Sunday, May 10, 2020

കവിതകൾ - റാണി തിലക് (തമിഴ്, പരിഭാഷ)

Stone Painting for Beginners (Getting Started Guide) | Empress of Dirt



1.
ഒരു കുതിര ഒരു കുതിര ഒരു കുതിര
ஒரு குதிரை ஒரு குதிரை ஒரு குதிரை


അടുത്ത കാലത്തായ് ഒന്നും
         എഴുതാനാവുന്നില്ല
         വായിക്കാനാവുന്നില്ല
         പറയാനാവുന്നില്ല.
എന്റെ വീട്ടുപടിയിലിരുന്ന്
വെറുതേ നോക്കിക്കൊണ്ടിരിക്കുമ്പോൾ, വഴിയിൽ
                     ഒരു
കുതിര
                     ഒരു
കുതിര
                     ഒരു
കുതിരയായിപ്പിന്തുടർന്നുകൊണ്ടിരിക്കുന്നു.
അവ വഴിയിലൂടെ തിരിച്ച്
വേറെ വഴിയിലേക്കു തിരിഞ്ഞ്
അവയുടെ ആറു കണ്ണുകൾ കൊണ്ടെന്നെ നോക്കുമ്പോൾ
നിശ്ചയം ഞാൻ എഴുതും ഞാൻ വായിക്കും ഞാൻ പറയും.



2
ജന്മ വിമോചനം
ஜென்ம விமோசனம்


കുഞ്ഞുകുഞ്ഞു കുറ്റങ്ങൾ
ചെയ്യും ഞാൻ
കുഞ്ഞുകുഞ്ഞു പൂക്കളായ്
പിറക്കും ഞാൻ.



3.
കരാ- ത്തേ
கரா- தே


എന്റെ കൈകളിലൊന്നുമില്ല.
കറുത്ത മേഘങ്ങളെ നോക്കി
വെറുതെ വീശുന്നു.
മരങ്ങളെ നോക്കി കൈകളാൽ വെട്ടുന്നു
നിലത്തെയും വെറുതെ വിടുകില്ലെന്റെ കൈകൾ
അവിടേക്കു വന്നു ചേരുന്നു
ചില പല മഴത്തുള്ളികൾ
പല ചില വെള്ളപ്പൂവുകൾ
ചെറിയൊരു നീരുറവു പൊട്ടുന്നു.
എന്റെ കൈകൾ
മുന്നേക്കാളേറെ മൃദുവായിരിക്കുന്നു.



4.
ചായ മണം
தேநீரின் மணம்


കഴുത്തിന്റെ പിൻഭാഗം പതിവുപോലെ വിയർക്കാൻ തുടങ്ങി. ഇത് എത്രാമതു കെട്ടിടമെന്നോ, എത്രാമതു പടിക്കെട്ടെന്നോ അറിയില്ല. ഒരു പക്ഷേ, പതിനെട്ട്. അല്ലെങ്കിൽ പത്തൊമ്പതാമതു പടിക്കെട്ടോ കെട്ടിടമാ ആയിരിക്കാം. ഇത്തവണയും ഇന്റർവ്യൂവിൽ തോൽവി തന്നെ.എന്നാൽ ഈ അവസ്ഥയിൽ നിന്നു തെല്ലെങ്കിലും മാറുന്ന മനോനില ഞാൻ ആഗ്രഹിക്കുന്നില്ല. പുറത്തു വന്ന് കെട്ടിടത്തെ ആകെയൊന്നു നോക്കി. എന്തുമാത്രം വലിയ തോൽവി തരുന്ന ഈ കെട്ടിടം ഇനിയും വളർന്നു കൊണ്ടേയിരിക്കുന്നു. അതിന്റെ ഗംഭീരമായ ഇരുമ്പു വാതിലിനരുകിലെ തട്ടുകടയിൽ നിന്ന് ഒരു ചായ വാങ്ങി ഞാൻ കുടിച്ചു. തോൽവിയിലാണ്ട മനസ്സോടെ ആ ചായ കുടിക്കുമ്പോൾ ചായയുടെ ആത്മാർത്ഥമായ ചുവ, ചൂട്, അറിയാനാവുന്നു. ചായയുടെ ചൂടിൽ ആ കെട്ടിടം മെല്ലെ കുലുങ്ങാൻ തുടങ്ങുന്നു.



