പരമസുഖവും നിസ്സാര ശരീരവും
പി.രാമൻ
പുഷ്പവാടി എന്ന സമാഹാരത്തിലെ ചെറുകിളി, അമ്പിളി എന്നീ ചെറു കവിതകളിൽ നിന്ന് കുമാരനാശാന്റെ കാവ്യകേന്ദ്രത്തിലേക്ക് കടക്കാനുള്ള ഒരു ശ്രമമാണ് ഈ കുറിപ്പ്.കുട്ടിക്കവിതകളാണിവ രണ്ടും. അങ്ങനെയായിരിക്കേത്തന്നെ ആശാൻ കവിതയുടെ ചില ആഴങ്ങളിലേക്ക് ചൂണ്ടിക്കാണിക്കാൻ ഈ കവിതകൾക്കാവുന്നുണ്ട്. അധസ്ഥിതരുടെ വിദ്യാഭ്യാസാവകാശങ്ങളെക്കുറിച്ചു ശബ്ദമുയർത്തിയ പൊതുപ്രവർത്തകനായിരുന്നു ആശാൻ. ഈ കവിതകളിലാവട്ടെ, വിദ്യാഭ്യാസത്തെക്കുറിച്ചുള്ള വ്യത്യസ്തമായ ഒരു കാഴ്ചപ്പാടു കൂടി ആശാൻ ആവിഷ്കരിക്കുന്നുണ്ട്. നിലവിലെ വിദ്യാഭ്യാസ രീതികൾ എങ്ങനെ കുട്ടികളെ സമ്പൂർണ്ണതയിലെത്തിക്കുന്നതിൽ പരാജയപ്പെടുന്നു എന്ന ചിന്ത ഈ കവിതകൾക്കടിയിലുണ്ട്. തടവിലാക്കപ്പെടുന്ന കുട്ടി രണ്ടു കവിതകളിലുമുണ്ട്. ചെറുകിളി എന്ന കവിതയിൽ ഡീ സ്കൂളിങ് എന്ന ആശയം പോലും കടന്നു വരുന്നു.
അമ്പിളി എന്ന കവിതയിൽ മാനത്തുയർന്നു കാണുന്ന അഭൗമാതിശയത്തെ ഒന്നു തൊടാൻ ആഞ്ഞു കുന്നു കേറുന്ന കുട്ടിയെ ഗൃഹപാഠ കാലമായി എന്നോർമ്മിപ്പിച്ചു തടയുന്ന ഒരു ഏട്ടനുണ്ട്. സാക്ഷാൽക്കാരങ്ങൾക്കു മുഴുവൻ വിളംബം വരുത്തിക്കൊണ്ട് കുറുകെച്ചാടി വീഴുന്ന ഇത്തരം തടസ്സങ്ങളും കൂടിയാണ് അതിനിന്ദ്യമീ നരത്വം എന്നു പറയിക്കുംവിധം ജീവിതത്തെ കഠിനതരമാക്കിയത്.ഒരാനന്ദാതിശയം നിലാവു പരത്തിക്കൊണ്ട് നിൽപ്പുണ്ടെങ്കിലും അങ്ങെത്താനാവുന്നില്ല. പ്രാപിക്കാനാവാത്ത ആ സ്വർഗ്ഗത്തിലേക്കു പേർത്തും പേർത്തും കണ്ണുയർത്തി നോക്കിക്കൊണ്ടിരിക്കുകയും അങ്ങെത്താനുള്ള തടസ്സങ്ങളെക്കുറിച്ചോർത്തു കണ്ണീരൊഴുക്കുകയും ചെയ്ത കവിയാണ് കുമാരനാശാൻ.
