണുന്നു.


6.ഞാൻ വൈക്കോലടുക്കുന്നു

ഞാൻ വൈക്കോലടുക്കി വക്കുന്നു
വേഗം വേഗം.
മഴ വരുന്നു.

ഒരു വൈക്കോൽ മേഘത്തിനുള്ളിൽ
ഞാനോടുന്നു,കുത്തിമറിയുന്നു.
എന്റെ ഉടുപ്പിനടിയിൽ വൈക്കോൽ,
മണമുള്ള വൈക്കോൽ.

നാലു കൂനകൾ
തീർക്കണം നമുക്ക്.
വേഗം വേഗം.
മഴ വരുന്നു.

സ്വർഗ്ഗത്തിൽ ദേഹാധ്വാനമുണ്ടെങ്കിൽ
ഞാനപേക്ഷിക്കും
വൈക്കോലടുക്കുന്ന പണിക്ക്.


7.വാതിൽപ്പഴുതിലൂടെ ഒരു സംഭാഷണം

പുലർച്ചെ അഞ്ചിന്
ഞാൻ വാതിലിൽ മുട്ടി.
വാതിൽ പഴുതിലൂടെ  വിളിച്ചു പറഞ്ഞു:
സ്ലിസ്കാ റോട്ടിലെ ആശുപത്രിയിൽ
നിങ്ങളുടെ മകൻ, പട്ടാളക്കാരൻ,
അത്യാസന്ന നിലയിലാണ്.

അയാൾ ചങ്ങല നീക്കാതെ
വാതിൽ പാതി തുറന്നു.
അയാൾക്കു പിന്നിൽ ഭാര്യ
നടുങ്ങി വിറക്കുന്നു.

ഞാൻ പറഞ്ഞു: അമ്മയെ കാണണമെന്നു
പറയുന്നു, നിങ്ങളുടെ മകൻ.
അയാൾ പറഞ്ഞു: അമ്മ വരില്ല.
അയാൾക്കു പിന്നിൽ ഭാര്യ
നടുങ്ങി വിറക്കുന്നു.

ഞാൻ: അല്പം വീഞ്ഞ് കൊടുക്കാൻ
ഡോക്ടർ അനുവദിച്ചിട്ടുണ്ട്.
അയാൾ: ഒന്നു നിൽക്കൂ.
വാതിലിനിടയിലൂടെ
അയാളൊരു കുപ്പി നീട്ടി.
പിന്നെ വാതിലടച്ച്
താഴിട്ടുപൂട്ടി

വാതിലിനു പിന്നിൽ
അയാളുടെ ഭാര്യ
അലറിക്കരയാൻ തുടങ്ങി,
പ്രസവ സമയത്തെന്ന പോലെ.

No comments:

Post a Comment