Tuesday, May 19, 2020

സുകുമാരൻ കവിതകൾ (തമിഴ്, പരിഭാഷ, ജനനം: 1957)



Tamil Books Store (தமிழ் புத்தகங்கள்): Buy Tamil ...


1.
നാടു വിടൽ
ஊர் துறத்தல்


'എന്റെ നാട്' എന്നു നിങ്ങളേതിനെ
വിളിക്കുന്നു?


നിങ്ങളുടെ ഉള്ളങ്കാൽ രേഖകളിൽ
ഏതു മണ്ണ് ഒട്ടിപ്പടർന്നിരിക്കുമോ?
അല്ലെങ്കിൽ
ഏതു മണ്ണിൽ നിങ്ങളുടെ ഉള്ളങ്കാൽ രേഖ
പതിഞ്ഞിരിക്കുമോ?

നിങ്ങളുടെ ചർമ്മത്തുളകളിലൂടെ
ഏതു വെള്ളം
ഊർന്നിറങ്ങിക്കലർന്നിരിക്കുമോ?
അല്ലെങ്കിൽ
ഏതു വെള്ളത്തിൽ
നിങ്ങളുടെ വിയർപ്പിനുപ്പ്
ഉരുവം മാറി രുചിക്കുമോ?

നിങ്ങളുടെ ശ്വാസകോശങ്ങളിൽ
ഏതു കാറ്റുവീശിക്കുളിരു കോരുമോ?
അല്ലെങ്കിൽ
ഏതു കാറ്റിൽ
നിങ്ങളുടെ ശ്വാസത്തിൻ ഇളംചൂട്
കനിഞ്ഞു തലോടുമോ?

അതിനെ വിളിക്കൂ - 'എന്റെ നാട് '

എന്നാൽ
ഞാൻ കാൽ വെച്ചത്
മലമ്പാമ്പിൻ ഉടൽവഴുക്കലിൽ...
ഞാൻ ശരീരം നനച്ചത്
രക്തത്തിൻ കല്ലുമഴയിൽ....
ഞാൻ ശ്വാസനാളത്തിൽ ചുമന്നത്
മഞ്ഞിൻ തണുപ്പു മുള്ളുകളെ...

'എന്റെ നാട്' എന്ന് ഏതിനെ വിളിക്കും?

നാടോടിയുടെ ഉള്ളങ്കാലിൽ
ഏതു മണ്ണും ഒട്ടുകയില്ല.
പറവയുടെ ചിറകുകളിൽ
ഏതു വെള്ളവുമൂർന്നിറങ്ങില്ല.

ഞാൻ നാടോടി
ഞാൻ പറവ.

നാടു വിട്ടു പോയാൽ
നാടോടിയും പറവയുമാകുമോ ഞാൻ?
നാടോടിയും പറവയുമായാൽ
നാടുവിട്ടവനാകുമോ?

ഏതായാലും *പൂങ്കുൻറാ,
നീ ഗണിച്ചതെത്ര ശരി!
"ഏതും നാട്; ഏവരും ബന്ധുക്കൾ"

*  കണിയൻ പൂങ്കുൻറൻ - ഒരു സംഘകാല കവി. അദ്ദേഹത്തിന്റെ പ്രസിദ്ധമായ വരിയാണ് "ഏതും നാട് ; ഏവരും ബന്ധുക്കൾ "



2.
നദിക്കാഴ്ച്ച
நதிக்காட்சி

കരയോടൊതുക്കി കെട്ടപ്പെട്ട
ആടുന്ന തോണിക്കുള്ളിൽ
ബാക്കിയായ മഴവെള്ളം.
അതിൽ
വെട്ടിത്തിളങ്ങിക്കൊണ്ടിരിക്കുന്നു നിലാവ്,
ഭൂമിയ്ക്കു വെളിച്ചം പകർന്ന കരുണയിൽ.



3.
നദിപ്പേച്ച്
நதிப் பேச்சு


കരയിലിരുന്ന്
ഓടും നദിയെ നോക്കിക്കൊണ്ടിരുന്നു, അവൾ.
അവളോടു പേശിക്കൊണ്ടിരുന്നു നദി.

നദിയിൽ എല്ലാം ഓടിക്കൊണ്ടിരുന്നു
കാറ്റ് ഓടിക്കൊണ്ടിരുന്നു
മരങ്ങൾ ഓടിക്കൊണ്ടിരുന്നു
പറവകൾ ഓടിക്കൊണ്ടിരുന്നു
മേഘങ്ങൾ ഓടിക്കൊണ്ടിരുന്നു
സൂര്യൻ ഓടിക്കൊണ്ടിരുന്നു.

തെരുവുകൾ ഓടിക്കൊണ്ടിരുന്നു
വീടുകൾ ഓടിക്കൊണ്ടിരുന്നു
അവളും ഓടിക്കൊണ്ടിരുന്നു.

അവൾ ഓടിക്കൊണ്ടിരുന്നപ്പോൾ
കാറ്റും
മരങ്ങളും
പറവകളും
മേഘങ്ങളും
സൂര്യനും
ഓടാതെ നിന്നു.

അവൾ വീട്ടിലേക്കു മടങ്ങിയപ്പോൾ
ഓടാതിരുന്നു നദി.
അവൾ മാത്രം ഓടിക്കൊണ്ടിരിക്കുന്നു
നദിയോടു പേശിക്കൊണ്ട്.




4.
സ്നേഹത്തിൻ സമ്മാനമായ്
அன்பின் வெகுமானமாக


സ്നേഹത്തിൻ സമ്മാനമായ്
നീ കൊടുത്ത പൂച്ചെണ്ടിൻ
ഏതോ ഒരു പൂവിൽ ശേഷിച്ചിരിക്കുന്നു
ആ തേൻകൂടു മുഴുവനാക്കാൻ വേണ്ട
അവസാന തുള്ളിത്തേൻ.

