1
പുഴകൾ
(ഈ പരിഭാഷ എടത്തുംകരയിലെ കുറ്റ്യാടിപ്പുഴക്ക്)
വാഴ്ത്തി ഞാൻ പാടിയതത്രയും നിങ്ങളെ
മാത്രം പല പല പേരിൽ പുഴകളേ!
നിങ്ങൾ പാലും തേനുമാകുന്നു, പ്രണയവും
മരണവും നർത്തനവുമാകുന്നു, ജീവജല -
മൊക്കിൽകുടത്തിൽനിന്നൊരു ദേവി തൂവീടു -
മജ്ഞാതഗുഹകളിലെയുറവിൽനിന്നും പായൽ
പറ്റിപ്പിടിച്ച പാറക്കെട്ടുകൾക്കിടയി-
ലൂടെക്കിനിഞ്ഞ്, നീരൊലിവുകൾ മുഴങ്ങുന്ന
പുൽമേട്ടിലെത്തിത്തെളിഞ്ഞ്, തുടങ്ങുന്നു
നിങ്ങൾതൻ യാനം, തുടങ്ങുന്നിതെന്റെയും.
പിന്നെക്കുതിക്കുന്നു വിസ്മയാവേഗമായ്,
തുഴയാഞ്ഞു വീശിക്കുടഞ്ഞു ഞാൻ നീങ്ങവേ
മുഴുനഗ്നനായ് മുഖമർപ്പിച്ചു സൂര്യന്.
ഓക്കുമരങ്ങൾ, പാടങ്ങൾ, മിന്നായമായ്
പിന്നിട്ട പൈൻകാട്, ഭൂമിതൻ വാഗ്ദാന-
മോരോ വളവിലും, ഗ്രാമത്തിലെപ്പുക,
നിന്നുറക്കം തൂങ്ങിടുന്നപോൽ കാലികൾ,
മീവൽക്കിളിപ്പറത്തങ്ങൾ മണൽക്കരെ.
മെല്ലെ പ്രവേശിച്ചു നിങ്ങൾതൻ നീരി, ലടി -
യൊന്നൊന്നുവെച്ച് - ഒഴുക്കെന്റെ കാൽമുട്ടുകൾ
ചുറ്റിപ്പിടിച്ചു ഞാൻ കീഴടങ്ങും വരെ.
കൊണ്ടുപോയെന്നെ പ്രവാഹം, അത്യുജ്വല -
മധ്യാഹ്നവിസ്തൃതാകാശപ്രതിച്ഛായ
നീളവേ നീന്തി, വേനൽക്കാല രാത്രിയിൽ
പൗർണ്ണമിച്ചന്ദ്രനുദിക്കവേ, ചുണ്ടുകൾ
ചുംബനവ്യഗ്രമായൊന്നിച്ചു ചേരവേ
നിങ്ങൾതൻ തീരത്തിരുന്നു ഞാ, നുള്ളിലൊരു
മന്ദ്രസ്വനം, ബോട്ടുകടവിൽ വെള്ളം ലാഞ്ചു -
മാലോലമിപ്പൊഴും കേൾപ്പൂ, പുണരുവാൻ
ആശ്വസിപ്പിക്കുവാനെന്നെയകത്തേക്കു
മെല്ലെ ക്ഷണിക്കുന്ന മന്ത്രണം കേൾപ്പു ഞാൻ
നമ്മൾ പോകുന്നു താഴേക്ക്, മുങ്ങിത്താണ
നഗരങ്ങളിൽ മുഴങ്ങുന്ന മണിയൊച്ചകൾ -
ക്കൊത്ത്,വിസ്മൃതിയിൽ ലയിച്ച്,മൃതർവാഴുന്ന
ലോകങ്ങളിൽനിന്നു വാഴ്ത്തുകൾ കേട്ടു നാം
പോകുന്നു, നമ്മെ വഹിക്കുന്നു നിങ്ങൾതൻ
അന്തമെഴാ പ്രവാഹങ്ങൾ, നദികളേ,
ആകുന്നുവെന്നതും ആയിരുന്നെന്നതും
മാഞ്ഞ്, നിമേഷമനന്തം, അനശ്വരം.
2
ലോകാവസാനത്തെക്കുറിച്ചൊരു പാട്ട്
ലോകം അവസാനിക്കുന്ന ദിവസം
ഒരു തേനീച്ച ഒരു മൂവിലപ്പൂച്ചെടിക്കു ചുറ്റും
വട്ടം കറങ്ങുന്നു.
ഒരു മുക്കുവൻ മങ്ങിത്തിളങ്ങുന്ന തന്റെ വല
കേടു തീർത്തു കൊണ്ടിരിക്കുന്നു.
സന്തുഷ്ടരായ കടൽപ്പന്നികൾ
കടലിൽ പുളച്ചു ചാടുന്നു.
ഇളം കുരുവികൾ
മഴവെള്ളം കുടഞ്ഞു കളിക്കുന്നു.
