Wednesday, May 13, 2020

വെൽഷ് എൻഗ്ലിനുകൾ (പരിഭാഷ, വെയിൽസ്)




Wales profile - Overview - BBC News



പല ദേശങ്ങളിലും ഭാഷകളിലും തനതു മുദ്രയുള്ള, സങ്കേത ബദ്ധമായ നിയതമായ വൃത്തവ്യവസ്ഥയുള്ള, പരമ്പരാഗത കാവ്യരൂപങ്ങൾ നിലവിലുണ്ട്.ഇവയിൽ ലഘുകാവ്യരൂപങ്ങളും ദീർഘകാവ്യ രൂപങ്ങളുമുണ്ട്. ജാപനീസ് ഹൈക്കു, ഗ്രീക്ക് എപ്പിഗ്രാം എന്നിവ പ്രസിദ്ധമായ ലഘു കാവ്യരൂപങ്ങളാണ്. നമ്മുടെ മുക്തകങ്ങളേയും ഇക്കൂട്ടത്തിൽ പെടുത്താം.
ഈ വിഭാഗത്തിൽ അത്ര പ്രശസ്തമല്ലാത്ത ഒരു ലഘു കാവ്യ മാതൃകയെക്കുറിച്ചാണ് ഈ കുറിപ്പ്.

യുണൈറ്റഡ് കിങ്ഡമിന്റെ ഭാഗമായ (ഇംഗ്ലണ്ട് പ്രവിശ്യയുടെ പടിഞ്ഞാറ് കിടക്കുന്ന) വെയ്ൽസിലെ ഭാഷയാണ് വെൽഷ്. ഏ.ഡി.ആറാം നൂറ്റാണ്ടിൽ തുടങ്ങുന്ന സമ്പന്നമായ കാവ്യപാരമ്പര്യം വെൽഷിനുണ്ട്.
ഗാനാത്മകമാണ് പരമ്പരാഗത വെൽഷ് കവിത. നാടോടിപ്പാട്ടുകളുടെ സംസ്കാരം അതിന്നു പശ്ചാത്തലമായുണ്ട്. വെൽഷിലെ പരമ്പരാഗത ലഘുകാവ്യരൂപമാണ് എൻഗ്ലിൻ.നിയത വൃത്തവ്യവസ്ഥയുള്ള നാലുവരികളടങ്ങുന്നതാണ് ഒരു എൻഗ്ലിൻ. അക്ഷര ക്ലിപ്തതയുണ്ട്.ഗാനാത്മകവുമാണത്.

ഇന്നും വെൽഷ് കവികൾ ഈ കാവ്യരൂപം പ്രയോഗിച്ചു വരുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടൊടുവോടു കൂടി വെൽഷ് ഭാഷയുടെയും ദേശീയതയുടെയും സാംസ്കാരിക പാരമ്പര്യത്തിന്റേയും പ്രതിരോധത്തിന്റെ കൂടി ഭാഗമായി പുതു കവികൾ തനതു വൃത്തങ്ങളും കാവ്യരൂപങ്ങളും ധാരാളമായി എടുത്തുപയോഗിച്ചു വരുന്നു.

ഏതാനും ചില എൻഗ്ലിനുകളുടെ മലയാള പരിഭാഷ ചുവടെ കൊടുക്കുന്നു.

ടി.ആർഫോൻസ് വില്യംസിന്റെ (1935-1998)എൻഗ്ലിനുകൾ

1
കല്ലുവെട്ടാങ്കുഴി

ഒരു കല്ലുപുസ്തകം ഞാൻ തുറന്നൂ, പക്ഷെ-
യൊരു ഭൂമിശാസ്ത്രജ്ഞനേ കഴിയൂ
വായിച്ചഴിച്ചെടുക്കാനത്, വാക്യങ്ങ-
ളോരോന്നിലും മണ്ണിഴുകുകയാൽ.


2
നുര

കടലൊത്തു കൊടുങ്കാറ്റു കളിയാടിത്തിമിർക്കുമ്പോൾ
കടൽക്കാക്കകളായ് വീണ്ടും പിറക്കാനായി
അഗാധതക്കുള്ളിൽ നിന്നുമതിപ്രാചീനരായുള്ള
വിചിത്ര ജന്തുക്കൾ മേലേക്കണഞ്ഞിടുന്നു.


3
മെയ്

മെയ്മാസകന്യ മാനുഷ്യകത്തിൻ
പാത്രത്തിലിഷ്ടംപോൽ പാൽ നിറയ്ക്കേ
ഇത്തിരിപ്പിൻ വാങ്ങി നിൽക്കുകയാ-
ണക്കാരണത്തിനാൽ നശ്വരത.


4
വയസ്സാങ്കാലം
ജോൺ മോറിസ് ജോൺ

വരില്ലൊറ്റക്കൊരിക്കലും വയസ്സാങ്കാലം, തൻ കൂടെ -
ക്കരുതും നെടുവീർപ്പുകൾ, ആവലാതികൾ
ഇപ്പോളിതാ നീണ്ടു നീണ്ടോരുറക്കമില്ലായ്മ, പിന്നെ -
യിപ്പോഴിതാ ദീർഘമായ പാതി മയക്കം.

No comments:

Post a Comment