5.
തല തുവർത്തൽ
தலைத் துவட்டுதல்


കാട്ടുവഴിയിലൂടെ
ഞാൻ മടങ്ങിപ്പോവുകയായിരുന്നു.
മഴ ചാറിത്തുടങ്ങി.
തല മുഴുവൻ
ചെറുമഴത്തുള്ളികൾ പതിഞ്ഞു.
അരികെ
വലിയ ആൽമരം.
അതിനടിയിലൊതുങ്ങി നിന്നു.
അപ്പോഴറിഞ്ഞു,
ആ ആൽമരവും
ഒരു വലിയ കരിമേഘത്തിനടിയിൽ
ഒതുങ്ങിയിരിക്കുന്നെന്ന്.
അപ്പോഴേ അറിഞ്ഞു,
എന്റെ വലതുകാൽ തള്ളവിരലിനടിയിൽ
ചെറിയൊരു കട്ടുറുമ്പും
ഒതുങ്ങിയിരിക്കുന്നു എന്ന്.
എറുമ്പിനെ നോക്കിക്കൊണ്ട് ഞാൻ
തല തുവർത്തിക്കൊണ്ടിരുന്നു.
എറുമ്പിന്റെ തലയും
നനഞ്ഞിരിക്കുന്നു പോലും.
എറുമ്പേ എറുമ്പേ
നിന്റെ തലയും തോർത്തണ്ടേ
എന്നു
കുനിഞ്ഞ്
ചോദിക്കുന്ന -
തെത്ര വിഡ്ഢിത്തം
എത്ര സന്തോഷം.



6.
വേനൽ വരികൾ
வேனல் வரிகள்


ഒരേയൊരു നീണ്ട വരി എഴുതിത്തീർക്കുന്നു വേനൽ.
ചൂട് അതിലൊരു വാക്ക്, വിയർപ്പുതുള്ളി മറ്റൊരു വാക്ക്,
കാറ്റില്ലായ്മ മറ്റൊന്ന്, ഇഴയും പാമ്പ് വേറൊന്ന്
വായിക്കുന്നു നാം ഈ വരി, വാക്കുകൾ, രാപ്പകൽ നീളെ.
ഇരവിൽ ഉഷ്ണത്തോടെ നാം ഉറങ്ങുമ്പോൾ
നമ്മുടെയുടലൊരു വേനൽ വരി.



7.
വെള്ളാരങ്കല്ല്
கூழாங்கல்


കടൽക്കരെ നിന്നും പുഴമണൽത്തിട്ടിൽ നിന്നും
വെള്ളാരങ്കല്ലു കിട്ടുന്നു.
കുടമുരുട്ടി ആറ്റിൽ നിന്നും ഞാൻ കൊണ്ടുവന്ന
ഈ വെള്ളാരങ്കല്ല്
അതിസാധാരണം, വഴുവഴുപ്പു കുറഞ്ഞത്, എന്നാലും
ആറ്റുമണലോടൊപ്പം പെട്ടിയിലാക്കി എടുത്തു വെച്ചിട്ടുണ്ട്.
എപ്പോഴെങ്കിലും ഈ പെട്ടി തുറന്ന്
ഇത്
അപൂർവം
എന്ന്
കാലം പോകെ ആരെങ്കിലും പറയുമൊരു
വാക്കിനു വേണ്ടി.



8.
സ്വപ്നം
கனவு


ഇന്നു പുലർച്ചെ ഒരു സ്വപ്നം.
മേഘങ്ങളുരുകി
മഴ പെയ്ത്
മലയെത്തഴുകി
അരുവിയായിപ്പെരുകി
ആറായൊഴുകുന്ന
കുടമുരുട്ടിയാറ്റിൻകരയിൽ
നിൽക്കുമ്പോൾ
വെള്ളമെൻ കാലുകൾ നനയ്ക്കുന്നു.
കണ്ണു തുറന്നു.
അന്നു മുഴുവനും
ഏവരും കൊതിക്കും
വെള്ളത്തുള്ളിയായ് ഞാൻ.