കുട്ടിക്കു തൊടാനാവാത്ത ആ അമ്പിളി പരമമായ സുഖാനുഭവത്തിന്റെ, സാക്ഷാൽക്കാരത്തിന്റെ അടയാളമാണ്. ഏട്ടനാവാം, ഗുരുവാകാം, മാതാപിതാക്കളാകാം, സാമൂഹ്യ സാഹചര്യങ്ങളാകാം, ഭൗതിക മോഹങ്ങളാകാം,വിധി തന്നെയുമാകാം സാക്ഷാൽകാരത്തിനു തടസ്സം വരുത്തുന്ന പ്രതിലോമശക്തി.ഉയരെ മാനത്തെ ചന്ദ്രനെ പോലെ, ദ്യോവിൽ ആശ്രയം വിനാ പറക്കുന്ന പക്ഷിയെപ്പോലെ, ഉന്നത സ്ഥാനീയമാണ് ആ പരമാനുഭൂതി. അതു കൊണ്ടാവാം, ഔന്നത്യത്തിന്റെ മാമലമ്പടവുകൾ ചവുട്ടിക്കുന്നുണ്ട് ആശാൻ സുഖാന്വേഷികളായ തന്റെ കഥാപാത്രങ്ങളെ.താണ പടിയിലുള്ള സുഖം ഒരു പക്ഷേ താഴെക്കിട്ടിയേക്കാം. ലൗകിക സുഖം തുച്ഛം എന്ന് ലീലയുടെ അവസാനശ്ലോകത്തിൽ. താൻ എത്തിച്ചേർന്ന ഔന്നത്യത്തിൽ മാധവി അത് ആഗ്രഹിക്കുന്നില്ല. തമസാ തീരത്തെ ആശ്രമവാടികളിൽ രാമനുമൊത്തു രമിച്ച കാലം സീത അനുഭവിച്ച സുഖവും തുച്ഛമായിരുന്നു.
നിറവേറ്റി സുഖം വനങ്ങളിൽ
ചിറകില്ലാത്ത ഖഗങ്ങൾ പോലെയും.
ആ സുഖം ഒരു ചടങ്ങു തീർക്കൽ മാത്രമാണെന്നു സൂചിപ്പിക്കുന്നു നിറവേറ്റി എന്ന പ്രയോഗം. അതിന്റെ തുച്ഛതയെക്കുറിച്ചുള്ള ദു:ഖമുണ്ട് ചിറകില്ലാത്ത ഖഗം എന്ന ഉപമക്കടിയിൽ.ചിറകില്ലാത്ത പക്ഷിയെ പക്ഷി എന്നു വിളിക്കാമോ? ആകാശത്തു ചരിക്കുന്നതാണ് ഖഗം. അതിന് ചിറക് വേണം. ചിറകില്ലാത്ത പക്ഷികളെപ്പോലെ തങ്ങൾ നിറവേറ്റിയ സുഖം അതിനാൽ തുച്ഛമാണ്. നീലവിൺ വഴിയുള്ള പറത്തമാണ് തുച്ഛമല്ലാത്ത സുഖം. തുച്ഛമായ സുഖമല്ല, പരമ സൗഖ്യമാണ് അഭികാമ്യം. പരകോടികളെ മാത്രം സ്വപ്നം കണ്ട കവിയാണ് ആശാൻ.ഭാവാഭാവങ്ങളുടെ പരകോടികളിൽ ആശാന്റെ ഭാവന ചെന്നുരുമ്മുന്നുണ്ട്. സ്വാതന്ത്ര്യമെന്നാൽ അദ്ദേഹത്തിന് സ്വാതന്ത്ര്യത്തിന്റെ പരകോടിയാണ്.കരുതുവതിഹ ചെയ്യ വയ്യ എന്ന അവസ്ഥക്കു കാരണമായതെന്തെങ്കിലുമൊന്നു നിലവിലുള്ളേടത്തോളം പരമമായ സ്വാതന്ത്ര്യമില്ല. അതു കൊണ്ടു കൂടിയാണ് സ്വരാജ്യ സ്വാതന്ത്ര്യത്തെ അദ്ദേഹം മാനിക്കാത്തത്. സ്നേഹമെന്നാൽ പരമമായ സ്നേഹം. അങ്ങനെ പരമപദത്തിൽ വച്ചു വാഴിച്ച സൗഖ്യം എപ്പോഴും എവിടെയും എളുപ്പത്തിൽ കിട്ടുന്ന ഒന്നല്ല. ആ സുഖ രഹസ്യം ദിവാകരൻ ഇങ്ങനെ വെളിവാക്കുന്നുണ്ട്.
ആപ്തസത്യന് അവിയോഗമാം സുഖം
പ്രാപ്തമാം സഖി, രഹസ്യമോതുവൻ.