ഏതാണാപ്പൂവെന്ന
ചോദ്യം വിരിയുമിടമാകുന്നു
കാലം.




5.
മിന്നാമിന്നിരാത്രി
மின்மினி இரவு


വെളിച്ചം അകന്നതും നിശ്ശബ്ദത
സംഗീതം നിലച്ചതും ഇരുട്ട്

പെട്ടെന്നു പവർകട്ട്.
ജഡമായ് മുറി.

കണ്ണു പഴകിയപ്പോൾ
ഇരുട്ടിൽ കണ്ടു :
അതുവരെ വെളിച്ചവും സംഗീതവും
മറച്ചുവെച്ച മഹാ അതിശയം.

രണ്ടു മിന്നാമിനുങ്ങുകൾ
അകം പുറം സഞ്ചാരം.
രണ്ടു തുള്ളി നക്ഷത്രങ്ങൾ
മെല്ലെ ചലിച്ചും ഊർന്നും നീന്തിയും
ഏന്തിവലിഞ്ഞും ഇഴഞ്ഞും പറന്നും
ഒഴുകിയും പുരണ്ടും അലഞ്ഞും
മുറിയിരുട്ടിലൊരപൂർവസംഭവം.

കറന്റു വന്ന്
മുറി വീണ്ടും ഉയിർത്തതും
മിന്നാമിന്നികളെ മറന്നുകളഞ്ഞു.

ഇനിയൊരു പവർകട്ടുരാത്രിയിൽ
മിന്നാമിന്നികൾ വീണ്ടും വരും.
അപ്പോൾ
നിങ്ങളും വരിക.

കേട്ടാൽ കൺമയക്കുന്ന
ആ അത്ഭുതക്കച്ചേരി
കണ്ടു സന്തോഷിക്കാം.




6.
നടത്തം
(കവി ഇശൈക്ക്)


മഹാകവി ഇശൈ വാക്കിങ്ങിനു പോകുന്നു.

അദ്ദേഹം വാക്കിങ്ങിനു പോകുമ്പോൾ
അദ്ദേഹത്തെ താങ്ങാൻ ഭാഗ്യം കിട്ടിയ
ഈ ലോകവും വാക്കിങ്ങിനു പോകുന്നു.

ഇളം കാറ്റും പുലരൊളിയും
പുല്ലും പുഴുവും പുള്ളുകളും
മീനും നായും പൂച്ചകളും
ചിലപ്പോൾ മനുഷ്യരും
വാക്കിങ്ങിനു പോകുന്നു.

ഉടനെ
പിന്നാലെ
പിശാചും ദൈവവും പോകുന്നു.

മഹാകവി വാക്കിങ് കഴിഞ്ഞ് തിരിച്ചു വരുന്നു.

വീട്ടിലേക്കു മടങ്ങിയെത്തുമ്പോൾ
കൂടെയുള്ളതു പിശാചെങ്കിൽ
മഹാകവി കവിത എഴുതുന്നു.
ദൈവമാണെങ്കിൽ
ഇശൈ വഴക്കടിയ്ക്കുന്നു.



              
7.
ബാല്യകാലസഖിമാർ


നിങ്ങൾക്കെത്ര മേരിമാരെയറിയുമോ
അത്ര തന്നെ മേരിമാരെയോ
കുറച്ചു കൂടുതലോ കുറവോ
എനിക്കും മേരിമാരെയറിയാം.

എല്ലാ മേരിമാരും മേരിമാരെന്നാലും
എല്ലാ മേരിമാരും മേരിമാരല്ല.

നിങ്ങളറിഞ്ഞ അത്രയും മേരിമാരിലും
ഞാനറിഞ്ഞ മേരിമാരും
ഞാനറിഞ്ഞ അത്രയും മേരിമാരിലും
നിങ്ങളറിഞ്ഞ മേരിമാരുമുണ്ടാകാം.

ഓരോ മേരിയിലും മറ്റൊരു മേരിയിരുന്നാലും
ഓരോ മേരിയും ഇനിയും മറ്റൊരു മേരി.

നിങ്ങളെപ്പോലെ ഞാനും
വായിച്ചും കേട്ടും കണ്ടും ഇടപഴകിയും
മേരിമാരെയറിഞ്ഞു കൊണ്ടിരിക്കുന്നു.

വായിച്ചറിഞ്ഞ മേരിമാർ ആറു പേർ.
അവർക്കെല്ലാവർക്കും വിശ്വാസത്തിന്റെ മണം
അത് ചെമ്മരിയാട്ടിൻപറ്റത്തിന്റെ മുശടു മണം.
കേട്ടറിഞ്ഞ മേരിമാർ നൂറു പേർ
അവരെല്ലാവരുടേയും തൊണ്ടയിൽ ഒരേ മൊഴി.
അത് ചീവീടിന്റെ രീരീരിപ്പ്.
കണ്ടറിഞ്ഞ മേരിമാർ ആയിരം പേർ
അവരെല്ലാവരുടെ കണ്ണുകളിലും ഒരേ നോട്ടം.
അത് പുലരിക്കിളിയുടെ നോട്ടം.
ഇടപഴകിയറിഞ്ഞ മേരിമാർ രണ്ടു പേർ.
അവരിരുവരുടെ ഇമകളിലും ഒരേ നീരുറവ്.
അത് കൺകാണാ സ്നേഹത്തിന്റെ കുളിരുറവ്.