പാമ്പിന് എന്നത്തേയും പോലെ അന്നും
സുവർണ്ണ ചർമ്മം.
ലോകം അവസാനിക്കുന്ന ദിവസം
പെണ്ണുങ്ങൾ പാടത്തൂടെ
കുട ചൂടി നടന്നു പോകുന്നു.
പുൽമൈതാനത്തിനറ്റത്ത്
ഒരു കുടിയൻ മയക്കത്തിലേക്കു വീഴുന്നു.
വഴിക്കച്ചവടക്കാർ തെരുവിൽ വിളിച്ചുകൂവി
പച്ചക്കറി വിൽക്കുന്നു.
മഞ്ഞപ്പായ് വഞ്ചിയൊന്ന്
ദ്വീപിനു നേർക്കടുക്കുന്നു.
വയലിന്റെ ഒരു നാദശകലം
വായുവിൽത്തങ്ങിനിന്ന്
നക്ഷത്രരാത്രിയിലേക്കു നയിക്കുന്നു.
മിന്നലും ഇടിമുഴക്കവും പ്രതീക്ഷിച്ചവർ
നിരാശരാവുന്നു.
അടയാളങ്ങളും മാലാഖമാരുടെ കാഹളങ്ങളും
പ്രതീക്ഷിച്ചവർ
ഇപ്പോഴാണതു സംഭവിക്കുകയെന്നു
വിശ്വസിക്കുകയില്ല.
സൂര്യചന്ദ്രന്മാർ മുകളിലുള്ളേടത്തോളം
തേനീച്ച റോസാപ്പൂവിൽ
വിരുന്നു വരുന്നേടത്തോളം
തുടുത്ത കുഞ്ഞുങ്ങൾ
പിറന്നു കൊണ്ടിരിക്കുന്നേടത്തോളം
ആരും വിശ്വസിക്കില്ല
ഇപ്പോഴാണതു സംഭവിക്കുക എന്ന്.
വെള്ളത്താടിയുള്ളൊരു വൃദ്ധൻ മാത്രം
- അദ്ദേഹമൊരു പ്രവാചകനാകും,
എന്നാൽ ഇപ്പോൾ അല്ല; കാരണം
അത്ര തിരക്കിലാണിപ്പൊഴദ്ദേഹം -
തക്കാളി അടുക്കിക്കൂട്ടുന്നതിനിടയിൽ
ഇങ്ങനെ ഉരുവിട്ടുകൊണ്ടിരിക്കും.
" വേറെയില്ലൊരവസാനം ലോകത്തിന്ന്
വേറെയില്ലൊരവസാനം ലോകത്തിന്ന് "
3
കണ്ടുമുട്ടൽ
പുലരിയിലൊരു കുതിരവണ്ടിയിൽ നാം
തണുത്തുറഞ്ഞ വയലുകളിലൂടെ
പോവുകയായിരുന്നു.
ഇരുളിലൊരു ചുവന്ന ചിറകുയർന്നു വന്നു.
പൊടുന്നനെയൊരു മുയൽ
വഴി മുറിച്ചു പാഞ്ഞു.
നമ്മിലൊരാൾ അതിന്നു നേരേ കൈ ചൂണ്ടി.
കാലമേറെക്കഴിഞ്ഞു. അവരിരുവരുമിന്നില്ല.
ആ മുയലും അതിന്നു നേരേ കൈ ചൂണ്ടിയ
മനുഷ്യനും.
ഓ, എന്റെ സ്നേഹമേ, എവിടേക്ക്,
എവിടേക്കാണവ പോകുന്നത്?
ഒരു കൈമിന്നൽ, ചലനത്തരിപ്പ്, വെള്ളാരങ്കൽക്കരകരപ്പ്
ദു:ഖത്താലല്ല ഞാൻ ചോദിക്കുന്നത്,
വിസ്മയത്താൽ
4
ഈ ലോകം
എല്ലാമൊരു തെറ്റിദ്ധാരണയായിരുന്നു.
ഒരു പരീക്ഷണ പ്രവർത്തനം
നാം ഗൗരവത്തിലെടുക്കുക മാത്രമായിരുന്നു.
നദികൾ മടങ്ങും,
അവയുടെ തുടക്കത്തിലേക്കു തന്നെ.
കാറ്റ് പിൻവാങ്ങും.
മരങ്ങൾ പച്ച പൊടിക്കുന്നതിനു പകരം
സ്വന്തം വേരുകളിലേക്കു തിരിയും.
വയസ്സന്മാർ ഒരു പന്തിനു പിറകേ ഓടും.
കണ്ണാടിയിൽ ഒരു നോട്ടം - അവർ വീണ്ടും
കുട്ടികളാവുന്നു.
മരിച്ചവർ ഉണരും.
എന്തൊരാശ്വാസം!
ദീർഘശ്വാസം വിടുന്നു,
എല്ലാം സഹിച്ച നീ.