വിയോഗമില്ലാത്ത, വേർപാടില്ലാത്ത സുഖമാണു സുഖം. അത്,സത്യം തിരിഞ്ഞു കിട്ടിയവർക്കു മാത്രമേ ലഭിക്കുകയുള്ളൂ. അന്യ ദുർല്ലഭവും അലോക സംഭവവുമായ ആ കേവല സുഖമാണ് നളിനി ഒടുവിൽ സമാസ്വദിക്കുന്നത്.മൃതി അല്ല ആ സുഖം തരുന്നത്. ഞെട്ടറ്റു വീഴുന്ന പൂവിനും പുൽത്തലപ്പത്തു നിന്നിറ്റുന്ന മഞ്ഞുതുള്ളിക്കും ആ സുഖം കിട്ടിയിട്ടില്ല. ഒരു പക്ഷേ അവയൊക്കെ അതു കൊതിക്കുന്നുണ്ടാവാം, എന്നിരുന്നാലും. ആ സുഖാനുഭവം സിദ്ധിച്ചത് നളിനിക്കു മാത്രം. വീണപൂവും അതിനെ ചുറ്റുന്ന വണ്ടും കണ്ടു നിൽക്കുന്ന കവിയും ഒരു പോലെ ദു:ഖാർത്തരാണ്. ദു:ഖത്തിന്റെ കൂടപ്പിറപ്പായി ഭയവും ഉണ്ട്.
ഒന്നല്ലി നാമയി സഹോദരരല്ലി പൂവേ
ഒന്നല്ലി കയ്യിഹ രചിച്ചതു നമ്മെയെല്ലാം.
സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റി, ആശാന്റെ പ്രാപഞ്ചികദർശനത്തിന്റെ നിദർശനമായി ഉദ്ധരിച്ചു പോരാറുള്ള ഈ വരി സന്ദർഭത്തിൽ ചേർത്തുവച്ചു വായിക്കുമ്പോൾ നിന്റെ മൃതി, നിന്റെ വിധി, ഞങ്ങളുടേതുകൂടെ യാണല്ലോ എന്ന ഭീതി കലർന്ന ദുഃഖം ഉൾ വഹിക്കുന്നു.
പരമ സൗഖ്യമനുഭവിച്ചുകൊണ്ടുള്ള മരണവും അല്ലാത്ത മരണവുമുണ്ട്. ഉള്ളിൽ അലച്ചു പൊങ്ങുന്ന രസത്തിന്റെ (സുഖത്തിന്റെ ) തിരയിൽ നിൽക്കാൻ പറ്റാത്തവളായി, അന്തരുത്തടരസോർമ്മിദുസ്ഥയായ്, ഇടിയുന്ന തീരത്തു നിൽക്കുന്ന വള്ളി പോലെ ദിവാകരന്റെ മാറിലേക്കു ചായുകയാണ് നളിനി.രസാനുഭവം ദേഹത്തിലൊതുക്കാൻ പറ്റാതായി അവൾക്ക്. എന്നാൽ ആ രസാനുഭൂതി സിദ്ധിക്കാത്ത വീണ പൂവിന്റെ മൃതിയോ ദയനീയമാണ്.
തെറ്റെന്നു ദേഹ സുഷമാ പ്രസരം മറഞ്ഞു
ചെറ്റല്ലിരുണ്ടു മുഖകാന്തിയും കുറഞ്ഞു
മറ്റെന്തുരപ്പു?ജവമീ നവദീപമെണ്ണ വറ്റിപ്പുകഞ്ഞഹഹ,വാടിയണഞ്ഞുപോയി.
മൃതിയിലല്ല സുഖം എന്നിരിക്കിലും മൃതിയും സുഖവും വീണപൂവൊഴിച്ച് മറ്റു മിക്ക ആശാൻകവിതകളിലും ഇരട്ടകളെപ്പോലെ ചേർന്നിരിക്കുന്നു.
പ്രാണിക്കിന്നെടുജീവിതപ്പെരുവഴിക്ലേശം
കഴിച്ചെത്രയും
ക്ഷീണിക്കും ഹൃദയത്തെ മൂടിയൊടുവിൽ
ചേർക്കുന്നു സൗഖ്യം മൃതി.
പ്രാണിക്കിന്നെടുജീവിതപ്പെരുവഴിക്ലേശം
കഴിച്ചെത്രയും
ക്ഷീണിക്കും ഹൃദയത്തെ മൂടിയൊടുവിൽ
ചേർക്കുന്നു സൗഖ്യം മൃതി.
എന്നു പ്രരോദനത്തിലും,
സസുഖം ഭവദങ്കശയ്യമേൽ
വസുധേ, യങ്ങനെ ഞാൻ രമിച്ചിടും
സു സുഷുപ്തിയിൽ
എന്ന് ചിന്താവിഷ്ടയായ സീതയിലും ആശാൻ എഴുതിയിട്ടുണ്ട്. സുഖം എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെങ്കിലും കരുണയുടെ അവസാന ഭാഗത്തും അതേ സുഖാനുഭൂതിയുടെ തിളക്കം നാം കാണുന്നുണ്ട്.