ആദ്യത്തെ മേരിയുടെ ചുണ്ടുകൾ
(അവയിലപ്പോൾ അപ്പത്തിന്റെ പുളിപ്പുമണമുണ്ടായിരുന്നു)
ആർദ്രതയോടെ എന്റെ നെറ്റിയിൽ പതിഞ്ഞു
അടുത്ത നാൾ എനിക്കറിവുദിച്ചു.

രണ്ടാമത്തെ മേരിയുടെ ചുണ്ടുകൾ
(അവയിലപ്പോൾ മുന്തിരിച്ചാറിന്റെ സുഗന്ധമുണ്ടായിരുന്നു)
ആസക്തിയോടെ എന്റെ നാഭിക്കു കീഴേ കുമിഞ്ഞു
അടുത്ത നാൾ എനിക്കു മീശ മുളച്ചു.




8.
ധനുവെച്ചപുരം രണ്ടാം ( പരിഷ്കരിച്ച) പതിപ്പ്.


1
ചങ്ങമ്പുഴയെ അറിയാം അല്ലേ നിങ്ങൾക്ക്?
കൃഷ്ണപിള്ളയെ അറിയാതെ പോയാലും
ചങ്ങമ്പുഴയെപ്പറ്റി കേട്ടിരിക്കും, ഇല്ലേ?
കപട ലോകത്തിൽ ആത്മാർത്ഥമായ
ഹൃദയം ചുമന്നിരുന്ന പരാജിത കവി.
ഓരോ രാത്രിയിലും പൂമൊട്ടിൻ നറുമണത്തിൽ
ഉറങ്ങിയെണീറ്റ പാട്ടു പിശാച്.
കൂട്ടുകാരൻ രാഘവന്റെ പ്രണയം കാവ്യനാടകമാക്കി
കോടാനുകോടി കണ്ണുകൾ പിഴിഞ്ഞവൻ.
ദരിദ്ര രാഘവനെ അവൻ രമണനാക്കി
ധനിക കാമുകിയെ പേരേയില്ലാത്തവളാക്കി.
എല്ലാക്കാമുകന്മാരും രമണന്മാർ
എല്ലാ പ്രണയിനികളും ചന്ദ്രികമാർ.

2
ചങ്ങമ്പുഴയെ അറിയാം അല്ലേ നിങ്ങൾക്ക്?
ചങ്ങമ്പുഴയെ അറിയാതെ പോയാലും
ചന്ദ്രികയെപ്പറ്റി കേട്ടിട്ടുണ്ടാകും ഇല്ലേ?
കാനനച്ഛായയിൽ പ്രേമഇടയനൊപ്പം
ആടുമേയ്ക്കാൻ വീടുവീട്ട കുലീനചന്ദ്രികയെ
അറിയാതെ പോയാലും
രാഘവനെ അറിയാം അല്ലേ നിങ്ങൾക്ക്?
പ്രേമത്തിൽ തോറ്റ് കയറിൽ തൂങ്ങിയവൻ
രാഘവനായ് മരിച്ചു രമണനായ് ജീവിക്കുന്നവൻ
ആത്മഹത്യയിലൊടുങ്ങിയ എല്ലാക്കാമുകരും രമണന്മാർ
ആത്മഹത്യയിലേക്കു തള്ളിയ എല്ലാക്കാമുകിമാരും ചന്ദ്രികമാർ.

3
ചങ്ങമ്പുഴയെ, രാഘവനെ, ചന്ദ്രികയെ
രമണനെ അറിയാതെ പോയാലും
ധനുവെച്ചപുരം അറിയുമല്ലോ നിങ്ങൾക്ക്?
വണ്ടി നിൽക്കുമ്പോഴെല്ലാം ആരെങ്കിലും
ധനുവൈത്തപുരം എന്നു
തിരുത്തി ഉച്ചരിക്കുന്ന പേരുള്ള ഊര്.
എല്ലാ ഊരും ഇന്നു ധനുവെച്ചപുരം തന്നെ എന്ന്
പശുവയ്യാ പണ്ടു സാക്ഷ്യം പറഞ്ഞ ഇടം.

ഇന്നും വണ്ടി നിൽക്കും
ഞാനും ശരിയായി ഉച്ചരിക്കും ധനു വൈത്ത പുരം
നിന്ന വണ്ടി നീങ്ങാതായപ്പോൾ
നോക്കി വന്ന ആരോ പറഞ്ഞു,
' പാവം പെണ്ണ്, ചാടി മരിച്ചു '
മ്ലാനമായ മറ്റൊരു ശബ്ദം ശരിവെച്ചു:
'അയൽക്കാരിയാണ് ചന്ദ്രിക, എന്തൊരു ദുരന്തം'

നടുങ്ങുന്ന ശബ്ദത്തിൽ അന്തരീക്ഷത്തിൽ
പെട്ടെന്നു കേട്ടു:
'കൊലയ്ക്കു കൊടുത്തത് രമണനോ?'

എന്താണങ്ങനെ ചോദിക്കാനെന്ന്
ഇപ്പോഴുമറിയില്ല.
ധനുവൈത്തപുരവും ചങ്ങമ്പുഴയും അറിയാമോ നിങ്ങൾക്ക്?
എല്ലാ കാമുകന്മാരും രമണന്മാരാണോ?
എല്ലാ കാമുകിമാരും ചന്ദ്രികമാരും?




9.
ആ ദിവസങ്ങളിൽ ഒന്ന്.


ഞാൻ ഏറെയേറെ സന്തോഷിച്ച
ദിവസങ്ങളിൽ
അതും ഒന്ന്.

കാടിൻ അമര ജീവിതത്തിനായ്
ചാവാ നെല്ലിക്ക പറിക്കാൻ മലയേറിയ ആന
അടിതെറ്റി വീണു കാലു കോറി മുറിഞ്ഞു.
പൊത്തിലെ അണ്ണാൻ തിടുക്കപ്പെട്ടു വന്ന്
പച്ചിലകൾ കടിച്ചിട്ടു.
ഞാനതു കുഴമ്പു പോലെ അരച്ചു.
അണ്ണാൻ മുറിവുകളിൽ പുരട്ടിക്കൊടുത്തു.

