1.ചെന്നായ് പൈതൃകം
നാരകമരങ്ങളുടെ ചോട്ടിൽ
എൻ്റെ മുതുമുത്തശ്ശൻ ഇലിയാ ലൂക്കാ മോറൻ
രണ്ടു ചെന്നായ്ക്കുഞ്ഞുങ്ങളെക്കണ്ടു.
തൻ്റെ കഴുതപ്പുറത്തു വെച്ച്
അദ്ദേഹമവയെ വീട്ടിൽ കൊണ്ടുവന്നു.
ആട്ടിൻ പാലു കൊടുത്തു വളർത്തി
ആട്ടിൻ കുഞ്ഞുങ്ങളോടൊപ്പം
കളിക്കാൻ പഠിപ്പിച്ചു.
വളർന്നു കരുത്തരായപ്പോൾ
മുതുമുത്തശ്ശനവയെ
അതേ നാരകച്ചോട്ടിൽ
തിരികെക്കൊണ്ടു വിട്ടു.
കുരിശു ചേർത്തുവെച്ചു ചുംബിച്ചു.
കുട്ടിക്കാലം മുതൽ
ഞാൻ കാത്തു നിൽക്കുകയാണ്
എൻ്റെ വർഷങ്ങൾ
മുതുമുത്തശ്ശനോടൊപ്പമെത്താൻ.
ആ ചെന്നായ് കുഞ്ഞുങ്ങളിൽ
ഏതായിരുന്നു ഞാൻ
എന്നു ചോദിക്കാൻ.
2. ചെന്നായ് കണ്ണുകൾ
മാമ്മോദീസക്കു മുമ്പ് അവരെനിക്കിട്ടത്
പെൺ ചെന്നായ മുലയൂട്ടി വളർത്തിയ
സഹോദരന്മാരിലൊരുവൻ്റെ പേരായിരുന്നു.
ജീവിതകാലം മുഴുവൻ മുത്തശ്ശി
തൻ്റെ പരുക്കൻ നാട്ടുമൊഴികൊണ്ടെന്നെ
വിളിക്കും.
ചെന്നായ്കുട്ടീന്ന്.
രഹസ്യമായി അവരെന്നെ
പച്ചയിറച്ചി തീറ്റിക്കുമായിരുന്നു.
ഞാൻ വിശ്വസിച്ചു,
ഇരുട്ടിൽ
എൻ്റെ കണ്ണുകൾ തിളങ്ങാൻ തുടങ്ങുമെന്ന്.
ശരിക്കുള്ള ഇരുട്ട്
വീഴാൻ തുടങ്ങിയിട്ടില്ലാത്തതിനാലാവാം
ഇനിയും തിളങ്ങിയിട്ടില്ല എൻ്റെ കണ്ണുകൾ.
3. കഴുത
ചിലപ്പോഴവൻ കാറിക്കരയും.
പൊടിയിൽ കിടന്നുറങ്ങും, ചിലപ്പോൾ.
അപ്പോൾ നിങ്ങളവനെ ശ്രദ്ധിക്കും.
അതല്ലെങ്കിൽ
നിങ്ങളവൻ്റെ ചെവി മാത്രം കാണും,
ഭൂമിയുടെ ശിരസ്സിനു മേലേ.
അവനവിടൊട്ടുണ്ടാകയുമില്ല.
4. ഒരു കഥയുടെ കഥ.
ഒരിക്കൽ ഒരിടത്ത് ഒരു കഥയുണ്ടായിരുന്നു.
അതിന്റെ ഒടുക്കം
തുടക്കത്തിനും മുമ്പേയായിരുന്നു.
തുടക്കമോ, ഒടുക്കത്തിനു ശേഷവും.
അതിലെ നായകന്മാർ
കഥയിൽ പ്രവേശിച്ചത്
സ്വന്തം മരണത്തിനു ശേഷം.
ജനിക്കും മുമ്പേ
നിഷ്ക്രമിക്കുകയും ചെയ്തു.
ചില ഭൂമികളെക്കുറിച്ചും
ചില സ്വർഗ്ഗങ്ങളെക്കുറിച്ചും
അവർ സംസാരിച്ചു.
എല്ലാത്തരം കാര്യങ്ങളും അവർ പറഞ്ഞു.
അവർ പറയാതിരുന്നത്,
ഒരു കഥയിലെ നായകന്മാർ മാത്രമാണെന്ന,
തങ്ങൾക്കറിഞ്ഞുകൂടാത്ത
ആ ഒറ്റക്കാര്യം മാത്രം.
ഒടുക്കം തുടക്കത്തിനും മുമ്പേ വരുന്ന
ഒരു കഥയിൽ.
തുടക്കം ഒടുക്കത്തിനു ശേഷം വരുന്ന
ഒരു കഥയിൽ.
No comments:
Post a Comment