1.
ആഘാതത്തിനു ശേഷം
രോഗിയായ പയ്യൻ
ഒരു കാഴ്ചയിൽ കുരുങ്ങി
കൊമ്പുപോലെ കനം വെച്ച നാക്കുമായി
ഇരിക്കുന്നു.
ചോളപ്പാടത്തിന്റെ ചിത്രത്തിനു
പുറം തിരിഞ്ഞാണവനിരിക്കുന്നത്.
അവന്റെ താടിയെയിലെ ബാൻഡേജ്
മൃതദേഹത്തിന്റെ കെട്ടിനെ ഓർമ്മിപ്പിക്കുന്നുണ്ട്.
മുങ്ങൽ വിദഗ്ദ്ധന്റേതുപോലുള്ള
കട്ടിക്കണ്ണടയാണവന്റേത്.
ഇരുട്ടത്തെ ടെലഫോൺ മണിയടി പോലെ
എല്ലാം തീവ്രം, മറുപടി രഹിതം.
എന്നാൽ അവന്റെ പിന്നിലെ ചിത്രം -
ധാന്യമണികളുടെ സുവർണ്ണക്കൊടുങ്കാറ്റാണെങ്കിലും
ശാന്തി പകരുന്ന പ്രകൃതി ദൃശ്യം.
ആകാശനീലക്കളകളും ഒഴുകുന്ന മേഘങ്ങളും.
മഞ്ഞത്തിരയുടെ താഴെ
ചില വെളുത്ത ഷർട്ടുകൾ കപ്പലോട്ടുന്നു: കൊയ്ത്തുകാർ.
അവർ നിഴലുകളൊന്നും വീഴ്ത്തുന്നില്ല.
പാടത്തിനക്കരെ ഒരാൾ
ഇങ്ങോട്ടു നോക്കി നിൽക്കുമ്പോലെ കാണപ്പെടുന്നു.
ഒരു പരന്ന തൊപ്പി
അയാളുടെ മഖം ഇരുണ്ടതാക്കുന്നു.
ഈ മുറിയിലെ ഇരുണ്ട രൂപത്തെ
സഹായിക്കാനെന്നോണം ഉറ്റുനോക്കുന്ന മട്ടിൽ
അയാൾ കാണപ്പെടുന്നു.
ചിത്രം പതിയെപ്പതിയെ വലിപ്പം വെച്ചു പടർന്ന്
ആധികൊണ്ടിരിക്കുന്ന രോഗിയുടെ പിന്നിലേക്കു
തുറക്കുന്നു
ചിത്രം തിളങ്ങിപ്പൊരിഞ്ഞ് തുടിച്ചു മറിയുന്നു
ഓരോ ധാന്യമണിയും
അവനെ ഉണർത്താൻ ആളിക്കത്തുന്നു.
പാടത്തു നിൽക്കുന്ന മനുഷ്യൻ ഒരാംഗ്യം കാണിക്കുന്നു.
അയാളിതാ അടുത്തെത്തി.
ആരും ശ്രദ്ധിക്കുന്നില്ല.
2.
ഉൾമഴകൾ
മഴ കാറിനു മുകളിൽ മേടുന്നു.
ഇടി മുരളുന്നു. വാഹനത്തിരക്കു കുറയുന്നു.
വേനൽ ദിനത്തിനു നടുവിൽ കാറിന്റെ
മുഖവിളക്കുകൾ തെളിയുന്നു.
ചിമ്മിനിപ്പുക താഴ്ന്നടിയുന്നു.
ജീവനുള്ളതെല്ലാം കൂനിക്കൂടി കണ്ണടച്ചു.
ഉള്ളിലേക്കൊരനക്കം,
ജീവിതം കരുത്തുറ്റതായ് തോന്നുന്നു.
കാറിപ്പോളൊരന്ധൻ.
ജനൽച്ചില്ലിൽ വെള്ളം പരന്നൊലിക്കുമ്പോൾ
അയാൾ ലൈറ്റണച്ച്
സിഗററ്റ് കത്തിച്ചു പുകച്ചു.
ഇവിടെ ഒരു കാട്ടുപാതയിൽ എങ്ങോട്ടെന്നില്ലാതെ
ഒരു തടാകത്തിനും ആമ്പൽപ്പൂക്കൾക്കുമരികെ.
മഴയിൽ മാഞ്ഞു പോകുന്ന
നീണ്ട മലനിരക്കുമരികെ.
ഉയരെ കൽക്കൂനകൾ
ഇരുമ്പു യുഗത്തിൽ നിന്നുള്ളവ.
ഇവിടം ഗോത്ര യുദ്ധങ്ങളുടെ
ശീത വന്യതയിലമർന്ന കാലത്തേത്.
മലമുടിയിൽ
കല്ലുകൾക്കും കുറ്റിക്കാടുകൾക്കും പിന്നിൽ
ചുമരുകൾക്കു പിന്നിൽ
മുരളുന്ന സുരക്ഷാത്താവളത്തിലേക്ക്
ഒരപായത്തെത്തുടർന്ന് ഒന്നിച്ചെത്തിയ
മൃഗങ്ങളും മനുഷ്യരും.