അപ്പോൾ ആകാശം
കനിവോടെ പുഞ്ചിരി പൊഴിച്ചു.
നൂറ്റാണ്ടു ചെന്ന കടമ്പുമരം
മലർമഴ പെയ്തു.





10. 
ദില്ലി - അജ്മീർ : 390 കി.മീ.


സ്വന്തം നിഴലിനെ
മരണം പിടികൂടിയ ഈ നരക ദിനത്തിൽ
എവിടെപ്പോകുന്നു *ഫക്കീറാ?

അജ്മീർക്കു പോകുന്നു, ജനാബ്.

ഇന്ദ്രപ്രസ്ഥത്തേക്കാൾ അജ്മീർ
സുരക്ഷിതമെന്നോ ഫക്കീറാ?

കുടിപ്പകച്ചീറ്റത്തേക്കാൾ
കരുണയുടെ ചെറുപുഞ്ചിരി നല്ലത്, ജനാബ്.

എരിഞ്ഞെരിഞ്ഞു മരീചികയാളുന്ന പാതയിൽ
എത്ര ദൂരം നടക്കണം, ഫക്കീറാ?

കൈവിടലിനും ചേർത്തണയ്ക്കലിനു -
മിടയിലെത്രയോ അത്രയും ദൂരം ജനാബ്.

വഴിച്ചോറു കിട്ടാതെ പോയാൽ ഉടൽ
ഉയിരിനെത്തിന്നുമേ, ഫക്കീറാ?

കനിമരങ്ങൾ പട്ടു പോവുകയോ
ഭൂമിയുറവുകൾ വറ്റിപ്പോവുകയോ ഇല്ല ജനാബ്.

തനിച്ചു നടന്നാൽ
തളർന്നു ചാഞ്ഞു വീഴില്ലേ ഫക്കീറാ?

തനിച്ചു വന്നു തനിച്ചേ പോകുന്നോർ
തനിമയുടെ സാരം കണ്ടവരല്ലേ ജനാബ്

പല പലയിരവുകൾ പല പല പകലുകൾ
കാഴ്ച പതറില്ലേ ഫക്കീറാ?

പകലിരവു ഭേദം കണ്ണുകൾക്കല്ലേയുള്ളൂ
കാലുകളറിയുന്നതു മറയാത്ത വെളിച്ചം ജനാബ്.

എപ്പോൾ അജ്മീരിലെത്തു-
മെന്റെ,യെന്റെ ഫക്കീറാ?

നല്ല നാളുകളിലതു മൂന്നു കാലടിയായിരുന്നു.
കെട്ട കാലത്തത് തീരാത്ത ദൂരെ, ജനാബ്.

നിൻ നടപ്പിന്നു വേഗം കുറയുന്ന-
തെന്തേയെന്റെയരുമ ഫക്കീറാ?

ഞാൻ മുന്നോട്ടു നടക്കുമതേ വേഗത്തിൽ
അജ്മീർ പിന്നോട്ടു പായുന്നു ജനാബ്.

നമ്മൾക്ക് അജ്മീരിലെത്താൻ
എന്താണു മാർഗ്ഗം ഫക്കീറാ?

വാക്കുകൾ തേടാതെ
ഹൃദയം കൊണ്ടു മൊഴിഞ്ഞാൽ
നാം അജ്മീരിലെത്തും ജനാബ്.

*ഫക്കീറ - പെൺ ഫക്കീർ.



11
അന്നത്തെ നിലാവ്


ഏന്തിത്തൊട്ടാൽ
കൈക്കലാകും പോലിരുന്നു
മേഘങ്ങളില്ലാത്ത അന്നത്തെ മാനവും
കുളിർനിറ നിലാവും.

നിലാവിനോടു മിണ്ടിപ്പറഞ്ഞ്
വീട്ടിലേക്കു മടങ്ങുമ്പോൾ
ഒറ്റക്കെന്ന പേടിയോ
വഴിനടപ്പിൻ്റെ മടുപ്പോ
അറിയുകയേയില്ല.

വീടണയും മുമ്പേ 
വിട പറയാൻ മറന്നു
വാതിൽ കടന്നു ഞാനകത്തു കേറി.
പുറത്തെക്കളഞ്ഞു ഞാൻ വീടിനെയണിഞ്ഞ്
ചുമരുകൾ തറ മേൽക്കൂരയെന്നു മുഴുകുമ്പോൾ
വഴിത്തുണ വന്ന നിലാവിനെ വാതിലിൽ
നിറുത്തിയ നന്ദികേടോർത്തു പുറത്തേക്കോടി.

മുറ്റത്തു വാനിൽ പിരിഞ്ഞ നിലാവ്
തെരുവുകടന്ന് മറഞ്ഞു പോയിരുന്നു.

അതിൽ പിന്നൊരു നാളും
നിലാവെന്നൊടൊപ്പം വരാറേയില്ല.


12
വാക്കുപിഴ

ആരോടും എന്തും മിണ്ടാൻ ഭയമായിരിക്കുന്നു.
ആരോടും എന്തും പറയാൻ ഭയമായിരിക്കുന്നു.

പറഞ്ഞത്
പറയുകയേയില്ല എന്നു പറയുന്നുണ്ടവർ.
പറയാത്തത്
പറഞ്ഞതായി പറയുന്നുണ്ടവർ.