5
എൻ്റേത്
"എൻ്റെയച്ഛൻ, എൻ്റെയമ്മ
എൻ്റെ ഭർത്താവെൻ സഹോദരി
എൻ്റെ ചേട്ടൻ" ഇങ്ങനെ ഞാ-
നിരുന്നു കേട്ടു.
ഹോട്ടലിൽ പ്രാതലിൻ നേര-
ത്തപ്പുറത്തെ മേശയിൽ നി-
ന്നാർത്തു പൊങ്ങും സ്ത്രീകളുടെ
മന്ത്രണ മേളം.
പാളിനോക്കീടുന്നു ഞാനാ -
ച്ചലിക്കും ചുണ്ടുകൾ, ഇങ്ങീ
ഭൂമിയിൽ ഞാനുണ്ടെന്നതിൽ
ആനന്ദിക്കുന്നു.
നമ്മുടെയീ കുഞ്ഞുകു'ഞ്ഞെൻ്റേതുക' ളെ -
യാഘോഷിക്കാൻ
മണ്ണിലിവർക്കൊപ്പമൊരു
നിമിഷം കൂടി
6
നിശ്ശബ്ദ മേഖല
അങ്ങനെയല്ല അതു സംഭവിച്ചത്.
എങ്ങനെയാണതു സംഭവിച്ചതെന്നു പറയാൻ
എന്നിട്ടുമാരും ധൈര്യപ്പെടുന്നുമില്ല.
എല്ലാം ഓർമ്മിക്കാൻ മാത്രം പ്രായമുണ്ടെനിക്ക്.
എന്നിട്ടും എല്ലാവർക്കും സ്വീകാര്യമായ വാക്കുകൾ
ഞാനാവർത്തിക്കുന്നു.
മനുഷ്യഹൃദയത്തെ സംബന്ധിച്ച് അതിക്രൂരമായ
ഒരു സത്യം
വെളിപ്പെടുത്താൻ മാത്രം ആധികാരികത
എനിക്കില്ലെന്നു തോന്നുന്നതിനാൽ.
7
ഇതുമാത്രം
ഒരു താഴ് വാരം, ശരദൃതുവിൻ്റെ
നിറങ്ങളണിഞ്ഞ വനങ്ങൾ മേലേ.
ഓർമ്മകളോ ഭൂപടമൊന്നോ വഴി
കാണിക്കുന്നൊരു യാത്രികനണവൂ
ഏറെക്കാലം മുമ്പൊരു നാൾ പുതു -
മഞ്ഞു വിഴുമ്പോൾ സൂര്യപ്രഭയൂ -
ടീവഴി വന്നൂ കാരണമില്ലാ-
ത്താവേശത്താലാഹ്ളാദത്താൽ
യാത്രികനിവ,നന്നവിടെ നിറഞ്ഞൂ
ചാഞ്ഞുലയുന്ന മരങ്ങടെയീണം
പാറിപ്പോമൊരു കിളിയുടെയീണം
മലയിലെ നീണ്ട റയിൽപ്പാലത്തിൽ
ചലനോത്സവ തീവണ്ടിത്താളം.
മറ്റൊന്നും താനാശിക്കാതെ -
യനർഘമിതൊന്നിൽ മാത്രം കൊതിയാൽ
ഏറെക്കൊല്ലം പിന്നിട്ടീ വഴി
വീണ്ടും വന്നൂ യാത്രക്കാരൻ.
കാണാൻ - ആഗ്രഹമൊന്നിതു മാത്രം
വെറുതേ വെറുതേ വെറുതേ കാണാൻ
പേരില്ലാതെ പ്രതീക്ഷകളില്ലാ-
താശകൾ പേടികളില്ലാതിവിടെ
ഞാനില്ലാത്തൊരു, ഞാനല്ലാത്തൊ-
രിടത്തിൻ നേർത്ത വിളുമ്പിൽ, കാണാൻ!
8
ഒരു കവിയുടെ മരണം
അദ്ദേഹത്തിനു പിന്നിലടഞ്ഞൂ
വ്യാകരണത്തിൻ പടിവാതിൽ
തിരയുകയിനി നാമദ്ദേഹത്തെ
നിഘണ്ടുവിൻ്റെ കൊടുംകാട്ടിൽ.
9
ജനൽ
പുലർച്ചെ ജനലിലൂടെ ഞാൻ പുറത്തു നോക്കിയപ്പോൾ ഒരു കൊച്ചാപ്പിൾത്തയ്യ് തിളങ്ങിത്തുടിച്ചു നിൽക്കുന്നതു കണ്ടു.
പുലർച്ചെ ഒരിക്കൽ കൂടി ഞാൻ പുറത്തു നോക്കിയപ്പോൾ നിറയെ പഴങ്ങളുമായി ഒരാപ്പിൾമരം അവിടെ നിൽപ്പുണ്ടായിരുന്നു.
വർഷങ്ങൾ കുറേ കടന്നു പോയിരിക്കാം. എന്നാൽ ഉറക്കത്തിൽ എന്താണുണ്ടായതെന്ന് എനിക്കോർമ്മയേയില്ല.
No comments:
Post a Comment