9. 
കെടാവിളക്ക്
அணையா விளக்கு


രാത്രി. നീണ്ട പാതയിൽ ഇരു വശങ്ങളിലും വൈദ്യുത വിളക്കുകൾ പല്ലിൻ നിരപോലെ ഒരുമിച്ചെരിഞ്ഞു കൊണ്ടിരിക്കുന്നു. അതിലൊന്ന് കത്തുന്നില്ല. അവൻ അതിനരികിൽ ഏറെ നേരമായ് നിൽക്കുന്നു.



10.
ഗ്രാമത്താൻമാർ, നഗരത്താൻമാർ
கிராமத்தான்மார், நகரத்தான்மார்


ആ ഗ്രാമത്തിൽ
ആ ഗ്രാമത്താൻമാർ
മാനത്തു സൂക്ഷിച്ചു നോക്കി.
സന്തോഷിച്ച്
മേഘങ്ങൾ
വെളുത്തവിടെ നിന്നു.
ആ നഗരത്തിൽ
ആ നഗരത്താൻമാർ
മാനത്തു സൂക്ഷിച്ചു നോക്കിയില്ല.
മേഘങ്ങൾ
ദു:ഖത്തോടെ
അവിടുന്നു വേഗം നീങ്ങാൻ തുടങ്ങി.



11.
ഒരു നായയും ഒരു ഫക്കീറും
ஒரு நாயும் ஒரு பக்கிரியும்


ഒരു നായും
ഒരു ഫക്കീറും
കുടമുരുട്ടിയാറ്റിൽ.
അന്നേരം വെള്ളമില്ല.
പൊള്ളുന്ന മണലിലൂടെ
ഒഴുകിക്കൊണ്ടിരുന്നു കാനൽജലം.
കുടിക്കാൻ
അതവർക്കു മതിയാകുംപോലിരുന്നു.
മുങ്ങാൻ
അതവർക്കു മതിയാകുംപോലൊലിച്ചു.
കാനൽജലത്തിനും
ഒരു നായയും ഒരു ഫക്കീറും
മതിയാകും.



12.
വലുത്
பெரிது


ഈ നഗരം തീരെച്ചെറിയത്. അതിനേക്കാൾ ചെറിയത്
എന്റെ തെരുവ്. അതിനേക്കാൾ ചെറിയത് എന്റെ വീട്.
കുഞ്ഞിക്കുഞ്ഞി മുറ്റത്ത്
ഞാൻ വെച്ച കുഞ്ഞിക്കുഞ്ഞിപ്പാത്രത്തിൽ വെളളം ചൂടാവുന്നു വെയിൽ താങ്ങാതെ. പറന്ന്, ഒതുങ്ങി, ഊർന്ന്, നടന്നു വന്ന
ചില കുരുവികൾ, ചില അണ്ണാന്മാർ, കുറച്ചു കാക്കകൾ
തങ്ങളുടെ വായ നനച്ചു നനച്ചു കുടിക്കുന്നു. വായകൾ വളരെ വളരെ, പാത്രം വളരെ വളരെ,
തെരുവു വളരുന്നു, നഗരം വളരുന്നു.
എങ്ങും ഒരേ തിരക്ക്.ഒരേ ശബ്ദം.
ആനകൾ പിന്തുടരേ, മുയലുകളും സിംഹങ്ങളും കരടികളും
പാത്രം നോക്കി വന്നു കൊണ്ടിരിക്കുന്നു.
എന്റെ പാത്രം ഈ ഭൂമിയേക്കാൾ വലുത്. തിരുനാവിനു നുകരാനുള്ള
തിരുനീർത്തുള്ളി
പോലെ.



13.
 മേഘം, അവൻ
மேகம்,அவன்


അവൻ നടന്നു കൊണ്ടിരുന്നു. നട്ടുച്ചയായതിനാൽ തെരുവിലാരുമില്ല. കടകൾ ഉറക്കത്തിലാണ്ടിരുന്നു. നല്ല വെയിലായിരുന്നു. തെരുവിൽ ആ പ്രാന്തൻ അങ്ങുമിങ്ങുമായി ഊഞ്ഞാലാടിക്കൊണ്ടിരുന്നു.മാനത്തൊരു മേഘം ആ പ്രാന്തന്റെ തലയ്ക്കു മേലേ അങ്ങുമിങ്ങുമായി, അവനു നിഴലേകി നീങ്ങിക്കൊണ്ടിരുന്നു.