വിചാരിച്ചതു പറഞ്ഞെന്ന്
കുറ്റപ്പെടുത്തുന്നുണ്ടവർ
പറഞ്ഞത്
വിചാരിച്ചു കൊണ്ടിരിക്കുന്നതായും കുറ്റപ്പെടുത്തുന്നു.

ഒരുവേള,
പറയേണ്ടതു ചിന്തിക്കാതെ
ചിന്തിക്കുന്നതു പറഞ്ഞിരിക്കുമോ ഞാൻ?
ഒരുവേള,
ചിന്തിക്കുന്നതു പറയാതെ
പറയേണ്ടതു ചിന്തിച്ചുവോ ഞാൻ?

പറഞ്ഞ വാക്കുകൾ
പറയാത്ത വാക്കുകൾ
പറയാൻ വിചാരിച്ച വാക്കുകൾ
പറയാൻ മറന്ന വാക്കുകൾ
എല്ലാ വാക്കുകളും ചതിക്കുന്നു.
എന്തു പറയാനും ഭയമായിരിക്കുന്നു.

ആനപ്പാപ്പാൻ്റെ ഭയം പോലെ
പാമ്പാട്ടിയുടെ ഭയം പോലെ
വെടിക്കെട്ടു പണിക്കാരൻ്റെ ഭയം പോലെ.



13.മിച്ചം

എപ്പോൾ കടൽ
അപഹരിച്ചെടുത്തെന്നറിയില്ല.

കൊണ്ടുവന്നു കരയ്ക്കടിയിച്ച
കുഞ്ഞു ജഡത്തിൻ്റെ കൈകൾ
മുറുക്കനെയടഞ്ഞിരുന്നു.

വിടർത്തിത്തുറന്നു നോക്കിയപ്പോൾ
കണ്ടു

സ്വല്പം മണ്ണും
അതിൽ മുളച്ച
ഏതോ ചെറു ചെടിയും.



14. ചോദ്യങ്ങൾ

1
തൊട്ടതും ചിണുങ്ങി
അടഞ്ഞുപോയ ഇലകൾ
വീണ്ടും തുറക്കാൻ
ഇത്രയും യുഗങ്ങളെടുക്കുന്നതെന്ത്?

2
അകലെ മാറിയിരിക്കുമ്പോൾ
ഒറ്റക്കൊഞ്ചലായിക്കേൾക്കും
നദിയുടെ സംഗീതം
കാൽവെയ്ക്കും നിമിഷത്തിൽ
പല ശ്രുതി
പല സ്വരങ്ങളായ്
ഒലിപ്പതെങ്ങനെ?

3
ചെരിഞ്ഞു കറങ്ങുന്നതിനാൽ
ഭൂമിയുടെ അച്ചുതണ്ടുയർത്തുന്ന
(നിശ്ശബ്ദമായ പാതിരകളിൽ കേൾക്കുന്ന)
നേർത്ത വിലാപം
എത്ര തുള്ളി എണ്ണയിട്ടാൽ അടങ്ങും?)




15. സ്ഥിതിഭ്രമം

സുഹൃത്തുക്കളായിരിക്കുന്നതു കൊണ്ടല്ല
നാം സുഹൃത്തുക്കൾ.
സൗഹൃദം ഉള്ളതിനാൽ
നാം സുഹൃത്തുക്കൾ

പ്രണയികളായിരിക്കുന്നതിനാലല്ല
നാം പ്രണയികൾ
പ്രണയം ഉള്ളതിനാൽ
നാം പ്രണയികൾ

ബന്ധുക്കളായിരിക്കുന്നതു കൊണ്ടല്ല
നാം ബന്ധുക്കൾ
ബന്ധം ഉള്ളതിനാൽ
നാം ബന്ധുക്കൾ.

സൗഹൃദം പ്രണയം ബന്ധം
എല്ലാം നമ്മളിലുള്ളതാണോ
അതോ നാം
സുഹൃത്തുക്കൾ പ്രണയികൾ ബന്ധുക്കൾ
മാത്രമാണോ?



16. നിയതി

പ്രപഞ്ചമില്ലാതെ
കൂറയില്ല
കൂറയില്ലാത്ത പ്രപഞ്ചം
പ്രപഞ്ചവുമല്ല.



17. കന്യാകുമാരി

കാണാൻ തന്നെയാണു പോയത്
മടങ്ങുമ്പോൾ
കൂടെ വന്ന കടൽ ജീവിക്കുന്നു
നമ്മോടൊപ്പം.



18. പ്രാർത്ഥന

ഉയരെ നിന്ന് മാനം തഴുകി വിരിഞ്ഞ
ദൈവപുത്രൻ്റെ കൈകളുടെ നിഴലിൽ
ഉപദേശി പ്രസംഗിക്കുന്നു:

'ദൈവത്തിൻ്റെ ആലയം
നമ്മൾ കെട്ടും'

വിശ്വാസികൾ സമ്മതിച്ചു.
'ആമേൻ'

ദൈവപുത്രൻ്റെ അങ്കിനിഴലിലൊതുങ്ങി
ഉപദേശി പ്രസംഗിക്കുന്നു:

'നമ്മുടെ വീട്
ദൈവം കെട്ടും'

വിശ്വാസികൾ സമ്മതിച്ചു
'ആമേൻ'

കൂട്ടത്തിലൊളിഞ്ഞിരുന്ന സാത്താൻ ചോദിച്ചു:
'ഉപദേശിയോ ദൈവമോ
വീടിൻ്റെ കടം ആരു കെട്ടും?'

വിശ്വാസികൾ സമ്മതിച്ചു:
'ആമേൻ'



19. കരിഷ്മയും കാർത്തികയും ചില കവിതകളും.

