Monday, May 11, 2020

കവിതകൾ - ജാൻ കാപ്ളിൻസ്കി (പരിഭാഷ,എസ്റ്റോണിയ, ജനനം: 1941)

Work — Jane Price



1.

ഇല്ലെനിക്കൊരു തുണ്ടു ഭൂമിയോ...


ഇല്ലെനിക്കൊരു തുണ്ടു ഭൂമിയോ
സ്വന്തമായൊരു വാനമോ

കുഞ്ഞുന്നാളിലൊരിക്കൽ മുറ്റത്തെ
ചുള്ളിക്കമ്പിന്റെ കൂനമേൽ
ചാഞ്ഞിരിക്കുമ്പോൾ വാനിൽ കണ്ടൊരാ
വെൺമേഘത്തുണ്ടു മാത്രമേ
സ്വന്തമായെനിക്കുള്ളൂ, പക്ഷികൾ
മേഘങ്ങളേറെയുണ്ടെന്നാൽ
ഈയൊരൊറ്റ വെൺമേഘം മാത്രമേ -
യെന്റേതായിട്ടെനിക്കുള്ളൂ.

മുറ്റത്തെച്ചുളളിക്കമ്പിൻ കൂനമേൽ
മറ്റൊന്നും ചെയ്യാനില്ലാതെ
ചായുന്ന നേര, മാകൃതിയാകെ
മാറി മാറിപ്പോയെങ്കിലും
ഇന്നും ഞാൻ വാനിൽ കണ്ടറിയുമാ
കുഞ്ഞു വെൺമേഘത്തുണ്ടിനെ


2

വീട്ടിൽ നിന്നു പുറപ്പെട്ടു, ഞാനും മകനും...


വീട്ടിൽ നിന്നു പുറപ്പെട്ടു, ഞാനും മോനും.
അന്തിമയങ്ങാറായി.
പടിഞ്ഞാറേ മാനത്ത്
ഇളം ചന്ദ്രൻ.
ചന്ദ്രനരികെ ഒരൊറ്റ നക്ഷത്രം.
ഞാനത് മോനു കാണിച്ചു കൊടുത്തു.
എന്നിട്ടു വിവരിച്ചു , ആ നക്ഷത്രം
ചന്ദ്രനെ സ്തുതിക്കുന്നതു നോക്ക്.
അതു ചന്ദ്രന്റെ വേലക്കാരനാണ്.
വീടെത്താറായപ്പോൾ മോൻ പറഞ്ഞു,
നമ്മള് പോയ സ്ഥലത്തിന്റത്ര
ദൂരെ, ദൂരെയാണ് ചന്ദ്രൻ,
ഞാൻ പറഞ്ഞു: അതിലേറെ,
അതിലേറെ ദൂരെ.
ഒരാൾ ഒരു ദിവസം പത്തു കിലോമീറ്റർ നടന്നാൽ
നൂറു കൊല്ലമെടുക്കും ചന്ദ്രനിലെത്താൻ.
പക്ഷേ അതല്ല
അവൻ കേൾക്കാൻ കൊതിച്ചത്.
വഴി ഏറെക്കുറെ വരണ്ടു കിടന്നു.
പുഴ ചതുപ്പിലേക്ക് പടർന്നു കിടന്നു.
കുളക്കോഴികളും താറാവുകളും ചിലച്ച്
രാത്രിയുടെ വരവുണർത്തി.
കാൽക്കീഴിൽ മഞ്ഞുപാളി ഞെരിഞ്ഞമർന്നു.
-അതു വീണ്ടും തണുത്തുറയും.
എല്ലാ വീടുകളുടേയും ജനലുകളിൽ
ഇരുട്ടായിരുന്നു.
നമ്മുടെ അടുക്കളയിൽ മാത്രം
ഒറ്റ വെളിച്ചം.
നമ്മുടെ ചിമ്മിനിക്കരികെ
തിളങ്ങുന്ന ചന്ദ്രൻ.
ചന്ദ്രനരികെ ഒരൊറ്റ നക്ഷത്രം.


























No comments:

Post a Comment