14.
ശാപമെവിടെ?
சாபம் எங்கே?


തിരുക്കണ്ടിയൂർ
ശാപവിമോചനപ്പെരുമാൾ എവിടെ?
മണ്ഡപത്തൂണുകളെവിടെ?
മേൽത്തട്ടിലുണ്ടായിരുന്ന കൽച്ചങ്ങലകളെവിടെ?
അവ തകർന്നു പാറിയ ശബ്ദങ്ങളെവിടെ?
അതു താങ്ങിപ്പിടിച്ച കിളികളെവിടെ?
**
(അതാ
രണ്ടു
കൽക്കിളികൾ
മേഘങ്ങൾക്കു പിന്നിൽ
മറഞ്ഞ്
സംസാരിച്ചുകൊണ്ട്
ആ രംഗത്തേക്ക്)



15.
വേനൽത്തുളളികൾ
வேனல் துளிகள்


കാതം കാതം കാതം കാതം ദൂരെ ഒരു നായ
ദാഹിച്ചു വലയുന്നു. അതിന്റെ നാവു വരണ്ടു
തളർന്നു തൂങ്ങുന്നു. ഏറെയേറെ -
ക്കാതം കാതം കാതം കാതം ദൂരത്തെൻ കൈകൾ
എന്നരികിലലഞ്ഞു തിരിയുന്ന ചെറിയൊരോടയിലിളകിയൊഴുകുന്ന വെള്ളമെടുത്തു വീശുന്നു.
കാതം കാതം കാതം അകലെയുള്ള നാവു നോക്കി -
ച്ചെന്നു കൊണ്ടിരിക്കുന്നു വേനൽനീർച്ചാലിന്റെ
കുഞ്ഞുകുഞ്ഞുകുഞ്ഞു തുള്ളികൾ
തുള്ളി തുള്ളിയായി.


16
തേടൽ

അവൻ
തൻ്റെ വെറുപ്പു പോക്കുന്നതെങ്ങനെ
എന്നറിയില്ല.
കൈയ്യിൽ കിട്ടിയ ചെടിയുടെ
ഇല നുള്ളി
തുണ്ടു തുണ്ടായെറിഞ്ഞു.
മുറിഞ്ഞ ഭാഗങ്ങൾ
എങ്ങനെ പൊരുത്തപ്പെടുത്താം
എന്നാ ഇലക്കറിയില്ല.
അതിൻ്റെ നിഴലുകൾ മാത്രം
തറയിൽ ഇലതേടിയലയുന്നു.



17
ഇട, ഇടം


ഒരു ചില്ലുടംബ്ലർ.
അതിന്
ഒരു മണിക്കൂർ ഇടവിട്ട്
ഒരു കടലാസ്.
ടംബ്ലർ കമിഴ്ന്നുകൊണ്ടിരിക്കുന്നു.
കടലാസ്
അത്ര ദൂരെ
നനഞ്ഞുകൊണ്ടിരിക്കുന്നു.


18.കടൽ കന്യക

തിരകൾക്കടുത്താണവൻ നിന്നിരുന്നത്.
ഒരു തുള്ളി ചിതറി
അവൻ്റെ കാലരികിൽ വന്നു വീണു.
നീർത്തുള്ളിയെ ആഴത്തിൽ നോക്കി.
അതിൽ
ചില ചിപ്പികൾ
ചില കക്കകൾ
അലഞ്ഞു കൊണ്ടിരുന്നു.
അവയ്ക്കപ്പുറം
ഏറെ ദൂരെ
ഒരു കടൽക്കന്യക
അവനെ
വാ, വാ എന്നു വിളിക്കുന്നു.
അവൾ വിളിക്കുന്ന ശബ്ദം
അവൻ്റെ കാതിൽ
ശബ്ദമില്ലാതെ വീഴുന്നു.


No comments:

Post a Comment