ഇരുണ്ട ചെരിവ്, മുതുകത്ത് കവചവുമായി
ആരോ കേറി വരുന്നുണ്ട്.
- കാറങ്ങനെ നിൽക്കുമ്പോൾ
അയാളിങ്ങനെ സങ്കല്പിച്ചു.
വെളിച്ചം തെളിഞ്ഞു തുടങ്ങി.
അയാൾ ജനൽച്ചില്ലുകൾ താഴ്ത്തി.
നേർത്തു നിശ്ശബ്ദമായ മഴയിൽ
ഒരു കിളി തനിക്കായ് പാടിപ്പാറിപ്പോയി.
മൂടിക്കെട്ടിയ തടാകം.
ഇടിമാനം ആമ്പൽപ്പൂക്കളിലൂടെ
ചെളിയോടു മന്ത്രിക്കുന്നു.
കാടിന്റെ ജാലകങ്ങൾ മെല്ലെ തുറക്കുന്നു.
എന്നാൽ സ്തബ്ധത പിളർന്ന് ഇടിവെട്ടുന്നു.
ചെകിടടപ്പിക്കുന്ന കൊട്ട്.
തുടർന്ന് ഒടുവിലെത്തുള്ളികൾ വീഴുന്ന
ഒഴിഞ്ഞൊരിടം.
ആ നിശ്ശബ്ദതയിൽ അയാൾ കേട്ടു,
ഒരു മറുപടി ഉയരുന്നത്.
ദൂരെ നിന്ന്.
ഒരു കുട്ടിയുടെ പരുത്ത ശബ്ദത്തിൽ.
അതുയരുന്നു - മലയിൽ നിന്നൊരലർച്ച.
സ്വരവീചികൾ കൂടിപ്പിണഞ്ഞൊരലർച്ച.
ഇരുമ്പു യുഗത്തിൽ നിന്നു മുഴങ്ങുന്ന
നീണ്ടുപരുത്ത കാഹളം.
ഒരു പക്ഷേ, അയാൾക്കുള്ളിൽ നിന്ന്.
3
പാതകൾ
പുലർച്ചെ രണ്ട്, നിലാവ്, തുറസ്സിൻ
നടുക്കു നില്പായ് തീവണ്ടി
തണുത്തു മിന്നിത്തെളിവൂ ദൂരെ
നഗരവിളക്കിൻ ബിന്ദുക്കൾ.
കിനാവിനുള്ളിൽ പൂണ്ടേ പോയി -
ത്തിരിച്ചു മുറിയിലണഞ്ഞപ്പോൾ
അതുവരെയും താനെങ്ങെന്നൊരുവനൊ-
രോർമ്മയുമില്ലാത്തതുപോലെ.
അടിവാനത്തിനു നേർക്കു തണുത്തു
മയങ്ങി മിനുങ്ങും പൊട്ടുകളായ്
തൻ നാളുകളിമ ചിമ്മുമ്മാറൊരു
രോഗത്തിലൊരാളാണ്ടതുപോൽ.
അനക്കമറ്റു കിടപ്പൂ വണ്ടി
പുലർച്ചെ രണ്ട്, നിലാത്തിളക്കം
കുറച്ചു മാത്രം നക്ഷത്രം.
4
ശീതകാല സമവാക്യങ്ങൾ (നാലു ഖണ്ഡങ്ങൾ)
1
ഞാനെൻ്റെ കിടക്കയിൽ കിടന്നുറങ്ങി.
കപ്പലിന്നടിയിൽ ഉണർന്നു.
പുലർച്ചെ നാലുമണിക്ക്
ജീവിതത്തിൻ്റെ ചികഞ്ഞെടുത്ത എല്ലുകൾ
തണുത്തൊട്ടിയിരിക്കുമ്പോൾ.
തൂക്കണാം കുരുവികൾക്കിടയിൽ
ഞാൻ വീണുറങ്ങി.
കഴുകന്മാർക്കിടയിൽ ഉണർന്നെണീറ്റു.
2
തെരുവുവിളക്കിൻ്റെ വെളിച്ചത്തിൽ
റോട്ടിലെ മഞ്ഞ്
പന്നിക്കൊഴുപ്പു പോലെ മിനുങ്ങുന്നു.
ആഫ്രിക്കയല്ലിത്
യൂറോപ്പുമല്ലിത്
'ഇവിടെ' എന്നല്ലാതെ എവിടെയുമല്ലിത്.
'ഞാൻ' ആയിരുന്നത്
ഡിസംബർ ഇരുട്ടിൻ്റെ വായിലെ
ഒരു വാക്കു മാത്രമാകുന്നു.
3
ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പവലിയനുകൾ
ഇരുട്ടിൽ തെളിഞ്ഞ്
ടീവീ സ്ക്രീനുകൾ പോലെ തിളങ്ങുന്നു.