1
മുന്നിലിരുന്ന കരിഷ്മയോടും കാർത്തികയോടും
ഞാൻ പറഞ്ഞു:
'നീ മുയൽക്കുട്ടി
അനിയത്തി അണ്ണാൻ കുഞ്ഞ്'
'അല്ല അല്ല ' എന്ന്
വാക്കുകൊണ്ടു കലമ്പി
കരിഷ്മ.
ഇടത്തോട്ടും വലത്തോട്ടും തലയാട്ടി കാർത്തിക.
'ഞങ്ങടെ വീട്ടിൽ
ഞാനാ കുഞ്ഞ്.
ഇവൾ കുട്ടി'
ഇരുവരും തുള്ളിച്ചാടിക്കളിച്ചു.
മുറ്റത്തെ മരക്കൊമ്പി -
ലേറിക്കൊണ്ടിരിക്കുന്നു
മുതുകിൽ മൂന്നു വരകളുമായൊരു മുയൽ.
മരച്ചോട്ടിലെ കുഴിക്കുള്ളിലിരുന്ന്
എത്തി നോക്കുന്നു
കാതുകൾ വിടർത്തി
ഒരണ്ണാൻ

2
അന്തരീക്ഷത്തിൽ ചിറകടിച്ചുകൊണ്ട്
താഴ്‌ന്ന മരക്കൊമ്പിലെ
പൂവുറിഞ്ചിയിരിക്കുന്നു തേൻകിളി.
'ഹായ്' എന്നു കരിഷ്മ.
വിരണ്ട കിളി
പറന്നു മറഞ്ഞു.
ആടിയ കൊമ്പ് നിശ്ചലമാകും മുമ്പ്
കിളി വീണ്ടും വരുമെന്നതിനാൽ
അനങ്ങാതിരുന്നു ഇരുവരും.
അതിനകം
ഒരു യുഗം തീർന്നു.
മറുയുഗം തുടങ്ങി.
ആടിക്കൊണ്ടേയിരിക്കുന്നു പൂങ്കൊമ്പ്
കാറ്റുകൊണ്ടേയിരിക്കുന്നു ഞങ്ങൾ
രണ്ടിനുമിടയിൽ
പൂവിതളറ്റത്തു തുളുമ്പി മിന്നുന്നു
കിളി നുകരാതെ വിട്ട തുള്ളിത്തേൻ.

3
കോപ്പി പുസ്തകത്തിലുള്ളതുപോലെ
വേറൊരു കടലാസിൽ അവൾ വരഞ്ഞുകൊണ്ടിരുന്നു.
വീടു വരച്ചു.
'ഇത് എൻ്റെ വീട്'
മരം വരച്ചു.
'ഇത് എൻ്റെ മരം'
സൂര്യനെ വരച്ചു.
'ഇത് എൻ്റെ സൂര്യൻ'
പുസ്തകത്തിലുള്ള മലയും പുഴയും
വരയ്ക്കാതിരുന്നു.
ചോദിച്ചപ്പോൾ പറഞ്ഞു
'നിങ്ങൾക്കു ബുദ്ധിയില്ലേ
പുഴ ഓട്ടോയിലും
മല ലോറിയിലും
പോയതു കണ്ടില്ലേ?'




20. പൈയ്യാമ്പലം

അനാദികാലമായ്
ഒരേ ചോദ്യം ചോദിച്ചുകൊണ്ടിരിക്കുന്നു
കടൽ:
'നീ എന്നെ എത്ര സ്നേഹിക്കുന്നു?'

പാറമനസ്സലിഞ്ഞ്
ഒരേ മറുപടി പറഞ്ഞുകൊണ്ടിരുന്നു
കര:
'ഞാൻ നിന്നെ നുരയോളം സ്നേഹിക്കുന്നു'

ഒരേ ചോദ്യം
ഓരോ തവണയും
ഓരോ വിധത്തിൽ ചോദിക്കുന്നു കടൽ.
ഓരോ വിധത്തിൽ പറയുന്നു കര
ഓരോ തവണയും ഒരേ മറുപടി.

മുടിയിട്ടുലയ്ക്കുന്ന പുലരിക്കുറുമ്പോടെ
അല ചോദിക്കുന്നു
'എത്ര സ്നേഹിക്കുന്നു?'

പാതി തുറന്ന കണ്ണിൻ്റെ വെളിച്ചത്തോടെ
കര പറയുന്നു:
'കാറ്റോളം'

കൈ കോർത്തലയും പകൽച്ചങ്ങാത്തത്തോടെ
കടൽ ചോദിക്കുന്നു.
'എത്ര സ്നേഹിക്കുന്നു?'
കൈക്കുള്ളിൽ തങ്ങിയ ഇളംചൂടായ്
കര പറയുന്നു,
'മണലോളം'

ഉമ്മവെച്ച അന്തി നനവോടെ
കടൽ ചോദിക്കുന്നു:
'എത്ര സ്നേഹിക്കുന്നു?'

ചർമ്മത്തെ വരട്ടിയ നീർമണപ്പൊതിയലായ്
കര പറയുന്നു:
'അലയോളം'

പ്രാണൻ തഴുകും ഉടലിൻ്റെ രാത്രിയായ്
കടൽ ചോദിക്കുന്നു,
'എത്ര സ്നേഹിക്കുന്നു?'

ഉടലണിഞ്ഞു പ്രാണൻ തുടിച്ച്
കര പറയുന്നു:
'കടലോളം'

ഇരുൾപ്പാറകൾക്കും
മണൽച്ചെരിവുകൾക്കുമിടയിൽ
കടലിനെ വരവേൽക്കുന്ന കര ചോദിക്കുന്നു:
'എന്നെ നീ എത്ര സ്നേഹിക്കുന്നു?'

