1
കുടുംബപരം
അമ്മ തുന്നുന്നു
മകൻ യുദ്ധം ചെയ്യുന്നു
ഇതുതീർത്തും സ്വാഭാവികമെന്ന്
അമ്മ കണ്ടെത്തുന്നു.
പിന്നച്ഛൻ അയാളെന്തെടുക്കുന്നു അച്ഛൻ?
അയാൾ ബിസിനസ് ചെയ്യുന്നു
ഭാര്യ തുന്നുന്നു
മകൻ യുദ്ധം
അയാൾ ബിസിനസ്
ഇതു തീർത്തും സ്വാഭാവികമെന്ന്
അയാൾ കണ്ടെത്തുന്നു അച്ഛൻ
പിന്നെ മകൻ പിന്നെ മകൻ
മകനെന്താണു കണ്ടെത്തുന്നത് മകൻ?
മകൻ അയാളൊന്നും കണ്ടെത്തുന്നില്ല.
അയാളുടമ്മ തുന്നുന്നു. അയാളുടച്ഛൻ ബിസിനസ്
അയാൾ യുദ്ധം.
അയാൾ യുദ്ധം കഴിഞ്ഞു വന്നാൽ
അച്ഛൻ്റെ കൂടെ ബിസിനസ്സു ചെയ്യും.
യുദ്ധം തുടരുന്നു അമ്മ തുടരുന്നു അവർ തുന്നുന്നു
അച്ഛൻ തുടരുന്നു അയാൾ ബിസിനസ് ചെയ്യുന്നു
മകൻ കൊല്ലപ്പെടുന്നു അയാൾ തുടരുന്നില്ല
അച്ഛനുമമ്മയും ശ്മശാനത്തിൽ പോകുന്നു.
ഇതുതീർത്തും സ്വാഭാവികമെന്നവർ കണ്ടെത്തുന്നു
ജീവിതം തുടരുന്നു ജീവിതം തുന്നൽ യുദ്ധം
ബിസിനസ് സഹിതം
ബിസിനസ് യുദ്ധം തുന്നൽ യുദ്ധം
ബിസിനസ് ബിസിനസ് ബിസിനസ്
ജീവിതം ശ്മശാന സഹിതം.
2.
പ്രാതൽ
കാപ്പിയിട്ടു
കപ്പിലയാൾ
പാലൊഴിച്ചു
കാപ്പിക്കപ്പിൽ
പഞ്ചാരയിട്ടു
കാപ്പിയിൽ
സ്പൂണിട്ടിളക്കി
കാപ്പി കുടിച്ചു.
എന്നോടൊന്നും മിണ്ടാതെ
അയാൾ കൊളുത്തി
സിഗററ്റ്
പുകവലയങ്ങൾ വിട്ടു.
ചാരം തട്ടി
ആഷ്ട്രേയിൽ
എന്നോടൊരു വാക്കു
മിണ്ടാതെ
എന്നോടൊരു വാക്കു മിണ്ടാതെ
അയാളെണീറ്റു
തൊപ്പി വെച്ചു
മഴക്കോട്ടിട്ടു
കാരണം അപ്പോൾ
മഴയായിരുന്നു
അയാളിറങ്ങിപ്പോയീ
മഴയിൽ
എന്നോടൊരു വാക്കു
മിണ്ടാതെ
എന്നെയൊന്നു
നോക്കാതെ
പിന്നെ ഞാനെൻ്റെ
തലയെടുത്തു
കയ്യിൽ പിടിച്ചു.
എന്നിട്ടുറക്കെ
നിലവിളിച്ചു.
3.
ശരത്കാലം
ഇടവഴിയുടെ നടുവിലൊരു
കുതിര നിൽക്കുന്നു
ഇല പൊഴിയുന്നില പൊഴിയു -
ന്നതിനുടെ മീതെ.
വിറവിറച്ചു നിൽക്കയാണു
നമ്മുടെ പ്രണയം
വിറവിറച്ചു നിൽക്കയാണു
മീതെ സൂര്യനും.
4
നിരാശ ഒരു ബെഞ്ചിലിരിക്കുന്നു.
നിങ്ങൾ കടന്നു പോകുമ്പോൾ വിളിക്കുന്നു
ചത്വരത്തിലെ ബെഞ്ചിലിരുന്നൊരു മനുഷ്യൻ.
കണ്ണടയുണ്ട്
പഴയ നരച്ച വസ്ത്രങ്ങളുമുണ്ടയാൾക്ക്.
ഇരുന്നയാളൊരു സിഗററ്റ് വലിക്കുന്നു.
നിങ്ങൾ കടന്നു പോകുമ്പോൾ
നിങ്ങളെ വിളിക്കുന്നു.
അല്ലെങ്കിൽ ചുമ്മാ ഒരാംഗ്യം കാണിക്കുന്നു.
അയാളെ നോക്കല്ലേ
അയാളെ കേൾക്കല്ലേ
കടന്നു പോകൂ
കാണാത്ത പോലെ
കേൾക്കാത്ത പോലെ.
വേഗം വേഗം
അയാളെ നോക്കിയാൽ
അയാളെ ശ്രദ്ധിച്ചാൽ
അയാളൊരാംഗ്യം കാണിക്കും
ആർക്കും ഒന്നിനും പിന്നെ നിങ്ങളെ തടയാനാവില്ല
അയാൾക്കരികെച്ചെന്നിരിക്കുന്നതിൽ നിന്ന്.
അതുകൊണ്ടയാൾ
നിങ്ങളെ നോക്കിപ്പുഞ്ചിരിക്കുന്നു.
നിങ്ങൾ ശരിക്കും വല്ലാതാകുമ്പോൾ
അയാൾ ചിരി തുടരുന്നു.
കൂടുതൽ ചിരിക്കുന്തോറും
നിങ്ങൾ കൂടുതൽ വല്ലാതാകുന്നു.
കൂടുതൽ വല്ലാതാകുമ്പോൾ
നിങ്ങൾ കൂടുതൽ ചിരിക്കുന്നു
പരിഹരിക്കാനാവാതെ.
ബഞ്ചിൽ ചിരിച്ചു കൊണ്ട്
നിങ്ങളിരിപ്പുറപ്പിക്കും.
നിങ്ങൾക്കരികെ കുട്ടികൾ കളിക്കുന്നു.
വഴിനടക്കാർ കടന്നു പോകുന്നു
ശാന്തരായി.
പക്ഷികൾ പറക്കുന്നു
ഒരു മരം വിട്ടു മറ്റൊന്നിലേക്ക്.
ബഞ്ചിൽ നിങ്ങളൊരേയിരിപ്പാണ്.
ഈ കുഞ്ഞുങ്ങളെപ്പോലെ
ഇനിയൊരിക്കലും നിങ്ങൾ കളിക്കില്ലെന്നറിയുന്നു
നിങ്ങളറിയുന്നു.
ഈ വഴിനടക്കാരെപ്പോലെ
ശാന്തരായി
ഇനിയൊരിക്കലും നിങ്ങൾ
കടന്നു പോകില്ലെന്ന് നിങ്ങൾ അറിയുന്നു
ഈ പക്ഷികളെപ്പോലെ
ഒരു മരം വിട്ടു മറ്റൊന്നിലേക്ക്
ഇനിയൊരിക്കലും പറക്കുകയില്ലെന്നും.
No comments:
Post a Comment