മറച്ചു വെച്ചൊരു ട്യൂണിങ് ഫോർക്ക്
കൊടും തണുപ്പിൽ
അതിൻ്റെ നാദം വിട്ടു കൊണ്ടിരുന്നു.
നക്ഷത്രം നിറഞ്ഞ ആകാശത്തിനു ചോട്ടിൽ
ഞാൻ നിന്നു.
ലോകം എൻ്റെ കോട്ടിനുള്ളിലേക്കും പുറത്തേക്കും
ഒരുറുമ്പിൻ കൂട്ടിലേക്കെന്ന പോലെ
അരിക്കുന്നതനുഭവിച്ചുകൊണ്ട്.
4
മൂന്നിരുണ്ട ഓക്കുമരങ്ങൾ, മഞ്ഞിൽ.
വളരെ വലുത്. എന്നാൽ കുറിയ വിരലുകളുള്ളത്.
അവയുടെ ഭീമാകാരമായ കുപ്പിക്കുള്ളിൽ നിന്ന്
വസന്തത്തിൽ പച്ചപ്പ്
കുമിളകളായി നുരഞ്ഞു പൊന്തും.
5.
നിശാഗീതം
രാത്രി ഒരു ഗ്രാമത്തിലൂടെ
ഞാൻ വണ്ടിയോടിക്കുന്നു.
മുഖവിളക്കിൻ്റെ പ്രഭയിൽ
വീടുകൾ എഴുന്നു നിൽക്കുന്നു.
വെള്ളത്തിനു ദാഹിച്ച് അവയുണരുന്നു.
വീടുകൾ, കളപ്പുരകൾ, റോഡടയാളങ്ങൾ,
നിർത്തിയിട്ട വാഹനങ്ങൾ.
അവയിപ്പോൾ ജീവിതം കൊണ്ടു സ്വയം പുതപ്പിക്കുന്നു.
- ആളുകൾ ഉറങ്ങുന്നു.
ചിലർക്കു ശാന്തമായുറങ്ങാനാവും.
ചിലർ അസ്വസ്ഥരായി തിരിഞ്ഞും മറിഞ്ഞും.
- അനശ്വരതക്കായുള്ള കടുത്ത പരിശീലനം പോലെ.
ഗാഢനിദ്രയാണെങ്കിലും
എല്ലാത്തിനേയും കടത്തിവിടാൻ അവർ ധൈര്യപ്പെടുന്നില്ല.
നിഗൂഢ രഹസ്യം കടന്നു പോകുമ്പോൾ
കുറുക്കനെ താഴ്ത്തിവെച്ച തടപോലെ
അവർ വിശ്രമിക്കുന്നു.
ഗ്രാമത്തിനു വെളിയേ റോഡ്
കാട്ടുമരങ്ങൾക്കിടയിലൂടെ ദൂരേക്കു പോകുന്നു.
മരങ്ങൾ..... അവ പരസ്പര ധാരണയോടെ
നിശ്ശബ്ദത പാലിക്കുന്നു.
ഒരു നാടകീയ വർണ്ണശോഭയുണ്ടവയ്ക്ക്,
തീവെളിച്ചം പോലെ.
ഓരോ ഇലയും എത്ര വ്യക്തം! അവ എൻ്റെ കൂടെ
നേരേ വീട്ടിലേക്കു പോരുന്നു.
ഞാനുറങ്ങാൻ കിടക്കുന്നു.
എന്തൊക്കെയോ വല്ലാത്ത ചിത്രങ്ങൾ കാണുന്നു.
എൻ്റെ കൺപോളകൾക്കു പിന്നിൽ
ഇരുട്ടിൻ്റെ ചുമരിന്മേൽ
എന്തെല്ലാമോ ചിഹ്നങ്ങൾ
സ്വയം കുത്തിക്കോറിവരഞ്ഞു പോകുന്നു.
ഉണർവിനും സ്വപ്നത്തിനുമിടയിലെ പിളർപ്പിലേക്ക്
ഒരു വലിയ അക്ഷരം
തന്നത്താൻ തള്ളാൻ
പാഴ്ശ്രമം നടത്തുന്നു.
6.
മരവും മാനവും
മഴയിലൂടെ നടന്നു പോകും മരമൊന്നുണ്ടതു നമ്മെ
നരപടർന്നൊരു പെയ്ത്തിലുടെപ്പിന്നിടുന്നുണ്ട്.
വെറുതെയല്ലീ യാത്ര, മഴയിൽ നിന്നുമമൃതം നുകർന്നീടാൻ
ഒരു പഴത്തോട്ടത്തിൽ നിന്നു കരിങ്കിളി പോലെ.
മഴ നിലയ്ക്കേ നിൽക്കയായീ മരവുമിവിടെത്തന്നെ
തെളിഞ്ഞ രാവുകളിൽ പ്രശാന്തം നമ്മളെപ്പോൽ തന്നെ.
ദൂരവാനിൻ ശൂന്യതയിൽ മഞ്ഞു പൂത്തീടുമ്പോ-
ളാ നിമിഷത്തിനായതു കാത്തു കാത്തേ നില്പൂ.
No comments:
Post a Comment