'കടലോളം
അല്ല അലയോളം
അല്ല നുരയോളം
അല്ല മണലോളം
അല്ല കാറ്റോളം
അല്ല നിലത്തോളം
അനാദികാലമായ് ഒരേ മറുപടി പറഞ്ഞുകൊണ്ടിരിക്കുന്നു
കടൽ.


21.ജഗന്മോഹിനി

മറയ്ക്കപ്പെടാത്ത നിൻ ഇടങ്ങളെല്ലാം
പകൽ വെളിച്ചത്തിൽ സത്യം പോലെ
കണ്ട എനിക്ക്
വസ്ത്രത്തിന്റെയിരുട്ടിൽ അതേ ഇടങ്ങൾ
അറിവില്ലായ്മയുടെ പകപ്പായ്
സഹിക്കേണ്ടി വന്നതെന്ത്?

അറിഞ്ഞ രഹസ്യം ഏതു നേരത്താണ്
അറിയാത്ത ദുരൂഹതയാകുന്നത്,
ജഗന്മോഹിനി?


22. കിനാക്കവിത


എന്നെപ്പോലിരുന്ന രണ്ടു പേർ

സംസാരിക്കുന്നതു കിനാവു കണ്ടു.

അരികിൽ ചെന്നപ്പോൾ

അവരും ഒരു കിനാവിനെക്കുറിച്ചു

സംസാരിക്കുന്നതാണു കണ്ടത്.

എന്നാൽ, പറത്തവൻ ഊമ

കേട്ടവൻ കുരുടൻ.


23. പിൻമനം


ചില സമയം

കൊടുങ്കാറ്റിനേയും ഭയപ്പെടാതെ

ഒരു ഇലയുതിരുംകാല മരം പോലെ.

(ചില്ലകളിൽ വാക്കുകളായ്

തളിർത്തു വിരണ്ടു നിൽക്കും ഞാൻ പിന്നീട്)


ചില സമയം

വന്നു പോകും കാലുകൾ ചവിട്ടിമെതിക്കുന്ന,

ചായക്കടക്കാരൻ ഉണങ്ങാൻ വിരിച്ചിട്ട 

ഈറൻ ചാക്കു പോലെ.

(പരിഗണനയേൽക്കാതെ വരണ്ടുണങ്ങും

ഞാൻ പിന്നീട്)


ചില സമയം

പ്രിയപ്പെട്ട ലക്ഷ്യങ്ങൾ തുറന്ന

ഇലവിൻ ചിറകു പോലെ.

(മുക്കിലെച്ചിലന്തിവലയുടെ ഏകാന്തതയിൽ

ചുട്ടുനീറും ഞാൻ പിന്നീട്)


ചില സമയം

സകല ദു:ഖങ്ങളേയും പുറന്തള്ളുന്ന സംഗീതം പോലെ.

(ആത്മഹത്യക്കൊരുങ്ങി തോറ്റവൻ്റെ

മൗനമാകും ഞാൻ പിന്നീട്)


ചില സമയം

കണ്ണാടിയിൽ കാത്തിരിക്കും എൻ്റെ പുഞ്ചിരി

(കാലുകൾ വിഴുങ്ങിയ മൃഗത്തിൻ്റെ 

വായിൽ നിന്നു കുതറിപ്പോന്ന്

അലറിക്കരയുന്ന കുഞ്ഞിൻ മുഖം

പിന്നീടെനിക്ക്.)



24. ഉദകമണ്ഡലം


അഭയവനത്തിലേക്കു വരുന്ന പറവ പോലെ

ഈ മാമലനഗരത്തിലേക്കു ഞാൻ

വീണ്ടും വീണ്ടും വരുന്നു.


മുഖക്കുരു പൊങ്ങിയ മനുഷ്യമുഖമായ്

മാറിയിരിക്കുന്നു ഈ നഗരം.

എങ്കിലും

തൈലവാസനയുള്ള കാറ്റുകളിൽ

കലർന്നിരിക്കുന്നു എൻ്റെ യൗവനസ്മരണകൾ.


ആയിരത്താണ്ടുകളുടെ ക്ലാവു പിടിച്ച

എൻ്റെ സ്വന്തം ഭാഷക്ക്

കരുത്തില്ല

നിൻ്റെ പ്രിയം പറയാൻ.


ചെന്നീല വേനൽപ്പൂക്കൾ ചിതറിയ വഴികളിൽ

കഥകൾ ചൊല്ലി നടന്ന നീ,

നീരൂറും പാറകൾക്കിടയിലൂടെ നീളുന്ന റയിൽപ്പാതകളിൽ

മനുഷ്യരെപ്പറ്റിപ്പറഞ്ഞു നടന്ന നീ,

ഇവിടില്ല.


പറക്കും കഴുകൻ്റെ കാലുകളിൽ കോർത്ത

തുടിക്കും ഹൃദയം ഞാൻ.


മുലകൾ തൂങ്ങിയ നീ -

പുഴുക്കാട്ടത്തിൽ കുതിർന്നു നശിച്ച സർക്കാർ കടലാസുകളോടെ

വക്കു ഞെണുങ്ങിയ കരിപ്പാത്രങ്ങളോടെ

അല്ലെങ്കിൽ

നിൻ്റെ കുഞ്ഞിൻ്റെ മൂത്രത്തുണികളോടെ.


നിൻ്റെ സ്നേഹത്തിനെന്തൊരെളിമ,

നടുപ്പുഴയിൽ ചൊരിഞ്ഞ വെള്ളം പോലെ.



25. സമത്വം


മേലേ നിന്നു ഭൂമി കാണാൻ കൊതിച്ച്

കുതിച്ചു പറന്ന ഞാനും

താഴേനിന്നാകാശം കാണാൻ കൊതിച്ച്

താണിറങ്ങിയ പറവയും

ഒരുയർന്ന ഗോപുരത്തിൻ്റെ നിറുകയിൽ

വെച്ചു കണ്ടുമുട്ടി.