വീണ പൂവിലില്ലാത്ത ഒരു മൃത്യു ദർശനം നളിനി, ലീല, സീത, പ്രരോദനം, കരുണ എന്നീ കൃതികളിൽ വികസിച്ചു വരുന്നതിന്റെ ആരംഭ ബിന്ദു എന്നു വിശേഷിപ്പിക്കാവുന്ന കവിതയാണ് കൊച്ചു കിളി
എന്ന ചെറിയ കവിത. വീണപൂവിനു തൊട്ടുപിറകേ, 1910-ലാണ് അതെഴുതിയത്.ഇവിടെ മരണം എന്ന വാക്ക് കവി പ്രത്യക്ഷത്തിൽ പ്രയോഗിക്കുന്നില്ല.എന്നാൽ സുഖം എന്ന വാക്കുണ്ട്. അതിനരികെ പ്രച്ഛന്നമായി മൃതിയും. ഈഴവക്കുട്ടികൾക്കു പഠിക്കാൻ ബോർഡിങ് സ്കൂളുകൾ തന്നെ വേണമെന്ന് വിവേകോദയത്തിലെഴുതിയിട്ട് അധികം വൈകാതെയാണ് സ്കൂളിങ്ങിനേ എതിരായ ഈ കവിത ആശാൻ രചിച്ചത്.കൊച്ചു കിളിയോട് കുട്ടി ചോദിക്കുന്നത്
അല്ലൽ നീയറികയില്ലയോ, നിന-
ക്കില്ലയോ പറകെഴുത്തുപള്ളിയും
എന്നാണ്. എഴുത്തുപള്ളിയാണ് ദുഃഖം. കിളിക്ക് ആ ദുഃഖമില്ല. എന്നു തന്നെയല്ല, സ്വതന്ത്രമായി ജീവിക്കുന്നതിന്റെ സുഖം അതനുഭവിക്കുന്നുണ്ടുതാനും.ഈ സന്ദർഭത്തിലാണ് ആശാൻ കവിതയിലെ മൃത്യുദർശനത്തിലേക്കു തുറക്കുന്ന താക്കോൽവരി പോലെ ഒരീരടി വരുന്നത്:
നീല വിൺ വഴി പറന്നെഴും സുഖം
ലോലമെയ്യിതിൽ നിനക്കൊതുങ്ങുമോ?
ലോലമെയ്യിതിൽ നിനക്കൊതുങ്ങുമോ?
നീലാകാശത്തൂടെ പറക്കുന്ന സുഖം നിന്റെ ഈ കുഞ്ഞുടലിൽ എങ്ങനെ ഒതുക്കാൻ നിനക്കു കഴിയുന്നു എന്ന് അത്ഭുതപ്പെടുകയാണ് കുട്ടി. ഒരു വിധം ലൗകിക സുഖങ്ങളെല്ലാം ശരീരത്തിൽ ഒതുങ്ങിക്കിട്ടും. ഉടലിൽ ഒതുക്കാവുന്ന തുച്ഛ സുഖങ്ങളുടെ പിറകേയാണ് മനുഷ്യർ പായുന്നതും. വെറും ജാലമാണ് ആ തുച്ഛ സുഖങ്ങൾ.എന്നാൽ നീലാകാശത്തിൽ പറക്കുന്ന സുഖം തുച്ഛമല്ല. സുഖാനുഭവത്തിന്റെ പരകോടിയാണത്. ഭാവത്തിൻ പര കോടിയിൽ സ്വയമഭാവത്തിൻ സ്വഭാവം വരാം.ആ സുഖ പാരമ്യം ശരീരം താങ്ങില്ല. ശരീരം ഒരു നിസ്സാര വസ്തുവായി ഉപേക്ഷിക്കപ്പെടുകയാണപ്പോൾ. അതാണു മരണം. ആ മൂർദ്ധന്യത്തിലാണ് നളിനിയുടേയും വാസവദത്തയുടേയും മരണം.
തന്നെ തുടക്കം തൊട്ടേ വിട്ടൊഴിയാതെ പിടികൂടിയിരുന്ന മരണഭയം കവിതകളിലൂടെ പരിഹരിക്കുകയായിരുന്നു കുമാരനാശാൻ.അപരിമിതമായ സുഖാനുഭൂതി ശരീരത്തിൽ ഒതുങ്ങാതെ വരുമ്പോൾ ശരീരം ഉപേക്ഷിക്കപ്പെടുന്നു. അത്രയേയുള്ളൂ.
No comments:
Post a Comment