Sunday, May 3, 2020

കാറ്റുകടൽ - പി.രാമൻ




Old Wooden Boat Ashore In A Field. Stock Image - Image of sailboat ...


ഓരോ തിരയും
തീരത്തു തട്ടിച്ചിന്നി നുരയും പോലെ വരുന്നു
രാക്കാറ്റ്.
തീരം ഈ മുറിയുടെ രണ്ടു ജനാലകൾ.
എന്റെ കാൽക്കൽ തുറന്നിട്ട രണ്ടു ജനാലകൾ.
ജനാലയ്ക്കലെത്തുംവരെ
ഓരോ കാറ്റും
ദൂരെ നിന്നെത്തുന്ന ഇരമ്പം
അവിടെത്തിയാലോ,
മുറിയ്ക്കകത്തേക്കു നുരഞ്ഞു കയറുന്ന കുളിര്.
അതെന്നെ നനച്ചു തിരിച്ചു പോകുന്നു.
മുറിയ്ക്കു പുറത്തെത്തിയാലുടൻ പിന്നെയുമിരമ്പുന്നു.
കുളിർത്തു കിടക്കുമെന്റെ മുന്നിൽ
ഈ രാവിലേക്കു മാത്രമായ്
ഓരോ കാറ്റും
മുറിയ്ക്കകത്തേക്കെറിഞ്ഞു തരുന്നു
ഒരു ചിപ്പി. രണ്ടു ചിപ്പി. ചിപ്പികൾ
ശംഖുകൾ.
എന്റെ പല്ലുകൾക്കിടയിലെ പോടുകളിലേക്ക്
ഒരു തരിനോവ്.
ഇപ്പോൾ ചിപ്പികളും ശംഖുകളുമടിഞ്ഞ തീരമിത്.
ഇരുട്ടിൽ അവയുടെ അരണ്ട വെൺമ മിനുങ്ങുന്നു.
ഒരു കാറ്റണയുമ്പോൾ മണലിൽ പൂഴുന്ന ചെറു ഞെണ്ടുകൾ
ആ കാറ്റകലുമ്പോൾ വെളിയേ വന്നു പരക്കം പായുന്നുവോ?
സൂര്യനുദിക്കും മുന്നെ
അവയെല്ലാം മാഞ്ഞു പോകും.
കാറ്റ് തള്ളി തീരത്തെത്തിച്ച തോണിപോലെ
ഞാൻ മാത്രമാകും
വിങ്ങിക്കുത്തുന്ന മോണയുമായി.

No comments:

Post a Comment