ആകാശക്കാഴ്ച്ചയിൽ തന്നെ

ഭൂമിക്കഴക്, ഞാൻ പറഞ്ഞു.

ഭൂമിയുടെ നോട്ടത്തിലാണ്

മാനത്തിനഴക്, പറവ പറഞ്ഞു.


തർക്കം തീർക്കാൻ

നടുക്കിരുന്നു നോക്കാം എന്നു ഞങ്ങൾ

സ്ഥലം മാറിയിരുന്നു.


ഭൂമിക്കുമാകാശത്തിനും നടുവിലെ

ഇടമില്ലാ വെളിമ്പരപ്പിൽ

കാലമില്ലാത്ത നേരത്ത്

ഒരേ പോലെ നോക്കി.


പറക്കലിൻ്റെ ഏതോ നിമിഷത്തിൽ

തീനാളംപോലുയർന്നുകൊണ്ടിരുന്നു പറവ.

മഴത്തുള്ളി പോലെ വീണുകൊണ്ടിരുന്നു

ഞാൻ.


എങ്കിലും മനസ്സു നിറഞ്ഞു.

ഞൊടിയിട നേരം

പറവയ്ക്ക് ഇണയായി പറക്കാൻ കഴിഞ്ഞല്ലോ!



26. അറിയാത്ത മിച്ചം


അറിയപ്പെടാത്ത എന്തോ ഉണ്ട്

എല്ലാ സ്വപ്നങ്ങളിലും.


മൺപുഴുവിനും

പരൽ മീനിനും സ്വപ്നത്തിൽ

നുണഞ്ഞു തീരാത്ത ബാക്കി മണ്ണ്.

നീന്തിത്തീരാത്ത പുതിയ നദി.


തവളയുടെ സ്വപ്നത്തിൽ

കാൽ വഴുക്കും നിലം.

ഉടലിനെയുന്താത്ത ഉറഞ്ഞ വെള്ളം.


പൂമ്പാറ്റയുടെയും കുരുവിയുടെയും സ്വപ്നത്തിൽ

തൂവലിനേക്കാൾ കനമുള്ള കാറ്റ്.

ചിറകിലൊതുങ്ങാത്ത നീൾ വാനം.


മൂങ്ങക്കിനാവിൽ

ഉറങ്ങാതെ കത്തുന്ന പകൽ

ഒടുങ്ങാതലറും കൊടുങ്കാറ്റ്.


പുലിക്കും ആനക്കും സ്വപ്നത്തിൽ

അലഞ്ഞു തീരാത്ത കാട്.

തൊടുന്തോറുമുയരുന്ന വാനം.


അറിയപ്പെടാത്ത കിനാവായ്

അവശേഷിച്ചിരിക്കുന്നെൻ്റെ ജീവിതം.


27.ഉള്ളതായ് ഉള്ളവർ


ഒരിക്കൽ കണ്ടതുപോലല്ല

അതേ ഇടങ്ങളും

അതേ കാഴ്ച്ചകളും

ഇനിയൊരിക്കൽ കാണുമ്പോൾ എന്നിരുന്നാലും 

വിരസമാകുന്നു

ഒരേ വഴി തീവണ്ടിയാത്ര.


ഞൊടി നേരം നിശ്ചലമായി

മറുഞൊടിയിൽ അകന്നു മായുന്ന

മലകൾ നദികൾ മരങ്ങൾ

വയലുകൾ വഴികൾ വീടുകൾ


മടുപ്പിക്കുന്നു എല്ലാം


തീവണ്ടിപ്പാതക്കരികിലെ

ഏതെങ്കിലുമൊരു വീട്ടിനുളളിൽ നിന്ന്

ഒരു കൊച്ചുകുഞ്ഞ്

ധൃതിയിലോടിവന്നു കൈ വീശും വരെ.


ഇന്നലെയും ഇന്നും നാളെയും

കൈ വീശി യാത്രയാക്കാൻ

കൊച്ചു കുഞ്ഞുങ്ങൾ

ഉള്ളതായിത്തന്നെയുള്ളതാണ്

യാത്രയുടെ ഭാഗ്യം.



28. മലകയറ്റം


മല കയറിക്കൊണ്ടിരുന്നു

ഞാനും കൊച്ചുപയ്യനും


ഞാൻ നിന്ന പടിയുടെ

തൊട്ടു താഴത്തെപ്പടിയിലാണ് 

അവൻ നിന്നിരുന്നത്.

കൈ പിടിച്ച്,

"നോക്കി മെല്ലെ ശ്രദ്ധിച്ച് "

എന്നവനെ കയറ്റിക്കൊണ്ടിരുന്നു ഞാൻ.


മലയിറങ്ങിക്കൊണ്ടിരിക്കുന്നു

കൊച്ചുപയ്യനും ഞാനും.


അവൻ നിൽക്കുന്ന പടിക്കു

തൊട്ടു മേലേപ്പടിയിലാണു ഞാൻ നിൽക്കുന്നത്.

കൈ പിടിച്ച്,

"നോക്കി മെല്ലെ ശ്രദ്ധിച്ച് "

എന്നവനെ

താഴേക്കിറക്കിക്കൊണ്ടിരിക്കുന്നു ഞാൻ


അതേ മല

അതേ പടിക്കെട്ടുകൾ

അതേ വാക്കുകൾ

എന്നാൽ .......


(സമകാല തമിഴ് കവികളിൽ പ്രമുഖൻ.1957-ൽ കോയമ്പത്തൂരിൽ ജനിച്ചു. ഇപ്പോൾ തിരുവനന്തപുരത്തു താമസം )



3 comments: