1.
കണ്ടുമുട്ടീ ഞാനയാളെ
കണ്ടുമുട്ടീ ഞാനയാളെ
പട്ടണത്തിരക്കിൽ
രണ്ടു നീണ്ട കൊല്ലമെൻ്റെ
ജീവിതം ഭരിച്ചോൻ
പണ്ടേക്കാൾ വിളറി, പണ്ടേ -
പ്പോലെയന്തം വിട്ട്,
കണ്ടതും ഞാൻ കയ്യുറയാൽ
ഗോഷ്ഠിയെന്തോ കാട്ടി.
പൊന്തിയെന്നിൽ നിന്നു മണ്ടൻ
ചോദ്യമൊന്നവൻ്റെ
പൊള്ളക്കണ്ണിൽ പൂർണ്ണതിര -
സ്കാരഭയം ചേർത്ത്.
എന്തു ഞാൻ ചോദിച്ചുവെന്നോ
മൂഢമായ്, "എന്തിപ്പോൾ
നിങ്ങളുടെ പല്ലു പറ്റേ-
യിങ്ങനെ മഞ്ഞയ്ക്കാൻ?"
എന്നു കേൾക്കേയെന്നെയങ്ങു
വിട്ടവൻ പൊയ്പോയി
പാത തിടുക്കത്തിൽ മുറി -
ച്ചപ്പുറം കടന്ന്.
ആ വഴി പോം പെൺകിടാവിൻ
വെണ്മയാർന്ന രൂപം
ചേർന്നുരുമ്മിയിരുണ്ടൊരാ
കുപ്പായക്കൈനീങ്ങി.
പിന്തിരിഞ്ഞേ പോയിടുമാ
തൊപ്പിയെ ഞാനല്പം
പിന്തുടർന്നൂ പിന്നെയവൻ
പുള്ളി പോലെ മാഞ്ഞു.
കട്ടി കൂടിക്കൂടി വരു-
മാൾത്തിരക്കവനെ
അപ്പടി വിഴുങ്ങി പി -
ന്നിരുട്ടിലേക്കു തള്ളി.
2.
അമ്മയോട്
മഹത്തായ സത്യങ്ങളെക്കുറിച്ചല്ല ഞാൻ
നിന്നോടു ചോദിപ്പതമ്മേ,
അറിഞ്ഞാൽ മതീയിത്രമാത്രം: നിനക്കുള്ളിൽ
ഞാൻ വളർന്നീടുന്ന നേരം
ഇരുണ്ടോരു മുറ്റത്തിനും മേലെ മാനത്തു
പൂത്തുവോ സാക്ഷിയായ് ചന്ദ്രൻ?
നിനക്കുള്ളിലൊക്കെ ശ്രവിച്ചങ്ങനേ ഞാ-
നുറങ്ങീടവേ വന്നണഞ്ഞോ
അലച്ചൊച്ച വയ്ക്കും പരുക്കൻ സമുദ്രം
നിശീഥങ്ങളിൽ കൂടു വെച്ചോ?
സുവർണ്ണാർദ്ര സാന്ധ്യപ്രകാശത്തിൽ നീർക്കിളികൾ
മുങ്ങുന്ന നോക്കി നീ നിന്നോ?
അതല്ലെങ്കിലുദ്ഭ്രാന്തമാമെൻ്റെയാത്മാവൊ -
രുന്മാദമേഘപ്പതുപ്പിൽ
പറന്നീടുവാനിപ്പൊഴെന്തേ കറുക്കുന്ന
വാനിൽ പുതുച്ചന്ദ്രനെത്തേ?
കടൽ തൻ്റെ പൂച്ചെണ്ടഴിക്കെ,യാനാവികർ
പാടുന്ന താരഗാനത്തിൽ
മയങ്ങീടവേ ലക്ഷ്യമില്ലാതെ പോവും
വിഹംഗങ്ങളേ നോക്കി നോക്കി
രസിച്ചങ്ങനെത്താനിരിക്കാനുമിമ്പം
വരാനെൻ്റെയാത്മാവിനെന്തേ?
No comments:
Post a Comment